Reading Time: 5 minutes

എന്താണ് കടം എഴുതിത്തള്ളല്‍? എല്ലാവരും ചര്‍ച്ച ചെയ്യുന്നത് ഇതാണ്. വന്‍കിടക്കാരുടെ വായ്പ എഴുതിത്തള്ളി എന്ന പേരില്‍ ജനരോഷം ‘ഇരമ്പുന്നുണ്ട്’. കുറഞ്ഞപക്ഷം സമൂഹമാധ്യമങ്ങളിലെങ്കിലും ആ ഇരമ്പം കേള്‍ക്കാം. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഇരമ്പേണ്ടത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഈ വായ്പകള്‍ അനുവദിക്കുമ്പോഴല്ലേ? എഴുതിത്തള്ളുന്നതിനെക്കാള്‍ വലുതാണ് വായ്പ അനുവദിക്കുന്നതിലുള്ള കുഴപ്പങ്ങള്‍. ഇപ്പോള്‍ വിവാദനായകനായ വിജയ് മല്ല്യയുടെ ചെയ്തികള്‍ ആധാരമാക്കി വിശദമായ ചര്‍ച്ച ആവശ്യമുള്ള വിഷയമാണത്.

vijay mallya (3).jpg

WRITE OFF അഥവാ എഴുതിത്തള്ളല്‍ ഒരു അക്കൗണ്ടിങ് പ്രതിഭാസമാണ്. തീര്‍ത്തും സാങ്കേതികം. അതുകൊണ്ട് വായ്പ തിരിച്ചടയ്‌ക്കേണ്ട എന്ന് അര്‍ത്ഥമില്ല. കണക്ക് പുസ്തകത്തിലെ ഒരു താളില്‍ നിന്ന് മറ്റൊരു താളിലേക്ക് വായ്പയുടെ വിവരങ്ങള്‍ മാറ്റിയെഴുതുന്നു എന്നു വേണമെങ്കില്‍ പറയാം. എല്ലാ കുടിശ്ശികളും പരിഹരിച്ച് വായ്പ ഒഴിവാക്കുന്നതിനെ SETTLEMENT അഥവാ തീര്‍പ്പാക്കല്‍ എന്നാണ് പറയുക. ബാങ്കും കടക്കാരനും നടത്തുന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ തിരിച്ചടയ്ക്കാവുന്ന മുതലും പലിശയും സംബന്ധിച്ച ധാരണയിലെത്തി പരസ്പര സമ്മതത്തോടെ വായ്പ തീര്‍പ്പാക്കുന്നു. ഇതനുസരിച്ച് ജപ്തി ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഒഴിവാകുകയും ചെയ്യും. എഴുതിത്തള്ളല്‍ എന്തായാലും ഇതല്ല.

വിജയ് മല്ല്യ ഉള്‍പ്പെടെ 63 പേരുടെ വായ്പകള്‍ എസ്.ബി.ഐ. എഴുതിത്തള്ളി എന്നതാണല്ലോ ചര്‍ച്ചയ്ക്കു വഴിമരുന്നിട്ടത്. പലരും തങ്ങളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുമോ, ഭവനവായ്പ എഴുതിത്തള്ളുമോ എന്നൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പകുതി കളിയായും പകുതി കാര്യമായും ചോദിക്കുന്നുണ്ട്. പകുതി കാര്യം എന്നു പറഞ്ഞത്, മല്ല്യയ്ക്കാവാമെങ്കില്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന ചിന്താഗതി തന്നെ. എഴുതിത്തള്ളല്‍ കൊണ്ട് ബാങ്കിന് കാര്യമായ നഷ്ടമുണ്ടാവുമെന്നു തോന്നുന്നില്ല. അതോടൊപ്പം ബന്ധപ്പെട്ട ഇടപാടുകാരന് നേട്ടമുണ്ടാവില്ല എന്നും പറയുന്നില്ല. വായ്പ അവസാനിക്കുന്നില്ല എങ്കിലും എഴുതിത്തള്ളുന്ന ദിവസം മുതല്‍ അതിനുമേല്‍ പലിശ കണക്കാക്കില്ല. അതു വലിയൊരു നേട്ടം തന്നെയാണ്. വിദ്യാഭ്യാസ വായ്പയും ഭവനവായ്പയുമൊക്കെ ‘എഴുതിത്തള്ളണ്ണം’ എന്നാവശ്യപ്പെടുന്നതിനെക്കാള്‍ ‘തീര്‍പ്പാക്കണം’ എന്നാവശ്യപ്പെടുന്നതാണ് അഭികാമ്യം.

