Reading Time: 8 minutes

ഒരു ജേര്‍ണലിസ്റ്റ് അഥവാ മാധ്യമപ്രവര്‍ത്തകന്‍ രൂപമെടുക്കുന്നത് അവന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്. അങ്ങനെ സ്വന്തം ഇഷ്ടത്തില്‍ ഇറങ്ങി കാണുന്ന വഴിയിലൂടെ ഒറ്റയ്ക്കു നടന്നു തുടങ്ങിയവനാണ് ഈ ഞാനും. ‘ഏന്‍ വഴി തനി വഴി’ എന്ന രജനീകാന്ത് ഡയലോഗ് എന്നെപ്പോലുള്ള മാധ്യമപ്രവര്‍ത്തകരെ ഉദ്ദേശിച്ചുള്ളതായിരിക്കാം. ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഞങ്ങളുടെ പ്രവര്‍ത്തനം. എല്ലാവരും കൊട്ടിഗ്‌ഘോഷിക്കുന്ന മാധ്യമസ്വാതന്ത്ര്യം എന്നത് സങ്കല്പം മാത്രമാണ്. മാധ്യമസ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ മാധ്യമ മുതലാളിയുടെ സ്വാതന്ത്ര്യമാണ്. കനത്ത ശമ്പളം വാങ്ങുന്ന ചുരുക്കം ചില കോട്ടുധാരികളെ മാറ്റിനിര്‍ത്തിയാല്‍ ഞങ്ങള്‍ വലിയ ശമ്പളക്കാരല്ല. കുറഞ്ഞശമ്പളം തന്നെ കൃത്യമായി കിട്ടാത്ത എന്നെപ്പോലുള്ളവരും കൂട്ടത്തിലുണ്ട്. ശമ്പളത്തിനപ്പുറം ചിലതെല്ലാം പറയാനും എഴുതാനുമുണ്ടെന്ന വിശ്വാസം ഞങ്ങളെ മുന്നോട്ടു നയിക്കുന്നു. എന്തിനേറെ പറയുന്നു, കൃത്യമായ ജോലിസമയം പോലും ഞങ്ങള്‍ക്ക് നിര്‍ണ്ണയിച്ചിട്ടില്ല. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ജോലി ചെയ്തു വീട്ടില്‍പ്പോകുന്നവരല്ല ഞങ്ങള്‍. പക്ഷേ, ഇത്തരം പരിമിതികളെ കരുത്താക്കി മാറ്റാനുള്ള ശേഷിയാണ് ഞങ്ങളെ വ്യത്യസ്തരാക്കുന്നത്.

how-should-be-a-media.jpg

വൈവിധ്യമാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ആവര്‍ത്തിക്കാത്ത ദൗത്യങ്ങളും ലക്ഷ്യങ്ങളും. ഞങ്ങള്‍ക്കിടയില്‍ മത്സരബുദ്ധിയുണ്ട്, പക്ഷേ ഒപ്പമുള്ളവന്റെ കാലുവാരില്ല. ഒരു വാര്‍ത്തയുടെ എല്ലാ വശങ്ങളും നിങ്ങളറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു വാര്‍ത്ത നല്‍കാന്‍ എനിക്ക് നിയന്ത്രണമുണ്ടെങ്കില്‍ നിയന്ത്രണമില്ലാത്ത സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുഹൃത്തിന് അത് കൈമാറിയിരിക്കും. സത്യം ജനങ്ങളറിയണമെന്ന താല്പര്യം മാത്രമാണ് അവിടെ പ്രകടമാവുന്നത്. ഞങ്ങള്‍ എന്നും പ്രതിപക്ഷത്താണ്. ഭരണത്തോട് ഒട്ടി നിന്ന് സ്തുതിപാടി വ്യക്തിഗത നേട്ടങ്ങള്‍ കൈവരിക്കുന്നതിനെക്കാള്‍ ഞങ്ങള്‍ക്കു താല്പര്യം തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിച്ച് ജനജീവിതം ഭേദപ്പെട്ടതാക്കുന്നതാണ്. ഞങ്ങള്‍ക്കിടയിലും പുഴുക്കുത്തുകളുണ്ടാവാം. പക്ഷേ, അത്തരക്കാരെ ഞങ്ങള്‍ തന്നെ തുറന്നുകാട്ടുകയാണ് പതിവ്. മറ്റുള്ളവര്‍ക്കതിനുള്ള അവസരം ഞങ്ങള്‍ കൊടുക്കാറില്ല എന്നതാണ് സത്യം.

