• 104
 • 31
 •  
 •  
 • 30
 •  
  165
  Shares

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ കേരളത്തിലുണ്ട്. ആരെങ്കിലും അറിഞ്ഞോ ആവോ? രാഷ്ട്രപതിയുടേതോ ഉപരാഷ്ട്രപതിയുടേതോ പ്രധാനമന്ത്രിയുടേതോ പോലെ ബഹുമാനമര്‍ഹിക്കുന്ന പദവി തന്നെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റേത്. ഒരു സംസ്ഥാനത്ത് അദ്ദേഹം സന്ദര്‍ശനം നടത്തുമ്പോള്‍ അത് എല്ലാവരും അറിയുകയും വേണം. രാഷ്ട്രപതിയോ, ഉപരാഷ്ട്രപതിയോ, പ്രധാനമന്ത്രിയോ വരുമ്പോള്‍ മുന്‍കൂര്‍ വാര്‍ത്ത വരാറുണ്ട്. പക്ഷേ, എന്തുകൊണ്ടോ ഇക്കുറി വന്നില്ല. അതിനാല്‍ ആരും ഒന്നും അറിയാതെ പോയി.

HC (1).jpg

എന്തിനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കേരളത്തില്‍ വന്നത്? ഹൈക്കോടതിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍. വിശദമാക്കാം. 2016 നവംബര്‍ 1 -കേരളം ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന കാര്യം എല്ലാവരും ചര്‍ച്ച ചെയ്തു. അതോടൊപ്പം കേരള ഹൈക്കോടതിയും ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുകയാണ്. ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യാനാണ് രാജ്യത്തെ ചീഫ് ജസ്റ്റീസ് വന്നത്. ഇതൊന്നും ആരും അറിഞ്ഞില്ല, ഹൈക്കോടതിയിലെ വക്കീലന്മാര്‍ ഒഴികെ. എന്താ ആരും അറിയാത്തത്? വാര്‍ത്ത വന്നില്ല, അത്ര തന്നെ.

ഹൈക്കോടതി പരിസരത്തു പോലും മാധ്യമപ്രവര്‍ത്തകര്‍ പോകരുതെന്നാണ് വക്കീലന്മാരുടെ വിലക്ക്. വെറുതെ പോയി തല്ലുകൊള്ളുന്നത് എന്തിനാണെന്ന് ഞങ്ങളും കരുതി. പക്ഷേ, ദോഷം പറയരുതല്ലോ. ജൂബിലി ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നു. പ്രത്യേക ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരുന്നു. കോടതിനടപടികള്‍ റിപ്പോര്‍്ട്ട് ചെയ്യാന്‍ അവകാശമില്ലാത്തവര്‍ വേണമെങ്കില്‍ അവിടത്തെ ആഘോഷം വേണമെങ്കില്‍ റിപ്പോര്‍ട്ട് ചെയ്‌തോട്ടേന്ന്. എന്തൊരു സൗമനസ്യം!!!

