Reading Time: 4 minutes

കുറച്ചു ദിവസം മുമ്പ് തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഒരു പരിപാടി നടന്നു. കൃത്യമായി പറഞ്ഞാല്‍ 2020 ഏപ്രില്‍ 24ന്. കുടയകലം എന്നാണ് പരിപാടിയുടെ പേര്. അതിന്റെ സവിശേഷ ലക്ഷ്യമാണ് പരിപാടിയിലേക്ക് എന്റെ ശ്രദ്ധ എത്തിച്ചത്.

കോവിഡിനെ തോല്പിക്കാന്‍ ഏക മാര്‍ഗ്ഗം സമൂഹ അകലം പാലിക്കുക എന്നതു മാത്രമാണ്. പക്ഷേ, നഗരത്തിലെ തിരക്കിലേക്കിറങ്ങുമ്പോള്‍ എങ്ങനെയാണ് മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കാനാവുക? നമ്മള്‍ മാത്രം വിചാരിച്ചാല്‍ അകലം പാലിക്കാനാവില്ലെന്നുറപ്പ്. എതിരെ വരുന്നയാള്‍ കൂടി വിചാരിക്കണം. അതിന് അയാളെ എങ്ങനെ നിര്‍ബന്ധിക്കും? അവിടെയാണ് കുടയകലം വരുന്നത്. ഒരു കുട തുറന്നുപിടിക്കുക. അതുപയോഗിച്ച് മറ്റുള്ളവരെ നിശ്ചിത അകലത്തില്‍ നിര്‍ത്തുന്ന പ്രതിരോധഭിത്തി തീര്‍ക്കുക. വെയിലത്തും മഴയത്തും കുട നിവർത്തുന്നതോടെ ഒരു മീറ്റർ അകലം പാലിക്കാനാവും. അത് ഒന്നര മീറ്ററുമാക്കാം.

തണ്ണീര്‍മുക്കം പഞ്ചായത്തില്‍ സബ്സിഡി നിരക്കില്‍ 10,000 കുടകള്‍ വിതരണം ചെയ്യുന്നതാണ് കുടയകലം പരിപാടി. 6,000 കുടുംബശ്രീ അംഗങ്ങളും 2,000 തൊഴിലുറപ്പ് അംഗങ്ങളുമടക്കമാണ് ഈ 10,000. സ്‌പോൺസർഷിപ്പിലൂടെ 20, 50, 200 രൂപ നിരക്കിലാണ്‌ കുട വിതരണം. സൗജന്യമായി 2 മാസ്ക്കുകളും ഒപ്പമുണ്ട്. ഒരു സമയത്ത് തണ്ണീര്‍മുക്കം പഞ്ചായത്ത് കോവിഡ് ഹോട്ട്സ്പോട്ടായിരുന്നു. അതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് കാര്യങ്ങള്‍.

കലവൂര്‍ കെ.എസ്.ഡി.പിയില്‍ തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീനാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കായിരുന്നു അദ്ധ്യക്ഷന്‍. എ.എം.ആരിഫ് എം.പിയും ഉണ്ടായിരുന്നു. കോവിഡിനെ ചെറുക്കാന്‍ മാസ്‌കും സാനിറ്റെസറും മാത്രം പോര കുട കൂടി വേണം എന്ന അവസ്ഥ.

തണ്ണീർമുക്കം പഞ്ചായത്തിലെ കുടയകലം പരിപാടിയുടെ ഉദ്ഘാടന വേള. മന്ത്രിമാരായ ഡോ.ടി.എം.തോമസ് ഐസക്ക്, എ.സി.മൊയ്‌തീൻ, എ.എം.ആരീഫ് എം.പി. എന്നിവര്‍

