ജന്മഭൂമിയിലാണ് ഈ വാര്‍ത്ത വന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ചാണ്.

പത്രസമ്മേളനത്തിന്‌ മണിക്കൂറുകള്‍ മുന്നേ എത്തിയ ഇവര്‍ ചോദ്യം ചോദിക്കുന്നതിനുള്ള രണ്ടു മൈക്കുകളും ആദ്യം കൈക്കലാക്കി. ആകെ രണ്ടു മൈക്കാണ് പിആര്‍ഡി അനുവദിച്ചിരിക്കുന്നത്. ഈ രണ്ടു മൈക്കും വൈകിട്ട് അഞ്ചിന് എത്തി ഇവര്‍ കൈക്കലാക്കിയിരുന്നു. കൊറോണ അവലോകനം കഴിഞ്ഞതിനെ തുടര്‍ന്ന് പത്രസമ്മേളനം അവസാനിപ്പിച്ച് 6.47നാണ് ചോദ്യോത്തര വേളയിലേക്ക് പിണറായി കടന്നത്. ആദ്യ ‘സുഖിപ്പിക്കല്‍’ ചോദ്യം ചോദിച്ചത് കലാകൗമുദിയിലെ ലേഖകനായിയിരുന്നു. ഇതിന് മുഖ്യമന്ത്രി മറുപടി പറയാന്‍ തുടങ്ങിയ ഉടന്‍ ഏഷ്യാനെറ്റിലെയും മാതൃഭൂമിയിലെയും മാധ്യമ പ്രവര്‍ത്തകര്‍ മൈക്ക് ആവശ്യപ്പെട്ടു.

എന്നാല്‍, മൈക്ക് പിടിച്ചുവെച്ച ഇയാള്‍ പിന്നീട് ദേശാഭിമാനിക്കാരന് മൈക്ക് കൈമാറി. ഞങ്ങള്‍ക്കും ചോദിക്കാനുണ്ടെന്ന് മറ്റു മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ഇവര്‍ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് ദേശാഭിമാനിക്കാരന്റെയും ‘സുഖിപ്പിക്കല്‍’ ചോദ്യം കഴിഞ്ഞ് കൈരളിയിലെ മാധ്യമ പ്രവര്‍ത്തകന് മൈക്ക് കൈമാറുകയായിരുന്നു. പിന്നീടുള്ള രണ്ടു ചോദ്യങ്ങളും ചോദിച്ചത് സിപിഎം ഫ്രാക്ഷനിലുള്ള മാധ്യമപ്രവര്‍ത്തരായിരുന്നു. ഇവരുടെ ചോദ്യം കഴിഞ്ഞ് അടുത്ത ചോദ്യം ചോദിക്കാനായി മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ എഴുന്നേറ്റതോടെ മുഖ്യമന്ത്രി പെട്ടന്ന് പത്രസമ്മേളനം കഴിഞ്ഞെന്ന് പറഞ്ഞ് ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ഇരുന്ന ഹാളില്‍ മൈക്കിനെ ചൊല്ലി വാക്കേറ്റം ഉണ്ടായത്. എല്ലാവര്‍ക്കും ‘സുഖിപ്പിക്കല്‍’ ചോദ്യം മാത്രമല്ല ചോദിക്കാനുള്ളതെന്ന് പറഞ്ഞ് ചെറിയ തോതില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്നാണ് പിആര്‍ഡി ഓഫീസറോട് മാധ്യമപ്രവര്‍ത്തകര്‍ പരാതി പറഞ്ഞത്.

ജന്മഭൂമി ഛര്‍ദ്ദിച്ചത് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എം.പിയും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുമെല്ലാം വാരി വിഴുങ്ങുന്നതാണ് പിന്നീട് കണ്ടത്. പച്ചക്കള്ളമാണെന്നു തികഞ്ഞ ബോദ്ധ്യമുണ്ടായിട്ടും അപ്പോള്‍ പ്രതികരിക്കാതിരുന്നത് തെളിവ് കൈയിലില്ലാത്തതിനാലാണ്. എന്നാല്‍ ഇപ്പോള്‍ തെളിവുണ്ട് കൈയില്‍.

മുഖ്യമന്ത്രിയുടെ ചോദ്യോത്തര വീഡിയോ കണ്ടു തന്നെ ബോദ്ധ്യപ്പെടേണ്ടതുണ്ട്, ആര് ആരുടെ മൈക്ക് പിടിച്ചുവാങ്ങിയെന്നും നിയന്ത്രിച്ചെന്നുമൊക്കെ. ജന്മഭൂമി പറയുന്ന ക്രമത്തില്‍ പോലുമല്ല ചോദ്യം. കലാകൗമുദി, ദേശാഭിമാനി, കൈരളി തുടങ്ങിയ ക്രമത്തില്‍ ചോദ്യം വന്നു എന്ന് ജന്മഭൂമിയിലെ കള്ളം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആദ്യ ചോദ്യം മീഡിയ വണ്ണിന്റേതാണ്. മനോരമ ന്യൂസ്, കലാകൗമുദി, 24 ന്യൂസ് തുടങ്ങി പലരും ചോദിക്കുന്നുണ്ട്. എന്നാല്‍, ദേശാഭിമാനിയിലേയോ കൈരളിയിലെയോ ലേഖകര്‍ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല എന്നതു തന്നെ ജന്മഭൂമിയുടെ കള്ളം എത്രം വലുതാണെന്നതിന്റെ തെളിവാണ്.

പത്രസമ്മേളനം നിര്‍ത്തി മുഖ്യമന്ത്രി എഴുന്നേറ്റപ്പോള്‍ അവസാന ചോദ്യം ചോദിക്കാനൊരുങ്ങിയത് ജയ് ഹിന്ദിന്റെ പ്രതിനിധിയാണ്. അത് ജന്മഭൂമി പറഞ്ഞപോലെ മാധ്യമപ്രവര്‍ത്തകനല്ല, പ്രവര്‍ത്തകയാണ്. മാധ്യമപ്രവര്‍ത്തകര്‍ ഇരിക്കുന്നിടത്ത് ക്യാമറയുള്ള കാര്യം ജന്മഭൂമിയില്‍ കള്ളമെഴുതിയയാള്‍ വീണുപോയി. ആ കാക്കികളസത്തെ വാരിപ്പുണര്‍ന്ന ബെന്നി ബെഹന്നാനും പ്രേമചന്ദ്രനും കൂടിയുള്ളതാണ് ഈ കാഴ്ച.

അപ്പോള്‍ ശരി. ജന്മഭൂമിക്കാരന്‍ മുന്നിലും ബെന്നിയും പ്രേമചന്ദ്രനും പിന്നിലുമായി കണ്ടം വഴി ഓട്ടം തുടങ്ങുകയല്ലേ?

FOLLOW
 •  
  1.3K
  Shares
 • 1.2K
 • 33
 •  
 • 29
 •  
 •