Reading Time: 4 minutes

1998ലാണ് ആദ്യമായി ഒരു മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുന്നത് -നോക്കിയ 5110. വിദേശ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ഇടനിലക്കാരനില്‍ നിന്ന് സുഹൃത്തായ മോഹനും ഞാനും ഒരുമിച്ചാണ് വാങ്ങുന്നത്. വിദേശത്തു നിന്നെത്തിച്ച ‘മെയ്ഡ് ഇന്‍ ഫിന്‍ലന്‍ഡ്’ മോഡല്‍. ഒരുമിച്ചു വാങ്ങിയതിനാല്‍ ഒരു ഹാന്‍ഡ്‌സെറ്റിന് 50 രൂപ ഡിസ്‌കൗണ്ട്!! അങ്ങനെ ഒരെണ്ണത്തിന് 6,300 രൂപ വില.

Nokia-5110-3
നോക്കിയ 5110

അന്ന് എറിക്‌സണിന്റെയും അല്‍ക്കാട്ടെല്ലിന്റെയും ഇഷ്ടിക വലിപ്പമുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്കിടയിലെ സുന്ദരനായിരുന്നു നോക്കിയ. അതാണോ ആദ്യം മുതല്‍ നോക്കിയയെ പ്രണയിച്ചുതുടങ്ങാന്‍ കാരണമെന്നറിയില്ല. എന്തായാലും നീല ഉടുപ്പിട്ട സുന്ദരന്‍ എന്റെ കൈയില്‍ അലങ്കാരമായി. രാത്രി ടോര്‍ച്ചു പിടിച്ചു പോകുമ്പോലെ പകല്‍ സമയങ്ങളില്‍ ഞാന്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് തലയുയര്‍ത്തി നടന്നു.

പൊലീസുകാരുടെ കൈയിലെ വയര്‍ലെസ് പോലെ ആന്റിനയുള്ള ആ ഉപകരണം ഒരഭിമാനം തന്നെയായിരുന്നു. അന്ന് ഒപ്പം കൂടിയ 9847062789 എന്ന എസ്‌കോടെല്‍ നമ്പര്‍ തന്നെയാണ് ഐഡിയ ആയി രൂപാന്തരം പ്രാപിച്ച് ഇപ്പോഴും കൈയിലുള്ളത്. കൊണ്ടുനടക്കാമെന്നല്ലാതെ കോള്‍ വിളിക്കാനോ സ്വീകരിക്കാനോ ത്രാണി അന്നുണ്ടായിരുന്നില്ല -വളരെ ഉയര്‍ന്ന നിരക്കുകള്‍ തന്നെ കാരണം. ഇന്‍കമിങ് കോളുകള്‍ക്ക് പണം കൊടുക്കേണ്ടി വന്നിരുന്ന ഒരു കാലത്തെക്കുറിച്ച് ഇന്നത്തെ തലമുറയില്‍ എത്രപേര്‍ക്ക് ചിന്തിച്ചു നോക്കാനെങ്കിലുമാവും എന്നറിയില്ല.

no3210_01
നോക്കിയ 3210

മൊബൈല്‍ ഫോണ്‍ പതുക്കെ വ്യാപിച്ചുതുടങ്ങിയതോടെ കോള്‍ നിരക്കുകള്‍ താഴേക്കു വന്നു. അപ്പോഴും ഫോണ്‍വിളിയുടെ പരിധിയിലേക്ക് എനിക്ക് കടന്നു ചെല്ലാനാവും വിധത്തില്‍ നിരക്കുകള്‍ കുറഞ്ഞില്ല. എങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ വിളിക്കുകയോ വിളി സ്വീകരിക്കുകയോ ചെയ്യാം എന്നായി. അതുവരെ പേജറിനു പകരം എസ്.എം.എസ്. അയയ്ക്കുക മാത്രമായിരുന്നു പരിപാടി. എങ്കിലും മൊബൈല്‍ ഫോണ്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആയി കൈയില്‍ വിരാജിച്ചു.

