Reading Time: 6 minutes

നീതിക്കും ന്യായത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അരവിന്ദ് കെജരിവാളിന്റെ അവകാശവാദം പൊള്ളയാണോ? അഴിമതിയുടെ കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിക്കാരനായ ഡല്‍ഹി മുഖ്യമന്ത്രിയും മറ്റു രാഷ്ട്രീയക്കാരും ഒരേ ജനുസ്സില്‍പ്പെട്ടവര്‍ തന്നെയാണോ? ഡല്‍ഹിക്കാര്‍ തന്നെ ഈ ചോദ്യം ഇപ്പോള്‍ ഉച്ചത്തില്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എ.എ.പിക്കുണ്ടായ കനത്ത തിരിച്ചടി ഇതിനോടു ചേര്‍ത്തുവെച്ച് വായിക്കണം. അരവിന്ദ് കെജരിവാളിനെതിരായ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ കാറ്റുപിടിക്കാന്‍ കാരണം ഒരു മലയാളിയുടെ പോരാട്ടമാണ്, വെള്ളം ചേര്‍ക്കാത്ത നിലപാടുകളാണ്. കോട്ടയം അടിച്ചിറ സ്വദേശി പാലത്തുരുത്ത് കടുതോടിയില്‍ എബ്രഹാമിന്റെയും പരേതയായ അന്നമ്മയുടെയും മകന്‍ ജോഷില്‍ കെ.എബ്രഹാമിനെ ഇപ്പോള്‍ ഡല്‍ഹിക്കാര്‍ മുഴുവനറിയും.

joshil (4)
ജോഷില്‍ കോളേജിനു മുന്നിലെ സമരപ്പന്തലില്‍

ആരാണ് ഈ ജോഷില്‍? തെക്കന്‍ ഡല്‍ഹിയിലെ ഓഖ്‌ലയിലുള്ള ഗോവിന്ദ് ബല്ലഭ് പന്ത് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി. ശമ്പളവര്‍ദ്ധനയ്‌ക്കോ മറ്റാനുകൂല്യങ്ങള്‍ക്കോ വേണ്ടിയല്ല ഈ അദ്ധ്യാപകന്റെ പോരാട്ടം. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി, അവരുടെ പഠിക്കാനുള്ള അവകാശത്തിനു വേണ്ടി. അതിനാല്‍ത്തന്നെയാണ് എതിര്‍പക്ഷത്തുള്ള അരവിന്ദ് കെജരിവാള്‍ നന്നായി വിയര്‍ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നു എന്നതാണ് ഡല്‍ഹിയിലെ എ.എ.പി. സര്‍ക്കാരിന്റെ ഏറ്റവും വലിയ അവകാശവാദം. എന്നാല്‍, സര്‍ക്കാര്‍ അന്ധവിദ്യാലയം അടച്ചുപൂട്ടുന്നതായുള്ള വാര്‍ത്ത അടുത്തിടെ കേട്ടു. വിദ്യാഭ്യാസ വായ്പകള്‍ സംബന്ധിച്ച പരസ്യത്തിനു പൊട്ടിച്ചതിനെക്കാള്‍ വളരെ കുറച്ചു തുകയാണ് യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ വായ്പ വിതരണത്തിന് വിനിയോഗിച്ചതെന്നും വ്യക്തമായി. ഇതിനു പിന്നാലെയാണ് ജോഷിലിന്റെ സമരം. ഇതിനോടു പ്രതികരിക്കാതിരിക്കുക എന്ന തന്ത്രമാണ് ഡല്‍ഹി മുഖ്യമന്ത്രി പയറ്റുന്നത്. പക്ഷേ, എത്ര കാലം ഇങ്ങനെ ഒഴിഞ്ഞുമാറാനാവും എന്നത് കണ്ടറിയണം.

candle

ജോഷില്‍ നിരാഹാര സമരത്തിലാണ്. ഏപ്രില്‍ 5ന് തുടങ്ങിയ നിരാഹാരം ഈ കുറിപ്പ് എഴുതുമ്പോള്‍ 17 ദിവസം പിന്നിടുന്നു. ജോഷിലിന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജന്തര്‍ മന്ദറില്‍ ദീപപ്രതിജ്ഞയെടുക്കുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ജോഷിലിനെ ഏപ്രില്‍ 14ന് രാത്രി 9.30ന് ഡല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, വഴങ്ങാന്‍ കൂട്ടാക്കാത്ത അദ്ധ്യാപകന്‍ ആസ്പത്രിയിലും നിരാഹാരം തുടരുകയാണ്. അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുറത്ത് വിദ്യാര്‍ത്ഥികളും നിരാഹാരത്തിലാണ്.

