ഇന്ന് മലയാള മനോരമയുടെ ഒന്നാം പേജിലും മാതൃഭൂമിയുടെ ഒമ്പതാം പേജിലും കേരള കൗമുദിയുടെ ഏഴാം പേജിലും പ്രാധാന്യത്തോടെ ഒരു വാര്‍ത്ത വന്നിട്ടുണ്ട്. ‘കെ.എം.എബ്രഹാമിനു പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്ക്’ എന്നാണ് മലയാള മനോരമയുടെ വാര്‍ത്താതലക്കെട്ട്. മാതൃഭൂമി ഒരു പടി കൂടി മുന്നോട്ടു പോയി -‘ധനകാര്യ സെക്രട്ടറിക്ക് ധനമന്ത്രിയുടെ ക്ലീന്‍ ചിറ്റ്.’ ‘കെ.എം.എബ്രഹാം മികച്ച ഉദ്യോഗസ്ഥന്‍: തോമസ് ഐസക്ക്’ എന്നാണ് കേരള കൗമുദിയുടെ തലക്കെട്ട്. മറ്റു പത്രങ്ങളിലുമുണ്ടാവാം. ഞാന്‍ ഈ 3 പത്രങ്ങള്‍ മാത്രമേ കണ്ടുള്ളൂ.

issac-abraham
ധനമന്ത്രി ടി.എം.തോമസ് ഐസക്കും ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമും

ഇതൊക്കെ വായിച്ചപ്പോള്‍ ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ തോമസ് ഐസക്കിനോട് ചോദിച്ചു പോകുകയാണ് -‘നിങ്ങളാരാ എബ്രഹാമിനു ക്ലീന്‍ ചിറ്റ് കൊടുക്കാന്‍?’ ഇപ്പോള്‍ ഐസക്ക് ഭക്തസഭക്കാര്‍ ചാടി വീഴും. എന്നെ വലിച്ചു കീറും. പക്ഷേ, ഒരു നിമിഷം എനിക്കു പറയാനുള്ളത് കേള്‍ക്കുക. കഴിഞ്ഞ 5 വര്‍ഷവും ഐസക്കും കൂട്ടരും പറയുന്നത് കേട്ട് സ്വായത്തമാക്കിയ അറിവില്‍ നിന്നു തന്നെയാണ് അദ്ദേഹത്തോടുള്ള എന്റെ ഇപ്പോഴത്തെ ചോദ്യം. അതു പ്രസക്തമാണെന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല. നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അത് നിഷ്പ്രയാസം തീര്‍ത്തു തരാവുന്നതേയുള്ളൂ.

MM.jpg

ധനമന്ത്രിയായ ഡോ.തോമസ് ഐസക്കിനു കീഴില്‍ ധനകാര്യ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ.കെ.എം.എബ്രഹാം. കെ.എം.മാണി ധനമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ കോഴിക്കോഴ അഴിമതിയില്‍ അന്നും ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന എബ്രഹാം കൂട്ടുപ്രതിയായത് സ്വാഭാവികം. എന്നാല്‍, കേന്ദ്ര സര്‍വ്വീസില്‍ ജോലി ചെയ്തപ്പോഴും സംസ്ഥാനത്തു വന്നപ്പോഴും മികച്ച പ്രവര്‍ത്തനമാണ് എബ്രഹാം കാഴ്ചവെച്ചിട്ടുള്ളത് എന്നാണ് ഐസക്ക് പറഞ്ഞത്. നികുതി പിരിവിലും സ്തുത്യര്‍ഹമായ സേവനം നല്‍കിയിട്ടുണ്ടെന്ന സാക്ഷ്യപത്രവും കൊടുത്തു. രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ബാദ്ധ്യതയില്ലത്രേ!! ഈ ഐസക്കിനിതെന്തു പറ്റി? കിളി പോയോ?