thakur
ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍

ജൂബിലിക്കു മുമ്പ് പ്രശ്‌നം തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചീഫ് ജസ്റ്റീസ് മോഹന്‍ എം.ശാന്തനഗൗഡരുടെ അദ്ധ്യക്ഷതയില്‍ നീതിന്യായ രംഗത്തെയും മാധ്യമരംഗത്തെയും പ്രതിനിധികള്‍ അടുത്തിടെ ആശയവിനിമയം നടത്തിയിരുന്നു. അന്ന് മുതിര്‍ന്ന ഒരു ജഡ്ജി പറഞ്ഞത് ഇങ്ങനെ -‘കഴിഞ്ഞ 3 മാസമായി അല്പം സമാധാനമുണ്ട്’. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററായ എം.ജി.രാധാകൃഷ്ണന്‍ അപ്പോള്‍ത്തന്നെ ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കി -‘ചരിത്രത്തിലെ എല്ലാ ഏകാധിപതികളും ഇതേ അഭിപ്രായക്കാരായിരുന്നു’. അപകടം മനസ്സിലാക്കിയ ചീഫ് ജസ്റ്റീസ് ഇടപെടുകയും ബന്ധപ്പെട്ട ജഡ്ജിയുടെ പരാമര്‍ശം വെറും തമാശയാണെന്നു പറഞ്ഞ് രംഗം ശാന്തമാക്കാന്‍ വൃഥാ ശ്രമിക്കുകയും ചെയ്തു. അടുത്ത മാസം വിരമിക്കാനിരിക്കുന്നയാളാണ് ‘സമാധാനകാംക്ഷിയായ’ ആ ജഡ്ജി എന്നതാണ് രസകരമായ കാര്യം. മാധ്യമങ്ങള്‍ വന്നില്ലെങ്കിലും ആരും അറിഞ്ഞില്ലെങ്കിലും ജൂബിലി വിജയിക്കും എന്നാണ് ഈ ജഡ്ജിയേമാന്‍ പിന്നീട് പുറത്ത് പരസ്യമായി പറഞ്ഞത്. വിരമിച്ച ശേഷം വക്കീലാവാനുള്ള തയ്യാറെടുപ്പാണെന്നു തോന്നുന്നു.

ഹൈക്കോടതി ജൂബിലി ആഘോഷങ്ങള്‍ ബഹിഷ്‌കരിച്ച മാധ്യമപ്രവര്‍ത്തകര്‍ അക്ഷന്തവ്യമായ അപരാധം ചെയ്തു എന്നൊന്നും പറഞ്ഞേക്കരുത്. കൂട്ടായെടുത്ത തീരുമാനപ്രകാരം ഞങ്ങള്‍ ആ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഒരു പ്രത്യേക ശൈലിയിലാണെന്നു മാത്രം. തീരുമാനങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാനാവുമായിരുന്നില്ല. സസ്‌പെന്‍സ് പോകും, അതാ. നടപ്പാക്കിയ തീരുമാനങ്ങള്‍ ഇപ്രകാരമാണ്.

– ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇരിപ്പിടം നീക്കിവെച്ചിട്ടുണ്ടെങ്കില്‍ അവിടെ ഇരിക്കരുത്.
– ഒരു മലയാളം റിപ്പോര്‍ട്ടര്‍, ഒരു ഇംഗ്ലീഷ് റിപ്പോര്‍ട്ടര്‍, ഒരു ഫൊട്ടോഗ്രാഫര്‍ എന്നിവരെ മാത്രം അയച്ച് വാര്‍ത്ത ശേഖരിക്കുക.
– അവര്‍ ശേഖരിക്കുന്ന വാര്‍ത്ത എല്ലാവരും പങ്കിടുക.
– ചാനലുകാര്‍ പോകുന്നെങ്കില്‍ സ്ഥാപനം തിരിച്ചറിയാന്‍ സഹായിക്കുന്ന മൈക്ക് ഐഡി ഉപയോഗിക്കരുത്.
– ചീഫ് ജസ്റ്റീസ് കാര്യമായി വല്ലതും പറയുന്നെങ്കില്‍ കൊടുക്കുക, ഇല്ലെങ്കില്‍ വാര്‍ത്ത പേരിന് മാത്രം.

മലയാള പത്രങ്ങള്‍ക്കു വേണ്ടി മാതൃഭൂമിയിലെ സിറാജ് കാസിമും ഇംഗ്ലീഷ് പത്രങ്ങള്‍ക്കു വേണ്ടി ടൈംസ് ഓഫ് ഇന്ത്യയിലെ സുധാ നമ്പൂതിരിയും റിപ്പോര്‍ട്ടര്‍മാരായി. എല്ലാവര്‍ക്കും വേണ്ടി മലയാള മനോരമ ഫൊട്ടോഗ്രാഫര്‍ റോണി ചിത്രങ്ങള്‍ പകര്‍ത്തി. ചാനലുകാര്‍ ഇങ്ങനൊരു ചടങ്ങ് കണ്ടതായി പോലും ഭാവിച്ചില്ല. ഒരു സ്ട്രിങ്ങറെ മാത്രം അയച്ചു. തല്ലു കൊള്ളാതെ കഴിച്ചിലാക്കി, ഭാഗ്യം!!

