‘എന്നു നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന്റെ മഹാവിജയം ചിലരെയൊക്കെ അലോസരപ്പെടുത്തുന്നുണ്ടോ എന്നു സംശയം. ഈ സിനിമയെക്കുറിച്ച് കാഞ്ചനമാല സന്തുഷ്ടയാണോ എന്നാണ് ഇവരുടെ അന്വേഷണം. അവര്‍ സ്വന്തം ഉത്തരങ്ങളുമായി വരികയും ചെയ്യുന്നു. ഇതില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കോ കാഞ്ചനമാലയ്ക്കു വേണ്ടി സംസാരിക്കുന്നവര്‍ക്കോ മുഖങ്ങളില്ല -അവര്‍ കാഞ്ചനയോട് ‘അടുത്ത’ കേന്ദ്രങ്ങള്‍ മാത്രമാണ്.

കാഞ്ചനമാലയെ ആര്‍.എസ്.വിമല്‍ ആദ്യം സമീപിച്ചപ്പോള്‍ പുറത്തുവന്നത് ‘ജലം കൊണ്ട് മുറിവേറ്റവള്‍’ എന്ന മനോഹരമായ ഹ്രസ്വചിത്രമാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ‘സിനിമ കൊണ്ട് മുറിവേറ്റ കാഞ്ചനാമ്മ’ എന്ന പേരിലാണ് പ്രചാരണം. 2006 മുതല്‍ മൊയ്തീന്‍-കാഞ്ചനമാല ബന്ധത്തെ ചുറ്റിപ്പറ്റിയാണ് വിമലിന്റെ ജീവിതം. കഴിഞ്ഞ സെപ്റ്റംബര്‍ 19ന് തിയേറ്ററുകളിലെത്തി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയെക്കുറിച്ചു മാത്രമേ ഏവര്‍ക്കുമറിയൂ. ആ സിനിമ പുറത്തിറക്കാന്‍ ഈ വര്‍ഷങ്ങള്‍ക്കിടെ വിമല്‍ നടത്തിയ പരിശ്രമങ്ങള്‍, നേരിട്ട വെല്ലുവിളികള്‍, സഹിച്ച നഷ്ടങ്ങള്‍ എന്നിവയെല്ലാം നന്നായറിയുന്ന ആള്‍ എന്ന നിലയ്ക്കാണ് ഈ കുറിപ്പ്.

താന്‍ പ്രണയത്തിനു വേണ്ടി ജീവിതം പാഴാക്കിയവള്‍ എന്ന തെറ്റായ പ്രചാരണമാണ് നടത്തിയിരിക്കുന്നതതെന്ന് കാഞ്ചനാമ്മയ്ക്ക് ആക്ഷേപമുള്ളതായി അവരോട് ‘അടുത്ത’ കേന്ദ്രങ്ങള്‍ പറയുന്നുവത്രേ. തന്റെ ജീവിതത്തില്‍ സ്വീകരിച്ച സേവനപാതകളെയും ശക്തമായ നിലപാടുകളെയും സിനിമക്കാര്‍ കാണാതെ പോയെന്നും തിരക്കഥയില്‍ ധാരാളം പിഴവുകളുണ്ടായെന്നും കാഞ്ചനാമ്മ പറഞ്ഞതായാണ് ഒരു മുഖപുസ്തക പോസ്റ്റ്. കാഞ്ചനമാല സിനിമ കണ്ടില്ലെന്നും കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞിരിക്കുന്നു. വാര്‍ത്താബാഹ്യമായ പല കാരണങ്ങളാലും പ്രശസ്തനായ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഈ പോസ്റ്റിന്റെ ഉടമ. അദ്ദേഹം കാഞ്ചനയോട് നേരിട്ടു സംസാരിച്ചുവെന്നാണ് അവകാശവാദം. ഇത്തരമൊരു വാര്‍ത്ത കിട്ടിയാല്‍ ഞാനാദ്യം ചെയ്യുക അത് ജോലി ചെയ്യുന്ന മാധ്യമത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ്. അല്ലാതെ മുഖപുസ്തക പോസ്റ്റിട്ട് അഭിരമിക്കുകയല്ല. ‘സംഭാഷണത്തില്‍ രഹസ്യസ്വഭാവം സൂക്ഷിക്കണം’ എന്നു കാഞ്ചനമാല അഥവാ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് മുഖപുസ്തകം പോലുള്ള സാമൂഹികമാധ്യമത്തിനും ബാധകമാണ്.