sbi logo.jpg

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതില്‍ 51 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റേതാണ്. ബാക്കി 49 ശതമാനം മൂലധനം ജനങ്ങള്‍ക്കു സ്വന്തം. പൊതുജനങ്ങള്‍ എസ്.ബി.ഐ. ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നത് ലാഭവിഹിതവും ഡിവിഡന്റുമൊക്കെ പ്രതീക്ഷിച്ചു തന്നെയാണ്. തിരിച്ചടയ്ക്കാത്ത കടം ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയാണ്. നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിക്കുന്നത് ബാങ്കിന്റെ ലാഭത്തെ നേരിട്ട് ബാധിക്കും. പ്രവര്‍ത്തനലാഭം താഴേക്കു പോകുമെന്നര്‍ത്ഥം. ഇടപാടുകള്‍ കൂടുന്നതനുസരിച്ച് നേടുന്ന ലാഭം കണക്കില്‍ കാണിക്കാനാവാത്ത സ്ഥിതി വരും. ലാഭവിഹിതം കുറയും, ചിലപ്പോള്‍ ഉണ്ടായെന്നു തന്നെ വരില്ല. ലാഭം കണക്കുപുസ്തകത്തില്‍ ആകര്‍ഷകമായില്ലെങ്കില്‍ ബാങ്കിന്റെ ഓഹരിമൂല്യം മെച്ചപ്പെടാനുള്ള സാദ്ധ്യത കുറയും. ഇത് ബാങ്കിന്റെ വളര്‍ച്ചയെ ബാധിക്കും. മൊത്തം പ്രവര്‍ത്തനലാഭത്തില്‍ നിന്ന് നിഷ്‌ക്രിയ ആസ്തിക്ക് ഒരു വിഹിതം നീക്കിവെയ്ക്കുക എന്ന മാര്‍ഗ്ഗമാണ് ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ക്കു മുന്നിലുള്ളത്. ഈ വിഹിതം ഉപയോഗിച്ച് നിഷ്‌ക്രിയ ആസ്തി കിട്ടാക്കടമാക്കി മാറ്റിയെഴുതി കണക്കുപുസ്തകം വൃത്തിയാക്കും. അതാണ് ഇപ്പോള്‍ സംഭവിച്ചത്.

kingfisher.jpg

എഴുതിത്തള്ളലിനെക്കാള്‍ ഇടപാടുകാരന് നേട്ടം തീര്‍പ്പാക്കലാണെന്ന് പറഞ്ഞുവല്ലോ. നുമ്മടെ മല്ല്യ ചേട്ടന് നേരത്തേ ബാങ്കുകള്‍ തീര്‍പ്പാക്കല്‍ അവസരം നല്‍കിയിരുന്നത് പുള്ളി തള്ളിക്കളഞ്ഞതാണ്. ഇതു പോലും പ്രയോജനപ്പെടുത്താന്‍ തയ്യാറാവാത്ത അദ്ദേഹത്തെ ബോധപൂര്‍വ്വം പിഴവു വരുത്തുന്നതയാള്‍ എന്ന അര്‍ത്ഥത്തില്‍ WILFUL DEFAULTER ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇപ്പോഴത്തെ എഴുതിത്തള്ളല്‍ നടപടിക്കു വലിയ പ്രസക്തിയില്ല. വേറെ കാര്യമായി ഒന്നും ചെയ്യാനില്ല എന്നതുകൊണ്ടും പ്രസക്തി നഷ്ടപ്പെടാം. ഏതു വലയും പൊട്ടിക്കാനുള്ള ശേഷി കൈമുതലാക്കിയ മീനാണ് മല്ല്യ. മല്ല്യ മാത്രമല്ല, വേറെയും ധാരാളം പേരുണ്ട്. നമ്മള്‍ അതുപോലെയാവാന്‍ ശ്രമിക്കണ്ട, കഴിയില്ല തന്നെ.

