Reading Time: 4 minutes

നാലാം ലിംഗക്കാര്‍..

കുറച്ചുകാലമായി ഇതു കേട്ടുതുടങ്ങിയിട്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അധിക്ഷേപരൂപത്തില്‍ ഏതോ വിവരദോഷി ഇത് ഛര്‍ദ്ദിച്ചു. ബാക്കി വിവരദോഷികള്‍ ആ ഛര്‍ദ്ദി വിഴുങ്ങി വീണ്ടും അധിക്ഷേപമെന്ന പേരില്‍ ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നു. ലിംഗം എന്നാല്‍ എന്താണെന്നറിയാത്ത പാവങ്ങള്‍. അധിക്ഷേപിക്കാന്‍ വേണ്ടി ഈ പ്രയോഗം നടത്തുന്നവര്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കിയിരുന്നെങ്കിലോ? പ്ലിങ്ങോട് പ്ലിങ്!!

LP.jpg

മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണനുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണ് നാലാം ലിംഗം ഏറ്റവുമൊടുവില്‍ കേട്ടത്. വേണുവിന് പിന്തുണയുമായി വന്ന സഹപ്രവര്‍ത്തകന്‍ ഹര്‍ഷന് മറുപടിയുമായി ഒരു സംഘപ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന യുവാവ് ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്. ചിലരൊക്കെ ‘വൈറല്‍’ എന്ന ഗണത്തില്‍പ്പെടുത്തി അതു പ്രചരിപ്പിക്കുന്നുമുണ്ട്. ഈ വീഡിയോയില്‍ വേണുവും ഹര്‍ഷനും ഞാനുമെല്ലാം ഉള്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ നാലാം ലിംഗക്കാര്‍ എന്ന മൂന്നാംകിടക്കാര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അച്ചായന്മാരും കോയമാരുമൊക്കെ ലിംഗത്തെ അധിക്ഷേപിക്കുന്നത് പോകട്ടെ, മഹാദേവന്‍ എന്ന ശിവനെയും ലിംഗത്തെയും ആരാധിക്കുന്ന സംഘികളും ഇതു തുടങ്ങിയാലോ! ഒന്നും പുടികിട്ടിയില്ല, അല്ലേ. വിവരം വേണം സേട്ടാ, വിവരം. പുരാണങ്ങളെക്കുറിച്ചും വേദങ്ങളെക്കുറിച്ചുമൊക്കെ വിവരമില്ലാത്തതാണ് പ്രശ്‌നം. അതുണ്ടെങ്കില്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ വെറുപ്പിന്റെ വിവിധതരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കില്ലല്ലോ!! ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നത് നടപ്പാക്കണമെങ്കില്‍ അത് എന്താണെന്ന് അറിഞ്ഞിട്ടു വേണ്ടേ!!!

vlcsnap-error724
സംഘപ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന യുവാവിന്റെ വീഡിയോയില്‍ നിന്ന്‌

ഹിന്ദുമത വിശ്വാസപ്രകാരം 18 പുരാണങ്ങളുണ്ട്.

  1. ബ്രഹ്മ പുരാണം
  2. പദ്മ പുരാണം
  3. വിഷ്ണു പുരാണം
  4. ശിവ പുരാണം
  5. വാമന പുരാണം
  6. മാര്‍ക്കണ്ഡേയ പുരാണം
  7. വരാഹ പുരാണം
  8. അഗ്നി പുരാണം
  9. കൂര്‍മ്മ പുരാണം
  10. ഭഗവദ് മഹാപുരാണം
  11. ലിംഗ പുരാണം
  12. നാരദ പുരാണം
  13. സ്‌കന്ദപുരാണം
  14. ഗരുഢ പുരാണം
  15. മത്സ്യപുരാണം
  16. വായു പുരാണം
  17. ഭവിഷ്യ പുരാണം
  18. ബ്രഹ്മാണ്ഡ പുരാണം (ഇത് അപൂര്‍ണ്ണമാണ്)