ജനാധിപത്യത്തിന്റെ നാലാം തൂണായി ഞങ്ങള്‍ പരിഗണിക്കപ്പെടുന്നു എങ്കില്‍ അതിനു കാരണങ്ങളുണ്ട്. ഞങ്ങള്‍ക്ക് മനുഷ്യമുഖമുണ്ട്. അതുകൊണ്ടാണ് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ മനുഷ്യര്‍ ഇപ്പോഴും കരഞ്ഞുകൊണ്ട് ആദ്യം ഏതെങ്കിലും പത്രത്തിന്റെയോ ചാനലിന്റെയോ ഓഫീസിലേക്ക് ഓടിക്കയറുന്നത്. പോലീസിനെയും വക്കീലിനെയും സമീപിക്കുന്നതിനെക്കാള്‍ വിശ്വാസം അങ്ങനെ വരുന്നവര്‍ക്ക് ഞങ്ങളോടുണ്ട്. മാരകരോഗം ബാധിച്ച് ചികിത്സാ സഹായം തേടി വരുന്നവരുണ്ട്. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥരെക്കുറിച്ച് പരാതി പറയാന്‍ വരുന്നവരുണ്ട്. വലിയ തട്ടിപ്പുകളെക്കുറിച്ച് ലഭിച്ച ചെറിയ സൂചനകള്‍ കൈമാറാന്‍ വരുന്നവരുണ്ട്. ഞങ്ങളില്‍ നിന്നെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയാണവര്‍ക്ക്. ഡോക്ടറോടും വക്കീലിനോടും കള്ളം പറയാന്‍ പാടില്ലെന്നാണ് ശാസ്ത്രം. പക്ഷേ, ആളുകള്‍ ഇപ്പോള്‍ കള്ളം പറയാത്തത് ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരോടു മാത്രമാണ്. കാരണം, കള്ളം പറഞ്ഞാല്‍ അതു നിലനില്‍ക്കില്ലെന്നും സത്യം ഞങ്ങള്‍ ചികഞ്ഞെടുക്കുമെന്നും എല്ലാവര്‍ക്കുമറിയാം.

ചാനലില്‍ നിങ്ങള്‍ കാണുകയും പത്രത്തില്‍ വായിക്കുകയും ചെയ്യുന്ന ഓരോ വാര്‍ത്തയ്ക്കും പിന്നില്‍ എത്രമാത്രം അദ്ധ്വാനമുണ്ടെന്ന് അറിയാമോ? ഒരു വാര്‍ത്തയും ഞങ്ങളെത്തേടി വരുന്നില്ല. ഞങ്ങള്‍ തേടിപ്പിടിക്കുന്ന വാര്‍ത്തയുടെ ഉപോത്പന്നങ്ങളായി ഭീഷണിയും തെറിയും മര്‍ദ്ദനവുമെല്ലാം ഒപ്പം വരാറുണ്ട്. കൊച്ചിയിലെ ഹൈക്കോടതി വളപ്പിലും വഞ്ചിയൂര്‍ ജില്ലാ കോടതി വളപ്പിലും കണ്ടത് അതാണ്. ഞങ്ങള്‍ക്കുനേരെ ആക്രമണമുണ്ടാവുന്നത് ആദ്യമായല്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ, നേതാക്കളുടെ, വര്‍ഗ്ഗീയവും ജാതീയവുമായ സംഘടനകളുടെ, പോലീസിന്റെ, ഗുണ്ടകളുടെ, അഭിഭാഷകരുടെ… ഞങ്ങളെ ആക്രമിക്കാത്തവര്‍ വിരളം. ഏതെങ്കിലും സമരത്തിന്റെ ഭാഗമായി ലാത്തിച്ചാര്‍ജ്ജുണ്ടായാല്‍ പോലീസുകാരില്‍ ചിലര്‍ അബദ്ധം പറ്റിയെന്ന വ്യാജേന ഞങ്ങള്‍ക്കിട്ട് വീക്കും. ഇതു മാത്രമല്ല, ഗുണ്ടകളെ ഉപയോഗിച്ചും പോലീസുകാര്‍ ചിലപ്പോള്‍ ഞങ്ങളെ ആക്രമിക്കാറുണ്ട്. മാതൃഭൂമിയില്‍ സഹപ്രവര്‍ത്തകനായിരുന്ന വി.ബി.ഉണ്ണിത്താന്റെ അനുഭവം ഉദാഹരണം. ആക്രമണത്തിനെതിരെ ഞങ്ങള്‍ പ്രതിഷേധിക്കും -പ്രസ്താവനയിറക്കിയോ, വായ മൂടിക്കെട്ടി പ്രകടനം നടത്തിയോ, പ്രതിഷേധ യോഗം നടത്തിയോ.. അവിടെ തീര്‍ന്നു. അത്രയ്ക്കുള്ള ശേഷിയേ ഈ പാവം ഞങ്ങള്‍ക്കുള്ളൂ. അടി കൊണ്ടവന്റെ വേദന മാത്രം ബാക്കി. പക്ഷേ, കിട്ടിയതും വാങ്ങി മോങ്ങിക്കൊണ്ടു വീട്ടില്‍പ്പോകുന്ന പഴയ ചിന്താഗതി പുതിയ തലമുറ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമല്ല എന്നു തോന്നുന്നു. കൊച്ചിയിലും വഞ്ചിയൂരിലുമെല്ലാം അതിന്റെ ചില സ്ഫുലിംഗങ്ങള്‍ കണ്ടു. ക്ഷമയുടെ നെല്ലിപ്പലക കണ്ടാല്‍ പിന്നെ നിയന്ത്രണം പോകും എന്നൊക്കെ പറയാറുണ്ടല്ലോ.

Advocate5.jpg

ഇത്തവണ ഞങ്ങളെ തല്ലിയത്, ഞങ്ങള്‍ക്കു നേരെ കല്ലും മദ്യക്കുപ്പികളും എറിഞ്ഞത് അഭിഭാഷകരാണ്. അഭിഭാഷകരെ മുഴുവന്‍ ഞാന്‍ അടച്ചാക്ഷേപിക്കുകയില്ല. അതിനു കാരണമുണ്ട്. കറുത്ത കോട്ടിട്ട് കോടതിയിലെത്തുന്നവരില്‍ 25 ശതമാനത്തിലേറെ പേരും വ്യാജബിരുദക്കാരാണ്. രാജ്യത്താകെ 17 ലക്ഷം അഭിഭാഷകരുണ്ടെന്നാണ് കണക്ക്. ഇവില്‍ 5.1 ലക്ഷം പേര്‍ പണം നല്‍കി അഭിഭാഷക ബിരുദം ഒപ്പിച്ചവരാണ് -കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജെ.വി.വിളനിലത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര തന്നെയാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. വ്യാജന്മാരില്‍ ഒരു ഭാഗം കേരളത്തിലുമുണ്ടാവണം. കല്ലും കുപ്പിയുമൊക്കെ എറിയുന്നവര്‍ ഈ വ്യാജന്മാരാവണം. ഈ വ്യാജ ഡോക്ടര്‍മാരെ പിടിക്കുന്നതു പോലെ വ്യാജ വക്കീലന്മാരെ പിടിക്കാന്‍ പോലീസിന് സംവിധാനമൊന്നുമില്ലേ?

മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യത്തകര്‍ച്ചയെക്കുറിച്ച് ഇപ്പോള്‍ അഭിഭാഷകരും ചര്‍ച്ച തുടങ്ങിയിരിക്കുന്നു!!! ആര്‍ക്കെതിരെ വാര്‍ത്ത വരുന്നോ അവരെല്ലാം ഞങ്ങളെ മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയാണ്. അവരൊക്കെ പ്രവര്‍ത്തിക്കുന്ന മേഖലകളുടെ സമ്പൂര്‍ണ്ണ വിശുദ്ധി ഉറപ്പാക്കിയ ശേഷമാണ് ഈ വിമര്‍ശനം!! മാധ്യമപ്രവര്‍ത്തനത്തില്‍ മാത്രമാണ് ഇപ്പോള്‍ മൂല്യശോഷണമുള്ളത്. ബാക്കിയെല്ലാം perfect!!!! വിമര്‍ശകര്‍ ആദ്യം മനസ്സിലാക്കേണ്ടത് മാധ്യമം എന്നത് ഒരു വ്യവസായമാണ് എന്നതാണ്. വ്യത്യസ്ത ആശയങ്ങളും നിലപാടുകളും രാഷ്ട്രീയതാല്പര്യങ്ങളും ഉള്ള മാനേജ്‌മെന്റുകള്‍ അഥവാ മുതലാളിമാരാണ് എല്ലാം തീരുമാനിക്കുന്നത്. മാധ്യമസ്വാതന്ത്ര്യമെന്നാല്‍ ഇത്തരക്കാരുടെ സ്വാതന്ത്ര്യമാണെന്ന് ഞാന്‍ നേരത്തേ പറഞ്ഞുവല്ലോ. ഓരോ മാധ്യമസ്ഥാപനത്തിലും ആയിരക്കണക്കിനാളുകള്‍ പണിയെടുക്കുന്നുണ്ട്. മറ്റേതു രംഗത്തുമെന്ന പോലെ മൂല്യച്യുതി ഇവിടെയും കടന്നുവരാം. പക്ഷേ, അതിന്റെ അളവ് വളരെ കുറവാണെന്നു ഞാന്‍ പറയും. സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്ന ജേര്‍ണലിസ്റ്റുകളാണ് പുറത്ത് പത്രപ്രവര്‍ത്തകര്‍ അഥവാ മാധ്യമപ്രവര്‍ത്തകര്‍ എന്നറിയപ്പെടുന്നത്. തമിഴില്‍ കുറച്ചുകൂടി വൃത്തിയായി പറയാം -‘എഴുത്താളര്‍’. ഓരോ മാധ്യമസ്ഥാപനത്തിലെയും ജേര്‍ണലിസ്റ്റുകളുടെ എണ്ണം കഷ്ടിച്ച് 30 ശതമാനം മാത്രമാണ്. രാജ്യത്താകെയുള്ള അഭിഭാഷകരുടെ -അത് അസ്സലും വ്യാജനുമെല്ലാം ചേര്‍ന്നാവട്ടെ -മൂന്നിലൊന്നു പോലും വരില്ല ജേര്‍ണലിസ്റ്റുകളുടെ എണ്ണം.

ഓരോ പൗരനും ഭരണഘടന അനുവദിച്ചു നല്‍കിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളില്‍ മാത്രമേ മാധ്യമസ്വാതന്ത്ര്യത്തിനു പ്രസക്തിയുള്ളൂ എന്നു ചില അഭിഭാഷക സുഹൃത്തുക്കള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. കൈയിലെ മൈക്കും തോളിലെ ക്യാമറയും ഒരു അധികസ്വാതന്ത്ര്യവും ഞങ്ങള്‍ക്കു നല്‍കുന്നില്ലെന്നും ഓര്‍മ്മിപ്പിക്കുന്നു. ഇതെല്ലാം ശരിയാണെന്ന് ഞാനും അംഗീകരിക്കുന്നു. ഒരു സമൂഹമെന്ന നിലയില്‍ ഒരു പത്രക്കാരന്റെയും സേവനവും സൗജന്യവും അഭിഭാഷകര്‍ക്കാവശ്യമില്ല എന്നാണ് വാദം. സ്വതന്ത്രമായി നിലനില്‍ക്കാന്‍ കരുത്തുള്ള ഒരു പ്രൊഫഷനെയാണ് അഭിഭാഷകര്‍ പ്രതിനിധാനം ചെയ്യുന്നത്. സത്യം പറയിപ്പിക്കാന്‍ അഭിഭാഷകര്‍ക്കൊരു മാര്‍ഗ്ഗമുണ്ട്. അവര്‍ സൂക്ഷിച്ചിട്ടുള്ള രണ്ടു കൂടുകള്‍ -പ്രതിക്കൂടും സാക്ഷിക്കൂടും. ആ കൂട്ടില്‍ നിന്നു പുറത്തുവരുന്ന സത്യത്തിന് അഗ്നിയുടെ വിശുദ്ധിയുണ്ട്. ഒരു ഭൂകമ്പത്തിലും തകരാത്ത ആ തറയില്‍ നിന്നാണ് തങ്ങളുടെ വെല്ലുവിളി എന്നും അഭിഭാഷക സുഹൃത്തുക്കള്‍ പറയുന്നു.

