• 531
 • 29
 •  
 •  
 • 21
 •  
  581
  Shares

വര്‍ഷം 1980.
വഴുതയ്ക്കാട് ചിന്മയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സിലെ ബി ഡിവിഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടി.
എപ്പോഴും ചിരിച്ചിരുന്ന, മറ്റുള്ളവരെ ചിരിപ്പിച്ചിരുന്ന കൂട്ടുകാരന്‍.
രണ്ടാം ക്ലാസ്സ് ആയപ്പോഴേക്കും ഞാന്‍ എ ഡിവിഷനിലേക്കു മാറി.
എങ്കിലും ഞങ്ങളുടെ കൂട്ട് മുറിഞ്ഞില്ല.

വഴുതയ്ക്കാട് ചിന്മയ വിദ്യാലയം 1980-81 അദ്ധ്യയന വര്‍ഷത്തിലെ 1 ബി ഡിവിഷന്‍. ഏറ്റവും പിന്നിലെ വരിയില്‍ ഇടത്തു നിന്ന് ആറാമത് രാജേഷ്

വര്‍ഷം 1984.
ഞങ്ങള്‍ അഞ്ചാം ക്ലാസ്സില്‍ വീണ്ടും ഒരുമിച്ചു, 5 ബി ഡിവിഷനില്‍.
ആ ക്ലാസ് മുറിയില്‍ അവന്‍ ഞങ്ങളുടെ പ്രിയപ്പെട്ടവനായി.
അതിനു പ്രത്യേകിച്ചൊരു കാരണമുണ്ടായിരുന്നു.
അവനൊരു മികച്ച നടനായിരുന്നു.

എല്ലാ അര്‍ത്ഥത്തിലും മോഹന്‍ലാലിന്റെ ‘ഡ്യൂപ്പ്’.
ഞങ്ങള്‍ അവനെ മോഹന്‍ലാല്‍ എന്നു വിളിച്ചു.
രാജേഷ് എന്ന പേര് പിന്നെ ആരും ഓര്‍ത്തുപോലുമില്ല.
‘എടാ മോഹന്‍ലാലേ..’ എന്ന വിളിക്ക് കൃത്യമായ പ്രതികരണമുണ്ടായിരുന്നു.
മോഹന്‍ലാല്‍ എന്നൊരു മഹാനടനുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നത് അവനാണ്.

മോഹന്‍ലാലിനെപ്പോലെ അവന്‍ വലതു തോള്‍ ചരിച്ചു നടന്നു.
മോഹന്‍ലാലിന്റെ വേഷങ്ങള്‍ അവന്‍ ഞങ്ങള്‍ക്കു മുന്നില്‍ അഭിനയിച്ചു കാണിച്ചു.
വെള്ളിത്തിരയിലെ രംഗങ്ങള്‍ ക്ലാസ്സില്‍ കഥകളായി പുനരവതരിച്ചു, അവനിലൂടെ.
സിനിമ കാണുമ്പോലെ അത് വിവരിക്കാന്‍ അവന് പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു.

ഇടവേളകള്‍ക്കായി ഞങ്ങള്‍ കാത്തിരുന്നു, അവന്റെ പ്രകടനം കാണാന്‍.
ടി.പി.ബാലഗോപാലനെയും ഗോപാലകൃഷ്ണ പണിക്കരെയും വിന്‍സന്റ് ഗോമസിനെയും അവന്‍ ഞങ്ങളുടെ ക്ലാസ്സിലെത്തിച്ചു.
ഞങ്ങള്‍ മോഹന്‍ലാലിനെ സ്‌നേഹിച്ചു, അവനെ സ്‌നേഹിച്ചു.
അവനെ കാണാന്‍ മോഹന്‍ലാലിനെ പോലെയുണ്ടെന്നു പറഞ്ഞ് ഞങ്ങള്‍ സുഖിപ്പിച്ചു.

ഏഴാം ക്ലാസ്സിനു ശേഷം ഞങ്ങള്‍ ചിന്മയയില്‍ നിന്ന് വഴിപിരിഞ്ഞു.
ഞാന്‍ സെന്റ് ജോസഫ്‌സിലേക്ക്, അവന്‍ ഗവ. മോഡല്‍ സ്‌കൂളിലേക്ക്.
പിന്നെ ക്രിക്കറ്റ് കളങ്ങളായി ഞങ്ങളുടെ സംഗമവേദി.
എസ്.എസ്.എല്‍.സി. കഴിഞ്ഞ് പ്രിഡിഗ്രി ആയപ്പോള്‍ വീണ്ടും ഒരുമിച്ചായി.
ഇക്കുറി തട്ടകം ഗവ. ആര്‍ട്‌സ് കോളേജിലെ ഒന്നാം ഗ്രൂപ്പ് ആയിരുന്നു.

