Reading Time: 4 minutes

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ലോകമെമ്പാടും ഇപ്പോള്‍ ചര്‍ച്ചാവിഷയം. ജോ ബൈഡന്‍ വിജയിച്ചുവെന്ന് വാര്‍ത്തകള്‍. ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടെണ്ണല്‍ നില ക്രോഢീകരിച്ച് അവിടത്തെ മാധ്യമങ്ങളാണ് ഫലപ്രഖ്യാപനം നടത്തിയത്. മാധ്യമങ്ങള്‍ ഫലം പ്രഖ്യാപിച്ചതു കൊണ്ട് താന്‍ തോല്‍ക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപിന് പറയാന്‍ അവസരമുണ്ടായതും അതിനാല്‍ത്തന്നെ.

ഒരു തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പോലും നടത്താനാവുന്ന വിധത്തില്‍ സ്വതന്ത്രവും ശക്തവുമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ എന്നതാണ് ഇതു തെളിയിക്കുന്നത്, അവരുടെ പ്രവര്‍ത്തനരീതി എന്തായിരുന്നാലും. പൊതുധാരയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അവിടൊരു മാധ്യമത്തിനും സാദ്ധ്യമല്ല, സ്ഥാപനം ഏതു മുതലാളിയുടേതായിരുന്നാലും. ട്രംപിന് എല്ലാവിധ പിന്തുണയും നല്‍കുമ്പോഴും റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ സ്വന്തം ഫോക്സ് ന്യൂസിനു പോലും ബൈഡന്റെ വിജയപ്രഖ്യാപനം നടത്തേണ്ടി വന്നത് അതിനാല്‍ത്തന്നെയാണ്.

പക്ഷേ, അമേരിക്കന്‍ മാധ്യമങ്ങളെ ഞാന്‍ എഴുന്നേറ്റു നിന്ന് കൈയടിച്ച് ആദരിച്ചുപോയത് ഈ ഫലപ്രഖ്യാപനത്തിന്റെ പേരിലല്ല. അതിനു മുമ്പ്, പച്ചക്കള്ളങ്ങള്‍ വാരിവിതറി ഡൊണാള്‍ഡ് ട്രംപ് നടത്തിയ പത്രസമ്മേളനം കൈകാര്യം ചെയ്ത രീതിയുടെ പേരിലാണ്. അവിടെ ട്രംപിനെയല്ല മാധ്യമങ്ങള്‍ ബഹിഷ്കരിച്ചത്, മറിച്ച് അമേരിക്കന്‍ പ്രസിഡന്റിനെയാണെന്നോര്‍ക്കണം.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം എം.എസ്.എന്‍.ബി.സി, എന്‍.ബി.സി., സി.ബി.എസ്., എ.ബി.സി. തുടങ്ങിയ മാധ്യമങ്ങള്‍ തത്സമയസംപ്രേഷണം അവസാനിപ്പിച്ച് പിന്‍വലിച്ചു. തിരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള അട്ടിമറി ശ്രമം നടന്നുവെന്ന നുണപ്രചാരണം ട്രംപ്‌ നടത്തിയപ്പോഴായിരുന്നു നടപടി. ഡെമോക്രാറ്റുകൾ അനധികൃത വോട്ട് ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പ് ഫലം തട്ടിയെടുക്കുകയാണെന്ന്‌ ട്രംപ് ആരോപിച്ചു.

വോട്ടെടുപ്പിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമങ്ങൾ അസാധാരണ നടപടി സ്വീകരിച്ചതെന്നോര്‍ക്കണം. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസിഡന്റ് പറയുന്നു എന്ന ഒറ്റക്കാരണത്താല്‍ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്യുന്നത് ചാനലുകള്‍ പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. “തിരഞ്ഞെടുപ്പ് തങ്ങളില്‍ നിന്ന് തട്ടിയെടുക്കാന്‍ ഡെമോക്രാറ്റുകള്‍ നിയമവിരുദ്ധമായി വോട്ട് ചെയ്യുകയായിരുന്നു” എന്നാണ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. തെളിവൊന്നുമില്ലാതെയായിരുന്നു ആരോപണം. സമാന കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിനിടക്കാണ് സംപ്രേഷണം നിർത്തിയത്.