gbp (2)
ഓഖ്‌ലയിലെ ജി.ബി.പന്ത് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്‌
gbp (1)
ഹോസ്റ്റലും ക്ലാസ്സ്മുറിയും ഒരുമിച്ച്

എന്തിനാണ് ഈ സമരം? ഒരു കോളേജിന്റെ ക്യാമ്പസിനു വേണ്ടി! അതെ, ജി.ബി. പന്ത് എഞ്ചിനീയറിങ് കോളേജ് മാന്യമായി പ്രവര്‍ത്തിക്കാനുള്ള സ്ഥലം വേണമെന്നാണ് ജോഷിലിന്റെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം. അപ്പോള്‍ കോളേജിന് ഇപ്പോള്‍ സ്ഥലമില്ലേ? സ്ഥലമില്ലെങ്കില്‍ കോളേജ് എവിടെയാണ് പ്രവര്‍ത്തിക്കുന്നത്? സ്ഥലമില്ലാതെ ഒരു സര്‍ക്കാര്‍ കോളേജിന് എങ്ങനെ അംഗീകാരമുണ്ടാവും? ഒട്ടേറെ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങളുടെ ഉത്തരമാണ് ജോഷിലിന്റെ നിരാഹാര സമരത്തിനു വിശദീകരണം. ജി.ബി.പന്ത് പോളി ടെക്‌നിക്കിന്റെ ഉപേക്ഷിക്കപ്പെട്ട ഹോസ്റ്റലിലാണ് കഴിഞ്ഞ 10 വര്‍ഷമായി ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജിന്റെ പ്രവര്‍ത്തനം. ക്ലാസ് മുറികളില്ലെന്നതു പോകട്ടെ ഒരു എഞ്ചിനീയറിങ് കോളേജില്‍ അവശ്യം വേണ്ട ലബോറട്ടറി പോലും അവിടെയില്ല. 860 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 43 സ്ഥിരം അദ്ധ്യാപകരുണ്ടിവിടെ. ഡല്‍ഹിയില്‍ തന്നെ ഏറ്റവുമധികം സ്ഥിരം അദ്ധ്യാപകരുള്ള എഞ്ചിനീയറിങ് കോളേജ്! എന്നിട്ടാണ് ഈ ദുര്‍ഗതി. പഴയ പൊട്ടിപ്പൊളിഞ്ഞ ഹോസ്റ്റലിന് ചെറിയ മുഖംമിനുക്കല്‍ നടത്തി ക്ലാസ്സുകളാക്കി മാറ്റിയിരിക്കുന്നു.

RTI
ഭൂമിതിരിമറി വ്യക്തമാക്കുന്ന വിവരാവകാശ രേഖ

ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജിന്റെ മാതൃസ്ഥാപനമായ ജി.ബി.പന്ത് പോളി ടെക്‌നിക്ക് 1960ല്‍ സ്ഥാപിക്കപ്പെടുമ്പോള്‍ അതിന്റെ കൈവശം 65 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. 2007ല്‍ ഷീലാ ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജ് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഈ 65 ഏക്കറിലെ 60 ഏക്കറും അതിനായി അനുവദിക്കപ്പെട്ടു. എന്നാല്‍, സ്വകാര്യ സംരംഭമായ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്ക് ഇതില്‍ നിന്ന് 25 ഏക്കര്‍ ഭൂമി 2008ല്‍ സൗജന്യമായി നല്‍കി. ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതി രേഖകള്‍ പ്രകാരം ഇന്ദ്രപ്രസ്ഥ പൊതു സ്വകാര്യ സംരംഭമാണ്. എന്നാല്‍ ‘സ്വകാര്യം’ എന്നു തന്നെ പറയാം. അതിനു കാരണമുണ്ട്. പൊതു-സ്വകാര്യ സംരംഭത്തിലെ ‘പൊതു’ പങ്കാളിത്തം ഈ സൗജന്യ ഭൂമിയിലൊതുങ്ങുന്നു! അതായത് ഒരു കോളേജിന് അനുവദിക്കപ്പെട്ട സ്ഥലം മാസങ്ങളുടെ വ്യത്യാസത്തില്‍ മറ്റൊരു സ്വകാര്യ കോളേജ് മുതലാളിമാരുടെ കൈയിലെത്തി.

