• 306
 • 24
 •  
 • 20
 •  
 •  
 •  
  350
  Shares

സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ഓണാഘോഷം വേണ്ടെന്നു നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ജനോപകാരപ്രദമായി ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുക എന്ന സദുദ്ദേശ്യത്തോടെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്ത ചില കുബുദ്ധികള്‍ സംസ്ഥാനത്ത് മതപരമായ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വിവാദമായപ്പോള്‍ അതു മയപ്പെടുന്ന തരത്തിലുള്ള വിശദീകരണങ്ങളുമായി ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് അടക്കമുള്ള മന്ത്രിമാര്‍ രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ 100 ദിവസം തികയ്ക്കുന്ന വേളയിലെ ചാനല്‍ ചര്‍ച്ചയിലാണ് ഐസക്ക് വിശദീകരണം നല്‍കിയത്. മുഖ്യമന്ത്രി പറഞ്ഞത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാവില്ല എന്ന തോന്നല്‍ ചിലര്‍ക്കുണ്ടായി.

എന്നാല്‍, മുഖ്യമന്ത്രിയുടെ നിലപാട് നടപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുകയാണ്. ഇതു സംബന്ധിച്ച പരിപത്രം എന്ന സര്‍ക്കുലര്‍ പൊതുഭരണ വകുപ്പ് പുറത്തിറക്കിക്കഴിഞ്ഞു. ഐസക്ക് ചാനല്‍ ചര്‍ച്ചയില്‍ ഇക്കാര്യം പറയുന്നതിനു മുമ്പു തന്നെ സര്‍ക്കുലര്‍ ഇറങ്ങിയിരുന്നു. ഓഗസ്റ്റ് 29ന് നമ്പര്‍ 60/സി.ഡി.എന്‍.4/2016/പൊ.ഭ.വ എന്ന നമ്പറിലാണ് പരിപത്രം പുറത്തിറക്കിയത്. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് തന്നെയാണ് കര്‍ത്താവ്. ഇതു മറികടന്ന് എവിടെയൊക്കെ ഓണാഘോഷം നടക്കുന്നു എന്നത് കണ്ടറിയണം.

ONAM ORDER.jpg

സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 12ന് തുടങ്ങുകയാണ്. സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധികള്‍ വരുന്ന പ്രത്യേക സാഹചര്യമാണ് വന്നിരിക്കുന്നത്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തിസമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്നത് ഉചിതമായിരിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. എല്ലാത്തരം ആഘോഷങ്ങളും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുവാന്‍ പാടില്ലാത്ത വിധത്തില്‍ ഓഫീസ് പ്രവര്‍ത്തനസമയം ഒഴിവാക്കി ക്രമീകരിക്കേണ്ടതുണ്ട. മുഴുവന്‍ സമയ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരാത്തവിധം ക്രമീകരിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങള്‍.

ഇക്കാര്യങ്ങള്‍ എല്ലാ വകുപ്പ് മേധാവികളും ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.

മടിച്ചുമടിച്ചാണെങ്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രധാന ഇനം പിരിവ് തന്നെയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പിരിവിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് സ്ഥിരം സംഘാടനപ്രവീണന്മാര്‍ പറയുന്നത്. പിരിവിനു ചെല്ലുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമുണ്ട് -‘മുഖ്യമന്ത്രി പറഞ്ഞല്ലോ ഓണം വേണ്ടാന്ന്. പിന്നെന്തിനാ പിരിവ്?’ അദ്ദേഹം പറഞ്ഞുവെന്നേയുള്ളൂ. അതൊക്കെ നടക്കുമോ എന്ന മറുചോദ്യവുമായി പിരിവുകാര്‍ ആശ്വസിപ്പിക്കും. ചില സമയക്രമമൊക്കെ ഉണ്ടാവുമെങ്കിലും ഓണം നടക്കുമെന്നും അവര്‍ പറയുന്നുണ്ട്. ഇതിനൊപ്പം സര്‍ക്കുലറിന്റെ കാര്യം വിദഗ്ദ്ധമായി മറച്ചുപിടിക്കുകയും ചെയ്യുന്നു. കോളേജ് അദ്ധ്യാപികയായ ഭാര്യ എത്രയോ തവണ എന്നോട് ചോദിച്ചുകഴിഞ്ഞു -‘മുഖ്യമന്ത്രി പറഞ്ഞതല്ലേ ഓണാഘോഷം പാടില്ലാന്ന്. സ്റ്റാഫ് ക്ലബ്ബ് പിരിവ് ചോദിക്കുന്നു. കൊടുത്താല്‍ കുഴപ്പമാവുമോ?’ ചോദ്യത്തിന് വ്യക്തമായൊരുത്തരം നല്‍കാന്‍ എനിക്കു സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല.

OC ONAM

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതിന് അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും നടപടികളാരംഭിച്ചിട്ടുണ്ട്. ഉദാഹരണമായി കെ.എസ്.ആര്‍.ടി.സിയുടെ കാര്യം പറയാം. സര്‍ക്കാര്‍ എന്തു പറഞ്ഞാലും അത് അക്ഷരംപ്രതി നടപ്പാക്കുന്ന സ്ഥാപനമാണ് ആനവണ്ടി കോര്‍പ്പറേഷന്‍!!! ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പൈസയില്ലെങ്കിലും സര്‍ക്കാര്‍ പരിപത്രം നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചിട്ടുണ്ട്. കാണം വിറ്റ് ഓണം ഉണ്ണാന്‍ വലി ആവേശമൊന്നും വേണ്ട എന്നു തന്നെയാണ് മാനേജ്‌മെന്റ് നിലപാട്. ഓണം വേണ്ട എന്നു വെച്ചാല്‍ പിന്നെ ശമ്പളവും പെന്‍ഷനും കൊടുത്തില്ലേലും പ്രശ്‌നമില്ലെന്നായിരിക്കും.

