ഒരു സംഘം നല്ല കളിക്കാരും ഒരു പിടി വളരെ നല്ല കളിക്കാരും ലയണല്‍ മെസ്സി എന്ന ലോകത്തെ മികച്ച കളിക്കാരനും ചേര്‍ന്ന ഫുട്ബാള്‍ ടീമാണ് അര്‍ജന്റീന. ഏതൊരു ടീമിന്റെയും നിലവാരമുയര്‍ത്താന്‍ മെസ്സിക്കാവും. നേതൃപാടവത്തെ കുറിച്ച് ഡീഗോ മാറഡോണ പറഞ്ഞത് ഓര്‍ത്തുപോവുന്നു. ഒരു വ്യക്തി പ്രകടിപ്പിക്കുന്ന ധൈര്യമോ, ചിലപ്പോള്‍ അയാളുടെ സാന്നിദ്ധ്യം തന്നെയോ നേതൃഗുണമായി മാറാറുണ്ടെന്നാണ് ഡീഗോ പറഞ്ഞത്. സ്വന്തം അനുഭവമായിരിക്കാം അദ്ദേഹത്തെക്കൊണ്ട് അതു പറയിച്ചത്. മെസ്സിക്ക് ഈ ഗുണമുണ്ടെന്നും ഡീഗോ പറഞ്ഞിരുന്നു. പക്ഷേ, എന്റെ നോട്ടത്തില്‍ മെസ്സി എന്തായാലും മാറഡോണയല്ല.

Maradona.jpg

മാറഡോണ ഒരു സവിശേഷ പ്രതിഭാസമായിരുന്നു. മെസ്സി മറ്റൊരു പ്രതിഭാസമാണ്. പ്രതിഭാസങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നത് നീതികേടാണ്. അതിനാല്‍ത്തന്നെ മാറഡോണയെയും മെസ്സിയെയും താരതമ്യം ചെയ്യരുത്. നമ്മുടെ അയല്‍പക്കത്തു കാണാനാവുന്ന തരത്തിലുള്ള ഒരു സാധാരണ കളിക്കാരനായിരുന്നു മാറഡോണ. പക്ഷേ, ദൈവത്തിന്റെ കൈ തലയില്‍ തൊട്ട പ്രതിഭ. ശരാശരിക്കാരുടെ കൂട്ടത്തിലെ അതിമാനുഷന്‍. മെസ്സി തീര്‍ച്ചയായും അങ്ങനെയല്ല. 13 വയസ്സായപ്പോള്‍ മുതല്‍ ബാഴ്‌സലോണയിലാണ് മെസ്സി വളര്‍ന്നത്, മികച്ച കളിക്കാര്‍ക്കൊപ്പം. ഒരു കളിക്കാരനെന്ന നിലയില്‍ തികഞ്ഞ വ്യക്തിത്വമാണ് മെസ്സി. മത്സരത്തിലെ പ്രകടനം മാത്രമല്ല ഒരു കളിക്കാരന്റെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നത്, കളിയെക്കുറിച്ചുള്ള അറിവു കൂടിയാണ്. ഓരോ വര്‍ഷവും പിന്നിടുന്തോറും കളിയെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തില്‍ മെസ്സി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈ അറിവ് മെസ്സിയെ സ്വാഭാവിക നേതാവാക്കുന്നു. സ്വതസിദ്ധമായ പ്രതിഭയ്‌ക്കൊപ്പം ആര്‍ജ്ജിത ഗുണങ്ങളും ചേരുമ്പോഴാണ് മെസ്സി മികച്ച കളിക്കാരനാവുന്നത്. പന്ത് ആവശ്യമുള്ളപ്പോള്‍ കൈവശപ്പെടുത്താനും ബാക്ക് പാസ് നല്‍കാനും വേണ്ടപ്പോള്‍ മറ്റുള്ളവര്‍ക്കായി ഗോളവസരം തുറന്നെടുത്ത് പന്തെത്തിച്ചു നല്കാനുമൊക്കെ കഴിയുന്നത് അതിനാല്‍ത്തന്നെ.

എപ്പോഴും ബഹളം വെച്ചിരുന്ന, കൂട്ടുകാരെ പ്രചോദിപ്പിച്ചിരുന്ന ഡീഗോയല്ല മെസ്സി. ഡീഗോയെപ്പോലെയാകാന്‍ മെസ്സിക്ക് അവസരം ലഭിച്ചിട്ടില്ല എന്നു തന്നെ പറയേണ്ടി വരും. കാരണം, ഓരോ കളിക്കാരനും മഹാനായ ടീമുകളിലാണ് ഇതുവരെ മെസ്സി കളിച്ചിട്ടുള്ളത്. 1986ലെ ലോകകപ്പ് വിജയത്തിലേക്ക് അര്‍ജന്റീനയെ ഡീഗോ നയിച്ചത് ഏതാണ്ട് ഒറ്റയ്ക്കു തന്നെയായിരുന്നു. മെക്‌സിക്കോ സിറ്റിയില്‍ പശ്ചിമ ജര്‍മ്മനിക്കെതിരായ ഫൈനല്‍ വിജയത്തിലേക്കുള്ള വഴിയില്‍ എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന എത്രയോ സുന്ദര നിമിഷങ്ങള്‍ ആ കുറിയ മനുഷ്യന്‍ ഫുട്ബാളിനു സമ്മാനിച്ചിരിക്കുന്നു. വെറും ശരാശരിക്കാരുടെ ഒരു സംഘത്തെ ഉന്തിത്തള്ളി ലോക ജേതാക്കളുടെ സിംഹാസനത്തിലിരുത്തിയത് മാറഡോണയുടെ വ്യക്തിത്വവും പ്രതിഭയും നേതൃഗുണവും തന്നെ. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ മെസ്സിക്ക് ഇതുവരെ കാര്യമായ നേട്ടമൊന്നു തന്നെ ഉണ്ടാക്കാനായിട്ടില്ല. മെസ്സിയുടെ നേട്ടങ്ങളെല്ലാം ബാഴ്‌സലോണ ജേഴ്‌സിയിലാണ്. പക്ഷേ, അന്താരാഷ്ട്ര തലത്തിലെ നേട്ടം കൈവരിക്കുന്നതിന് മെസ്സിയുടെ വ്യക്തിത്വം മാറ്റിമറിക്കണമെന്ന അഭിപ്രായം എന്തായാലും എനിക്കില്ല. കാരണം, ആ വ്യക്തിത്വമാണ് മെസ്സിയുടെ ശക്തി.

മെസ്സിയുടെ ടീം മൂന്നു തവണയാണ് ഒരു പ്രധാന ടൂര്‍ണ്ണമെന്റ് ഫൈനല്‍ കളിച്ചത്. മൂന്നു തവണയും തോറ്റു. 2007ലെ കോപാ അമേരിക്കയിലായിരുന്നു ആദ്യ ഫൈനല്‍. ബ്രസീലിനോടു തോറ്റത് മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക്. 2014ലെ ലോക കപ്പ് ഫൈനലില്‍ ജര്‍മനിയോട് മറുപടിയില്ലാത്ത 1 ഗോളിനു തോറ്റു. 2015 കോപാ അമേരിക്കയിലും തോല്‍വി തന്നെ. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ പിറക്കാതിരുന്ന ഫൈനലില്‍ ജേതാക്കളെ തീരുമാനിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍. ചിലി അവിടെ 4-1ന് അര്‍ജന്റീനയെ വീഴ്ത്തി. ഒരു പ്രധാന ടൂര്‍ണമെന്റ് ആകാശനീലക്കുപ്പായക്കാര്‍ വിജയിച്ചിട്ട് 23 വര്‍ഷമാവുന്നു. ഈ വരള്‍ച്ചയ്ക്ക് ഈ കോപായില്‍ അന്ത്യമാവുമെന്ന് മറ്റ് അര്‍ജന്റീന ആരാധകരെപ്പോലെ ഞാനും വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു.

Messi.jpg

അര്‍ജന്റീനയെക്കുറിച്ച് പ്രതീക്ഷകള്‍ ഉയരുന്നതിനു കാരണമുണ്ട്. ഗ്രൂപ്പ് തലത്തില്‍ തോല്‍വിയോ സമനിലയോ വഴങ്ങാതെ 100 ശതമാനം ജയവുമായി നോക്കൗട്ട് ഘട്ടത്തിലേക്കു നീങ്ങിയ ഏക ടീം അര്‍ജന്റീനയാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ വെനസ്വേലയെ 4-1ന് കീഴടക്കി സെമിയിലെത്തിയിരിക്കുന്നു. ഇനി രണ്ടു കടമ്പകള്‍ മാത്രം ബാക്കി. ഗില്ലെറ്റ് സ്റ്റേഡിയത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ മെസ്സി അവിടെ തടിച്ചു കൂടിയിരുന്ന 59,183 ആരാധകരുടെ ആഗ്രഹം സഫലമാക്കിക്കൊടുത്തു. ഫുട്ബാളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളുടെ ഗോള്‍ ആഘോഷിക്കുക എന്ന ആഗ്രഹം. കളി കൃത്യം 60 മിനിറ്റ് പിന്നിടുമ്പോള്‍ വന്ന ആ ഗോളിലൂടെ മെസ്സി അര്‍ജന്റീനിയന്‍ ഫുട്ബാളില്‍ പുതിയ ചരിത്രമെഴുതി. അര്‍ജന്റീനയ്ക്കു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട എന്ന ബാറ്റി ഗോളിന്റെ റെക്കോഡിനൊപ്പമെത്തി -54 ഗോള്‍.

സ്വയം ഗോളടിക്കുന്നതിനു മുമ്പ് കോപയിലെ ഗോള്‍ അസിസ്റ്റ് റെക്കോഡ് ആക്കി മെസ്സി സ്വന്തമാക്കിയിരുന്നു -8 എണ്ണം. ഗോണ്‍സാലോ ഹിഗ്വെയ്‌ന്റെ ആദ്യ ഗോളിന് അവസരമൊരുക്കുക വഴി. രണ്ടാം പകുതിയില്‍ എറിക് ലാമെലയുടെ ഗോളിന് അവസരമൊരുക്കി അസിസ്റ്റുകളുടെ എണ്ണം 9 ആക്കി ഉയര്‍ത്തുകയും ചെയ്തു. പക്ഷേ, അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് തൃപ്തിയില്ല. മാറഡോണയ്ക്ക് ലഭിച്ചതു പോലെ നിരുപാധിക സ്‌നേഹം മെസ്സിക്കു ലഭിക്കണമെങ്കില്‍ ലോക കപ്പ് ഒരിക്കല്‍ക്കൂടി അര്‍ജന്റീനയിലെത്തണം. കുറഞ്ഞ പക്ഷം കോപാ അമേരിക്കയെങ്കിലും വേണം. ഇപ്പോള്‍ ബാറ്റി ഗോളുമായി പങ്കിടുന്ന റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാക്കാന്‍ ചിലപ്പോള്‍ അടുത്ത കളിയില്‍ത്തന്നെ മെസ്സിക്കു സാധിച്ചേക്കാം. പക്ഷേ, ആരാധകരെ തൃപ്തിപ്പെടുത്താന്‍ അതു മതിയാകില്ല.

Messi 1.jpg

മാറഡോണ ചെയ്തതു പോലെ സ്വന്തം വ്യക്തിത്വം കൊണ്ട് പ്രകാശം പരത്തുന്ന താരമല്ല മെസ്സി. അവന്‍ ശാന്തനാണ്. പക്ഷേ, തന്റേതായ സൗമ്യ വ്യക്തിത്വവും കളിയെക്കുറിച്ചുള്ള അറിവിലൂടെ കൈവരിച്ച ആജ്ഞാശക്തിയും കൊണ്ട് ടീമിനു മേല്‍ നിയന്ത്രണം സ്ഥാപിക്കാന്‍ മെസ്സിക്കു കഴിയുന്നു, ശബ്ദമുയര്‍ത്താതെ തന്നെ. മാറഡോണയ്ക്കു തുല്യന്‍ മാറഡോണ മാത്രമാണ്. അതുപോലെ മെസ്സിക്കു തുല്യന്‍ മെസ്സി മാത്രവും. മെസ്സിക്ക് മാറഡോണയാകാനാവില്ല, മാറഡോണയ്ക്ക് മെസ്സിയും.

FOLLOW
 •  
  599
  Shares
 • 568
 • 21
 •  
 • 10
 •  
 •