iiit
ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജ് ഭൂമയില്‍ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കെട്ടിടമുയരുന്നു

2008ല്‍ ഇന്ദ്രപ്രസ്ഥക്കാര്‍ക്ക് ഭൂമി അനുവദിച്ചതിന്റെ തുടര്‍ച്ചയായി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് ആ സ്ഥലത്തൊരു സര്‍വേ നടത്തി. അതില്‍ തെളിഞ്ഞത് ജി.ബി.പന്ത് പോളി ടെക്‌നിക്കിന്റെ കൈവശം 48 ഏക്കര്‍ ഭൂമി മാത്രമേയുള്ളൂ എന്നാണ്. ഇതിനര്‍ത്ഥം 17 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി മറ്റാരുടെയോ കൈവശമായി എന്നാണ്. ഇതിലും വലിയ പണി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 2010ല്‍ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ കെട്ടിട നിര്‍മ്മാണത്തിന് നിയമപ്രകാരമുള്ള അപേക്ഷ സമര്‍പ്പിച്ചു. ഉടനെ തന്നെ അനുമതിയും കിട്ടി. ആ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കപ്പെട്ട പ്ലാനില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൈവശമുള്ളതായി അവകാശപ്പെട്ടത് അവര്‍ക്കു ലഭിച്ച 25 ഏക്കറല്ല, മൊത്തം 65 ഏക്കറായിരുന്നു. ഇതില്‍ 2 വശങ്ങളുണ്ട് -യഥാര്‍ത്ഥത്തില്‍ അവിടെ 65 ഏക്കര്‍ ഭൂമിയില്ല; ഉള്ള 48 ഏക്കറില്‍ തന്നെ ഇന്ദ്രപ്രസ്ഥക്കാര്‍ക്ക് അനുവദിക്കപ്പെട്ടത് 25 ഏക്കര്‍ മാത്രമാണ്.

joshil (3)
നിരാഹാരമനുഷ്ഠിക്കുന്ന ജോഷിലിന്റെ ആരോഗ്യനില സമരപ്പന്തലിലെത്തിയ ഡോക്ടര്‍ പരിശോധിക്കുന്നു

ഇതെല്ലാം മറികടന്ന് 2015ല്‍ 65 ഏക്കറില്‍ തന്നെ രണ്ടാം ഘട്ട വികസന പദ്ധതിക്കും ഇന്ദ്രപ്രസ്ഥക്കാര്‍ അനുമതി നേടിയെടുത്തു. തങ്ങളുടെ നിര്‍മ്മാണത്തിന് അനുമതി വാങ്ങുന്നതിനൊപ്പം ഈ സ്വകാര്യ കോളേജുകാര്‍ ഒരു പണി കൂടി ഒപ്പിച്ചു -ജി.ബി.പന്ത് പോളി ടെക്‌നിക്കില്‍ ആവശ്യമായ വ്യതിയാനം വരുത്താനുള്ള അനുമതി കൂടി ഒപ്പിച്ചെടുത്തു. അംഗീകരിക്കപ്പെട്ട പ്ലാന്‍ പ്രകാരം ജി.ബി.പന്ത് പോളി ടെക്‌നിക്കിന്റെയും എഞ്ചിനീയറിങ് കോളേജിന്റെയും കളിസ്ഥലം ഇന്ദ്രപ്രസ്ഥക്കാരുടെ പാര്‍ക്കിങ് സ്ഥലമാണ്. ജി.ബി.പന്ത് പോളി ടെക്‌നിക്കിന്റെ പേരില്‍ ഉള്ളതായി പറയപ്പെടുന്ന മുഴുവന്‍ ഭൂമിക്കും പ്ലാന്‍ അപ്രൂവല്‍ ഈ സ്വകാര്യ കോളേജുകാര്‍ വാങ്ങിയെടുത്തു എന്നര്‍ത്ഥം. ഒരു സ്വകാര്യ സ്വയംഭരണ സ്ഥാപനം എങ്ങനെയാണ് സര്‍ക്കാര്‍ പോളി ടെക്‌നിക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്ന ചോദ്യത്തിന് മറുപടിയില്ല. ആ ചോദ്യം തന്നെ ഉന്നയിക്കാന്‍ പാടില്ലെന്നാണ് അധികാരികളുടെ നിലപാട്.

