Reading Time: 4 minutes

ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കുന്ന പദ്ധതി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നു. അത് അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്റെ വീട്ടിനു തൊട്ടു പിന്നിലെ പറമ്പില്‍ ഇത്തരം നാലു വീടുകള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കല്ലിട്ടതു തന്നെയാണ് ഇതിനു തെളിവ്. പക്ഷേ, അസ്ഥിവാരം പൂര്‍ത്തിയായപ്പോള്‍ പണി നിലച്ചുവെന്നു മാത്രം.

വീടു ‘കിട്ടിയ’ ഒരാളോട് അന്നു ഞാന്‍ ചോദിച്ചു -“സര്‍ക്കാര്‍ പണം തരുന്നതല്ലേ? പിന്നെന്താ വീട് പൂര്‍ത്തിയാക്കാത്തത്?” അതിനുള്ള മറുപടി ഒട്ടും അത്ഭുതപ്പെടുത്തിയില്ല -“25,000 രൂപയ്ക്ക് എങ്ങനെ വീടു പൂര്‍ത്തിയാക്കാനാ സാറെ? അതുകൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്തിട്ടു.”

2,00,000 രൂപയാണ് സര്‍ക്കാരില്‍ നിന്ന് വീടിനായി കിട്ടിയതെന്ന് എനിക്കറിയാം. അത് എടുത്തു ചോദിച്ചു. ചോദിച്ചതിന് പ്രത്യേക കാരണമുണ്ടായിരുന്നു. 2,00,000 രൂപയ്ക്ക് അര്‍ഹതയുള്ള കാര്യം ആ പാവത്തിന് അറിയാമോ എന്നുറപ്പാക്കുകയായിരുന്നു ചോദ്യത്തിന്റെ ലക്ഷ്യം. “സാറന്മാരെല്ലാരും കൂടി പങ്കിട്ട ശേഷം ബാക്കി ഇത്രയേ കിട്ടിയുള്ളൂ.”

മറുപടി ഒട്ടു അത്ഭുതപ്പെടുത്തിയില്ല. അതിന് കാരണമുണ്ട് -ആ പദ്ധതി എന്റെ വാര്‍ഡിലുള്ളതായിരുന്നില്ല. മറ്റൊരു വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ വകയായിരുന്നു.

* * *

ഉമ്മന്‍ ചാണ്ടി പറയുന്ന 4,37,232 വീടുകള്‍ എവിടെ എന്ന ചോദ്യത്തിന് പ്രസക്തി വരുന്നത് ഇവിടെയാണ്. അതിനായി യു.ഡി.എഫ്. ഭവന പദ്ധതിയുടെ സാമ്പത്തികവശങ്ങള്‍ മുഴുവന്‍ അറിയണം. അതിലേക്കു പോവുന്നതിനു മുന്നോടിയായി പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 2,14,144 വീടുകള്‍ക്ക് ചെലവഴിച്ച തുകയുടെ കണക്കുകള്‍ പരിശോധിക്കണം. കാരണം ആ കണക്കുകള്‍ കൃത്യമായും വ്യക്തമായും ജനങ്ങളെ സര്‍ക്കാര്‍ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

2000-01 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതായിരുന്നു പിണറായി സര്‍ക്കാര്‍ ലൈഫ് മിഷന്‍ ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്ത ദൗത്യം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു മാത്രം 670 കോടി രൂപ ചെലവഴിച്ചു. ഇതടക്കം ലൈഫിനായി സംസ്ഥാന സര്‍ക്കാര്‍ വിഹിതമെന്ന നിലയില്‍ നല്‍കിയത് 1,812.7 കോടി രൂപയാണ്. സര്‍ക്കാര്‍ ഈടു നിന്ന് ഹഡ്കോയില്‍ നിന്നെടുത്ത വായ്പ 2,460 കോടി രൂപ. ഇതിനു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി വിഹിതത്തില്‍ നിന്ന് 2,231.15 കോടി രൂപയും ലൈഫിനായി നീക്കിവെച്ചു. സ്പോണ്‍സര്‍ഷിപ്പിലൂടെ 12 കോടി രൂപ ലൈഫ് പദ്ധതിക്കു ലഭിച്ചു. ഇത്തരത്തില്‍ ലൈഫില്‍ 6,515.85 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ചെലവ്.