കുടയകലത്തിന് ശാസ്ത്രീയ അടിത്തറയുണ്ടോ? സംശയം തീര്‍ത്തത് പ്രിയ സുഹൃത്തും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ.എസ്.എസ്.സന്തോഷ് കുമാര്‍. കാസര്‍കോട് കോവിഡ് ആസ്പത്രിയിലെ ആദ്യ ടീം ലീഡര്‍ എന്നു പറഞ്ഞാല്‍ ഡോ.സന്തോഷിനെ എളുപ്പം മനസ്സിലാവും. “കുട പിടിച്ചില്ലെങ്കിലും കുട തുറന്നുപിടിക്കുമ്പോഴുള്ള അകലം മറ്റുള്ളവരുമായി പാലിക്കാനായാല്‍ കോവിഡിനെ പിടിച്ചുനിര്‍ത്താം” -അവന്‍ സാക്ഷ്യപ്പെടുത്തി. അതിനുശേഷം പുറത്തിറങ്ങുമ്പോഴെല്ലാം മറ്റുള്ളവരുമായി ഈ കുടയകലം പാലിക്കാന്‍ ശ്രമിക്കാറുണ്ട്, കുട പിടിക്കാറില്ലെങ്കിലും.

കുടയകലം എന്നത് പാലിക്കാന്‍ ഇതു സംബന്ധിച്ചു ധാരണയുള്ള മിക്കവരും ശ്രദ്ധിച്ചു കാണാറുണ്ട്. ഒരു ഒന്നര മീറ്റര്‍ വരെ അകലം പാലിച്ചാല്‍ നമ്മള്‍ രക്ഷപ്പെട്ടു എന്നാണല്ലോ ഡോ.സന്തോഷ് പറഞ്ഞത്. മുന്നില്‍ കാണുന്ന ദൃശ്യങ്ങളിലും കൈയില്‍ കിട്ടുന്ന ചിത്രങ്ങളിലുമെല്ലാം ഈ കുടയകലം പാലിക്കപ്പെടുന്നുണ്ടോ എന്നു നോക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. ഇത്തരത്തില്‍ കൃത്യമായി അകലം പാലിച്ചിട്ടുണ്ട് എന്ന് ഒറ്റനോട്ടത്തില്‍ പറയാവുന്ന ഒരു ചിത്രം പൊക്കിപ്പിടിച്ച് ചിലര്‍ വിവാദത്തിനു ശ്രമിക്കുമ്പോള്‍ കളിയാക്കി ചിരിക്കണോ സഹതപിച്ച് കരയണോ എന്ന ആശയക്കുഴപ്പത്തിലാണ്.

തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍ 2 സ്ത്രീകളുമായി സംസാരിച്ചു നില്‍ക്കുന്നതാണ് ആ ചിത്രം. ചിത്രത്തിന്‍റെ പശ്ചാത്തലം ഇങ്ങനെ. മെയ് 7ന് അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തില്‍ വന്ന പ്രവാസികള്‍ക്ക് ഗുരുവായൂരില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സൗകര്യം സജ്ജമാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ തൃശ്ശൂര്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതലയുള്ള മന്ത്രി മൊയ്തീന്‍ നേരിട്ടെത്തിയിരുന്നു. മെയ് 8ന് രാവിലെ 4 മണിക്കെത്തിയ പ്രവാസികള്‍ക്ക് സൗകര്യമൊരുക്കാന്‍ ഉറക്കമിളച്ച് മന്ത്രി നേരിട്ടെത്തി എന്നത് ശ്ലാഘിക്കപ്പെടുകയും ചെയ്തു. ക്വാറന്റൈന്‍ കേന്ദ്രമായ മമ്മിയൂരിലെ ഹോട്ടലിനു മുന്നിലാണ് അദ്ദേഹം 2 സ്ത്രീകളുമായി സംസാരിച്ചതും ദേശാഭിമാനി ഫൊട്ടോഗ്രാഫര്‍ അതിന്റെ ചിത്രം പകര്‍ത്തിയതും.