ഇന്ദ്രപ്രസ്ഥക്കാരുടെ പ്ലാനിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ തന്നെ ജോഷില്‍ 2016 മെയില്‍ ഡല്‍ഹി സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. 2016 ഒക്ടോബറില്‍ വീണ്ടുമൊരു പരാതി കൂടി ഈ വിഷയത്തില്‍ സര്‍ക്കാരിനു നല്‍കി. ഇതിന്റെ പേരില്‍ രണ്ടു തവണ ചേര്‍ന്ന യോഗങ്ങളും അതില്‍ ഈ വിഷയം ഉന്നയിക്കാന്‍ ലഭിച്ച അവസരവും മാത്രമാണ് ജോഷിലിനും കൂട്ടര്‍ക്കും മിച്ചം. മറ്റു നടപടിയൊന്നുമുണ്ടായില്ല. 2017 ജനുവരിയില്‍ കെജരിവാളിനെ കാണാന്‍ ജോഷില്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഗോപാല്‍ മോഹനെ മാത്രമാണ് കാണാന്‍ സാധിച്ചത്. ഭൂമിതിരിമറി മനസ്സിലാക്കിയ അദ്ദേഹം പരിഹാരമുണ്ടാക്കാമെന്നു പറഞ്ഞുവെങ്കിലും ഇന്ദ്രപ്രസ്ഥയുടെ നിര്‍മ്മാണം തടയാനാവില്ലെന്നു തീര്‍ത്തുപറഞ്ഞു. ഗോപാല്‍ മോഹനുമായി ജോഷിലിന്റെ കൂടിക്കാഴ്ച നടന്ന് 15 ദിവസത്തിനകമായിരുന്നു ഡല്‍ഹി സര്‍ക്കാരിന്റെ ബജറ്റ്. അതില്‍ പ്രഖ്യാപനമുണ്ടായി -ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജിലെ ഇപ്പോഴുള്ള 3,000 വിദ്യാര്‍ത്ഥികളുടെ അംഗബലം 5,000 ആക്കി വര്‍ദ്ധിപ്പിക്കുമെന്ന്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ജെ.ബി.പന്ത് എഞ്ചിനീയറിങ് കോളേജിലുള്ളത് വെറും 860 വിദ്യാര്‍ത്ഥികള്‍ മാത്രം. കെജരിവാളിന്റെ കണക്കിലെ ബാക്കി 2,140 വിദ്യാര്‍ത്ഥികള്‍ എവിടെയെന്ന ചോദ്യം അവശേഷിക്കുന്നു!!

തട്ടിപ്പിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതു വ്യക്തമായതോടെ ജോഷിലും സംഘവും വിവരാവകാശ നിയമപ്രകാരം കോളേജുമായി ബന്ധപ്പെട്ട രേഖകള്‍ മുഴുവന്‍ സംഘടിപ്പിച്ചു. നിയമവിരുദ്ധമായാണ് ജെ.ബി.പന്ത് എഞ്ചിനീയറിങ് കോളേജിന്റെ ഭൂമി കൈമാറിയിരിക്കുന്നതെന്നു വ്യക്തമായി. തങ്ങളുടെ പ്രശ്‌നത്തോട് മുഖം തിരിക്കാനാണ് അധികാരികളുടെ ഭാവമെന്നു തിരിച്ചറിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ സമരമാര്‍ഗ്ഗം തിരഞ്ഞെടുത്തു. ഹോസ്റ്റല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജിനെ വിദ്യാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഹോസ്റ്റലാക്കി മാറ്റി. ക്ലാസ്സ് സമയം കഴിഞ്ഞ് വീടുകളില്‍ പോകാതെ അവര്‍ കോളേജില്‍ തന്നെ താമസം തുടങ്ങി. ഇതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ നോട്ടീസ് പുറപ്പെടുവിച്ചു -വൈകുന്നേരം 5.30നു ശേഷം ആരും ക്യാമ്പസില്‍ തങ്ങാന്‍ പാടില്ല. ക്ലാസ്സ് സമയത്ത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടര്‍ന്നു.

