Reading Time: 9 minutes

‘മധ്യതിരുവിതാംകൂര്‍ രാജാവ് ശശി’യെക്കുറിച്ച് പറഞ്ഞാല്‍ ചിരിക്കാത്ത മലയാളികളുണ്ടെന്നു തോന്നുന്നില്ല. ചതിക്കാത്ത ചന്തു എന്ന സിനിമയിലൂടെ സലിംകുമാറാണ് ശശി രാജാവിനെ ലോകപ്രസിദ്ധനാക്കിയത്. ശശിയാക്കുക എന്നാല്‍ മണ്ടനാക്കുക എന്നര്‍ത്ഥത്തില്‍ സമീപകാലത്ത് മലയാള പദസമ്പത്ത് വികസിച്ചതും ഈ തമാശയ്ക്ക് കാറ്റു പകര്‍ന്നു. എന്നാല്‍, ഇപ്പോള്‍ ശരിക്കും മധ്യതിരുവിതാംകൂര്‍ രാജാവ് ശശി അവതരിച്ചിരിക്കുന്നു. പറയുന്ന മണ്ടത്തരങ്ങളും പച്ചക്കള്ളങ്ങളും സലിംകുമാറിന്റെ ശശി രാജാവിനെ ഒരിക്കല്‍ക്കൂടി ചര്‍ച്ചാവിഷയമാക്കുകയാണ്. ലോകപ്രസിദ്ധനാക്കുകയാണ്!!

പന്തളം രാജാവ് ദേവസ്വം പ്രസിഡന്റിനെ കാണിച്ച രേഖ കണ്ടു പ്രസിഡന്റ് ഞെട്ടി. കേട്ടറിവിനേക്കാള്‍ വലുത് ആണ് കാണാന്‍ ഉള്ളതും. സുപ്രിം കോടതി വിധി പൊക്കി കാണിച്ചു പിണറായി വിജയനും കുറെ നിരീശ്വരവാദി സഖാക്കളും എന്തൊക്കെ അലറി വിളിച്ചാലും അസഭ്യം പറഞ്ഞു നടന്നാലും ഭീഷണിപ്പെടുത്തിയാലും യുവതികള്‍ക്ക് പ്രവേശനം എളുപ്പം അല്ല . താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക. 1965ലെ സുപ്രിം കോടതിയുടെ 7 അംഗ ഭരണഘടന ബെഞ്ച് വിധി പ്രകാരം ഏത് ക്ഷേത്രത്തില്‍ ഉളള പ്രതിഷ്ഠയും മൈനര്‍ ആണ്. മൈനറുടെ പേരില്‍ സ്വത്ത് വാങ്ങാം എന്നല്ലാതെ അത് വില്‍ക്കുവാനോ കൈമാറ്റം ചെയ്യുവാനോ പറ്റില്ല. ആയതിനാല്‍ ക്ഷേത്രം ഭൂമി എന്നും ഭഗവാന്റെ മാത്രം ആയിരിക്കും. ആ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒട്ടേറെ അന്യാധീനപ്പെട്ട ദേവസ്വം ഭൂമികള്‍ ദേവസ്വത്തിന് വിട്ടു കൊടുക്കാന്‍ ഇന്ത്യയില്‍ ഒട്ടനവധി ഹൈക്കോടതി വിധികള്‍ ഉണ്ടായിട്ടുണ്ട്. ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ സംബന്ധിച്ചുള്ള പരമാധികാരി തന്ത്രിയാണ്. ആചാരപരമായ കാര്യങ്ങളില്‍ തന്ത്രി, ദേവസ്വം പറഞ്ഞതും സര്‍ക്കാര്‍ പറഞ്ഞതും കേള്‍ക്കാന്‍ ബാധ്യസ്ഥന്‍ അല്ല. ശബരിമല ക്ഷേത്രം ഇരിക്കുന്ന 2.5 ഏക്കര്‍ സ്ഥലം ശബരിമല അയ്യപ്പന്റേയും ഉടമസ്ഥന്‍ പന്തളം രാജാവും തന്നെ. അവിടെ ആചാരങ്ങള്‍ നിശ്ചയിക്കുന്നത് തന്ത്രിയും ആണ്. ക്ഷേത്രം ആചാരങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന സംരക്ഷകര്‍ മാത്രം ആണ് ദേവസ്വം ബോര്‍ഡ്. ബോര്‍ഡ് ഭരണഘടന സ്ഥാപനം ആണ്. അതിനുള്ള അധികാരത്തില്‍ കൈകടത്താന്‍ സര്‍ക്കാരിനും അവകാശമില്ല. ശബരിമല ക്ഷേത്രം ഇരിക്കുന്ന ഭൂമി അയ്യപ്പന്റെ സ്വകാര്യ സ്വത്ത് ആണ്. പൊതു സ്ഥലത്ത് ആണ് സ്ത്രീ വിവേചനം പാടില്ല എന്ന് കോടതി വിധി ഉള്ളത്. അയിത്തം നിരോധിച്ചു എങ്കിലും എന്റെ കുടുംബത്ത് ആര് കയറണം കയറേണ്ട എന്ന് തീരുമാനിക്കാന്‍ ഉളള അവകാശം എനിക്കുണ്ട്. ആചാരപ്രകാരം യുവതി ആയ സ്ത്രീകള്‍ കയറിയാല്‍ ക്ഷേത്രം അശുദ്ധി ആകും. ആശുദ്ധി ആയാല്‍ നട അടച്ചു ദര്‍ശനം വിലക്കാന്‍ ഉളള അധികാരം തന്ത്രിക്കുണ്ട്. അതിനാല്‍ ദര്‍ശനം സുഗമമാക്കാന്‍ വരുന്ന സ്ത്രീകളെ പറഞ്ഞ് അയയ്ക്കുക മാത്രമേ പൊലീസിന് നിര്‍വാഹമുള്ളൂ. എതിര്‍പ്പുള്ള സ്ത്രീകള്‍ക്ക് കോടതിയില്‍ പോകാം. കയറാന്‍ ഉളള വിധി സമ്പാദിച്ചു കോടതി ഉത്തരവുമായി വന്നു തന്ത്രിയെ കാണിച്ചു കടക്കാം. പുനഃപരിശോധന ഹര്‍ജി വിപുലമായ 7 അംഗ ബെഞ്ച് വീണ്ടും രൂപീകരിച്ച് എല്ലാവരുടെയും വാദം കേട്ടശേഷം പ്രസ്താവിക്കുന്ന വിധിയാണ് അന്തിമം. ക്ഷേത്രം ആചാരങ്ങള്‍ സംബന്ധിച്ച് ഇന്ദു മല്‍ഹോത്ര പറഞ്ഞ കാര്യങ്ങള്‍ വിധിയില്‍ അവഗണിച്ചു. സ്വാമി ശരണം.
ഷെയര്‍ ചെയ്യുക.

