Reading Time: 6 minutes

ജനുവരി 17നാണ് കാത്വയിലെ രസാനയില്‍ എട്ടുവയസ്സുകാരിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ബകര്‍വാള്‍ നാടോടി മുസ്ലിമായിരുന്നു ആ പെണ്‍കുട്ടി. ബകര്‍വാള്‍ സമുദായത്തെ ഭീതിയിലാഴ്ത്തി പലായനം ചെയ്യിക്കാന്‍ ഗൂഢാലോചന നടത്തി മനഃപൂര്‍വം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് കൂട്ട ബലാത്സംഗവും കൊലപാതകവും. കേസെടുക്കാനും പ്രതികളെ കണ്ടെത്താനുമൊന്നും പൊലീസ് താല്പര്യം കാണിച്ചില്ല. എന്നാല്‍, പൊലീസിന്റെ നിസ്സംഗത ക്രമേണ പ്രതിഷേധത്തിനു വഴിമരുന്നിട്ടു.

കാത്വ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ജനുവരി 20ന് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിനിടെ മുഹമ്മദ് യൂസുഫ് തരിഗാമി

ക്ഷമയ്ക്കും ഒരു പരിധിയുണ്ടാവുമല്ലോ. ആ സമയത്ത് കശ്മീരിലെ ജനകീയനായ ഒരു നേതാവ് വിഷയത്തില്‍ ഇടപെട്ടു. ജനുവരി 20ന് അദ്ദേഹം പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് വിഷയം മാധ്യമങ്ങള്‍ മുഖേന ലോകശ്രദ്ധയിലെത്തിച്ചു. അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ലോക്കല്‍ പൊലീസ് നടത്തിയ നീക്കങ്ങള്‍ ഒരു പരിധിവരെയെങ്കിലും തടഞ്ഞത് ഈ നേതാവിന്റെ ഇടപെടലാണ്. അദ്ദേഹത്തിന്റെ പേര് മുഹമ്മദ് യൂസുഫ് തരിഗാമി. ജമ്മു കശ്മീര്‍ നിയമസഭയില്‍ സി.പി.എമ്മിന്റെ ഒരേയൊരു പ്രതിനിധി. കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ചു വരുന്ന ഇദ്ദേഹം സി.പി.എം. കേന്ദ്ര സമിതി അംഗം കൂടിയാണ്.

പെണ്‍കുട്ടിയുടെ ബലാത്സംഗവും കൊലപാതകവും ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നാണ് ജനുവരി 20ന്റെ പത്രസമ്മേളനത്തില്‍ തരിഗാമി വിലയിരുത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടപ്പോള്‍ തന്നെ പൊലീസ് നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ ആ കുരുന്നിന്റെ ജീവന്‍ നഷ്ടമാകുമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരയ്ക്ക് നീതി ലഭ്യമാക്കാതെ ഒരടി പോലും പിന്നോട്ടില്ലെന്ന് തരിഗാമി അവിടെ പ്രഖ്യാപിച്ചു.

കേസിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങി. അട്ടിമറിയാണ് ലക്ഷ്യമെന്ന് തരിഗാമിക്ക് മനസ്സിലായി. ഫെബ്രുവരി 9ന് ജമ്മു കശ്മീര്‍ നിയമസഭയില്‍ അദ്ദേഹം വിഷയം ഉന്നയിച്ചു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്ന അദ്ദേഹത്തിന്റെ ആരോപണത്തിന് പ്രഹരശേഷി വളരെ വലുതായിരുന്നു. സഖ്യകക്ഷിയായ ബി.ജെ.പിയുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് കടുത്ത തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നിര്‍ബന്ധിതയായി. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു.

മുഹമ്മദ് യൂസുഫ് തരിഗാമി മാര്‍ച്ച് 2ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറയെ സന്ദര്‍ശിച്ചപ്പോള്‍

