Reading Time: 6 minutes

യുഗാന്ത്യം -അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്ന് മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുമ്പോള്‍ മറ്റെന്താണ് പറയുക! വിരാട് കോലിയുടെ യുഗാരംഭം എന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. വിരാടിനെ വിലയിരുത്താന്‍ ഇനിയും സമയമുണ്ടല്ലോ. ഇപ്പോള്‍ ധോണിയാകട്ടെ വിഷയം.

MSD (1).jpeg

ധോണിയെക്കുറിച്ച് പലതരം ആക്ഷേപങ്ങളുണ്ട്. അഹങ്കാരി, ഒത്തുകളിക്കാരന്‍, കച്ചവടക്കാരന്‍ എന്നിങ്ങനെ പല വിശേഷണങ്ങളും ശത്രുക്കള്‍ കല്പിച്ചു നല്‍കിയിരിക്കുന്നു. വീരേന്ദര്‍ സെവാഗിനെപ്പോലെ പല മികച്ച താരങ്ങള്‍ക്കും മാന്യമായ ഒരു വിടവാങ്ങലിനു പോലും അവസരം ലഭിക്കാത്തത് ധോണിയുടെ പിടിവാശി നിമിത്തമായിരുന്നു എന്നു പറയപ്പെടുന്നുണ്ട്. പക്ഷേ, അതിനെല്ലാമപ്പുറമാണ് ധോണി എന്ന നായകന്‍. എന്തിന്റെ പേരിലാണെങ്കിലും ടീമില്‍ ദൗര്‍ബല്യം കടന്നുവരരുത് എന്ന് അദ്ദേഹം വാശിപിടിച്ചിട്ടുണ്ടെങ്കില്‍ അതിനെ തെറ്റു പറയാനാവുമോ? മാത്രമല്ല, ആരോപണങ്ങള്‍ തെളിയിക്കപ്പെടും വരെ ആരും കുറ്റവാളിയാകുന്നില്ല.

ഇന്ന് 2017 ജനുവരി 15. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ധോണി ഇറങ്ങുന്നു, വെറും കളിക്കാരനായി. 2007നു ശേഷം നായകഭാരമില്ലാതെ അദ്ദേഹം കളത്തിലിറങ്ങുന്നത് ആദ്യമായി. ധോണി നായകനല്ലെന്നു വിശ്വസിക്കാന്‍ സാധാരണ ക്രിക്കറ്റ് പ്രേമി അല്പം ബുദ്ധിമുട്ടേണ്ടി വരും. ടെസ്റ്റില്‍ ഇതായിരുന്നില്ല സ്ഥിതി. അവിടെ നായകനായിരിക്കുമ്പോള്‍ തന്നെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ നായകസ്ഥാനം ഒഴിഞ്ഞ ശേഷവും കളി തുടരുന്നു.

MSD (3)
2011ലെ എകദിന ലോക കപ്പ്, മാന്‍ ഓഫ് ദ ഫൈനല്‍ ട്രോഫി എന്നിവയുമായി ധോണി

എന്തുകൊണ്ടാണ് ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനാവുന്നത്? ആ സ്ഥാനത്തേക്ക് നടന്നുകയറാന്‍ ധോണിക്കു മാത്രം സ്വന്തമായ ചില സവിശേഷതകളുണ്ടായിരുന്നു. സ്വന്തം താല്പര്യത്തെക്കാള്‍ ടീമിന്റെ താല്പര്യത്തിന് മുന്‍തൂക്കം നല്‍കി എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം. ടീം മോശമായി കളിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ എപ്പോഴും ധോണി തയ്യാറായിരുന്നു. അസാമാന്യ വാക്ചാതുരിയും ഹാസ്യബോധവും മാധ്യമപ്രവര്‍ത്തകരെ വിജയകരമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തെ സഹായിച്ചു. ഒരു ഘട്ടത്തിലും ടീമിലെ ചെറുപ്പക്കാരെ മാധ്യമങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കാതിരുന്നത് ടീമംഗങ്ങള്‍ക്ക് നായകനിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു.