ആര്‍ക്കും വളരെ വേഗത്തില്‍ തിരിച്ചറിയാനാവുന്ന കള്ളങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് നിരത്തിയത്. ട്രംപിനെ അട്ടിമറിച്ച് ബൈഡന്‍ മുന്നിലെത്തിയ ജോര്‍ജ്യയില്‍ തിരഞ്ഞെടുപ്പ് സംവിധാനം ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലാണ് എന്നതായിരുന്നു അതിലൊന്ന്. എന്നാല്‍ ട്രംപിന്റെ സ്വന്തം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ബ്രയാന്‍ കെംപ് ആണ് ജോര്‍ജ്യയിലെ ഗവര്‍ണ്ണര്‍. തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചതാവട്ടെ റിപ്പബ്ലിക്കന്‍ തന്നെയായായ ജോര്‍ജ്യ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫന്‍സ്പെര്‍ജര്‍! പെന്‍സില്‍വേന്യയില്‍ പോളിങ് കഴിഞ്ഞ് 3 ദിവസം കൂടി ബാലറ്റ് സ്വീകരിക്കാന്‍ ഡെമോക്രാറ്റിക് നേതാക്കള്‍ അനുവദിച്ചുവെന്നായിരുന്നു ട്രംപിന്റെ മറ്റൊരാരോപണം. എന്നാല്‍, പെന്‍സില്‍വെന്യ സുപ്രീം കോടതിയാണ് ഇത് അനുവദിച്ചത്. യു.എസ്. സുപ്രീം കോടതി ഇക്കാര്യം പരിശോധിക്കുകയും ചെയ്തു.

കള്ളം ആവര്‍ത്തിച്ചുപറഞ്ഞ ട്രംപിന്റെ വാര്‍ത്താസമ്മേളനം ആദ്യം തടഞ്ഞത് എം.എസ്.എന്‍.ബി.സിയാണ്. ട്രംപ് സംസാരിച്ചു തുടങ്ങി 2 മിനിറ്റ് തികഞ്ഞപ്പോഴേക്കും അവതാരകനായ ബ്രയാന്‍ വില്യംസ് ഇടയ്ക്കുകയറി. “ഇതാ ഞങ്ങളിവിടെ ഒരു അസാധരണ സാഹചര്യത്തില്‍ വീണ്ടും എത്തിയിരിക്കുന്നു. പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടത്തുക മാത്രമല്ല, പകരം അദ്ദേഹത്തെ തിരുത്തുക കൂടി ചെയ്യേണ്ട അവസ്ഥയിലാണ്” -വില്യംസ് പറഞ്ഞു. ബ്രിട്ടനിലെ ദ ഗാര്‍ഡിയന്‍ മാധ്യമപ്രവര്‍ത്തകന്റെ ഈ ഇടപെടല്‍ മാത്രം പ്രത്യേകമെടുത്ത് പങ്കിട്ടിട്ടുണ്ട്.

ലെസ്റ്റര്‍ ഹോള്‍ട്ട്

വാര്‍ത്താസമ്മേളനം 5 മിനിറ്റ് പിന്നിട്ടപ്പോള്‍ എന്‍.ബി.സി. നൈറ്റ്ലി ന്യൂസിന്റെ അവതാരകന്‍ ലെസ്റ്റര്‍ ഹോള്‍ട്ട് തത്സമയ സംപ്രേഷണം വിച്ഛേദിച്ചു. “കള്ളവോട്ട് നടന്നു എന്നതുള്‍പ്പെടെ പ്രസിഡന്റ് ഒട്ടേറെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇത്തരത്തിലുള്ള ആരോപണം തെളിയിക്കാനുള്ള ഒരു തെളിവും അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം ഹാജരാക്കിയിട്ടില്ല.” -ഹോള്‍ട്ട് പറഞ്ഞു.

നോറ ഒഡോണല്‍

മിനിറ്റുകള്‍ക്കു ശേഷം സി.ബി.എസ്. അവതാരക നോറ ഒഡോണലും സമാനരീതിയില്‍ ട്രംപിന്റെ വാര്‍ത്താസമ്മേളന സംപ്രേഷണം മുറിച്ച് അകത്തുകയറി. മാത്രമല്ല, പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കുന്ന ഫാക്ട് ചെക്കും അവതരിപ്പിച്ചു. ഇവര്‍ക്കു പിന്നാലെ എ.ബി.സിയും സമാന നടപടി സ്വീകരിച്ചു.