തരിഗാമി ഉന്നയിച്ച ആരോപണങ്ങള്‍ക്കു മുന്നില്‍ മുഖം രക്ഷിക്കാന്‍ മെഹബൂബയ്ക്കു വേറെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. പിന്നീട് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഈ എം.എല്‍.എ. സര്‍ക്കാരിനോട് വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടിരുന്നു. ക്രമമായ ഇടവേളകളില്‍ നിയമസഭയുടെ ശ്രദ്ധക്ഷണിച്ചുകൊണ്ട് തരിഗാമി ജാഗ്രത തുടര്‍ന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 2ന് അദ്ദേഹം ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി ഇടപെടല്‍ അഭ്യര്‍ത്ഥിച്ചു. അതിന്റെ തലേന്നാള്‍, മാര്‍ച്ച് 1ന് ബി.ജെ.പി. മന്ത്രിമാരായ ചന്ദ്രപ്രകാശ് ഗംഗയുടെയും ചൗധരി ലാല്‍ സിങ്ങിന്റെയും നേതൃത്വത്തില്‍ ഈ കേസിലെ പ്രതികളെ സംരക്ഷിക്കാനായി ദേശീയ പതാകയുമായി റാലി നടത്തിയ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. ഇത്തരം റാലികള്‍ക്കെതിരെ ആദ്യമായി രംഗത്തെത്തിയതും ഈ കമ്മ്യൂണിസ്റ്റ് നേതാവ് തന്നെ.

ജമ്മു ബാര്‍ അസോസിയേഷന്‍ ഏപ്രില്‍ 11ന് നടത്തിയ ബന്ദിനിടെ അഭിഭാഷകര്‍ ദേശീയ പതാകയുമായി തെരുവില്‍

തരിഗാമി നിയമസഭയില്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് ജമ്മു മേഖലയിലെ ക്രൈംബ്രാഞ്ച് മേധാവിയായ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് രമേഷ് കുമാര്‍ ജല്ല ചിത്രത്തിലേക്കു വരുന്നത്. കാത്വയിലെ പീഡന -കൊലപാതക കേസ് റെക്കോര്‍ഡ് വേഗത്തില്‍ അദ്ദേഹം തെളിയിച്ചു. ഹൈക്കോടതി നിശ്ചയിച്ച 90 ദിവസത്തെ സമയപരിധിക്ക് എത്രയോ മുമ്പ്. ആ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അവളുടെ സമുദായത്തെ ഭയപ്പെടുത്തി ഓടിക്കാന്‍ കരുക്കള്‍ നീക്കിയ ഹിന്ദുത്വ ഭീകരരെ ഒരു പഴുതും അനുവദിക്കാതെ ഈ കശ്മീരി പണ്ഡിറ്റ് പൂട്ടി.

ജമ്മു ക്രൈംബ്രാഞ്ച് മേധാവി സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് രമേഷ് കുമാര്‍ ജല്ല

തന്ത്രപ്രധാനമായ കേസുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിലും അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കുന്നതിലും അനിതരസാധാരണമായ ട്രാക്ക് റെക്കോര്‍ഡാണ് രമേഷ് കുമാര്‍ ജല്ലയ്ക്കുള്ളത്. ഈ കേസില്‍ ഊര്‍ജ്ജസ്വലനായ യുവ ഓഫീസര്‍ നവീദ് പീര്‍സാദയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും അദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നു. ബി.ജെ.പി. മന്ത്രിമാരടക്കമുള്ള ഹിന്ദുത്വവാദികളില്‍ നിന്ന് കനത്ത സമ്മര്‍ദ്ദമാണ് കാത്വ കേസിന്റെ പേരില്‍ ജല്ലയ്ക്കു നേരിടേണ്ടി വന്നത്. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. ഇപ്പോള്‍ ഹിന്ദുത്വ ടീംസിന്റെ ഭീഷണി സര്‍വ്വ സീമകളും ലംഘിച്ചിരിക്കുന്നു. പക്ഷേ, ഈ ഓഫീസര്‍ തലയുയര്‍ത്തി തന്നെ നില്‍ക്കുകയാണ് -പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്നു പറയുന്നതു പോലെ.

കാത്വ കേസ് അട്ടിമറിക്കാന്‍ പൊലീസുകാര്‍ തന്നെ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് ജല്ലയ്ക്കും പീര്‍സാദയ്ക്കും അന്വേഷണം ഏറ്റെടുത്ത ഘട്ടത്തില്‍ അറിവുണ്ടായിരുന്നില്ല. എന്നാല്‍, ഇരയായ പെണ്‍കുട്ടിയുടെ വസ്ത്രങ്ങളിലെ ചെളി പിന്നീട് തേയ്ച്ചുപിടിപ്പിച്ചതാണെന്നും അത് തെളിവ് നശിപ്പിക്കാനുള്ള നീക്കമായിരുന്നുവെന്നും അവര്‍ പിന്നീട് ഞെട്ടലോടെ തിരിച്ചറിഞ്ഞു. അതോടെ അന്വേഷണത്തിന്റെ രൂപവും ഭാവവും മാറി. യഥാര്‍ത്ഥ പ്രതികളിലേക്ക് അവര്‍ എത്തിയത് ആ വഴിമാറലിലൂടെയാണ്. ലോക്കല്‍ പൊലീസ് തെളിച്ചുവെച്ചിരുന്ന വഴിയിലൂടെ സഞ്ചരിച്ചിരുന്നുവെങ്കില്‍ ഒരിക്കലും യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാവുമായിരുന്നില്ല.