കുറച്ചുകൂടി വ്യക്തമായി പറയാം. ബാങ്കിന്റെ കണക്കുപുസ്തകത്തെ BALANCE SHEET എന്നു പറയാം. വരുമാനം ഇല്ലാതെ നിഷ്‌ക്രിയമായി മാറിയ ആസ്തികളെ -വിജയ് മല്ല്യയെപ്പോലുള്ളവര്‍ എടുത്ത വായ്പകളെ – ADVANCED UNDER RECOVERY COLLECTIONS ACCOUNT ആയി മാറ്റും. ഇത് റിസര്‍വ് ബാങ്ക് തന്നെ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന അവസരമാണ്. AUCA അക്കൗണ്ടിലേക്ക് മാറ്റുക എന്നാല്‍ വായ്പ തിരിച്ചടവ് വേണ്ടെന്നു വെയ്ക്കുക എന്നതല്ല. അക്കൗണ്ടിംഗ് ചട്ടപ്രകാരം ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ അവരുടെ അക്കൗണ്ടിംഗ് ബുക്കുകളില്‍ എഴുതിത്തള്ളണം. മല്ല്യയെപ്പോലെ എന്തായാലും വായ്പ തിരിച്ചടയ്ക്കില്ല എന്ന വാശിയുള്ള കുടിശ്ശികക്കാരന്റെ ചെയ്തി ബാങ്കിന്റെ ഓഹരിയുടമകളെ ദോഷകരമായി ബാധിക്കാതിരിക്കാനുള്ള വഴി. പക്ഷേ, പണം തിരിച്ചുപിടിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാതിരിക്കാനാവില്ല. അതേസമയം, സ്വാധീനമുള്ളവര്‍ക്ക് തുടര്‍നടപടികള്‍ മരവിപ്പിക്കാനാവും എന്നതും സത്യമാണ്. എന്നാല്‍, ഏതെങ്കിലും ഘട്ടത്തില്‍ ബാങ്ക് കേസ് നടത്തി മല്ല്യയെപ്പോലുള്ള കുടിശ്ശികക്കാരില്‍ നിന്നു മുതല്‍ തിരിച്ചുപിടിക്കുകയാണെങ്കില്‍ അത് പിന്നെ ലാഭമായിട്ടായിരിക്കും ബുക്കില്‍ വരിക. ഇതിന്റെയൊന്നും യുക്തി ചോദിക്കരുത്, സാമാന്യ അക്കൗണ്ടിങ് നിയമങ്ങളാണ് എന്ന മറുപടി മാത്രമേ എനിക്കുള്ളൂ. അതുതന്നെ ഇതു സംബന്ധിച്ച് വിവരമുള്ളവരില്‍ നിന്നു ചോദിച്ചു മനസ്സിലാക്കിയത്. കേരള ഹൈക്കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമബിരുദം വേണം എന്നു പറയുന്നതുപോലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പഠിച്ച ശേഷമേ ഇത്തരം കുറിപ്പുകള്‍ എഴുതാവൂ എന്നൊന്നും പറഞ്ഞേക്കരുത്, കുഴഞ്ഞുപോകും.

