Reading Time: 5 minutes

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും പ്രിയ സുഹൃത്തുമായ നിസാര്‍ മുഹമ്മദ് സ്പ്രിങ്ക്ളര്‍ ഇടപാടു സംബന്ധിച്ച് ചില ചോദ്യങ്ങള്‍ എന്നോടു ചോദിച്ചു. ആദ്യം മുതല്‍ ഈ വിഷയം പഠിച്ചെഴുതുന്ന ആള്‍ എന്ന നിലയിലാണ് ഈ ചോദ്യങ്ങള്‍ എന്നു ഞാന്‍ കരുതുന്നു. ആ ധാരണയില്‍ തന്നെ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയുകയാണ്. വായനയുടെ സൗകര്യാര്‍ത്ഥം നിസാറിന്റെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയിട്ട് ഉത്തരങ്ങള്‍ അതിനു തൊട്ടുതാഴെ എഴുതിച്ചേര്‍ക്കുക എന്ന രീതിയാണ് പിന്തുടരുന്നത്.

നിയമവകുപ്പ് അറിയാതെയാണ് സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള ഇടപാട് തുടങ്ങിയതെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. ഇനിയെങ്കിലും വി.എസ്.ശ്യാംലാല്‍ സമ്മതിക്കുമോ എന്നറിയില്ല.

=സര്‍ക്കാരിന് സാമ്പത്തികബാദ്ധ്യത ഇല്ലാത്ത കാര്യങ്ങള്‍ നിയമ വകുപ്പിന്റെ പരിശോധനയ്ക്ക് വിടേണ്ട കാര്യമില്ല എന്നാണ് എന്റെ പരിമിതമായ അറിവ്. ഇന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ നിന്ന് ആ ഭാഗം അങ്ങ് ഉദ്ധരിക്കാതെ സൗകര്യപൂര്‍വ്വം ഒഴിവാക്കി. മാത്രവുമല്ല, ലോക്ക്ഡൗണ്‍ നിലവിലുള്ള സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ നിയമവകുപ്പ് പൂര്‍ണ്ണസജ്ജമായി പ്രവര്‍ത്തിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനു പകരം ജനങ്ങള്‍ മരിച്ചുവീഴുന്നതു നോക്കിനില്‍ക്കണമായിരുന്നു എന്നാണോ വാദം? ആരൊക്കെ മരിച്ചിട്ടായിരുന്നാലും കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് തെളിയിച്ചാല്‍ മതിയല്ലോ, അല്ലേ?

സ്പ്രിങ്ക്ളര്‍ കമ്പനിയുടെയും സര്‍ക്കാര്‍ ഇടപാടിന്റെയും സുതാര്യതയെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന ശ്യാംലാലിനോട് രണ്ട് ചോദ്യം ചോദിച്ചോട്ടെ. ദേഷ്യപ്പെടരുത്; അറിവില്ലായ്മ കൊണ്ടാണ്, അക്കാദമിക് താല്പര്യമാണ്.

1. മാര്‍ച്ച് 25-നാണ് സ്പ്രിങ്ക്ളര്‍ വിവര ശേഖരണം തുടങ്ങിയത്. കരാര്‍ ഉണ്ടാക്കിയത് അതിന് ശേഷം; അതായത്, ഏപ്രില്‍ രണ്ടിന്. കരാര്‍ ഉണ്ടാക്കുന്നതിന് മുമ്പ് വിവരങ്ങള്‍ ശേഖരിക്കാന്‍ ആരാണ് കമ്പനിക്ക് അനുമതി നല്‍കിയത്? മുന്‍കാല പ്രാബല്യത്തോടെയുള്ള കരാര്‍ എന്നത് നിയമപരമാണോ? ഏതെങ്കിലും ഒരു കരാര്‍ മുന്‍കാല പ്രാബല്യത്തോടെ നടപടികള്‍ തുടങ്ങിയ കീഴ്‌വഴക്കമുണ്ടോ?

