Reading Time: 6 minutes

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മെക്കാനിക്ക് ആയി വിരമിച്ച ഒരു പാവമാണ് എന്റെ അച്ഛന്‍. പെന്‍ഷന്‍ കിട്ടിയിട്ട് മാസം അഞ്ചാകുന്നു. നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് സൂപ്രണ്ടായി വിരമിച്ച അമ്മയുടെ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. വലിയ അഭിമാനികളായതിനാല്‍ ഞങ്ങള്‍ മക്കളുടെ കൈയില്‍ നിന്ന് ഒന്നും സ്വീകരിക്കില്ല. ബുദ്ധിമുട്ടുണ്ടെങ്കില്‍ അറിയിക്കുകയുമില്ല. പകരം, ഉള്ളത് കൂട്ടിവെച്ച് വല്ലപ്പോഴും 2 ചെറുമക്കളുടെ കൈയില്‍ ഇങ്ങോട്ട് വെച്ചുകൊടുക്കുകയാണ് പതിവ്.

ആയ കാലത്ത് ഉള്ളത് കൂട്ടിവെച്ച് നിര്‍മ്മിച്ച ചെറിയ വീട്ടില്‍ തന്നെയാണ് അച്ഛനും അമ്മയും താമസിക്കുന്നത്. അവിടേക്കുള്ള ഇടവഴിയിലൂടെ ഒരു മോട്ടോര്‍സൈക്കിള്‍ മാത്രമേ പോകൂ. എങ്കിലും, സൗകര്യങ്ങള്‍ കുറഞ്ഞ ആ വീട്ടില്‍ നിന്ന് എങ്ങും പോകില്ല. അധികം അകലെയല്ലാതെയാണ് എന്റെ താമസം. എന്റെ മകന്‍ പ്രണവ് എന്ന കണ്ണനും അനിയന്റെ മകന്‍ ആശ്രയ് എന്ന അമ്പുവുമാണ് അവരുടെ പ്രധാന സന്ദര്‍ശകര്‍. അവര്‍ക്കൊപ്പം ഞങ്ങളും. എന്തെങ്കിലും വാങ്ങാനോ മറ്റോ ഞങ്ങളെ വിളിച്ചു പറയും. രണ്ടു പേരുടെയും പ്രായം 70കളില്‍ ആയതിനാല്‍ അധികം സഞ്ചാരമില്ല, വീട്ടില്‍ തന്നെ.

കിട്ടുന്ന പെന്‍ഷനില്‍ നിന്ന് ഒരു ചെറിയ ഭാഗം സമ്പാദ്യമാക്കി നീക്കിവെയ്ക്കുന്ന സ്വഭാവം ഇപ്പോഴും അവര്‍ ഉപേക്ഷിച്ചിട്ടില്ല. പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടില്‍ മാസം തോറുമുള്ള നിക്ഷേപം അതിന്റെ ഭാഗമാണ്. ഒരു ഏജന്റ് യുവതി മാസംതോറും വീട്ടില്‍ വന്ന് വാങ്ങിക്കൊണ്ടു പോകും. അങ്ങനെ വരുമ്പോള്‍ അല്പനേരം ഇരുന്ന് ലോകകാര്യങ്ങളൊക്കെ പറഞ്ഞിട്ടാണ് പോകുക. ഏതാണ്ട് ഒന്നര വര്‍ഷം മുമ്പ് നടന്ന അത്തരമൊരു ചര്‍ച്ചയാണ് ഈ കുറിപ്പിന് കാരണമായത്.

അന്ന് ഏജന്റ് യുവതി വീട്ടിലെത്തിയപ്പോള്‍ പ്രധാനമായും സംസാരവിഷയമായത് അച്ഛന്റെ പെന്‍ഷനിലെ അസന്ദിഗ്ധാവസ്ഥയാണ്. മറുഭാഗത്ത് പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ നിമിത്തം അമ്മയുടെ പെന്‍ഷന്‍ ആദായനികുതിയുടെ പരിധിയില്‍ വരുമോ എന്ന സംശയവും ഉണ്ടായി. ആരൊക്കെയോ പറഞ്ഞ് പേടിപ്പിച്ചതാണ്. യഥാര്‍ത്ഥത്തില്‍ അമ്മയുടെ പെന്‍ഷന്‍ നികുതിയുടെ പരിധിയില്‍ വരില്ലായിരുന്നു എന്നത് വേറെ കാര്യം. ഈ ചര്‍ച്ചയില്‍ തനിക്കുള്ള സാദ്ധ്യത ഏജന്റ് തിരിച്ചറിഞ്ഞു. നികുതി ഒഴിവാക്കാന്‍ എല്‍.ഐ.സിക്ക് പദ്ധതിയുണ്ടെന്ന് ഭംഗ്യന്തരേണ അവതരിപ്പിച്ചു. അവര്‍ ഒരു എല്‍.ഐ.സി. ഏജന്റും കൂടിയാണ്.

