മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും അവകാശമുണ്ടോ? പത്രസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നൊക്കെ പറയുമ്പോഴും എന്ത് അവകാശമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്? യഥാര്‍ത്ഥത്തില്‍ മാധ്യമ മുതലാളിക്കാണ് സ്വാതന്ത്ര്യവും അവകാശങ്ങളുമെല്ലാം. വീരേന്ദ്രകുമാറിനെതിരെ മാതൃഭൂമിയില്‍ എഴുതാന്‍ കഴിയുമോ? മാത്തുക്കുട്ടിച്ഛായനെതിരെ മനോരമയിലോ പിണറായി വിജയനെതിരെ ദേശാഭിമാനിയിലോ എഴുതാന്‍ കഴിയുമോ? ഒരു മാധ്യമ സ്ഥാപനത്തെ ആരാണോ നിയന്ത്രിക്കുന്നത് അവര്‍ക്കാണ് അവകാശങ്ങള്‍. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നൊക്കെ വീമ്പു പറയുമെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ വെറും പേനയുന്തികള്‍ മാത്രമാണ്. എന്നാല്‍ ഇതിനിടയില്‍ നിന്നും വ്യക്തിത്വം നഷ്ടപ്പെടുത്താതെ പോരാട്ടം നടത്താന്‍ കഴിയുന്നവര്‍ക്ക് ആശ്വസിക്കാം.

ഒരു മാധ്യമപ്രവര്‍ത്തനോ പ്രവര്‍ത്തകയ്‌ക്കോ ഉണ്ടാകുന്ന പ്രശ്നം അവരുടെ മാത്രം പ്രശ്നമായി മാറുകയാണ്. പത്രപ്രവര്‍ത്തക യൂണിയനുണ്ടെങ്കിലും സംഘടിതരെന്നു മേനി നടിക്കുമ്പോഴും ഏറ്റവും അസംഘടിതമായൊരു സമൂഹമാണ് മാധ്യമപ്രവര്‍ത്തകരുടേത്. പത്രപ്രവര്‍ത്തനം നടത്തുന്ന മുഴുവന്‍ ആളുകളെയും ഒരു കൊടിക്കീഴില്‍ കൊണ്ടുവരാന്‍ കഴിയാതെ പോകുന്ന സംഘടനയാണ് പത്രപ്രവര്‍ത്തക യൂണിയന്‍. വന്നുകൂടാവുന്ന ദുഷിപ്പുകള്‍ ഒഴിവാക്കാന്‍ ആരംഭകാലത്ത് ചില നിബന്ധനകള്‍ യൂണിയനില്‍ വച്ചിരുന്നു. എന്നാല്‍ കാലത്തിനനുസരിച്ച് ആ നിബന്ധനകളില്‍ മാറ്റം വരുത്താന്‍ പറ്റാത്തതിന്റെ പ്രശ്നങ്ങള്‍ ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ നേരിടുകയാണ്.

മാതൃഭൂമിയിലും മനോരമയിലുമടക്കം ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഇന്ന് കരാര്‍ നിയമനങ്ങളാണ്. മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനാണെങ്കിലും ഒരാള്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നതെങ്കില്‍ അവരെ പത്രപ്രവര്‍ത്തകനായി യൂണിയന്‍ അംഗീകരിക്കുന്നില്ല. യൂണിയന്‍ ഒരാളെ പത്രപ്രവര്‍ത്തകനായി അംഗീകരിക്കാന്‍ എടുക്കുന്ന മാനദണ്ഡം അവന്‍ ഈ തൊഴില്‍ ജീവിതോപാധിയായി സ്വീകരിച്ചതാണോ എന്നതല്ല, മറിച്ച് സ്ഥിരം നിയമനമാണോ പി.എഫ്. ഉണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. സര്‍ക്കാര്‍ നല്‍കുന്ന അക്രിഡിറ്റേഷനിലും ഇതേ മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത്.

തട്ടിപ്പുകാര്‍ കയറിക്കൂടാതിരിക്കാന്‍ പി.എഫ്. ആനുകൂല്യമുള്ള സ്ഥിരം ജീവനക്കാര്‍ക്കേ അക്രിഡിറ്റേഷന്‍ നല്‍കാവൂ എന്ന വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ പി.എഫ്. നിയമം മാറ്റിയത്. ഇന്നിപ്പോള്‍ 25,000 രൂപയ്ക്ക് മുകളിലുള്ളവര്‍ക്ക് പി.എഫ്. നിര്‍ബന്ധമല്ല. ഇന്ത്യവിഷനില്‍ സീനിയര്‍ ആയിട്ടുള്ള ഒരാള്‍ക്കു പോലും അക്രഡിറ്റേഷന് യോഗ്യതയില്ലായിരുന്നു. കാരണം, ഞങ്ങള്‍ക്ക് പി.എഫ്. ഇല്ലായിരുന്നു. ഈ രീതിവച്ചു നോക്കിയാല്‍ 25,000 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്കെ അക്രഡിറ്റേഷന് യോഗ്യതയുള്ളൂ.