ചിന്മയ വിദ്യാലയം 1985-86 അദ്ധ്യയന വര്‍ഷത്തിലെ 6 ബി ഡിവിഷന്‍. ഏറ്റവും പിന്നിലെ വരിയില്‍ ഇടത്തു നിന്ന് രണ്ടാമത് രാജേഷ്

ഏതു സിനിമയും ഇറങ്ങുന്ന ദിവസം കാണുക ഞങ്ങള്‍ പതിവാക്കി.
സ്‌കൂള്‍ പോലെ അല്ലല്ലോ കോളേജ്, ക്ലാസ് ചുമ്മാ കട്ട് ചെയ്തു.
മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് -എല്ലാ സിനിമകളും ആദ്യ ദിനം കണ്ടു.
ചിലത് മാത്രം രണ്ടാം ദിവസത്തേക്കു മാറ്റി.
പക്ഷേ, മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് ആ ഇളവില്ല.

ഹിസ് ഹൈനസ് അബ്ദുള്ള, ഏയ് ഓട്ടോ, നമ്പര്‍ 20 മദ്രാസ് മെയില്‍, താഴ്‌വാരം, അര്‍ഹത, ഇന്ദ്രജാലം, വിഷ്ണുലോകം, ലാല്‍ സലാം, അങ്കിള്‍ ബണ്‍, കിലുക്കം, ഉള്ളടക്കം, അഭിമന്യു -എല്ലാം ആദ്യ ദിനം കണ്ട മോഹന്‍ലാല്‍ സിനിമകള്‍.
സംഘത്തില്‍ കുറഞ്ഞത് 25 പേരെങ്കിലും കാണും.
ഏതു തിരക്കിലും എല്ലാവര്‍ക്കും വേണ്ട ടിക്കറ്റ് സംഘടിപ്പിക്കാന്‍ അവന് പ്രത്യേക കഴിവുണ്ടായിരുന്നു.

പ്രിഡിഗ്രി കഴിഞ്ഞ ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജിലെത്തി, ബി.എ. ഇംഗ്ലീഷിന്.
അവന്‍ ഗവ. ആര്‍ട്‌സ് കോളേജില്‍ തുടര്‍ന്നു, ബി.എ. ഇക്കണോമിക്‌സ്.
‘സഹോദര’ സ്ഥാപനങ്ങളായതിനാല്‍ ഞങ്ങള്‍ സ്ഥിരമായി കണ്ടു.
സിനിമാപരിപാടികള്‍ തുടര്‍ന്നു.

മുതിര്‍ന്നതോടെ ജീവിത പ്രാരാബ്ധങ്ങളുമായി പല വഴിക്കായി.
ഇടയ്ക്ക് കാണുമ്പോള്‍ നിറഞ്ഞ സ്‌നേഹത്തോടെ അവന്‍ വിളിക്കും -‘ടേയ് ശ്യാംലാലേ..’
ഞാന്‍ ഇരട്ടി സ്‌നേഹത്തോടെ തിരിച്ചുവിളിക്കും -‘അളിയാ മോഹന്‍ലാലേ..’
ഞാന്‍ മാത്രമല്ല, ഞങ്ങളുടെ കൂട്ടുകാര്‍ എല്ലാവരും അവനെ അങ്ങനെ വിളിച്ചു.
ആ വിളി അവനെ സന്തോഷിപ്പിച്ചു.
തലയില്‍ കഷണ്ടി കയറിയപ്പോള്‍ ഞങ്ങള്‍ ആശ്വസിപ്പിച്ചു -‘സാരമില്ലളിയാ, മോഹന്‍ലാലും കഷണ്ടിയാ. അങ്ങേര് വിഗ് വെച്ചു, നീ വെച്ചില്ല!’

ചിന്മയ വിദ്യാലയം 1986-87 അദ്ധ്യയന വര്‍ഷത്തിലെ 7 ബി ഡിവിഷന്‍. ഏറ്റവും പിന്നിലെ വരിയില്‍ ഇടത്തു നിന്ന് ഏഴാമത് രാജേഷ്, എട്ടാമത് ഞാന്‍

ഓഗസ്റ്റില്‍ തൈയ്ക്കാട് ശാന്തികവാടത്തിലാണ് ഞങ്ങള്‍ അവസാനമായി കണ്ടത്.
ഞങ്ങളുടെ പ്രിയ സുഹൃത്ത് സാജന്റെ ശവസംസ്‌കാര വേളയില്‍.
‘ടേയ്.. വിശ്വസിക്കാന്‍ പറ്റുന്നില്ല’ -സാജന്റെ മരണത്തെക്കുറിച്ച് അവന്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു സഹപാഠി രാജീവും വിട്ടുപോയി, ഹൃദയസ്തംഭനം തന്നെ കാരണം.
അവന്‍ വിളിച്ചു -‘ടേയ്.. എന്തോന്നെടേയ്. കാലന്‍ അറ്റന്‍ഡന്‍സ് എടുക്കയാണാ?’