=മാര്‍ച്ച് 25 ആണോ? 3 ദിവസം വെട്ടരുത്. മാര്‍ച്ച് 28നല്ലേ നം. ഡി.സി. 1/71/2020/തസ്വഭവ എന്ന നമ്പരില്‍ ഹോം ഐസൊലേഷനില്‍ ഉള്ളവരുടെ വിവരം ശേഖരിച്ച് https://kerala-field-covid.sprinklr.com/ എന്ന ലിങ്കില്‍ അപ്ലോഡ് ചെയ്യാന്‍ സര്‍ക്കുലര്‍ ഇറങ്ങിയത്? പ്രവര്‍ത്തനം തുടങ്ങിയത് അതിനും ഒരു ദിവസം കഴിഞ്ഞ് മാര്‍ച്ച് 29ന്. കേരളത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരും സ്പ്രിങ്ക്ളറും ധാരണയുണ്ടാക്കിയിരുന്നു. സംസ്ഥാനത്തിന് ഗുണകരമാവുമെന്ന് പൂര്‍ണ്ണ ബോദ്ധ്യം വന്ന നിലയില്‍ കരാറും അന്തിമമാക്കി. അന്തിമ കരാര്‍ ഒപ്പിടുന്നതിന് മുമ്പുള്ള നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് -അന്താരാഷ്ട്ര കരാറാണ് -നാലോ അ‍ഞ്ചോ ദിവസം പാഴാക്കാനാവുമായിരുന്നില്ല. എത്രയും പെട്ടെന്ന് സംവിധാനമേര്‍പ്പെടുത്തുക എന്ന നിലയില്‍ സ്പ്രിങ്ക്ളര്‍ പ്രവര്‍ത്തനം തുടങ്ങാനും കരാര്‍ നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഒപ്പിടാനും പരസ്പര വിശ്വാസത്തില്‍ തീരുമാനിച്ചു. അതു തന്നെയാണ് നടപ്പായത്. മുന്‍കാല പ്രാബല്യത്തോടെയുള്ള കരാര്‍ തുടങ്ങിയവ പോലുള്ള പ്രശ്നങ്ങള്‍ വരുന്നത് ഇതില്‍ സാമ്പത്തികവശം വരുമ്പോഴാണ് എന്നു മനസ്സിലാക്കാനുള്ള ബുദ്ധി ശരിക്കും ഇല്ലാത്തതാണോ മണ്ടനായി അഭിനയിക്കുന്നതോ?

2. ആരോപണം ശക്തമായതിന് ശേഷം ഏപ്രില്‍ 11, 12 തീയതികളിലാണ് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ ഇ-മെയില്‍ ക്ലാരിഫിക്കേഷന്‍ വന്നത്. കമ്പനി ക്ലാരിഫൈ ചെയ്യുന്നതിന് മുമ്പ് ഇതേക്കുറിച്ചൊന്നും സര്‍ക്കാരിന് ധാരണ ഉണ്ടായിരുന്നില്ലേ?

=ഏപ്രില്‍ 2ന് ഏര്‍പ്പെട്ട കരാറില്‍ ഒരു മാറ്റവും ഏപ്രില്‍ 11, 12 തീയതികളില്‍ വന്ന ഇ-മെയിലുകളില്‍ സംഭവിച്ചിട്ടില്ല. കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഒന്നുകൂടി വ്യക്തത വരുത്താന്‍ ചില കാര്യങ്ങള്‍ ആരാഞ്ഞു. അവരത് കൂടുതല്‍ വിശദീകരിച്ചു തന്നു. ആ കത്തുകള്‍ അയച്ചിരിക്കുന്നത് സ്പ്രിങ്ക്ളറിന്റെ അഭിഭാഷകനായ ഡാന്‍ ഹേലിയാണ്. മാത്രമല്ല, അത് അയച്ചിരിക്കുന്നത് ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനാണ്, കേരള സര്‍ക്കാരിനല്ല. ചോദ്യത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ its just a clarification on the already approved terms. And clarification doesnot mean contract itself.

3. ഇ-മെയിലില്‍ അയച്ച ക്ലാരിഫിക്കേഷനില്‍ പറയുന്നു; ഇത് ഒരു നോണ്‍ ലീഗല്‍ ഫോര്‍മാറ്റ് ആണെന്ന്. ഈ പദത്തിന്റെ സാങ്കേതിക വശം എന്താണ്?

=ഈ ചോദ്യത്തിനുത്തരം മുകളില്‍ പറഞ്ഞു. നിയമപരമായ ചട്ടക്കൂടുകള്‍ പാലിക്കാത്ത വിശദീകരണക്കത്തുകള്‍ മാത്രമാണ് ഏപ്രില്‍ 11, 12 തീയതികളില്‍ സ്പ്രിങ്ക്ളര്‍ നല്‍കിയത്. Clarification doesnot mean contract itself. Contract only falls under legal format, not a clarification. സുതാര്യത ഉറപ്പാക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി ആ വിശദീകരണ കത്തുകള്‍ കൂടി സര്‍ക്കാര്‍ പരസ്യമാക്കി.