HC (2).jpg

വാര്‍ത്ത വരാത്തതൊന്നും വലിയ കാര്യമല്ല. വക്കീലന്മാര്‍ക്ക് വാര്‍ത്തയില്‍ താല്പര്യമില്ലെന്നേ. പക്ഷേ, ജഡ്ജിമാര്‍ക്ക് താല്പര്യമുണ്ട്. ഏതാണ്ട് 4 ദിവസം മുമ്പ് നടന്ന സംഭവം തന്നെ ഉദാഹരണം. പത്തനംതിട്ട ജില്ലാ ജഡ്ജി ഒരു പത്രസമ്മേളനം വിളിച്ചിരുന്നു, അദ്ദേഹത്തിന്റെ ചേംബറില്‍. കോടതിയിലാണ് പത്രസമ്മേളനം. ചെന്നാല്‍ അടികിട്ടും. അടികിട്ടിയാല്‍ നിങ്ങളവിടെ എന്തിനു പോയി എന്നതാവും ചോദ്യം. പത്തനംതിട്ട പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന ഭാരവാഹികളെ ബന്ധപ്പെട്ടു. എന്തു ചെയ്യണം എന്ന കൂടിയാലോചനകള്‍ നടന്നു. ഒടുവില്‍ തീരുമാനിച്ചു, പോകേണ്ടതില്ല.

പോകേണ്ട എന്നുവെച്ചാല്‍ പത്രസമ്മേളനം ബഹിഷ്‌കരിക്കുക എന്നല്ല. ജില്ലാ ജഡ്ജിയെ കാര്യമറിയിക്കുക. കോടതിയിലേക്ക് ചെന്ന് അടിവാങ്ങാന്‍ കഴിയില്ല. ജില്ലാ ജഡ്ജിക്ക് പത്രസമ്മേളനത്തിനായി പ്രസ് ക്ലബ്ബിലേക്കു വരാം. ചായ പത്രക്കാരുടെ വക ആകട്ടെ. അതിനു കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ അതിഥി മന്ദിരമോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസോ വേദിയാക്കാം. കോടതി ഒഴികെ എവിടേക്കും വരാം എന്നറിയിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ പത്രസമ്മേളനം നടന്നില്ല. ലോക് അദാലത്തോ മറ്റോ നടക്കുന്നുണ്ടത്രേ. അതു പറയാനാണ് ജില്ലാ ജഡ്ജി വിളിച്ചത്.

justice.jpg

ഈ ലോക് അദാലത്ത് വലിയ സംഭവമാണെന്ന് പിന്നീട് മനസ്സിലായി. കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി.സദാശിവത്തിന്റെ ഓഫീസില്‍ നിന്നൊരു വാട്ട്‌സാപ്പ് സന്ദേശം വന്നു -ഒരു വാര്‍ത്തയ്ക്കുള്ള അഭ്യര്‍ത്ഥനയാണ്. ഒപ്പം കൊടുക്കാന്‍ ഗവര്‍ണ്ണറുടെ മനോഹര ചിത്രവുമുണ്ട്. പ്രധാന വാര്‍ത്തയാണെന്നു മനസ്സിലാക്കാന്‍ ഇതില്‍പ്പരം വല്ലതും വേണോ!! നോക്കിയപ്പോള്‍ ലോക് അദാലത്താണ് സംഭവം. ദീര്‍ഘനാളായി പരിഹരിക്കാതെ കിടക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമത്രേ. ഇതിന്റെ വാര്‍ത്ത എല്ലാവരിലുമെത്തിക്കണം എന്നാണ് ആവശ്യം.