ബ്ലോക്ക് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പി.എം.എ.വൈ -ഗ്രാമീണ്‍ ലൈഫിന് 119.39 കോടി രൂപയും നഗരപ്രദേശങ്ങളില്‍ നടപ്പാക്കുന്ന പി.എം.എ.വൈ. -അര്‍ബന്‍ ലൈഫിന് 762.25 കോടി രൂപയും കേന്ദ്ര സഹായമായി ലഭിച്ചു. ഇതിനു പുറമെ മത്സ്യത്തൊഴിലാളി ഭവനനിര്‍മ്മാണത്തിനായി 146.88 കോടി രൂപയും കേന്ദ്രത്തില്‍ നിന്നു കിട്ടി. കേന്ദ്രത്തില്‍ നിന്ന് ഭവന പദ്ധതിക്കായി ആകെ കിട്ടിയത് 1,028.52 കോടി രൂപ. കേരളത്തിന്റെ 6515.85 കോടിയും കേന്ദ്രത്തിന്റെ 1028.52 കോടിയും ചേര്‍ത്ത് വീടൊരുക്കാന്‍ ആകെ ചെലവിട്ടത് 7,544.37 കോടി രൂപ. സംസ്ഥാന വിഹിതം 86.37 ശതമാനമെങ്കില്‍ കേന്ദ്ര വിഹിതം 13.63 ശതമാനം. കണക്കിലെ കൃത്യതയില്‍ ഒരു സംശയത്തിനും സ്ഥാനമില്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 4,37,232 വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ അതിനു ചെലവഴിച്ച പണം സംബന്ധിച്ച് കൃത്യമായ കണക്കുണ്ടാവണം. ഒരു വീടിന് 1,00,000 രൂപ സബ്സിഡി നല്‍കി എന്നു കണക്കാക്കിയാല്‍ പോലും 4,372 കോടി രൂപ വേണം. ഈ തുക ബജറ്റിലുണ്ടായിരുന്നതായി എവിടെയും പറയുന്നില്ല. ബജറ്റില്‍ ഇല്ലാത്ത തുക എവിടെ നിന്നു കണ്ടെത്തിയെന്നും ഉമ്മന്‍ ചാണ്ടി പറയുന്നില്ല. പക്ഷേ, ഇപ്പോള്‍ ഒന്നും പറയുന്നില്ലെങ്കിലും അദ്ദേഹം എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട് -മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കേരള നിയമസഭയില്‍!!

കഴിഞ്ഞ സര്‍ക്കാര്‍ കാലാവധി അവസാനിക്കാറാവുന്ന ഘട്ടത്തില്‍ ചേര്‍ന്ന നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി ചില കണക്കുകള്‍ അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷത്തെ സി.കൃഷ്ണന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് 2015 നവംബര്‍ 30ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഭവനനിര്‍മ്മാണ മേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും ഓരോ പദ്ധതിയിലും വകയിരുത്തിയതും ചെലവാക്കിയതുമായ തുക എത്രയെന്നുമായിരുന്നു ചോദ്യം. കൃഷണന് മറുപടി വിശദമായിത്തന്നെ ലഭിച്ചു.

ഗൃഹശ്രീ ഭവന പദ്ധതി, സാഫല്യം ഭവന പദ്ധതി, ഇന്നൊവേറ്റീവ് ഭവന പദ്ധതി, സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഭവന പദ്ധതി, കോഴിക്കോട് ബംഗ്ലാദേശ് കോളനിയിലെ കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി, വര്‍ക്കിങ് വിമെന്‍സ് ഹോസ്റ്റല്‍ പദ്ധതി എന്നിവയാണ് ഭവനനിര്‍മ്മാണ രംഗത്ത് യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍. ഗൃഹശ്രീ ഭവന പദ്ധതിക്ക് വകയിരുത്തിയത് 35.50 കോടി രൂപയെങ്കില്‍ ചെലവാക്കിയത് 25.67 കോടി രൂപയാണ്. എന്നാല്‍, സാഫല്യം ഭവന പദ്ധതിയില്‍ 21 കോടി രൂപ വകയിരുത്തിയതില്‍ 3.10 കോടി മാത്രമാണ് ചെലവഴിച്ചത്. ഇന്നൊവേറ്റീവ് ഭവന പദ്ധതിയില്‍ വകയിരുത്തിയത് 15 കോടിയാണെങ്കില്‍ ചെലവഴിച്ചത് 5.83 കോടി രൂപ.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഭവന പദ്ധതിയില്‍ 14 കോടി രൂപയാണ് വകയിരുത്തിയതെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇതില്‍ ചെലവഴിച്ചത് 8.08 കോടി രൂപ. കോഴിക്കോട് ബംഗ്ലാദേശ് കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 15 കോടി രൂപ വകയിരുത്തിയതില്‍ 12.67 കോടി രൂപ ചെലവിട്ടു. ഇതിനു പുറമെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ പദ്ധതികള്‍ക്കായി വകയിരുത്തിയത് 14.50 കോടി രൂപയാണ്, ചെലവഴിച്ചത് 12.02 കോടി രൂപ. ഉമ്മന്‍ ചാണ്ടിയുടെ മറുപടി അനുസരിച്ച് ഭവനനിര്‍മ്മാണ മേഖലയ്ക്ക് വകയിരുത്തിയത് 35.50 + 21 + 15 + 14 + 15 + 14.50 = 115 കോടി രൂപയാണ്. ചെലവഴിച്ചതാകട്ടെ 25.67 + 3.10 + 5.83 + 8.08 + 12.67 + 12.02 = 67.37 കോടി രൂപ. “ഭവനനിര്‍മ്മാണ മേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍” എന്ന് ചോദ്യത്തില്‍ വ്യക്തമായിത്തന്നെ ഉണ്ടായിരുന്നു എന്നത് എടുത്തുപറയണം.