അമ്മയുടെ പേരില്‍ ഒരു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ട്രഷറിയിലുണ്ട്. അമ്പുവിനു വേണ്ടിയുള്ള നീക്കിയിരിപ്പായാണ് അവന്റെ അച്ഛമ്മ അതു സൂക്ഷിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗര എന്ന നിലയില്‍ 9 ശതമാനം നിരക്കില്‍ പലിശ കിട്ടും. വര്‍ഷത്തില്‍ 9,000 രൂപ വരുമാനം. അതിലും കൂടുതല്‍ ‘പലിശ’ എല്‍.ഐ.സി. തരുമെന്ന് ഏജന്റ്. നികുതിയും ഒഴിവാകും. ഒരു ലക്ഷം രൂപയ്ക്ക് മാസം ‘1,014’ രൂപയാണ് എല്‍.ഐ.സി. നല്‍കുകയത്രേ. ‘പലിശ’ എന്ന വാക്കു തന്നെയാണ് അവര്‍ ഉപയോഗിച്ചത്. അങ്ങനെ വാര്‍ഷിക വരുമാനം 12,168 രൂപ. 3,000 രൂപ നേട്ടം. ആനന്ദലബ്ധിക്കിനിയെന്തു വേണം?

ട്രഷറിയെ ഉപേക്ഷിച്ച് എല്‍.ഐ.സിയെ പുണരാനുള്ള തീരുമാനമുണ്ടാവാന്‍ വൈകിയില്ല. അടുത്ത ദിവസം തന്നെ ഫോറവുമായി ഏജന്റ് ഹാജര്‍. ഒരു കാര്യം അമ്മ തീര്‍ത്തു പറഞ്ഞു -‘അമ്പുവിന്റെ പേരിലാവണം എല്ലാം. അവന്‍ കോളേജില്‍ പോകാറാവുമ്പോള്‍ ഈ പൈസ കിട്ടണം.’ ഏജന്റ് എല്ലാം തലകുലുക്കി സമ്മതിച്ചു. അതനുസരിച്ചാണ് ഫോറം എത്തിയത്. അതു കണ്ടപ്പോള്‍ അമ്മ ചോദിച്ചു -‘ഇത് പെന്‍ഷന്‍ സ്‌കീമാണല്ലോ?’ ഉടനെ മറുപടി വന്നു -‘എല്‍.ഐ.സിയുടേത് എല്ലാം പെന്‍ഷന്‍ സ്‌കീമെന്നാണ് പറയുക. പൈസ കിട്ടിയാല്‍ പോരേ? എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാം.’

ഫോറം പൂരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതു പറഞ്ഞപ്പോള്‍ അതിനും ഏജന്റ് പരിഹാരം നിര്‍ദ്ദേശിച്ചു -‘ആന്റി ഒപ്പിട്ടു തന്നാല്‍ മതി, ഞാന്‍ പൂരിപ്പിച്ചുകൊള്ളാം.’ മക്കള്‍ക്ക് ‘സര്‍പ്രൈസ്’ നല്‍കുക എന്ന ‘ദുരാഗ്രഹം’ അമ്മയ്ക്ക് ഉള്ളതിനാല്‍ ഞങ്ങള്‍ ഈ നാടകങ്ങളൊന്നും അറിഞ്ഞില്ല. മറ്റൊരാളുടെ സഹായമില്ലാതെ ഫോറം പൂരിപ്പിക്കാനാവില്ല. തങ്ങളുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘നല്ലവളായ’ പെണ്‍കുട്ടിയെ എന്തിന് അവിശ്വസിക്കണം? എല്ലാം അവളെ എല്പിച്ചു.