ഇപ്പോള്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന -അല്ലെങ്കില്‍ പ്രചരിപ്പിക്കപ്പെടുന്ന പ്രധാന സന്ദേശം ഇതാണ്. പന്തളം രാജകുടുംബത്തിന്റെ തലവനായ രായാവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡേന്തിയെ കാണിച്ച രേഖ അത്രത്തോളം നിര്‍ണ്ണായകമാണെങ്കില്‍ അതു നേരത്തേയങ്ങ് സുപ്രീം കോടതിയെ കാണിച്ചാല്‍ പോരായിരുന്നോ? റിവ്യൂ ഹര്‍ജി എന്താണെന്നറിയാതെ വീണ്ടും എല്ലാവരുടെയും വാദം കേള്‍ക്കുമെന്നൊക്കെയുള്ള വിഡ്ഡിത്തം വേറെ. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥന്‍ പന്തളം രാജാവാണ് എന്ന പ്രസ്താവനയാണ് ഇതിലേറ്റവും വലിയ തമാശ! ഇത്തരം കള്ളപ്രചാരണങ്ങള്‍ പതിവായതിനാല്‍ വലിയ അത്ഭുതം തോന്നിയില്ല.

പി.ജി.ശശികുമാര്‍ വര്‍മ്മ

പക്ഷേ, പന്തളം കൊട്ടാരത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഇതേ വിഡ്ഡിത്തങ്ങളും പച്ചക്കള്ളങ്ങളും എഴുന്നള്ളിച്ചാല്‍ ചുമ്മാതിരിക്കാനാവില്ല. കാരണം ഈ കള്ളങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഛിദ്രം ചെറുതല്ല. പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ്മയെ ശ്രദ്ധിക്കേണ്ടത് ഈ കാരണത്താലാണ്. അതെ മധ്യതിരുവിതാംകൂറിലെ ശശി രാജാവ് തന്നെ!!

പന്തളം രാജകുടുംബത്തിന് ശബരിമലയിലെ നടയടച്ചിടാന്‍ അവകാശം നല്‍കിയിട്ടുണ്ട് എന്നു പരസ്യമായി ശശി രാജാവ് പറഞ്ഞുകൊണ്ടിരിക്കുന്നു. 1949ലെ കവനന്റ് അനുസരിച്ചാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹം ഉദ്ദേശിക്കുന്നത് 1949 ജൂലൈ ഒന്നിലെ The Covenant entered into by rulers of Travancore and Cochin for the formation of the United States of Travancore and Cochin ആണ്. ഈ കരാറില്‍ ശബരിമല സംബന്ധിച്ച് പന്തളം രാജകുടുംബത്തിന് അട്ടിപ്പേറവകാശവും ഉടമസ്ഥതയും നല്‍കുന്ന വ്യവസ്ഥയൊന്നും തന്നെയില്ല. മാത്രമല്ല, ഈ കരാറില്‍ പന്തളം രാജകുടുംബം കക്ഷി പോലുമല്ല. ഈ കവനന്റ് അടക്കമുള്ള എല്ലാ കവനന്റുകളും പിന്നീട് സുപ്രീം കോടതി റദ്ദാക്കിയതുമാണ്. ഇല്ലാത്ത കവനന്റ് ശശി രാജാവിനായി അയ്യപ്പന്‍ പ്രത്യേകം സൃഷ്ടിച്ചുകൊടുത്തോ എന്നത് അദ്ദേഹം തന്നെ പറയേണ്ടി വരും.

ശബരിമല ക്ഷേത്രം അടച്ചിടുമെന്ന പ്രഖ്യാപനം തന്ത്രി കണ്ഠരര് രാജീവര് നടത്തിയതാണ് ശശി രാജാവ് ഏറ്റു പിടിച്ചത്. തന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പതിനെട്ടാം പടിക്കു താഴെ പരികര്‍മികള്‍ സത്യഗ്രഹം നടത്തുന്ന സ്ഥിതിയുമുണ്ടായി. ഈ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചതാണ് ശശി രാജാവിന്റെ രക്തം തിളപ്പിച്ചത്. സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ തന്ത്രിമാരും പരികര്‍മികളും ചെയ്ത കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്ന് പിണറായി പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ നയം അദ്ദേഹം വിശദമായി തന്നെ പത്തനംതിട്ടയിലെ പൊതുയോഗത്തില്‍ വ്യക്തമാക്കുകയുണ്ടായി.

പിണറായി വിജയൻ

ക്ഷേത്രം ദര്‍ശനത്തിനായി തുറക്കാനും അതു കഴിഞ്ഞാല്‍ അടയ്ക്കാനുമുളള അധികാരം ദേവസ്വം ബോര്‍ഡിനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തിരക്കു കുറയ്ക്കാന്‍ എല്ലാ മാസവും ആദ്യ അഞ്ചു ദിവസം നട തുറക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. തുറന്ന ക്ഷേത്രത്തില്‍ ഏതു രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് തീരുമാനിക്കാനുളള അവകാശം മാത്രമാണ് തന്ത്രിക്കുളളത്. ബോര്‍ഡിന്റെ ജീവനക്കാര്‍ക്കൊപ്പം തന്നെയാണ് തന്ത്രിയും. വിശ്വാസികളെ ക്ഷേത്രത്തില്‍ കടത്താതിരിക്കുകയെന്നതല്ല, അവര്‍ക്ക് സൗകര്യമൊരുക്കുക എന്നതാണ് ബോര്‍ഡിന്റെയും തന്ത്രിയുടെയും ഉത്തരവാദിത്വം. ആ ഉത്തരവാദിത്വം നിറവേറ്റാനുളള സഹായമാണ് സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 302 കോടി രൂപയാണ്. ബോര്‍ഡിന്റെ ചില്ലിക്കാശ് സര്‍ക്കാര്‍ എടുക്കുന്നില്ല. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. മറ്റൊരാള്‍ക്കും അതില്‍ അവകാശമില്ല. ഇത് എല്ലാവരും ഉള്‍ക്കൊളളണം.