4. കോവിഡ് കാലം വരെ സ്പ്രിങ്ക്ളറിന്റെ സേവനം സൗജന്യമാണെന്നും അതിനു ശേഷമാണ് സേവനം ആവശ്യമെങ്കിൽ ഫീസ് നൽകേണ്ടതെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞുകഴിഞ്ഞു. നൽകേണ്ടതില്ലെങ്കിലും മാർച്ചു മുതൽ സെപ്റ്റംബർ വരെയുള്ള ഫീസ് വിവരവും കമ്പനി അറിയിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. യഥാര്‍ത്ഥത്തില്‍, കോവിഡ് കാലം കഴിഞ്ഞിട്ടല്ലേ കേരളത്തിന് ഈ ഡേറ്റയുടെ ആവശ്യങ്ങള്‍ കൂടുതലായി ഉണ്ടാവുക. ഭാവി നടപടികള്‍ സജ്ജീകരിക്കുന്നതിന് ഈ വിവരശേഖരണം തീര്‍ച്ചയായും സര്‍ക്കാരിന് ആവശ്യമായി വരും. അങ്ങനെയെങ്കില്‍, ആ സമയത്ത് ഇപ്പോഴത്തേത് ഉൾപ്പെടെയുള്ള ഫീസ് നല്‍കണമെന്ന് സ്പ്രിങ്ക്ളര്‍ ആവശ്യപ്പെടില്ലെന്ന് എന്താണ് ഉറപ്പ്?

=കോവിഡ് കാലം കഴിയുന്നതു വരെ സ്പ്രിങ്ക്ളര്‍ സേവനം സൗജന്യമാണ് എന്നു തന്നെയാണ് ഞാനും തുടക്കം മുതല്‍ പറയുന്നത്. അതായത് ഈ മഹാമാരിക്കെതിരെ പോരാടി ജനങ്ങളെ ചികിത്സിക്കാനും അവരെ സുരക്ഷിതരാക്കാനും സ്പ്രിങ്ക്ളര്‍ നമ്മളെ സഹായിക്കും. സര്‍ക്കാര്‍ ഇപ്പോള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ -അത് സര്‍ക്കാരിനു സ്വന്തമാണ് -പരിശോധിച്ച് ഭാവിയില്‍ ഏതെങ്കിലും പ്രതിരോധ മാതൃക തയ്യാറാക്കുകയോ മറ്റോ ചെയ്തു തരണമെങ്കില്‍ അതിന് കമ്പനിക്ക് പണം കൊടുക്കണം. അത് ജീവന്‍രക്ഷാപ്രവര്‍ത്തനമല്ല. ജീവന്‍ രക്ഷിക്കുക എന്നതാണ് ജീവകാരുണ്യപ്രവര്‍ത്തനം. അതിനു ശേഷമുള്ളതല്ല. ഭാവിയില്‍ അത്തരമൊരു പ്രവര്‍ത്തനത്തിന് സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കുകയാണെങ്കില്‍ ഇപ്പോഴത്തെ ഫീസ് അതില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന് നമുക്ക് മനസ്സിലാകാന്‍ വേണ്ടിയാണ് ഈ ചെയ്യുന്ന ജോലിയുടെ ഫീസ് കൃത്യമായി പറയണം എന്നാവശ്യപ്പെട്ടത്. കരാര്‍ പ്രകാരം ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന് ഫീസ് ആവശ്യപ്പെടാന്‍ അവര്‍ക്ക് കഴിയില്ല. കൊടുക്കാന്‍ നമുക്ക് ബാദ്ധ്യതയുമില്ല.

5. കമ്പനിയുമായുള്ള കരാറിൽ ഒപ്പിട്ടിരിക്കുന്നത് ഒരു വിദേശിയാണെന്നാണ് മനസ്സിലാക്കുന്നത്. മലയാളിയെന്ന് നിങ്ങൾ അവകാശപ്പെടുന്ന സ്ഥാപകൻ ഒപ്പുവെച്ചില്ല?

