Reading Time: 7 minutes

അതെ, ഞാന്‍ മണിക് സര്‍ക്കാരിനൊപ്പമാണ്. അത് സി.പി.എം. എന്ന പാര്‍ട്ടിയോടുള്ള സ്‌നേഹം കൊണ്ടു മാത്രമല്ല. മണിക് സര്‍ക്കാര്‍ എന്ന മനുഷ്യനോടുള്ള സ്‌നേഹമാണ്. അദ്ദേഹത്തെ പോലുള്ളവര്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വമാണ്. മണിക് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന നന്മയുടെ രാഷ്ട്രീയം തോല്‍ക്കരുത്. നന്മയുടെ തോല്‍വി നമ്മുടെ എല്ലാവരുടെയും തോല്‍വിയാണ്. അദ്ദേഹം തിരിച്ചുവരിക തന്നെ ചെയ്യും. തങ്ങള്‍ എത്ര വലിയ അബദ്ധമാണ് ചെയ്തതെന്ന് ത്രിപുരക്കാര്‍ താമസിയാതെ മനസ്സിലാക്കും.

മണിക് സര്‍ക്കാര്‍

ഒരേയൊരു തവണ മാത്രമേ ഈ മനുഷ്യനെ ഞാന്‍ കണ്ടിട്ടുള്ളൂ, സംസാരിച്ചിട്ടുള്ളൂ. പാലക്കാട്ട് വെച്ച്. അന്നു മുതല്‍ ഞാന്‍ ഇദ്ദേഹത്തിന്റെ ആരാധകനാണ്. മണിക് സര്‍ക്കാര്‍ വരുന്നു എന്നു പറഞ്ഞാല്‍ കേരളത്തിലെ സി.പി.എമ്മിലെ സുഹൃത്തുക്കള്‍ നെട്ടോട്ടമോടുന്നത് കണ്ടിട്ടുണ്ട്. അദ്ദേഹത്തിനുള്ള സൗകര്യങ്ങളൊരുക്കുക എന്നു പറയുന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ് (!!) പക്ഷേ, ആ ബുദ്ധിമുട്ടിനൊരു വ്യത്യാസമുണ്ട്. സൗകര്യങ്ങള്‍ കൂട്ടാനല്ല ആ ബുദ്ധിമുട്ട് എന്നതു തന്നെ. സൗകര്യം കുറവാണെന്ന് അദ്ദേഹത്തെ ബോധിപ്പിക്കാനാണ്.

മണിക് സര്‍ക്കാരിന്റെ പാര്‍ട്ടിയിലെ തന്നെ മറ്റു നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികള്‍ അദ്ദേഹത്തിന് വര്‍ജ്ജ്യം. പാര്‍ട്ടി ഓഫീസിലേ താമസിക്കൂ. അവിടെ ഒരു ബെഞ്ച് മതി അദ്ദേഹത്തിനു കിടക്കാന്‍. തുണി അലക്കുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നു നിര്‍ബന്ധം. ഇതൊക്കെ ഒരുക്കണമെങ്കില്‍ ബുദ്ധിമുട്ട് തന്നെയല്ലേ? സൗകര്യങ്ങള്‍ കുറയ്ക്കാനുള്ള ബുദ്ധിമുട്ട്.

ത്രിപുര ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യമന്ത്രിയായ ഈ 69കാരന്റെ കൈയിലുള്ളത് 1,520 രൂപ. ബാങ്കിലുള്ളത് 2,410 രൂപ. അഗര്‍ത്തലയുടെ പ്രാന്തപ്രദേശത്ത് കൃഷ്ണനഗറില്‍ 1.18 സെന്റ് ഭൂമിയുണ്ട്. 432 ചതുരശ്രയടിയില്‍ ഒരു തകര ഷെഡ്ഡും. അതിന് അദ്ദേഹത്തിന്റെ ഏക സഹോദരി കൂടി അവകാശിയാണ്. സ്വന്തമായി കാറോ, നിക്ഷേപമോ മറ്റു സ്വത്തുക്കളോ ഇല്ല. മൊബൈല്‍ ഫോണോ, ഇ-മെയില്‍ അക്കൗണ്ടോ ഇല്ല. ഇ-മെയില്‍ ഇല്ലാത്തതിനാല്‍ സമൂഹമാധ്യമങ്ങളിലും ഇല്ല.