Mallya-with-models.jpg

വിജയ് മല്ല്യയ്ക്ക് വഴിവിട്ട ആനുകൂല്യം സര്‍ക്കാര്‍ ലഭ്യമാക്കുന്നു എന്ന പേരിലാണ് പ്രതിഷേധം ഉയരുന്നത്. പ്രതിഷേധം അത്യാവശ്യമാണ്. പക്ഷേ, എഴുതിത്തള്ളലിന്റെ പേരില്‍ വേണ്ട. അതില്‍ പ്രതിഷേധത്തിനു വകുപ്പില്ല. പ്രതിഷേധിക്കേണ്ടത് നമ്മുടെയൊക്കെ പണം മല്ല്യയെപ്പോലുള്ളവരുടെ കീശയിലെത്തുന്നതിന് എതിരെയാണ്. ഒരു ബാങ്കില്‍ നിന്ന് 75,000 രൂപ വിദ്യാഭ്യാസ വായ്പ എടുക്കുക എന്നത് ഇന്നത്തെ നിലയില്‍ ഏതാണ്ട് അസാദ്ധ്യം എന്നു തന്നെ പറയാവുന്ന വസ്തുതയാണ്. അത്രമാത്രം നൂലാമാലകളുണ്ട്. അങ്ങേയറ്റം ക്ഷമാശീലര്‍ക്കു മാത്രം സാധിക്കുന്ന കാര്യം. എത്രയൊക്കെ വായ്പാസൗഹൃദമാണെന്ന് ബാങ്കുകള്‍ അവകാശപ്പെട്ടാലും ഇതാണ് സത്യം. എന്നാല്‍, കോടികളുടെ വായ്പയ്ക്കാണ് നിങ്ങള്‍ അപേക്ഷിക്കുന്നതെങ്കില്‍ ഒരാഴ്ചയ്ക്കകം തുക കൈയിലെത്തും. ഈടൊക്കെ ബാങ്കുകാര്‍ തന്നെ നിശ്ചയിച്ചുകൊള്ളും. അക്കാര്യത്തില്‍ വായ്പാസൗഹൃദം തന്നെയാണ്. അതാണ് ഇന്ത്യയിലെ ബാങ്കിങ് സംവിധാനം.

mallya assets.jpg

വിജയ് മല്ല്യയുടെ 1,200 കോടിയോളം രൂപയാണ് ഇപ്പോള്‍ കണക്കുപുസ്തകത്തില്‍ മാറ്റിയെഴുതപ്പെട്ടിരിക്കുന്നത്. എഴുതിത്തള്ളല്‍ എന്നാല്‍ ഒഴിവാക്കിക്കൊടുക്കല്‍ അല്ല എന്നാണെങ്കിലും മല്ല്യ ആണ് എതിര്‍കക്ഷി എന്നതിനാല്‍ ചില സംശയങ്ങള്‍ ഉയരുക സ്വാഭാവികം. മല്ല്യയ്ക്ക് ഈ വായ്പ എങ്ങനെ കിട്ടി എന്നതിനെക്കുറിച്ച് ചെറിയൊരു സൂചനയെങ്കിലും ഉള്ളയാളാണെങ്കില്‍ ഇപ്പോഴത്തെ നടപടി എഴുതിത്തള്ളല്‍ അല്ല തീര്‍പ്പാക്കല്‍ തന്നെയാണെന്ന് സംശയിച്ചുപോകുക സ്വാഭാവികം.

kf debts.jpg

രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടിയോളം രൂപ വിജയ് മല്ല്യ വായ്പയെടുത്തിട്ടുണ്ട് എന്നാണ് കണക്ക്. തുക കേട്ട് അന്തം വിടേണ്ട. മല്ല്യ ഈ പട്ടികയിലെ ചെറുമീനുകളില്‍ ഒരാളാണ്. ഒരു ലക്ഷം കോടിയിലേറെ രൂപ വീതം വായ്പയെടുത്ത മുകേഷ് -അനില്‍ അംബാനിമാരുടെയൊക്കെ മുന്നില്‍ ഈ മല്യയൊക്കെ എന്ത്! ഈട് ലഭ്യമാക്കിയിട്ടാണ് വായ്പയെടുത്തിട്ടുള്ളത് എന്ന് വാദമുയരാം. പക്ഷേ, കൃത്യമായ ഈട് കൊടുത്തിട്ടുണ്ടെങ്കിലല്ലേ? 9,000 കോടി രൂപ വായ്പയെടുക്കാന്‍ മല്യ കൊടുത്ത പ്രധാന ഈട് എന്തെന്ന് അറിയണ്ടേ? 4,000 കോടി രൂപയ്ക്കു പകരമായി ‘കിങ്ഫിഷര്‍’ എന്ന ബ്രാന്‍ഡ് നെയിം. അത് വെറുമൊരു സങ്കല്പമല്ലേ എന്ന് നമ്മളെപ്പോലെ സാമാന്യബുദ്ധിയുള്ള ആരും ചോദിക്കും. പക്ഷേ, വായ്പ നല്‍കാന്‍ ചുമതലപ്പെട്ട ബാങ്കുദ്യോഗസ്ഥര്‍ക്ക് ഈ സാമാന്യബുദ്ധി ഉണ്ടായില്ല. ബുദ്ധി ഇല്ല എന്ന് അഭിനയിച്ചതാവാനാണ് സാദ്ധ്യത. മല്ല്യ വീശിയ മഞ്ഞനോട്ടുകള്‍ക്കു മുന്നില്‍ ഉദ്യോഗസ്ഥരുടെ കണ്ണുകളും സാമാന്യബുദ്ധിയുമെല്ലാം മഞ്ഞളിച്ചു. എഴുതിത്തള്ളിയാലും വായ്പ തിരിച്ചുപിടിക്കുന്നത് തുടരുമെന്നാണ് വെയ്പ്. അങ്ങനെ തിരിച്ചുപിടിക്കാന്‍ ചെല്ലുമ്പോള്‍ മുന്നില്‍ ‘കിങ്ഫിഷര്‍’ എന്ന ബ്രാന്‍ഡ് സങ്കല്പം മാത്രമാണ്. ഈ സങ്കല്പത്തിനു തന്നെ ഇന്നുള്ള മൂല്യമറിയാമോ? വെറും 6 കോടി. അതായത് 3,994 കോടി രൂപ വായുവില്‍ സങ്കല്പമായി വിലയം പ്രാപിച്ചു.

kf logo.jpg

മല്ല്യയ്ക്കു വായ്പ നല്‍കാന്‍ ബാങ്കുകള്‍ സ്വീകരിച്ച മറ്റൊരു പണയവസ്തു ഗോവയിലെ വില്ലയാണ്. എന്നാല്‍, മല്ല്യ തനിരൂപം കാട്ടിയപ്പോഴാണ് ബാങ്കുകള്‍ ഇതു സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയത്. വില്ല യു.ബി. ഗ്രൂപ്പിന്റേതാണ്, മല്ല്യയുടേതല്ല. അപ്പോള്‍ അതിന്റെ കാര്യവും സ്വാഹ. വായ്പ തിരിച്ചുപിടിക്കാന്‍ പറ്റുമായിരുന്നു, കൊടുത്ത പണത്തിനു തുല്യമായ ഈട് മല്ല്യയില്‍ നിന്ന് എഴുതി വാങ്ങിയിരുന്നുവെങ്കില്‍. എന്നാല്‍, വെറും സാങ്കല്പികമായ ഈടുകളിന്മേലാണ് വായ്പ മുഴുവന്‍. ഇതെങ്ങനെ തിരിച്ചുപിടിക്കും? എഴുതിത്തള്ളിയാലും തീര്‍പ്പാക്കിയാലും ഫലം ഒന്നു തന്നെ. വായ്പ കൃത്യമാണെങ്കിലല്ലേ തിരിച്ചടവ് കൃത്യമാവൂ? ഒരു രൂപ പോലും അടച്ചില്ലെങ്കിലും തന്നെ ഒരു ചുക്കും ചെയ്യാനാവാത്ത വിധത്തിലാണ് മല്ല്യ കളിച്ചിരിക്കുന്നത്. അതാണ് പറഞ്ഞത് എഴുതിത്തള്ളല്‍ അല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്, മല്ല്യയ്ക്ക് വായ്പ ലഭിച്ച വഴികളാണ് എന്ന്. മല്ല്യയ്ക്ക് ഈ വായ്പ തരപ്പെടുത്തിക്കൊടുത്തവര്‍ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടായതായി ആര്‍ക്കെങ്കിലും അറിയാമോ? ചിലപ്പോള്‍ എന്റെ അറിവില്ലായ്മയാകാം. ഇനി അഥവാ നടപടിയുണ്ടായിട്ടില്ലെങ്കില്‍ ആ നടപടിക്കു വേണ്ടിയാവട്ടെ ജനകീയപോരാട്ടം. ഇനിയെങ്കിലും ഇത്തരം കള്ളന്മാര്‍ക്ക് വായ്പ അനായാസം ലഭിക്കരുത്.