മെയ് 9നുള്ള ദേശാഭിമാനി പത്രത്തില്‍ ചിത്രം അച്ചടിച്ചുവന്നു, എല്ലാവരും കണ്ടു. ആര്‍ക്കും ഒരു പ്രശ്നവുമില്ല. എന്നാല്‍, പിന്നീട് ഈ ചിത്രം വിവാദമാക്കിയതിന് ഒരു വാളയാര്‍ ബന്ധമുണ്ട്. വാളയാര്‍ ചെക്ക് പോസ്റ്റില്‍ പാസില്ലാതെ എത്തിയവരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ യു.ഡി.എഫ്. ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. അതുശരി, തങ്ങള്‍ക്കു ക്വാറന്റൈന്‍ പറഞ്ഞെങ്കില്‍ മൊയ്തീന് എന്തുകൊണ്ട് പറയുന്നില്ല എന്നായി യു.ഡി.എഫ്. രണ്ടു വിരുദ്ധ സാഹചര്യങ്ങളെ അനായാസം വിളക്കിച്ചേര്‍ത്ത് അവര്‍ താരതമ്യത്തിനിട്ടു.

എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സുകാരായ ജനപ്രതിനിധികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടത്? മെയ് 9ന് വാളയാറില്‍ നടന്ന സമരനാടകത്തില്‍ സജീവമായി പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് ബാധയുള്ളതായി പിന്നീട് സ്ഥിരീകരിച്ചു. ചെന്നൈയിലെ റെഡ് സോണില്‍ നിന്നെത്തിയ ഈ മലപ്പുറം സ്വദേശിയുമായി അടുത്തിടപഴകിയെന്നു തെളിഞ്ഞവര്‍ മുഴുവനും ക്വാറന്റൈനില്‍ പോകണമെന്ന് ഡോക്ടര്‍മാരും ജില്ലാ ഭരണകൂടവും നിര്‍ദ്ദേശിച്ചു. എം.പിമാരായ വി.കെ.ശ്രീകണ്ഠന്‍, ടി.എന്‍.പ്രതാപന്‍, രമ്യ ഹരിദാസ് എന്നിവരും എം.എല്‍.എമാരായ ഷാഫി പറമ്പിലും അനില്‍ അക്കരയും ആ പട്ടികയില്‍ ഉള്‍പ്പെട്ടു. പൊലീസുദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെടുന്ന വലിയൊരു സമ്പര്‍ക്കപ്പട്ടികയാണ് അവിടെ തയ്യാറായതെന്നോര്‍ക്കണം. പക്ഷേ, സര്‍ക്കാരിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ക്വാറന്റൈന്‍ എന്നാക്ഷേപം. വിവരദോഷം എന്നല്ലാതെ എന്താണ് പറയുക!!

കോവിഡ് രോഗം തെളിഞ്ഞ വ്യക്തിയുമായി ബന്ധപ്പെട്ടു എന്നുറപ്പാവുമ്പോഴാണ് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുക. ഈ മാനദണ്ഡപ്രകാരമാണ് കോണ്‍ഗ്രസ്സിന്റെ 3 എം.പിമാരും 2 എം.എല്‍.എമാരും ക്വാറന്റൈനിലായത്. ഇതേ മാനദണ്ഡപ്രകാരമാണ് മന്ത്രി മൊയ്തീന്‍ ക്വാറന്റൈനില്‍ പോകണ്ട എന്നും പറയുന്നത്. അദ്ദേഹം കോവിഡ് രോഗം ബാധിച്ച ആരുമായും ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. മാത്രവുമല്ല, കൃത്യമായ അകലം -കുടയകലം -പാലിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട് എന്നു തന്നെയാണ് ലഭ്യമായ ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം കാണുന്നത്. കാരണം, കുടയകലം പരിപാടി ഉദ്ഘാടനം ചെയ്തതു തന്നെ അദ്ദേഹമാണല്ലോ.

