“മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത്? കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ്?” -കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അല്പം മുമ്പ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചതാണ്. മുഖ്യമന്ത്രി പറഞ്ഞതു മുഴുവന്‍ അടിസ്ഥാനരഹിതമാണ് എന്നു കൂടി കേന്ദ്ര മന്ത്രി പറഞ്ഞുവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് എവിടെ നിന്ന് വിവരം ലഭിച്ചു എന്ന് എനിക്കറിയില്ല. പക്ഷേ, വിമാനത്തില്‍ പ്രവാസികളെ എത്തിക്കുന്നതിനുള്ള ആദ്യ ആഴ്ചയിലെ ഷെഡ്യൂള്‍ സംബന്ധിച്ച് എനിക്ക് വ്യക്തമായ അറിവുണ്ട് എന്ന് ബഹുമാന്യനായ കേന്ദ്ര മന്ത്രിയെ അറിയിക്കട്ടെ. 11 പേജുള്ള ഈ രേഖ എനിക്കു ലഭിച്ചത് ബഹുമാന്യനായ മുരളീധരന്റെ സ്വന്തം വകുപ്പില്‍ നിന്നു തന്നെയാണ് -വിദേശകാര്യ വകുപ്പില്‍ നിന്ന്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ വിദേശകാര്യ വകുപ്പിന്റെ കോവിഡ് -19 സെല്ലില്‍ നിന്ന്. സത്യമേവ ജയതെ എന്ന് ആലേഖനം ചെയ്തിട്ടുള്ള സിംഹമുദ്ര ഔദ്യോഗികമായി ഇതിലുണ്ട്. ഈ ഷെഡ്യൂളില്‍ കണ്ണൂരില്ല സര്‍. അതേസമയം പ്രവാസികള്‍ പൂരിപ്പിക്കേണ്ട self-reporting form ഇതിലുണ്ട് താനും.

വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് എനിക്കു ലഭിച്ച ഷെഡ്യൂള്‍ ചിത്രരൂപത്തില്‍ ഞാന്‍ പരസ്യപ്പെടുത്തുകയാണ്. ഇതു തന്നെയായിരിക്കും മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാന ഭരണസംവിധാനത്തിനും ലഭിച്ചിട്ടുണ്ടാവുക എന്നു കരുതുന്നു. മുരളീധരന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹം അറിയുന്നില്ല എന്നു കരുതേണ്ടി വരും. അല്ലെങ്കില്‍ ഈ രേഖ ആരോ കൃത്രിമമായി ചമച്ചതാണ് ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം ലഭിച്ചത്. ഈ രേഖ തെറ്റാണെങ്കില്‍, ഈ രേഖ വ്യാജമാണെങ്കില്‍, അതു തയ്യാറാക്കിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദേശകാര്യ വകുപ്പ് തയ്യാറാകണം. അതിന് ബഹുമാന്യനായ മന്ത്രി മുരളീധരന്‍ മുന്‍കൈയെടുക്കണം.

FOLLOW
 •  
  1.1K
  Shares
 • 1K
 • 31
 •  
 • 29
 •  
 •