എല്‍.ഐ.സി. ജീവന്‍ അക്ഷയ് -6 എന്നാണ് പദ്ധതിയുടെ പേര്. ഫോറം പൂരിപ്പിച്ച് കാണിച്ചപ്പോള്‍ തന്നെ അമ്മ സംശയം പറഞ്ഞു -അമ്പുവിനു പകരം നോമിനിയായി എന്റെ അച്ഛന്റെ പേര് എങ്ങനെ വന്നു എന്നതു സംബന്ധിച്ച്. അച്ഛന്റെ പേര് ഏജന്റിനറിയാമായിരുന്നു. പക്ഷേ, പ്രായം (!!) ഏജന്റ് യുവതി തന്നെ നിശ്ചയിച്ചു, തെറ്റി. അമ്പുവിന് പ്രായപൂര്‍ത്തി ആവാത്തതിനാല്‍ അച്ഛന്റെ പേര് വെയ്ക്കാനേ പറ്റൂ എന്ന് വിശദീകരണം. അമ്പുവിനു അര്‍ഹതയാവുമ്പോള്‍ അമ്മയ്ക്ക് നോമിനി മാറ്റാവുന്നതേയുള്ളൂ. അമ്പുവിന് ഇപ്പോള്‍ 6 വയസ്സ്. 12 വര്‍ഷം കൂടി അമ്മ ജീവിച്ചിരിക്കുമെന്ന് അമ്മയ്ക്കില്ലാത്ത വിശ്വാസം ഏജന്റിന്. അത് നല്ലതു തന്നെ!!

ഓരോ മാസവും 1,014 രൂപ വീതം കിട്ടുമെന്ന് ഏജന്റ് തന്നെ രേഖപ്പെടുത്തിയിരിക്കുന്നു

ഓരോ മാസവും ‘1,014’ രൂപ വീതം കിട്ടും എന്ന് ഏജന്റ് തന്നെ അപേക്ഷാ ഫോറത്തില്‍ വ്യക്തമായി എഴുതി നല്‍കി. അക്കൗണ്ടില്‍ വരും. കെ.എസ്.ആര്‍.ടി.സിയോ പെന്‍ഷന്‍ കൊടുക്കുന്നില്ല, ഈ വകയിലെങ്കിലും കുറച്ചിരിക്കട്ടെ എന്ന് അമ്മ കരുതി. തന്റെ പലിശ പോയാലും സാരമില്ല, അച്ഛന്റെ വട്ടച്ചെലവിനെങ്കിലും അക്കൗണ്ടില്‍ സ്വന്തമായി കുറച്ചു പൈസ കാണുമല്ലോ.

രശീതുണ്ടെങ്കിലും നിക്ഷേപ കണക്കില്‍ പെടാത്ത 1,500 രൂപ

പദ്ധതിയില്‍ ചേരാനുള്ള പണം കൊടുക്കാന്‍ സമയമായപ്പോള്‍ വരുന്നു അടുത്ത കെണി. ഒരു ലക്ഷം രൂപ നിക്ഷേപത്തിന് ഒരു ലക്ഷം രൂപ കൊടുത്താല്‍ പോരാ. 1,500 രൂപ അധികം കൊടുക്കണം. ഇതിനെക്കുറിച്ച് ആദ്യം പറഞ്ഞില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ ‘സര്‍വ്വീസ് ചാര്‍ജ്ജ്’ആണത്രേ. നിക്ഷേപമായി തന്നെ കാണിക്കും. ട്രഷറി നിക്ഷേപത്തെക്കാള്‍ 3,000 രൂപ അധിക ലാഭം പ്രതീക്ഷിച്ചതിലെ പകുതി -1,500 -അവിടെ പോയി!! കൊടുത്ത പണത്തിന് 3 ഭാഗമായിട്ടാണ് രശീത് വന്നത് 50,000 രൂപയുടെ രണ്ടെണ്ണം -നമ്പര്‍ 900794, 900795. 1,500 രൂപയുടെ ഒരെണ്ണം -നമ്പര്‍ 900796.

