സഫലമീ പ്രണയം

യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ധാരാളം പ്രണയങ്ങള്‍ കണ്ടിട്ടുണ്ട്. ലോകം മുഴുവന്‍ എതിര്‍ത്താലും തങ്ങള്‍ ഒരുമിച്ചു ജീവിക്കുമെന്നുറപ്പിച്ച പ്രണയികള്‍. പക്ഷേ, കലാലയ ജീവിതം അവസാനിക്കുന്നതോടെ ഒട്ടേറെ പ്രണയപുഷ്പങ്ങള്‍ കരിഞ്ഞുണങ്ങി വാടിക്കൊഴിയുന്നതും കണ്ടു. എന്തുകൊണ്ടോ, പലര്‍ക്കും പ്രണയം കലാലയ കാലത്തെ ഒരു ടൈംപാസ് മാത്രമായി.

ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പ്രണയം ഇന്നത്തെപ്പോലെ ആയാസരഹിതമായിരുന്നില്ല. ഇന്ന് ‘I LOVE U DA’ എന്നൊരു എസ്.എം.എസ്. ചെല്ലുമ്പോള്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്ന് ‘PO DA’ എന്നു മറുപടി വരുന്നിടത്ത് സംഗതി ക്ലോസ്. ഇലയ്ക്കും മുള്ളിനും കേടില്ല. പക്ഷേ, അന്ന് പ്രേമലേഖനങ്ങളായിരുന്നു പ്രധാന ഉപാധി. പല സുഹൃത്തുക്കള്‍ക്കും പ്രേമലേഖനങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ടെങ്കിലും ആ കഴിവ് സ്വന്തം ആവശ്യത്തിന് ഉപകരിച്ചിട്ടില്ല. പ്രേമലേഖനങ്ങളാണ് എന്റെ ആദ്യ സാഹിത്യകൃതികള്‍ എന്നു പറഞ്ഞാല്‍പ്പോലും തെറ്റില്ല.

പല സുന്ദരികളെയും കണ്ടപ്പോള്‍ ഒന്നു പ്രേമിച്ചാലോ എന്നു തോന്നിയിട്ടുണ്ട് എന്നതു സമ്മതിക്കുന്നു. പക്ഷേ, പ്രേമിക്കാനും വേണ്ടേ ഒരു ധൈര്യം. പഠനകാലത്ത് ആ ധൈര്യം ഉണ്ടായില്ല. ചില കൂട്ടുകാരൊക്കെ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നോ രക്ഷ. പില്‍ക്കാലത്ത് ആ കുറവ് പരിഹരിച്ചു എന്നത് വേറെ കാര്യം. അപ്പോഴും ലേഖനം ഉപകരിച്ചില്ല. കാരണം മൊബൈല്‍ ഫോണിന്റെ ആവിര്‍ഭാവം തന്നെ.

Prabodh 1

അതിരാവിലെ കോളേജിലെത്തുക എന്നതാണ് നല്ല കാമുകന്റെ ലക്ഷണം. ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുമായി സല്ലപിക്കാന്‍ ഏറ്റവും നല്ല അവസരം അവള്‍ കോളേജിലേക്കു കടന്നുവരുന്ന വഴിയാണ്. പെണ്‍കുട്ടികള്‍ കോളേജിനകത്ത് കയറിപ്പോയാല്‍ പിന്നെ അവരെ ഒറ്റയ്ക്കു കിട്ടാന്‍ പാടാണ്. കൂട്ടുകാരികള്‍ ഒപ്പമുണ്ടാവും, അല്ലെങ്കില്‍ ക്ലാസ്സിലെ ഉത്തരവാദപ്പെട്ട ‘സംരക്ഷകര്‍’ കാവലുണ്ടാവും.

ഞാന്‍ എഴുതിക്കൊടുത്ത പ്രേമലേഖനവുമായി ഇഷ്ടപ്പെട്ട പെണ്‍കൊടി വരുന്നതും കാത്ത് നില്‍ക്കുന്ന ചങ്ങാതിമാര്‍ക്കൊപ്പം എത്രയോ തവണ കാവല്‍ നിന്നിരിക്കുന്നു. പ്രണയലേഖനം എഴുതി വാങ്ങുന്ന ആവേശമൊന്നും പല കാമുകപുംഗവന്മാര്‍ക്കും അതു നല്‍കാന്‍ ഉണ്ടാവില്ല, മുട്ടിടിക്കും. അപ്പോള്‍ ഉന്തിത്തള്ളി വിടുക എന്നതും നമ്മുടെ ഉത്തരവാദിത്തമാണ്. ചില വിരുതന്മാര്‍ നിയുക്ത കാമുകിയുടെ കാലുപിടിച്ചപേക്ഷിക്കുന്നതു വരെ കണ്ടിട്ടുണ്ട്. പക്ഷേ, കാമ്പസ് ലൗ വെറും ടൈംപാസ് മാത്രമാണെന്ന ചിന്ത മനസ്സിലുറപ്പിക്കുന്നതായിരുന്നു പല അനുഭവങ്ങളും.

