Reading Time: 3 minutes

It is submitted that Government of India with the support of NIC is capable of providing all the requirements relating to data storage, processing and application which are being offered by the 3rd respondent, if a request to that effect comes from the State Government.

ഡാറ്റാ സംഭരണം, സംസ്കരണം, വിനിയോഗം എന്നിവ സംബന്ധിച്ച് മൂന്നാം എതിര്‍കക്ഷി പ്രദാനം ചെയ്യുന്ന എല്ലാ സൗകര്യങ്ങളും, സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍, എന്‍.ഐ.സിയുടെ പിന്തുണയോടെ ലഭ്യമാക്കാന്‍ ഭാരത സര്‍ക്കാരിന് ശേഷിയുണ്ടെന്ന് ബോധിപ്പിച്ചുകൊള്ളുന്നു -ഇതാണ് വ്യാകരണം അത്രയ്ക്കൊന്നും പാലിച്ചിട്ടില്ലാത്ത ഈ ഉദ്ധരണിയുടെ മലയാള പരിഭാഷ.

കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സാങ്കേതികസഹായം ഉറപ്പു പറയുന്ന ഭാഗം

2020 ഏപ്രില്‍ 23ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാര്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യമാണ്. ഇവിടെ മൂന്നാം എതിര്‍കക്ഷി സ്പ്രിങ്ക്ളര്‍ ആണ്. സ്പ്രിങ്ക്ളര്‍ കരാറിനെതിരെ ബാലു ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു രണ്ടാം എതിര്‍കക്ഷിയായ കേന്ദ്ര സര്‍ക്കാരിന്റെ ഈ വാഗ്ദാനം.

ഇന്ന് 2020 മെയ് 22. കേന്ദ്ര സര്‍ക്കാരിന്റെ സാങ്കേതികസഹകരണ വാഗ്ദാനം വന്നിട്ട് ഒരു മാസം തികയുന്ന ദിവസം. ഇന്നേവരെ വാഗ്ദാനപാലനത്തിലേക്ക് ഒരു ചുവടു പോയിട്ട് ഒരു സെന്റിമീറ്റര്‍ പോലും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടില്ല. കോവിഡ് -19 എന്ന മഹാമാരിയെ നേരിടുമ്പോള്‍ ഓരോ നിമിഷവും അങ്ങേയറ്റം പ്രധാനപ്പെട്ടതാണ് എന്നിരിക്കുമ്പോഴാണ് ദിവസങ്ങളും ആഴ്ചകളും താണ്ടി മാസത്തിലെത്തിയ ഈ ഉദാസീനത. കേന്ദ്ര സര്‍ക്കാരിന്റെ സേവനം ലഭ്യമായിരിക്കുമ്പോള്‍ എന്തിന് സ്പ്രിങ്ക്ളറിനെ തിരഞ്ഞെടുത്തു എന്നു ചോദിക്കുന്നവര്‍ക്ക് കാര്യം ബോദ്ധ്യപ്പെടുന്നതിന് ഇതിലും വലിയ ഉദാഹരണം വേണ്ട എന്നു തന്നെയാണ് എന്‍റെ വിശ്വാസം.

ബിഗ് ഡാറ്റാ അനാലിസിസ് രംഗത്ത് വ്യക്തമായ പ്രവര്‍ത്തനപരിചയമുണ്ട് എന്നതാണ് സ്പ്രിങ്ക്ളര്‍ തിരഞ്ഞെടുക്കപ്പെടാന്‍ കാരണം. എന്‍.ഐ.സിയെ വിശ്വാസമില്ലാത്തതു കൊണ്ടും അവര്‍ ജോലി ചെയ്യാത്തതുകൊണ്ടുമാണ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നത്. എന്‍.ഐ.സിയെക്കുറിച്ചുള്ള മുന്‍ധാരണ തെറ്റായിരുന്നില്ലെന്ന് കേരള സര്‍ക്കാരിന് ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെട്ടിരിക്കുന്നു. അതിന്റെ തെളിവുകള്‍ കോവിഡ് 19 പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട് കേരളം എന്‍.ഐ.സിയുടെ സഹായം തേടി സമര്‍പ്പിച്ച കത്തുകളാണ്. ഇവയില്‍ ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല.

എന്‍.ഐ.സിയുടെ പിന്തുണയോടെ ആവശ്യമായ സേവനങ്ങളെല്ലാം ഏര്‍പ്പെടുത്തി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് ഹൈക്കോടതി മുഖവിലയ്ക്കെടുത്തു. കോടതിയില്‍ പറഞ്ഞതല്ലേ പറ്റിക്കില്ല എന്ന ധാരണയില്‍ സംസ്ഥാന സര്‍ക്കാരും മുഖവിലയ്ക്കെടുത്തു. സര്‍ക്കാര്‍ സംവിധാനം ലഭ്യമാണെങ്കില്‍ പിന്നെ സൗജന്യ സേവനമാണെങ്കില്‍ പോലും സ്വകാര്യ കമ്പനി വേണ്ടല്ലോ. കേന്ദ്ര വാഗ്ദാനം പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു, നടപടികള്‍ സ്വീകരിച്ചു.