പോളിസി ഡോക്യുമെന്റില്‍ പ്രതിമാസ പെന്‍ഷന്‍ 572 രൂപയാണെന്ന് വ്യക്തമാക്കുന്ന ഭാഗം

2016 ഒക്ടോബര്‍ 26ന് പോളിസി പ്രാബല്യത്തിലായി. താമസിയാതെ പോളിസി ഡോക്യുമെന്റ് തപാലില്‍ എത്തി. തപ്പിപ്പിടിച്ച് അമ്മ അതു മുഴുവന്‍ വായിച്ചു. യഥാര്‍ത്ഥ കെണി വ്യക്തമായത് അപ്പോഴാണ് -ബഹുതല കെണി!! 1,01,500 രൂപ കൊടുത്ത രശീതുണ്ടെങ്കിലും കണക്കില്‍ 1,00,000 രൂപ മാത്രമേയുള്ളൂ. അതിലും വലിയ ‘ഞെട്ടല്‍’ വേറെ -ഓരോ മാസവും കിട്ടുന്ന തുക അഥവാ ‘പെന്‍ഷന്‍’ 572 രൂപ മാത്രം!! ആദ്യം വാഗ്ദാനം ചെയ്തതിന്റെ പകുതി!!! ഒരു വര്‍ഷം 6,864 രൂപ. ട്രഷറി നിക്ഷേപത്തെ അപേക്ഷിച്ച് നഷ്ടം 2,136 രൂപ. അമ്മയും അച്ഛനും കാര്യമായിത്തന്നെ ഞെട്ടി. എന്നിട്ടും ഞങ്ങള്‍ മക്കളെ അറിയിച്ചില്ല.

ഏജന്റ് യുവതിയെ അപ്പോള്‍ത്തന്നെ ഫോണില്‍ വിളിച്ചു. അവര്‍ എത്തി. ‘ഇത് പറഞ്ഞ പോലൊന്നും അല്ലല്ലോ?’ -അമ്മയുടെ ചോദ്യം. ‘അത് എല്‍.ഐ.സിക്കാര്‍ മാറ്റിക്കളഞ്ഞതാ’ -അവര്‍ കൈമലര്‍ത്തി. എല്‍.ഐ.സിയുമായി എജന്റിന് ഒരു ബന്ധവുമില്ലാത്ത പോലെ!! ഇതിനെക്കുറിച്ച് ഏറെക്കാലം കഴിഞ്ഞ് അമ്മ എന്നോടു പറഞ്ഞപ്പോള്‍ തോന്നിയ സംശയം -ആദ്യം പ്രഖ്യാപിച്ച പദ്ധതിയില്‍ ആളു ചേര്‍ന്നു കഴിയുമ്പോള്‍ മാറ്റം വരുത്താന്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കു പറ്റുമോ? എന്തായാലും അമ്മ അവരോട് തീരുമാനം തീര്‍ത്തു പറഞ്ഞു -‘ഞങ്ങള്‍ക്കിത് വേണ്ട. പൈസ മുഴുവന്‍ തിരികെ വാങ്ങിത്തരണം.’

ഏജന്റ് അങ്കലാപ്പിലായി. കരച്ചിലിന്റെ വക്കിലെത്തിയതായി അഭിനയിച്ചു. ‘ഒരു വര്‍ഷത്തേക്ക് സഹിക്കണം. അതു കഴിയുമ്പോള്‍ ഞാന്‍ പൈസ മുഴുവന്‍ വാങ്ങിത്തരാം. ജീവിതമാര്‍ഗ്ഗമാണ്. ചതിക്കരുത്’ -ഏജന്റിന്റെ അഭിനയം ജോര്‍. പാവമല്ലേ, ജീവിക്കാനല്ലേ എന്നൊക്കെ കരുതി അമ്മ അലിഞ്ഞു. കണ്ണിര്‍ കണ്ടു പേടിച്ച അച്ഛന്‍ അലിയാന്‍ പ്രേരിപ്പിച്ചു എന്നും പറയാം. അങ്ങനെ ‘വന്‍ നഷ്ടം’ സഹിച്ച് ഒരു വര്‍ഷം തള്ളിനീക്കാന്‍ അമ്മ സമ്മതിച്ചു.

കെ.എസ്.ആര്‍.ടി.സി. ചതിച്ച അച്ഛന് സഹായമാകുമെന്ന് കരുതിയ പെന്‍ഷന്‍ പ്രതിമാസം വെറും 572 രൂപ നിരക്കില്‍ മുന്നോട്ടു പോയി. ഒരു വര്‍ഷം തികഞ്ഞു. പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടിലെ നിക്ഷേപം സ്വീകരിക്കാന്‍ എല്ലാ മാസവും എജന്റ് യുവതി വന്നും പോയുമിരുന്നു. എല്‍.ഐ.സി. പോളിസി കാര്യം അമ്മ മറന്നുവെന്ന് സ്വാഭാവികമായും അവര്‍ കരുതി. എന്നാല്‍, ഒരു വര്‍ഷം തികയാന്‍ നോക്കിയിരിക്കുകയായിരുന്നു അമ്മ. 2017 ഒക്ടോബറില്‍ അമ്മ വെടി പൊട്ടിച്ചു -‘………., ഒരു വര്‍ഷമായില്ലേ? ആ പൈസ ഇങ്ങു വാങ്ങിത്തന്നേ.’

അത് ഏജന്റ് പ്രതീക്ഷിച്ചില്ല. അവര്‍ പല ന്യായങ്ങളും പറഞ്ഞു. ഒരു വര്‍ഷം ആനുകൂല്യം സ്വീകരിച്ച സാഹചര്യത്തില്‍ പിന്‍വലിക്കാന്‍ പറ്റില്ലെന്നു വരെ പറഞ്ഞു. പക്ഷേ, അമ്മ അതൊന്നും സമ്മതിച്ചില്ല. പണം തിരികെ കിട്ടിയേ പറ്റൂ എന്ന് കട്ടായം പറഞ്ഞു. മറ്റു മാര്‍ഗ്ഗമൊന്നും ഏജന്റിനു മുന്നിലുണ്ടായില്ല. ‘ശ്രമിക്കാം’ എന്നു പറഞ്ഞിട്ട് പോയി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവര്‍ തിരിച്ചെത്തി, മറ്റൊരു ഫോറവുമായി.

ആ ഫോറവുമായിട്ടാണ് അമ്മ എന്നെ വിളിക്കുന്നത്. അപ്പോഴാണ് ഞാന്‍ സംഭവങ്ങളെല്ലാം അറിയുന്നത്. എനിക്ക് നന്നായി ദേഷ്യം വന്നു. വല്ലതും പറയാന്‍ പറ്റുമോ? ദേഷ്യം കടിച്ചമര്‍ത്തി. ഫോറത്തിനൊപ്പം ഏജന്റ് കൊടുത്ത നിര്‍ദ്ദേശം കേട്ടപ്പോള്‍ ഞാന്‍ നടുങ്ങി -അമ്മയ്ക്ക് ഗുരുതരമായ രോഗമുണ്ടെന്ന് ഒരു ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണം. ചികിത്സയ്ക്ക് വേണ്ടിയെന്നു പറഞ്ഞ് പണം തിരികെ വാങ്ങാം. ആ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സഹായം തേടിയാണ് അമ്മയുടെ വിളി.

പണം തിരികെ ലഭിക്കാന്‍ ആവശ്യമായ രേഖകള്‍ സംബന്ധിച്ച് ഏജന്റ് നല്‍കിയ കുറിപ്പ്‌

ദൈവം സഹായിച്ചിട്ട് അമ്മയ്ക്ക് വലിയ അസുഖമൊന്നുമില്ല. ഇനി കള്ളം പറഞ്ഞ് മഹാരോഗമൊന്നും വരുത്തേണ്ട എന്ന് എന്റെ നിലപാട്. അഥവാ അമ്മയുടെ ആവശ്യം ഞാന്‍ അംഗീകരിച്ചാല്‍ തന്നെ അത് പ്രാവര്‍ത്തികമാക്കാനാവുമോ? ഇല്ല തന്നെ. വന്‍ ചെലവുള്ള ചികിത്സ ആവശ്യമായ രോഗത്തിന് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാകുമോ? ഏതെങ്കിലും ഒരു ആസ്പത്രിയിലെ ചികിത്സാ രേഖകള്‍ വേണ്ടേ?

അങ്ങനെ കൊടുക്കുന്ന ‘വ്യാജ’ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സാംഗത്യം പരിശോധിക്കാന്‍ എല്‍.ഐ.സി. ഒരു മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചാലോ? അമ്മയ്ക്ക് രോഗമില്ലെന്നു തെളിയും. അതോടെ എല്‍.ഐ.സിയെ കബളിപ്പിക്കാന്‍ ശ്രമിച്ച അമ്മ കേസില്‍ പ്രതിയാകും. വാദി പ്രതിയാകും. അപ്പോള്‍ ഏജന്റോ? നൈസായി കൈ മലര്‍ത്തും. അതുകൊണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരിപാടി ഞാന്‍ തല്‍ക്ഷണം നിരാകരിച്ചു.