എന്തായാലും പ്രതിപക്ഷം വിടാന്‍ ഭാവമില്ല. അവര്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നു. പക്ഷേ, വ്യാജ ആരോപണത്തിനൊരു കുഴപ്പമുണ്ട്. അത് കനത്ത ആഘാതമേല്പിച്ച് തിരിച്ചടിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുലിവാല് പിടിക്കാന്‍ പോകുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. “കോവിഡ് രോഗികളെ സന്ദര്‍ശിക്കുകയും തൊട്ടടുത്ത് നിന്ന് സംസാരിക്കുകയും ചെയ്ത മന്ത്രി എ.സി.മൊയ്തീനെ ന്യായീകരിക്കുന്നത് രാഷ്ട്രീയ നാടകമല്ലേ?” -ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് രമേശ് ചെന്നിത്തലയുടെ ചോദ്യമാണ്. പ്രവാസികളായ 2 സ്ത്രീകളോട് മന്ത്രി മൊയ്തീന്‍ സംസാരിച്ചു നില്‍ക്കുന്ന ചിത്രവും ചേര്‍ത്തിട്ടുണ്ട്. അവിടൊരു മറുചോദ്യമുണ്ട് -മന്ത്രി സംസാരിച്ച സ്ത്രീകള്‍ കോവിഡ് രോഗികളാണെന്ന് പ്രതിപക്ഷ നേതാവിനോട് ആരാണ് പറഞ്ഞത്?

ചിത്രത്തിലുള്ള സ്ത്രീകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് അന്വേഷിച്ചോ എന്നറിയില്ല. പക്ഷേ, ഞാന്‍ അന്വേഷിച്ചു. വലിയ ബുദ്ധിമുട്ടൊന്നുമില്ല, അവര്‍ മമ്മിയൂരിലെ ഹോട്ടലില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ ആണല്ലോ. 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് ലഭിച്ച വിവരം. ഇവര്‍ കോവിഡ് പോസിറ്റീവ് അല്ല. രോഗബാധയില്ലെന്നു വ്യക്തമായ സാഹചര്യത്തില്‍ തൃശ്ശൂര്‍ കളക്ടറുടെ അനുമതിയോടെ ഇനി അവര്‍ക്ക് സ്വന്തം വീട്ടിലേക്കു പോയി ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാം. പക്ഷേ, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ 14 ദിവസം വേണോ എന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം തിങ്കളാഴ്ച വരും വരെ ഇപ്പോഴുള്ളിടത്ത് തുടരട്ടെ എന്നാണ് തീരുമാനം.

അപ്പോള്‍ ചോദ്യം കൂടുതല്‍ ശക്തമാവുകയാണ് -ഇവരെങ്ങനെ പ്രതിപക്ഷ നേതാവിന് കോവിഡ് രോഗികളായി? നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ മുഴുവനും കോവിഡ് രോഗികള്‍ എന്നാണോ രമേശ് ചെന്നിത്തലയുടെ നിലപാട്?? കോവിഡ് രോഗികളെ സന്ദര്‍ശിക്കുകയും തൊട്ടടുത്ത് നിന്ന് സംസാരിക്കുകയും ചെയ്ത മന്ത്രി ക്വാറന്റൈനില്‍ പോകണം എന്ന ആവശ്യമുന്നയിക്കുന്നവര്‍ ഫലത്തില്‍ വിദേശത്തു നിന്ന് നാട്ടിലെത്തുന്നവരെല്ലാം കോവിഡ് രോഗികളാണെന്നും അവരെല്ലാം മാറ്റിനിര്‍ത്തേണ്ടവരാണെന്നും അവരോടു സംസാരിക്കുന്നതൊക്കെ വലിയ പാതകമാണെന്നുമാണ് പറഞ്ഞുവെയ്ക്കുന്നത്. പ്രവാസികള്‍ പ്രതിപക്ഷത്തിന് വോട്ടടിക്കല്‍ യന്ത്രങ്ങള്‍ മാത്രമാണ്. ഈ കോവിഡ് കാലത്തെ അവരുടെ നിലപാടുകള്‍ ഇക്കാര്യം ശരിവെയ്ക്കുന്നു. പ്രവാസികളോട് കരുതലും സ്നേഹവും അഭിനയിച്ചാല്‍ പോരാ, ചിന്തയിലും ഉള്‍ക്കൊള്ളണം.

