മന്ത്രി കെ.ടി.ജലീലിന്റെ നടക്കാതെ പോയ സൗദി അറേബ്യന്‍ യാത്രയാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികളെ സന്ദര്‍ശിക്കാന്‍ ജലീലിനെയും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി വി.കെ.ബേബിയെയും അയയ്ക്കാന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനായി ജലീല്‍ ആവശ്യപ്പെട്ട നയതന്ത്ര പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതികരണം ഒരേ സ്വരത്തിലായിരുന്നു. കേരളത്തെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയിലായിരുന്നു ആ ഏകസ്വരം.

Jaleel (1).jpg

നയതന്ത്ര പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും കാരണം വ്യക്തമാക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഇതു നിഷേധിച്ചത് പ്രതിഷേധാര്‍ഹമെന്നാണ് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഈ വിഷയത്തിലുള്ള പ്രതികരണം ശ്രദ്ധയോടെ വിലയിരുത്തേണ്ടതുണ്ട്. നയതന്ത്ര പാസ്‌പോര്‍ട്ട് കിട്ടില്ല എന്നറിഞ്ഞുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയതെന്നും നടപടി ജലീല്‍ ചോദിച്ചുവാങ്ങിയതാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. സി.പി.എം. സൈബര്‍ പോരാളികള്‍ പതിവുപോലെ സമൂഹമാധ്യമങ്ങളില്‍ ഡിസ്‌പ്ലേ കാര്‍ഡുകളുമായി ഇറങ്ങിയിട്ടുണ്ട്. ജലീലിന് അറബി ഭാഷ നന്നായി അറിയാമെന്നതിനാല്‍ സൗദിയില്‍ പോയാല്‍ എല്ലാം ശരിയാക്കി തിരിച്ചുവരുമെന്നും അതു തടയാനുള്ള ആര്‍.എസ്.എസ്. ശ്രമമാണ് യാത്ര മുടക്കിയതെന്നും അവര്‍ പറയുന്നു. ഇവരില്‍ ആരു പറയുന്നതാണ് ശരി? പരിശോധിച്ചു നോക്കാം.

PASSPORT REGULAR
സാധാരണ പാസ്‌പോര്‍ട്ട്

മൂന്നു തരത്തിലുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളാണ് നിലവിലുള്ളത്. നമ്മളെപ്പോലുള്ള സാധാരണക്കാര്‍ക്കു ലഭിക്കുന്ന നീല ചട്ടയുള്ള റെഗുലര്‍ അഥവാ സാധാരണ പാസ്‌പോര്‍ട്ട് ആണ് ആദ്യത്തേത്. വിദേശരാജ്യങ്ങളില്‍ ഭാരത സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനു പോകുന്നവര്‍ക്കുള്ളതാണ് വെള്ള ചട്ടയുള്ള ഒഫീഷ്യല്‍ അഥവാ ഔദ്യോഗിക പാസ്‌പോര്‍ട്ട്. രാജ്യത്തിന്റെ നയതന്ത്ര ദൗത്യവുമായി പോകുന്നവര്‍ക്കുള്ളതാണ് കുങ്കുമ ചട്ടയുള്ള ഡിപ്ലൊമാറ്റിക് അഥവാ നയതന്ത്ര പാസ്‌പോര്‍ട്ട്.

PASSPORT OFFICIAL
ഔദ്യോഗിക പാസ്‌പോര്‍ട്ട്

ജലീലിനു കിട്ടാതെപോയ നയതന്ത്ര പാസ്‌പോര്‍ട്ട് ആര്‍ക്കൊക്കെയാണ് കിട്ടുക? ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് അഥവാ ഐ.എഫ്.എസ്. ബ്രാഞ്ച്-എ, ബ്രാഞ്ച്-ബി എന്നിവയില്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ വിദേശദൗത്യത്തിന് നിയോഗിക്കപ്പെടുമ്പോള്‍ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കപ്പെടും. ഇവര്‍ക്കൊപ്പം വിദേശത്തു താമസിക്കാന്‍ പോകുന്ന ഉറ്റ ബന്ധുക്കള്‍ക്കും നയതന്ത്ര പാസ്‌പോര്‍ട്ട് തന്നെയാണ് ലഭിക്കുക. സാധാരണ നിലയില്‍ ഈ ഗണത്തില്‍പ്പെട്ടവര്‍ക്കു മാത്രമാണ് നയതന്ത്ര പാസ്‌പോര്‍ട്ടിന് അര്‍ഹത. ഇതിനു പുറമെ ഒരു വകുപ്പു കൂടിയുണ്ട് -ഒരു വ്യക്തി വിദേശത്തു വഹിക്കാന്‍ പോകുന്ന ചുമതലയുടെ പേരിലോ അയാള്‍ വഹിക്കുന്ന പദവിയുടെ പേരിലോ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാം. പക്ഷേ, തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നു മാത്രം.