കേരളം കേന്ദ്രത്തിനയച്ച കത്ത് -2020 ഏപ്രില്‍ 29

സംസ്ഥാനം ഔദ്യോഗികമായി തന്നെ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചു, 2020 ഏപ്രില്‍ 29ന്. കേന്ദ്ര ഇലക്ട്രോണിക്സ് -ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി അജയ് പ്രകാശ് സാഹ്നിക്ക് കേരളത്തിലെ ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അയച്ച കത്തില്‍ സംസ്ഥാനത്തിനാവശ്യമായ വിവരവിനിമയ സംവിധാനം എന്‍.ഐ.സിയെക്കൊണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയെക്കൊണ്ടോ രണ്ടാഴ്ചയ്ക്കകം ഏര്‍പ്പെടുത്തി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.

കേരളം കേന്ദ്രത്തിനയച്ച കത്ത് -2020 മെയ് 2

ഇതിനു മറുപടിയുണ്ടാവാത്തതിനാല്‍ മെയ് 2ന് വീണ്ടും അജയ് സാഹ്നിക്ക് ശിവശങ്കര്‍ കത്തയച്ചു. അടിയന്തര നടപടി ആവശ്യമുള്ള അസാധാരണ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതിയില്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ, ഈ കത്തും കണ്ട ഭാവമുണ്ടായില്ല.

കേരളം കേന്ദ്രത്തിനയച്ച കത്ത് -2020 മെയ് 15

ഇതേത്തുടര്‍ന്ന് മെയ് 15ന് മൂന്നാമതൊരു കത്തു കൂടി ശിവശങ്കര്‍ അയച്ചു, അജയ് സാഹ്നിക്കു തന്നെ. ഇതില്‍ ഏപ്രില്‍ 29, മെയ് 2 തീയതികളില്‍ അയച്ച കത്തുകളുടെ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. രണ്ടു കത്തുകള്‍ക്കും മറപുടി കിട്ടാത്ത സാഹചര്യത്തില്‍ കേന്ദ്ര സെക്രട്ടറി വ്യക്തിപരമായ താല്പര്യമെടുത്ത് വിഷയത്തില്‍ ഇടപെടണം എന്നായിരുന്നു കേരളത്തിന്റെ അഭ്യര്‍ത്ഥന. ഇതിനും പ്രതികരണം ലഭിച്ചില്ല.

അജയ് പ്രകാശ് സാഹ്നിക്കയച്ച കത്തുകളുടെയെല്ലാം പകര്‍പ്പ് എന്‍.ഐ.സി. ഡയറക്ടര്‍ ജനറല്‍ ഡോ.നീത വര്‍മ്മയ്ക്കും കേരളം അയച്ചിരുന്നു. എന്തുകൊണ്ടോ അവരും മറുപടി നല്‍കാന്‍ തയ്യാറായില്ല. എല്ലാം ചെയ്യാന്‍ ശേഷിയുണ്ടെന്ന് ഹൈക്കോടതിയില്‍ പറയുകയും പിന്നീട് അനങ്ങാപ്പാറ നയം സ്വീകരിക്കുകയും ചെയ്യുന്നത് എന്തിനായിരിക്കും?എന്‍.ഐ.സിയുടേത് വെറും തള്ള് മാത്രമായിരുന്നു എന്നും യഥാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങള്‍ നടത്തിക്കൊടുക്കാനുള്ള ശേഷി അവര്‍ക്കില്ല എന്നും നേരത്തേ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. കേസ് പരിഗണിച്ച ഹൈക്കോടതിയിലെ കമ്പ്യൂട്ടര്‍വത്കരണം തന്നെ ഏറ്റവും വലിയ ഉദാഹരണം. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്ന നടപടികള്‍ എന്‍.ഐ.സി. “വിജയകരമായി” പൂര്‍ത്തീകരിച്ചതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയില്ലെന്നു മുന്നറിയിപ്പു നല്‍കിയ സൂം ആപ്പില്‍ ഹൈക്കോടതിക്ക് സ്പ്രിങ്ക്ളര്‍ കേസടക്കം പരിഗണിച്ച കോവിഡ് കാല സിറ്റിങ് നടത്തേണ്ടി വന്നു.

രാഷ്ട്രീയമായി എതിര്‍ചേരിയിലുള്ള കേരള സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഒരു കേസ് വരുമ്പോള്‍ ഞങ്ങളുടെ വക ഒരു പാര എന്നാല്‍പ്പിന്നെ ഇരിക്കട്ടെ എന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതിയതാണ് ഈ എന്‍.ഐ.സി. തള്ള്. ആ തള്ള് ഇപ്പോള്‍ കാറ്റുപോയ ബലൂണ്‍ പോലായി. കേന്ദ്ര സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കാതെ സ്പ്രിങ്ക്ളറിനെ സ്വീകരിച്ചു എന്ന ആക്ഷേപവുമായി വരുന്ന കേരളത്തിലെ ബി.ജെ.പി. നേതാക്കളോട് പറയാനുള്ളത് -നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സംവിധാനം ഉപയോഗിക്കാനുള്ള സൗകര്യം ദയവായി ഏര്‍പ്പെടുത്തുക. എന്നിട്ട് വിമര്‍ശിക്കുക.

Previous articleട്രഷറിയിലേക്ക് ഒരു യാത്ര
Next articleസുരേന്ദ്രന്‍ എന്താണ് മറയ്ക്കുന്നത്?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here