വായനയുടെ അത്യാവശ്യം അസുഖം ഉണ്ട്. മറ്റു പലതും വായിക്കുന്ന കൂട്ടത്തില്‍ ഈ പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം വായിച്ചിട്ടുണ്ട്. ഇവ മാത്രമല്ല ബൈബിളും ഖുറാനും ഗുരുഗ്രന്ഥ് സാഹിബുമൊക്കെ വായിച്ചിട്ടുണ്ട്. ഖുറാന്‍ പഠിച്ച് പരീക്ഷയും എഴുതിയിട്ടുണ്ട്. നമുക്ക് ഇപ്പോള്‍ ആവശ്യം പട്ടികയില്‍ 11 ആയി വരുന്ന ലിംഗ പുരാണം മാത്രമാണ്. ലിംഗമാണല്ലോ വിഷയം. എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും മഹാപ്രളയമാണ് എന്നാണ് വിശ്വാസം. എല്ലാത്തിനും അരങ്ങൊരുക്കിയത് ഒരു മഹാപ്രളയമായിരുന്നു. കണ്ണെത്താ ദൂരത്തോളം വെള്ളം മാത്രം. ആ വെള്ളത്തിനു മേല്‍ ജ്വലിക്കുന്ന ശിവ ലിംഗം പെട്ടെന്ന് പ്രത്യക്ഷമായി. ഈ ലിംഗത്തില്‍ നിന്നാണ് വേദങ്ങളും മറ്റു ഗ്രന്ഥങ്ങളും ബ്രഹ്മാവും വിഷ്ണുവുമടക്കമുള്ള ശതകോടി ദേവകളുമുണ്ടായത്. ലിംഗം എന്നാല്‍ പുരുഷശരീരത്തിലെ ഒരവയവമല്ല സര്‍, അത് ശക്തിയുടെ രൂപമാണ്.

lord_vishnu-t3
മഹാവിഷ്ണുവും ബ്രഹ്മാവും

ശിവന്‍ ലിംഗരൂപത്തില്‍ ആരാധിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയാവുന്നവര്‍ ചുരുക്കമാണ്. അതിനു പിന്നിലൊരു കഥയുണ്ട്.

യുഗങ്ങള്‍ക്കു മുമ്പ് സര്‍വ്വസംഹാരിയായ മഹാപ്രളയമുണ്ടായി. പ്രപഞ്ചത്തില്‍ എല്ലായിടത്തും വെള്ളവും ഇരുട്ടും മാത്രം. വെള്ളത്തിന്റെ പരപ്പില്‍ അനന്തന്റെ പുറത്ത് മഹാവിഷ്ണു ഉറക്കത്തിലായിരുന്നു, നാരായണ രൂപത്തില്‍. അവിടെത്തന്നെയുണ്ടായിരുന്ന ബ്രഹ്മാവിന് പക്ഷേ, മഹാവിഷ്ണുവിനെ തിരിച്ചറിയാനായില്ല. മഹാവിഷ്ണുവിന്റെ പൊക്കിള്‍ക്കൊടിയില്‍ നിന്നുയര്‍ന്നു നില്‍ക്കുന്ന താമരയാണ് ബ്രഹ്മാവിന്റെ ഉറവിടം എന്നത് വേറെ കാര്യം.

മഹാവിഷ്ണുവിനോട് ബ്രഹ്മാവ് ചോദിച്ചു -‘അങ്ങാരാണ്? ഇവിടെ എന്തു ചെയ്യുന്നു?’

ബ്രഹ്മാവിന്റെ ചോദ്യം കേട്ട് വിഷ്ണു ഉണര്‍ന്നു -‘സുഖമല്ലേ ബ്രഹ്മദേവാ. എല്ലാം നന്നായി നടക്കുന്നുണ്ടല്ലോ അല്ലേ മകനേ?’

‘എന്നെ മകനെന്നു വിളിക്കാന്‍ നിങ്ങളാരാണ്?’ -ബ്രഹ്മാവ് കുപിതനായി. ‘ഞാന്‍ ബ്രഹ്മനാണ്, എല്ലാത്തിന്റെയും അധിപതി. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് ഞാനാണ്. എന്നെ എങ്ങനെയാണ് നിങ്ങള്‍ക്ക് മകനെന്നു വിളിക്കാനാവുക?’

‘അങ്ങെല്ലാം മറന്നുപോയി എന്നു തോന്നുന്നു’ -വിഷ്ണു പറഞ്ഞു. ‘ഞാന്‍ വിഷ്ണുവാണ്. അങ്ങ് എന്നില്‍ നിന്നാണ് ഉത്ഭവിച്ചത്. അതാണ് ഞാന്‍ അങ്ങയെ മകനേ എന്നു വിളിച്ചത്.’

ബ്രഹ്മാവ് ഇത് സ്വീകരിച്ചില്ല. അദ്ദേഹം വിഷ്ണുവുമായി വഴക്കിട്ടു. ഈ കലഹം ശക്തി പ്രാപിക്കുന്നതിനിടെ പെട്ടെന്ന് വെട്ടിത്തിളങ്ങുന്ന ഒരു ലിംഗം അവിടെ പ്രത്യക്ഷപ്പെട്ടു. വിഷ്ണുവും ബ്രഹ്മാവും തമ്മിലുള്ള കലഹം തീര്‍ക്കാനായി ആവിര്‍ഭവിച്ചതു പോലാണ് തോന്നിയത്. ലിംഗം ആകാശം മുട്ടെ വളര്‍ന്നു നിന്നു. ആദിയും അന്തവും ഇല്ലാത്ത പ്രതീതി.