കഴിഞ്ഞ മാര്‍ച്ച് 23ന് 300ഓളം വിദ്യാര്‍ത്ഥികള്‍ അരവിന്ദ് കെജരിവാളിന്റെ വസതിയിലേക്ക് സമാധാനപരമായി മാര്‍ച്ച് നടത്തി. 2 ദിവസം അവര്‍ സന്ദര്‍ശനാനുമതിക്കായി അവിടെ കുത്തിയിരുന്നു. എന്നാല്‍, സമരക്കാരെ കാണാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, പൊലീസിനെ ഉപയോഗിച്ച് അവരെ വിരട്ടിയോടിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 30ന് പുതിയ സമരമുറയുമായി വിദ്യാര്‍ത്ഥികള്‍ വന്നു. ക്യാമ്പസിനു പുറത്തെ റോഡില്‍ അവര്‍ കിടപ്പായി. ജോഷിലും സുഹൃത്തായ മറ്റൊരദ്ധ്യാപകനും 2 ക്ലാസ്സ് മുറികള്‍ സജ്ജീകരിച്ച് ക്ലാസ്സെടുത്തു. സമരം 4 ദിവസം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ കെജരിവാള്‍ നിര്‍ബന്ധിതനായി. പ്രശ്‌നത്തെക്കുറിച്ച് വലിയ ധാരണയില്ലെന്നു സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ആ കൂടിക്കാഴ്ചയില്‍ ശ്രമിച്ചത്. എന്നാല്‍, പ്രശ്‌നത്തിന്റെ ഓരോ ഘട്ടത്തിലും കെജരിവാള്‍ നടത്തിയ ഇടപെടല്‍ അക്കമിട്ടു നിരത്തിയ വിദ്യാര്‍ത്ഥികള്‍ ആ വാദങ്ങള്‍ പൊളിച്ചടുക്കി. ഡല്‍ഹി തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാല്‍ ഇപ്പോള്‍ സമയമില്ലെന്നും വിശദമായ ചര്‍ച്ചയ്ക്കായി ഏപ്രില്‍ 24ന് ക്യാമ്പസിലെത്താമെന്നും കെജരിവാള്‍! എന്നാല്‍ കെജരിവാള്‍ വരും വരെ താന്‍ നിരാഹാരം കിടക്കുമെന്ന് ജോഷില്‍!! കെജരിവാള്‍ പറഞ്ഞ തീയതി ആവാന്‍ ഇനിയും 7 ദിവസം!!!

jnu

ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജിന് ക്ലാസ് മുറികളും ഹോസ്റ്റലും അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 20 ഏക്കര്‍ സ്ഥലം വേണമെന്നാണ് ജോഷില്‍ അടക്കമുള്ള അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും തീര്‍ത്തും ന്യായമായ ആവശ്യം. ഇതിനൊപ്പം തങ്ങളുടെ സ്ഥലം കൈയേറിയ ഇന്ദ്രപ്രസ്ഥക്കാര്‍ അവരുടെ സൗകര്യങ്ങള്‍ -അക്കാദമിക് ബ്ലോക്കും ഹോസ്റ്റല്‍ ബ്ലോക്കും കളിസ്ഥലവും -പങ്കിടണമെന്നും ജി.ബി.പന്ത് എഞ്ചിനീയറിങ് കോളേജിലുള്ളവര്‍ ആവശ്യപ്പെടുന്നു. നിരാഹാരം അവസാനിപ്പിക്കണമെന്ന് കെജരിവാളിന്റെ ഓഫീസ് ആവശ്യപ്പെട്ടുവെങ്കിലും ജോഷില്‍ വഴങ്ങിയിട്ടില്ല. ജെ.ബി.പന്ത് എഞ്ചിനീയറിങ് കോളേജിലെ സമരത്തിനു പിന്തുണയുമായി ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്‍ രംഗത്തെത്തി. ആസ്പത്രിയിലും നിരാഹാരം തുടരുന്നു ജോഷിലിനെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി മറ്റു പ്രമുഖരും എത്തുന്നു. വരേണ്ടയാള്‍ മാത്രം വരുന്നില്ല -കെജരിവാള്‍. അദ്ദേഹത്തിന് വേറെ തിരക്കുകളുണ്ട്. അധികാരം കെജരിവാളിനെ മത്തുപിടിപ്പിച്ചിരിക്കുകയാണോ?