‘എന്നു നിന്റെ മൊയ്തീന്‍’ തിരക്കഥാരചന പൂര്‍ത്തിയാക്കിയ ശേഷം അതു പൂജിക്കുന്നതിനായി കാഞ്ചനമാലയ്‌ക്കൊപ്പം ആര്‍.എസ്.വിമല്‍ മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ എത്തിയപ്പോള്‍

കാഞ്ചനമാലയ്ക്ക് എന്താണ് പ്രസക്തി? അവര്‍ക്ക് മൊയ്തീനോടുണ്ടായിരുന്ന പ്രണയം തന്നെയാണ് അവരുടെ പ്രസക്തി. മൊയ്തീന്റെ അവിവാഹിതയായ വിധവ. മാംസനിബദ്ധമല്ല രാഗം എന്ന് ഊട്ടിയുറപ്പിച്ചവള്‍. സിനിമയ്ക്ക് വിഷയമായതും കാഞ്ചനയുടെ വ്യക്തിത്വത്തിന്റെ ആ വശം മാത്രമാണ് -പ്രണയത്തിനു വേണ്ടി അനുഷ്ഠിച്ച ത്യാഗം. മറിച്ച്, സാമൂഹികപ്രവര്‍ത്തക എന്ന നിലയിലാണെങ്കില്‍ കാഞ്ചനയെക്കാള്‍ മികച്ച രീതിയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന എത്രയോ വനിതകള്‍ കേരളത്തിലുണ്ട്. അവരില്‍ ചിലര്‍ പൊതുജനത്തിന് അറിയാവുന്ന വിധത്തില്‍ സമൂഹത്തില്‍ ഇടപെടുമ്പോള്‍ മറ്റു ചിലര്‍ ആരുമറിയാത്ത സേവനം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നു. കാഞ്ചനയുടെ സാമൂഹികപ്രവര്‍ത്തനം ഒരു വിജയഫോര്‍മുലയാക്കാനുള്ള ധൈര്യം ഇപ്പോഴത്തെ മലയാള സിനിമാ സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. അത്രയ്‌ക്കൊക്കെ സാമൂഹികപരിവര്‍ത്തനം അവര്‍ സാദ്ധ്യമാക്കിയിട്ടുണ്ടോ? എനിക്കറിയില്ല.

കാഞ്ചന-മൊയ്തീന്റെ അനശ്വര പ്രണയമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ആര്‍.എസ്.വിമല്‍ പറഞ്ഞിട്ടുണ്ട്. മൊയ്തീന്റെ മരണശേഷമുള്ള കാഞ്ചനയുടെ ജീവിതം മാത്രം മൂന്നു കമേഴ്‌സ്യല്‍ സിനിമകള്‍ക്കുള്ള വിഷയമുണ്ടെന്നും അദ്ദേഹം പറയുന്നു. തല്‍ക്കാലം കാഞ്ചന-മൊയ്തീന്‍ പ്രണയം മാത്രം വിഷയമാക്കിയാണ് ‘എന്നു നിന്റെ മൊയ്തീന്‍’ ഒരുക്കിയതെന്ന് വിമല്‍ വിശദീകരിക്കുമ്പോള്‍ നമുക്കത് മുഖവിലയ്‌ക്കെടുക്കാം. ഇപ്പോള്‍ 76 വയസ്സ് പ്രായമുള്ള കാഞ്ചനമാലയുടെ സംഭവബഹുലമെന്നു പറയപ്പെടുന്ന ജീവിതം മുഴുവന്‍ 2 മണിക്കൂര്‍ 47 മിനിറ്റിനുള്ളില്‍ വരച്ചുകാട്ടണമെന്നു പറയുന്നവര്‍ സാധിക്കുമെങ്കില്‍ അതു ചെയ്യട്ടെ.

‘എന്നു നിന്റെ മൊയ്തീന്‍’ തിരക്കഥാരചന പൂര്‍ത്തിയാക്കിയ ശേഷം അതു പൂജിക്കുന്നതിനായി മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ എത്തിയപ്പോള്‍ കാഞ്ചനമാലയുടെ കാല്‍തൊട്ട് അനുഗ്രഹം തേടുന്ന ആര്‍.എസ്.വിമല്‍

പിന്നെ തിരക്കഥയില്‍ പാളിച്ചയുള്ളതായി കാഞ്ചനമാല ആരോപിച്ചതു സംബന്ധിച്ച്. സിനിമ കാണാത്ത കാഞ്ചനമാല തിരക്കഥയിലെ പാളിച്ച കണ്ടെത്തിയത് എങ്ങനെയാണാവോ? വിമല്‍ സിനിമയാക്കിയ തിരക്കഥ അവര്‍ വായിച്ചതു തന്നെയാണ്. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം വിമല്‍ ആദ്യമത് വായിക്കാന്‍ നല്‍കിയത് കാഞ്ചനമാലയ്ക്ക്. അതു ബോധിച്ച അവര്‍ പ്രകടിപ്പിച്ച താല്പര്യപ്രകാരമാണ് പൃഥ്വിരാജ്, നായകനായ മൊയ്തീന്‍ വേഷത്തിലേക്കെത്തുന്നത്. തിരക്കഥ പൂജിക്കാന്‍ വിമലിനൊപ്പം മൂകാംബികാ ക്ഷേത്രത്തിലേക്കു പോയതും കാഞ്ചനമാല തന്നെ.

അനന്തമജ്ഞാതമവര്‍ണനീയം 
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം 
അതിലെങ്ങാണ്ടൊരിടത്തിരുന്ന് 
നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തറിഞ്ഞു!!

FOLLOW
 •  
  753
  Shares
 • 700
 • 31
 •  
 • 22
 •  
 •