ഒരു വാര്‍ത്ത സംബന്ധിച്ച വിയോജിപ്പോ പരാതിയോ ഉണ്ടെങ്കില്‍ അതു രേഖപ്പെടുത്താന്‍ സാധാരണക്കാര്‍ അവലംബിക്കുന്ന ചില രീതികളുണ്ട്. അതു ചിലപ്പോഴൊക്കെ അഭിമാനമായി അഭിഭാഷകര്‍ വിശേഷിപ്പിക്കുന്ന കൂടുകളാവാറുണ്ട്. പക്ഷേ, ഒരു ഭൂകമ്പത്തിലും തകരാത്ത ആ കൂട്ടില്‍ അഭിഭാഷകര്‍ക്ക് വിശ്വസമില്ലാതായോ? അതുകൊണ്ടാണല്ലോ അവര്‍ കൈയാങ്കളിക്കു മുതിര്‍ന്നത്. കല്ലും കുപ്പിയുമെറിഞ്ഞത്. കൂട്ടില്‍ നിന്നു സത്യം പുറത്തുവരുന്ന എന്ന അവകാശവാദം കേട്ടപ്പോള്‍ പൊട്ടിച്ചിരിക്കാനാണ് തോന്നിയത്!!!! ആ കൂടിനെക്കുറിച്ചുള്ള എന്റെ ഉറച്ച വിശ്വാസത്തിന് ഇളക്കം തട്ടിയിട്ട് കുറച്ചു കാലമായിരിക്കുന്നു. പക്ഷേ, പഴയ ഉറപ്പില്ലെങ്കിലും ഇപ്പോഴും വിശ്വാസമുണ്ട്. കൊക്കകോള കേസില്‍ ഹൈക്കോടതി വിധി വരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് വിധിയുടെ വിശദാംശങ്ങളും ഉദ്ധരണികളും ഉള്‍പ്പെടുന്ന പത്രക്കുറിപ്പ് ലഭിച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍!! സി.ബി.ഐ. കോടതി പരിഗണിച്ച ഒരു പ്രമാദമായ അഴിമതി കേസില്‍ ജഡ്ജിക്ക് പ്രതിയുടെ അഭിഭാഷകന്‍ വിധിന്യായം എഴുതിക്കൊടുത്ത കഥ നാട്ടില്‍ പാട്ടാണ്. ജഡ്ജി കൃത്യമായി ആ വിധി തന്നെ ഓപ്പണ്‍ കോര്‍ട്ടി‍ല്‍ വായിക്കുകയും ചെയ്തു. ഈ ആനുകൂല്യം ലഭിച്ച പ്രതി ആരായിരുന്നുവെന്നും അദ്ദേഹം ഇന്നെവിടെയാണെന്നും ഒരു കൗതുകത്തിനു വേണ്ടി ആരെങ്കിലും അന്വേഷിക്കാനിറങ്ങിയാല്‍ ഞെട്ടിപ്പോകും.

Advocate-Police-Release

എന്താണ് അഭിഭാഷകരുടെ ഇപ്പോഴത്തെ പ്രശ്‌നം? സ്ത്രീപീഡന കേസിലെ പ്രതിയായ അഭിഭാഷകനെ പോലീസ് അറസ്റ്റു ചെയ്ത വാര്‍ത്തയും അഭിഭാഷക അസോസിയേഷന്‍ യോഗത്തിന്റെ വാര്‍ത്തയും അവര്‍ ആഗ്രഹിക്കുന്നതു പോലെ വന്നില്ല. അതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂല്യച്യുതി സംഭവിച്ചു. ഒരു സ്ത്രീയെ പരസ്യമായി കയറിപ്പിടിച്ച് ഗവ. പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ അപമാനിച്ച വാര്‍ത്ത ആദ്യമറിഞ്ഞത് അഭിഭാഷക സംഘടനയുടെ ചില ഭാരവാഹികള്‍ തന്നെയാണ്. കേസിന്റെ സ്വാഭാവം പരിശോധിച്ച ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്നായിരുന്നു അവര്‍ എത്തിച്ചേര്‍ന്ന പ്രാഥമിക ധാരണ. അഭിഭാഷക സമൂഹത്തിന് നാണക്കേടുണ്ടാകാതെ കേസില്‍ നിന്നൂരാന്‍ അവര്‍ പോലീസിന്റെ സഹായവും തേടി. പീഡനക്കേസില്‍ കുരുങ്ങിയ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ അഭിഭാഷക സംഘടന ശ്രമിച്ചുവെന്നതിന് വ്യക്തമായ തെളിവു തരാം. ഇതു സംബന്ധിച്ച് ജൂലൈ 15ന് അഡ്വക്കേറ്റ് ജനറലിന് സംഘടന നല്‍കിയ കത്തു തന്നെ. പീഡനക്കേസിന്റെ വാര്‍ത്തയും പ്രതിയുടെ ദൃശ്യവും കൊടുത്തു എന്നതാണ് പ്രശ്‌നമെന്ന് കത്തു വായിച്ചാല്‍ ആര്‍ക്കും മനസ്സിലാവും. പൊതുനിരത്തില്‍ സ്ത്രീയെ കടന്നുപിടിക്കുന്നത് അമീറുള്‍ ഇസ്ലാം ആയാലും ധനേഷ് മാത്യു മാഞ്ഞൂരാനായാലും ഞങ്ങള്‍ക്ക് വാര്‍ത്തയാണ്. ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നാളാണ് പ്രതിയെങ്കില്‍ വലിയ വാര്‍ത്തയാണ്. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ മൊഴിക്ക് ഇത്രയും പ്രാധാന്യം ലഭിച്ചത് എതിര്‍കക്ഷി പി.കെ.കുഞ്ഞാലിക്കുട്ടി ആയതിനാലാണല്ലോ.