PASSPORT DIPLOMATIC
നയതന്ത്ര പാസ്‌പോര്‍ട്ട്

അങ്ങനെ നോക്കുമ്പോള്‍ മന്ത്രി ജലീലിന്റെ വാദം നിലനില്‍ക്കുന്നതല്ല. കാരണം വിശദമാക്കാം. ജലീല്‍ സൗദി അറേബ്യയിലേക്ക് പോകരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. സൗദിയിലെ മലയാളികളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കണ്ട എന്നും പറഞ്ഞിട്ടില്ല. നയതന്ത്ര പാസ്‌പോര്‍ട്ടുമായി പോകണ്ട എന്നാണ് പറഞ്ഞത്. അങ്ങനെ പറയാന്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ്ണ അധികാരമുണ്ട്. ഭാരതത്തിന്റെ പ്രതിനിധിയായി ഒരാള്‍ വിദേശത്തു പോകണമെങ്കില്‍ അയാളെ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നയതന്ത്ര ദൗത്യം ഏല്‍പ്പിക്കണം. മറ്റെല്ലാ കാര്യങ്ങളിലും എന്ന പോലെ ഇക്കാര്യത്തിലും രാഷ്ട്രീയ പരിഗണന വെച്ചാണ് ഇന്നുവരെയുള്ള സര്‍ക്കാരുകള്‍ തീരുമാനമെടുത്തിട്ടുള്ളത്. എല്ലാക്കാലത്തും തന്റെ മുന്നണിയും പാര്‍ട്ടിയും എതിര്‍ക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയതന്ത്ര പ്രതിനിധിയായി ജലീല്‍ എങ്ങനെ പോകും? ബി.ജെ.പി. സര്‍ക്കാര്‍ നല്‍കുന്ന നയതന്ത്ര പാസ്‌പോര്‍ട്ടുമേന്ത്രി സി.പി.എം. നേതൃത്വം നല്‍കുന്ന സര്‍ക്കാരിലെ മന്ത്രി പോകണമെന്നു പറഞ്ഞാല്‍ നടക്കാതിരിക്കുക സ്വാഭാവികം മാത്രം.

ജലീല്‍ കേരളത്തിലെ ഒരു മന്ത്രിയാണ്. ഒരു സംസ്ഥാനത്തെ മന്ത്രിക്കെന്നല്ല, മുഖ്യമന്ത്രിക്കു തന്നെയും നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാറില്ല. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ക്കാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ലഭ്യമാക്കുക. ഓരോ സംസ്ഥാനവും സ്വന്തം നിലയ്ക്ക് വിദേശത്ത് നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ചാല്‍ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്നു പറയേണ്ടതില്ലല്ലോ. ഇതിനാല്‍ത്തന്നെയാണ് വിദേശകാര്യ വകുപ്പും പ്രതിരോധ വകുപ്പും കേന്ദ്ര സര്‍ക്കാരില്‍ മാത്രമാകുന്നത്. ഈ രണ്ടു വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരവകാശവും നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല.

വിദേശരാജ്യങ്ങളില്‍ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദേശകാര്യ വകുപ്പ് ചുമതലപ്പെടുത്തുന്നവരാണ്. കേരളത്തിലെ മന്ത്രി എന്ന നിലയില്‍ സൗദി അറേബ്യയില്‍ ചേന്ന് അവിടത്തെ വിദേശകാര്യ വകുപ്പുമായി സംസാരിക്കാനോ അംബാസഡറെയോ കോണ്‍സുലാര്‍ ജനറലിനെയോ വിളിച്ചുവരുത്താനോ ജലീലിന് കഴിയില്ല. അത് കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്നവര്‍ക്കു മാത്രമേ കഴിയുകയുള്ളൂ. ബി.ജെ.പിയെ എല്ലായ്‌പ്പോഴും എതിര്‍ക്കുന്ന ഒരാള്‍ക്ക് ബി.ജെ.പി. സര്‍ക്കാര്‍ അധികാരം കൈമാറില്ലെന്നു വ്യക്തം.

അതേസമയം, കേരളത്തിലെ ഒരു മന്ത്രി ഇന്ത്യയുടെ പ്രതിനിധിയായി വിദേശത്തെ പ്രധാന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1982-87 കാലത്തെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ.അഹമ്മദിനാണ് 1984ന്റെ തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിച്ച് വിദേശത്തയച്ചത്. സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ., ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിലേക്കുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക ദൂതനായിട്ടായിരുന്നു അഹമ്മദിന്റെ യാത്ര. ആ നിലയിലേക്കുയരാനാണ് ജലീല്‍ ശ്രമിച്ചു പരാജിതനായത്.