അപ്രതീക്ഷിത നീക്കങ്ങളായിരുന്നു ധോണി എന്ന നായകനെ വ്യത്യസ്തനാക്കിയത്. തോല്‍വിയെ മുഖാമുഖം കണ്ടുള്ള ആ ചൂതാട്ടങ്ങളില്‍ ബഹുഭൂരിപക്ഷം അവസരങ്ങളിലും ഭാഗ്യം അദ്ദേഹത്തിനൊപ്പം നിന്നു. Fortune favours the brave എന്ന ചൊല്ല് തീര്‍ത്തും അന്വര്‍ത്ഥമാണ് ധോണിയുടെ കാര്യത്തില്‍. അക്ഷോഭ്യമായ വ്യക്തിത്വം എപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ശാന്തത പടര്‍ത്തി. അതിനാല്‍ത്തന്നെ ആ തലച്ചോറില്‍ എന്താണ് നടക്കുന്നതെന്ന് എതിരാളികള്‍ക്ക് ഗണിച്ചെടുക്കാന്‍ സാധിക്കുമായിരുന്നില്ല.

MSD (4).jpg

2007 സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ട്വന്റി 20 ലോക കപ്പില്‍ നിന്ന് വന്‍ തോക്കുകളായ സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചപ്പോഴാണ് ധോണിയിലേക്ക് ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകപദവി എത്തുന്നത്. ആ ലോകകപ്പ് ജയിച്ചുകൊണ്ട് തുടങ്ങിയ ധോണി പിന്നീടുള്ള 9 വര്‍ഷങ്ങളില്‍ ക്രിക്കറ്റിലെ എല്ലാ രൂപാന്തരങ്ങളിലും ഇന്ത്യയെ മുന്നിലെത്തിച്ചു. ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്കു കയറി സ്വയം റെക്കോര്‍ഡുകള്‍ കൈവശപ്പെടുത്താന്‍ അവസരമുണ്ടായിട്ടും നിസ്വാര്‍ത്ഥനായി അദ്ദേഹം താഴെത്തട്ടില്‍ തുടര്‍ന്നു. ഫീല്‍ഡില്‍ ഒരു പന്തുപോലും നഷ്ടപ്പെടുത്താതെ മുഴുവന്‍ സമയവും വിക്കറ്റിനു പിന്നില്‍ ചെലവിട്ടു. ഇപ്പോള്‍ സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തും പോലെ നായകസ്ഥാനം വിരാട് കോലിക്കു കൈമാറിയിരിക്കുന്നു.

നായകസ്ഥാനം ഒഴിഞ്ഞുവെങ്കിലും ഒരു കളിക്കാരനെന്ന നിലയിലുള്ള ധോണിയുടെ പ്രഹരശേഷിയെപ്പറ്റി ആര്‍ക്കും സംശയം വേണ്ട. ഇംഗ്ലണ്ടിനതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ -എ ടീമിന്റെ നായകനായി ഇറങ്ങിയ അദ്ദേഹം വെറും 40 പന്തില്‍ നിന്ന് 68 റണ്‍സ് അടിച്ചുകൂട്ടി. 8 ഫോറും 2 സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന ഓവറില്‍ ക്യാപ്റ്റന്‍ കൂള്‍ അടിച്ചുകൂട്ടിയത് 23 റണ്‍സ്! ഇന്ത്യയ്ക്കു വേണ്ടി ഏകദിന മത്സരങ്ങളില്‍ ഏറ്റവുമധികം സിക്‌സറുകള്‍ അടിച്ചുകൂട്ടിയത് ധോണിയാണ് -197 എണ്ണം. 195 സിക്‌സര്‍ പറത്തിയ സച്ചിന്‍ തെണ്ടുല്‍ക്കറെക്കാള്‍ രണ്ടെണ്ണം കൂടുതല്‍!!

MSD (2).jpg

ഇനി ധോണിക്കാലത്തേക്കു തിരിഞ്ഞുനോക്കാനുള്ള സമയമാണ്. നായകനെന്ന നിലയില്‍ ധോണിയുടെ മികവ് പ്രകടമായ 5 മത്സരങ്ങള്‍ വിലയിരുത്തിയാല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച മത്സരങ്ങളാണെന്നു കാണാം.