ശബരിമലയുള്‍പ്പെടെ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ ഉടമസ്ഥരല്ല ദേവസ്വം ബോര്‍ഡ് എന്ന് 1949ലെ കവനന്റ് വ്യക്തമാക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിക്ക് പത്രസമ്മേളനം വിളിച്ച് ശശി രാജാവിന്റെ മറുപടി. 1949നു മുമ്പ് ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ എങ്ങനെ നടത്തിയിരുന്നോ അതേപോലെ തുടര്‍ന്ന് നടത്തുന്നതിനും ദേവസ്വം ബോര്‍ഡിന് ബാദ്ധ്യതയുണ്ടെന്ന് രാജാവ് വാദിക്കുന്നു. ഈ വാദത്തില്‍ കഴമ്പുണ്ടോ എന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ കണ്ടെത്തിയേ പറ്റൂ. കാരണം സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഇരുതല മൂര്‍ച്ചയുള്ള വാളായി ഈ വാദം ഉപയോഗിക്കപ്പെടുന്നു. ഇതു തടുത്തേ മതിയാകൂ. ചരിത്രത്തില്‍ നല്ല അവഗാഹമുള്ള, ഗവേഷക ബിരുദമുള്ള, കോളേജ് അദ്ധ്യാപകരായ രണ്ടു സുഹൃത്തുക്കളുടെ സഹായം തേടാന്‍ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന രീതിയിലുള്ള പെരുമാറ്റച്ചട്ടം സംബന്ധിച്ച് ഇരുവര്‍ക്കും ആശങ്കയുള്ളതിനാല്‍ അവരുടെ പേര് വെളിപ്പെടുത്തുന്നില്ല. ആളല്ലല്ലോ കാര്യം, പറയുന്ന കാര്യത്തിലല്ലേ!

ശശി രാജാവ് പറയുന്ന 1949 കവനന്റിലെ എട്ടാം അനുച്ഛേദമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെക്കുറിച്ച് പറയുന്നത്. അത് ഇതാണ്.

The Covenant entered into by rulers of Travancore and Cochin for the formation of the United States of Travancore and Cochin -Article VIII

(a) The obligation of the Covenanting State of Travancore to contribute from its general revues a sum of Rs. 50 lakhs every year to the Devaswom Fund as provided for in the Devaswom (Amendment) Proclamation, 1123 M.E and a sum of Rs. One lakh every year to Sree Pandaravaga referred to in Provision (A) to sub-section (1) of Section 23 of the Travancore Interim Constitution act 1123 M. E, shall from the appointed day, be an obligation of the United State and the said amounts shall be payable there from and the Rajpramukh shall cause the said amounts to be paid every year to the Travancore Devaswom Board and the Executive Officer (referred to in sub – clause (b) of this Article) respectively.

(b) The administration of Sree Padmanabha Swamy Temple, the Sree Pandaravaga properties and all other properties and funds of the said temple now vested in trust in the Ruler of the Covenanting State of Travancore and the sum of Rs, One lakh transferred from year to year under the provisions of clause (a) of this article , and the sum of five lakhs of rupees contributed from year to year towards the expenditure in the Sree Padmanabha Swamy temple under sub- clause

(c) of this article, shall, with effect from the first day August 1949, be conducted. Subject to the control and supervision of the Ruler of Travancore, by an Executive Officer appointed by him. There shall be a Committee composed of three Hindu Members, to be nominated by the Ruler of Travancore to advise him in the discharge of his functions. Suits by or against the Sree Padmanabha Swamy Temple or in respect of its properties shall be instituted in the name of the said
(c) The administration of the incorporated and unincorporated Devaswom and of Hindu Religious Institutions and Endowments. And all their properties and fund as well as the fund constituted under the Devaswom Proclamation 1097 M.E and the surplus fund constituted under the Devaswom (Amendment Proclamation, 1122 M.E. which are under the management, of the Ruler of the Covenanting State of Travancore and the sum of Rs. 50 lakhs transferred from year to year under Clause a shall with effect from the first day of August 1949, vest in a Board known by the name of the Travancore Devaswom Board. An annual contribution of five lakhs of rupees shall be made by the Travancore Devaswom Board from previously mentioned sum of Rs. 50 lakhs towards the expenditure in the Sree Padmanabha Swamy Temple.