=എന്തൊരു ചോദ്യമാണിത്! ഒരു കമ്പനിയുടെ കരാറുകള്‍ ഒപ്പിടുന്നത് സ്ഥാപകനോ ഉടമയോ ആവണമെന്നു നിര്‍ബന്ധമുണ്ടോ? അങ്ങനാണെങ്കില്‍ കേരളത്തിനു വേണ്ടി ഈ കരാര്‍ ഒപ്പിടേണ്ടത് പിണറായി വിജയനല്ലേ? അതോ ആരിഫ് മുഹമ്മദ് ഖാനോ? വി.എസ്. സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടത് നിസാര്‍ കണ്ടിരുന്നോ എന്നറിയില്ല. മാതൃഭൂമിക്കു വേണ്ടി അതു റിപ്പോര്‍ട്ട് ചെയ്തത് ഞാനാണ്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരളത്തിനു വേണ്ടി ഒപ്പിട്ടത് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനോ അതോ ചീഫ് സെക്രട്ടറി ലിസ്സി ജേക്കബ്ബോ? അതെന്താ സ്ഥലത്തുണ്ടായിരുന്നിട്ടും വി.എസ്.അച്യുതാനന്ദന്‍ ഒപ്പിടാത്തത്? കാരണം നിയമപരമായി ചീഫ് സെക്രട്ടറി ഒപ്പിടണം. അതുപോലെ സി.ഇ.ഒ. ആയ രാജി തോമസിന് ആയിരിക്കില്ല നിയമപരമായി ആ കമ്പനിയുടെ കരാര്‍ ഒപ്പിടാന്‍ ചുമതലയുണ്ടാവുക.

6. മലയാളിയായ കമ്പനി ഉടമയ്ക്ക് അമേരിക്കൻ പൗരത്വം ഉണ്ടോ?

=1996 മുതല്‍ അമേരിക്കയില്‍ ജീവിക്കുന്ന ഒരു മനുഷ്യന് അമേരിക്കന്‍ പൗരത്വം ഉണ്ടോ? നിങ്ങള്‍ തന്നെ പറയൂ. ഇവിടെ വന്നും പോയുമിരിക്കുന്ന പ്രമുഖരടക്കം എത്രയോ പേര്‍ അമേരിക്കന്‍ പൗരന്മാരാണ്. എന്റെ സഹപാഠികള്‍ തന്നെ എത്രയോ പേര്‍. ഒരുദാഹരണം പറയാം. എന്റെ കൂടെ സ്കൂളില്‍ പഠിച്ച പ്രേം മേനോന്‍ ഇന്ന് അമേരിക്കയിലെ കോളറാഡോയില്‍ മുതിര്‍ന്ന പൊലീസോഫീസറാണ്. എന്നാല്‍, 3-4 വര‍്‍ഷത്തെ ഇടവേളയ്ക്കിടയിലുണ്ടാവുന്ന സ്കൂള്‍ ബാച്ച് ഒത്തുചേരലുകളില്‍ അവന്‍ കൃത്യമായി വരാറുണ്ട്. ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഞാനൊക്കെ ചര്‍ച്ചിക്കുന്നതിനെക്കാളേറെ സജീവമായി കേരളത്തിലെ വിഷയങ്ങള്‍ അമേരിക്കന്‍ പൗരനായ അവന്‍ ചര്‍ച്ച ചെയ്യുന്നു. അവന്‍ അമേരിക്കയെക്കുറിച്ച് വാ തുറക്കുന്നത് ഇടയ്ക്ക് ട്രംപിനെ തെറിവിളിക്കാനായി മാത്രമാണ്. പ്രേമിന്റെ ഉദാഹരണം പറയാന്‍ കാരണം ഇത്രേയുള്ളൂ -ഏതു രാജ്യത്തെ പൗരനായാലും മലയാളി എന്നും മലയാളിയാണ്.

7. ഈ കമ്പനിയുമായുള്ള ഇടപാടിൽ ഏതെങ്കിലും തരത്തിൽ തർക്കം ഉണ്ടായാൽ ഏതു രാജ്യത്തെ നിയമം ആണ് ബാധകമാവുക?