‘അഗ്നിയുടെ ഈ തൂണ് ഇവിടെങ്ങനെ വന്നു?’ -ബ്രഹ്മാവിനോട് വിഷ്ണു ചോദിച്ചു. ബ്രഹ്മാവാണല്ലോ സൃഷ്ടിയുടെ എല്ലാം. പക്ഷേ, ബ്രഹ്മാവിന് ഉത്തരമുണ്ടായില്ല. ‘നമുക്ക് ഇത് പരിശോധിക്കണം. അങ്ങ് മുകളിലേക്കു പോയി അഗ്രം കണ്ടെത്താന്‍ ശ്രമിക്കൂ. ഞാന്‍ താഴേക്കു പോകാം. അറ്റം കണ്ടെത്തിയ ശേഷം നമുക്ക് കാര്യം വിലയിരുത്താം’ -വിഷ്ണു നിര്‍ദ്ദേശിച്ചു.

ബ്രഹ്മാവ് അംഗീകരിച്ചു. അദ്ദേഹം അരയന്നത്തിന്റെ രൂപത്തില്‍ പറന്നു പൊങ്ങി. വിഷ്ണുവാകട്ടെ വരാഹരൂപം ധരിച്ച് താഴേയ്ക്കു കുഴിച്ചു പോയി. അല്പസമയത്തിനു ശേഷം ഇരുവരും നിരാശരായി മടങ്ങി. ലിംഗത്തിന്റെ മുകളിലോ താഴെയോ ഉള്ള അറ്റം കണ്ടെത്താന്‍ രണ്ടു പേര്‍ക്കും സാധിച്ചില്ല. തങ്ങളെക്കാള്‍ വലിയൊരു ശക്തിയുണ്ടെന്ന് വിഷ്ണുവിനും ബ്രഹ്മാവിനും അതോടെ മനസ്സിലായി. അവര്‍ ലിംഗത്തെ സ്തുതിച്ചു.

trimurti
ത്രിമൂര്‍ത്തികള്‍ – ബ്രഹ്മാവും മഹാവിഷ്ണുവും പരമശിവനും

ആദിമമന്ത്രമായ ‘ഓംകാരം’ മുഴങ്ങി. സ്തുതിയില്‍ സംപ്രീതനായ ശിവന്‍ ലിംഗത്തില്‍ നിന്നു പ്രത്യക്ഷപ്പെട്ടു. വേദനാമന്‍ എന്ന പേരുള്ള ഋഷിയുടെ രൂപത്തിലാണ് അദ്ദേഹം പ്രത്യക്ഷനായത്. പ്രപഞ്ചത്തിന്റെ ഉത്ഭവം ലിംഗത്തില്‍ നിന്നാണെന്ന് അദ്ദേഹം വിഷ്ണുവിനും ബ്രഹ്മാവിനും വ്യക്തമാക്കിക്കൊടുത്തു. വിശുദ്ധമായ ഗായത്രീമന്ത്രവും ഉപദേശിച്ചു. വിഷ്ണുവിനോടും ബ്രഹ്മാവിനോടുമായി ശിവന്‍ പറഞ്ഞു -‘പരമമായ ബ്രഹ്മത്തിന്റെ മൂന്നു ഭാഗങ്ങളാണ് നമ്മള്‍ മൂവരും. ബ്രഹ്മാവിന് സൃഷ്ടിയുടെ ചുമതല. വിഷ്ണുവിന് സ്ഥിതിയുടെ ചുമതല. എനിക്ക് സംഹാരവും. നമ്മള്‍ പരസ്പരം കലഹിക്കാന്‍ പാടില്ല.’

അന്നു മുതല്‍ ശിവന്‍ ലിംഗരൂപത്തില്‍ ആരാധിക്കപ്പെടുന്നു.