001-Advocate-AG-Letter
അഭിഭാഷക സംഘടന അഡ്വക്കേറ്റ് ജനറലിനു നല്‍കിയ കത്തിന്റെ പകര്‍പ്പ്‌

മാഞ്ഞൂരാന്‍ വിഷയത്തില്‍ കൂട്ടത്തോടെയുള്ള ഇടപെടലുകല്‍ നടത്തരുത് എന്ന നിലപാടിലായിരുന്നു അഭിഭാഷകരില്‍ ബഹുഭൂരിപക്ഷവും. പക്ഷേ, ആ നിലപാട് ദുര്‍ബലപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വികാരം ഇളക്കിവിടുന്നതിനു മുന്നില്‍ ‘നിഷ്‌കാസിതനായ’ ഉപദേശിയും ശിഷ്യരുമാണെന്ന ചര്‍ച്ചയ്ക്ക് ശക്തി ലഭിക്കുന്നുണ്ട്. ഉപദേശിയുടെ സ്ഥാനം പോകാന്‍ കാരണം മാധ്യമങ്ങളുടെ ഇടപെടലാണല്ലോ! മാധ്യമപ്രവര്‍ത്തകരുമായുണ്ടായ പ്രശ്‌നം തീര്‍ക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ചില ഹൈക്കോടതി അഭിഭാഷകര്‍ തന്നെയാണ് ഈ സംശയം പ്രകടിപ്പിക്കുന്നത്. പ്രശ്‌നമുണ്ടായ ദിവസം ഉച്ചതിരിഞ്ഞാണ് കൈയേറ്റമുണ്ടാവുന്നത്. അന്നു രാവിലെ 10 മണിയോടെ അഭിഭാഷക സംഘടനാ ഓഫീസിന്റെ വരാന്തയില്‍ ഒരു സംഘം ചെറുപ്പക്കാരായ അഭിഭാഷകര്‍ ഒത്തുകൂടി. കോടതി ദിവസമായിരുന്നിട്ടും പലരും കളര്‍ ഷര്‍ട്ടു ധരിച്ചാണ് എത്തിയത്. അവര്‍ ഹൈക്കോടതി അഭിഭാഷകരാണോ എന്നു തന്നെ അറിയില്ല. മാധ്യമങ്ങളെ നേരിടാനുള്ള ആഹ്വാനം അവിടെയാണുണ്ടായത്. ഉപദേശിയുമായി അടുപ്പം പുലര്‍ത്തുന്ന അഭിഭാഷകന്റെ വകയായിരുന്നു ആഹ്വാനമെന്നും പറയപ്പെടുന്നു.

കൊച്ചിയിലുണ്ടായ കാര്യങ്ങള്‍ വിശദമായിത്തന്നെ പരിശോധിക്കാം. ജൂലൈ 19ന് രാവിലെ ഡെക്കാന്‍ ക്രോണിക്കിള്‍ ലേഖകന്‍ രോഹിത് രാജിനെ ഹൈക്കോടതിക്കുള്ളില്‍ ഒരു സംഘം അഭിഭാഷകര്‍ വളഞ്ഞുവെച്ച് പുലഭ്യം പറയുകയും കഴുത്തിനു പിടിച്ചു തള്ളുകയും ചെയ്തു. ഇക്കാര്യം അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികളുടെ ശ്രദ്ധയില്‍ രോഹിത് പെടുത്തുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. അഭിഭാഷക അസോസിയേഷന്‍ അന്നുച്ചയ്ക്ക് മാഞ്ഞൂരാന്‍ വിഷയം പറയാന്‍ വിളിച്ച പത്രസമ്മേളനം രോഹിതിനെതിരായ കൈയേറ്റത്തിനോടുള്ള പ്രതിഷേധമെന്ന നിലയില്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ അടുത്ത ദിവസം അഭിഭാഷക അസോസിയേഷന്‍ വീണ്ടും വാര്‍ത്താസമ്മേളനം വിളിക്കാനും മാധ്യമപ്രവര്‍ത്തകര്‍ അതില്‍ പങ്കെടുക്കാനും ധാരണയായി. എന്നാല്‍, അന്നേദിവസം ഉച്ചയ്ക്ക് മീഡിയാ രൂമില്‍ അതിക്രമിച്ചു കയറിയ അഭിഭാഷകര്‍ അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. അഭിഭാഷകരുടെ ഭാഗത്തു നിന്ന് പ്രകോപനം ആവര്‍ത്തിച്ച പശ്ചാത്തലത്തിലാണ് അന്നു വൈകീട്ട് 30ല്‍ താഴെ മാധ്യമപ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ച് പ്രകടനം നടത്തിയത്. അഭിഭാഷകര്‍ പറയും പോലെ ഹൈക്കോടതി വളപ്പിലല്ല, സമുച്ചയത്തിന് 200 മീറ്റര്‍ അകലെ അഭിഭാഷക അസോസിയേഷന്‍ ഹാളിനു പുറത്തായിരുന്നു പ്രകടനം. അഭിഭാഷകര്‍ അവകാശപ്പെടുമ്പോലെ അവിടെ പ്രകടനം നിരോധിച്ചിട്ടില്ല.