ഞാന്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ എനിക്ക് ഒരു വര്‍ഷം സീനിയറായി ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഒരു പ്രണയകഥയിലെ നായിക. കാമുകന്‍ എന്റെ ഒരു സുഹൃത്തു തന്നെ. അവരുടെ ചൂടന്‍ പ്രണയം കാമ്പസ് മുഴുവന്‍ ചര്‍ച്ചയായിരുന്നു. ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടന്നിരുന്ന പെണ്‍കുട്ടിയെ ചില അദ്ധ്യാപകര്‍ പോലും ഉപദേശിക്കാന്‍ തുനിഞ്ഞിട്ടുണ്ട്. ‘ഞങ്ങളുടെ മാര്യേജ് ഫിക്‌സ് ചെയ്തതാ’ എന്ന മറുപടി നല്‍കി പെണ്‍കുട്ടി അവരുടെയെല്ലാം വായടച്ചു. കാമ്പസില്‍ നിന്നു പഠിച്ചിറങ്ങിയിട്ടും നമ്മുടെ യുവകാമുകന്‍ എല്ലാ ദിവസവും കൃത്യമായി അറ്റന്‍ഡന്‍സ് വെയ്ക്കുന്നതു തുടര്‍ന്നു, മുത്തശ്ശി മാവിന്‍ ചുവട്ടിലായിരുന്നു എന്നു മാത്രം.

ഒടുവില്‍ പെണ്‍കുട്ടിയും പഠിച്ചിറങ്ങാറായി. നമ്മുടെ കാമുകന്‍ അതിനകം ചെറിയൊരു ജോലി തരപ്പെടുത്തിയിരുന്നു. കാമുകിയുടെ പഠനം പൂര്‍ത്തിയായാലുടന്‍ വിവാഹം. ഒരു ദിവസം കേള്‍ക്കുന്നത് അവരുടെ പ്രണയം അവസാനിച്ചു എന്നതാണ്. നല്ല സുഹൃത്തുക്കളായി വേര്‍പിരിഞ്ഞുവത്രേ. കാരണം ചോദിക്കാന്‍ എന്റെ സുഹൃത്തിനെ പിന്നെ കണ്ടതേയില്ല. അവന്‍ അതിനു ശേഷം കോളേജില്‍ വന്നിട്ടില്ല. ജോലി കിട്ടി മറ്റേതോ നഗരത്തിലേക്കു പോയെന്നു കേട്ടു. ഒടുവില്‍ രണ്ടും കല്പിച്ച് എന്റെ സീനിയറായ എക്‌സ്-കാമുകിയോടു തന്നെ ചോദിച്ചു, പിരിയാനുള്ള കാരണം. ‘ഞങ്ങളുടെ ഹൊറൊസ്‌കോപ് ചേരില്ല’ -അവളുടെ മറുപടി കേട്ട് ഞാന്‍ തരിച്ചുനിന്നു. പ്രണയിക്കുന്നതിനു മുമ്പ് ജാതകച്ചേര്‍ച്ച നോക്കണം എന്ന പുതിയ പാഠം അന്നു പഠിച്ചു.

Prabodh

ഇനി മറ്റൊരനുഭവം. അടുത്തിടെ മാധ്യമരംഗത്തുള്ള ഒരു സുഹൃത്തു മുഖേന ഒരാളെ പരിചയപ്പെട്ടു. പഠിച്ചത് യൂണിവേഴ്‌സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു -‘എന്റെ ഭാര്യയും അവിടെ ഇംഗ്ലീഷിലാണ് പഠിച്ചത്’. കൂടുതല്‍ സംസാരിച്ചപ്പോള്‍ ഒരേ കാലഘട്ടത്തില്‍ പഠിച്ചവര്‍ തന്നെ. പെണ്‍കുട്ടിയുടെ പേരു പറഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി -കാമ്പസില്‍ എല്ലാവര്‍ക്കും അറിയാവുന്ന ഒരു വിഖ്യാത പ്രണയകഥയിലെ നായിക. ആ നിമിഷം വരെ ഞാന്‍ കരുതിയിരുന്നത് പഠനകാലശേഷം ആ കാമുകനും കാമുകിയും ഒരുമിച്ചു സന്തോഷമായി ജീവിക്കുന്നു എന്നാണ്. ഏതായാലും പുതിയ സുഹൃത്തിനോട് അദ്ദേഹത്തിന്റെ ഭാര്യയെ ‘കണ്ടാല്‍ അറിയുമായിരിക്കും’ എന്നു മാത്രം പറഞ്ഞ് തടിയൂരി.

ഇത് പൊളിഞ്ഞ പ്രേമങ്ങളുടെ കഥ. കാമ്പസിലെ എല്ലാ പ്രണയങ്ങളും പൊളിയാണെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല. പൊളിഞ്ഞ പ്രണയകഥകള്‍ പറഞ്ഞാല്‍ മാത്രമേ വിജയിച്ച പ്രണയകഥയുടെ വില മനസ്സിലാവുകയുള്ളൂ. പൊളിഞ്ഞവയെക്കാള്‍ എത്രയോ മഹത്തരമാണ് വിജയിച്ച പ്രണയങ്ങള്‍. അത്തരമൊരു വിജയപ്രണയം അടുത്തിടെ വിവാഹത്തില്‍ കലാശിച്ചു.

പ്രബോധും ശ്യാമയും യൂണിവേഴ്‌സിറ്റി കോളേജിലെ എനിക്കു ശേഷമുള്ള തലമുറയില്‍പ്പെട്ടവരാണ്. പഠിക്കുന്ന കാലത്ത് തെളിയിച്ച പ്രണയത്തിന്റെ അഗ്നി കാലമേറെ ചെന്നിട്ടും കെടാതെ മനസ്സില്‍ സൂക്ഷിച്ചവര്‍. അടുത്തിടെ ഇരുവരെയും ഒരുമിച്ചു കണ്ടു -യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ചു തന്നെ. കലാലയ മുത്തശ്ശിയുടെ 150-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സംഘാടക സമിതിക്കു രൂപം നല്‍കാനുള്ള യോഗം ചേരുന്ന വേളയിലാണ് തലമുറകള്‍ക്കതീതമായി എല്ലാവരും ഒത്തുചേര്‍ന്നത്. പ്രബോധിനെ നേരത്തേ അറിയാം. അവനും എന്നെപ്പോലെ മാധ്യമപ്രവര്‍ത്തകനാണ്. ശ്യാമയെ അന്നാണ് പരിചയപ്പെട്ടത്.

മുത്തശ്ശിയുടെ 150-ാം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചനകള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ പ്രബോധും ശ്യാമയും അവരുടെ വിവാഹം ക്ഷണിക്കുന്നതിന്റെ തിരക്കിലായിരുന്നു. കാമ്പസില്‍ മൊട്ടിട്ട വര്‍ഷങ്ങള്‍ നീണ്ട പ്രണയം സഫലമാകുന്നതിനുള്ള ക്ഷണം കാമ്പസില്‍ വെച്ചു തന്നെ അവര്‍ കൈമാറി. മറ്റൊരുപാടു തിരക്കുകള്‍ ഉണ്ടായിട്ടും അവരുടെ വിവാഹദിനത്തില്‍ ആശംസകള്‍ നേരാന്‍ കൃത്യമായി ഞാന്‍ എത്തുകയും ചെയ്തു. പ്രണയികളോടുള്ള ഐക്യദാര്‍ഢ്യം.

പ്രബോധിനും ശ്യാമയ്ക്കും എല്ലാ മംഗളങ്ങളും നേരുന്നു. ഇത്രയും കാലം കാത്ത പ്രണയത്തിന്റെ കെടാവിളക്ക് ഇനിയും അണയാതെ സൂക്ഷിക്കാന്‍ നിങ്ങള്‍ക്കാവുമെന്ന് എനിക്കുറപ്പുണ്ട്. സുന്ദരസുരഭിലമായ ഒരു വൈവാഹിക ജീവിതത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

Print Friendly

STORY TRACKER

ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം... ആപത്തുകാലത്ത് ഒപ്പം നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. നിലയില്ലാക്കയത്തില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ കച്ചിത്തുരുമ്പെങ്കിലും നീട്ടുന്നവന്റെ ജാതകം ആര...
വിശ്വാസം വിശ്വാസിയാകുന്നത് തെറ്റാണോ? വിശ്വാസിയാണെന്നു പറയുന്നത് തെറ്റാണോ? ഇടതുപക്ഷം പറയുന്ന ശരികളെ പിന്തുണച്ചാല്‍ വിശ്വാസിയല്ലാതാകുമോ? ഞാന്‍ വിശ്വാസിയല്ലെന്...
വിഷുക്കൈനീട്ടമായി സ്‌കാനിയ വരുന്നു... ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംതൃപ്തി ലഭിക്കുന്നത് എപ്പോഴാണ്? നമ്മള്‍ പുറത്തുകൊണ്ടുവന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജനോപകാരപ്രദമായ നടപട...
വാര്‍ത്ത എഴുതുന്നവരെക്കുറിച്ചുള്ള വാര്‍ത്ത... സമകാലിക മലയാളം വാരികയില്‍ പി.എസ്.റംഷാദിന്റേതായി ഒരു വാര്‍ത്ത വന്നിട്ടുണ്ട്. തലക്കെട്ട് ഇങ്ങനെ -'പ്രസിദ്ധീകരണ യോഗ്യമല്ല, ഈ അഴിമതി'. അതിനെക്കുറിച്ചാണ് ഈ...
Advertisements

Content Protection by DMCA.com

9847062789@upi

 

COMMENT