joshil (1)
ആസ്പത്രിയില്‍ നിരാഹാരം തുടരുന്ന ജോഷിലിനെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചപ്പോള്‍

ഈ മലയാളിയുടെ പോരാട്ടവീര്യം കണ്ട് പലരും ജോഷിലിനോടു ചോദിക്കാറുണ്ട് കമ്മ്യൂണിസ്റ്റാണോ എന്ന്. താന്‍ മനുഷ്യത്വത്തിലും സമത്വം നടമാടുന്ന സമൂഹത്തിലും വിശ്വസിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറുപടി. മാര്‍ക്‌സിന്റെയും അംബേദ്കറുടെയും ആശയങ്ങള്‍ അദ്ദേഹത്തിന് കരുത്താണ്. ഒരു വിശ്വാസിയായിത്തന്നെയാണ് കുഞ്ഞു ജോഷില്‍ വളര്‍ന്നത്. എന്നാല്‍ 11-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പള്ളിയില്‍ പോക്ക് നിര്‍ത്തി. അപ്പോഴും പലരും ചോദിച്ചു, കമ്മ്യൂണിസ്റ്റായോ എന്ന്. താന്‍ മനുഷ്യനാണെന്നു മറുപടി. അദ്ധ്യാപനം ജോഷിലിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. തന്റെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഈ അദ്ധ്യാപകന്‍ എന്തും ചെയ്യും. 11-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൊച്ചു കുട്ടികള്‍ക്കായി തുടങ്ങിയ ട്യൂഷന്‍ ക്ലാസ് മുതല്‍ അതാണ് പതിവ്. ജി.ബി.പന്ത് എഞ്ചിനീയറിങ്ങ് കോളേജിലും അങ്ങനെ തന്നെ. എന്തു വിഷമം അലട്ടിയാലും രണ്ടോ മൂന്നോ മണിക്കൂര്‍ ക്ലാസ്സ് മുറിയില്‍ നിന്നു കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്ന് അദ്ദേഹത്തിന്റെ പക്ഷം. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ജീവിക്കുന്ന ഈ അദ്ധ്യാപകനും അദ്ദേഹത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ വിദ്യാര്‍ത്ഥികളും രാജ്യതലസ്ഥാനത്ത് പുതുചരിത്രമെഴുതുകയാണ്.

Students (2)
ആസ്പത്രിയില്‍ സമരം തുടരുന്ന ജോഷിലിനൊപ്പം കോളേജില്‍ സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍

ജോഷിലിന്റെ സഹപാഠിയും എന്റെ സുഹൃത്തുമായ നിതിനാണ് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്. നിതിന്‍ മുഖേന ജോഷിലിന്റെ വിദ്യാര്‍ത്ഥികളില്‍ ചിലരുമായും ഈ ദിനങ്ങളില്‍ സംസാരിക്കാനുംസൗഹൃദം സ്ഥാപിക്കാനും അവസരമുണ്ടായി. ആ കുട്ടികളുടെ സംസാരത്തില്‍ ജ്വലിക്കുന്ന പോരാട്ടവീര്യം പകര്‍ത്തിവെയ്ക്കാന്‍ എന്റെ വാക്കുകള്‍ക്ക് ശക്തിയില്ല. നേരിട്ടവിടെ പോയി സമരത്തില്‍ പങ്കാളിയാവണമെന്ന ആവേശം മനസ്സിലുണര്‍ന്നുവെങ്കിലും നിവൃത്തിയില്ല. നീതിക്കായി ഡല്‍ഹിയില്‍ അവര്‍ നടത്തുന്ന പോരാട്ടം വിജയിക്കട്ടെ എന്ന് തിരുവനന്തപുരത്തിരുന്ന് ആശംസിക്കുക മാത്രമേ തല്‍ക്കാലം തരമുള്ളൂ.

നിരാഹാര സമരപ്പന്തലില്‍ നിന്ന് ജോഷിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആസ്പത്രിയിലേക്കു മാറ്റുന്നു

Previous articleചില ഡോളര്‍ ചിന്തകള്‍
Next articleഉപദേശിച്ചാലൊന്നും പൊലീസ് നന്നാവില്ല
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here