2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍

2011 World Cup Final
2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ സിക്‌സറിലൂടെ ധോണി വിജയറണ്‍ കുറിക്കുമ്പോള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന യുവരാജ് സിങ്‌

ലോക ചാമ്പ്യന്‍ എന്നും ഏകദിന ലോകകപ്പിന്റെ അവകാശി തന്നെയാണ്. അങ്ങനെ ലോകകപ്പിനായുള്ള 28 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന്, ഒരു കരിയര്‍ മുഴുവന്‍ നീണ്ട സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാത്തിരിപ്പിന് വിരാമമായത് 2011ലാണ്. മുംബൈയിലെ ഫൈനലില്‍ ഇന്ത്യ ജയിക്കും എന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍, ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 6 വിക്കറ്റിന് 274 എന്ന തരക്കേടില്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ 3 പ്രധാന വിക്കറ്റുകള്‍ 114 റണ്‍സിനിടെ നിലംപൊത്തുകയും ചെയ്തതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന സ്ഥിതി വന്നു. മുന്നില്‍ നിന്നു നയിക്കാന്‍ അവിടെ ധോണി തീരുമാനിക്കുകയാണ്. ആ ലോകകപ്പില്‍ അതുവരെ ബാറ്റുകൊണ്ട് കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതിരുന്ന ധോണി ബാറ്റിങ് ഓര്‍ഡറില്‍ സ്വയം മുകളിലേക്ക് കയറുന്നതു കണ്ട എല്ലാവരും അതിശയിച്ചു. ഫോമിലുള്ള ബാറ്റ്‌സ്മാന്‍ യുവരാജിനെ താഴേക്കു തള്ളിയത് വിമര്‍ശനത്തിനു കാരണമാവുകയും ചെയ്തു. അവിടെ ഗൗതം ഗംഭീറിനൊപ്പം 109 റണ്‍സും യുവരാജ് സിങ്ങിനൊപ്പം 54 റണ്‍സും കൂട്ടിച്ചേര്‍ത്ത ക്യാപ്റ്റന്‍ കൂള്‍ ഒരു സിക്‌സര്‍ പറത്തിയാണ് കിരീടനേട്ടം ആഘോഷിച്ചത്. 91 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ധോണി തന്നെയായിരുന്നു മാന്‍ ഓഫ് ദ ഫൈനല്‍ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!

2007ലെ ട്വന്റി 20 ലോകകപ്പ് ഫൈനല്‍

2007 World Twenty20 Final
2007ലെ ട്വന്റി 20 ലോക കിരീടവുമായി എം.എസ്.ധോണി

ചിരവൈരികളായ പാകിസ്താനായിരുന്നു 2007 ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ജയിക്കാന്‍ അവസാന ഓവറില്‍ അവര്‍ക്കു വേണ്ടിയിരുന്നത് വെറും 13 റണ്‍സ്. മറുഭാഗത്ത് ഇന്ത്യയ്ക്കു വേണ്ടിയിരുന്നത് 1 വിക്കറ്റ്. സ്‌ട്രൈക്ക് കൈവശമുള്ള പാക് ക്യാപ്റ്റന്‍ മിസ്ബാ-ഉള്‍-ഹഖിനൊപ്പം മുഹമ്മദ് ആസിഫാണ് ക്രീസില്‍. അവസാന ഓവര്‍ എറിയാന്‍ ജോഗീന്ദര്‍ ശര്‍മ്മയെ നിയോഗിക്കാനുള്ള യുവ ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനം ഏവരെയും ഞെട്ടിച്ചു. പരിചയസമ്പന്നനായ ഹര്‍ഭജന്‍ സിങ്ങിന് ഒരോവര്‍ ബാക്കിയുണ്ടായിരുന്നു എന്നോര്‍ക്കണം. ജോഗീന്ദറിന്റെ ഓവറിലെ ആദ്യ പന്ത് വൈഡ്. ധോണി ഓടി ജോഗീന്ദറിനടുത്തെത്തി എന്തോ പറഞ്ഞു. റിബോളിനു നേരെ മിസ്ബാ സര്‍വ്വ ശക്തിയുമെടുത്ത് ബാറ്റ് വീശിയെങ്കിലും തൊടാനായില്ല. എന്നാല്‍, രണ്ടാമത്തെ പന്ത് ഫുള്‍ടോസായത് മിസ്ബാ സിക്‌സറിനു പറത്തി. ധോണി വീണ്ടും ജോഗീന്ദറിനരികിലേക്ക്. മൂന്നാമത്തെ പന്തില്‍ സിക്‌സര്‍ ആവര്‍ത്തിക്കാനായി മിസ്ബാ പിന്നിലേക്കു കോരി വിട്ടത് നേരെ അവസാനിച്ചത് ശ്രീശാന്തിന്റെ കൈകളില്‍. ബാക്കി ചരിത്രം. 5 റണ്‍സിന് മത്സരം ജയിച്ച ഇന്ത്യ ചാമ്പ്യന്മാര്‍.

