Reading Time: < 1 minute

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ത്രിരാഷ്ട്ര ഏകദിന പരമ്പരയിലും തോറ്റു തുന്നംപാടിയതിനാല്‍ ലോക കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ധോണിക്കും സംഘത്തിനും സമ്മര്‍ദ്ദം അശേഷമുണ്ടായിരുന്നില്ല. ആകെ നനഞ്ഞാല്‍ കുളിരില്ല എന്നു പറയുമ്പോലുള്ള അവസ്ഥ. മറുഭാഗത്ത് ലോക കപ്പിലെ പരാജയ ചരിത്രം തിരുത്താനിറങ്ങിയ പാക് പട കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഇരു ടീമുകളുടെയും ശരീരഭാഷ ഇതു പ്രകടമാക്കി. കൂളായി കളിച്ചവര്‍ ജയിച്ചു.

ഇന്ത്യന്‍ ടീമിന്‍റെ ആരാധകരെ തിരികെയെത്തിക്കാന്‍ ഈ ജയം മതിയായേക്കും. ഒരു നല്ല ജയത്തിന്‍റെ പേരില്‍ എല്ലാ തോല്‍വികളും പൊറുക്കുന്നവരാണല്ലോ നമ്മള്‍ ആരാധകര്‍. പക്ഷേ, ഒരു തോല്‍വിയുടെ പേരില്‍ അതുവരെയുള്ള ജയങ്ങളെല്ലാം നമ്മള്‍ മറക്കുമെന്ന് ധോണി ഓര്‍ക്കുക.

ലോക കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന എല്ലാ മത്സരങ്ങളും കണ്ടിട്ടുള്ളയാളാണ് ഞാന്‍. 1992ല്‍ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ ആദ്യമായി മുഖാമുഖം വരുമ്പോള്‍ തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളേജില്‍ മോഡല്‍ പരീക്ഷ ഉപേക്ഷിച്ച് സമീപത്തു തന്നെയുള്ള സുഹൃത്ത് അജയ് എന്ന ഉണ്ണിയുടെ വീട്ടില്‍ ഞങ്ങള്‍ കൂട്ടുകാര്‍ ഒത്തുകൂടി ആര്‍ത്തുവിളിച്ചു. ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇരു ടീമുകളും കോര്‍ത്തപ്പോള്‍ മുറിക്കുള്ളില്‍ അടച്ചിരുന്നു കളി കണ്ടു, ഒറ്റയ്ക്ക്. പ്രായമേറിയതനുസരിച്ച് ആവേശം കുറഞ്ഞു എന്നു മാത്രം.

കളി കഴിഞ്ഞപ്പോള്‍ ആദ്യമായി ഓടിയെത്തിയത് സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ പരസ്യം. ലോകകപ്പ് വേദിയില്‍ ഇന്ത്യയെ പാകിസ്താൻ തോല്‍പിക്കുമ്പോള്‍ പൊട്ടിക്കാന്‍ വാങ്ങിയ പടക്കവുമായി 1992 മുതല്‍ കാത്തിരിപ്പ് തുടരുന്ന പാക് ആരാധകന്‍. അയാളുടെ കാത്തിരിപ്പ് ഇനിയും തുടരും -“യേ കബ് ഫോടേഗാ യാര്‍” എന്ന ചോദ്യവുമായി. പരസ്യത്തിലെ പാക് ആരാധകനും ഞാനും ഏതാണ്ട് ഒരേ പ്രായക്കാര്‍. അയാൾ തോല്‍ക്കുമ്പോള്‍ ഞാന്‍ ജയിക്കുന്നു.

Feeling lucky that I got a chance to watch the likes of Kapildev, Sunil Gavaskar, Sachin Tendulkar, Sourav Ganguly, Rahul Dravid etc. LIVE in action. Now I am watching the new generation. LIFE IS INDEED LONG ENOUGH!!!

Previous articleആഗ്രഹിക്കാന്‍ എനിക്ക് അവകാശമുണ്ട്
Next articleനിഷ്പക്ഷത
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here