ധന്‍പുരില്‍ നിന്നു മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ഈ വിവരങ്ങള്‍ തെറ്റാണെന്ന് മണിക് സര്‍ക്കാരിന്റെ എതിരാളികള്‍ പോലും പറയില്ല. ഇപ്പോള്‍ ബാങ്കിലുള്ള 2,410 രൂപ 2013ലെ തിരഞ്ഞെടുപ്പ് വേളയില്‍ ബാങ്കിലുണ്ടായിരുന്ന 9,720 രൂപയെക്കാള്‍ എത്രയോ കുറവ്! മുഖ്യമന്ത്രിയെന്ന നിലയില്‍ കിട്ടുന്ന ശമ്പളം പൂര്‍ണ്ണമായി പാര്‍ട്ടി ഫണ്ടിലേക്കു നല്‍കും. എന്നിട്ട്, മാസച്ചെലവിന് പാര്‍ട്ടി നല്‍കുന്ന 9,700 രൂപയില്‍ ജീവിക്കും. ഇന്നുവരെ ഈ മനുഷ്യന്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല. അതിനുള്ള വരുമാനം ഉണ്ടായിട്ടില്ല, അത്ര തന്നെ.

ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുടെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് മണിക് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലുള്ള ഭാഗം

മണിക് സര്‍ക്കാരിന്റെ ഭാര്യ പാഞ്ചാലി ഭട്ടാചാര്യ കേന്ദ്ര സാമൂഹിക ക്ഷേമ ബോര്‍ഡില്‍ ഉദ്യോഗസ്ഥയായിരുന്നു. അവരും ഭര്‍ത്താവിനെപ്പോലെ ലളിതജീവിതം നയിക്കുന്നു. റിക്ഷയിലും ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലും സഞ്ചരിക്കുന്ന സാധാരണക്കാരി. അവരുടെ കൈവശം 20,140 രൂപ പണമായും 12,15,714 രൂപ ബാങ്കില്‍ നിക്ഷേപമായുമുണ്ട്. കുടുംബസ്വത്തായി ലഭിച്ച 21 ലക്ഷം രൂപ മൂല്യമുള്ള കെട്ടിടവും 60,000 രൂപ വിലയുള്ള രണ്ടര പവന്‍ സ്വര്‍ണ്ണവുമാണ് മറ്റു സമ്പാദ്യങ്ങള്‍. അഗര്‍ത്തലയിലെ മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു താമസം. കുട്ടികള്‍ ഉള്‍പ്പെടെ ആശ്രിതര്‍ ആരുമില്ല.

വളരെ ദരിദ്ര സാഹചര്യങ്ങളിലായിരുന്നു മണിക് സര്‍ക്കാരിന്റെ ബാല്യം. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു തയ്യല്‍ക്കാരനും അമ്മ സര്‍ക്കാര്‍ ജീവനക്കാരിയുമായിരുന്നു. ദാരിദ്ര്യത്തിന്റെ ഫലമായുണ്ടായ ലാളിത്യം ഇന്നും അദ്ദേഹം പിന്തുടരുന്നു. 18-ാം വയസ്സില്‍ കലാലയ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടതോടെയാണ് മണിക് സര്‍ക്കാര്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് മഹാരാജ ബീര്‍ ബിക്രം കോളേജിലെ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 23 വയസ്സായപ്പോഴേക്കും സി.പി.എം. സംസ്ഥാന സമിതിയിലെത്തി.

മണിക് സര്‍ക്കാര്‍ ത്രിപുര നിയമസഭയില്‍

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായപ്പോള്‍ മണിക് സര്‍ക്കാരിന് പ്രായം വെറും 29 വയസ്സ്. ആ വര്‍ഷമാണ് -1978ല്‍ -ത്രിപുരയില്‍ സി.പി.എം. ആദ്യമായി അധികാരത്തിലെത്തിയത്, നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍. 1980ല്‍ അഗര്‍ത്തല നിയോജകമണ്ഡലത്തില്‍ നിന്നു മത്സരിച്ച മണിക് സര്‍ക്കാര്‍ ആദ്യമായി എം.എല്‍.എയായി. ആ വര്‍ഷം പാര്‍ട്ടിയുടെ ചീഫ് വിപ്പ് ആയി. 1983ല്‍ കൃഷ്ണനഗറില്‍ നിന്ന് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 10 വര്‍ഷത്തെ ഭരണത്തിനു ശേഷം 1988ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ത്രിപുര നഷ്ടപ്പെട്ടു.

എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കു ശേഷം, 1993ല്‍ ദശരഥ് ദേബിന്റെ നേതൃത്വത്തില്‍ സി.പി.എം. അധികാരത്തില്‍ തിരിച്ചെത്തി. ആ വര്‍ഷം മണിക് സര്‍ക്കാര്‍ സി.പി.എം. ത്രിപുര സംസ്ഥാന സെക്രട്ടറിയായി. 1998ല്‍ തന്റെ 49-ാം വയസ്സില്‍ അദ്ദേഹം സി.പി.എം. പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം തന്നെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ധന്‍പുരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മണിക് ദാ ത്രിപുരയുടെ മുഖ്യമന്ത്രിയായി. പിന്നെ തുടര്‍ച്ചയായി 20 വര്‍ഷം -7,298 ദിവസം അദ്ദേഹം ആ കസേരയില്‍ ഇരുന്നു. ദശരഥ് ദേബിന്റെ 5 വര്‍ഷവും കൂടി ചേര്‍ത്ത് സി.പി.എമ്മിന് അധികാരത്തില്‍ തുടര്‍ച്ചയായ കാല്‍ നൂറ്റാണ്ട്.

1998ല്‍ മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ബംഗാളികളും ഗോത്ര വര്‍ഗ്ഗക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ ഫലമായി കലാപകലുഷിതമായിരുന്നു ത്രിപുര. കശ്മീരിനെക്കാളേറെ ആളുകള്‍ ദിവസേന കൊല്ലപ്പെടുന്ന സ്ഥലം. ബംഗ്ലാദേശില്‍ നിന്നു കടന്നുകയറുന്ന വിഘടനവാദികള്‍ ജനങ്ങളുടെ സൈ്വരജീവിതം ദുസ്സഹമാക്കി. പാകിസ്താനില്‍ അടുത്തിടെ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് വലിയ ചര്‍ച്ച ആയെങ്കില്‍ ഈ സംസ്ഥാന മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ബംഗ്ലാദേശില്‍ വിഘടനവാദികള്‍ക്കെതിരെ നടന്ന കടന്നാക്രമണങ്ങളും അതിലുണ്ടായ വിജയങ്ങളും ആരുമറിഞ്ഞില്ല.

മണിക് സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടിയാണ് ത്രിപുരയിലെ വിഘടനവാദം അടിച്ചമര്‍ത്തിയത്. ഇന്ന് വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും ശാന്തമായ സംസ്ഥാനമാണ് ത്രിപുര. അതിന്റെ മേന്മ ഈ മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്. വിഘടനവാദ ഭീഷണി ഒഴിഞ്ഞപ്പോള്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ) പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി പ്രാവര്‍ത്തികമാക്കാനുള്ള ധൈര്യവും  മണിക് സര്‍ക്കാര്‍ കാണിച്ചു.

വിഘടനവാദം അമര്‍ത്തിയ ശേഷം മണിക് സര്‍ക്കാര്‍ വെറുതെയിരുന്നില്ല. തന്റെ ബംഗാളി വ്യക്തിത്വം ഉപയോഗിച്ച് ഭൂരിപക്ഷവുമായി ബന്ധമുറപ്പിച്ചു. അതോടൊപ്പം ഗോത്രമേഖലയില്‍ സി.പി.എം. സജീവമാണെന്നും ഉറപ്പുവരുത്തി. അതിന്റെ ഫലമായാണ് നിയമസഭയിലെ 20 ഗോത്രമേഖലാ സീറ്റുകളും സി.പി.എം. തൂത്തുവാരുന്ന അവസ്ഥയുണ്ടായത്, ഇത്തവണയൊഴികെ. ഇതിനൊപ്പം സാമൂഹികവികസന സൂചികകള്‍ മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു.

