‘ങേ.. അവന്‍ സ്‌കൂളില്‍ പോകാറായോ?’ -കണ്ണന്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകുന്നു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ മനോജ് ചോദിച്ചതാണ്. അവന്‍ ഇത്ര കൂടി പറഞ്ഞു -‘ഇക്കണക്കിന് കണ്ണന്‍ എസ്.എസ്.എല്‍.സി. ആയെന്ന് അടുത്ത വര്‍ഷം പറയുമല്ലോ!!’

കാലം എത്ര വേഗത്തിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ധ്വനിപ്പിക്കാനാണ് മനോജ് ശ്രമിച്ചത്. അത് ശരിയാണ്. 2014 മെയ് 12ന് സന്ധ്യാനേരത്ത് വത്സല നേഴ്സിങ് ഹോമിലെ ലേബര്‍ റൂമില്‍ നിന്ന് കിംസിലെ വെന്റിലേറ്ററിലേക്ക് കണ്ണനുമായി കുതിക്കുമ്പോള്‍ എനിക്കൊപ്പം മനോജായിരുന്നു കാറിന്റെ സ്റ്റിയറിംഗ് വീലിന് പിന്നില്‍. ശ്വസിക്കാന്‍ ശ്രമിച്ചു തളര്‍ന്ന്, എന്റെ ഉള്ളംകൈയില്‍ ചുരുണ്ടു കിടക്കുകയായിരുന്ന കണ്ണനെ -അവന്‍ ജനിച്ചപ്പോള്‍ അത്രയേ ഉണ്ടായിരുന്നുള്ളൂ -കിംസ് നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് വാതില്‍ വരെ താങ്ങാന്‍ മനോജിന്റെ കൈയും ഉണ്ടായിരുന്നു.

കണ്ണൻ

കണ്ണന്റെ അമ്മ ദേവിക പോലും അവനെ കാണുന്നത് ജനിച്ച് 14 ദിവസം കഴിഞ്ഞിട്ടാണ്. എന്റെ അച്ഛനും അമ്മയും അടക്കമുള്ളവര്‍ കണ്ണനെ ആദ്യമായി കണ്ടത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞ്. അതാണ് കണ്ണന്റെ ജീവിതത്തില്‍ മനോജിന്റെ സ്ഥാനം. അച്ഛനായ ഞാന്‍ കഴിഞ്ഞാല്‍ പിന്നെ അവനെ കാണുകയും തലയില്‍ കൈ വെയ്ക്കകുകയും ചെയ്ത ആദ്യ വ്യക്തി.

കണ്ണന്‍ സ്‌കൂളില്‍ പോകാറായി എന്നു പറഞ്ഞപ്പോള്‍ മനോജ് അത്ഭുതപ്പെട്ടത് വെറുതെയല്ല. ജനനത്തിനു തൊട്ടുപിന്നാലെയുള്ള ആ മരണപ്പാച്ചില്‍ ഇന്നലെ നടന്നതുപോലെ എന്റെ കണ്മുന്നിലുണ്ട്. മനോജ് അതു തന്നെ പറഞ്ഞു. പ്ലേ സ്‌കൂളില്‍ പോകാന്‍ തയ്യാറായി ഇന്ന് രാവിലെ ഉത്സാഹത്തോടെ കണ്ണന്‍ മുന്നില്‍ വന്നപ്പോള്‍ മനോജിന്റെ കഴിഞ്ഞ ദിവസത്തെ ചോദ്യവും ഒപ്പം കയറി വന്നു. ശരിക്കും ആ ചോദ്യം എന്റേതു തന്നെയല്ലേ? മൂന്ന് വര്‍ഷം മുമ്പനുഭവിച്ച മാനസികസമ്മര്‍ദ്ദത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതു സമ്മാനിച്ച കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും ജീവിതാവസാനം വരെ എന്റെ ഒപ്പമുണ്ടാവും.

മനോജ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നേരിയ നൂല്‍പ്പാലത്തിലൂടെ നടന്ന കണ്ണന്‍ വിജയിയായി ഞങ്ങള്‍ക്കരികിലെത്തി. ആദ്യം ഒരുപാട് കരയിച്ചുവെങ്കിലും ഇന്നവന്‍ ഞങ്ങളുടെ ചിരിയാണ്. ഇപ്പോള്‍ അവന്‍ സ്‌കൂളിലേക്ക് പുറപ്പെടുന്നു. അവന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം തുടങ്ങുകയായി.

അത്ഭുതങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു! അത്ഭുതങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശേഷിയുള്ള സര്‍വശക്തനിലും വിശ്വസിക്കുന്നു അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു!

FOLLOW
 •  
  20
  Shares
 • 14
 • 4
 •  
 • 2
 •  
 •