ഇവിടെ മന്ത്രി മൊയ്തീന്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അതു മാത്രമാണ് ചോദ്യം എന്നും പറയണം. ഇല്ല എന്നു തന്നെയാണ് ഈ ചോദ്യത്തിനുള്ള ഉറച്ച ഉത്തരം. ദൂരെ നിന്നായിരുന്നാലും അടുത്തു നിന്നായാലും അദ്ദേഹം ഇടപെട്ട ഒരു പ്രവാസിക്കു പോലു ഈ നിമിഷം വരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അപ്പോള്‍പ്പിന്നെ മന്ത്രി ക്വാറന്റൈനില്‍ പോകണം എന്നാവശ്യപ്പെടുന്നത് എന്തിനാണ്? ആവശ്യപ്പെടുന്നവര്‍ക്ക് ഇത് അഭിമാനപ്രശ്നമാണ്. ക്വാറന്റൈനിലാവുന്ന പ്രവൃത്തിയിലേര്‍പ്പെടുക വഴി തങ്ങള്‍ ജനങ്ങള്‍ക്ക് അപകടം വരുത്തി വെച്ചു എന്ന പഴി കേള്‍ക്കേണ്ടി വരുമോ എന്ന് കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധികള്‍ ഭയപ്പെടുന്നു. എന്നാല്‍പ്പിന്നെ പകരത്തിനു പകരം ഒരു മന്ത്രി കൂടി കിടക്കട്ടെ എന്നങ്ങു കരുതി. അത്ര തന്നെ.

ഏതെങ്കിലും കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായെന്നു തെളിഞ്ഞാല്‍ മന്ത്രി മൊയ്തീനെന്നല്ല മുഖ്യമന്ത്രി പിണറായി വിജയനായാലും ക്വാറന്റൈനില്‍ പോകണം. അത് ആരും പറയാതെ തന്നെ അവര്‍ ചെയ്യുമെന്നും ഉറപ്പാണ്. കാരണം കോവിഡിനെതിരായ പോരാട്ടം വിജയിക്കണമെന്ന് ഏറ്റവും ആഗ്രഹിക്കുന്നതും അതിനായി രാപകല്‍ കഷ്ടപ്പെടുന്നതും അവരാണല്ലോ. കുട തുറന്നു പിടിച്ചാല്‍ കോവിഡിനെ അകറ്റാമെങ്കില്‍ അതു ചെയ്യണമെന്ന് അവര്‍ പറയുന്നത് അതിനാലാണ്. സ്വന്തം പരിശ്രമം പാഴാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുമോ എന്നു ചിന്തിച്ചാല്‍ മാത്രം മതി എത്ര ബാലിശമാണ് ചെന്നിത്തലയും സംഘവും ഉയര്‍ത്തുന്ന വാദമുഖങ്ങള്‍ എന്നു മനസ്സിലാക്കാന്‍.

കോവിഡ് പോരാട്ടത്തില്‍ സര്‍ക്കാര്‍ വിജയിച്ചാല്‍ തങ്ങളുടെ വോട്ടു പോകുമോ എന്നാണ് യു.ഡി.എഫ്. നേതാക്കളുടെ ഭയം. തിരഞ്ഞെടുപ്പ് നടക്കണമെങ്കിലും വോട്ടു ചെയ്യണമെങ്കിലും നാട്ടില്‍ ജനം വേണം. ജനത്തെ സുരക്ഷിതരാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ഫലത്തില്‍ ജനത്തിന്റെ വിനാശമല്ലേ ആഗ്രഹിക്കുന്നത്? യു.ഡി.എഫ്. നടപടികള്‍ ഈ സംശയമുണര്‍ത്തിയാല്‍ തെറ്റുപറയാനാവുമോ? എല്ലാവരുടെയും ചെയ്തികള്‍ ജനങ്ങള്‍ കാണുന്നുണ്ട് സര്‍!!

Previous articleവിദേശത്ത് ടെസ്റ്റാന്‍ മടിക്കുന്നതെന്തിന്?
Next articleശരിക്കും ഇതല്ലേ അടിമപ്പണി?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here