2013ലെ ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍

2013 ICC Champions Trophy Final
എജ്ബാസ്റ്റണില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടം ധോണി ആഘോഷിക്കുന്നത് നിരാശനായി നോക്കിനില്‍ക്കുന്ന ഇംഗ്ലണ്ടിന്റെ ജെയിംസ് ട്രെഡ്വെല്‍

എജ്ബാസ്റ്റണില്‍ നടന്നതേ ചാമ്പ്യന്‍സ് ട്രോഫി ഏകദിന ഫൈനലായിരുന്നുവെങ്കിലും മഴ മൂലം ഫലത്തില്‍ ട്വന്റി 20 ഫൈനലായി മാറിയിരുന്നു. ഒടുവില്‍ മത്സരം അവസാനിക്കാന്‍ 18 പന്ത് ബാക്കിയുള്ളപ്പോള്‍ ജയിക്കാന്‍ ഇംഗ്ലണ്ടിനു വേണ്ടിയിരുന്നത് 28 റണ്‍സ് മാത്രം. 6 വിക്കറ്റും കൈയിലുണ്ടായിരുന്നു. ഒയിന്‍ മോര്‍ഗനും രവി ബൊപാരയും ചേര്‍ന്ന് ആതിഥേയരെ അനായാസം വിജയത്തിലേക്കു നയിക്കുന്ന അവസ്ഥ. 2007ലേതു പോലെ അത്ഭുതപ്പെടുത്തുന്ന ബൗളിങ് മാറ്റം അവിടെയും ധോണി പ്രാവര്‍ത്തികമാക്കി. നേരത്തേ 3 ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത ഭുവനേശ്വര്‍ കുമാര്‍ നില്‍ക്കുമ്പോള്‍ 3 ഓവറില്‍ 27 റണ്‍സ് വാരിക്കോരി നല്‍കിയ ഇശാന്ത് ശര്‍മ്മയെ ക്യാപ്റ്റന്‍ പന്തേല്‍പ്പിച്ചു. 18-ാം ഓവറിലെ രണ്ടാം പന്ത് മോര്‍ഗന്‍ സിക്‌സറിനു പറത്തിയതോടെ പണി പാളിയെന്ന് ഇന്ത്യന്‍ പക്ഷത്ത് എല്ലാവരും ഉറപ്പിച്ചു. പക്ഷേ, മൂന്നാം പന്ത് മോര്‍ഗന്‍ ഉയര്‍ത്തിയടിച്ചത് നേരെ മിഡ് വിക്കറ്റില്‍ രവിചന്ദ്രന്‍ അശ്വിന്റെ കൈകളിലേക്ക്. 33 റണ്‍സുമായി ഇംഗ്ലീഷ് ക്യാപ്റ്റന്‍ മടങ്ങി. അടുത്ത പന്തില്‍ ധോണി അശ്വിനെ സ്‌ക്വയര്‍ ലെഗ്ഗിലേക്കു നീക്കി നിര്‍ത്തി. ഇശാന്തിന്റെ കുത്തിയുയര്‍ന്ന പന്ത് തടയാനുള്ള ബൊപാരയുടെ ശ്രമവും അശ്വിന്റെ കൈകളില്‍ അവസാനിച്ചു. 19-ാം ഓവര്‍ എറിഞ്ഞ രവീന്ദ്ര ജഡേജ 2 വിക്കറ്റുകള്‍ വീഴ്ത്തി. അവസാന ഓവറില്‍ 6 റണ്‍സ് വിട്ടുകൊടുക്കാതെ പിശുക്കു കാട്ടിയ അശ്വിന്‍ മത്സരവും കിരീടവും ഇന്ത്യയുടെ വരുതിയിലാക്കി. ഉറച്ച തോല്‍വി ജയമായി മാറിയ നിമിഷം!!