sathasivam
ജസ്റ്റീസ് പി.സദാശിവം

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയിരുന്നയാളാണല്ലോ സദാശിവം. അദ്ദേഹത്തിന് നിയമപരമായ കാര്യങ്ങള്‍ നന്നായി നടക്കണമെന്ന് ആഗ്രഹം കാണും. പത്രക്കാരെ തല്ലുന്നത് അദ്ദേഹത്തിന്റെ വിഷയമല്ല. അതുകൊണ്ടാണ് തല്ലുകിട്ടിയാലും അതു സഹിച്ച് പോയി റിപ്പോര്‍ട്ട് ചെയ്തുകൊള്ളണമെന്ന് പറയാതെ പറഞ്ഞത്. ഗവര്‍ണ്ണറോടുള്ള എല്ലാ ബഹുമാനവും വെച്ചുകൊണ്ട് പറയട്ടെ -ആ വാര്‍ത്ത ഞങ്ങള്‍ക്ക് വേണ്ട സര്‍. ലോക് അദാലത്ത് അത്ര വലിയ സംഭവമാണെങ്കില്‍ ജഡ്ജിമാരും വക്കീലന്മാരും കേരളത്തില്‍ അങ്ങോളമിങ്ങോളം ഇറങ്ങി നടന്ന് വീടുകളില്‍ കയറി അറിയിപ്പ് കൊടുത്താട്ടെ. നന്നായി നടത്തിയാട്ടെ. പാവങ്ങളായ ഞങ്ങളെ വിട്ടേരെ സാറേ..

കേരള ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാന്‍ കൊച്ചിയിലെ പൊതുനിരത്തില്‍ ഒരു യുവതിയുടെ വേണ്ടാത്തിടത്ത് പിടിച്ച കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകരെ വക്കീലന്മാര്‍ കുറെ നാളായി പഞ്ഞിക്കിടുന്നത്. ഇനിയും തല്ലു കിട്ടാതിരിക്കാന്‍ ഞങ്ങള്‍ കൂട്ടായി ഒരു കാര്യം തീരുമാനിച്ചു -ഒരു വക്കീലുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും ഇനി കൊടുക്കില്ല. അത് ഏതു തരത്തിലുള്ളതായാലും. എന്നു വെച്ചാല്‍ ഒരു വക്കീലിന്റെയും പേരോ ചിത്രമോ പത്രത്തിലോ ചാനലിലോ കൊടുക്കേണ്ടതില്ല. ഒരു റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹിയായി വക്കീലുണ്ടെങ്കില്‍ ആ റെസിഡന്റ്‌സ് അസോസിയേഷന്റെ വാര്‍ത്ത വേണ്ട. പരിപാടിയുടെ ഉദ്ഘാടനം ജഡ്ജിയോ വക്കീലോ ആണെങ്കില്‍ അതും വേണ്ട.

ഒരു പത്രം കൊടുക്കാത്തത് മറ്റൊരു പത്രത്തില്‍ കുത്തിക്കയറ്റാമെന്ന മോഹമൊന്നും വേണ്ട. എല്ലാവരും കൂട്ടായെടുത്ത തീരുമാനമാണ്. തല്ലുന്നത് മാതൃഭൂമിയാണോ മനോരമയാണോ കേരള കൗമുദിയാണോ ദേശാഭിമാനിയാണോ എന്നു നോക്കിയിട്ടല്ലല്ലോ. പേന കൈയിലുണ്ടോ എന്നു മാത്രം നോക്കിയിട്ടല്ലേ? മാധ്യമപ്രവര്‍ത്തകരുമായി സഹകരിക്കുന്ന വക്കീലന്മാരുണ്ട്. അവര്‍ക്ക് ചിലപ്പോള്‍ ഇളവു നല്‍കിയേക്കാം. കാരണം, അവര്‍ ഞങ്ങളെ തല്ലില്ല എന്നുറപ്പുണ്ട്. ആ ഇളവിന് അര്‍ഹരായവരെപ്പറ്റിയും എല്ലാവര്‍ക്കും പരസ്പരധാരണയുണ്ട്.

