മലയാള മനോരമ നടത്തുന്നത് മാധ്യമപ്രവർത്തനമാണെന്ന് ഇനി അവകാശപ്പെടരുത്. നിങ്ങളുടേത് രാഷ്ട്രീയപ്രവർത്തനമാണ്. നിങ്ങൾ യു.ഡി.എഫിലെ ഘടകകക്ഷിയാണ്.

പൂന്തുറയിൽ കഴിഞ്ഞ ദിവസം ഒരു പ്രതിഷേധമുണ്ടായി. അത് ചിലർ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുത്തിയിളക്കി വിട്ടതാണെന്ന് പിന്നീട് കണ്ടെത്തി. കലാപം ലക്ഷ്യമിട്ട് ഒരു യൂത്ത് കോൺഗ്രസ് നേതാവ് നടത്തിയ ഇടപെടലിന്റെ തെളിവുകൾ പിന്നീട് പുറത്തുവരികയും ചെയ്തു. പ്രക്ഷോഭകരിൽ ചിലർ ആരോഗ്യപ്രവർത്തകർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് അതിനുള്ളിലുണ്ടായിരുന്ന ഡോക്ടറുടെ മുഖത്ത് തുപ്പിയ ശേഷം “എനിക്കും നിനക്കും കൊറോണ വരട്ടെ” എന്നു ശപിച്ച വാർത്ത സംസ്ഥാനമൊട്ടുക്ക് ചർച്ചയായതോടെ കോൺഗ്രസ് പ്രതിക്കൂട്ടിലായി. എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിലായ അവർക്ക് രക്ഷയായി മലയാള മനോരമ അവതരിച്ചു.

‘മുന്നിട്ടിറങ്ങി സി.പി.എം. നേതാക്കളും; പ്രതിപക്ഷമെന്ന ആരോപണം പാളി’ എന്നാണ് മലയാള മനോരമ വാർത്തയുടെ തലക്കെട്ട്. സി.പി.എം. നേതാക്കളായ ബെയ്ലിൻ ദാസും ബേബി മാത്യുവും സമരമുഖത്ത് നിൽക്കുന്നു എന്ന പേരിൽ രണ്ട് ചിത്രങ്ങളും കൊടുത്തിട്ടുണ്ട്. യഥാർത്ഥ ചിത്രങ്ങൾ വക്രീകരിച്ച് ക്രോപ്പ് ചെയ്തെടുത്താണ് മനോരമ സി.പി.എം. നേതാക്കൾ സമരമുഖത്ത് എന്ന വാർത്തയ്ക്ക് വ്യാജ തെളിവുണ്ടാക്കിയത്.

മനോരമ പറഞ്ഞത് സത്യമല്ല എന്ന് കുറഞ്ഞപക്ഷം പൂന്തുറക്കാർക്കെങ്കിലുമറിയാം. പക്ഷേ, സത്യം മനോരമയ്ക്കു വേണ്ടല്ലോ! മനോരമ വക്രീകരിച്ച ചിത്രങ്ങളുടെ യാഥാർത്ഥ്യം ഇവിടെയുണ്ട്.

 • ബെയ്ലിൻ ദാസിന്റെ ചിത്രം യഥാർത്ഥത്തിൽ പള്ളി വികാരി ഫാദർ ബേബി ബെവിൻസൺ ജനങ്ങളെ അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോൾ സമീപത്തു നിൽക്കുന്നതായിരുന്നു.

 • ബേബി മാത്യുവിന്റെ ചിത്രം യഥാർത്ഥത്തിൽ ഡി.സി.പി. ദിവ്യ ഗോപിനാഥ് ജനങ്ങളോടു സംസാരിക്കുമ്പോൾ അടുത്തു നിൽക്കുന്നതായിരുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂന്തുറ വാർഡിൽ സി.പി.എം. സ്വതന്ത്രനായി മത്സരിച്ചയാളാണ് ബെയ്ലിൻ ദാസ്. അദ്ദേഹം 5 വർഷത്തിനിപ്പുറം ഇപ്പോൾ സി.പി.ഐയിലാണ്. ബേബി മാത്യു സി.പി.എം. പൂന്തുറ പള്ളി ജംഗ്ഷൻ ബ്രാഞ്ച് സെക്രട്ടറിയാണ്. അവിടൊരു പ്രശ്നമുണ്ടായി എന്നറിഞ്ഞപ്പോൾ ജനങ്ങളെ സമാധാനിപ്പിക്കാനും കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്താനുമാണ് അവർ സ്ഥലത്തെത്തിയത്.

വിശ്വാസികളായ പ്രദേശവാസികൾ പുരോഹിതരുടെ വാക്കുകൾക്ക് വില കല്പിക്കുന്നവരാണ് എന്ന നിലയിൽ ഫാദർ ബേബി ബെവിൻസണോട് വിഷയത്തിൽ ഇടപെടാൻ അവർ അഭ്യർത്ഥിക്കുകയും അദ്ദേഹം സ്ഥലത്തെത്തി ജനക്കൂട്ടത്തെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഡി.സി.പി. ദിവ്യ ഗോപിനാഥ് അവിടെയെത്തി നാട്ടുകാരോടു സംസാരിക്കുകയും അവരുടെ ജീവിതം സുരക്ഷിതമാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇങ്ങനെയാണ് ഫാദറിനൊപ്പം ബെയ്ലിൻ ദാസും ഡി.സി.പിക്കൊപ്പം ബേബി മാത്യുവും ചിത്രത്തിൽ വന്നത്. അതാണ് മനോരമ മുറിച്ചെടുത്ത് ഡോക്ടറുടെ മുഖത്തു തുപ്പിയ കോൺഗ്രസ്സുകാർക്കൊപ്പം സമരക്കാരായി ചേർത്തത്!

കേരളത്തിൽ ഏറ്റവും പ്രചാരമുള്ള പത്രമെന്ന പേരിൽ കാട്ടിക്കൂട്ടാവുന്ന തോന്ന്യാസത്തിന്റെ കാലം കഴിഞ്ഞുവെന്ന് ഇനിയെങ്കിലും മനോരമ തിരിച്ചറിയണം. എന്തെഴുതിയാലും മിണ്ടാതെ വായിച്ചുപോകുന്ന മലയാളിയുടെ ശീലം മാറി. ഇപ്പോൾ നിങ്ങളെക്കാൾ പ്രചാരവും സംഹാരശേഷിയുമുള്ള മറ്റൊരു മാധ്യമമുണ്ട് മലയാളിക്ക് -സമൂഹമാധ്യമം. നിങ്ങൾ രാത്രിയിലച്ചടിച്ച് രാവിലെ പുറത്തിറക്കുമ്പോൾ സമൂഹമാധ്യമത്തിലെ പോസ്റ്റടി 24 മണിക്കൂറും നടക്കുകയാണ്. അതിനാലാണ് നിങ്ങളുടെ പ്രാദേശിക പേജിൽ വന്ന ഒരു വ്യാജവാർത്ത ലോകം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

കേരളത്തിൽ കോവിഡ് വ്യാപിക്കണമെന്നും ജനങ്ങൾ കൂട്ടത്തോടെ മരിച്ചുവീഴണമെന്നും മലയാള മനോരമ ആഗ്രഹിക്കുന്നുണ്ടോ? ഈ ചെയ്തി അത്തരമൊരാഗ്രഹത്തിന്റെ പ്രതിഫലനമാണെന്ന് ന്യായമായും സംശയിക്കാം. ജോസഫ് വാഴയ്ക്കനും തിരുവഞ്ചൂർ രാധാകൃഷ്ണനുമൊക്കെ പറഞ്ഞതും ഇതു തന്നെയാണല്ലോ.

ഒരു കാര്യം കൂടി. വ്യാജവീഡിയോ സൃഷ്ടിച്ച ജയ്ഹിന്ദ് ചാനലിനെതിരെ കേസെടുക്കുമ്പോൾ ഇത്തരത്തിൽ വ്യാജവാർത്ത അച്ചടിച്ച മലയാള മനോരമയ്ക്കെതിരെയും കേസെടുക്കേണ്ടതല്ലേ?

FOLLOW
 •  
  841
  Shares
 • 782
 • 32
 •  
 • 27
 •  
 •