=ഏതു ഘട്ടത്തിലാണ് നമുക്ക് നിയമപോരാട്ടം ആവശ്യമായി വരുന്നത്? ഡാറ്റാ മോഷണം അല്ലെങ്കില്‍ കൈമാറ്റം എന്നൊരു സാഹചര്യം ഉണ്ടാവുമ്പോഴല്ലേ? നിയമപരമായി ജയം നേടാന്‍ സാദ്ധ്യതയുള്ളയിടത്ത് കേസ് പറയണം, എവിടെയാണെങ്കിലും. ഡാറ്റാ ചോര്‍ച്ച എന്ന വിഷയം കൈകാര്യം ചെയ്യാനുള്ള നിയമം ഇന്ത്യയിലുണ്ടോ? ‌2019 ഡിസംബറില്‍ മാത്രമാണ് ഇവിടെ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ല് പാസാക്കിയത്. എന്നാല്‍, അതിന് ചട്ടങ്ങള്‍ ആയിട്ടില്ല. അതിനാല്‍ത്തന്നെ ഒരു കേസ് പോലും കോടതിയില്‍ വന്നിട്ടില്ല. അതുകൊണ്ട് കീഴ്വഴക്കവുമില്ല. എന്നാല്‍, അമേരിക്കയിലും യൂറോപ്പിലും സ്ഥിതി അതല്ല. കര്‍ശനമായ നിയമമുണ്ട്, കേസുകളുണ്ട്, അതിനാല്‍ത്തന്നെ കീഴ്വഴക്കങ്ങളുമുണ്ട്. മാത്രമല്ല അമേരിക്കയിലെ ഒരു കമ്പനി സംബന്ധിച്ച് ഇന്ത്യയിലെ ഒരു കോടതി വിധി ഉണ്ടായാല്‍ത്തന്നെ അതു നടപ്പാക്കിക്കിട്ടുക എളുപ്പമാണോ? എല്ലാ വിദേശ കരാറുകളിലും ആ കമ്പനി നിലനില്‍ക്കുന്ന സ്ഥലം തന്നെ നിയമപരമായ ബാദ്ധ്യത പ്രാവര്‍ത്തികമാക്കാന്‍ തിരഞ്ഞെടുക്കുന്നത് ഇതിനാല്‍ത്തന്നെയാണ്. ഈ കരാറിലും ആ രീതി തന്നെയാണ് അവലംബിച്ചിട്ടുള്ളത്.

മറുപടി സിമ്പിൾ മലയാളത്തിൽ പ്രതീക്ഷിക്കുന്നു. വിദേശ വെബ് സൈറ്റുകളുടെ ലിങ്കും, കടുകട്ടി സാങ്കേതിക പദങ്ങളും ഒഴിവാക്കുമല്ലോ?

=എനിക്ക് കഴിയുന്നത്ര സിമ്പിളാക്കി എഴുതിയിട്ടുണ്ട്. നിസാറിനെപ്പോലെ ഞാനും വെറുമൊരു പത്രപ്രവര്‍ത്തകന്‍ മാത്രമാണെന്ന് അറിയാമല്ലോ. വര്‍ഷങ്ങളായി ഐ.ടി. ബീറ്റ് നോക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഈ മേഖലയില്‍ കുറെയേറെ പേരുമായി ബന്ധങ്ങളുണ്ട്. നിരന്തരം അവരുമായി ആശയവിനിമയം നടത്തുന്നയാള്‍ എന്ന നിലയില്‍ സാങ്കേതികകാര്യങ്ങള്‍ മനസ്സിലാകുകയും ചെയ്യും. അവരോടൊക്കെ ചോദിച്ചാണ് ഓരോ കാര്യങ്ങള്‍ പറയുന്നതും എഴുതുന്നതും. അ ല്ലാതെ ഞാന്‍ പണ്ഡിതനായിട്ടല്ല. ഞാന്‍ മനസ്സിലാക്കുന്നത് അതേ ലാളിത്യത്തോടെ അവതരിപ്പിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ഇവിടെയും അതു തന്നെ ശ്രമിച്ചിട്ടുണ്ട്. അങ്ങ് നിരാശപ്പെടില്ല എന്നു തന്നെയാണ് എന്റെ പ്രതീക്ഷ.

സ്നേഹപൂര്‍വ്വം,

വി.എസ്.ശ്യാംലാല്‍

 

Previous articleകോണ്‍ഗ്രസ്സുകാരുടെ വിവരങ്ങള്‍ വില്പനയ്ക്ക്!
Next articleകൃത്രിമ രേഖയെപ്പറ്റി കൃത്രിമ വാര്‍ത്ത
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here