സത്യത്തിന്റെ പാത കല്ലും മുള്ളും നിറഞ്ഞതാണെന്നൊക്കെ ഒരു ഭംഗിക്കു പറയാം. പക്ഷേ, വൈകിയാണെങ്കിലും ഞങ്ങള്‍ക്ക് ബുദ്ധിവെച്ചു. കല്ലും മുള്ളും വിട്ടു. ഇപ്പോള്‍ പുല്‍ത്തകിടിയാണ് പ്രിയം. തടി കേടാകുന്ന പണിക്ക് ഇനി ഇല്ല. തടിയുണ്ടെങ്കിലേ സാമൂഹികപ്രതിബദ്ധതയുമുള്ളൂ.

#boycottlokadalat

MORE READ

ഈ ലോക റെക്കോഡ് നമുക്ക് വേണം... ലോകത്ത് ഏറ്റവുമധികം വനിതകള്‍ ഒരു പ്രത്യേക ചടങ്ങിനായി ഒത്തുചേര്‍ന്നതിന്റെ റെക്കോഡ് കേരളത്തിലാണ്. 2009 മാര്‍ച്ച് 10ന് നടന്ന ആറ്റുകാല്‍ പൊങ്കാലയുടെ പേരില...
കൈക്കൂലിപ്പാപികള്‍ക്ക് രാജ്യാന്തരപ്രശസ്തി... മലയാളികള്‍ക്ക് അത്രയ്‌ക്കൊന്നും അഭിമാനിക്കാന്‍ വകയില്ലാത്ത കാര്യമാണ് പറയാന്‍ പോകുന്നത്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയ...
നോ പാര്‍ക്കിങ് അവകാശവാദങ്ങള്‍... തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ പിന്‍കവാടത്തിനു സമീപത്തായി പവര്‍ ഹൗസ് റോഡില്‍ കാര്‍ നിര്‍ത്തിയ ദീപു ദിവാകര്‍ എന്ന യുവവ്യവസായിക്ക് പൊലീസില്‍ നിന്നു...
We, the PEOPLE The constitution is under threat. Each and every citizen of the country has the responsibility to uphold its sanctity. Majority of the public are awar...
കാടുജീവിതം അട്ടപ്പാടിയിലെ അഗളി ചിണ്ടക്കി ഊരില്‍ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു. അവന്‍ നല്‍കിയ നടുക്കം അടുത്തൊന്നും വിട്ടുമാറുമെന്ന് തോന്നുന്നില്ല. ദൈന്യത...
മാതൃകയാക്കാം… ഈ വിവാഹം... നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ തള്ളിക്കയറ്റത്തില്‍ പിന്തള്ളപ്പെട്ടു പോയ ഒരു വിവാഹ വാര്‍ത്തയുണ്ട്. നമ്മളെല്ലാവരും അറിഞ്ഞിരിക്ക...
ഡല്‍ഹി കുലുങ്ങി!! മലയാളിക്ക് ജയം!!!... ജോഷില്‍ 25 ദിവസം പട്ടിണി കിടന്നത് വെറുതെയായില്ല. അരവിന്ദ് കെജരിവാള്‍ ഒടുവില്‍ താഴേക്കിറങ്ങി വന്നു. പ്രശ്‌നങ്ങള്‍ പരിശോധിക്കാനും ചര്‍ച്ച നടത്താനും തയ്യ...

 • 104
 • 31
 •  
 •  
 • 30
 •  
  165
  Shares
 •  
  165
  Shares
 • 104
 • 31
 •  
 •  
 • 30

COMMENT