ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ലോകത്തെല്ലായിടത്തും വിജയിക്കുന്ന കാലമാണ്. എന്നാല്‍ കേരളത്തിലെ വൈദ്യുതി ചാര്‍ജ്ജ് പിരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനത്തോട് ജനത്തിന് അത്ര പ്രതിപത്തിയില്ല. എന്താ കാരണം? ക്രഡിറ്റ് കാര്‍ഡ് പോലുള്ള സങ്കേതങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വരുന്ന കനത്ത ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് തന്നെ.

ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് വൈദ്യുതി ബോര്‍ഡ് ഇതു വലിയ കാര്യമാക്കിയില്ല. എന്നാല്‍ കോവിഡ് 19 നിമിത്തം വന്ന ലോക്ക്ഡൗണ്‍ ഈ കൗണ്ടര്‍ സംവിധാനം താറുമാറാക്കി. എന്നുവെച്ചാല്‍ വരവ് ഏതാണ്ട് പൂര്‍ണ്ണമായി നിലച്ചു എന്നു തന്നെ പറയാം. അതോടെ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം പ്രചരിപ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതുവരെ ഇത് ക്ലച്ച് പിടിക്കാതിരിക്കാന്‍ കാരണമെന്തെന്ന് അവര്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു.

ഇന്ന് -2020 ഏപ്രില്‍ 20 -മുതല്‍ ഓണ്‍ലൈന്‍ പേമെന്റ് നടത്തുന്നവരില്‍ നിന്ന് ഒരു തരത്തിലുള്ള അധിക ചാര്‍ജ്ജും ഈടാക്കേണ്ടതില്ലെന്ന് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. ഇത്തരത്തില്‍ ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ഇല്ലാതെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാനാവുന്നത് മൂന്നര മാസത്തേക്കാണ് -2020 ജൂലൈ 31 വരെ.

wss.kseb.in എന്ന പോർട്ടൽ വഴിയോ, വൈദ്യുതി ബോര്‍‍ഡിന്റെ മൊബൈൽ ആപ്പായ KSEB വഴിയോ, BHIM ആപ്പ് വഴിയോ, ഏതു ബാങ്കിന്‍റെയും ബാങ്കിങ് സേവനങ്ങൾക്കായുള്ള മൊബൈൽ ആപ്പ് വഴിയോ, ഏതെങ്കിലും ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ, മറ്റേത് ഭാരത് ബില്‍ പേമെന്റ് സിസ്റ്റം -BBPS സംവിധാനം വഴിയോ യാതൊരു അധിക ചാർജും ഇല്ലാതെ വൈദ്യുതി ബില്ലടയ്ക്കാം.

ദയവായി ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക. ഇതൊരു വന്‍ വിജയമാക്കുക. വൈദ്യുതി ബോര്‍ഡ് സുഗമായി പ്രവര്‍ത്തിക്കാന്‍ ഇത് ആവശ്യമാണെങ്കിലും ആത്യന്തികമായി ഇത് ഉപയോക്താവിന് നേട്ടമാവാന്‍ സാദ്ധ്യതയുണ്ട്. ഓണ്‍ലൈന്‍ പേമെന്‍റ് വിജയമാണെന്നു കണ്ട് ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് സ്ഥിരമായി വേണ്ടെന്നു വെയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് തയ്യാറായാലോ?

ഓണ്‍ലൈന്‍ സംവിധാനം വിജയിച്ചാല്‍ ഈയിനത്തില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനച്ചെലവ് കുറയും. അത് ഉപയോക്താക്കളിലേക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് കിഴിവിന്റെ രൂപത്തില്‍ കൈമാറിയാലും പിന്നെയും ബോര്‍ഡിന് ലാഭമുണ്ടാവും. ഉറപ്പ്!

മനസ്സില്‍ ലഡ്ഡു പൊട്ടിയോ!!

 

FOLLOW
 •  
  198
  Shares
 • 158
 • 18
 •  
 • 22
 •  
 •