മാതൃഭൂമിയില്‍ ലൈനര്‍ എന്നൊരു വിഭാഗമുണ്ട്. ആറു മാസത്തിലൊരിക്കല്‍ കരാര്‍ പുതുക്കി നിലനിര്‍ത്തുകയാണിവരെ. കോളത്തിന് അനുസരിച്ചാണ് കൂലി നിശ്ചയിക്കുന്നത്. അതല്ലാതെ മറ്റൊരാനുകൂല്യങ്ങളും ഇല്ല. തുടക്കകാലത്ത് മാതൃഭൂമിയില്‍ ലൈനര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ളൊരാളാണ് ഞാന്‍. എനിക്കൊരു മാസം കൂലി ആയി ലഭിച്ചിരുന്നത് 1,700 രൂപയായിരുന്നു. ഇതിനുപുറമെ ഒരു കോളം, അതായത് 3.9 സെന്റിമീറ്റര്‍ വീതിയില്‍ 50 സെന്റിമീറ്റര്‍ വാര്‍ത്ത എഴുതുമ്പോള്‍ 10 രൂപ വേറെ കിട്ടും! ഇപ്പോള്‍ തുക 50 രൂപയ്ക്കു മുകളിലായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നു തോന്നുന്നു. ആറു മാസം തികയുന്ന ദിവസം എന്നെ പിരിച്ചുവിടും. അടുത്ത ദിവസം വീണ്ടും തിരിച്ചെടുക്കും. സ്ഥിരം സര്‍വ്വീസില്‍ വരുന്നതിനു മുമ്പ് ലൈനറായിരുന്ന രണ്ടു വര്‍ഷത്തോളം അതായിരുന്നു രീതി. ഈ സമ്പ്രദായമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

പത്രത്തിലെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന പല മാധ്യമപ്രവര്‍ത്തകരും ലൈനര്‍മാരാണ്. പുറത്തു കാണുമ്പോള്‍ മാതൃഭൂമിയുടെ റിപ്പോര്‍ട്ടര്‍മാര്‍ എന്ന പത്രാസിലാണ് ബാക്കിയുള്ളവര്‍ ഇവരെ കാണുന്നത്. മാതൃഭൂമിയില്‍ മാത്രമല്ല മനോരമയിലും കാണാം ഇത്തരം ചൂഷണങ്ങള്‍. മനോരമയില്‍ നിന്നു മാറി മറ്റു പത്രങ്ങളില്‍ കയറുന്നവരെ നോക്കി ആളുകള്‍ അത്ഭുതപ്പെടാറുണ്ട്. മനോരമയില്‍ നിന്ന് കുറഞ്ഞ പത്രത്തിലേക്കു പോയതിന്റെ മണ്ടത്തരത്തെ പറ്റി പറയുന്നവര്‍ അറിയുന്നില്ല മനോരമയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരാണ് ഇവിടെ സ്ഥിര നിയമനത്തിന്റെ ഉറപ്പുമായി കയറുന്നതെന്ന്.

അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകൂമാറിനു നേരെ സംഘടിതമായ അധിക്ഷേപവും ഭീഷണിയുമുണ്ടായ പ്രശ്നത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്തതില്‍ 80 ശതമാനവും ഏഷ്യാനെറ്റുകാരായിരുന്നു. പിന്നെയുണ്ടായിരുന്നത് യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍. ഇതു തന്നെയാണ് മാതൃഭൂമിയില്‍ പണിയെടുക്കുന്നൊരാള്‍ക്കായാലും മനോരമയിലെ ജോലിക്കാര്‍ക്കായാലുമൊക്കെ സംഭവിക്കുന്നത്. ഒരു സ്ഥാപനത്തിനുണ്ടാകുന്ന പ്രശ്നം ആ സ്ഥാപനത്തിലെ മാത്രം പ്രശ്നമാണ്.