പ്രതിഷേധ പ്രകടനത്തോടെ പ്രശ്നങ്ങള്‍ അവസാനിച്ചുവെന്ന ധാരണയിലാണ് ജൂലൈ 20ന് മാധ്യമപ്രവര്‍ത്തകര്‍ മീഡിയ റൂമിലെത്തിയത്. എന്നാല്‍, അവിടെ അതിക്രമിച്ചു കയറിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരായ 3 വനിതകളെ പുളിച്ച തെറി പറഞ്ഞു. വാതില്‍ ചവിട്ടുത്തുറന്നു. കസേരകള്‍ എടുത്ത് നിലത്തടിച്ചു. മാതൃഭൂമിയിലെ എ.എം.പ്രീതി, മലയാള മനോരമയിലെ റോസമ്മ ചാക്കോ, തേജസ്സിലെ ഷബ്ന സിയാദ് എന്നിവരായിരുന്നു ഇരകള്‍. സ്‌കൂട്ടര്‍ അപകടത്തില്‍ നഷ്ടമായ കാലിനു പകരം കൃത്രിമക്കാലുമായി നടക്കുന്ന പ്രീതി ചേച്ചിയെ മാതൃഭൂമി സേവനകാലത്ത് എനിക്കു വ്യക്തിപരമായി അറിയാം. ഒരാളുടെ നേര്‍ക്ക് മുഖം കറുപ്പിച്ചൊന്നു നോക്കുക പോലും ചെയ്യാത്ത അവരെയാണ് കോട്ടുധാരികള്‍ തെറിയാല്‍ അഭിഷേകം ചെയ്തത്. ‘മീഡിയാ ഗോ ബാക്ക്’ ആക്രോശം ശക്തമായപ്പോള്‍ മൂന്നു വനിതകളും കൈ കോര്‍ത്തുപിടിച്ച് നിന്നു. കൈകള്‍ക്കിടയിലൂടെ ഇടിച്ചുകയറിയ ഒരു അഭിഭാഷകന്‍ അവരുടെ ചെവിയില്‍ തെറിപറഞ്ഞു. അവിടെ നില്‍ക്കാനാവാത്ത സ്ഥിതി ആയതോടെ വനിതാ അഭിഭാഷകര്‍ ഇടപെട്ട് 3 മാധ്യമപ്രവര്‍ത്തക വനിതകളോടും നാലാം നിലയിലെ രജിസ്ട്രാറുടെ ഓഫീസിലേക്കു പോകാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും പോലീസും വന്നു. മുകളിലേക്കു പോകാനായി ലിഫ്റ്റിലേക്കു നീങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അകത്തുകടന്നാല്‍ ചവിട്ടിവീഴ്ത്തുമെന്ന ആക്രോശവുമായി അഭിഭാഷകര്‍ കാവല്‍ നിന്നു. കാല്‍സ്വാധീനമില്ലാത്ത പ്രീതിച്ചേച്ചിയും മറ്റുള്ളവരും നാലു നിലകള്‍ പടി നടന്നു കയറി. അതേ സമയം താഴെ കോടതിക്ക് പുറത്ത് കാറില്‍ വന്നിറങ്ങിയ മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ആതിരയെ അഭിഭാഷകര്‍ തള്ളി താഴെയിട്ടു. അതു കണ്ട് തടയാന്‍ ശ്രമിച്ച കാമറാമാന്‍ മോനിഷിനെയും ഡി.എസ്.എന്‍.ജി. ഓപ്പറേറ്ററെയും ഇരുപതിലധികം വരുന്ന വക്കീലന്‍മാര്‍ യൂണിഫോമില്‍ നിന്ന് തല്ലി. അതു ചിത്രീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കാമറാമാന്‍ രാജേഷ് തകഴിക്കും നന്നായി കൊണ്ടു. ഈ സമയം രജിസ്ട്രാറുടെ മുറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കുടിവെള്ളം പോലുമില്ലാതെ അക്ഷരാര്‍ത്ഥത്തില്‍ ബന്ദികളായിരുന്നു. ഒടുവില്‍ വൈകുന്നേരം 5.30നു ശേഷമാണ് ഓട്ടോറിക്ഷയില്‍ അവര്‍ക്കു പുറത്തുകടക്കാനായത്.

pti
ഹൈക്കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരുമായി കോര്‍ത്തപ്പോള്‍

മീഡിയ റൂമില്‍ അതിക്രമം ആവര്‍ത്തിച്ച വിവരമറിഞ്ഞ് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ പുറത്തെ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നാണയത്തുട്ടുകളെറിഞ്ഞ് അഭിഭാഷകര്‍ കൂവി. കുത്തിയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഒരു അഭിഭാഷകന്‍ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റി. 300ലേറെ വരുന്ന അഭിഭാഷക സംഘത്തെ 30ല്‍ താഴെ മാത്രം വരുന്ന മാധ്യമപ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നായി ഒടുവില്‍ വാദം. മര്‍ദ്ദനമേറ്റപ്പോള്‍ മാധ്യമപ്രവര്‍ത്തകരും തങ്ങളാലാവും വിധം പ്രതിരോധിച്ചു എന്നതു സത്യം തന്നെ. പക്ഷേ, 30 എവിടെ 300 എവിടെ? പോലീസില്ലായിരുന്നുവെങ്കില്‍ മാധ്യമപ്രവര്‍ത്തകരുടെ പൊടിപോലുമുണ്ടാവുമായിരുന്നില്ല കണ്ടുപിടിക്കാന്‍.