KSRTC CIRCULAR.jpg

ഈ വര്‍ഷത്തെ ഓണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ തുടര്‍ച്ചയായി അവധിവരുന്ന പ്രത്യേക സാഹചര്യമാണ് വന്നിരിക്കുന്നത്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തിസമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മേല്‍ സൂചന സര്‍ക്കാര്‍ പരിപത്രം മുഖേന നിര്‍ദ്ദേശിച്ചിരിക്കുന്നു.

ഇതിന്‍പ്രകാരം കോര്‍പ്പറേഷന്റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും വര്‍ക്ക്‌ഷോപ്പുകളിലും സംഘടിപ്പിക്കുന്ന ആഘോഷപരിപാടികള്‍ പ്രവൃത്തിസമയത്ത് ഒഴിവാക്കേണ്ടതും ഓഫീസിന്റെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തിലുമായിരിക്കണമെന്നും ഇതിനാല്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.

യു.ഡി.എഫ്. മാറി എല്‍.ഡി.എഫ്. വന്നപ്പോള്‍ എല്ലാം ശരിയാകും എന്നാണ് കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചു കഴിയുന്നവര്‍ കരുതിയത്. എന്തായാലും ഇവിടെ ഒന്നും ശരിയായിട്ടില്ല. നാറാണത്തു ഭ്രാന്തന്റെ കഥയില്‍ പറയുമ്പോലെ വലതു കാലിലെ മന്ത് ഇടതു കാലിലേക്കു മാറി.

ksrtc alappuzha onam3=4.jpg

കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ ആന്റണി ചാക്കോ അവധിയിലാണ്. ശമ്പളം കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ മുങ്ങിയതാണെന്ന് കേട്ടു. അസുഖം കാരണം അവധിയെടുത്തതാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറയുന്നു. സി.എം.ഡിയുടെ അഭാവത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ -അഡ്മിനിസ്‌ട്രേഷന്‍ എ.ശ്രീകുമാര്‍ ആണ് ഓണം പരിപത്രം പുറപ്പെടുവിച്ചിരിക്കുന്നത്. വന്നത് സര്‍ക്കാരിന്റെ നൂറാം ദിനമായ സെപ്റ്റംബര്‍ ഒന്നിനു തന്നെ.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം എല്ലാവരും കൃത്യമായി പാലിക്കുന്നു എന്നു കാണുന്നത് അങ്ങേയറ്റം ആഹ്ലാദകരമായ കാര്യമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും പരിഭവമുണ്ടെങ്കില്‍ അത് തോവാളയിലെ പൂക്കച്ചവടക്കാര്‍ക്കു മാത്രമായിരിക്കും. മാവേലിനാട് സൃഷ്ടിക്കാനുള്ള വ്യഗ്രതയില്‍ സ.പിണറായി വിജയന്‍ പാവം മാവേലിയെ അച്ചടക്കനടപടിക്കു വിധേയനാക്കി!!!

ksrtc alappuzha onam3.jpg

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് ഓഫീസ് സമയത്തു തന്നെ ഓണം ആഘോഷിക്കാന്‍ ഒരു വഴിയുണ്ട്. ഓണാഘോഷം നിശ്ചയിച്ചിരിക്കുന്ന ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുക. എന്നിട്ട് പതിവുപോലെ ഓഫീസിലെത്തി ഓണം ആഘോഷിക്കുക. അവധി ദിവസം ഫയല്‍ നോക്കണമെന്ന് ഒരു മുഖ്യമന്ത്രിയും മേലുദ്യോഗസ്ഥനും ജനവും പറയില്ലല്ലോ! സമരത്തിന്റെ പേരില്‍ ഒരു വര്‍ഷം എത്രയോ ലീവുകള്‍ കളയുന്നു. മാവേലിക്കു വേണ്ടിയും ഒരെണ്ണം ആയാലെന്താ?

FOLLOW

V S Syamlal

EDITOR at THE INSIGHT
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. THE INSIGHT എന്ന പേരില്‍ സ്വന്തമായി വെബ്‌സൈറ്റുണ്ട്.

Address: SIVADAM, T.C.18/1233-3, Thrikkannapuram, Aramada P.O., Thiruvananthapuram- 695032, Kerala, India
E-mail: vssyamlal@vssyamlal.com
Phone: +91 98470 62789 / +91 98470 01435 / +91 98470 61999 / +91 471 2359285
Website: https://www.vssyamlal.com/
Blog: https://vssyamlal.wordpress.com/
Page: https://fb.me/vssyamlal.official
FOLLOW
Advertisements

 • 306
 • 24
 •  
 • 20
 •  
 •  
 •  
  350
  Shares
 •  
  350
  Shares
 • 306
 • 24
 •  
 • 20
 •  
 •  
COMMENT