2008ലെ സി.ബി. സിരീസ് രണ്ടാം ഫൈനല്‍

2008 CB Series 2nd Final
ബ്രിസ്‌ബേനില്‍ സി.ബി. സിരീസ് രണ്ടാം ഫൈനലിനിടെ എം.എസ്.ധോണി

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച് കിരീടം നേടുക എന്നത് വളരെ ക്ലേശകരമായ കാര്യമാണ്. പക്ഷേ, ധോണി എന്ന യുവനായകന്‍ തന്റെ ടീമിനു പകര്‍ന്ന ആത്മവിശ്വാസം, അസാദ്ധ്യമെന്ന് എല്ലാവരും കരുതിയത് സാദ്ധ്യമാക്കി. മൂന്നു ഫൈനലുകളില്‍ ആദ്യത്തേത് 6 വിക്കറ്റ് മാര്‍ജിനില്‍ ഇന്ത്യ ആധികാരികമായി ജയിച്ചിരുന്നു. രണ്ടാം ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്‍ തെണ്ടുല്‍ക്കറുടെ 91 റണ്‍സ് പ്രകടനത്തിന്റെ സഹായത്തോടെ 9 വിക്കറ്റിന് 258 റണ്‍സ് കണ്ടെത്തി. പക്ഷേ, അതു മതിയാകുമായിരുന്നില്ല. എന്നാല്‍, ബൗളര്‍മാരെ ബുദ്ധിപൂര്‍വ്വം ഊഴം മാറ്റിയുപയോഗിച്ച ധോണി കങ്കാരുക്കളെ വരിഞ്ഞുമുറുക്കി. ഒടുവില്‍ അവസാന ഓവറില്‍ 2 വിക്കറ്റ് ശേഷിക്കേ ആതിഥേയര്‍ക്കു ജയിക്കാന്‍ 13 റണ്‍സ് മാത്രം മതിയായിരുന്നു. തന്റെ രണ്ടാമതത്തെ പന്തില്‍ നഥാന്‍ ബ്രാക്കനെ പുറത്താക്കിയ ഇര്‍ഫാന്‍ പഠാന്‍ നാലാമത്തെ പന്തില്‍ ജെയിംസ് ഹോപ്‌സിനെയും മടക്കി. 9 റണ്‍സ് വിജയവുമായി ഇന്ത്യയ്ക്ക് കിരീടം.

2016ലെ ലോകകപ്പ് ട്വന്റി 20 ബംഗ്ലാദേശുമായുള്ള സൂപ്പര്‍ 10 മത്സരം

2016 World T20, Super 10 Match vs Bangladesh
ബംഗ്ലാദേശിനെ മുസ്തഫിസുര്‍ റഹ്മാനെ (ചിത്രത്തിലില്ല) ധോണി ശരവേഗത്തില്‍ റണ്ണൗട്ടാക്കുന്നത് ഓട്ടത്തിനിടെ തിരിഞ്ഞുനോക്കുന്ന ഷുവഗത ഹോം

നായകമികവു കൊണ്ടും ബാറ്റു കൊണ്ടും ഒട്ടേറെ മത്സരങ്ങള്‍ ധോണി വിജയിച്ചിട്ടുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പിങ്ങിലെ മികവുകൊണ്ട് ഒരു മത്സരം അദ്ദേഹം ജയിപ്പിച്ചു. 2016ലെ ലോകകപ്പ് ട്വന്റി 20യില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 10 ഗ്രൂപ്പ് മത്സരം. ബംഗ്ലാദേശിനോടു തോറ്റാല്‍ ഇന്ത്യ പുറത്താകും. അവസാന ഓവറില്‍ ജയിക്കാന്‍ ബംഗ്ലാദേശിനു വേണ്ടിയിരുന്നത് 11 റണ്‍സ് മാത്രം. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ 2 പന്തുകളും മുഷ്ഫിഖുര്‍ റഹിം തുടര്‍ച്ചയായി ബൗണ്ടറി പറത്തി. നാലാം പന്ത് ആവുമ്പോഴേക്കും ബംഗ്ലാദേശിനു വേണ്ടിയിരുന്നത് വെറും 2 റണ്‍സ് മാത്രം. എന്നാല്‍, അടുത്ത 2 പന്തുകളിലായി മുഷ്ഫിഖുറിനെയും മഹ്മുദുള്ളയെയും പാണ്ഡ്യ പവലിയനിലേക്കു മടക്കി. അവസാന പന്ത് എറിയുന്നതിനു മുമ്പ് ധോണി തന്റെ വലതു കൈയിലെ ഗ്ലൗ ഊരി മാറ്റി. പാണ്ഡ്യ എറിഞ്ഞ പന്ത് ബംഗ്ലാദേശിന്റെ ഷുവഗത ഹോമിന് തൊടാനായില്ല. അവര്‍ റണ്ണിനായി ഓടി. പന്ത് കൈക്കലാക്കിയ ധോണി ശരവേഗത്തില്‍ ക്രീസിലേക്കെത്തി വിക്കറ്റ് തകര്‍ത്തു. നോണ്‍ സ്‌ട്രൈക്കറായിരുന്ന മുസ്തഫിസുര്‍ റഹ്മാന്‍ അപ്പോള്‍ ക്രീസില്‍ നിന്ന് ഒരു വാര പുറത്തായിരുന്നു. ‘ധോണി ക്രിക്കറ്റ് താരമായത് എന്റെ ഭാഗ്യം’ എന്നാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായ ഉസൈന്‍ ബോള്‍ട്ട് ഈ പ്രകടനം കണ്ട് പ്രതികരിച്ചത്!!