(d) The administration of the incorporated and unincorporated Devaswoms and Hindu Religious Institutions, which are under the management of the Ruler of the covenanting state of Cochin under Section 50 G of the Government of Cochin Act XX of 1113 M. E. or under the provisions of the Cochin Hindu Religious Institutions Act, I of 1081 and all their properties and funds and of the estates under the management of the Devaswom Department of the covenanting State of Cochin , shall with effect from the first day of August 1949 vest in a Board known by the name oithe Cochin Devaswom Board; Provided that the regulation and control of all rituals ad ceremonies in the Temple of Sree Poornathrayeesa at Trippunithura and in the Pazayannore Bhagavathy Temple at Pazayannore shall continue to be exercised as hitherto be the Ruler of Cochin.

(e) The Board referred to in sub-clause © of this Article shall consist of Three Hindu Members , one of whom shall be nominated by the Ruler of the covenanting State of Travancore, one by the Hindus among the Council of Ministers , and one elected by the Hindu Members of the Legislative Assembly of the United State.

(f)The Board referred to in sub- clause (d) of this article shall consist of three Hindu Members, one of whom shall be nominated by the Ruler of the covenanting state of Cochin, one by the Hindus among the Council of Ministers, any one elected by the Hindu Members of the Legislative Assembly of the United States,

(g) Each of the aforesaid Board shall be a separate body corporate having perpetual succession and common seal with powers to hold and acquire properties and shall by its name sue and be sued.

(h) Subject to the provisions of this Article, the constitution, powers and duties of the Board a foresaid shall be such as may be determined here after by law enacted by competent authority.

1949ലെ കവനന്റില്‍ തിരുവിതാംകൂര്‍ രാജാവും കൊച്ചി രാജാവും കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധി വി.പി.മേനോനുമാണ് ഒപ്പിട്ടത്. തിരുവിതാംകൂറും കൊച്ചിയും ലയിക്കുന്ന കാര്യമാണ് അതില്‍ ഒന്നാമത്തേത്. തിരുവിതാംകൂറിന്റെ കീഴിലുളള ക്ഷേത്രങ്ങള്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും കൊച്ചിയിലെ ക്ഷേത്രങ്ങള്‍ കൊച്ചി ദേവസ്വം ബോര്‍ഡിന്റെയും കീഴില്‍ കൊണ്ടുവരാനുമുളള തീരുമാനം രണ്ടാമത്തേത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുമ്പോള്‍ 50 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം എന്ന വ്യവസ്ഥയും അതിലുണ്ടായിരുന്നു. തിരുവിതാകൂറിന്റെ സ്വത്തായിരുന്ന ശബരിമല ഉള്‍പ്പെടെയുളള ക്ഷേത്രങ്ങള്‍ കവനന്റ് പ്രകാരം തിരു-കൊച്ചി സംസ്ഥാനത്തിന്റേതായി. പിന്നീട് ഐക്യ കേരളം വന്നപ്പോള്‍ അവയെല്ലാം കേരളത്തിന്റെ സ്വത്തായി. ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിക്കാന്‍ ദേവസ്വം ബോര്‍ഡെന്ന സ്വതന്ത്ര ബോര്‍ഡ് രൂപീകൃതമായി. അക്കാലം മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ് ശബരിമല ക്ഷേത്രം. ആ ക്ഷേത്രത്തിന്റെ നിയമപരമായ ഏക അവകാശി ദേവസ്വം ബോര്‍ഡാണ്.