അവന്‍ പറഞ്ഞത് അറം പറ്റിയോ?
‘മോഹന്‍ലാല്‍’ പോയി എന്ന് ശോഭന്‍ ബാബു വിളിച്ചു സംശയം പറഞ്ഞപ്പോള്‍ ഞാന്‍ തരിച്ചിരുന്നു.
ശരിയാവരുതേ എന്നു പ്രാര്‍ത്ഥിച്ചു, വിശ്വസിക്കാന്‍ മനസ്സു വിസമ്മതിച്ചു.
ഒടുവില്‍ ഞാനവനെ കണ്ടു, കണ്ണാടിക്കൂട്ടില്‍ മൂടിപ്പുതച്ച് -വിശ്വസിക്കേണ്ടി വന്നു.
ശാന്തമായി ഉറങ്ങുന്ന അവനോട് ഞാന്‍ ചോദിച്ചു -‘ടേയ്.. എന്തോന്നെടേയ്?’

മോഹന്‍ലാലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകനായ രാജേഷും

ഇരട്ടപ്പേര് വിളിക്കുന്നതു കേട്ട് സന്തോഷിച്ച ഏക വ്യക്തി ലോകത്തില്‍ അവനായിരിക്കും.
നിക്കറിട്ടു നടന്ന പ്രായത്തില്‍ ഞങ്ങളിട്ട പേര് ചിതയിലൊടുങ്ങും വരെ അവനെ പിന്തുടര്‍ന്നു.
മോഡല്‍ സ്‌കൂളിലും ഗവ. ആര്‍ട്‌സ് കോളേജിലും തൊഴിലിടത്തും എല്ലാം..
മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധകന്‍ അവനായിരുന്നുവെന്ന് ഞാന്‍ പറയും.
മോഹന്‍ലാല്‍ എന്നെങ്കിലും അറിഞ്ഞിരുന്നോ ആവോ ഇങ്ങനൊരു ആരാധകനെപ്പറ്റി??!!

പഴയ സ്‌കൂള്‍ ഫോട്ടോ ഞാന്‍ എടുത്തു നോക്കി.
അതിലെ 4 പേര്‍ ഇന്നില്ല -ബോബി, സാജന്‍, രാജീവ്, ‘മോഹന്‍ലാല്‍’ രാജേഷ്..
മരവിപ്പ് മാറുന്നില്ല.
കാലനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു -‘മതി.. നിര്‍ത്തൂ… പ്ലീസ്…’

MORE READ

ബിനു പണ്ടേ സ്മാര്‍ട്ടാണ്!!!... കാലം 1992 എന്നാണോര്‍മ്മ. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി. അത്യാവശ്യം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ ഉണ്ട്. മെഡി...
വിമലും റിനിയും പിന്നെ ഞാനും... വിളിക്കുന്ന വിവാഹങ്ങളില്‍ പരമാവധി പങ്കെടുക്കാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍. മരണവീടുകള്‍ സന്ദര്‍ശിക്കാന്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്താറില്ല എന്നും പറയാം...
ചിറകടികള്‍ തേടി… 1990കളുടെ മധ്യത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എ. ഇംഗ്ലീഷിന് ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു. പഠിച്ചു എന്നു പറയാനാവുമോ? ക്ലാസ്സിലേക്ക് അവന...
ഒരു വട്ടം കൂടി… രാവിലെ സ്‌കൂളില്‍ അസംബ്ലി നടക്കുകയാണ്. കറുത്ത പാന്റ്സും വെളുത്ത ഷര്‍ട്ടുമടങ്ങുന്ന യൂണിഫോം ധാരികളായ വിദ്യാര്‍ത്ഥികള്‍ ഡിവിഷന്‍ അനുസരിച്ച് വരിയായി നില്‍...
സഫലമീ പ്രണയം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ധാരാളം പ്രണയങ്ങള്‍ കണ്ടിട്ടുണ്ട്. ലോകം മുഴുവന്‍ എതിര്‍ത്താലും തങ്ങള്‍ ഒരുമിച്ചു ജീവിക്കുമെന്നുറപ്പിച്ച പ്രണയി...
അന്ന കാത്തിരിക്കുന്നു, സാമിനായി…... എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം കോളേജ് വിദ്യാഭ്യാസ കാലമാണെന്നു നിസ്സംശയം പറയാം. 1990കളുടെ കാര്യമാണ് പറയുന്നത്, ഇപ്പോഴത്തെ നെഹ്‌റു കോളേജ്...
കൂട്ടുകാര്‍ Friendship is my weakest point. So I am the strongest person in the world. Friendship is not about people who are true to my face. Its about people...

 • 531
 • 29
 •  
 •  
 • 21
 •  
  581
  Shares
 •  
  581
  Shares
 • 531
 • 29
 •  
 •  
 • 21

COMMENT