mbi
മാതൃഭൂമി ഒമ്പതാം പേജ്

ധനവകുപ്പിലെ തീരുമാനങ്ങളെടുക്കുന്നത് മന്ത്രിയാണെങ്കിലും അതു നടപ്പാക്കുന്നതിനായി ഫയല്‍ നീക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നത് വകുപ്പ് സെക്രട്ടറിയാണെന്ന് ഐസക്ക് പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ക്കെല്ലാമറിയാം. അതിനാല്‍ത്തന്നെയാണ് ‘ഗവര്‍ണ്ണറുടെ ഉത്തരവിന്‍ പ്രകാരം’ എന്ന ആമുഖവുമായി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി ഉത്തരവിറക്കുന്നത്. ഇവിടെ ഒരു മന്ത്രിയും ഒരു സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിക്കുന്നില്ല, അതിനു നിര്‍ദ്ദേശം കൊടുക്കുന്നതേയുള്ളൂ. അങ്ങനെ വരുമ്പോള്‍ മാണിയുടെ ചെയ്തികളില്‍ എബ്രഹാമിനു പങ്കില്ല എന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാവും? സംസ്ഥാനത്തെ നികുതി പിരിവ് ആകെ കുത്തഴിഞ്ഞു കിടക്കുകയാണെന്നും ലക്ഷ്യം കൈവരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും 6 മാസം മുമ്പ് നിയമസഭയ്ക്കകത്തും പുറത്തും പറഞ്ഞത് തോമസ് ഐസക്ക് തന്നെയാണ്. ആ പരാജയത്തിന് പ്രധാന ഉത്തരവാദി ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എബ്രഹാമാണ്. അതിനൊക്കെ വിരുദ്ധമായി ഇപ്പോള്‍ ഐസക്ക് പറയുന്നത് ഞാന്‍ വിശ്വസിക്കാം. പക്ഷേ, അപ്പോള്‍ 6 മാസം മുമ്പ് പാവം മാണി ‘സാറി’നെപ്പറ്റി ഐസക്ക് പറഞ്ഞതൊക്കെ തെറ്റാണെന്നു സമ്മതിക്കണം. എന്താ പറ്റ്വോ?

2016 മെയ് 25ന് കേരളത്തിലെ ജനങ്ങള്‍ക്കു മുമ്പാകെ ഉരുവിട്ട സത്യപ്രതിജ്ഞാ വാചകം ഡോ.തോമസ് ഐസക്കിന് ഓര്‍മ്മയുണ്ടോ? ഇല്ലെങ്കില്‍ ഓര്‍മ്മിപ്പിക്കാം.

ടി.എം.തോമസ് ഐസക്കായ ഞാന്‍ നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഞാന്‍ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടെയും മനഃസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വ്വഹിക്കുമെന്നും ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തലത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.

ടി.എം.തോമസ് ഐസക്കായ ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയില്‍ എന്റെ പരിഗണനയില്‍ കൊണ്ടുവരുന്നതോ എന്റെ അറിവില്‍ വരുന്നതോ ആയ ഏതെങ്കിലും വിഷയം അങ്ങനെയുള്ള മന്ത്രി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യങ്ങളുടെ മുറപ്രകാരമുള്ള നിര്‍വ്വഹണത്തിന് ആവശ്യമാകുന്നതൊഴികെ ഞാന്‍ ഏതെങ്കിലും ആള്‍ക്കോ ആളുകള്‍ക്കോ നേരിട്ടോ നേരിട്ടല്ലാതെയോ അറിയിച്ചുകൊടുക്കുകയോ വെളിപ്പെടുത്തിക്കൊടുക്കുകയോ ചെയ്യുകയില്ലെന്ന് സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.