അതിലും വലിയ തമാശ മറ്റൊന്നാണ്. ഒരു സ്ഥാപനം അതിലെ ഒരു തൊഴിലാളിയെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ തൊഴിലാളി സംഘടനകളും മറ്റു തൊഴിലാളികളും അയാള്‍ക്കൊപ്പം നില്‍ക്കും. നേരെമറിച്ച് ഒരു പത്രസ്ഥാപനത്തിലാണ് ഒരാളെ പുറത്താക്കുന്നതെങ്കില്‍ ബാക്കിയുള്ളവരെല്ലാം മുതലാളിക്കൊപ്പം ചേര്‍ന്ന് പുറത്താക്കപ്പെടുന്ന തൊഴിലാളിയെ തള്ളിപ്പറയുന്ന സ്ഥിതിയാണ്. നിലവില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയും മാതൃഭൂമിയില്‍ നിന്നു പുറത്താക്കപ്പെട്ടയാളുമായ സി.നാരായണന്‍ തന്നെ ഉദാഹരണം. നാരായണനെ ഒറ്റപ്പെടുത്തിയത് അടിമത്തത്തിന്റെ മൂര്‍ത്തീഭാവം എന്നേ പറയാനുള്ളൂ! ഇവിടെ പത്രപ്രവര്‍ത്തകരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പത്രമുതലാളിമാര്‍ എത്ര ശക്തരാണെന്നതിന്റെ ലക്ഷണങ്ങളാണ് ഇതു കാണിക്കുന്നത്.

വിജയ് മല്യയുടെ സ്ഥാപനത്തില്‍ വരെ സമരം നടത്തുന്നു. എന്നാല്‍, വീരേന്ദ്രകുമാറിന്റെ സ്ഥാപനത്തിലോ മാമന്‍ മാത്യുവിന്റെ സ്ഥാപനത്തിലോ സമരം നടത്താന്‍ പറ്റില്ല. സമരങ്ങള്‍ നടന്നിട്ടില്ലേയെന്നു ചോദിക്കാം. ഉണ്ട്, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലും ദീപികയിലുമൊക്കെ നടന്നിട്ടുണ്ട്. പക്ഷേ ആ സമരങ്ങളുടെ ഫലമെന്തായിരുന്നുവെന്നു കൂടി അന്വേഷണിക്കണം. ഇന്ത്യാവിഷനിലും സമരം നടന്നിട്ടുണ്ട്. എന്നിട്ടെന്തുണ്ടായി? മത്സരാധിഷ്ഠിതമായി ഒരു സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകനെ പത്രസ്ഥാപനങ്ങള്‍ പരസ്പരം സ്വന്തമാക്കാറുണ്ടെങ്കിലും ഒരിക്കലും മാതൃഭൂമി പുറത്താക്കിയ ഒരാളെ മനോരമയോ മനോരമ പുറത്താക്കിയൊരാളെ മാതൃഭൂമിയോ ജോലിക്കെടുക്കില്ല. അതാണ് പത്രമുതലാളിമാര്‍ തമ്മിലുള്ള കൈകൊടുക്കല്‍.

ഫോര്‍ത്ത് എസ്റ്റേറ്റാണ്, മുഖ്യമന്ത്രിയുടെ തുപ്പല്‍ തെറിക്കുന്നയത്ര അടുപ്പത്തിലിരുന്ന് വാര്‍ത്തകളെഴുതുന്നവരാണെന്നൊക്കെ പുളകം കൊള്ളുന്നവര്‍ക്ക് പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍ കീശയില്‍ കാശില്ലാത്ത അവസ്ഥയാണ്. ന്യായമായ വേതനം എത്രപേര്‍ക്ക് കിട്ടുന്നുണ്ട്. കൃത്യമായൊരു ഡ്യൂട്ടി സമയം പോലുമില്ലാതെ ജോലിയെടുക്കേണ്ടി വരുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ അതിനനുസരിച്ചുള്ള വേതനം ലഭിക്കുന്നുമില്ല. കൂലിവേലയ്ക്കു പോകുന്നതുവനു പോലും 550 രൂപ കുറഞ്ഞത് കിട്ടും. രാവിലെ ഒമ്പത് മണിക്ക് വന്ന്, കൃത്യമായ സമയങ്ങളില്‍ ഇടവേളയെടുത്ത് വൈകിട്ട് നാലുനാലരയാകുമ്പോള്‍ കൂലിയും വാങ്ങിച്ചു പോകുന്ന പണിക്കാരന്റെ ജീവിതം ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ച് സ്വപ്നം കാണുന്നതിനു അപ്പുറമാണിന്ന്.

കുറെ പൊങ്ങച്ചത്തിന്റെ പുറത്തു ജീവിക്കുന്നവരാണ് കേരളത്തിലെ പത്രപ്രവര്‍ത്തകര്‍. ഒരാള്‍ പോലും എനിക്കിത്ര ശമ്പളം ഉണ്ടെന്നു പറയില്ല. ഉള്ളതിനെക്കാള്‍ 10,000 രൂപയെങ്കിലും കൂട്ടിയെ പറയാറുള്ളൂ. ഒരു സ്ഥാപനത്തില്‍ തന്നെ ജോലിയെടുക്കുന്നവര്‍ക്ക് തമ്മില്‍ തമ്മില്‍ എത്ര ശമ്പളം ഉണ്ടെന്ന് അറിയുമോയെന്ന് സംശയമാണ്. മറ്റൊരു സ്ഥാപനത്തിലെ കാര്യം തീര്‍ച്ചയായും അറിവുണ്ടാവില്ല. 4,000 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുന്ന മാധ്യമ സുഹൃത്തുക്കള്‍ തിരുവനന്തപുരത്തുണ്ട്. എന്നാല്‍, മാധ്യമപ്രവര്‍ത്തകനെക്കാള്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുമായി ജോലിക്കു കയറുന്ന ഡ്രൈവര്‍ക്ക് 10,000 രൂപയ്ക്കുമേല്‍ ശമ്പളം ഉണ്ട്.

ഇതിനൊരു മറുവശം കൂടിയുണ്ട്, അതും പറഞ്ഞു പോകണം. ഒരഭിഭാഷകന്‍ മറ്റൊരു അഭിഭാഷകനെ സൃഷ്ടിക്കുന്നില്ല, ഒരു ഡോക്ടര്‍ മറ്റൊരു ഡോക്ടറെ സൃഷ്ടിക്കുന്നില്ല, അതിനു വ്യവസ്ഥാപിതമായൊരു പഠന രീതിയുണ്ട്. എന്നാല്‍, പത്രപ്രവര്‍ത്തകര്‍ ഒരു വരുമാന മാര്‍ഗമായി കണ്ട് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നടത്തി അവിടെ നിന്ന് ഓരോ കൊല്ലവും കുറഞ്ഞത് 300 പേരെയങ്കിലും പത്രപ്രവര്‍ത്തനം പഠിപ്പിച്ച് പുറത്തിറക്കി വിടുന്നുണ്ട്. ഇവര്‍ക്കെല്ലാം ഇവിടെ തൊഴില്‍ സാധ്യതകളില്ല. പക്ഷേ, അവര്‍ക്കെവിടെയങ്കിലും തൊഴില്‍ വേണം. അങ്ങനെ വരുമ്പോള്‍ ചൂഷണം ചെയ്യാന്‍ കാത്തുനില്‍ക്കുന്നവരുടെ കീഴിലേക്ക് അവര്‍ പോകാന്‍ തയ്യാറാകും.

പഠിച്ചിറങ്ങിപ്പോയി, ഇനിയൊരു ജോലിയാണ് ആവശ്യമെന്നുള്ളതുകൊണ്ട് കിട്ടുന്ന ശമ്പളത്തില്‍ പറയുന്നതുപോലെ ജോലി ചെയ്യാന്‍ തയ്യാറാകും. താത്ക്കാലമൊരിടം എന്ന നിലയിലായിരിക്കും പലരും ഇത്തരത്തില്‍ ജോലി സ്വീകരിക്കുന്നതെങ്കിലും അവിടെ നിന്ന് അതിലും മികച്ചൊരിടത്തേക്കുള്ള രക്ഷപ്പെടലിന് കഴിഞ്ഞിട്ടുള്ളത് വളരെ ചുരുക്കം ചിലര്‍ക്കു മാത്രം. പത്തും പതിനൊന്നും വര്‍ഷമായിട്ട് മാതൃഭൂമിയില്‍ ലൈനറായി ജോലി ചെയ്യുന്നവരുണ്ട്. എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടപ്പെടാം എന്ന ഭീഷണി നേരിട്ടുകൊണ്ടാണവര്‍ ജീവിക്കുന്നതും.

മുതലാളിക്ക് ഇഷ്ടമില്ലാത്തൊരു വാര്‍ത്തയെഴുതിയാല്‍ തീരാവുന്നതേയുള്ളൂ അവരുടെ ജോലി. പിരിച്ചു വിട്ടാല്‍ ഏതു ലേബര്‍ കോടതിയില്‍ പോയാലും കാര്യമുണ്ടാകില്ല. കാരണം ആറു മാസത്തേക്കു മാത്രമാണ് കരാര്‍. കലാവധി കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും പറഞ്ഞുവിടാന്‍ അധികാരം മുതലാളിക്കാണുള്ളത്. ഇത്തരത്തില്‍ നോക്കിയാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശങ്ങള്‍ കുറവാണെന്നല്ല, ഒരവകാശവും ഇല്ലെന്നാണു പറയേണ്ടത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനു വേണ്ടി എഴുതുകയും പറയുകയും ചെയ്യുന്നവന് അതില്‍ നിന്നു കിട്ടുന്ന സംതൃപ്തിയെ മിച്ചമുള്ളൂ.

സര്‍ക്കാരിന്റെ പൊതുജന സമ്പര്‍ക്ക വകുപ്പ് എന്ന പി.ആര്‍.ഡി. പ്രസിദ്ധീകരിക്കുന്ന മീഡിയ ബുക്കില്‍ ടൈംസ് ഓഫ് ഇന്ത്യ എന്ന മാധ്യമസ്ഥാപനത്തിന്റെ പേരില്ല. രാജ്യത്ത് ഏറ്റവുമധികം സര്‍ക്കുലേഷനുള്ള പത്രമാണ്. എന്നിട്ടുമെന്തേ പി.ആര്‍.ഡിയുടെ ബുക്കില്‍ ഇടം പിടിച്ചില്ലെന്നു ചോദിച്ചാല്‍, അവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ കരാര്‍ ജീവനക്കാരാണ്. അവരെ നിലവിലുള്ള മാനദണ്ഡം വച്ച് ഒരാളും പത്രപ്രവര്‍ത്തകരായി അംഗീകരിക്കുന്നില്ല. രാജ്യത്തെ ഏറ്റവും അധികം സര്‍ക്കുലേഷനുള്ള മാധ്യമസ്ഥാപനത്തിലെ ജീവനക്കാരെ നമ്മുടെ നിയമപ്രകാരം പത്രപ്രവര്‍ത്തകരായി അംഗീകരിക്കാന്‍ കഴിയില്ല എന്നതാണ് വിരോധാഭാസം. ഇതിലൊക്കെ മാറ്റമുണ്ടാകുമോ?

വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ട്, മജീദിയ വേജ്ബോര്‍ഡ് ഒക്കെ കൊണ്ടു വരുമ്പോളും അതൊക്കെ മറികടക്കാനുള്ള സൂത്രപ്പണികളും ഇവിടെ ഉണ്ടാകുന്നില്ലേ? അപ്പോള്‍ മാറ്റങ്ങള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാകും? ഏതൊരു മാധ്യമസ്ഥാപനത്തിന്റെയും ശക്തി അവിടുത്തെ മാധ്യമപ്രവര്‍ത്തകരാണ്. പക്ഷേ ഞാനെഴുതുന്ന പേനയുടെ തുമ്പത്തെ ശക്തി എനിക്കല്ല എന്റെ മുതലാളിക്കാണ്. ആ ശക്തിയുപയോഗിച്ചാണ് അവര്‍ വിലപേശുന്നത്. മാനേജ്മെന്റിന്റെ ഒത്താശക്കാരായി നില്‍ക്കുന്ന ന്യൂനപക്ഷത്തിനൊഴിച്ച് ബാക്കിയുള്ളവരെയെല്ലാം അവര്‍ പന്താടുന്നതും ഇതേ ശക്തിവച്ചാണ്.

മാധ്യമപ്രവര്‍ത്തകരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും അംഗീകരിച്ചു കൊടുക്കുന്ന സ്ഥാപനങ്ങളും ഇവിടെ ഉണ്ട്. പക്ഷേ എപ്പോള്‍ വേണമെങ്കിലും ഒരു പിഴവ് പറ്റാവുന്ന ഒരു ജോലിയില്‍, സംഭവിക്കുന്ന പിഴവിന്റെ പേരില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അന്യായമായി ശിക്ഷിക്കപ്പെട്ടാല്‍ അതിനെ ചോദ്യം ചെയ്യാന്‍ അവകാശം ഇവിടെയില്ല. ലേഖകന്‍ എഴുതിയ വാര്‍ത്ത ഒരു നേതാവിന് ഇഷ്ടപ്പെട്ടില്ല എന്നുണ്ടെങ്കില്‍ നേതാവ് ഉടനെ മുതലാളിയെ വിളിച്ചു പരാതി പറയും. അതിന്റെ ഫലമായി വാര്‍ത്തയെഴുതിയ ലേഖകന്‍ സ്ഥലം മാറ്റപ്പെടും. അത് നിയമപ്രകാരമാണോ എന്നു ചോദിച്ചാല്‍ അല്ല, ചോദ്യം ചെയ്യാന്‍ പറ്റുമോ, ഇല്ല. ഇതു തന്നെയാണ് ഓരോ മാധ്യമപ്രവര്‍ത്തകനും നേരിടുന്ന പ്രശ്നം.

ഞാന്‍ സ്വന്തം ജീവിതത്തില്‍ നേരിട്ട പ്രശ്‌നമാണിത്. എഴുതിയ വാര്‍ത്ത തെറ്റാണെന്ന് ആരും പറഞ്ഞില്ല. യു.ഡി.എഫ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് കുറ്റം. ‘നിന്നെ ഒരാഴ്ചയ്ക്കകം തെറിപ്പിക്കുമെടാ’ എന്ന് വെല്ലുവിളി അഴിമതിക്കാരനായ നേതാവ് വിജയകരമായി പ്രാവര്‍ത്തികമാക്കിയപ്പോള്‍ പിന്നെ എത്ര വലിയ സ്ഥാപനമായിരുന്നാലും അവിടെ തുടരേണ്ടതില്ല എന്നു തോന്നി. അങ്ങനെയാണ് 2012ല്‍ മാതൃഭൂമിയുടെ പടി എന്നെന്നേക്കുമായി ഇറങ്ങിപ്പോന്നത്.

ഇന്ത്യാവിഷനില്‍ നിന്നും ഇന്നും രാജിവയ്ക്കാത്ത ഒരാളാണ് ഞാന്‍. എന്നെ പുറത്താക്കിയെന്നോ സ്ഥാപനം നിര്‍ത്തിയെന്നോ ഇന്നേവരെ രേഖാമൂലം അറിയിച്ചിട്ടില്ല. പക്ഷേ, ഇന്ത്യാവിഷനില്‍ നിന്നു എനിക്ക് കിട്ടാനുള്ള അവകാശത്തിനുവേണ്ടി ഒരു സമരത്തിന് ഞാന്‍ കോപ്പുകൂട്ടിയെന്നിരിക്കട്ടെ, എന്റെ കൂടെ നില്‍ക്കാനും ആരും കാണില്ല. കാരണം ഇന്ത്യാവിഷനില്‍ ഒപ്പമുണ്ടായിരുന്നവരൊക്കെ ഇന്ന് മറ്റു സ്ഥാപനങ്ങളില്‍ ജോലിക്കു കയറി. ഇവിടെ നിന്നും കിട്ടാനുള്ള കാശിനു വേണ്ടി സമരം ചെയ്താല്‍ അത് അവരിപ്പോള്‍ ജോലിയെടുക്കുന്ന സ്ഥാപനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

അതുകൊണ്ട് കിട്ടാനുള്ള കാശ് പോയാലും ഇപ്പോഴുള്ള ജോലി മതിയെന്ന ഒരുതരം escapist nature ഉള്ളവരാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകരില്‍ അധികവും. 10 പേര്‍ ഒരുമിച്ചിരുന്ന് ജോലി ചെയ്യുന്നിടത്ത് എനിക്കൊരു പ്രശ്നമുണ്ടായാല്‍ അത് എന്റെ മാത്രം പ്രശ്നമാണ്. ഈയൊരു വ്യവസ്ഥിതി കാലാകാലമായി നില്‍ക്കുകയാണ്. പുതിയതായി വരുന്നവരിലും സ്വഭാവികമായി ഇതേ സമീപനം തന്നെയായിരിക്കും.

സംഘടിക്കാന്‍ കഴിയാതെ പോകുന്ന വര്‍ഗ്ഗമാണ് മാധ്യമപ്രവര്‍ത്തത്തകരുടേത്. അവര്‍ ഇന്നലെകളില്‍ അസംഘടിതരായിരുന്നു, ഇന്നും അസംഘടിതരാണ്, നാളെയും അസംഘടിതരായിരിക്കും. അതാണ് മാധ്യമപ്രവര്‍ത്തകന്റെ ഗതികേട്.

FOLLOW
 •  
  1.3K
  Shares
 • 1.2K
 • 53
 •  
 • 28
 •  
 •