Reading Time: 5 minutes

-മാതൃകയ്ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം വിജയം.
-ഒരു കുട്ടിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്.
-2 കുട്ടികള്‍ക്ക് 7 വിഷയങ്ങളില്‍ എ പ്ലസ്.
-ബാക്കിയുള്ളവര്‍ക്ക് തരക്കേടില്ലാത്ത വിജയം.

ഒരു ട്യൂഷന്‍ സെന്ററിന്റെ പരസ്യമല്ലേ ഇത്? സംശയം ശരിയാണ്, പരസ്യമാണ്. ഇവിടെ ട്യൂഷന്‍ സെന്ററിന്റെ പരസ്യത്തിന് എന്തു കാര്യം എന്നു ചിന്തിക്കുന്നവരുണ്ട്. തീര്‍ച്ചയായും കാര്യമുണ്ട്. മാതൃക എന്നത് സൗജന്യ വിദ്യാഭ്യാസ കേന്ദ്രമാണ്. പാവപ്പെട്ട വീട്ടിലെ കൂട്ടികള്‍ക്ക് സൗജന്യമായി പഠനപിന്തുണ ലഭ്യമാക്കുന്ന ഇടം. ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ അമരക്കാരനായ ഗോപന്‍ എന്ന പി.എസ്.ഗോപകുമാര്‍ എന്റെ സുഹൃത്താണ്. അതിലെനിക്ക് അഭിമാനമാണ്.

ഗോപനെ ഞാന്‍ ആദ്യം കാണുന്നത് ഷാജര്‍ ഖാന്റെ ഒപ്പമാണ്. ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലം മുതല്‍ ഷാജര്‍ സുഹൃത്താണ്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള സംയുക്ത വിദ്യാര്‍ത്ഥി സമരസമിതിയില്‍ അന്ന് ഷാജര്‍ ഖാന്‍ നേതാവായിരുന്ന എ.ഐ.ഡി.എസ്.ഒയും അംഗമായിരുന്നു. പിന്നീട് ഞാന്‍ പത്രപ്രവര്‍ത്തകനായി മാറിയപ്പോള്‍ ഷാജര്‍ ഖാന്‍ എസ്.യു.സി.ഐ. നേതാവായി വളര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി. വിദ്യാഭ്യാസ രംഗത്തെ ദുഷിപ്പുകള്‍ക്കെതിരെ പോരാടാന്‍ അന്നും ഇന്നും എന്നും അദ്ദേഹം മുന്നിലുണ്ട്.

പി.എസ്.ഗോപകുമാര്‍

നേതാക്കളുണ്ടെങ്കിലും അവരടക്കം എല്ലാവരും അണികളായ എസ്.യു.സി.ഐയില്‍ എല്ലാവരും എല്ലാ ജോലികളും ചെയ്യും. അതിനാല്‍ത്തന്നെ പാര്‍ട്ടിയുടെ പ്രസ്താവന പത്രമോഫീസുകളില്‍ എത്തിക്കുന്ന ജോലി ഷാജര്‍ ഖാനു തന്നെയായിരുന്നു. അങ്ങനെ മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയില്‍ ഷാജര്‍ വരുന്ന വേളകളിലാണ് ഒപ്പമുണ്ടായിരുന്ന ഗോപനെ കാണുന്നതും പരിചയപ്പെടുന്നതും. അങ്ങനെ ഗോപന്‍ കൊണ്ടു വരുന്ന പത്രക്കുറിപ്പുകള്‍ വാര്‍ത്തയാക്കിയിരുന്ന ഞാന്‍ ഒടുവില്‍ ഗോപനെക്കുറിച്ച് വാര്‍ത്തയെഴുതി. മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള കെ.സി.വാമദേവന്‍ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരത്തിന് 2007ല്‍ ഗോപന്‍ അര്‍ഹനായതായിരുന്നു ആ വാര്‍ത്ത.

ആതുരശുശ്രൂഷയും രക്തദാനവും ഒരു നിയോഗം പോലെ നടത്തിയിരുന്ന, മാനസിക പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കിയിരുന്ന, സാമൂഹികമാറ്റത്തിന് സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച ഈ കര്‍മ്മയോഗിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കാന്‍ ഒട്ടും ബുദ്ധിമുട്ടിയില്ലെന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി. അന്നത്തെ അവാര്‍ഡ് കുറിപ്പില്‍ മാതൃക സൗജന്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ കാര്യം ഉണ്ടായിരുന്നുവെങ്കിലും എന്റെ തലയില്‍ എന്തുകൊണ്ടോ അപ്പോഴത് രജിസ്റ്റര്‍ ആയില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം 2007 ജനുവരി 20ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനില്‍ നിന്ന് ഗോപന്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നതും സാന്ദര്‍ഭികവശാല്‍ ഞാന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. അവാര്‍ഡിനൊപ്പം കിട്ടിയ 5,001 രൂപ ഗോപന്‍ വീട്ടില്‍ കൊണ്ടുപോയിട്ടുണ്ടാവില്ലെന്ന് മറ്റു പലര്‍ക്കുമെന്ന പോലെ എനിക്കും ഉറപ്പ്.