തെറ്റായ വാര്‍ത്ത നല്‍കിയ രോഹിത് പിന്നീട് തിരുത്താന്‍ തയ്യാറായി എന്നത് മാധ്യമപ്രവര്‍ത്തകരുടെ പിഴവിന്റെ തെളിവാണെന്ന് അഭിഭാഷകര്‍ വാദിക്കുന്നു. മാഞ്ഞൂരാന്‍ കേസില്‍ ഇടപെട്ടതിന്റെ പേരില്‍ അഭിഭാഷക സംഘടനയില്‍ ഭിന്നത എന്നായിരുന്നു ഡെക്കാന്‍ ക്രോണിക്കിള്‍ വാര്‍ത്ത. മാഞ്ഞൂരാന്റെ കേസില്‍ ഇടപെട്ടിട്ടില്ല എന്നും ഭിന്നതയില്ല എന്നുമാണ് അഭിഭാഷക സംഘടനയുടെ വാദം. അഡ്വക്കേറ്റ് ജനറലിനു നല്‍കിയ കത്തു തന്നെ തെളിവായുള്ളപ്പോള്‍ ഇടപെടലിനെക്കുറിച്ചു കൂടുതല്‍ പറയേണ്ടതില്ല. ഇതിനു പുറമെ മാഞ്ഞൂരാനെ അനുകൂലിച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ ബൈറ്റുമുണ്ട്. പിന്നെ ഭിന്നത -മാഞ്ഞൂരാന്‍ വിഷയത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം സംഘടനാ യോഗത്തില്‍ പാസായില്ല. ഭിന്നതയല്ല, യോജിപ്പായിരുന്നോ കാരണം? ഈ വാര്‍ത്ത തെറ്റാണെങ്കില്‍ ജൂലൈ 19ന് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടക്കണമായിരുന്നു. എന്നാല്‍, വാര്‍ത്തയില്‍ പിശകില്ലെങ്കിലും എതിര്‍കക്ഷിക്ക് വിശദീകരണത്തിന് അവസരമൊരുക്കാന്‍ അസോസിയേഷന്‍ ഭാരവാഹികളുടെ അഭ്യര്‍ത്ഥന പ്രകാരം ഒരു വാര്‍ത്ത കൂടി നല്‍കാമെന്ന് രോഹിത് സമ്മതിച്ചു. തിരുത്ത് എന്ന നിലയില്‍ ജൂലൈ 20ലെ പത്രത്തില്‍ വരികയും ചെയ്തു. ജനാധിപത്യ ബോധത്തിന്റെ പേരില്‍ കാട്ടിയ സൗമനസ്യം ഇപ്പോള്‍ പിശകിന്റെ തെളിവാക്കിയാല്‍ അംഗീകരിക്കാനാവില്ല. വാര്‍ത്തയില്‍ പിശകുണ്ടെന്ന് അഭിഭാഷകര്‍ തെളിയിക്കട്ടെ.

IMG-20160721-WA0012
വഞ്ചിയൂര്‍ കോടതി മീഡിയാ റൂമിനു മുന്നിലെ പോസ്റ്റര്‍

ഹൈക്കോടതിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അടുത്ത ദിവസം കിലോമീറ്ററുകള്‍ക്കിപ്പുറം വഞ്ചിയൂരില്‍ എത്തിയതെങ്ങനെയെന്ന് വ്യക്തമായറിയാം. പ്രകോപനമുണ്ടാക്കി മാധ്യമങ്ങളെ കൈകാര്യം ചെയ്യുക എന്നതു തന്നെയായിരുന്നു ലക്ഷ്യം. കൊച്ചിയിലെ സംഭവവികാസങ്ങളുടെ പേരിലുള്ള കോടതി ബഹിഷ്‌കരണത്തിന്റെ തുടര്‍ച്ചയായി വഞ്ചിയൂര്‍ കോടതിയിലെ മീഡിയാ റൂമിനു മുന്നില്‍ ആദ്യം ‘ശൗചാലയം’ എന്നും പിന്നീട് ‘നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല’ എന്നുമാണ് അഭിഭാഷകര്‍ എഴുതി ഒട്ടിച്ചത്. കടകംപള്ളി ഭൂമി കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ആക്രമണം ആസൂത്രിതമായിരുന്നു. മീഡിയ റൂമില്‍ ഒട്ടിച്ച പോസ്റ്റര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ കാറിലും ഒട്ടിച്ചു. ഇതെക്കുറിച്ച് ജില്ലാ ജഡ്ജിയോട് പരാതി പറഞ്ഞിറങ്ങിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്‍ തകര്‍ത്തു. സംഘര്‍ഷം ഒടുവില്‍ കല്ലേറില്‍ കലാശിച്ചു.

