‘എന്നു നിന്റെ മൊയ്തീന്‍’ റിലീസായതിനു ശേഷം ആദ്യമായി വിമലിന്റെ കണ്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുന്നില്‍ അവനെ കാത്തുനിന്ന എന്നെ കണ്ടപാടെ ഓടിവന്ന് കെട്ടിപ്പിടിച്ചു. ഞാന്‍ അവന് ഉമ്മകൊടുത്തു. പിന്നാലെ വന്നു ഡയലോഗ് -‘അടിച്ചു… മോ. …നേ…’

വിജയത്തിന്റെ ചുടുചുംബനം..
വിജയത്തിന്റെ ചുടുചുംബനം..

എന്റെ തലമുറയില്‍പ്പെട്ട ആരും ഈ ഡയലോഗ് മറക്കില്ല. ഞങ്ങളുടെ കോളേജ് ജീവിതകാലത്തെ സൂപ്പര്‍ഹിറ്റ് ‘കിലുക്ക’ത്തില്‍ ഇന്നസന്റ് അവതരിപ്പിച്ച കിട്ടുണ്ണിയുടെ ഡയലോഗ്. ലോട്ടറി കിട്ടിയെന്ന കളവ് രേവതിയുടെ കഥാപാത്രമായ നന്ദിനി പറഞ്ഞു വിശ്വസിപ്പിക്കുമ്പോള്‍ കിട്ടുണ്ണി പൊത്തോന്നുവീഴുന്നത് ഓര്‍ത്താല്‍ത്തന്നെ ചിരിവരും, ഇത്രയും കാലത്തിനു ശേഷവും.

‘അടിച്ചു… മോ. …നേ…’ എന്നു വിമല്‍ പറയുമ്പോള്‍ അതിനു സാംഗത്യമേറെയാണ്. ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന ചിത്രം സൂപ്പര്‍ഹിറ്റാവുമ്പോള്‍ ഏറ്റവുമധികം ആഹ്ലാദിക്കാന്‍ അര്‍ഹതയുള്ളത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രവര്‍ത്തനക്ഷമമായ 8 വര്‍ഷങ്ങള്‍ അതിനുവേണ്ടി നീക്കിവെച്ച വിമലിനു തന്നെയാണ്. പൃഥ്വിരാജും പാര്‍വ്വതിയുമടക്കമുള്ള മറ്റു കലാകാരന്മാരുടെ സംഭാവന കുറച്ചുകാണുകയല്ല ഇവിടെ. പക്ഷേ, വിമലിന്റെ ഹൃദയത്തില്‍ നിന്നാണ് ഈ ചിത്രം പിറന്നത്. ശരിക്കും കഠിനാദ്ധ്വാനത്തിന്റെ ഫലം. പക്ഷേ, വിജയത്തിന്റെ ക്രഡിറ്റ് വിധാതാവിനു നല്‍കാനാണ് അവനു താല്പര്യം. എല്ലാം ഒരു ഭാഗ്യം. അതുകൊണ്ട് ‘അടിച്ചു… മോ. …നേ…’

2015ല്‍ മലയാളത്തിലിറങ്ങിയ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് സിനിമ സംവിധാനം ചെയ്തത് ഇവനാണെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

വിമല്‍ ഇന്ന് ഉയരങ്ങളിലാണ്. പക്ഷേ, അവന്‍ നിലത്ത് കാലുറപ്പിച്ചു നില്‍ക്കുന്നു. അതിന്റെ നന്മ അവന്‍ പ്രസരിപ്പിക്കുന്നുണ്ട്. സഹപാഠിയായിരുന്നപ്പോഴത്തെ ആ പഴയ അലസഭാവം. ഒരു ‘സൂപ്പര്‍ ഹിറ്റ്’ സംവിധായകന്റെ തലക്കനം എന്താവണമെന്ന് അവന്‍ പഠിച്ചിട്ടില്ല. എനിക്കു തെറ്റി, വിമലിന് തലക്കനം പറ്റില്ല.