ഞാന്‍ മാതൃഭൂമി വിട്ട് ഇന്ത്യാവിഷനിലേക്കു വന്നു. ചര്‍ച്ചകളിലും മറ്റുമൊക്കെ അതിഥിയായി എത്തുമ്പോള്‍ ഷാജര്‍ ഖാനെ കാണും. പക്ഷേ, ഗോപനെ കാണാതായി. ഇക്കാലത്തെപ്പഴോ ഗോപന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.യു.സി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെന്നു തോന്നുന്നു. ഞാന്‍ കണ്ടില്ല. ഏറെക്കാലത്തിനു ശേഷം ഗോപനെ വീണ്ടും കണ്ടുമുട്ടുന്നത് പ്രശാന്ത് നാരായണന്റെ നാടകക്കളരിയിലാണ്. ഞാനും കൂടി പങ്കാളിയായ ‘ഊരുഭംഗം’ എന്ന നാടകത്തിന്റെ മാനേജരുടെ റോളില്‍. പിന്നീട് ആ കളരി പ്രശാന്ത് നാരായണന്‍ കളമായി രൂപാന്തരം പ്രാപിച്ചപ്പോള്‍ ആ സ്ഥാപനത്തിന്റെ മാനേജരായി ഗോപന്‍. നാടകത്തിന്റെ റിഹേഴ്‌സല്‍ വേളകളിലും കളത്തിന്റെ പരിപാടികളിലുമൊക്കെ കൃത്യസമയത്ത് ഗോപന്‍ ഹാജര്‍.

മുട്ടത്തറ ജി.കെ. ജംഗ്ഷനിലുള്ള കളം ക്യാമ്പസിലായിരുന്നു നാടക ക്യാമ്പ്. പുറത്ത് ചായ കുടിക്കാനും മറ്റുമൊക്കെ ഇറങ്ങുമ്പോള്‍ നാട്ടുകാര്‍ക്കെല്ലാം ഗോപനോട് വലിയ ബഹുമാനം. എല്ലാവരും ‘ഗോപന്‍ സാര്‍’ എന്നു വിളിക്കുന്നു. ഗോപന്റെ രാഷ്ട്രീയം വെച്ചു നോക്കുമ്പോള്‍ സാര്‍ വിളി ചേരുന്നില്ല. ‘ഗോപന്‍ സഖാവ്’ എന്നാണ് ചേരുക. ഗോപനോട് ചോദിച്ചില്ല, പ്രശാന്തിനോട് ചോദിച്ചു. ഗോപന്‍ ഇവിടെയുള്ള മാതൃക എന്ന ട്യൂഷന്‍ സെന്ററിന്റെ പ്രിന്‍സിപ്പലാണ്. മുട്ടത്തറ മേഖലയിലുള്ളവര്‍ ഒന്നുകില്‍ ഗോപന്റെ വിദ്യാര്‍ത്ഥികള്‍, അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍! അപ്പോള്‍പ്പിന്റെ ‘ഗോപന്‍ സാര്‍’ ആയല്ലേ പറ്റൂ. ജീവിക്കാനുള്ള ഒരു മാര്‍ഗ്ഗം, അത്രയേ കരുതിയുള്ളൂ.

ക്യാമ്പില്‍ സജീവമാണെങ്കിലും ഗോപന്‍ ഇടയ്ക്ക് നിന്ന നില്പില്‍ അപ്രത്യക്ഷനാവും. എവിടെപ്പോയി എന്നു ചോദിച്ചപ്പോള്‍ ഒരിക്കല്‍ ഏതോ ഒരു ട്യൂഷന്‍ സെന്ററില്‍ -മാതൃകയിലല്ല -പഠിപ്പിക്കാന്‍ പോയ കാര്യം പറഞ്ഞു. ഒരു ട്യൂഷന്‍ സെന്ററിന്റെ പ്രിന്‍സിപ്പല്‍ എന്നാല്‍ ആ സ്ഥാപനത്തിന്റെ ഉടമ എന്നാണ് വെയ്പ്. അദ്ദേഹം മറ്റൊരിടത്ത് പഠിപ്പിക്കാന്‍ പോകുക പതിവില്ല. എന്നാല്‍, ഗോപന്‍ മാത്രം എന്താ ഇങ്ങനെ? സംശയം ദൂരീകരിച്ചത് പ്രശാന്ത് തന്നെ. ‘അങ്ങേര്‍ക്ക് വീട്ടില്‍ പച്ചരി വാങ്ങിക്കണ്ടേ? മാതൃക സൗജന്യമായി പഠിപ്പിക്കുന്ന സ്ഥാപനമാണ്.’ എനിക്ക് അത്ഭുതമായി. ട്യൂഷന്‍ സെന്റര്‍ ആരെങ്കിലും സൗജന്യമായി നടത്തുമോ? ആര്‍ക്കും ന്യായമായി തോന്നാവുന്ന ഈ സംശയത്തിനു പിന്നാലെയുള്ള സഞ്ചാരം എനിക്കു മുന്നില്‍ തുറന്നുവെച്ചത് പുതിയ തിരിച്ചറിവുകളാണ്.

36 വര്‍ഷം കഴിഞ്ഞിരിക്കുന്നു മാതൃക എന്ന സൗജന്യ വിദ്യാലയം നിലവില്‍ വന്നിട്ട്. തിരുവനന്തപുരത്ത് മുട്ടത്തറയിലെയും പരിസരങ്ങളിലെയും പാവപ്പെട്ട കുട്ടികള്‍ക്ക് പഠനപിന്തുണയ്ക്കായി ഇക്കാലമത്രയും മറ്റൊരിടത്തും പോകേണ്ടി വന്നിട്ടില്ല. ട്യൂഷന്‍ എന്നത് ചെലവേറിയ സംവിധാനമാകുമ്പോള്‍ സൗജന്യമായി അതു ലഭിക്കുക എന്നത് ചെറിയ കാര്യമല്ല.

സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ മാത്രം പഠിപ്പിക്കാനെത്തുന്ന അദ്ധ്യാപകര്‍. ഒരു രൂപ പോലും പ്രതിഫലം സ്വീകരിക്കാതെയുള്ള സേവനം. അവരില്‍ ചിലര്‍ മാതൃകയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥന്‍ മുതല്‍ പൊലീസ് ഉദ്യോഗസ്ഥരും ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എം.ഫില്‍ വിദ്യാര്‍ത്ഥി വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 25 ഓളം വരുന്ന അദ്ധ്യാപകരുടെ നേതൃത്വമാണ് ഗോപകുമാര്‍ എന്ന പ്രിന്‍സിപ്പലിന്.

5 മുതല്‍ 10 വരെ ക്ലാസ്സുകളിലുള്ളവര്‍ക്കാണ് പ്രവേശനം. ഓരോ വര്‍ഷവും 300 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. അത്രയേ ഉള്‍ക്കൊള്ളാനാവൂ. പ്രതിഫലമില്ലെങ്കിലും ചില രക്ഷിതാക്കള്‍ എന്തെങ്കിലും നല്‍കാന്‍ തയ്യാറാവും. അങ്ങനെ രക്ഷാകര്‍തൃ സംഘടനയുടെ പേരില്‍ ഒരു വര്‍ഷത്തേക്ക് 50 രൂപ സംഭാവന സ്വീകരിച്ചു തുടങ്ങി. മാതൃക പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ വാടകയടക്കമുള്ള മറ്റു പ്രവര്‍ത്തന ചെലവുകള്‍ക്കാണ് ഇതു വിനിയോഗിക്കുക. മുട്ടത്തറയിലെ 5 സെന്റ് ഭൂമിയിലാണ് പ്രവര്‍ത്തനം. 3 വര്‍ഷത്തേക്ക് 1 ലക്ഷം രൂപയാണ് തറവാടക. സ്വന്തമായി സ്ഥലമോ കെട്ടിടമോ ഒന്നുമില്ല. അതെല്ലാം ഇന്നും സ്വപ്‌നം.

കുട്ടികളില്‍ ചിലര്‍ നല്‍കുന്ന ഈ സംഭാവന കൊണ്ട് ചെലവുകള്‍ക്ക് തികയില്ല. പലപ്പോഴും വാടകയടക്കമുള്ള ചെലവിനുള്ള തുക അദ്ധ്യാപകര്‍ തന്നെ പിരിവിടുകയാണ് പതിവ്. പ്രതിഫലം വാങ്ങാതെ പഠിപ്പിക്കുന്നതിനൊപ്പം അങ്ങോട്ട് പണം കൊടുക്കുകയും ചെയ്യുന്നു!! വെറും അദ്ധ്യാപകരല്ല ഇവര്‍. കുട്ടികള്‍ വഴിതെറ്റാതെ സംരക്ഷിക്കുന്ന കാവല്‍ മാലാഖമാര്‍ കൂടിയാണ്. ഉദാഹരണത്തിന്, ഒരു സൈക്കോളജിക്കല്‍ കൗണ്‍സലര്‍ കൂടിയായ ഗോപന്‍ വിദ്യാര്‍ത്ഥികളെ പരിപാലിക്കുന്നത് ക്ലാസ്സിനുള്ളില്‍ മാത്രമല്ല, പുറത്തും കൂടിയാണ്.

മറ്റു പല നാടുകളിലുമെന്ന പോലെ ചെറുപ്പക്കാരുടെ കൂട്ടാണ് മാതൃക എന്ന സദ്പ്രവര്‍ത്തിക്കും തുടക്കമിട്ടത്. റേഡിയോ ക്ലബ്ബ് മാതൃകയില്‍ സ്മാര്‍ട്ട് യങ് ചാലഞ്ചേഴ്‌സ് എന്നൊരു ക്ലബ്ബ് യുവാക്കളുടേതായി മുട്ടത്തറയില്‍ പ്രവര്‍ത്തിച്ചിരുന്നു. കുറച്ചു കാലത്തിനു ശേഷം 1982ല്‍ ഈ ക്ലബ്ബിന് പ്രസിഡന്റും സെക്രട്ടറിയും മറ്റു ഭാരവാഹികളുമടക്കം ഒരു സംഘടനാ രൂപം കൈവന്നു. അതിന്റെ ഭാഗമായാണ് മാതൃകയും രൂപമെടുത്തത്. ക്ലബ്ബിന്റെ പ്രസിഡന്റാണ് മാതൃകയുടെ പ്രിന്‍സിപ്പല്‍. ഇപ്പോള്‍ ഈ രണ്ടു പദവികളും വഹിക്കുന്നത് ഗോപന്‍.

പരിമിതികള്‍ക്കൊപ്പിച്ച് ജീവിക്കാനാണ് മാതൃകയിലുള്ളവര്‍ ആദ്യം തന്നെ പരിശീലിച്ചത്. അതിനാല്‍ ആരുടെയും പിന്നാലെ സഹായം തേടി പോകേണ്ടി വന്നിട്ടില്ല. സുമനസ്സുകള്‍ ഇങ്ങോട്ടു വന്നിട്ടേയുള്ളൂ. 1986 മുതല്‍ ഗോപന്‍ ഈ കൂട്ടിന്റെ ഭാഗമാണ്. 32 വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ അദ്ദേഹം ഇതിന്റെ നെടുംതൂണായി വളര്‍ന്നിരിക്കുന്നു.

എസ്.എസ്.എല്‍.സി. പരീക്ഷാഫലം വരുമ്പോള്‍ 100 ശതമാനം വിജയത്തിന്റെ മേനി അവകാശപ്പെടാവുന്ന ഒരുപാട് സ്ഥാപനങ്ങളുണ്ടാവും. പക്ഷേ ദാരിദ്ര്യത്തില്‍ പെട്ടുഴലുന്ന, പഠിക്കാനുള്ള സാഹചര്യമില്ലാത്ത കുട്ടികളെ കൈപിടിച്ചുയര്‍ത്തി 100 ശതമാനം വിജയം കൈവരിക്കുക എന്നു പറയുന്നത് വലിയ നേട്ടം തന്നെയാണ്. തീര്‍ച്ചയായും അത് ആഘോഷിക്കപ്പെടുക തന്നെ വേണം.

ദാനം ചെയ്യും തോറും അധികരിച്ചു വരുന്ന സമ്പത്താണ് വിദ്യ. മനുഷ്യന്റെ വളര്‍ച്ചയില്‍ നോട്ടുകെട്ടുകള്‍ക്കുള്ള സംഭാവനയെക്കാള്‍ അധികം സംഭാവന തൂലികള്‍ രചിച്ച അക്ഷരങ്ങള്‍ നല്‍കിയിട്ടുണ്ട്. പഠിക്കുന്ന കുട്ടിയുടെ ഒരു കുടുംബത്തിന്റെയും, അവരിലൂടെ ഒരു സമൂഹത്തിന്റെയും, ആ സമൂഹത്തിലൂടെ ഒരു രാഷ്ട്രത്തിന്റെയും ഉന്നമനം സാദ്ധ്യമാക്കാന്‍ വിദ്യാഭ്യാസത്തിനു കഴിയും. മാതൃകയുടെ പ്രസക്തി അവിടെയാണ്.

Previous articleക്രൂരം ഈ തമാശ
Next articleകാവി പുതച്ചെന്നോ? ആര്? എവിടെ?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here