ബ്രാന്‍ഡ് മൂല്യം വിജയ് മല്ല്യയ്ക്കു മാത്രമുള്ള അസുഖമാണ് എന്നൊന്നും കരുതരുത്. ‘കിങ്ഫിഷറി’ന് ഇപ്പോഴും നല്ല മൂല്യമുണ്ടെന്ന് മല്ല്യ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ടാവും. കുറഞ്ഞപക്ഷം അങ്ങനെ നടിക്കുകയെങ്കിലും ചെയ്യും. എല്ലാ മുതലാളിമാരും അങ്ങനെയാണ്. ഇവിടെ, ഫലത്തില്‍ പൂട്ടിപ്പോയ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് മൂല്യം കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു മുതലാളിയെ എനിക്ക് വളരെ അടുത്തറിയാം. പക്ഷേ, അങ്ങനൊരു മുതലാളി അയഥാര്‍ത്ഥമായ ബ്രാന്‍ഡ് മൂല്യം സ്വയം നിര്‍ണ്ണയിക്കുകയും അതില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ചെയ്യുമ്പോള്‍ അനേകം പേരുടെ ജീവിതം ആ നടപടിയുടെ ഫലമായി ചോദ്യചിഹ്നമാവും. അനുഭവം ഗുരു!!!

vijay mallya (1).jpg

വിജയ് മല്ല്യയെ ഒന്നും ചെയ്യാനാവില്ല. ഭരണത്തില്‍ മന്‍മോഹന്‍ സിങ്ങായാലും ശരി നരേന്ദ്ര മോദിയായാലും ശരി സീതാറാം യെച്ചൂരിയായാലും ശരി. പിടിച്ചു ജയിലിലിട്ടുകൂടെ എന്നൊക്കെ ആവേശപൂര്‍വ്വം നമ്മള്‍ ചോദിക്കും. അതിന് മറുപടി ഒന്നേയുള്ളൂ -‘പണത്തിനു മീതെ പരുന്തും പറക്കില്ല.’ ഭരണഘടനയും സുപ്രീം കോടതിയുമെല്ലാം നമ്മളെപ്പോലുള്ള ദരിദ്ര നാരായണന്മാര്‍ക്കാണ്. മല്ല്യയെ പോലുള്ള വലിയ സാറന്മാര്‍ എല്ലാത്തിനും അതീതരാണ്. നമ്മള്‍ തിരഞ്ഞെടുക്കുന്ന മന്‍മോഹനും മോദിയും യെച്ചൂരിയുമൊന്നുമല്ല ഈ രാജ്യം ഭരിക്കുന്നത് -അംബാനിമാരുടെയും അദാനിമാരുടെയും മല്ല്യമാരുടെയും കൈയിലുള്ള പണമാണ്.

Previous articleഒബാമയെ എനിക്കിഷ്ടമാണ്
Next articleകടം വാങ്ങൂ… പണക്കാരനാവാം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

3 COMMENTS

  1. പക്ഷേ ഇന്നലത്തെ മാതൃഭൂമിയിലെ വാര്‍ത്ത കണ്ട എനിക്ക് മനസ്സിലായത്, മല്യയടക്കം 63 പേരുടെ വായ്പ പൂര്‍ണ്ണമായും എഴുതി തള്ളിയതായിട്ടാണ്. പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അങ്ങനെയാണ്.

    • മുഖവുരയില്‍ ഉള്ളടക്കം പൂര്‍ണ്ണമല്ല. അത് ലേഖനത്തിലേക്കുള്ള ക്ഷണം മാത്രമാണ്. ചിലപ്പോഴൊക്കെ മുഖവുര ലേഖനത്തിന്റെ ഉള്ളടക്കത്തില്‍ നിന്നു വ്യത്യസ്തമാക്കാറുണ്ട്. ഇവിടെ മുഖവുരയ്ക്കു മുഖമില്ല.

  2. ഞാന്‍ കുറച്ചു ലോണ്‍ എടുത്തിട്ടുണ്ടേ , എന്ത് കുന്ത്രാണ്ടം വകുപ്പയാലും കുഴപ്പമില്ല . ഈ വിജയമല്യ വകുപ്പില്‍ ഒന്ന് ആക്കി തരണേ.

Leave a Reply to V.S.Syamlal Cancel reply

Please enter your comment!
Please enter your name here