‘എന്നു നിന്റെ മൊയ്തീന്‍’ പ്രദര്‍ശിപ്പിക്കുന്ന തിരുവനന്തപുരത്തെ തിയേറ്ററുകളില്‍ ഓട്ടപ്രദക്ഷിണത്തിന് വിമല്‍ എന്നെയും കൂട്ടി. ചെല്ലുന്ന തിയേറ്ററിലെല്ലാം അവിടത്തെ ഓരോ ജീവനക്കാരനും വിമലിനെ അറിയാം എന്നത് എന്നെ അത്ഭുതപ്പെടുത്തി. കൈരളി തിയേറ്ററില്‍ ചെന്നപാടെ തന്നെ വിമലിന്റെ രാധാകൃഷ്ണന്‍ ചേട്ടന്‍ മുന്നിലെ പടിക്കെട്ടിലുണ്ട്. അദ്ദേഹത്തിന്റെ ലൈവ് റിപ്പോര്‍ട്ട് -‘പടം സൂപ്പര്‍ ഹിറ്റാ. ഒരു 150 പേരെങ്കിലും ടിക്കറ്റ് കിട്ടാതെ മടങ്ങി. വൈകുന്നേരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പടം കാണാന്‍ വരുന്നു. നാലു ടിക്കറ്റ് പറഞ്ഞിട്ടുണ്ട്.’

സഹപാഠിയെന്ന് വിമല്‍ എന്നെ പരിചയപ്പെടുത്തി. അപ്പോള്‍ രാധാകൃഷ്ണന്‍ ചേട്ടന്‍ -‘ഈ മൊതലിനെ എനിക്കെത്ര വര്‍ഷത്തെ പരിചയമാണെന്നറിയാമോ? ഇവന്‍ വലിയ ആളാവുമെന്ന് പണ്ടേ എനിക്കറിയാം. ഇപ്പോഴാ സമയമായത്. ഇതൊന്നുമല്ല. ഇനിയും വളരും.’ വാക്കുകളില്‍ തുളുമ്പുന്ന സ്‌നേഹം. അല്പം കഴിഞ്ഞ് ഓപ്പറേറ്റര്‍ ബാലേട്ടന്‍ എത്തി. ‘സംവിധായകനാണ്’ എന്ന് രാധാകൃഷ്ണന്‍ ചേട്ടന്‍ പരിചയപ്പെടുത്തിയപ്പോള്‍ ബാലേട്ടന്‍ വിമലിനെ അടിമുടിയൊന്നു നോക്കി. മുണ്ടും മടക്കിക്കുത്തി ഒരു മൂലയ്ക്കു നില്‍ക്കുന്നതു കണ്ടിട്ട് അദ്ദേഹത്തിന് അത്ഭുതം. ബാലേട്ടന്‍ മുമ്പ് സിനിമയില്‍ ഔട്ട്‌ഡോര്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ്. അതിനാല്‍ അല്പം സാങ്കേതികതയൊക്കെ പരിചയമുണ്ട്. ‘കാല്‍ നൂറ്റാണ്ട് പരിചയമുണ്ടെന്നു പറയുന്ന സൂപ്പര്‍ സംവിധായകരെയൊക്കെ വിമല്‍ സാറിന്റെ അസിസ്റ്റന്റുമാരാക്കണം. പുതിയ തലമുറയ്ക്കാവശ്യമായ സിനിമ എങ്ങനെയാവണമെന്ന പഠിക്കട്ടെ’ -ബാലേട്ടന്റെ വാക്കുകള്‍ കേട്ട് വിമല്‍ ഞെട്ടി. ‘ഭരതന്‍ സാറിനു ശേഷം ഇപ്പോഴാ ഒരു സംവിധായകന്റെ ടച്ച് കണ്ടത്’ -അതും കൂടി കേട്ടപ്പോള്‍ നമ്മുടെ നവാഗത സംവിധായകന്‍ ഫ്ലാറ്റ്. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ബാലേട്ടന്‍ ഇതും പറഞ്ഞു നടക്കുകയാണെന്ന് രാധാകൃഷ്ണന്‍ ചേട്ടന്റെ സാക്ഷ്യപത്രം.