സാക്ഷരതയില്‍ 11-ാം സ്ഥാനത്തു നിന്ന് കേരളത്തെയും പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് ത്രിപുര കുതിച്ചെത്തി. 16ലധികം ജനക്ഷേമ പെന്‍ഷനുകള്‍ ഏര്‍പ്പെടുത്തിയ അദ്ദേഹം വനാവകാശ നിയമപ്രകാരം 1.24 ലക്ഷം ആദിവാസികള്‍ക്ക് പട്ടയം നല്‍കി. ഇതെല്ലാം ഗുണകരമായത് ഗോത്രമേഖലയ്ക്കാണ്. അവരുടെ പരമ്പരാഗത അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ യത്‌നിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ 90 ശതമാനത്തില്‍ കൂടുതല്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. അരി, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ കാര്യമായ വര്‍ദ്ധന നേടി. കാര്‍ഷികാവശ്യങ്ങള്‍ക്കായുള്ള ഭൂമിയില്‍ പകുതിയിലേറെ ഇടങ്ങളില്‍ പൂര്‍ണ്ണ ജലസേചന സൗകര്യം ഏര്‍പ്പെടുത്തി.

കര്‍ഷക ആത്മഹത്യയോ പട്ടിണി മരണമോ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ത്രിപുരയില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് 2 രുപ നിരക്കില്‍ അരി ലഭിക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം ശരാശരി 86 പ്രവൃത്തിദിനങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യയില്‍ തന്നെ ഒന്നാമതാണ് ത്രിപുര. മിനിമം വേതന വ്യവസ്ഥകളും സംസ്ഥാനത്ത് മണിക് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കി. ഭിക്ഷക്കാരില്ല എന്നത് ഒരു നാടിന്റെ വികസന അളവുകോലായി കാണാമെങ്കില്‍ ത്രിപുര വികസിതമാണ്. അഗര്‍ത്തലയില്‍ പോലും ഭിക്ഷക്കാരില്ല. വലിയ സമൃദ്ധിയില്ലെങ്കിലും അദ്ധ്വാനിച്ച് അപ്പം നേടി സംതൃപ്തിയോടെ കഴിയുന്ന ജനത എന്നു ത്രിപുരക്കാരെ വിലയിരുത്താം.

25 വര്‍ഷം സത്യസന്ധതയോടെ ഭരിച്ചു എന്നതുകൊണ്ടു മാത്രം വോട്ടര്‍മാരെ -വിശേഷിച്ചും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ -കൂടെ നിര്‍ത്താനാവില്ല എന്ന് ത്രിപുരയുടെ അനുഭവം തെളിയിക്കുന്നു. ആഗോളീകരണത്തിന്റെ ഉദാരീകരണത്തിന്റെയും വര്‍ണ്ണപ്പൊലിമയില്‍ അഭിരമിക്കുന്ന യുവതയ്ക്ക് ചരിത്രബോധമോ, വിശേഷിച്ചൊരു തത്ത്വശാസ്ത്രമോ, സാമൂഹികബോധമോ ഉണ്ടാവാതെ പോകുന്നത് സ്വാഭാവികം. വ്യവസായവത്കരണം നടപ്പാകാത്തതിന് ത്രിപുരയെ എന്തിന് കുറ്റപ്പെടുത്തുന്നു എന്ന് മണിക് സര്‍ക്കാര്‍ ചോദിക്കും. നോട്ട് നിരോധനമടക്കം കാലാകാലങ്ങളില്‍ ഡല്‍ഹി ഭരിച്ചവര്‍ സ്വീകരിച്ച നടപടികളാണല്ലോ ത്രിപുരയെ പോലുള്ള ചെറിയ സംസ്ഥാനങ്ങളെ മുരടിപ്പിച്ചത്.

മണിക് സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

ബി.ജെ.പിയുടെ വലിയ ലക്ഷ്യമായിരുന്നു ത്രിപുര. കേരളത്തില്‍ 2 വര്‍ഷം മുമ്പ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടക്കാത്ത കാര്യം ത്രിപുരയില്‍ പ്രാവര്‍ത്തികമാക്കുന്നതിന് അവര്‍ കേന്ദ്ര ഭരണത്തിന്റെ പിന്തുണയോടെ സര്‍വ്വശക്തിയും പ്രയോഗിച്ചു. കുതിരക്കച്ചവടത്തിലൂടെ അഴിമതിക്കാരെ സ്വന്തം പാളയത്തിലെത്തിക്കുന്നത് ‘മികച്ച രാഷ്ട്രീയതന്ത്രം’ ആയി പലരും വാഴ്ത്തിപ്പാടുന്നുണ്ട്. എന്നാല്‍, ബി.ജെ.പി. ചെയ്തത് കുതിരക്കച്ചവടം തന്നെയാണ്. കോടികള്‍ മുടക്കി കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വന്തം ചേരിയില്‍ എത്തിച്ചുകൊണ്ടാണ് ബി.ജെ.പിയുടെ ഓപ്പറേഷന്‍ ത്രിപുര തുടങ്ങിയതു തന്നെ.

ശന്തനു ഭൗമിക്‌

വലിയ ദേശഭക്തരായി മേനി നടിക്കുന്ന പരിവാറുകാര്‍ അടുത്തതായി ചെയ്തത് അക്രമം മുഖമുദ്രയാക്കിയ വിഘടനവാദി സംഘടന ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായി (ഐ.പി.എഫ്.ടി.) സഖ്യമുണ്ടാക്കുക എന്നതാണ്. യുവ മാധ്യമപ്രവര്‍ത്തകരില്‍ ശ്രദ്ധേയനായിരുന്ന ‘ദിന്‍രാത്’ ലേഖകന്‍ ശന്തനു ഭൗമിക്കിനെ അടുത്തിടെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘമാണിത്. ഐ.പി.എഫ്.ടി. നടത്തിയ റോഡ് ഉപരോധം സൃഷ്ടിച്ച ദുരിതം റിപ്പോര്‍ട്ട് ചെയ്തു എന്നതായിരുന്നു പ്രകോപനം. ഈ കൊലയാളി സംഘവുമായി ഒരു തരത്തിലുള്ള ധാരണയ്ക്കും മണിക് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. അതു മനസ്സിലാക്കി നീങ്ങിയ ബി.ജെ.പിക്ക് അവരുമായി ധാരണയിലെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല.

ഗോത്ര വര്‍ഗ്ഗക്കാരെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്തുന്ന ബംഗാളി മൗലികവാദിയായി ഗോത്ര മേഖലകളിലെ പുത്തന്‍കൂറ്റുകാര്‍ക്കിടയില്‍ മണിക് സര്‍ക്കാരിനെ ചിത്രീകരിക്കുന്നതില്‍ ബി.ജെ.പി. പ്രചാരകര്‍ വിജയിച്ചു. അതേസമയം, ഗോത്രമേഖലയ്ക്കു മാത്രം വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്ന പിന്തിരിപ്പന്‍ എന്ന് ബംഗാളി മേഖലകളിലും പ്രചാരണം നടത്തി. എന്തൊക്കെ ചെയ്താലും എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ മണിക് സര്‍ക്കാരിനു സാധിച്ചിരുന്നില്ല എന്നത് വ്യക്തം. അത് സാദ്ധ്യവുമല്ല.

ഭൂരിപക്ഷവും സി.പി.എം. അനുഭാവികളോ പ്രവര്‍ത്തകരോ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ വലിയൊരു വിഭാഗം ഇപ്പോഴും 4-ാം ശമ്പളക്കമ്മീഷന്‍ പ്രകാരമുള്ള വേതനം മാത്രം ലഭിക്കുന്നതില്‍ അസംതൃപ്തരായിരുന്നു. ഇതു മനസ്സിലാക്കിയ ബി.ജെ.പി. 7-ാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കി വേതനമുയര്‍ത്തുമെന്ന് ഉറപ്പുനല്‍കി. ത്രിപുരയുടെ ആധുനീകരണം നടക്കുന്നില്ലെന്നും തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ലെന്നുമുള്ള പേരില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും അസംതൃപ്തരായിരുന്നു. 35 ലക്ഷത്തോളം മാത്രം ജനങ്ങളുള്ള ത്രിപുരയില്‍ 7.5 ലക്ഷത്തോളം തൊഴില്‍രഹിതരുണ്ടെന്ന് പറയപ്പെടുന്നു. മാത്രമല്ല ലഭ്യമായ തൊഴിലുകള്‍ മുഴുവന്‍ സി.പി.എം. പ്രവര്‍ത്തകര്‍ കൊണ്ടുപോകുന്നതായുള്ള ആക്ഷേപവുമുണ്ടായി. ഇതിനു പരിഹാരമായി വികസനം എന്ന ബദല്‍ ബി.ജെ.പി. അവതരിപ്പിച്ചു.

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ മണിക് സര്‍ക്കാര്‍ വോട്ടു ചെയ്യുന്നു

സി.പി.എമ്മിന്റെ രീതികളോടുള്ള എതിര്‍പ്പ് നേരത്തേ തന്നെ ത്രിപുരയില്‍ ഉണ്ടായിരുന്നു എന്നു കാണാം. മണിക് സര്‍ക്കാര്‍ വളരെ സൗമ്യനും സത്യസന്ധനും ആയിരുന്നെങ്കിലും ഒപ്പമുള്ളവര്‍ അങ്ങനെ ആയിരുന്നില്ല എന്നു സാരം. തുടര്‍ച്ചയായി അധികാരത്തില്‍ തുടര്‍ന്നതിന്റെ ധാര്‍ഷ്ട്യം ചില നേതാക്കള്‍ക്കെങ്കിലും ഉണ്ടായിരുന്നു. 2013ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 36 ശതമാനം വോട്ടു കിട്ടിയത് ഈ എതിര്‍പ്പിന്റെ ഫലമായാണ്. കൂടുതല്‍ ശക്തമായൊരു പ്രതിപക്ഷം വന്നാല്‍ കാര്യങ്ങള്‍ തിരിയുമായിരുന്നു. അതാണ് ബി.ജെ.പിയിലൂടെ സംഭവിച്ചത്. പക്ഷേ, അതിന് അവര്‍ അവലംബിച്ച മാര്‍ഗ്ഗങ്ങള്‍ എത്രമാത്രം ജനാധിപത്യപരമായിരുന്നു എന്നു വിലയിരുത്തേണ്ടതുണ്ട്.

ഭരണവിരുദ്ധ വികാരം കൊണ്ടു മാത്രം സി.പി.എമ്മിന് ത്രിപുരയില്‍ ഇത്രയും വലിയ തിരിച്ചടി നേരിടില്ല. പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്സിന് സി.പി.എമ്മിന്റെ തോല്‍വിയില്‍ വലിയ പങ്കുണ്ട്! ത്രിപുരയുടെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് സി.പി.ജോഷി ആകെ ഒരു തവണയാണ് സംസ്ഥാനത്തെത്തിയത്. രാഹുല്‍ ഗാന്ധിയാവട്ടെ തിരിഞ്ഞുനോക്കിയുമില്ല. കോണ്‍ഗ്രസ്സിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും ജനപ്രതിനിധികള്‍ ബി.ജെ.പിയില്‍ ചേക്കേറി. ഫലത്തില്‍ കാവി പുതച്ചു നിന്ന കോണ്‍ഗ്രസ്സുകാര്‍ക്കു തന്നെയാണ് ജനം ഇത്തവണയും വോട്ടു ചെയ്തത്.

ബംഗാളികളില്‍ ഒരു വിഭാഗം പണ്ടു മുതലേ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുന്നവരാണ്. എന്നാല്‍, ഗോത്രവര്‍ഗ്ഗക്കാര്‍ തങ്ങളുടെ പരമ്പരാഗത അവകാശങ്ങള്‍ നേടിക്കൊടുത്ത സി.പി.എമ്മിനോടൊപ്പമായിരുന്നു എല്ലാക്കാലത്തും. അതായിരുന്നു സി.പി.എമ്മിന്റെ ശക്തിയും. വിഘടനവാദികളായ ഐ.പി.എഫ്.ടിക്കാര്‍ക്ക് 2013ല്‍ ഒരു വോട്ടു പോലും കിട്ടാത്ത സ്ഥാനത്ത് ഇക്കുറി അവര്‍ മത്സരിച്ച 9ല്‍ 8 സീറ്റും ജയിച്ചു. കോണ്‍ഗ്രസ്സിന്റെ പഴയ ബംഗാളി വോട്ടുകള്‍ക്കൊപ്പം ഗോത്രവിഭാഗത്തിലെ നല്ലൊരു പങ്കും ബി.ജെ.പി. ചേരിയെ പുണര്‍ന്നു എന്നു വ്യക്തം.

ത്രിപുരയിലെ ഗോത്രമേഖലയിലെ പോളിങ് ബൂത്തില്‍ നിന്ന്‌

പക്ഷേ, ബംഗാളികളെയും വിഘടനവാദികളായ ഗോത്ര ഭീകരരെയും ഒരുമിച്ചു കൊണ്ടുപോകുക എന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അത്യന്തം അപകടകരമായ ഞാണിന്മേല്‍ക്കളിയാണ്. എപ്പോള്‍ വേണമെങ്കിലും ഈ ഞാണ്‍ പൊട്ടിവീഴാം. ഐ.പി.എഫ്.ടിയുടെ ലക്ഷ്യം നേരത്തേ പ്രത്യേക രാഷ്ട്രമായിരുന്നുവെങ്കില്‍ ഇപ്പോഴത് പ്രത്യേക സംസ്ഥാനമാണ്. ബി.ജെ.പിക്ക് വോട്ട് ചെയ്ത ബംഗാളികള്‍ ഈ വാദം അംഗീകരിക്കില്ലെന്നുറപ്പ്.

ഇതോടൊപ്പം തങ്ങള്‍ വിഴുങ്ങിയ കോണ്‍ഗ്രസ് എത്രമാത്രം ദഹനക്കേടുണ്ടാക്കുന്നു എന്നതും ബി.ജെ.പിക്ക് പ്രശ്‌നമാണ്. സൗകര്യം നോക്കിയുള്ള ബാന്ധവങ്ങളില്‍ പ്രശ്‌നങ്ങള്‍ പൊങ്ങിവരാന്‍ ചിലപ്പോള്‍ കുറച്ചു സമയമെടുക്കുമെങ്കിലും അതു സംഭവിക്കാതിരിക്കില്ല എന്നുറപ്പ്. രാജ്യസുരക്ഷയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി പ്രധാനപ്പെട്ട സംസ്ഥാനത്ത് ഇത് എത്രമാത്രം അപകടകരമാവും എന്നത് കാത്തിരുന്നു കാണേണ്ട വിഷയമാണ്.

എന്തായാലും ബി.ജെ.പി. നടത്തിയ ആസൂത്രിത പ്രചാരണത്തിന്റെ ഫലമായി തന്നെയാണ് ‘മണിക് സര്‍ക്കാര്‍ നല്ല മനുഷ്യനാണെങ്കിലും മാറ്റത്തിനു സമയമായി’ എന്ന ചിന്ത ജനങ്ങളില്‍ ഉടലെടുത്തത്. ബി.ജെ.പി. പറഞ്ഞതു വല്ലതും നടക്കുമോ എന്നു പരീക്ഷിച്ചു നോക്കിയതുമാവും. അതിനാല്‍ത്തന്നെ പറഞ്ഞതെല്ലാം നടപ്പാക്കിയില്ലെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ കനത്ത തിരിച്ചടി ബി.ജെ.പി. നേരിട്ടേക്കാം. കേന്ദ്ര സര്‍ക്കാര്‍ ത്രിപുരയെ കാര്യമായി താലോലിക്കേണ്ടി വരും.

ത്രിപുര മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി സമര്‍പ്പിക്കാനെത്തിയ മണിക് സര്‍ക്കാരിനെ യാത്രയാക്കാന്‍ ഗവര്‍ണ്ണര്‍ തഥാഗത റോയ് രാജ്ഭവനില്‍ നിന്ന് പുറത്തേക്കു വരുന്നു

4 തവണ തുടര്‍ച്ചയായി ത്രിപുരയുടെ മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ എന്ന മനുഷ്യന്റെ ലളിത ജീവിതം അത്ഭുതപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്ന വിളിപ്പേര് അദ്ദേഹത്തിന്റെ നിഷ്ഠയ്ക്ക് തെളിവാണ്. ഇപ്പോള്‍ അദ്ദേഹം ദരിദ്രനായ മുന്‍ മുഖ്യമന്ത്രിയാണ്. ത്രിപുരയിലെ ചുവന്ന സൂര്യന്‍ അസ്തമിക്കുമ്പോള്‍ മണിക് സര്‍ക്കാര്‍ തെരുവിലേക്കിറങ്ങുകയാണ്, തല ചായ്ക്കാന്‍ പുതിയൊരിടം തേടി. കൃഷ്ണനഗറിലെ പഴയ തകര ഷെഡ്ഡായിരിക്കുമോ ഇനി അദ്ദേഹത്തിന്റെ പാര്‍പ്പിടമാവുക?

Previous articleയഥാര്‍ത്ഥ കലാകാരന്മാര്‍!!
Next articleവിനാശകാലേ വിപരീതബുദ്ധി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here