തീര്‍ത്തും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നത് പ്രസിഡന്റായാലും വേണ്ടില്ല തങ്ങള്‍ തത്സമയ വാര്‍ത്താസമ്മേളനം പ്രക്ഷേപണം ചെയ്യില്ലെന്ന നിലപാടെടുക്കുകയാണ് അമേരിക്കന്‍ മാധ്യമങ്ങളും ചെയ്തത്. ജനഹിതത്തെും ജനവിധിയെയും വരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപ് സംസാരിച്ചതിന്റെ തത്സമയ സംപ്രേഷണം നട്ടെല്ലുള്ള മാധ്യമങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇത്തരത്തില്‍ നട്ടെല്ല് ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുക സ്വാഭാവികം.

അമേരിക്കയിലെ മാധ്യമങ്ങള്‍ ചെയ്തപോലെ “നിങ്ങള്‍ കള്ളം പറയുകയാണ്” എന്ന് ഇന്ത്യയിലെ മാധ്യമങ്ങള്‍ പറയാത്തതുകൊണ്ടു മാത്രം ഇവിടെ വിറ്റുപോയ 2 പെരുംനുണകള്‍ പരിശോധിച്ചാല്‍ മാത്രമേ ഈ കുറിപ്പ് പൂര്‍ണ്ണമാവൂ. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. എല്ലാംകൊണ്ടും ട്രംപിനു ചേര്‍ന്ന ഉത്തമപങ്കാളി!

നുണ ഉദാഹരണം 1: കോവിഡ് 19 പ്രതിരോധത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്

2020 ജൂലൈ 11നാണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്? അതിന്റെ സത്യാവസ്ഥ എന്തായിരുന്നു?

അന്നത്തെ കണക്കുപ്രകാരം കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു -8,20,916 കേസുകള്‍. അപ്പോള്‍ത്തന്നെ ഏറ്റവും കുറവ് കോവിഡ് പരിശോധന നടക്കുന്ന രാജ്യങ്ങളിലൊന്നുമായിരുന്നു. അമേരിക്കയില്‍ 1,000 പേര്‍ക്ക് 1.94 പരിശോധനകള്‍ എന്ന നിലയിലായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ 1,000 പേര്‍ക്ക് 0.17 പരിശോധന മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും വേഗത്തില്‍ ഇരട്ടിക്കുന്ന രാജ്യവും അന്ന് ഇന്ത്യയായിരുന്നു. 20.4 ദിവസം കൊണ്ട് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുമായിരുന്നു.

ഇതിന്റെയൊക്കെ ഫലമായി ഇന്ന് ഇന്ത്യ എവിടെ നില്‍ക്കുന്നു എന്നല്ലേ? ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒന്നാമതുള്ള ട്രംപിന്റെ അമേരിക്കയ്ക്കു തൊട്ടുപിന്നിലാണ് അദ്ദേഹത്തിന്റെ “പ്രണ്ട്” മോദിയുടെ ഇന്ത്യയ്ക്കുള്ള സ്ഥാനം! അമേരിക്കയില്‍ 95,04,758 പേര്‍ക്ക് കോവിഡ് ബാധയുണ്ടായെങ്കില്‍ ഇന്ത്യയിലത് 84,62,080 ആണ്. ഇങ്ങനെ പോയാല്‍ താമസിയാതെ മോദിജി ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കും. ഇന്ത്യയില്‍ 10 ലക്ഷം ജനങ്ങളില്‍ 84,459 കോവിഡ് പരിശോധന എന്ന നിരക്കില്‍ നടത്തുമ്പോള്‍ അമേരിക്കയില്‍ അത് 4,37,463 പരിശോധനകളും ബ്രിട്ടനില്‍ അത് 5,27,059 പരിശോധനകളുമാണ്. യു.എ.ഇയില്‍ 10 ലക്ഷം ജനങ്ങളില്‍ 14,28,521 പരിശോധന നടക്കുന്നു -എന്നുവെച്ചാല്‍ ഒരാളെത്തന്നെ പലവട്ടം പരിശോധിക്കുന്നു. ഇവരെയൊക്കെക്കാള്‍ ഇന്ത്യ മുന്നിലാണെന്നാണ് മോദിജി അവകാശപ്പെടുന്നത്! കോവിഡ് ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന രാജ്യം ഇപ്പോള്‍ ഇന്ത്യയാണ്. ബ്രസീലിനെയൊക്കെ എന്നേ നമ്മള്‍ പിന്നിലാക്കിയിരിക്കുന്നു.