kk
കേരള കൗമുദി ഏഴാം പേജ്

ഇതിലെ ആദ്യ ഭാഗത്തില്‍ പറയുന്നുണ്ട് ‘ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തലത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യും’ എന്ന്. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഈ ഭാഗം ലംഘിച്ചതിന്റെ പേരിലുള്ള വിമര്‍ശമാണ് മന്ത്രിസഭയില്‍ നിന്ന് ഇ.പി.ജയരാജന്റെ രാജിയില്‍ കലാശിച്ചത്. രാജിക്കു പിന്നില്‍ ഇനിയും പുറത്തുവരാത്ത വേറെ കാരണമുണ്ടായിരുന്നു എന്നത് വേറെ കാര്യം. ജയരാജന്‍ ചെയ്ത അതേ കുറ്റം തന്നെയാണ് എബ്രഹാമിനെ പിന്തുണച്ചുകൊണ്ട് ഐസക്ക് ചെയ്തിരിക്കുന്നത് -പക്ഷപാതവും പ്രീതിയും പ്രകടിപ്പിച്ചിരിക്കുന്നു. പക്ഷപാതം രണ്ടു തരത്തിലുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് പ്രീതിയോടെയുള്ള പക്ഷപാതം. സമാനമായ രീതിയില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് അപ്രീതിയോടെയുള്ള പക്ഷപാതം. പാവം ടോം ജോസിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഇന്നാട്ടില്‍ ആരുമില്ലേ? അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ അദ്ദേഹവും കുറ്റക്കാരനല്ല എന്നോര്‍ക്കുക.

വിജിലന്‍സ് അന്വേഷണം നേരിട്ടുന്ന ഉദ്യോഗസ്ഥന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ സംസ്ഥാനം ഭരിക്കുന്ന ധനമന്ത്രി തന്നെ നേരിട്ടിറങ്ങുമ്പോള്‍ പിന്നെ ആ അന്വേഷണത്തിനെന്താണ് വിശ്വാസ്യത? കെ.എം.മാണിയുടെയും കെ.ബാബുവിന്റെയുമൊക്കെ രാജി ആവശ്യപ്പെടുമ്പോള്‍ തോമസ് ഐസക്ക് അടക്കമുള്ളവര്‍ പറഞ്ഞത് ജനം മറന്നിട്ടില്ല -ആരോപണ വിധേയരായവര്‍ അധികാര സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കപ്പെടാനും ഇടയാക്കും. ആരോപണ വിധേയരായവരെ സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നവര്‍ അധികാരത്തിലിരിക്കുന്നതും അന്വേഷണത്തെ ബാധിക്കും സര്‍.

കെ.എം.എബ്രഹാമിനെ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ പിന്തുണച്ചിട്ടുണ്ട്. പക്ഷേ, ആ പിന്തുണ ഐസക്കിന്റെ പിന്തുണ പോലെയല്ല. എബ്രഹാം നല്ല ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹം അഴിമതിക്കാരനാണെന്നോ അഴിമതിക്കാരനല്ലെന്നോ പറഞ്ഞിട്ടില്ല. എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധന സംബന്ധിച്ച വിവാദത്തെക്കുറിച്ച് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ആ വിജിലന്‍സ് പരിശോധന സംബന്ധിച്ച് ന്യായമായും ചില സംശയങ്ങളുയര്‍ന്നിരുന്നു. അത് ശരിയാണെന്ന് പിന്നീട് നടന്ന പരിശോധനയില്‍ വ്യക്തമായിട്ടുമുണ്ട്.