book-cover-f

ഇതാണ് ലിംഗ പുരാണം. ആത്മീയപ്രഭാഷകനല്ല ഞാന്‍. അതിനുള്ള വിവരവുമില്ല. വിവരമുള്ളവര്‍ എഴുതിവെച്ചത് വായിച്ചു മനസ്സിലാക്കിയ കാര്യങ്ങളാണ്. ആര്‍ക്കും വായിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ. അതിനു താല്പര്യമുണ്ടാവണം എന്നു മാത്രം. ലിംഗം എന്നു പറഞ്ഞാല്‍ അധിക്ഷേപമല്ല എന്നു മനസ്സിലാക്കുക. ഊര്‍ജ്ജത്തിന്റെ ആദിയും അന്തവുമില്ലാത്ത അഗ്നി തൂണാണ് ലിംഗം. നാലാം ലിംഗം എന്നു പറഞ്ഞാല്‍ ശക്തിയുടെ നാലാം രൂപം. മാധ്യമങ്ങള്‍ എന്നു പറയുന്നത് ജനാധിപത്യത്തിന്റെ നാലാം തൂണ്‍ ആണെന്നാണല്ലോ പറയപ്പെടുന്നത്. തൂണ്‍ എന്നാല്‍ ലിംഗം. നാലാം തൂണ്‍ എന്നു പറഞ്ഞാല്‍ നാലാം ലിംഗം തന്നെ. അപ്പോള്‍ നാലാം ലിംഗം എന്നു പറഞ്ഞാല്‍ അധിക്ഷേപമാകുന്നതെങ്ങനെ? അധിക്ഷേപ വാക്കുകള്‍ക്കൊപ്പം ഈ വാക്ക് ഉപയോഗിക്കുന്നത് വിപരീതാര്‍ത്ഥമാവും. നാലാം ലിംഗക്കാര്‍ എന്നു പറയുന്നത് യഥാര്‍ത്ഥത്തില്‍ പ്രശംസയാണ്. അതിനാല്‍ അധിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുറച്ചുകൂടി കടുപ്പപ്പെട്ട മറ്റേതെങ്കിലും വാക്ക് കണ്ടെത്തുക.

book-cover-b

ഇപ്പോഴത്തെ വിവാദങ്ങള്‍ ഉണ്ടായ ശേഷം ലിംഗ പുരാണം ഒരുവട്ടം കൂടി മനസ്സിരുത്തി വായിച്ചു. അപ്പോഴാണ് വെറുപ്പിന്റെ പ്രചാരകരായ ചിലര്‍ എഴുന്നള്ളിക്കുന്ന വിഡ്ഡിത്തം മനസ്സിലായത്. അത് ചൂണ്ടിക്കാട്ടുന്നു എന്നു മാത്രം. ലിംഗ പുരാണം അടക്കമുള്ള പുരാണങ്ങളും ഉപനിഷത്തുക്കളുമൊക്കെ സ്വന്തം ഗ്രന്ഥശേഖരത്തില്‍ തന്നെയുണ്ട്. തിരുവനന്തപുരം ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ മിഷനില്‍ പോയാല്‍ ഇവയില്‍ പലതും ഇപ്പോഴും വാങ്ങാം. ആമസോണ്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വിപണിയിലും ലഭ്യം.

ഒരു നാലാം ലിംഗക്കാരന്‍ ആണെന്നു വിശേഷിപ്പിക്കപ്പെടുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നല്ല നമസ്‌കാരം!!!

Previous articleബലോചിസ്ഥാന്റെ വേദനകള്‍
Next articleഅയ്യേ… നാറ്റിച്ച്!!!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

3 COMMENTS

  1. ഒരു ചെറിയ നിർദ്ദേശം…. പുരാണങ്ങൾ സാധാരണ മനുഷ്യർക്ക് മനസിലാകാൻ തക്ക രീതിയിൽ എഴുതിയിട്ടുള്ളവയാണ്. വേദോപനിഷത്തിലേക്ക് കടന്നാൽ കാര്യങ്ങൾ അജഗജാന്തരമായി പരിണമിക്കും. നമ്മൾ മനസിലാക്കിയതെന്നും സത്യമല്ല എന്ന് മനസിലാകും….. സത്യം, ജ്ഞാനം, അനന്തം ബ്രഹ്മം, പ്രജ്ഞാനം ബ്രഹ്മ.

  2. ചേട്ടാ എഴുത്ത് നന്നായിട്ടുണ്ട്…. പിന്നെ പുരാണങ്ങളിൽ സാധാരണ മനുഷ്യബുദ്ധിക്ക് ഉതകുന്ന രീതിയിലാണ്, വേദോപനിഷത്ത് മനസിലാക്കുമ്പോൾ പരമമായസത്യം ഇവിടെയാണ് വെളിപ്പെടുന്നത് എന്ന് അറിയാൻ കഴിയും… സത്യം ജ്ഞാനം അനന്തം ബ്രഹ്മ…. അറിഞ്ഞതൊന്നുന്നും ശരിയല്ല എന്ന തിരിച്ചറിവ്… സത്യാന്വേഷണമവണമെന്ന് മാത്രം….

Leave a Reply to Prasanth Hrishikesh Nair Cancel reply

Please enter your comment!
Please enter your name here