4,37,232 വീടുകള്‍ക്ക് 1,00,000 രൂപ വീതം സബ്സിഡി നല്‍കിയാല്‍ത്തന്നെ 4,372 കോടി രൂപ വേണമെന്നിരിക്കെ “ഭവനനിര്‍മ്മാണ മേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക്” ചെലവഴിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞ 67.37 കോടി രൂപ കൊണ്ട് എങ്ങനെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക? 5 അപ്പം കൊണ്ട് 5,000 പേരെ ഊട്ടുന്ന മാന്ത്രികവിദ്യ നമ്മുടെ മുന്‍ മുഖ്യമന്ത്രിക്ക് വശമുണ്ടോ?

4,37,232 വീടുകള്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ മഹത്തായ നേട്ടമാവുമെന്ന് ഉറപ്പല്ലേ? അങ്ങനെയെങ്കില്‍ ഈ അവകാശവാദം ഉമ്മന്‍ ചാണ്ടിയോ മറ്റു യു.ഡി.എഫ്. നേതാക്കന്മാരോ ഇന്നാട്ടിലെ “പ്രമുഖ” മാധ്യമങ്ങളോ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കാത്തതെന്തേ? എന്തിനേറെ പറയുന്നു, യു.ഡി.എഫിന്റെ പ്രകടനപത്രികയില്‍ പോലും ഇക്കാര്യം ഉണ്ടായിരുന്നില്ലല്ലോ? മാത്രമല്ല, ഈ അവകാശവാദം അംഗീകരിക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടി അധികാരമൊഴിയുമ്പോള്‍ ഭവനരഹിതരായി വെറും 33,374 കുടുംബങ്ങളല്ലേ ഉണ്ടാവുമായിരുന്നുള്ളൂ?

ഇതിനെല്ലാമപ്പുറം, വെറും 2,14,144 വീടുകള്‍ നിര്‍മ്മിക്കാന്‍ 7,544.37 കോടി രൂപ ചെലവഴിച്ച പിണറായി വിജയന്‍ വന്‍ ധൂര്‍ത്തല്ലേ കാണിച്ചത്? അതില്‍ അഴിമതി ആരോപണം ഉന്നയിക്കണ്ടേ?

ഈ പുകമറ മാറാന്‍ ഒരു പരിഹാരമേയുള്ളൂ. ഉമ്മന്‍ ചാണ്ടി മണ്ടനായൊരു നേതാവാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ കൈയില്‍ എല്ലാത്തിന്റെയും രേഖകളുണ്ടാവും. അത് മനസ്സാക്ഷിയുടെ കോടതിയില്‍ മാത്രമേ പുറത്തെടുക്കുകയുള്ളൂ എന്ന വാശി അദ്ദേഹം ഉപേക്ഷിക്കേണ്ടി വരും. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് വീട് ലഭിച്ച 4,37,232 കുടുംബങ്ങളുടെയും വിലാസവും ഫോണ്‍ നമ്പറും തദ്ദേശ സ്വയംഭരണ സ്ഥാപനവുമടക്കമുള്ള വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കണം. ജനങ്ങള്‍ക്ക് വിലയിരുത്താന്‍ അവസരം കൊടുക്കണം. തന്റെ സര്‍ക്കാര്‍ 2,14,144 വീടുകള്‍ നല്‍കിയെന്ന അവകാശവാദം ഉന്നയിക്കുമ്പോള്‍ പിണറായി വിജയന്‍ ചെയ്തത് അതാണല്ലോ!

* * *

എന്റെ വീടിനു പിന്നില്‍ അസ്ഥിവാരം കാടുപിടിച്ച് കിടന്നിരുന്നിടത്ത് ഇപ്പോള്‍ വീടുകള്‍ ഉയര്‍ന്നിരിക്കുന്നു. അവിടെ താമസക്കാരും എത്തി. എത്ര പണം ചെലവിടുന്നു എന്നതല്ല എങ്ങനെ ചെലവിടുന്നു എന്നതാണ് പ്രധാനം. പണം ചെല”വായി” പോകുന്നതിനു പകരം അത് കൃത്യമായി വിനിയോഗിച്ച് വീട് നിര്‍മ്മിക്കപ്പെടുന്നു എന്നുറപ്പാക്കാനായതാണ് ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരില്‍ നിന്ന് പിണറായി വിജയന്റെ സര്‍ക്കാരിനെ വ്യത്യസ്തമാക്കുന്നത്.

 


പിന്‍കുറിപ്പ്: മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നല്‍കിയ മറുപടികള്‍ പൊട്ടത്തെറ്റാണെന്ന വാദവുമായി ചില യു.ഡി.എഫ്. നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അതിനെ ഞാന്‍ അങ്ങേയറ്റം അപലപിക്കുന്നു. എന്തൊക്കെ പറഞ്ഞാലും നിയമസഭയില്‍ പറയുന്ന മറുപടിയുടെ കാര്യത്തില്‍ എനിക്ക് ഉമ്മന്‍ ചാണ്ടി സാറിനെ 101 ശതമാനം വിശ്വാസമാണ്.

Previous article3,343 എന്നാല്‍ നാലര ലക്ഷം!!
Next articleകാള പെറ്റു, കയറുമെടുത്തു!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here