പരിശോധനയ്ക്കായി എബ്രഹാമിന്റെ വീട്ടില്‍ ചെന്ന ഉദ്യോഗസ്ഥന്‍ പൂശിയ ഡയലോഗ് ‘സര്‍ ക്ഷമിക്കണം, മുകളില്‍ നിന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ചെയ്തല്ലേ പറ്റൂ’ എന്നാണ്. എബ്രഹാം മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് ഇതുള്ളത്. ആരാണ് ഈ ‘മുകളില്‍’ നിന്നുള്ളയാള്‍ എന്നാണ് അറിയേണ്ടത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഈ റെയ്ഡിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. തന്റെ അറിവോടെയാണ് റെയ്ഡ് നടന്നിരുന്നതെങ്കില്‍ അത് ഇപ്രകാരം ആയിരിക്കില്ലെന്നാണ് അദ്ദേഹം മുഖ്യമന്ത്രിയോട് വിശദീകരിച്ചത്. വെറുതെ പോയി ഫ്‌ളാറ്റിന്റെ അളവെടുത്തു പോരില്ലായിരുന്നു എന്നര്‍ത്ഥം. അളവെടുപ്പ് എങ്ങനെ റെയ്ഡാവും? മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ജയകൃഷ്ണന്‍ എന്ന കഥാപാത്രം നരേന്ദ്രപ്രസാദ് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രം ത്രിവിക്രമന്‍ പിള്ളയോട് പറയുന്ന പ്രശസ്തമായ ഒരു ഡയലോഗുണ്ട് -‘ഇതെന്റെ ഗര്‍ഭമല്ല. എന്റെ ഗര്‍ഭം ഇങ്ങനെയല്ല!!’ ഈ കേസില്‍ ജേക്കബ് തോമസിന്റെ നിലപാടും അതു തന്നെയാണ്. പക്ഷേ, ടോം ജോസിന്റെ വീട്ടില്‍ നടന്ന പരിശോധന പൂര്‍ണ്ണമായും തന്റെ അറിവോടുകൂടെയാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ സമ്മതിച്ചിട്ടുണ്ട്. പരിശോധനാ രീതി അതു ശരിവെയ്ക്കുന്നുമുണ്ട്.

എബ്രഹാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്.പി. കെ.രാജേന്ദ്രനാണ്. ആരാണ് ഈ രാജേന്ദ്രന്‍ എന്ന് അന്വേഷിച്ചു നോക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെ പുതിയ വിജിലന്‍സ് കേസ് വരുന്നതായി മലയാള മനോരമയുടെ ഒന്നാം പേജില്‍ വാര്‍ത്ത വന്നിരുന്നു. മെയിന്‍ സ്റ്റോറി ആയിരുന്നു എന്നാണോര്‍മ്മ. അതിന്റെ അന്വേഷണച്ചുമതല തനിക്കാണെന്നാണ് രാജേന്ദ്രന്‍ തന്നെ പറഞ്ഞത്. ഇടതുമുന്നണിയുടെ പ്രചാരണ നേതൃത്വം വി.എസ്. ഏറ്റെടുത്ത വേളയിലായിരുന്നു വാര്‍ത്ത. എന്നാല്‍, അങ്ങനൊരു കേസ് വരികയോ അന്വേഷണം നടക്കുകയോ ചെയ്തില്ല. തിരഞ്ഞെടുപ്പ് വേളയില്‍ വി.എസ്സിനെ അടിക്കാനുള്ള ഒരു വാര്‍ത്ത മാത്രമായി അതു നിന്നു. അതേരീതിയില്‍ മുന്‍ മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം വാര്‍ത്തകളില്‍ നിറയുന്ന വേളയിലാണ് പെട്ടെന്ന് എബ്രഹാമിന്റെ വീട്ടില്‍ ‘അളവെടുപ്പ് റെയ്ഡ്’ ഉണ്ടായത്. ഈ 2 സംഭവങ്ങളും ആരെങ്കിലും ചേര്‍ത്തുവായിച്ചാല്‍ തെറ്റു പറയാനാവുമോ? ഇതെല്ലാം മനസ്സിലാക്കിയിട്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ എബ്രഹാം നല്ല ഉദ്യോഗസ്ഥനാണെന്നു പറഞ്ഞത്. എബ്രഹാമിനെതിരെ അന്വേഷണം നടക്കുന്നുണ്ട് എന്നതു ശരി തന്നെ. പക്ഷേ, ഒരു റെയ്ഡിന്റെ ഘട്ടത്തിലേക്ക് അത് എത്തിയിട്ടില്ല എന്നതാണ് സത്യം. നിയമത്തെയും അന്വേഷണത്തെയും വളച്ചൊടിക്കാതെ അതിന്റെ വഴിക്കു വിടുന്നതാണ് അഭികാമ്യം.

