Reading Time: 3 minutes

ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കാന്‍ പോകുമ്പോള്‍ സ്ഥിരമായി പറയുന്ന ഒരു കഥയുണ്ട്. ഒരു അബദ്ധത്തിന്റെ കഥ.

അന്നു കാലത്ത് വളരെ പ്രചാരമുണ്ടായിരുന്ന ഒരു പത്രത്തിനാണ് ഈ അബദ്ധം പറ്റിയത്. പണി കിട്ടിയത് വളരെ മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകനും.

ഈ പറഞ്ഞ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാത്രി ഷിഫ്റ്റില്‍ ഡെസ്‌കിലാണ്. അന്ന് ടെലിവിഷനൊന്നും ഉള്ള കാലമല്ല. വാര്‍ത്തയ്ക്ക് ആകെ ആശ്രയം ടെലിപ്രിന്ററിലൂടെ വാര്‍ത്താ ഏജന്‍സികളായ പി.ടി.ഐയോ യു.എന്‍.ഐയോ തരുന്ന ന്യൂസ് ടേക്കുകളാണ്.

പുലര്‍ച്ച 2.30 മണിക്ക് പതിവില്ലാതെ ടെലിപ്രിന്ററിന്റെ ഞരക്കം പോലുള്ള ശബ്ദം കേട്ട് ആ മാധ്യമപ്രവര്‍ത്തകന്‍ ചെന്നു നോക്കി. പുതിയൊരു വാര്‍ത്തയാണ്.

6,000 sleepers washed away in torrential rains in Bihar

കിട്ടിയപാടെ അദ്ദേഹം വാര്‍ത്ത പരിഭാഷപ്പെടുത്തി.

ബിഹാറില്‍ വെള്ളപ്പൊക്കത്തില്‍ ഉറങ്ങിക്കിടന്ന 6,000 പേര്‍ ഒലിച്ചുപോയി

6,000 പേര്‍ മരിക്കുക എന്നു പറഞ്ഞാല്‍ വലിയ വാര്‍ത്തയല്ലേ!! ഉടനെ തന്നെ പ്രിന്റിങ് നിര്‍ത്തി. ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് നേരത്തേ ഉണ്ടായിരുന്ന വാര്‍ത്ത പൊളിച്ച് അല്പം പരത്തിയെഴുതി വലുതാക്കി.

നേരെ കൈവെച്ചത് ഒന്നാം പേജില്‍. മെയിന്‍ സ്റ്റോറി മാറ്റി. പുതിയ അച്ചുനിരത്തി മെയിനാക്കി. പ്രിന്റിങ് തുടങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകന് വലിയൊരു ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ ചാരിതാര്‍ത്ഥ്യം. അദ്ദേഹം പോയി ശാന്തമായി ഉറങ്ങി.

അടുത്ത ദിവസം രാവിലെ തന്നെ ആ മാധ്യമപ്രവര്‍ത്തകന്‍ ഓഫീസിലെത്തി. തങ്ങളുടെ പത്രത്തില്‍ മാത്രമുള്ള പ്രധാന വാര്‍ത്ത കണ്ട് അദ്ദേഹത്തിന്റെ എല്ലാ സഹപ്രവര്‍ത്തകരും അന്തം വിട്ടിരിക്കുകയാണ്. വേറെല്ലാ പത്രവും ആ വാര്‍ത്ത ‘മിസ്’ ചെയ്തു.

‘രാത്രി ഡെസ്‌കില്‍ ഡ്യൂട്ടി ഉറങ്ങാനുള്ളതല്ല. ഉണര്‍ന്നിരിക്കണം. എങ്കിലേ പുതിയ വാര്‍ത്ത അറിയൂ’ -കഥാനായകന്‍ അഭിമാനത്തോടെ പറഞ്ഞു. അന്നു രാവിലത്തെ എഡിറ്റോറിയല്‍ മീറ്റിങ്ങിലും അദ്ദേഹം കയറിയിരുന്നു, രാത്രി ഡ്യൂട്ടിക്കാരന്‍ പങ്കെടുക്കേണ്ട ആവശ്യമില്ലെങ്കിലും.

പ്രധാന ചര്‍ച്ച 6,000 പേര്‍ മരിച്ച സംഭവം തന്നെ. വാര്‍ത്തയുടെ ഫോളോ അപ്പ് നന്നായി കൊടുക്കണമെന്ന് യോഗം തീരുമാനിക്കുന്നു. ഇതു സംബന്ധിച്ച് പുതിയതായി വന്ന ടേക്കുകള്‍ എടുക്കാന്‍ പത്രാധിപര്‍ നിര്‍ദ്ദേശിക്കുന്നു.

കൂട്ടത്തിലെ മൂപ്പില്ലാത്ത മാധ്യമപ്രവര്‍ത്തകന്‍ ടെലിപ്രിന്റര്‍ ലക്ഷ്യമാക്കി ഓടുന്നു. വെറുംകൈയുമായി മടങ്ങി വരുന്നു -‘പുതിയതൊന്നുമില്ല സര്‍’. പത്രാധിപര്‍ക്കു വിശ്വാസമായില്ല -‘അതെങ്ങനെ ശരിയാവും? ഇതുവരെ വന്നെ എല്ലാ ടേക്കുകളും ഇങ്ങെടുക്കൂ.’ മൂപ്പു കുറഞ്ഞ കക്ഷി തിരിഞ്ഞോടി.

‘അതെങ്ങനെ സംഭവിക്കും? ഇത്രയും വലിയ സംഭവത്തില്‍ പിന്നെ ഒന്നുമില്ലാതിരിക്കുമോ?’ -പത്രാധിപരുടെ ആത്മഗതം ഉച്ചത്തിലായിരുന്നു. കഥാനായകന്‍ രാത്രിയില്‍ പരിഭാഷപ്പെടുത്തിയ ടേക്കും കോപ്പിയും എടുക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു, ഒന്നുകൂടി ഉറപ്പാക്കാന്‍.

അന്നു വന്ന ടേക്കുകള്‍ മുഴുവന്‍ അദ്ദേഹം ഓടിച്ചു നോക്കി. അതിനുശേഷം രാത്രിയില്‍ കഥാനായകന്‍ ഉപയോഗിച്ച ടേക്കും അദ്ദേഹമെഴുതിയ വാര്‍ത്തയും വിശദമായി നോക്കി. കൊള്ളാം, എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇംഗ്ലീഷിലുള്ള ആ ടേക്ക് ഒന്നുകൂടി അദ്ദേഹം ശ്രദ്ധിച്ചു വായിച്ചു.

6,000 sleepers washed away in torrential rains in Bihar

പെട്ടെന്ന് അദ്ദേഹം തന്റെ കൈവശം അന്നു രാവിലെ വന്ന ഏജന്‍സി ടേക്കുകള്‍ക്കിടയില്‍ ഒന്നു പരതി. ഒരെണ്ണം തപ്പിയെടുത്തു. ഒരു നിമിഷം സ്തബ്ധനായിരുന്നു. പിന്നെ ആര്‍ത്തുചിരിച്ചു -‘ഹ ഹ ഹ ഹ ഹ!!!’

ആര്‍ക്കും ഒന്നും മനസ്സിലായില്ല. അടുത്തിരുന്ന സഹപത്രാധിപര്‍ക്ക് പത്രാധിപര്‍ 2 ടേക്കുകളും കൈമാറി. രാത്രി വന്ന ടേക്ക് വായിച്ച സഹപത്രാധിപര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ, റെയില്‍വേയുടെ നഷ്ടം സംബന്ധിച്ച കണക്കുള്ള രണ്ടാമത്തെ ടേക്ക് വായിച്ചതോടെ അദ്ദേഹവും പത്രാധിപരുടെ ചിരിയില്‍ പങ്കുചേര്‍ന്നു -‘ഹ ഹ ഹ ഹ ഹ!!!’

കഥാനായകന്‍ അന്തംവിട്ടിരുന്നു. മറ്റുള്ളവരും. അവസാനം പത്രാധിപര്‍ തന്നെ വെടിപൊട്ടിച്ചു -‘അതേയ്… ഒലിച്ചുപോയത് ഉറങ്ങിക്കിടന്നവരല്ല. റെയില്‍പാളത്തിന്റെ സ്ലീപറുകളാ.. അതാണ് 6,000 sleepers !!!’

ചിരി പകര്‍ച്ചവ്യാധി പോലെ മുറിയില്‍ പടര്‍ന്നു. കഥാനായകന്‍ ഇരുന്നുരുകി. ആരോടും ഒന്നും പറയാതെ അദ്ദേഹം എഴുന്നേറ്റു. അതോടെ മുറിയില്‍ നിശ്ശബ്ദത പടര്‍ന്നു. ഒരു മൊട്ടുസൂചി താഴെ വീണാല്‍ കേള്‍ക്കാം.

അദ്ദേഹം പതിയെ പുറത്തിറങ്ങി. തന്റെ സീറ്റില്‍ ചെന്നിരുന്നു. ആകെ വിയര്‍ത്തു കുളിച്ചിരുന്നു. മേശയ്ക്കുള്ളില്‍ നിന്ന് ഒരു കടലാസെടുത്തു. കീശയില്‍ നിന്ന് പേനയെടുത്ത് അതിലെന്തോ കുത്തിക്കുറിച്ചു. പിന്നെ പെട്ടെന്ന് ഇറങ്ങിപ്പോയി. പിന്നീടൊരിക്കലും അദ്ദേഹം ആ ഓഫീസിലേക്ക് തിരികെച്ചെന്നില്ല.

എഴുതിയത് അദ്ദേഹത്തിന്റെ രാജിക്കത്തായിരുന്നു!!!

ഈ പറഞ്ഞ കഥയിലെ സ്ഥാപനമേതാണെന്നും കഥാനായകന്‍ ആരാണെന്നും അറിയാവുന്ന ധാരാളം പേരുണ്ടാവാം. എന്തായാലും അതു വെളിപ്പെടുത്താന്‍ എനിക്കു താല്പര്യമില്ല. അറിയാവുന്നവര്‍ വെളിപ്പെടുത്തണമെന്നും താല്പര്യമില്ല.

ഈ കഥ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള ഭാഷാ ദിനപത്രമായ മലയാള മനോരമയ്ക്ക് കഴിഞ്ഞ ദിവസം വലിയൊരബദ്ധം പറ്റിയിട്ടുണ്ട്. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ sleeper കഥയൊക്കെ എന്ത്!!

മനോരമ ദൈവത്തിനെ പട്ടിയാക്കി. GOD എന്നത് DOG എന്നാക്കി. ന്താല്ലേ!!!

അബദ്ധത്തിനൊക്കെ ഒരു പരിധിയില്ലേ???!

Previous articleപ്രിയ സുഹൃത്തേ.. വിട
Next articleബെര്‍തെ ബിശം തുപ്പുന്നവര്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here