മാധ്യമ ഉപദേശകന്‍ ആര്?

Prabha_varma.jpeg– കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേശകന്‍ ആര്?
– ഇന്നാട്ടിലെ കൊച്ചുകുട്ടിക്കു പോലും അറിയുന്ന ഉത്തരം ചോയ്ക്കുന്ന അനക്കെന്താ നട്ടപ്പിരാന്താണോ?
– ചോദിക്കാന്‍ കാരണമുണ്ട് സഖാ.. അതു പറഞ്ഞാ നിങ്ങള്‍ ഞെട്ടും.
– അതെന്താണെടാ ശവീ, നിയ്യ് പറ.
– എന്റെ ആദ്യ ചോദ്യത്തിന് നിങ്ങള്‍ ഉത്തരം പറ.
– നുമ്മടെ കൈരളി ടീവീന്റെ എം.ഡി. ജോണ്‍ ബ്രിട്ടാസല്ലേ അത്..
– ഉത്തരം തെറ്റാണ്, നിങ്ങള്‍ക്ക് മാര്‍ക്കില്ല. സമ്മാനവുമില്ല.
– ജ്ജെന്ത് വിഡ്ഡിത്തമാ ഇപ്പറയുന്നേ?
– സത്യം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ പ്രഭാകരവര്‍മ്മ.
– അനക്ക് വട്ടാണ്, നല്ല മുയുത്ത വട്ട്.

എല്ലാവരും വിശ്വസിക്കുന്ന പോലെ ജോണ്‍ ബ്രിട്ടാസ് ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേശകനാണോ? അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നമ്മളെല്ലാം കണ്ടതാണല്ലോ. പക്ഷേ, സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ള ഏറ്റവും പുതിയ വിവരമനുസരിച്ച് പ്രഭാകരവര്‍മ്മ എന്ന പ്രഭാ വര്‍മ്മയാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍. ജോണ്‍ ബ്രിട്ടാസിന്റെ പേര് എവിടെയും കാണുന്നില്ല. ഇതെന്തു മറിമായം? നിയമോപദേശകന്‍ എം.കെ.ദാമോദരനെപ്പോലെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസും പടിയിറങ്ങിയോ? അറിയില്ല.

Kartha.jpg

തികച്ചും യാദൃശ്ചികമായാണ് ഈ വിവരത്തിലേക്ക് ഞാനെത്തിയത്. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നതു തന്നെ മുഖ്യമന്ത്രിക്കു ചതുര്‍ത്ഥിയാണ്. ‘അമേദ്യം’ കാണുമ്പോള്‍ മുഖ്യമന്ത്രി മാറി നടക്കുകയാണ് എന്നാണ് അവതാരങ്ങള്‍ പറയുന്നത്. അദ്ദേഹത്തിനു ജനങ്ങളെ കാര്യമറിയിക്കാന്‍ വെബ്‌സൈറ്റും ഫേസ്ബുക്കുമൊക്കെയുണ്ടല്ലോ. അവിടെ എല്ലാം കിറുകൃത്യമായി വരുന്നുണ്ട് എന്നാണ് അറിയിച്ചിട്ടുള്ളത്. അതിനാല്‍ മുഖ്യമന്ത്രിയെക്കുറിച്ച് ഒരു വിവരമറിയാന്‍ കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് തപ്പി. ഇതാണ് വെബ് വിലാസം https://kerala.gov.in/

സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ മുഖ്യമന്ത്രിയെക്കുറിച്ച് പ്രത്യേക പേജുണ്ട്. മന്ത്രിമാരെക്കുറിച്ചുമുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ലഘു ജീവചരിത്രക്കുറിപ്പുകള്‍, ബന്ധപ്പെടേണ്ട വിലാസം, ഫോണ്‍ നമ്പര്‍, പേഴ്‌സണല്‍ സ്റ്റാഫിനെ സംബന്ധിച്ച വിവരങ്ങള്‍, അവരുടെ ഫോണ്‍ നമ്പറുകള്‍ എന്നിവയെല്ലാം കൃത്യമായി നല്‍കിയിരിക്കുന്നു. പക്ഷേ, എന്തുകൊണ്ടോ നമ്മുടെ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവത്തിന്റെ മാത്രം ജീവചരിത്രക്കുറിപ്പ് നല്‍കിയിട്ടില്ല. അതു പോട്ടെ, വിട്ടുപോയതായിരിക്കും. ക്ഷമിച്ചേക്കാം. അദ്ദേഹംആശയവിനിമയം നടത്തുന്നത് വെബ്‌സൈറ്റിലൂടെയല്ലല്ലോ.

AdvisorS.jpg

മുഖ്യമന്ത്രിയുടെ പേജെടുത്തു. ഇതാണ് വെബ് വിലാസം https://kerala.gov.in/web/guest/pinarayi-vijayan# സാമാന്യം വിശദമായിത്തന്നെ കാര്യങ്ങള്‍ കൊടുത്തിട്ടുണ്ട്. നല്ല കാര്യം. എല്ലാ വിവരങ്ങളും പേജില്‍ നിന്ന് മനസ്സിലാക്കാം. പേഴ്‌സണല്‍ സ്റ്റാഫിന്റെ പട്ടികയുണ്ട്. വെബ്‌സൈറ്റിലെ ക്രമത്തില്‍ തന്നെ നോക്കാം.

നളിനി നെറ്റോ -മുഖ്യമന്ത്രിയുടെ സെക്രട്ടറി

എം.ശിവശങ്കര്‍ -പ്രൈവറ്റ് സെക്രട്ടറി (ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി)

ദിനേശന്‍ പുത്തലത്ത് -പൊളിറ്റിക്കല്‍ സെക്രട്ടറി

പ്രഭാകരവര്‍മ്മ -മാധ്യമ ഉപദേശകന്‍

എം.സി.ദത്തന്‍ -ശാസ്ത്ര ഉപദേശകന്‍

എന്‍.കെ.ജയകുമാര്‍ -സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി

പി.ഗോപന്‍ -അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

മേജര്‍ ദിനേഷ് ഭാസ്‌കരന്‍ -അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

സുരേഷ് കുമാര്‍ എം. -അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

രാജശശി കെ. -അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

വി.എം.സുനീഷ് -പേഴ്‌സണല്‍ അസിസ്റ്റന്റ്

സുരേഷ് പി.ആര്‍. -അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്

Varma.jpg

ഇത്രയും പേരല്ല സ്റ്റാഫിലുള്ളത് എന്നുറപ്പ്. മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന സി.എം.രവീന്ദ്രന്റെ പേര് ഈ പട്ടികയില്‍ കാണുന്നില്ല എന്നതു തന്നെ ഉദാഹരണം. പക്ഷേ, അതുപോലെ ജോണ്‍ ബ്രിട്ടാസിന്റെയും പേര് ഉള്‍പ്പെടാതെ പോയി എന്നു കരുതാനാവില്ല. കാരണം, ജോണ്‍ ബ്രിട്ടാസ് വഹിക്കുന്നതായി പറയപ്പെടുന്ന മാധ്യമ ഉപദേശക സ്ഥാനത്ത് വന്നിരിക്കുന്ന പേര് പ്രഭാ വര്‍മ്മ എന്ന പ്രഭാകരവര്‍മ്മയുടേതാണ്. മറ്റു പലരുടേയും പേരിനൊപ്പം സാമ്പത്തിക ഉപദേശക ഗീതാ ഗോപിനാഥിന്റെ പേരും പട്ടികയിലില്ല.

John_Brittas.jpg

ഒരു പക്ഷേ ഇത് വെബ്‌സൈറ്റ് കൈകാര്യം ചെയ്തവര്‍ക്ക് വന്ന പിഴവായിരിക്കാം. പണിയറിയുന്നവനെ പണിയേല്‍പ്പിച്ചില്ലെങ്കില്‍ പണി കിട്ടാന്‍ സാദ്ധ്യത കൂടുതലാണ്. മാധ്യമങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കി സമൂഹ മാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റിലൂടെയും ആശയവിനിമയം നടത്തുന്ന ഹൈടെക് മുഖ്യമന്ത്രിക്ക് ഏതായാലും ഇത്തരം പിഴവുകള്‍ ഭൂഷണമല്ല. ഇനി വിവാദങ്ങള്‍ക്കൊടുവില്‍ ബ്രിട്ടാസ് പടിയിറങ്ങിയതാണെങ്കില്‍ അതു സംബന്ധിച്ച സത്യം വെളിപ്പെടുത്തണം. ഞങ്ങളോടു പറയണ്ട, ഫേസ്ബുക്കില്‍ കുറിച്ചാല്‍ മതി!!!

Print Friendly
Advertisements

Content Protection by DMCA.com

9847062789@upi

 

COMMENT