രമേഷ് കുമാര്‍ ജല്ല കുടുംബത്തോടൊപ്പം

പല ദിവസങ്ങളിലും അന്വേഷണ സംഘം 24 മണിക്കൂറും ജോലി ചെയ്തു. തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദത്തിനുമിടെ അന്വേഷണം സുഗമമായി മുന്നോട്ടു നീക്കാന്‍ അവര്‍ നന്നേ ബുദ്ധിമുട്ടി. എന്നാല്‍, കേസ് തെളിയിക്കുക തന്നെ വേണം എന്ന ദൃഢനിശ്ചയം ഈ ഉദ്യോഗസ്ഥരെ മുന്നോട്ടു നയിച്ചു. ഒടുവില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാണ് അവര്‍ വിശ്രമിക്കാന്‍ തയ്യാറായത്. ‘രണ്ടു മാസത്തിനു ശേഷം ഞാന്‍ സ്വസ്ഥമായി ഉറങ്ങി’ -കുറ്റപത്രം സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ രമേഷ് കുമാര്‍ ജല്ല പറഞ്ഞു.

ശ്രീനഗര്‍ സ്വദേശിയായ ജല്ല 1984ല്‍ ഇന്‍സ്‌പെക്ടറായാണ് പൊലീസില്‍ ചേര്‍ന്നത്. ഒരു കാലത്ത് കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മുഖമായിരുന്നു ഇദ്ദേഹം. ഇംതിയാസ് അലി, മുഹമ്മദ് ഇര്‍ഷാദ് തുടങ്ങിയ മികച്ച ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇദ്ദേഹം ഒട്ടേറെ കൊടും ഭീകരരെ വകവരുത്തിയിട്ടുണ്ട്. പക്ഷേ, അന്നൊന്നും ലഭിക്കാത്ത ബഹുമാനമാണ് ഇപ്പോള്‍ സമൂഹത്തിനു മുന്നില്‍ ജല്ല ആര്‍ജ്ജിച്ചിരിക്കുന്നത്.

ജല്ല കണ്ടെത്തിക്കൊടുത്ത കാത്വ കേസ് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്വം ഇനി ദിപീക സിങ് രജാവത്ത് എന്ന അഭിഭാഷകയ്ക്കാണ്. ഹിന്ദുത്വക്കാര്‍ക്കെതിരെ നിലയുറപ്പിച്ച ദീപികയും അന്വേഷണ ഉദ്യോഗസ്ഥനായ രമേഷ് കുമാര്‍ ജല്ലയെപ്പോലെ കശ്മീരി പണ്ഡിറ്റ് തന്നെ. വടക്കന്‍ കശ്മീരിലെ കരിഹാമ ഗ്രാമവാസിയായ ദീപികയുടെ കുടുംബം അവിടത്തെ ഹിന്ദുക്കളെ ഭീകരര്‍ ലക്ഷ്യമിട്ടു തുടങ്ങിയതോടെയാണ് ജമ്മുവിലേക്കു താമസം മാറ്റിയത്. പക്ഷേ, ആ ദുരനുഭവം ഒരു മുസ്ലിം ബാലികയ്ക്കു വേണ്ടി ഹിന്ദുത്വക്കാര്‍ക്കെതിരെ നിലപാടെടുക്കാന്‍ ദീപികയ്ക്കു തടസ്സമായില്ല. 5 വയസ്സ് പ്രായമുള്ള സ്വന്തം മകളുടെ മുഖം മാത്രം കണ്ട ആ അമ്മ 8 വയസ്സുകാരിയായ മറ്റൊരു മകള്‍ക്കു വേണ്ടി പോരാട്ടത്തിനിറങ്ങി.

ദീപിക സിങ് രജാവത്ത് ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍

പത്രത്തില്‍ വായിച്ചാണ് ദീപിക ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞത്. ഉടനെ തന്നെ ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ ചെന്നു കണ്ട അവര്‍ കേസ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബം ദീപികയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. അവര്‍ ആദ്യം ചെയ്തത് ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ ഈ കേസ് ഫയലാക്കി കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുകയാണ്. അത് ഹൈക്കോടതി അംഗീകരിച്ചത് ഈ കേസില്‍ നിര്‍ണ്ണായകമായി.