നുണ ഉദാഹരണം 2: 1987-88 കാലത്തു തന്നെ ഫോട്ടോ ഇ-മെയിലില്‍ അയച്ചിട്ടുണ്ട്

ന്യൂസ് നേഷനു നല്‍കിയ അഭിമുഖത്തില്‍ 2019 മെയ് 11നായിരുന്നു നരേന്ദ്ര മോദിയുടെ ഈ തള്ള്. “ആദ്യമായി ഞാന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചത് 1987-88 കാലത്താണ്. ആ സമയത്ത് വളരെ കുറച്ചുപേര്‍ക്കു മാത്രമേ ഇ-മെയില്‍ ഉണ്ടായിരുന്നുള്ളൂ. അന്ന് എല്‍.കെ.അദ്വാനിയുടെ ഒരു റാലിയുണ്ടായിരുന്നു. അന്നുണ്ടായിരുന്ന എന്റെ ക്യാമറയില്‍ ഞാനതിന്റെ ചിത്രമെടുത്തു. ആ ചിത്രം ഞാന്‍ ഡല്‍ഹിയിലേക്ക് അയച്ചു. ആ ചിത്രം പിറ്റേദിവസം കളറില്‍ അച്ചടിച്ചുവന്നു. അദ്വാനിജി അത്ഭുതപ്പെട്ടുപോയി” -ഇതാണ് അദ്ദേഹം പറ‍ഞ്ഞത്.

ന്യൂസ് നേഷനിലെ ദീപക് ചൗരസ്യ, പീനാസ് ത്യാഗി എന്നിവരായിരുന്നു മോദിജിയോടുള്ള ചോദ്യകര്‍ത്താക്കള്‍. ചോദ്യങ്ങളും ഉത്തരങ്ങളും തിരക്കഥയായിരുന്നു എന്ന് ആ അഭിമുഖം കണ്ടവര്‍ക്കെല്ലാം മനസ്സിലായി. തിരക്കഥയനുസരിച്ചു നടന്ന കാര്യങ്ങളായതിനാലാവണം മോദിജി പറഞ്ഞ മണ്ടത്തരത്തെ, കള്ളത്തെ അവര്‍ ചോദ്യം ചെയ്തില്ല.

1987ല്‍ മോദിജി സ്വന്തമാക്കിയ ഡിജിറ്റല്‍ ക്യാമറ ജപ്പാനില്‍ ആദ്യമായി പുറത്തിറങ്ങിയത് 1989ലാണ്. World Wide Web അഥവാ ഇന്റര്‍നെറ്റ് എന്ന സംവിധാനം ലോകത്ത് ലഭ്യമായിത്തുടങ്ങിയത് 1991 ഓഗസ്റ്റ് 6നാണ്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാവാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. 1995ല്‍ വി.എസ്.എന്‍.എല്‍. ആണ് ഇന്‍റര്‍നെറ്റ് കൊണ്ടുവന്നത്. മോദിജി ഡിജിറ്റല്‍ ക്യാമറ വരുന്നതിന് 2 വര്‍ഷം മുമ്പ് അതുപയോഗിച്ചു ചിത്രമെടുത്തു. ഇന്റര്‍നെറ്റ് വരുന്നതിന് 7 വര്‍ഷം മുമ്പ് ഇ-മെയിലും അയച്ചു.

ഇതൊക്കെ ചെറു സാമ്പിളുകള്‍. അധികാരത്തിലേറാനും അതു നിലനിര്‍ത്താനും കള്ളങ്ങള്‍ മാത്രം പറയുന്ന ഒരു കൂട്ടരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. അമേരിക്കയിലെ പോലെ ശക്തവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ഇന്ത്യയില്‍ ഉള്ളതെങ്കില്‍ ഉളുപ്പില്ലാതെ ഇത്തരം കള്ളങ്ങള്‍ പറയാന്‍ നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കും ആവുമായിരുന്നില്ല. അഥവാ കള്ളം പറഞ്ഞാലും രക്ഷപ്പെടാന്‍ ആവുമായിരുന്നില്ല. ട്രംപിനില്ലാത്ത ഒരു സൗകര്യം മോദിക്കുള്ളത് അതാണ് -വാലാട്ടിപ്പട്ടികളായ മാധ്യമങ്ങള്‍!! സത്യം പറയാന്‍ ചെറിയ ചില ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല എന്നല്ല. പക്ഷേ, കള്ളത്തിന്റെ വ്യാപനത്തില്‍ അതെല്ലാം മുങ്ങിപ്പോകുന്നു.

Previous article‘ഫോട്ടോ’ ഫിനിഷില്‍ ട്രംപ് തോല്‍ക്കും
Next articleട്രംപ് ഇനിയെന്തു ചെയ്യും?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here