executan
മാതൃഭൂമിയില്‍ രജീന്ദ്രകുമാറിന്റെ കാര്‍ട്ടൂണ്‍

കെ.എം.എബ്രഹാം അഴിമതിക്കാരനാണ് എന്നൊന്നും ഞാന്‍ പറയുന്നില്ല. അതുപോലെ തന്നെ അദ്ദേഹം കാര്യക്ഷമതയുടെ നിറകുടമാണെന്നും പറയുന്നില്ല. അദ്ദേഹം അഴിമതിയില്‍ പങ്കാളിയാണോ, നിരപരാധിയാണോ എന്നൊക്കെ അന്വേഷണത്തില്‍ തെളിയേണ്ട കാര്യമാണ്. അന്വേഷണത്തിനു ശേഷം എബ്രഹാം കുറ്റവിമുക്തനാവുകയാണെങ്കില്‍ ഐസക്കിന് അപ്പോള്‍ പറയാം -‘എബ്രഹാം നല്ല ഉദ്യോഗസ്ഥനാണെന്ന് എനിക്കു നേരത്തേ അറിയാമായിരുന്നു.’ പക്ഷേ, അന്വേഷണം നടക്കും മുമ്പ് അതിന്റെ ഫലം മന്ത്രി തീരുമാനിക്കരുത്.

എബ്രഹാമിനെ ഐസക്ക് പിന്തുണച്ച വാര്‍ത്ത മലയാള മനോരമ എല്ലാം എഡിഷനിലും ഒന്നാം പേജില്‍ വെച്ചുകീച്ചിയിട്ടുണ്ട്. കാരണമെന്തെന്നറിയണ്ടേ? കെ.എം.എബ്രഹാം കണ്ടത്തില്‍ കുടുംബാംഗമാണ്. എന്നു വെച്ചാല്‍ മനോരമക്കാരനാണ്. കണ്ടത്തില്‍ കുടുംബ യോഗം എബ്രഹാം ഉദ്ഘാടനം ചെയ്യുമെന്ന അറിയിപ്പും പിന്നീട് ഉദ്ഘാടനം ചെയ്യുന്ന വാര്‍ത്തയും ചിത്രവും നമ്മള്‍ മലയാള മനോരമയില്‍ തന്നെ വായിച്ചതാണല്ലോ. ഇനി എബ്രഹാമിനെ പിന്തുണയ്ക്കുക വഴി മനോരമയുടെ ഗുഡ് ബുക്‌സില്‍ കയറിപ്പറ്റലാണോ ഐസക്കിന്റെ ലക്ഷ്യമെന്നറിയില്ല. അങ്ങനെയാണെങ്കില്‍, നല്ല നമസ്‌കാരം.

മാതൃഭൂമിയുടെ പരസ്യപ്പേജില്‍ വരുന്ന എക്‌സിക്കുട്ടന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണില്‍ എന്റെ പഴയ സഹപ്രവര്‍ത്തകനായ രജീന്ദ്രകുമാര്‍ വിഷയമാക്കിയിരിക്കുന്നത് ഐസക്കിന്റെ എബ്രഹാം അനുകൂല പ്രസ്താവനയാണ്. ആ കാര്‍ട്ടൂണില്‍ എല്ലാമുണ്ട്. ഒരു പഴംചൊല്ല് ഐസക്കിനെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ് -‘നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും’. എബ്രഹാമിന് നാറ്റമാണോ മണമാണോ എന്നൊക്കെ വിജിലന്‍സ് തീരുമാനിക്കട്ടെ. അതുവരെ കാത്തിരിക്കാന്‍ എന്തിനാണ് ഈ അക്ഷമ?

Previous articleആറന്മുള നല്‍കുന്ന ആഹ്ലാദം
Next articleഞങ്ങള്‍ക്ക് വാര്‍ത്ത വേണ്ട സര്‍…

വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS