ഓണം ഹിന്ദുക്കളുടെ മാത്രം ഉത്സവമോ ആഘോഷമോ ആണോ?
പൂക്കളമൊരുക്കുന്നതും നിസ്‌കരിക്കുന്നതും സമാനമായ കാര്യങ്ങളാണോ?

ഫേസ്ബുക്ക്, വാട്ട്‌സാപ്പ് മുതലായ സമൂഹമാധ്യമങ്ങളില്‍ രണ്ടു ദിവസമായി നടക്കുന്ന പ്രചരണം കണ്ടപ്പോള്‍ തോന്നിയ സംശയങ്ങളാണ്. മലയാളികളെ ഒരുമിപ്പിക്കുന്ന ആഘോഷമായിരുന്ന ഓണം ആരൊക്കെയോ ചേര്‍ന്ന് മലയാളിയെ ഭിന്നിപ്പിക്കാനുള്ള ‘ചടങ്ങ്’ ആക്കി മാറ്റാന്‍ ശ്രമിക്കുന്നു. ഈ നാടിനെന്തു പറ്റി?

Sectt Onam.jpg

വര്‍ഗ്ഗീയതയെ ചെറുക്കുക എന്നു പറഞ്ഞാല്‍ അതു വളരാന്‍ അവസരമൊരുക്കാതിരിക്കുക എന്നും അര്‍ത്ഥമുണ്ട്. ഞാന്‍ തികഞ്ഞ മതേതരവാദിയാണെങ്കിലും ചിലപ്പോള്‍ എന്റെ വാക്കോ പ്രവര്‍ത്തിയോ ഞാനറിയാതെ തന്നെ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നവരുടെ കൈകളില്‍ ആയുധമായി മാറിയേക്കാം. എന്നെപ്പോലൊരാള്‍ അതു ചെയ്താല്‍ സമൂഹത്തില്‍ വലിയ പ്രശ്‌നമൊന്നുമുണ്ടാവില്ല. പക്ഷേ, പറയേണ്ട കാര്യങ്ങള്‍ വേണ്ട രീതിയില്‍ പറയാതിരിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാണെങ്കില്‍ കാര്യം വേറെ തലങ്ങളിലേക്കു പോകും. ഇവിടെ അതാണു സംഭവിച്ചിരിക്കുന്നത്.

govt-office.jpg

നല്ല രീതിയില്‍ ഭരണം മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ‘പുത്തനച്ചി പുരപ്പുറം തൂക്കുന്നു’ എന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. ആയിക്കോട്ടെ, ചെയ്യുന്നത് നല്ല കാര്യമാണല്ലോ. സര്‍ക്കാരിന്റെ ഭരണം നല്ല രീതിയില്‍ മുന്നോട്ടു പോകണമെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണം. അതിനായി ചില നിര്‍ദ്ദേശങ്ങള്‍ അധികാരമേറ്റ അന്നു മുതല്‍ പിണറായി മുന്നോട്ടുവെയ്ക്കുന്നുണ്ട്. അതില്‍ ഏറ്റവും പുതിയ നിര്‍ദ്ദേശമാണ് ഇപ്പോള്‍ ചിലര്‍ വ്യാഖ്യാനിച്ച് വഴിതിരിച്ചുവിട്ടിരിക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് പൂക്കളം ഒരുക്കേണ്ടെന്നും ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള ഓണക്കച്ചവടം പാടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ തന്നെ അതു കാണുക.

pinarayi 3സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുക എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ യഥാസമയം തീര്‍പ്പുണ്ടാക്കുക എന്നാണര്‍ത്ഥം. അതിനു നാനാ തരത്തിലുള്ള ഇടപെടലും ജാഗ്രതയും വേണ്ടതുണ്ട്.

ജോലി സമയത്ത് എല്ലാ ജീവനക്കാരും സീറ്റില്‍ ഉണ്ടാവുക പ്രധാനമാണ്. സെക്രട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോള്‍ കൃത്യനിഷ്ഠയെക്കുറിച്ചും ഓരോ ഫയലിന്റെയും പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു. ഉത്സവകാലങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കച്ചവടക്കാര്‍ എത്തുന്നത് പതിവാണ്. ജോലി സമയത്തിന്റെ നല്ലൊരു ഭാഗം അപഹരിക്കുന്നതാന് ഈ കച്ചവടം. അത് കര്‍ക്കശമായി നിയന്ത്രിക്കും.

ഓണാഘോഷം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടക്കാറുണ്ട്. അത്തരം ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്തു നടത്തുന്നത് ഉചിതമല്ല. അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാല്‍ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഓണം എന്നല്ല, ഏതു ആഘോഷവും ഔദ്യോഗിക കൃത്യ നിര്‍വഹണത്തെ ബാധിക്കാത്ത നിലയിലാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കേണ്ടത്.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉറപ്പാക്കും.

കര്‍ശനനടപടി സ്വീകരിക്കുന്നു എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ്. വേണ്ടതു തന്നെ. സദുദ്ദേശ്യമാണ് നിര്‍ദ്ദേശത്തിനു പിന്നിലെന്നതും അംഗീകരിക്കുന്നു. പക്ഷേ, പുറത്തേക്കുവന്ന വ്യാഖ്യാനം ഓണം എന്ന ഹൈന്ദവാഘോഷത്തെ നിരോധിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന നിലയിലാണ്. ഈ അപകടം മുന്‍കൂട്ടി കാണുന്നിടത്താണ് വിവേകം ഉദിക്കുന്നത്. ആഘോഷത്തിന്റെ പേരില്‍ ജോലി ചെയ്യാതെ ഉഴപ്പുന്നത് പറ്റില്ലെന്നു മുഖ്യമന്ത്രിക്കു പറയാന്‍ കുറച്ചുകൂടി സ്വീകാര്യമായ വാക്കുകള്‍ ഉപയോഗിക്കാമായിരുന്നു. അത്തപ്പൂക്കളം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് സമയക്രമം നിശ്ചയിക്കണമെന്നും അത് വകുപ്പു മേധാവികളെ അറിയിച്ച് അംഗീകാരം വാങ്ങണമെന്നും പറഞ്ഞിരുന്നുവെങ്കില്‍ ആര്‍ക്കെങ്കിലും തെറ്റു പറയാനാവുമോ? മുഖ്യമന്ത്രി പറഞ്ഞത് തെറ്റായിപ്പോയെന്ന അഭിപ്രായമൊന്നും എനിക്കില്ല. അദ്ദേഹം പറഞ്ഞത് തീര്‍ച്ചയായും ശരിയാണ്. പക്ഷേ, പറഞ്ഞ രീതിയോടു മാത്രമാണ് വിയോജിപ്പ്. ഇതിനൊപ്പം ഒരു കാര്യം കൂടി പരിഗണിക്കണം -ഇത്തവണ ഓണക്കാലത്ത് പതിവിലേറെ അവധികളുണ്ട്.

SEPT.jpg

സര്‍ക്കാര്‍ ജീവനക്കാരെക്കൊണ്ട് മര്യാദയ്ക്കു പണിയെടുപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ആവേശത്തെ പിന്തുണയ്ക്കുക തന്നെ വേണം. പക്ഷേ, വര്‍ഷത്തിലൊരിക്കല്‍ വരുന്ന ഓണത്തെക്കാള്‍ ജീവനക്കാരുടെ സമയം അപഹരിക്കുന്നത് അവരുടെ സംഘടനാ പ്രവര്‍ത്തനമാണ് എന്നത് അദ്ദേഹം കാണുന്നില്ല, അല്ലെങ്കില്‍ കണ്ടതായി ഭാവിക്കുന്നില്ല. സംഘടനാ പ്രവര്‍ത്തനം അവധി ദിനങ്ങളിലോ ഓഫീസ് സമയത്തിനു മുമ്പോ നടത്തണമെന്നു മുഖ്യമന്ത്രി പറയില്ല. പക്ഷേ, അതിനു സമയക്രമമോ നിയന്ത്രണമോ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുമോ? ഇങ്ക്വിലാബ് വിളിക്കാനും പിരിവു നല്‍കാനും പിന്നെ ആളുണ്ടാവില്ല. മുഖ്യമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ ചിലരെങ്കിലും സംശയിക്കുന്നത് ഇവിടെയാണ്. ഇപ്പോഴത്തെ കടുത്ത പ്രയോഗങ്ങളിലൂടെ സദ്ഭരണമല്ല കൈയടി തന്നെയാണ് അദ്ദേഹം ലക്ഷ്യമാക്കിയത് എന്നു പറഞ്ഞാല്‍ തെറ്റല്ല. കൈയടി ആവശ്യത്തിനു കിട്ടുന്നുമുണ്ട്. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി നല്‍കിയ പ്രമുഖരില്‍ മുന്നില്‍ ബി.ജെ.പി. പ്രസിഡന്റ് കുമ്മനം രാജശേഖരനാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ. അതും കാണണം.

kummanam.jpg‘സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുക എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ യഥാസമയം തീര്‍പ്പുണ്ടാക്കുക എന്നാണര്‍ത്ഥം. അതിനു നാനാ തരത്തിലുള്ള ഇടപെടലും ജാഗ്രതയും വേണ്ടതുണ്ട്’ -മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ആദ്യ ഭാഗമാണിത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം നടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ അഭിപ്രായ പ്രകടനം. സാധാരണക്കാര്‍ക്ക് കിട്ടേണ്ട സര്‍ക്കാര്‍ സേവനം വൈകുന്നതിലുള്ള മുഖ്യമന്ത്രിയുടെ ഉത്കണ്ഠയാണ് ഈ വരികളില്‍ കാണുന്നതെന്ന് ആദ്യ വായനയില്‍ തോന്നിയേക്കാം. എന്നാല്‍ അത്തരമൊരു നിഗമനത്തില്‍ എത്തുന്നതിന് മുന്‍പായി ഈ പ്രസ്താവനക്ക് തൊട്ടുമുന്‍പ് മുഖ്യമന്ത്രി ഇട്ട മറ്റൊരു പോസ്റ്റ് കൂടി വായിക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ 2ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കാന്‍ പോകുന്ന അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പ്രസ്താവനയാണിത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് 24 മണിക്കൂര്‍ സ്തംഭനത്തിന് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി ഓണപ്പൂക്കളം ഇടുന്നതിന്റെ പേരില്‍ ഒരു മണിക്കൂര്‍ നഷ്ടമാകുന്നതിനെപ്പറ്റി വേവലാതി കൊള്ളുന്നത് അത്ര നിഷ്‌കളങ്കമാണെന്ന് പറയാനാവില്ല.

തലചായ്ക്കാന്‍ ഒരു കൂര വെക്കാന്‍ രണ്ടു സെന്റ് ഭൂമിക്കു വേണ്ടി നെയ്യാറ്റിന്‍കര അരുമാനൂര്‍ സ്വദേശി ചെല്ലമ്മയെന്ന വൃദ്ധ ദിവസങ്ങളോളം മുഖ്യമന്ത്രിയുടെ ഓഫീസ് കയറിയിറങ്ങി നരകിച്ച സംഭവം പുറത്തു വന്നത് രണ്ടു ദിവസങ്ങള്‍ മുന്‍പാണ്. 80 വയസ്സുള്ള ചെല്ലമ്മയുടെ ആവശ്യം നിറവേറിയില്ല എന്ന് മാത്രമല്ല അവരുടെ കയ്യില്‍ നിന്ന് അപേക്ഷ വാങ്ങാന്‍ പോലും ഇതേ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ തയ്യാറായില്ല എന്നത് ഞെട്ടലോടെയാണ് നാം കേട്ടത്. മാധ്യമങ്ങളുടെ കയ്യടി കിട്ടാന്‍ ചില പ്രസ്താവനകള്‍ ഇറക്കാനേ പിണറായ വിജയന് കഴിയൂ. സ്വന്തം പാര്‍ട്ടി നയിക്കുന്ന യൂണിയനിലെ ഉദ്യോഗസ്ഥ പ്രഭുക്കള്‍ പറയുന്നത് മാത്രമേ സെക്രട്ടറിയേറ്റില്‍ നടക്കൂ എന്നതാണ് വാസ്തവം. അതിന്റെ ഉദാഹരണമാണ് ഈ സംഭവം.

ഈ ദുഷ്പ്രഭുക്കന്‍മാരെ നിയന്ത്രിക്കാന്‍ പിണറായി വിജയന് ആര്‍ജ്ജവമുണ്ടോ?

ജോലി സമയത്ത് സമരം ചെയ്യും!

ജോലി സമയത്ത് പാര്‍ട്ടി ഫണ്ട് പിരിക്കും!

ജോലി സമയത്ത് യൂണിയന്‍ പ്രവര്‍ത്തനം നടത്തും!

ജോലിക്ക് താമസിച്ചെത്തും തോന്നുമ്പോള്‍ തിരികെ പോകും!

ആരുണ്ട് ചോദിക്കാന്‍?

ഇതാണ് ഈ യൂണിയന്‍ നേതാക്കളുടെ മനോഭാവം.

ഇത് അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് സേവനം എത്തിക്കലാണ് പിണറായി ചെയ്യേണ്ടത്. സാധാരണക്കാര്‍ നരകിക്കരുത് എന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടെങ്കില്‍ ആദ്യം നിലയ്ക്ക് നിര്‍ത്തേണ്ടത് സ്വന്തം പാര്‍ട്ടി നേതാക്കന്‍മാരെയാണ്. അല്ലാതെ ദേശീയ ഉത്സവമായ ഓണാഘോഷത്തിന്റെ നന്മയെ ഇല്ലാതാക്കി നാടിന്റെ ഐക്യം തകര്‍ക്കലല്ല.

അനുയായികള്‍ പ്രകടിപ്പിക്കാത്ത മാന്യത കുമ്മനത്തിന്റെ പോസ്റ്റില്‍ പുലര്‍ത്തിയിട്ടുണ്ടെന്ന് എടുത്തുപറയണം. എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തുന്ന പ്രചാരണം നോക്കൂ –ഓഫീസ് സമയത്ത് പൂക്കളം നിരോധിച്ചാല്‍ ഡ്യൂട്ടി സമയത്തുള്ള നിസ്‌കാരവും നിരോധിക്കേണ്ടതല്ലേ? ഹൈന്ദവമായ പൂക്കളത്തെ എതിര്‍ക്കുന്ന സര്‍ക്കാര്‍ ജുമ നിസ്‌കരിക്കുന്നതിനെ എതിര്‍ക്കുന്നില്ല. ഹിന്ദുക്കളെ തഴയുന്ന ഭരണക്കാര്‍ മുസ്ലീങ്ങള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നു എന്ന ധ്വനി. ഇതു ശരിയാണോ? എല്ലാവരും പങ്കെടുക്കുന്ന ആഘോഷവും മതപരമായ ആചാരവും തമ്മിലുള്ള വ്യത്യാസം പോലും ഇതു പ്രചരിപ്പിച്ചവര്‍ പരിഗണിച്ചില്ല. ഹിന്ദു മനസ്സിനെ മുസ്ലീങ്ങള്‍ക്കു നേരെ തിരിച്ചുവിടാനുള്ള ബോധപൂര്‍വ്വമായ ശ്രമം. പ്രചരിപ്പിച്ചവരെക്കാള്‍ ഇക്കാര്യത്തില്‍ കുറ്റം അതിന് അവസരമൊരുക്കിയ ആളുടെ പേരിലാണ്. അതെ, പിണറായി വിജയനാണ് ഇക്കാര്യത്തില്‍ പ്രതി!!

Niskaram.jpg

സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അടുത്തിടെ സി.പി.എം. പിടിച്ച പല പുലിവാലുകളില്‍ ഒരെണ്ണം മാത്രമാണ്. കേരളത്തില്‍ എല്ലാ വിഭാഗക്കാരും ആഘോഷിക്കുന്ന ഓണം ഹിന്ദുവിന്റെ മാത്രം ആഘോഷമാക്കി മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമം കുറച്ചു കാലമായി നടക്കുന്നുണ്ട്. ആ വാദങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇപ്പോഴത്തെ പൂക്കളവിവാദം. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സി.പി.എം. കാണിക്കുന്ന ഉത്സാഹം ഫലത്തില്‍ ഇവിടെ മതപരമായ ചേരിതിരിവിന് കാരണമാവുന്നുണ്ട് എന്ന കാര്യം മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ തിരിച്ചറിയുന്നില്ല.

ശ്രീകൃഷ്ണ ജയന്തിക്ക് സി.പി.എം. ബദല്‍ ഘോഷയാത്ര നടത്തിയപ്പോള്‍ ഉയര്‍ന്ന ചോദ്യം അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ക്രിസ്മസ് കരോളിനോ നബിദിനി റാലിക്കോ ബദല്‍ ഘോഷയാത്ര നടത്താത്ത സി.പി.എം. ഹൈന്ദവതയ്ക്കു മേല്‍ കടന്നുകയറാന്‍ ശ്രമിക്കുന്നു എന്ന വാദം നിഷ്പക്ഷമായി ചിന്തിക്കുന്ന ചില ഹിന്ദുക്കളുടെയെങ്കിലും മനസ്സിളക്കിയിട്ടുണ്ട്. കണ്ണൂരിലെ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിലെ തിടമ്പുനൃത്ത വിവാദമാണ് മറ്റൊന്ന്. ഹൈന്ദവാചാരത്തെ തെരുവിലിറക്കി അപമാനിച്ചു എന്ന വാദവുമായി ആര്‍.എസ്.എസ്. വരുമ്പോള്‍ ലക്ഷ്യമിടുന്നത് വര്‍ഗ്ഗീയമായ ചേരിതിരിവ് തന്നെയാണ്. ശബരിമല വിഷയത്തില്‍ സി.പി.എമ്മും സര്‍ക്കാരും നടത്തിയ ഇടപെടല്‍ ഒരു മതത്തിന്റെ ആചാരങ്ങളില്‍ മാത്രം ഇവര്‍ എന്തുകൊണ്ട് ഇടപെടുന്നു എന്ന ചോദ്യമുയര്‍ത്താന്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നവര്‍ക്ക് അവസരമൊരുക്കി. ഈ ചോദ്യങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നും അതു സമൂഹത്തെ ബാധിക്കുന്നില്ല എന്നുമാണ് നിങ്ങളുടെ വാദമെങ്കില്‍ പരിതപിക്കുകയേ നിവൃത്തിയുള്ളൂ.

hindu live.jpg

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. എന്നാണ് വെയ്പ്. ഇപ്പോള്‍ ഭരിക്കുന്ന മുന്നണിക്ക് നേതൃത്വം നല്‍കുന്നതും സി.പി.എമ്മാണ്. അതിനാല്‍ ആ പാര്‍ട്ടിയുടെ നേതാക്കളുടെ വാക്കുകളും ചെയ്തികളും സമൂഹത്തില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തും എന്നുറപ്പ്. പാര്‍ട്ടിയോ നേതാക്കളോ ഉദ്ദേശിക്കാത്ത രീതിയില്‍ ദുര്‍വ്യാഖ്യാനങ്ങളുണ്ടാവാം. കാറ്റടിക്കുന്നിടത്തെല്ലാം വേലി കെട്ടാനാവില്ല സഖാവേ എന്ന മറുപടിയാണ് സ്വാഭാവികമായും പാര്‍ട്ടി നേതാക്കളില്‍ നിന്നുണ്ടാവുക. എന്നാല്‍, വാക്കുകളും ചെയ്തികളും സമൂഹത്തില്‍ എന്തു പ്രത്യാഘാതമുണ്ടാക്കും എന്ന ചിന്ത ആദ്യം മനസ്സിലുണരണം. വോട്ടു മാത്രമാണ് ലക്ഷ്യമെങ്കില്‍ പിന്നെ സമൂഹം എങ്ങനെ വേണമെങ്കിലും ആയിക്കോട്ടെ എന്ന ചിന്തയായിരിക്കും ഉണ്ടാവുക. അങ്ങനെയാണെങ്കില്‍ പിന്നൊന്നും പറയാനില്ല.

ജന്മം കൊണ്ട് ഞാനൊരു ഹിന്ദുവാണ്. ഹിന്ദുവാണെന്ന് പറയാന്‍ നാണം തോന്നുന്ന ചില സന്ദര്‍ഭങ്ങള്‍ ഹൈന്ദവതയെ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ ചിലപ്പോഴെങ്കിലും സൃഷ്ടിക്കാറുണ്ട്. ക്രിസ്ത്യാനിയെുന്നും മുസ്ലീമെന്നും പറയാന്‍ നാണക്കേടുണ്ടാക്കുന്ന ചില അവസരങ്ങള്‍ ആ മതങ്ങളെ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ സൃഷ്ടിക്കാറുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞറിയാം. ഹിന്ദുവിനെ ഉദ്ധരിക്കാന്‍ ശ്രമിക്കുന്നവരോടു മാത്രമാണല്ലോ എനിക്കു സംസാരിക്കാനാവുക. അവരോട് ഒരു കാര്യം പറയാന്‍ ആഗ്രഹമുണ്ട്. ക്രിസ്ത്യാനിയെയും മുസ്ലീമിനെയും ഇടിച്ചുതാഴ്ത്തി ഹിന്ദുവിനെ ഉദ്ധരിക്കാനാവില്ലെന്ന് ആദ്യം തിരിച്ചറിയണം. നിങ്ങള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ തടസ്സമാകുന്ന ഒരു സംശയം എനിക്കുണ്ട്. അതു തീര്‍ത്തുതരണം. ഇതാണ് സംശയം -ഇവിടെയുള്ള ക്രിസ്ത്യാനികളും മുസ്ലീങ്ങളുമടക്കം ഹിന്ദുക്കളല്ലാത്തവര്‍ എങ്ങോട്ടു പോകണം? അവര്‍ എന്തു ചെയ്യണം? ക്രിസ്ത്യാനികള്‍ ഇസ്രായേലിലേക്കും മുസ്ലീങ്ങള്‍ അറേബ്യയിലേക്കും പോകണമെന്നാണോ? അതോ അവരെല്ലാം ഹിന്ദു മതത്തില്‍ ചേരണമോ? ഇതിലൊന്നു പോലും നടക്കില്ല എന്ന് എനിക്കും നിങ്ങള്‍ക്കും നന്നായറിയാം. ഇവിടെ ഹിന്ദു ജീവിക്കേണ്ടത് ക്രിസ്താനിക്കും മുസ്ലിമിനുമൊപ്പം തന്നെയാണ്. ഒപ്പം ജീവിക്കുന്നവരുമായി എന്തിനാണ് ശത്രുത? സൗഹൃദവും സ്‌നേഹവുമല്ലേ നല്ലത്? എങ്കിലല്ലേ സമാധാനമുണ്ടാവൂ?

നമ്മളെയൊക്കെ സൃഷ്ടിച്ച ദൈവത്തിന് അദ്ദേഹത്തെ സ്വയം സംരക്ഷിക്കാനുമറിയാം. അദ്ദേഹത്തിന് നമ്മുടെ സംരക്ഷണം ആവശ്യമില്ല. ഈ ഉലകത്തില്‍ അദ്ദേഹമറിയാതെ ഒന്നും നടക്കുന്നുമില്ല. മതാധിഷ്ഠിത സംഘടനകളെ എല്ലാം എതിര്‍ക്കണം എന്ന അഭിപ്രായമൊന്നും എനിക്കില്ല. നല്ല കാര്യം ആരു ചെയ്താലും അത് നല്ലതെന്ന് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. അതുപോലെ, വൃത്തികേട് കാണിച്ചാല്‍ അതു വൃത്തികേട് എന്നു തന്നെ പറയും. എന്നെപ്പോലെ ചിന്തിക്കുന്നവര്‍ തന്നെയാണ് ഭൂരിഭാഗം മലയാളികളും.

Religions.jpg

വലിയ പെരുന്നാളിനും ചെറിയ പെരുന്നാളിനുമൊക്കെ നാസറുദ്ദീന്‍ എന്ന സുഹൃത്തിന്റെ വീട്ടില്‍ ഇടിച്ചുകയറി അവനെക്കാള്‍ മുമ്പ് ബിരിയാണിച്ചെമ്പില്‍ കൈവെയ്ക്കാനുള്ള അവകാശം ഞാന്‍ കൈയടക്കിയിട്ട് വര്‍ഷങ്ങളല്ല, ദശകങ്ങള്‍ പിന്നിട്ടിരിക്കുന്നു. നാസറിന്റെ ഉമ്മ എനിക്കു പതിച്ചുനല്‍കിയ അവകാശം. ക്രിസ്മസിന് തോമസ് ജോര്‍ജ്ജ് എന്ന സുഹൃത്തിന്റെ മമ്മി ഉണ്ടാക്കുന്ന കേക്കും വൈനും ആദ്യം രുചിക്കുന്നത് ഞാന്‍. തോമാച്ചനു പോലും അന്ന് അടുക്കളയില്‍ പ്രവേശനമുണ്ടാവില്ല എന്നു കൂടി പറയണം. ഓണത്തിന് എന്റെ വീട്ടിലെ പ്രഥമനു മധുരം പാകമാണോ എന്നു നോക്കാനുള്ള അവകാശം എന്നേ എനിക്കു നഷ്ടമായി. അതു നാസറും തോമാച്ചനും അടക്കമുള്ള സുഹൃത്തുക്കള്‍ക്ക് അവകാശപ്പെട്ടതാണ്. ‘നിനക്ക് പിന്നീട്. ആദ്യം എന്റെ ഈ മക്കള്‍ കുടിക്കട്ടെ’ എന്നാണ് നിര്‍ദാക്ഷിണ്യം അമ്മ പറയാറ്.

ഇതുപോലുള്ള കഥ ഓരോ മലയാളിക്കും പറയാനുണ്ടാവും. വെറും ശ്യാമും നാസറും തോമാച്ചനുമൊക്കെയായ ഞങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമാക്കരുതേ. ഈ സ്‌നേഹവും സൗഹൃദവും സന്തോഷവും ഞങ്ങളുടെ മക്കളും അവരുടെ മക്കളുമൊക്കെ ആസ്വദിക്കണമെന്ന ആഗ്രഹം കൊണ്ടു പറഞ്ഞുപോകുന്നതാണ്.

FOLLOW
 •  
  448
  Shares
 • 388
 • 32
 •  
 • 28
 •  
 •