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലും പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലും ആചാരാനുഷ്ഠാനങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം കൊച്ചി രാജാവിനുള്ളതായി ഇതില്‍ പറയുന്നുണ്ട്. എന്നാല്‍, മറ്റൊരു ക്ഷേത്രത്തിന്റെ കാര്യത്തിലും മറ്റൊരു രാജാവിനും എന്തെങ്കിലും അവകാശം നല്‍കിയതായി ഒരു പരാമര്‍ശവും ഇതിലില്ല. ഈ കവനന്റ് ഒപ്പിടുമ്പോള്‍ പന്തളം ഒരു നാട്ടുരാജ്യമല്ലാതായി കഴിഞ്ഞിരുന്നു. അതിനാല്‍ത്തന്നെ തിരുവിതാംകൂറിന്റെ ഒരു ദേശവഴി മാത്രമായിരുന്ന പന്തളം രാജാവിന് സ്വതന്ത്ര അസ്തിത്വം ഉണ്ടായിരുന്നില്ല. ഇന്ത്യ റിപ്പബ്ലിക്കായതോടെ ഈ രാജ്യത്തെ അറുനൂറോളം നാട്ടുരാജ്യങ്ങളും ലയന ഉടമ്പടി പ്രകാരം ഈ ഭരണഘടനയുടെ ഫെഡറല്‍ വ്യവസ്ഥയിലേക്ക് അപ്രത്യക്ഷമായി.

പന്തളം കൊട്ടാരം ഉള്ളതായി പറയുന്ന അവകാശങ്ങള്‍ ശബരിമലയില്‍ അവര്‍ക്ക് ഇല്ലാതായതിന് ഒരു കാരണമുണ്ടാവണമല്ലോ എന്ന സംശയം ന്യായം. അതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് കൊല്ലവര്‍ഷം 969 ഇടവം 23ലെ പന്തളം അടമാനം മുന്നിലെത്തിയത്. തെങ്കാശിയില്‍ നിന്ന് കേരളത്തിലെത്തിയ പാണ്ഡ്യ രാജവംശത്തില്‍പ്പെട്ട രാജരാജ വര്‍മ്മയാണ് പന്തളം വംശസ്ഥാപകന്‍. അലാവുദ്ദീന്‍ ഖില്‍ജി പാണ്ഡ്യനാട് ആക്രമിച്ചപ്പോള്‍ അവിടെ നിന്ന് പലായനം ചെയ്ത ഒരു കുടംബമാണിത്. ടിപ്പുവിന്റെ ആക്രമണ കാലത്ത് പന്തളം രാജവംശം മദ്രാസിലെ വ്യാപാരിയായിരുന്ന മുരളീദാസ് ബാലക്യഷ്ണദാസ്, മാത്തുത്തരകന്‍ എന്നിവരില്‍ നിന്ന് അന്നത്തെ കണക്കിന് വലിയ തുകകള്‍ കടം വാങ്ങി. ഈ കടം വീട്ടാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതായതോടെ പന്തളം രാജകുടുംബം തിരുവിതാംകൂറിന്റെ സഹായം തേടി. പന്തളം രാജ്യവും അവിടത്തെ എല്ലാവിധ ആദായങ്ങളും ശബരിമല ക്ഷേത്രത്തിലെ നടവരവും സഹിതം തിരുവിതാംകൂറിന് തീറെഴുതിക്കൊടുത്തു. ഇതാണ് പന്തളം അടമാനം.

പന്തളം അടമാനം

കൊല്ലം 969-മാണ്ടു എടവമാസം 23നു എഴുതിയ അടമാനഓലകാര്യമാവിതു. പടച്ചിലവിനു തൃപ്പാപ്പൂസ്വരൂപത്തിങ്കലേവകക്കു ജന്നപട്ടണത്തു വര്‍ത്തകന്‍ മുരളീദാസു ബാലകൃഷ്ണദാസുവശം കടം വാങ്ങിച്ചു കൊടുത്ത രൂപാ 20001ഉം മാത്തുത്തരകന്‍ വശം വായ്പ വാങ്ങിച്ച രൂപാ 200000ഉം ആക രൂപാ 220001ഉം പകരം കടം വീട്ടേണ്ടുന്നതിനു പകരം കണ്ടയിലാറ്റു കണക്കു നാരായണന്‍കാളിയന്‍വശം അയിരൂര്‍ ശ്രീവീര ശ്രീധരകോതവര്‍മ്മ കോവില്‍ അധികാരികള്‍ കടം വാങ്ങിച്ച സൂറത്തി രൂപ ഇരുന്നൂറായിരത്തി ഇരുപതിനായിരത്തിഒന്നു. ഇന്തരൂപാ ഇരുനൂറായിരത്തി ഇരുപതിനായിരത്തി ഒന്നുക്കും നാളതു നാളതു മുതല്‍ക്കു ശ്രീവീര ശ്രീധര കോതവര്‍മ്മകോവിലധികാരികള്‍ തങ്കള്‍ക്കുള്ള പന്തളത്തു എല്‍കക്കകത്തു ഉള്‍പ്പട്ട പ്രദേശങ്ങളും കോന്നിയൂര്‍ മലയാലപ്പിഴ ഉള്‍പ്പെട്ട പ്രദേശങ്ങളും അറക്കുളം ഉള്‍പ്പട്ട പ്രദേശങ്ങളും കക്കാടു ഉള്‍പ്പട്ട പ്രദേശങ്ങളും ഇടമറുകു ഉള്‍പ്പട്ട പ്രദേശങ്ങളും ഈ പ്രദേശങ്ങളില്‍ ഉള്‍പ്പട്ട നിലങ്ങളും പറമ്പുകളും മലഞ്ചേരിക്കലുകളും മലകളും അംകചുംകങ്ങളും പൊലിക്കടങ്ങളും ശബരിമല ശാസ്താവിന്റെ ക്ഷേത്രത്തില്‍ നടവരവും പാണ്ടിയില്‍ എലത്തൂര്‍ ഉള്‍പ്പെട്ട പ്രദേശങ്ങളും ചൊക്കനാംപുത്തൂരും വഴുക്കപ്പാറതീരുവയും കടപ്പിറെ പ്രവൃത്തിയില്‍ താങ്കള്‍ക്കുള്ള കാണക്കുട കൃഷിനിലങ്ങളും പുരയിടങ്ങളും പൊലിക്കടങ്ങളും കൂടെ അടമാനമാകെ മുതല്‍ എടുത്ത മുതല്‍ രൂപാ 22000നും തിങ്ങളില്‍ നൂറ്റിനു ഒന്നുവീതം ആണ്ടൊന്നിനു പലിശരൂപാ 26400 അനുഭവിച്ചുകൊള്ളുമാറും മുതല്‍ രൂപാ രണ്ടുനൂറായിരത്തിഇരുപതിനായിരത്തി ഒന്നും കൊടുത്തു അടമാനം ഒഴിപ്പിച്ചുകൊള്ളുമാറും സംവദിച്ചു. ഇതിനു സാക്ഷി മണത്തറെ ചുവരന്‍ നീലകണ്ടനും വടശേരില്‍ കിരുട്ടന്‍ കിരുട്ടനും വള്ളിത്തലെ വിഷ്ണുഭാനുവും മിത്രേചുവരന്‍കണ്ടനും അറികെ കുണ്ടിയിലാറ്റു കണക്കു നാരായണന്‍കാളിയനു ഇന്ത അടമാന ഓല എഴുതി കൊടുത്ത അയിരൂരു ശ്രീവീര ശ്രീധരകോതവര്‍മ്മ കോവിലധികാരികള്‍. ഇന്ത അടമാന ഓല കൈഎഴുതിയ പുല്ലിക്കാട്ടു കണ്ടന്‍ കേരുളന്‍ എഴുത്തു.

-ടി.കെ.വേലുപ്പിള്ളയുടെ The Travancore State Manual Vol 2 (1996), പേജ് 186-188

പന്തളം കുടുംബം കടം വീട്ടാനായി തിരുവിതാംകൂറിന് ‘വിറ്റ’ ശബരിമല ക്ഷേത്രത്തില്‍ തുടര്‍ന്നും ആ കുടുംബത്തിന് ആചാരപരമായ അവകാശം തിരുവിതാംകൂര്‍ നല്‍കി. തിരുവിതാംകൂര്‍ കാണിച്ച ആ മര്യാദ ഐക്യകേരളം തുടരുന്നു എന്നേയുള്ളൂ. ആ മര്യാദയാണ് അവകാശമായി ഇപ്പോള്‍ ശശി രാജാവ് ഉയര്‍ത്തിക്കാട്ടുന്നത്. മര്യാദ ഇല്ലാതായാല്‍ അവകാശം തീര്‍ന്നു.

1949ലെ കവനന്റുമായി ബന്ധപ്പെട്ടാണല്ലോ ഇതുവരെയുള്ള ചര്‍ച്ച. എന്നാല്‍, ഇതുവരെ പറഞ്ഞതെല്ലാം അപ്രസക്തമാക്കുന്ന മറ്റൊരു നിര്‍ണ്ണായക വസ്തുത വേറെയുണ്ട്. ശശി രാജാവിന്റെ മണ്ടന്‍ തലയില്‍ കൂടം കൊണ്ടടിക്കുന്ന വലിയ സത്യം. 1993ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വളരെ പ്രധാനപ്പെട്ട ഒരു വിധിയുണ്ട്. അതിന്റെ 76-ാം ഖണ്ഡിക ഇങ്ങനെയാണ്.

ഭരണഘടന നിലവില്‍ വന്ന ഉടന്‍ ഭരണഘടന നിലവില്‍ വരുന്നതിന് മുമ്പ് യൂണിയന്‍ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ കരാറുകളും കവനന്റുകളും അവയില്‍ വ്യക്തമാക്കിയിട്ടുള്ള അവകാശങ്ങളും വ്യവസ്ഥകളും ഇല്ലാതാക്കപ്പെടുകയും അവയൊന്നും തന്നെ സ്ഥാപിക്കപ്പെടാന്‍ യോഗ്യത ഇല്ലാതാവുകയുമാണ് ചെയ്തത്. കരാറുകള്‍ക്കും കവനന്റുകള്‍ക്കും യാതൊരു നിലനില്പും അവശേഷിക്കുന്നില്ല. കാരണം ഭരണഘടന നിലവില്‍ വന്നാല്‍ ഭരണഘടന പ്രഖ്യാപിക്കുന്ന അവകാശങ്ങള്‍ക്കും കടമകള്‍ക്കും മാത്രമേ പ്രസക്തിയുള്ളൂ.

ചുരുക്കിപ്പറഞ്ഞാല്‍, ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏതെങ്കിലും രാജാവോ ഭരണാധികാരിയോ ഇന്ത്യാ ഗവണ്‍മെന്റുമായി ഉണ്ടാക്കിയ കവനന്റോ കരാറോ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒരു കോടതിയും പരിഗണിക്കാന്‍ പാടില്ല. 1949ലെ കവനന്റും പൊക്കിപ്പിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങണ്ട എന്നര്‍ത്ഥം. ആ കവനന്റില്‍ പന്തളത്തിന് ഒരു റോളുമില്ല എന്നത് വേറെ കാര്യം. 1993ലെ സുപ്രീം കോടതി വിധി പ്രകാരം സാധാരണ പൗരന് ലഭിക്കുന്ന ആരാധനാസ്വാതന്ത്ര്യം മാത്രമാണ് പന്തളം രാജാവിനും ഭരണഘടന നല്‍കുന്നത്. ബാക്കിയെല്ലാം ഞങ്ങള്‍ മലയാളികള്‍ കാട്ടുന്ന മര്യാദയാണ്. ഇതെല്ലാം മറന്ന് രാജാവാണെന്നു പറഞ്ഞ് ഇന്ത്യന്‍ ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കാനാണ് ശശി രാജാവിന്റെ ഭാവമെങ്കില്‍ മര്യാദയുടെ പേരില്‍ ഇപ്പോള്‍ പന്തളം രാജകുടുംബത്തിന് അനുവദിച്ചു കൊടുത്തിട്ടുള്ള ‘അവകാശങ്ങള്‍’ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാവുകയും അതെല്ലാം ഇല്ലാതാക്കപ്പെടുകയും ചെയ്യും. ജാഗ്രതൈ!!!

അടിക്കാന്‍ കാത്തു നില്‍ക്കുന്നവരുടെ കൈയില്‍ വെറുതെ വടിയെടുത്ത് കൊടുക്കരുത്!!

 


ശബരിമല കേസിലെ സുപ്രീം കോടതി വിധി

Previous articleആചാരത്തിന്റെ പേരില്‍ തള്ളരുത്!!
Next articleWe, the PEOPLE
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here