IMG-20160721-WA0013
റിപ്പോര്‍ട്ടര്‍ ടിവിയുടെ കാറിനു മുകളില്‍ പോസ്റ്റര്‍ പതിച്ചപ്പോള്‍

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ എറിഞ്ഞത് മദ്യക്കുപ്പികളായിരുന്നു. മദ്യപിച്ചു ലക്കുകെട്ട അഭിഭാഷകരാണ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതും. കോടതിക്കു പുറത്തേക്ക് എറിയാന്‍ മദ്യക്കുപ്പികള്‍ എവിടെ നിന്നു വന്നു? കോടതി ബഹിഷ്‌കരണ സമരത്തിനു ശേഷം ചില അഭിഭാഷകര്‍ കോടതി വളപ്പിലിരുന്നു തന്നെ മദ്യപിച്ചിരുന്നു. അവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയതും. ആദ്യ ഘട്ടത്തില്‍ ഏറു കൊണ്ട് 5 മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ 2 പേരുടെ തല പൊട്ടി. റോഡില്‍ നിന്ന വക്കീല്‍ ഗുമസ്തന്‍ കണ്ണന്റെ തലയും അഭിഭാഷകര്‍ എറിഞ്ഞുപൊട്ടിച്ചു. ഇടയ്‌ക്കൊന്നു നിലച്ച സംഘര്‍ഷം വീണ്ടും ചൂടുപിടിച്ച് കല്ലേറായി മാറിയപ്പോള്‍ ചില മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചെറിഞ്ഞു. അപ്പോഴും തങ്ങളുടെ നേര്‍ക്കു വന്ന കല്ലുകള്‍ പ്രതിരോധത്തിനായി തിരിച്ചെറിയുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്. ആദ്യഘട്ടത്തില്‍ അനുരഞ്ജനം കളിക്കാന്‍ വന്ന ചിലര്‍ പിന്നീട് മുഖംമൂടി അഴിച്ചുവെച്ച് അക്രമണത്തിനു നേതൃത്വം നല്‍കുന്നതും ഞങ്ങള്‍ കണ്ടു. തിരുവനന്തപുരം നഗരസഭയിലേക്ക് വെറും 1 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കൗണ്‍സിലറായിരുന്നു ഇതില്‍ പ്രധാനി. മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥ അതേപടി അംഗീകരിച്ച് അവര്‍ക്ക് താരപദവി നല്‍കിയില്ല എന്നതു തന്നെയാണ് വിദ്വേഷത്തിനു കാരണം. എല്ലാം കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ നഷ്ടം മാധ്യമപ്രവര്‍ത്തകര്‍ക്കാണ്. പഴിയും ഞങ്ങള്‍ക്കു തന്നെ.

IMG-20160721-WA0030
വഞ്ചിയൂര്‍ കൗണ്‍സിലര്‍ ബാബു മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ബിജുവിനെ കൈയേറ്റം ചെയ്യുന്നു

കോട്ടിട്ടവരുടെ കാട്ടാളത്തം സമീപകാലത്ത് വര്‍ദ്ധിച്ചിരിക്കുന്നു. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറിനെയും മാധ്യമപ്രവര്‍ത്തകരെയും ഡല്‍ഹി പാട്യാല ഹൗസ് കോടതി വളപ്പില്‍ കോട്ടിട്ട ഗുണ്ടകള്‍ കൈകാര്യം ചെയ്ത രീതി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്. കോട്ട് ഗുണ്ടായിസം പാട്യാല ഹൗസില്‍ നിന്ന് കൊച്ചി വഴി ഇപ്പോള്‍ വഞ്ചിയൂരിലെത്തി നില്‍ക്കുന്നു. അഭിഭാഷകര്‍ക്ക് സമൂഹത്തില്‍ അവരുടേതായ സ്ഥാനമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും അങ്ങനെ തന്നെ. പരസ്പര പൂരകമായി പരസ്പര ബഹുമാനത്തോടെയും വിശ്വാസത്തോടെയും ഇരു വിഭാഗങ്ങളും സഹവര്‍ത്തിക്കുന്നതാണ് സമൂഹപുരോഗതിക്ക് അഭികാമ്യം. കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന കുബുദ്ധികളെ തിരിച്ചറിയുക. മാധ്യമങ്ങളെ കുറ്റം പറയാനുള്ള സുവര്‍ണ്ണാവസരമായി ഇപ്പോഴത്തെ സംഭവവികാസങ്ങളെ പലരും കാണുന്നുണ്ട്. പക്ഷേ, അവര്‍ കാണാത്ത ചിലതുണ്ട്. മാധ്യമങ്ങളിലും മാധ്യമപ്രവര്‍ത്തകരിലും തങ്ങളുടെ രക്ഷകരെ കാണുന്ന ആയിരക്കണക്കിനാളുകളുണ്ട്. മാധ്യമപ്രവര്‍ത്തകരെ പിമ്പുകളെന്നും വേശ്യകളെന്നുമൊക്കെ വിശേഷിപ്പിക്കുന്നു. ഇങ്ങനെ വിളിക്കുന്നവര്‍ ഞങ്ങള്‍ പിമ്പിങ്ങും വേശ്യാവൃത്തിയും നടത്തിയതിന്റെ തെളിവുകള്‍ ഹാജരാക്കാമോ? തല്ലിയാലും കൊന്നാലും ഞങ്ങള്‍ തോല്‍ക്കില്ല. ഇന്നു ഞങ്ങളെ തല്ലിയ അഭിഭാഷകര്‍ക്ക് നാളെ തല്ലുകൊള്ളുകയാണെങ്കില്‍ അപ്പോഴും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഞങ്ങളേ ഉണ്ടാവുകയുള്ളൂ.

ഇരകള്‍ക്കൊപ്പമാണ് ഞങ്ങളുടെ സ്ഥാനം, വേട്ടക്കാര്‍ക്കൊപ്പമല്ല.

Previous articleഇങ്ങനെയും ചില മനിതര്‍!!!
Next articleവിയര്‍പ്പാറും മുമ്പ് കൂലി!!!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here