Reading Time: 3 minutes

ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ ചൂടുള്ള തര്‍ക്കവിഷയമാണ് കശ്മീര്‍. അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ വിഷയം പാകിസ്താന്‍ ഉന്നയിക്കുമ്പോള്‍ അതു നമ്മുടെ ആഭ്യന്തരകാര്യമാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ പ്രതിഷേധിക്കുക എന്ന പതിവ് എത്രയോ കാലമായി കാണുന്നു. ഇന്ത്യയുടെ പ്രതികരണത്തിലെ ‘മാന്യത’ ചിലപ്പോഴെങ്കിലും ആക്രമണം കടുപ്പിക്കാന്‍ പാകിസ്താന് പ്രചോദനമാകുന്നുണ്ട്. എന്നാല്‍, ഈ നിലപാടില്‍ ഇന്ത്യ ഇപ്പോള്‍ മാറ്റം വരുത്തുകയാണോ? അതെ എന്ന വ്യക്തമായ സൂചന തന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന് ഇന്ത്യ തിരിച്ചറിയുന്നു.

എല്ലാവരും കരുതുന്നതു പോലെ നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും അവകാശപ്പെടുന്ന ഭൂമിക്കു വേണ്ടിയുള്ള സംഘര്‍ഷമല്ല കശ്മീരില്‍ നടക്കുന്നതെന്ന് ഇന്ത്യ ഇപ്പോള്‍ സ്പഷ്ടമാക്കിയിരിക്കുന്നു. വിദേശകാര്യ വക്താവിന്റെയോ, സെക്രട്ടറിയുടെയോ, എന്തിന് വിദേശകാര്യ മന്ത്രിയുടെയോ വാക്കുകളിലൂടെയല്ല ഈ നിലപാടുമാറ്റം പ്രകടമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കാര്യം വ്യക്തമാക്കിയത്. മോദിയുടെ വാക്കുകളിലൂടെ വീശിയ മാറ്റത്തിന്റെ കാറ്റ് ഇസ്ലാമാബാദിലെ കോട്ടകൊത്തളങ്ങളെ ഒന്നു വിറപ്പിച്ചു എന്നുറപ്പ്. ഇന്ത്യയ്‌ക്കൊപ്പം പാകിസ്താനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് നടത്തിയ പ്രകോപനപരമായ പ്രസ്താവന ഇതിന്റെ അനുരണനമായി കാണാം. ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പാകിസ്താന്‍ സമര്‍പ്പിക്കുന്നുവെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ ജനതയുടെ ത്യാഗങ്ങള്‍ വെറുതെയാകില്ല. കശ്മീര്‍ താഴ് വരയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അവശ്യസാമഗ്രികള്‍ എത്തിക്കാന്‍ പാകിസ്താനെ അനുവദിക്കണമെന്നും ഹൈക്കമ്മീഷനിലെ പാക് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ ബാസിത് ആവശ്യപ്പെട്ടു.

MODI 1.png

പാക് ഹൈക്കമ്മീഷണറുടെ പ്രസ്താവന നയതന്ത്ര യുദ്ധമായി മാറാന്‍ അധികസമയം വേണ്ടി വന്നില്ല. കശ്മീരുമായി ബന്ധപ്പെട്ട് പുതിയ പ്രശ്‌നങ്ങളൊന്നും ഉടലെടുത്തിട്ടില്ലെന്നും ആകെയുള്ള പ്രശ്‌നം കശ്മീരിന്റെ ചില ഭാഗങ്ങള്‍ നിയമവിരുദ്ധമായി ഇസ്ലാമാബാദിന്റെ നിയന്ത്രണത്തിലാക്കിയിരിക്കുന്നതാണെന്നും ഇന്ത്യ വ്യക്തമാക്കി. പാകിസ്താന്റെ ‘സഹായവാഗ്ദാന’ത്തോടുള്ള ഇന്ത്യയുടെ പ്രതികരണം അതേ നാണയത്തിലായിരുന്നു. പാകിസ്താന്‍ എത്തിക്കുന്ന ‘സാമഗ്രികള്‍’ ഇന്ത്യയെയും മേഖലയിലെ മറ്റു രാജ്യങ്ങളെയും ഇപ്പോള്‍ത്തന്നെ ആവശ്യത്തിന് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും കൂടുതല്‍ സഹായം ആവശ്യമില്ലെന്നുമാണ് പ്രതികരണം. ‘സാമഗ്രികള്‍’ എന്നതിലൂടെ ഉദ്ദേശിച്ചത് ഭീകരതയും നുഴഞ്ഞുകയറ്റവും തന്നെയാണ്.

കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. ആ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനുള്ള മാനങ്ങള്‍ വളരെ വലുതാണ്. ആ ഒരു തലത്തില്‍ എന്തുകൊണ്ടോ ഇവിടെ ആ പ്രസംഗം ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇപ്പോള്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടലെടുത്തിരിക്കുന്ന വാക്‌പോര് മോദിയുടെ പ്രസംഗം ഒരിക്കല്‍ക്കൂടി പരിശോധിക്കാന്‍ പ്രേരണ നല്‍കുന്നു. കശ്മീരിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ കശ്മീരിന്റെ നാലു ഭാഗങ്ങളെക്കുറിച്ച് സംസാരിക്കണമെന്നാണ് നരേന്ദ്ര മോദി പറഞ്ഞുവെച്ചത് – ജമ്മു, കശ്മീര്‍ താഴ്‌വര, ലഡാക്ക്, പാക് അധീന കശ്മീര്‍. ഈ നാലാമത്തെ ഭാഗത്തെക്കുറിച്ച് എന്തുകൊണ്ടോ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇതുവരെ സംസാരിച്ചിട്ടില്ല എന്നു തോന്നുന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറയുമ്പോള്‍ അത് ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ള കശ്മീരിനെക്കുറിച്ചാണ് എന്നായിരുന്നു ഇതുവരെയുള്ള വിവക്ഷ. ഇപ്പോള്‍ അതു മാറി പാക് അധീന കശ്മീര്‍ കൂടി ഇന്ത്യയുടെ റഡാറില്‍ കടന്നുവരുന്നത് പാകിസ്താന് തീര്‍ച്ചയായും സുഖിക്കില്ല.

1980ളുടെ ഒടുവില്‍ കശ്മീരില്‍ ഭീകരപ്രവര്‍ത്തനം തുടങ്ങിയ ശേഷം 34,000ലധികം എ.കെ. 47 തോക്കുകള്‍, 5000ലേറെ ഗ്രനേഡ് ലോഞ്ചറുകള്‍, 90 ലൈറ്റ് മെഷിന്‍ ഗണ്ണുകള്‍, 12,000ലധികം റിവോള്‍വറുകള്‍, 3 ടാങ്ക് വേധ തോക്കുകള്‍, 4 വിമാന വേധ തോക്കുകള്‍, ആര്‍.ഡി.എക്‌സ്. ഉള്‍പ്പെടെ 63,000 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍, ഒരു ലക്ഷത്തിലേറെ ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഈ കാലയളവില്‍ 5,000ലേറെ വിദേശ തീവ്രവാദികള്‍ കൊല്ലപ്പെട്ടു -5 ബറ്റാലിയനുകളുടെ ശേഷിക്കു തുല്യം എണ്ണം. ഇത്രയധികം ആയുധങ്ങള്‍ പിടിച്ചെടുക്കപ്പെടുകയും വിനാശവും മരണവും വിതയ്ക്കാന്‍ നുഴഞ്ഞുകയറിയ ഇത്രയേറെ ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ കണക്കുകള്‍ മുന്നിലുള്ളപ്പോള്‍ പാകിസ്താന്‍ നടക്കുന്ന കള്ളപ്രചാരവേലകള്‍ വിജയിക്കാന്‍ പോകുന്നില്ല. ലക്ഷക്കണക്കിന് നുണകള്‍ പറഞ്ഞിട്ടും കാര്യമില്ല. ഇതു പറഞ്ഞത് മറ്റാരുമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി നേരിട്ടാണ്. അതിനു പ്രഹരശേഷി കൂടും. വിശേഷിച്ചും മറ്റു രാഷ്ട്രങ്ങളും അവിടത്തെ ഭരണത്തലവന്മാരും ഇന്ത്യയുടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പ്രതികരണങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ചുവരുന്ന ഇപ്പോഴത്തെ ഘട്ടത്തില്‍!

Modi 2.jpg

ബലോചിസ്ഥാനിലും പാക് അധീന കശ്മീരിലും പാകിസ്താന്‍ നടത്തുന്ന അതിക്രമങ്ങളുടെ ചിത്രം കൂടി നരേന്ദ്ര മോദി വരച്ചിട്ടു. യുദ്ധവിമാനങ്ങളുപയോഗിച്ച് സ്വന്തം ജനതയ്ക്കുമേല്‍ ബോംബ് വര്‍ഷിക്കുന്നത് പാകിസ്താന്റെ രീതിയാണ്. ബലൂചിസ്ഥാനിലും പാക് അധീന കശ്മീരിലും കാട്ടുന്ന അതിക്രമങ്ങള്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ പാകിസ്താന്‍ മറുപടി പറയേണ്ടി വരുമെന്നു കൂടി ഇന്ത്യന്‍ പ്രധാനമന്ത്രി പ്രവചിച്ചു. ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മറ്റേതു ജനാധിപത്യ രാജ്യത്തെക്കാളും മനുഷ്യത്വപരമാണ് ഇന്ത്യയിലെ ഭീകരവിരുദ്ധ നിയമങ്ങള്‍. നിയമവാഴ്ചയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ദൗര്‍ബല്യമായി കണ്ടാല്‍ എതിരാളികള്‍ക്ക് അബദ്ധം പിണയുമെന്നുറപ്പ്. തീവ്രവാദത്തെ അടിവേരോടെ പിഴുതുകളയാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ മാര്‍ഗ്ഗവും ലക്ഷ്യവും പ്രധാനമാണ്. ഈ രണ്ടു കാര്യങ്ങളിലും നമുക്ക് പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസാരിച്ചത് ഇന്ത്യയിലെ സര്‍വ്വകക്ഷി യോഗത്തിലായിരുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ നരേന്ദ്ര മോദിയുടെ പ്രസംഗം ലക്ഷ്യമിട്ടത് ലോകനേതാക്കളെയാണെന്ന് വ്യക്തം. മോദി ലക്ഷ്യമിട്ടത് നടന്നു എന്നതിന്റെ തെളിവാണ് ഇസ്ലാമാബാദിന്റെ പ്രതികരണം.

നരേന്ദ്ര മോദിയുടെ പ്രസംഗം ആഭ്യന്തര തലത്തിലായാലും അന്താരാഷ്ട്ര തലത്തിലായാലും വളരെ പ്രധാനപ്പെട്ടതാണെന്നു കാണാം. ഭരണഘടനാപരമായി ഈ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാട് ഇത്രയും വ്യക്തമായി അവതരിപ്പിക്കപ്പെടുന്നത് ആദ്യമായാണ്. ഇക്കാര്യം പറയാന്‍ പ്രധാനമന്ത്രി തന്നെ മുന്നോട്ടുവന്നു എന്നതും നാം ഗൗരവത്തോടെ കാണണം. വലിയ ബഹളമുണ്ടാക്കി തങ്ങള്‍ക്കൊപ്പം ആളെക്കൂട്ടുന്ന പാകിസ്താന്റെ പതിവു രീതിക്ക് ഇത് തടയിടുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നേരിട്ടു കാര്യം പറയുമ്പോള്‍ അത് അന്താരാഷ്ട്ര സമൂഹം കുറച്ചുകൂടി ഗൗരവത്തോടെ കാണും. ആദ്യമായാണ് ഇതുണ്ടാകുന്നത് എന്നതിനാല്‍ വിശേഷിച്ചും.

കശ്മീരിനെക്കുറിച്ചുള്ള തന്റെ സര്‍ക്കാരിന്റെ നിലപാടെന്താണെന്നു വ്യക്തമാക്കുക വഴി തങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന കശ്മീരി ജനതയ്ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനും മോദി ശ്രമിച്ചിട്ടുണ്ട്. കശ്മീരിലെ സംഭവവികാസങ്ങളില്‍ തനിക്ക് അതിയായ ദുഃഖമുണ്ട്. പക്ഷേ, ദേശസുരക്ഷ അടിയറവെയ്ക്കാനാവില്ല. കശ്മീരി ജനതയുടെ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികള്‍ ആവശ്യമാണെന്ന ബോദ്ധ്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞുവെച്ചു. ഇക്കാര്യങ്ങളെല്ലാം പാകിസ്താനെ പ്രതിരോധത്തിലാക്കുന്നു. ഇതിന്റെ ക്ഷീണം മറികടക്കാന്‍ വരും ദിനങ്ങളില്‍ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഷെല്ലാക്രമണങ്ങളും വര്‍ദ്ധിപ്പിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുമെന്നുറപ്പ്. ഹിസ്ബുള്‍ ഭീകര നേതാവ് ബുര്‍ഹാന്‍ വാനിയെ ജൂലൈ 8ന് സൈന്യം കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍വ്വകക്ഷി യോഗം. യോഗത്തിനൊടുവില്‍ ഒരു കാര്യം മാത്രം പുറത്തേക്കു മുഴങ്ങിക്കേട്ടു -പാക് അധീന കശ്മീരും നമ്മുടേതാണ്, ഭാരതത്തിന്റേതാണ്.

Previous articleജലീലിന്റെ നയതന്ത്രം
Next articleBaloch GAMBIT
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

Leave a Reply to Video Cancel reply

Please enter your comment!
Please enter your name here