ജലീലിന് ഇപ്പോഴും സൗദി അറേബ്യയില്‍ പോകാം. സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ പോയി സൗദിയിലെ മലയാളികളെ കാണാം, സംസാരിക്കാം. നയതന്ത്ര പാസ്‌പോര്‍ട്ട് പറ്റില്ല എന്നേ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളൂ. നയതന്ത്ര പാസ്‌പോര്‍ട്ടുമായി മന്ത്രി ജലീലിന്റെ യാത്രയ്ക്കു പറ്റിയ സമയമല്ല എന്നാണ് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞത്. അതിന്റെ കാരണം തിരക്കിയപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നറിഞ്ഞതു കൂടി പറയാം. എല്ലാ രാജ്യക്കാരും ആത്മാഭിമാനമുള്ളവരാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആത്മാഭിമാനം അല്പം കൂടുതലുള്ളവരാണ് സൗദി അറേബ്യക്കാര്‍. അവിടത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മറ്റുള്ളവര്‍ മനസ്സിലാക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിങ് അവിടെയെത്തിയത് സൗദിയിലെ പ്രതിസന്ധിയുടെ ആഴം വളരെ വലുതാണെന്ന് ലോകത്തോട് വിളിച്ചുപറയുന്ന നടപടിയായി. ഇതില്‍ സൗദി സര്‍ക്കാരിന് ചെറിയ അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ നയതന്ത്ര പാസ്‌പോര്‍ട്ടുമായി മറ്റൊരു ഇന്ത്യന്‍ ജനപ്രതിനിധി അവിടെച്ചെന്നിറങ്ങുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് വിദേശകാര്യ മന്ത്രാലയം ഭയക്കുന്നു. രാഷ്ട്രീയം മാറ്റിവെച്ചു ചിന്തിച്ചാലും ജലീലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് തല്‍ക്കാലം പ്രാവര്‍ത്തികമാവില്ല എന്നര്‍ത്ഥം.

PASSPORT.png

വിവാദ വ്യവസായി വിജയ് മല്ല്യക്ക് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കപ്പെട്ടിരുന്ന കാര്യം ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് മല്ല്യ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കു രക്ഷപ്പെട്ടത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരം വിദേശകാര്യ വകുപ്പ് ആ പാസ്‌പോര്‍ട്ട് റദ്ദാക്കി. 1967ല്‍ പാസാക്കിയ പാസ്‌പോര്‍ട്ട് നിയമത്തിലെ 10(3)(സി), 10(3)(എച്ച്) വകുപ്പുകള്‍ പ്രകാരമായിരുന്നു നടപടി. ഇന്ത്യയില്‍ എം.പിമാര്‍ക്ക് നയതന്ത്ര പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമില്ല. 100 കണക്കിന് കോടി രൂപ മുടക്കി മല്ല്യയെപ്പോലുള്ളവര്‍ രാജ്യസഭാ ടിക്കറ്റ് വാങ്ങുന്നത് എന്തിനാണെന്നു നമ്മള്‍ പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. ഇതുപോലുള്ള ആനുകൂല്യങ്ങള്‍ തന്നെയാണ് ആകര്‍ഷണം. മറ്റു മാര്‍ഗ്ഗങ്ങളിലൂടെ കിട്ടാത്ത നയതന്ത്ര പാസ്‌പോര്‍ട്ടിന് പാര്‍ലമെന്റംഗത്വം അര്‍ഹതയുണ്ടാക്കും. ഇന്ത്യയുടെ നയതന്ത്ര പാസ്‌പോര്‍ട്ടുമായി ഇത്തരക്കാര്‍ വിദേശങ്ങളില്‍ കച്ചവടം കൊണ്ടാടും!! 10 വര്‍ഷം നയതന്ത്ര പാസ്‌പോര്‍ട്ടുമായി ലോകത്ത് കറങ്ങി നടന്ന വിജയ് മല്ല്യ, രാജ്യസഭാംഗമാവാന്‍ ചെലവിട്ടതിന്റെ എത്രയോ ഇരട്ടി തുക ഈ സൗകര്യമുപയോഗിച്ച് നേടിയിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ബി.ജെ.പിക്കാര്‍ അംഗീകരിക്കാത്തതിന്റെ പേരിലാണ് സി.പി.എമ്മുകാര്‍ നിലവിളിക്കുന്നത്. എന്തും വിവാദമാകുന്ന കേരളത്തില്‍ കാര്യബോദ്ധ്യമില്ലാതെ മറ്റൊരു വിവാദം കൂടി, അത്രമാത്രം. ഒരെളുപ്പ വഴിയുണ്ട്. സി.പി.എമ്മിന്റെ ഏതെങ്കിലും എം.പിയെക്കൊണ്ട് നയതന്ത്ര പാസ്‌പോര്‍ട്ട് എടുപ്പിച്ചാലോ? ജലീല്‍ തന്നെ പോകണമെന്നില്ലല്ലോ!

FOLLOW
 •  
  206
  Shares
 • 177
 • 16
 •  
 • 13
 •  
 •