എന്നാല്‍, ദീപികയ്ക്കു മുന്നില്‍ ഏറ്റവും വലിയ മതില്‍ തീര്‍ത്തത് വക്കീലന്മാര്‍ തന്നെയാണ്. ഏപ്രില്‍ 9ന് ക്രൈംബ്രാഞ്ച് ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ കാത്വ ബാര്‍ അസോസിയേഷന്‍ ശ്രമിച്ചത് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ഏപ്രില്‍ 11ന് അഭിഭാഷകര്‍ ബന്ദും നടത്തി. പ്രതികള്‍ക്കു വേണ്ടി പ്രകടനം നടത്താന്‍ രൂപമെടുത്ത ഹിന്ദു ഏകതാ മഞ്ചിന്റെ പ്രസിഡന്റ് ഹിരാനഗര്‍ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റായ വിജയ് ശര്‍മ്മയാണ്. അഭിഭാഷകര്‍ നാലു പാടു നിന്നും ദീപികയ്ക്കുമേല്‍ സമ്മര്‍ദ്ദം തുടരുമ്പോഴാണ് ഈ കേസില്‍ നിന്നു പിന്മാറണമെന്ന് ജമ്മു ബാര്‍ അസോസിയേഷന്‍ അവരോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്ന ഭുപീന്ദര്‍ സിങ് സലാത്തിയ ആണ് ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്. കേസില്‍ നിന്നു പിന്മാറണമെന്ന് ദീപികയോട് സ്ലാത്തിയ നേരിട്ട് ആവശ്യപ്പെട്ടു. അവര്‍ തയ്യാറാവാതെ വന്നപ്പോള്‍ ഭീഷണി തുടങ്ങി. സ്ലാത്തിയ നേരിട്ട് ദീപികയെ പുലഭ്യം പറഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ദീപിക ഇത് സംബന്ധിച്ച് ഏപ്രില്‍ 5ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എന്നിട്ട് നേരെ പോയി ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റീസിന് പരാതി നല്‍കി. പരാതി പരിഗണിച്ച ചീഫ് ജസ്റ്റീസ് ദീപികയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടു.

വക്കീലന്മാര്‍ ഇപ്പോള്‍ കൂട്ടത്തോടെ ദീപികയെ നേരിടുകയാണ്. ജമ്മു ബാര്‍ അസോസിയേഷനില്‍ നിന്ന് കുടിവെള്ളം എടുക്കാന്‍ പോലും അവര്‍ക്ക് അനുമതിയില്ല. ഏപ്രില്‍ 9ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ദീപിക തന്നെയാണ് ഇക്കാര്യവും ലോകത്തെ അറിയിച്ചത്. എല്ലായിടത്തും തടയപ്പെടുന്നു. സഹപ്രവര്‍ത്തകനായ താലിബ് ഹുസൈന്‍ എന്ന അഭിഭാഷകന്‍ മാത്രമാണ് കൂട്ട്. എന്നിട്ടും പേടിച്ചു പിന്മാറാന്‍ അവര്‍ തയ്യാറല്ല. ശരിക്കുമൊരു തീപ്പൊരി. കുഞ്ഞിനെ സംരക്ഷിക്കാന്‍ ചീറുന്ന അമ്മപ്പുലി.

ദീപിക സിങ് രജാവത്ത് സഹപ്രവര്‍ത്തകനായ താലിബ് ഹുസൈനൊപ്പം

മുഹമ്മദ് യൂസുഫ് തരിഗാമിയും രമേഷ് കുമാര്‍ ജല്ലയും ദീപിക സിങ് രജാവത്തും ഈ കേസുമായി ബന്ധപ്പെട്ട് നല്‍കിയ, നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ എടുത്തുപറയാന്‍ കാരണമുണ്ട്. ഇവര്‍ ഇല്ലായിരുന്നുവെങ്കില്‍ ആ 8 വയസ്സുകാരിയുടെ ദുരനുഭവം ഒരു തീരാകളങ്കമായി നമ്മുടെ നീതിന്യായവ്യവസ്ഥയ്ക്കും മനഃസാക്ഷിക്കും മുന്നില്‍ എക്കാലവും നിലനില്‍ക്കുമായിരുന്നു. അവളെ ദ്രോഹിച്ചവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമെന്ന പ്രതീതിയെങ്കിലും ഈ മൂവര്‍ സംഘത്തിന്റെ ശ്രമഫലമായി ഇപ്പോള്‍ ഉളവായിരിക്കുന്നു, ഏറെ കടമ്പകളുണ്ടെങ്കിലും.