‘CINEMA എന്നാല്‍ എന്താണെന്നറിയാമോ?’ -ബാലേട്ടന്റെ ചോദ്യത്തിനു മുന്നില്‍ വിമല്‍ പകച്ചുനിന്നു. ‘സീന്‍ കഴിഞ്ഞാല്‍ നിന്നെ മറന്നു. അതാണ് CINEMA’. പുതിയ അറിവ് പകര്‍ന്നു തന്നെ ഗുരുവിനെ സംവിധായകപ്രതിഭ നമിച്ചു. ‘ബാലേട്ടന്‍ പറഞ്ഞതു ശരിയല്ലേ. സിനിമയില്‍ ഇത്രയേ ഉള്ളൂ കാര്യം’ -മണ്ണില്‍ കാലുറപ്പിച്ച് വിമലിന്റെ വാക്കുകള്‍.

തിരുവനന്തപുരം കൈരളി തിയേറ്റര്‍ ജീവനക്കാരായ സന്തോഷ്, ബാലന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം വിമല്‍

വിമലിന്റെ ഫോണ്‍ നിര്‍ത്താതെ ചിലയ്ക്കുകയാണ്. പൃഥ്വിരാജ്, പാര്‍വ്വതി, ടൊവിനോ, അമേരിക്കക്കാരനായ നിര്‍മ്മാതാവ് എന്നിവരെല്ലാം വിളിക്കുന്നു. ഇടയ്ക്ക് ടെലിവിഷന്‍ ചാനലുകളില്‍ ചര്‍ച്ചയ്ക്കുള്ള ക്രമീകരണങ്ങള്‍. റേഡിയോകളില്‍ നിന്നുള്ള ലൈവ് ഫോണ്‍-ഇന്‍. തിരക്കോടു തിരക്ക്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ നേരെ വീട്ടിലേക്ക്, ഞാനുമുണ്ട്. ‘സ്ഥലത്തുണ്ടെങ്കില്‍ ഞാന്‍ വീട്ടില്‍ നിന്നു മാത്രമേ ഭക്ഷണം കഴിക്കൂ. അതിന്റെ സുഖം ഒന്നു വേറെയാ’ -അവന്‍ വീണ്ടും അത്ഭുതപ്പെടുത്തി.

വിമല്‍ ഉയരങ്ങളിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. സിനിമാസ്വാദകര്‍ അവനെ ഏറ്റെടുത്തിരിക്കുന്നു. ‘ചിത്രം വിചിത്രം’ എഡിറ്റ് ചെയ്തുകൊണ്ടിരുന്നിടത്തു നിന്ന് ഓടിയിറങ്ങി പ്രസ് ക്ലബ്ബിലെത്തി ലല്ലു കൊടുത്ത ഉമ്മ തന്നെയാണ് തെളിവ്. പക്ഷേ, കടന്നുവന്ന ദുര്‍ഘടപാതകള്‍ വിമല്‍ മറന്നിട്ടില്ല. കൂടുതല്‍ വലിയ വിജയങ്ങള്‍ ഈ കൂട്ടുകാരനെ കാത്തിരിക്കുന്നു എന്നുറച്ചു വിശ്വസിക്കാന്‍ എനിക്കു പ്രേരണയാകുന്നതും അവന്റെ ഈ വിനയാന്വീതമായ അലസഭാവം തന്നെ..

 •  
  572
  Shares
 • 535
 • 16
 •  
 • 21
 •  
 •  
 •  
Previous articleഅവിശ്വസനീയം..
Next articleMister “വിനയന്‍”!!!!
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS