Reading Time: 5 minutes

വീണ്ടുമൊരു ഓഗസ്റ്റ് 19. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ പി.കൃഷ്ണപിള്ളയുടെ ഓര്‍മ്മദിനം. അദ്ദേഹം വിടവാങ്ങിയിട്ട് 69 വര്‍ഷം തികഞ്ഞു. പതിവുപോലെ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സംയുക്തമായിത്തന്നെ മുഹമ്മയില്‍ പി.കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. സി.പി.എം. നേതാവായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടകന്‍. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യപ്രഭാഷകന്‍. ‘സഖാക്കളുടെ സഖാവായ പി.കൃഷ്ണപിള്ളയുടെ ഓര്‍മ്മ ആവേശവും ഊര്‍ജവും പകരുന്നതാണ്. സഖാവ് എന്ന പദത്തിന്റെ പര്യായമായി കമ്മ്യൂണിസ്റ്റുകാരുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന പോരാളിയാണ് അദ്ദേഹം’ -പിണറായി പറഞ്ഞു.

പി.കൃഷ്ണപിള്ള ദിനാചരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ ഡോ.ടി.എം.തോമസ് ഐസക്ക്, ജി.സുധാകരന്‍ തുടങ്ങിയവര്‍ സമീപം

പി.കൃഷ്ണപിള്ള ദിനാചരണത്തെക്കുറിച്ചുള്ള വാര്‍ത്ത കണ്ടപ്പോള്‍ അടുത്തിടെ ഒരു പൊലീസുദ്യോഗസ്ഥന്‍ രഹസ്യമായി കൈമാറിയ ഓഡിയോ ടേപ്പിനെക്കുറിച്ചോര്‍ത്തു. ഒരിക്കല്‍ക്കൂടി കേട്ടുനോക്കി. കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട കേസിലെ നിര്‍ണ്ണായക തെളിവ്! പൊലീസ് എന്തുകൊണ്ടോ ഇതുവരെ പരിഗണിക്കാത്ത തെളിവ്. മുക്കിയ തെളിവെന്നും പറയാം.

ഈ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്.പി. ആര്‍.കെ.ജയരാജിന്റെ സംഘത്തില്‍പ്പെട്ടയാളാണ് എന്നെ കാണാനെത്തിയ ഉദ്യോഗസ്ഥന്‍. ടി.പി.സെന്‍കുമാറിന് ഡി.ജി.പിയായി പുനര്‍നിയമനം ലഭിച്ച സാഹചര്യത്തില്‍ ഭരണതാല്പര്യപ്രകാരം അദ്ദേഹം ഇടപെട്ട് അട്ടിമറിച്ച കേസുകളില്‍ ഒന്നിന്റെ തെളിവ് എന്ന നിലയിലാണ് ഓഡിയോ ടേപ്പ് എനിക്ക് കൈമാറിയത്. സെന്‍കുമാറിനെതിരെ ഞാനെഴുതിയ കുറിപ്പായിരുന്നു പ്രചോദനം.

ആലപ്പുഴ മുഹമ്മയ്ക്കു സമീപം കണ്ണറങ്ങാട്ട് ചെല്ലിക്കണ്ടത്താണ് പി.കൃഷ്ണപിള്ള സ്മാരകം. കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പിന്നീട് പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരകമാക്കി സംരക്ഷിച്ചിരിക്കുന്നത്. പഴയ ഓലപ്പുര അതേപടി നിലനിര്‍ത്തുകയായിരുന്നു.

2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെ 2 മണിയോടെ ഇവിടെയുള്ള പ്രതിമ തച്ചുതകര്‍ക്കപ്പെടുകയും ഓലപ്പുര അഗ്നിക്കിരയാക്കുകയും ചെയ്തു. മൂന്നു ഘട്ടങ്ങളിലായി നടന്ന അന്വേഷണത്തിനൊടുവില്‍ സി.പി.എം. പ്രവര്‍ത്തകരായ ലതീഷ് ചന്ദ്രന്‍, സാബു, ദീപു, പ്രമോദ്, രാജേഷ് എന്നിവര്‍ പ്രതികളായി. ഇവരാണ് കുറ്റവാളികള്‍ എന്ന നിലയില്‍ കേസ് കോടതിയില്‍ പുരോഗമിക്കുന്നു. പക്ഷേ, എനിക്കിപ്പോള്‍ ഉറപ്പാണ് ഇവരല്ല പ്രതികളെന്ന്.

കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ട വാര്‍ത്ത കേട്ട് എല്ലാവരും നടുങ്ങി. കോണ്‍ഗ്രസ്സുകാരാണ് സംഭവത്തിനു പിന്നിലെന്ന ആരോപണം സി.പി.എം. ഉന്നയിച്ചു. എന്നാല്‍, ആലപ്പുഴക്കാരന്‍ കൂടിയായ അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത് സി.പി.എമ്മിലെ വിഭാഗീയതയാണ് സംഭവത്തിനു പിന്നില്‍ എന്നാണ്.

കൃത്യമായ അന്വേഷണം നടത്തി ഒട്ടും വൈകാതെ കുറ്റവാളികളെ കണ്ടെത്തും എന്നായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രഖ്യാപനം. പൊലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യനും അതു തന്നെ പറഞ്ഞു. പക്ഷേ, കേസന്വേഷണം ഇഴഞ്ഞുനീങ്ങി. ഒന്നര വര്‍ഷത്തോളമായിട്ടും എങ്ങുമെത്തിയില്ല. എന്നാല്‍, പൊലീസ് തുടക്കം മുതല്‍ രമേശ് പറഞ്ഞ സിദ്ധാന്തമനുസരിച്ചാണ് നീങ്ങിയത്.

ഇതിനിടെ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് വന്‍മാറ്റങ്ങള്‍ സംഭവിച്ചു. എന്‍.എസ്.എസ്സിന്റെ താക്കോല്‍സ്ഥാന വാദത്തിന്റെ തുടര്‍ച്ചയായി രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി കസേരയില്‍ ഉപവിഷ്ടനായി. പൊലീസ് മേധാവിയുടെ കസേരയില്‍ ടി.പി.സെന്‍കുമാറുമെത്തി.

കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ട കേസ് എങ്ങുമെത്താത്തതിലുള്ള പ്രതിഷേധം ഈ അവസരത്തില്‍ ശക്തമായിരുന്നു. സി.പി.എം. വിഭാഗീയതയാണ് സംഭവത്തിനു പിന്നിലെന്ന തന്റെ മുന്‍നിലപാട് ശരിവെയ്ക്കുന്ന രീതിയിലുള്ള നടപടികള്‍ മുന്നോട്ടുനീക്കാന്‍ രമേശ് ചെന്നിത്തല ശ്രമിച്ചത് സ്വാഭാവികം. അന്വേഷണം ആ രീതിയില്‍ മുന്നോട്ടു നീങ്ങി.

എന്തിനുമേതിനും മൊബൈല്‍ ടവര്‍ ലൊക്കേഷനാണല്ലോ പൊലീസിന്റെ പിടിവള്ളി. സി.പി.എമ്മിലെ വിഭാഗീയതയുടെ ഭാഗമായി നടന്ന സംഭവം എന്ന പേരില്‍ അതില്‍ പെടാന്‍ സാദ്ധ്യതയുള്ളവരുടെ ടവര്‍ ലൊക്കേഷന്‍ നോക്കി പ്രതിപ്പട്ടികയുണ്ടാക്കി. വിഭാഗീയതയുടെ ഫലമായി സി.പി.എമ്മുകാരില്‍ നിന്നു ലഭിച്ച മൊഴികള്‍ മുഖവിലയ്‌ക്കെടുത്തായിരുന്നു പൊലീസിന്റെ മുന്നോട്ടുള്ള നീക്കം എന്നതു കൂടി പറയണം.

സംഭവം ആദ്യം കാണുന്നവന് കുറ്റകൃത്യത്തില്‍ പങ്കുണ്ടാവുമെന്ന തൊടുന്യായം വെച്ചാണ് ദീപുവിനെ പ്രതിയാക്കിയത്. ആദ്യം ഓടിയെത്തിയതും നാട്ടുകാരെ വിളിച്ചുകൂട്ടിയതും തീയണയ്ക്കാന്‍ മുന്നില്‍ നിന്നതുമെല്ലാം ദീപുവായിരുന്നു. ഫലത്തില്‍ വാദിയെ പ്രതിയാക്കിയതു പോലെ. മറ്റ് 4 പേരുടെ കാര്യത്തില്‍ തെളിവായി ചൂണ്ടിക്കാട്ടപ്പെട്ടത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍!!

സി.പി.എമ്മിന് വലിയ ചീത്തപ്പേരുണ്ടാക്കിയ സംഭവത്തില്‍ പൊലീസ് ഭാഷ്യം അതേപടി ‘വിശ്വസിച്ച’ പാര്‍ട്ടി നേതൃത്വം ആരോപിതര്‍ക്കെതിരെ സംഘടനാ നടപടി സ്വീകരിച്ചു. എന്നാല്‍, തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ ഈ ദ്രോഹം ചെയ്തുവെന്ന് വിശ്വസിക്കാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരും തയ്യാറായില്ല. അവര്‍ ഒറ്റയ്ക്കും തെറ്റയ്ക്കും അന്വേഷണം നടത്തിക്കൊണ്ടിരുന്നു.

പലതരം ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രതികളെ സംബന്ധിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ യാദൃച്ഛികമായി വീണു കിട്ടുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ കലശിവെളി കോളനിയിലെ അഖില്‍ എന്ന ആര്‍.എസ്.എസ്സുകാരന്‍ അവിചാരിതമായി നടത്തിയ വെളിപ്പെടുത്തല്‍ ചിത്രം വ്യക്തമാക്കി. സ്മാരകം അക്രമിച്ചത് ആര്‍.എസ്.എസ്സുകാരാണെന്നും അവര്‍ സംഭവത്തിനു ശേഷം അഖിലിന്റെ വീട്ടില്‍ അഭയം തേടിയെത്തിയിരുന്നുവെന്നും ആയിരുന്നു വെളിപ്പെടുത്തല്‍.

പി.കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ട കേസിലെ യഥാര്‍ത്ഥ പ്രതികളെ സംബന്ധിച്ച് സൂചന നല്‍കുന്ന ഒന്നാമത്തെ ശബ്ദരേഖ

കണ്ണര്‍കാട്ടെ ഒരു സി.പി.എം. പ്രവര്‍ത്തകന്‍ തന്നെയാണ് ഇതു സംബന്ധിച്ച സംഭാഷണം ഫോണില്‍ റെക്കോഡ് ചെയ്തത്. നിര്‍ണ്ണായകമായ ഈ തെളിവ് അദ്ദേഹം ഉടനെ തന്നെ അന്വേഷണ സംഘത്തിനു കൈമാറി. ഈ വ്യക്തിയെ ഉടനെ തന്നെ ക്രൈംബ്രാഞ്ച് തൃശ്ശൂര്‍ ഓഫീസിലേക്കു വിളിപ്പിച്ചു. താന്‍ ഫോണില്‍ ഓഡിയോ രേഖപ്പെടുത്തിയ സാഹചര്യം ചോദിച്ചറിയാനായിരിക്കും വിളിക്കുന്നതെന്നാണ് അദ്ദേഹം കരുതിയത്.

എന്നാല്‍ സംഭവിച്ചത് ഇങ്ങനെ -‘നിന്നോടാരു പറഞ്ഞു ഇതൊക്കെ റെക്കോഡ് ചെയ്യാന്‍? നീയെന്താ സി.ബി.ഐ. കളിക്കുവാണോ? കൂടുതല്‍ കളിച്ചാല്‍ നീയും കേസില്‍ പ്രതിയാവും, പറഞ്ഞേക്കാം.’ തെളിവ് ശേഖരിച്ച കഥാനായകന്‍ ഞെട്ടി. ഇതിനു ശേഷം അദ്ദേഹത്തിന്റെ ഫോണില്‍ ഉണ്ടായിരുന്ന സംഭാഷണ റെക്കോഡ് നശിപ്പിച്ചു കളയിക്കുകയും ചെയ്തു. ഇതെല്ലാം ഓഡിയോ ക്ലിപ് എനിക്കു കൈമാറിയ പൊലീസുദ്യോഗസ്ഥനില്‍ നിന്നറിഞ്ഞത്.

പി.കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ട കേസിലെ യഥാര്‍ത്ഥ പ്രതികളെ സംബന്ധിച്ച് സൂചന നല്‍കുന്ന രണ്ടാമത്തെ ശബ്ദരേഖ

ഇത്തരമൊരു ശബ്ദരേഖ കിട്ടിയ കാര്യം അപ്പോള്‍ത്തന്നെ ആലപ്പുഴക്കാരനായ ഒരു പൊലീസുദ്യോഗസ്ഥന്‍ അന്നത്തെ ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് എ.എ.ഷുക്കൂറിനെ അറിയിച്ചു. ഷുക്കൂര്‍ അപ്പോള്‍ത്തന്നെ വിവരം ചെന്നിത്തലയ്ക്കു കൈമാറി. സംഭവം കത്തിച്ചാല്‍ ആലപ്പുഴയില്‍ നേട്ടമുണ്ടാക്കാമെന്ന് ഷുക്കൂറിന്റെ രാഷ്ട്രീയബുദ്ധി മനസ്സിലാക്കി ചെന്നിത്തല ഉടനെ തന്നെ അന്വേഷണ സംഘത്തിന്റെ യോഗം വിളിക്കുകയും ഇതുവരെ കണ്ടെത്തിയ പ്രതികളെ വെച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ‘മന്ത്രി പറയുന്നത് അനുസരിക്കുക’ എന്ന് പറഞ്ഞ് സെന്‍കുമാര്‍ കൈകഴുകി. അന്വേഷണത്തില്‍ പരിഗണിക്കപ്പെടാതിരുന്ന ശബ്ദരേഖ കേസ് ഡയറിയുടെ ഭാഗമാണ് എന്നാണ് വിവരം.

തകര്‍ക്കപ്പെട്ട കൃഷ്ണപിള്ള സ്മാരകം വി.എസ്.അച്യുതാനന്ദന്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ലതീഷ് വിവരങ്ങള്‍ പറഞ്ഞുകൊടുക്കുന്നു. ലതീഷിനെ പിന്നീട് കേസില്‍ ഒന്നാം പ്രതിയാക്കി

അഖിലിന്റെ വെളിപ്പെടുത്തല്‍ പ്രകാരം കൃഷ്ണപിള്ള സ്മാരകം യഥാര്‍ത്ഥത്തില്‍ തകര്‍ത്തത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ആര്യക്കര കോളനി നിവാസി അരുണ്‍കുമാര്‍, കപ്പോള കോളനി നിവാസി അമ്പിളി എന്നിവരാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് അരുണ്‍കുമാര്‍. അമ്പിളിയും ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതി തന്നെ. കൃത്യം നിര്‍വ്വഹിച്ച ശേഷം ഇവര്‍ തന്റെ വീട്ടിലെത്തിയെന്നും താനും അച്ഛന്‍ റെജിയും ചേര്‍ന്ന് ഇവരെ വീട്ടില്‍ കയറ്റാതെ മടക്കിയെന്നും അഖില്‍ പറയുന്നു.

തന്റെ 2 സുഹൃത്തുക്കളോടാണ് അഖില്‍ യഥാര്‍ത്ഥ പ്രതികളുടെ വിവരം പങ്കിട്ടത്. അവര്‍ പറഞ്ഞ് ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടവര്‍ അവരോടു തന്നെ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതാണ് ശബ്ദരേഖ. അനില്‍കുമാര്‍, സോധി എന്നിവരോടാണ് അഖില്‍ വിവരം പറഞ്ഞത്. ഈ ശബ്ദരേഖ വെച്ച് തുടരന്വേഷണം നടത്തിയാല്‍ ചിത്രം ഇപ്പോഴുള്ളതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാവുമെന്നുറപ്പ്.

വയലാര്‍ രക്തസാക്ഷി സ്മാരകത്തിന്റെ ഗേറ്റിന്റെ ഗ്രില്ല് ഇളക്കി മാറ്റിയ നിലയില്‍

ഇപ്പോള്‍ ആലപ്പുഴയില്‍ ഏതു സ്മാരകത്തിനു നേരെ ആക്രമണമുണ്ടായാലും അത് സി.പി.എം. വിഭാഗീയതയുടെ ഫലം എന്നു ചിത്രീകരിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അടുത്തിടെ വയലാര്‍ സ്മാരകത്തിനു നേരെ ആക്രമണമുണ്ടായപ്പോള്‍ ആദ്യം രംഗത്തുവന്ന ബി.ജെ.പി. പ്രതികരിച്ചത് ഇത് സി.പി.എം. വിഭാഗീയതയുടെ ഭാഗമാണ് എന്നായിരുന്നു. കൃഷ്ണപിള്ള സ്മാരകം ആക്രമണ കേസിന്റെ ഇപ്പോഴത്തെ നില്പ് വെച്ച് അത് സ്വീകരിക്കപ്പെടുന്നുമുണ്ട്. എന്നാല്‍, കൃഷ്ണപിള്ള സ്മാരകം ആക്രമണത്തെക്കുറിച്ച് ശരിയായ രീതിയില്‍ അന്വേഷണം നടക്കുകയാണെങ്കില്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞത് സത്യമാകും -‘തന്തയെ തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍!!’

Previous articleഭാഗ്യം, ഞാന്‍ ജീവിക്കുന്നത് കേരളത്തിലാണ്
Next articleഓര്‍ക്കണം, രാംചന്ദര്‍ ഛത്രപതിയെ…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

8 COMMENTS

  1. ഇതുപോലെ എന്തൊക്കെ വ്യാജ വീഡിയോകള്‍ ഇനി കാണാന്‍ കിടക്കുന്നു ..കാരായി രാജന്‍ പ്രതി ആയ കേസില്‍ കണ്ടതല്ലേ ..??

    • കമന്റുന്നതിനു മുന്പ് എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യബോധമെങ്കിലും വേണ്ടേ! പരാമര്ശവിഷയം വീഡിയോ അല്ല ഓഡിയോ ആണ് എന്നെങ്കിലും മനസ്സിലാക്കിയാല് നന്നായിരുന്നു. കേസ് ഡയറിയില് ഇത് രേഖപ്പെടുത്തിയിട്ടുമുണ്ട്. മര്യാദയ്ക്ക് അന്വേഷണം നടന്നാല് രണ്ട് ചേട്ടന്മാര് അകത്താവുന്നത് കാണാം. അവര് പറയും ബാക്കി പേരുകള്!!

  2. ഈ പറഞ്ഞ പ്രദേശത്ത് “”പാർട്ടി അറിയാതെ”” ആക്രമണം നടന്നെങ്കിൽ അത് പിണറായി അന്വേഷിച്ച് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    • വേറെ ഏതെങ്കിലും പാർട്ടികൾക്ക് വന്ന് ആക്രമിക്കാവുന്ന ഒരിടമല്ല അത് എന്നതും കാണേണ്ടതുണ്ട്.

    • അവിടെത്തന്നെയുള്ള മറുപാർട്ടിക്കാർ ആണ് കൃത്യത്തിനു പിന്നിൽ. വധശ്രമക്കേസിലെ പ്രതി അടക്കമുള്ളവർ. ബാക്കി അന്വേഷിക്കട്ടെ കണ്ടെത്തട്ടെ..

Leave a Reply to V.S.Syamlal Cancel reply

Please enter your comment!
Please enter your name here