സംഭവം നടന്ന വേളയില്‍ കശ്മീരിലെ പ്രാദേശിക പത്രങ്ങള്‍ പോലും ഇതില്‍ വലിയ താല്പര്യം കാണിച്ചില്ല. സംസ്ഥാന നിയമസഭയില്‍ യൂസുഫ് തരിഗാമിയിലൂടെ വിഷയം കത്തിപ്പടര്‍ന്നപ്പോഴാണ് ചെറുതായെങ്കിലും സ്ഥിതി മാറിയത്. അപ്പോഴും ശ്രീനഗറിലെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം വിഷയം തൊടാന്‍ തയ്യാറായില്ല. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് ‘ദേശീയ മാധ്യമങ്ങള്‍’ വിഷയത്തിലേക്കെത്തിയത്. ശ്രീനഗറിലെ ഇംഗ്ലീഷ് പത്രവും വന്നത് അപ്പോള്‍ മാത്രം.

ജമ്മു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകയായ മോണിക്ക ജാംവാളാണ് പഞ്ചാബ് കേസരിയിലൂടെ ഈ കേസിന്റെ മതപരമായ പശ്ചാത്തലം ആദ്യമായി പുറത്തുകൊണ്ടുവന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും മോണിക്ക തുടങ്ങിവെച്ചു. അപ്പോഴും കശ്മീര്‍ താഴ്‌വരയിലെ പത്രങ്ങള്‍ ഒരു മാസത്തോളം മൗനത്തിലായിരുന്നു. സയ്യദ് അലി ഗീലാനിയെപ്പോലുള്ള വിഘടനവാദി നേതാക്കള്‍ക്ക് സംഭവത്തെ അപലപിക്കാന്‍ രണ്ടാഴ്ചയിലേറെ സമയം വേണ്ടി വന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന ഹൂറിയത്ത് കോണ്‍ഫറന്‍സ് ഈ 8 വയസ്സുകാരിയെ പിന്തുണയ്ക്കാന്‍ അത്തരമൊരു ആഹ്വാനത്തിന് മുതിര്‍ന്നതേയില്ല, ഈ നിമിഷം വരെ!

കാത്വ കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ ഏപ്രില്‍ 9ന് അഭിഭാഷകര്‍ ശ്രമിച്ചപ്പോള്‍

അപ്പോഴും പ്രതീക്ഷാനിര്‍ഭരമായ ചില സംഭവങ്ങള്‍ ഉണ്ടായി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ ജമ്മു ബാര്‍ അസോസിയേഷന്‍ ഏപ്രില്‍ 11ന് പ്രഖ്യാപിച്ച ബന്ദുമായി സഹകരിക്കാന്‍ ജമ്മു ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തയ്യാറായില്ല. ബന്ദാഹ്വാനം നിരാകരിച്ചുകൊണ്ട് ചേംബര്‍ പ്രസിഡന്റ് രാകേഷ് ഗുപ്ത പറഞ്ഞ കാര്യമുണ്ട് -‘നമ്മള്‍ ലക്ഷ്മീ മാതാവിനെയും ദുര്‍ഗ്ഗാ മാതാവിനെയും ആരാധിക്കുന്നവരാണ്. ഒരു 8 വയസ്സുകാരിയുടെ ബലാത്സംഗത്തെ വര്‍ഗ്ഗീയവത്കരിക്കാന്‍ കഴിയില്ല. അത് നിഷ്ഠുരമായ കുറ്റകൃത്യമാണ്. അതിലെ കുറ്റവാളികള്‍, അത് ഹിന്ദുവായാലും മുസ്ലിമായാലും സിഖായാലും ശിക്ഷിക്കപ്പെടണം.’

അതെ, മതത്തിനതീതമായി ചിന്തിക്കുന്ന മനുഷ്യരില്‍ ഈ രാജ്യത്തിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. മുഹമ്മദ് യൂസുഫ് തരിഗാമി, രമേഷ് കുമാര്‍ ജല്ല, ദീപിക സിങ് രജാവത്ത്, മോണിക്ക ജാംവാള്‍, രാകേഷ് ഗുപ്ത… പട്ടിക നീളട്ടെ, പ്രതീക്ഷ വളരട്ടെ.

Previous articleബലാത്സംഗം എന്ന ഭീകരപ്രവര്‍ത്തനം
Next articleആഘോഷത്തിലെ പ്രതിഷേധം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here