ധോണിയെ ആരാധകര്‍ അങ്ങേയറ്റം സ്‌നേഹിക്കുന്നുണ്ട്. അതു തന്നെയാണ് അദ്ദേഹത്തിന്റെ കരുത്ത്. നീലക്കുപ്പായത്തില്‍ ഇന്ത്യയെ അവസാനമായി നയിക്കാന്‍ ധോണി ഇറങ്ങിയ മത്സരത്തിലുണ്ടായ സംഭവം തന്നെയാണ് തെളിവ്. മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യ -എയ്ക്കു വേണ്ടി ധോണി ബാറ്റ് ചെയ്യുന്നു. പെട്ടെന്ന് ഒരു ആരാധകന്‍ 10 അടി ഉയരമുള്ള വേലി ചാടിക്കടന്ന് പിച്ചിനരികിലേക്ക് ഇരച്ചെത്തി. ധോണിയുടെ കാലുതൊട്ടു വന്ദിക്കാന്‍ വേണ്ടി മാത്രമായിരുന്നു ആ ചെറുപ്പക്കാരന്റെ സാഹസം. ആരാധകന്റെ ആഗ്രഹത്തിനു വഴങ്ങിയ ധോണി അയാള്‍ക്ക് കൈ കൊടുത്ത് യാത്രയാക്കി. വിരാടിന്റെ ടീമില്‍ നായകനല്ലെങ്കിലും വിക്കറ്റിനു പിന്നിലെ നിര്‍ണ്ണായക സ്ഥാനത്ത് ധോണിയുണ്ട്. കളിക്കളത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും അഭിപ്രായങ്ങള്‍ പറയാനും ഏറ്റവും മികച്ച സ്ഥാനം വിക്കറ്റ് കീപ്പറുടേതാണല്ലോ.

MSD (1)
മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തിനിടെ വേലിചാടി ധോണിക്കരികിലേക്ക് ഓടിയെത്തുന്ന ആരാധകന്‍

കരിയറിന്റെ അവസാന ഘട്ടത്തിലാണ് ധോണി. അണയുന്നതിന് മുമ്പ് ഒരു ആളിക്കത്തല്‍ അദ്ദേഹം ലക്ഷ്യമിടുന്നത് സ്വാഭാവികം. എങ്കില്‍ ധോണിയുടെ ബാറ്റിങ് ഇനിയുള്ള ദിവസങ്ങളില്‍ നമ്മള്‍ കാണികള്‍ക്ക് വിരുന്നാകുമെന്നുറപ്പ്.

 


2016ലെ ലോകകപ്പ് ട്വന്റി 20 ബംഗ്ലാദേശുമായുള്ള സൂപ്പര്‍ 10 മത്സരത്തെക്കുറിച്ച് എഴുതിയത്

1 RUN IS 1 RUN

 

Previous articleകുറ്റമാകുന്ന നിശ്ശബ്ദത
Next articleഅന്ന കാത്തിരിക്കുന്നു, സാമിനായി…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here