പദ്ധതിയില്‍ നിന്നു പിന്മാറുന്നതിന് ഏജന്റ് പറയാത്ത മറ്റു സാദ്ധ്യതകള്‍

ആ ഫോറം ഞാന്‍ ശരിക്കു വായിച്ചു നോക്കി. രോഗം എന്നുള്ളത് ഒരു സാദ്ധ്യത മാത്രമാണ്. ഏജന്റിനും അവര്‍ക്കു മുകളിലുള്ളവര്‍ക്കും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം. പദ്ധതിയില്‍ നിന്നു പിന്മാറുന്നതിന് വേറെ പ്രധാനപ്പെട്ട രണ്ടു മാര്‍ഗ്ഗങ്ങള്‍ ഫോറത്തില്‍ തന്നെ പറയുന്നുണ്ട്. എല്‍.ഐ.സിയുടെ ഈ പദ്ധതിയുടെ നിബന്ധനകളില്‍ തൃപ്തിയില്ല എന്നത് ഒന്ന്. എല്‍.ഐ.സി. ലഭ്യമാക്കിയ സേവനത്തില്‍ തൃപ്തിയില്ല എന്നത് രണ്ടാമത്. ഇവ രണ്ടും തിരഞ്ഞെടുത്താലും കുഴപ്പമില്ല. അതാണല്ലോ സത്യം. പക്ഷേ, അതവര്‍ പറയില്ല. സ്വയം പാരയാകും.

അമ്മ തന്ന രേഖകള്‍ വെച്ച് എല്‍.ഐ.സിയിലെ ചില ഉദ്യോഗസ്ഥരെ ഞാന്‍ സമീപിച്ചു. അവര്‍ പറഞ്ഞത് ഫോറത്തില്‍ ഒപ്പിട്ടുകൊടുക്കും മുമ്പ് നിബന്ധനകള്‍ എല്ലാം വായിച്ചുനോക്കണമായിരുന്നു എന്ന്. വയോധികരെ പറ്റിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ തുനിഞ്ഞിറങ്ങുമ്പോള്‍ എന്താണ് ചെയ്യാനാവുക? ലക്ഷാധിപതിയും കോടിപതിയുമൊക്കെ ലക്ഷ്യമിടുന്നവര്‍ മൂല്യങ്ങള്‍ കാറ്റില്‍പ്പറത്തുന്നു. ഏതായാലും ഞാനിത് വിടാന്‍ ഉദ്ദേശിക്കുന്നില്ല.

എല്‍.ഐ.സിയുമായുള്ള ബന്ധം എനിക്ക് നേരത്തേയുണ്ട്. സേവനങ്ങളെക്കുറിച്ച് ഇതുവരെ പരാതികളൊന്നുമില്ല. വര്‍ഷങ്ങളുടെ ചരിത്രമുള്ള ചില ചെറിയ പോളിസികള്‍ ഉണ്ടുതാനും. വളരെ മികച്ച സേവനം നല്‍കുന്നവനാണ് എന്റെ ഏജന്റ് -അനിയന്റെ അടുത്ത സുഹൃത്ത്. പക്ഷേ, എന്റെ അമ്മയോടും അച്ഛനോടും ഈ ഏജന്റ് യുവതി അവലംബിച്ച തട്ടിപ്പ് രീതി ആദ്യ അനുഭവമാണ്. മാറുന്ന കാലത്തിനനുസരിച്ച് എല്‍.ഐ.സിയും മാറിയതാണോ? ഇതിലും ഭേദം പിടിച്ചുപറിയാണ്.

വിഷയം ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്റെ മുന്നിലെത്തിക്കാനാണ് തീരുമാനം. കൊടുത്ത പണം -അത് ആ പാവങ്ങള്‍ ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ചുണ്ടാക്കിയതാണ് -തിരികെ ലഭിച്ചേ മതിയാകൂ. അതിനു മുമ്പ് ഈ തട്ടിപ്പിനെക്കുറിച്ച് നാട്ടുകാരെ അറിയിക്കണമെന്നു തോന്നി. അതിനാണ് ഈ കുറിപ്പ്. നിയമപരമായ സഹായം നല്‍കാന്‍ ആരെങ്കിലും -അത് നന്മ നശിച്ചിട്ടില്ലാത്ത ഏതെങ്കിലും എല്‍.ഐ.സി. ഉദ്യോഗസ്ഥനാണെങ്കിലും -മുന്നോട്ടുവന്നാല്‍ സ്വീകരിക്കാന്‍ ഞാന്‍ തയ്യാര്‍.

Previous articleഡോക്ടര്‍മാര്‍ പറഞ്ഞ കഥ
Next articleപരിധിയില്ലാത്ത കള്ളം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here