പുതിയ ഹാന്‍ഡ്‌സെറ്റ് മോഡലുകള്‍ നോക്കിയ പുറത്തിറക്കിക്കൊണ്ടിരുന്നു. ക്രമേണ ഫോണിലെ ആന്റിന അപ്രത്യക്ഷനായി. രൂപകല്പനയില്‍ വലിയ മാറ്റവുമായാണ് 3210 എന്ന മോഡല്‍ വന്നത്. കണ്ടാല്‍ ആര്‍ക്കും ഒന്നെടുത്ത് താലോലിക്കാന്‍ തോന്നിക്കുന്ന മോഡല്‍. പക്ഷേ, അപ്പോഴൊന്നും പുതിയതൊരെണ്ണം സ്വന്തമാക്കണമെന്ന മോഹമുണ്ടായില്ല.

Nokias-3310
നോക്കിയ 3310

എന്നാല്‍, ശരിക്കും ‘കിടിലം’ എന്നു പറയാവുന്ന ഫോണ്‍ വരുന്നതിന്റെ മുന്നോടിയായിരുന്നു 3210 എന്ന് ആരും അറിഞ്ഞില്ല. ഒടുവില്‍ അവനെത്തി -നോക്കിയ 3310. 2000ന്റെ അവസാന ഘട്ടത്തിലായിരുന്നു എന്നോര്‍ക്കുന്നു. കൈയിലിരിക്കുന്ന ഫോണ്‍ മാറി പുതിയത് സ്വന്തമാക്കണമെന്ന് ആദ്യമായി മോഹം തോന്നിയ നിമിഷം. അതു സാദ്ധ്യമാക്കുക തന്നെ ചെയ്തു -2001 പകുതിയോടെ. 7,900 രൂപയായിരുന്നു വില.

കൈയില്‍ ടോര്‍ച്ച് പോലെ മൊബൈല്‍ ഫോണ്‍ പിടിച്ചു നടക്കുന്ന യുഗത്തിന് നോക്കിയ 3310 അന്ത്യം കുറിച്ചു എന്നു വേണമെങ്കില്‍ പറയാം. ഏതു ചെറിയ കീശയിലും ഒതുങ്ങുന്ന സുന്ദരന്‍. ഒരു മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്റെ പ്രധാന നേട്ടമായി ഇപ്പോള്‍ എല്ലാവരും ചൂണ്ടിക്കാട്ടുന്ന ബാറ്ററി ബാക്കപ്പ് ആദ്യമായി ചര്‍ച്ചയിലെത്തിച്ചത് 3310 ആണ്. ഒരിക്കല്‍ ചാര്‍ജ്ജ് ചെയ്താല്‍ പിന്നെ 5 ദിവസത്തേക്ക് ചാര്‍ജ്ജര്‍ തിരിഞ്ഞു നോക്കേണ്ടതില്ല.

n3310.jpg

3310 വന്‍ വിജയമായതോടെ പുതിയ മോഡലുകളുടെ കുത്തൊഴുക്ക് തന്നെ നോക്കിയയില്‍ നിന്നുണ്ടായി. കൂടുതല്‍ സൗന്ദര്യമുള്ള, വലിപ്പം കുറഞ്ഞ, മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന മോഡലുകള്‍. പക്ഷേ, 3310 ഏറെക്കാലം ഒപ്പം തുടര്‍ന്നു. ഒടുവില്‍ സിംബിയന്‍ ഫോണുകളുടെ വരവോടെയാണ് 3310നോട് വിട പറഞ്ഞത്.

ഇപ്പോള്‍ 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നോക്കിയ 3310 തിരികെ വരികയാണ്. ബാഴ്‌സലോണയില്‍ അടുത്തിടെ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ വേറെന്തിനെക്കാളും ശ്രദ്ധ നേടിയത് ഈ തിരിച്ചുവരവാണ്. പക്ഷേ, യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ചാല്‍ ഈ തിരിച്ചുവരവില്‍ വലിയ ആഘോഷത്തിനു വകയുണ്ടോ? തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ട കാര്യമാണിത്. ആശയദാരിദ്ര്യം നേരിടുമ്പോള്‍ പഴയ സിനിമകള്‍ റീമേക്ക് ചെയ്ത് അവതരിപ്പിക്കാറുണ്ട്. അതുപോലെയാണോ നോക്കിയ 3310 വീണ്ടും അവതരിക്കുന്നത്?

Snake.png.jpg

ജീവിതം സ്മാര്‍ട്ട്‌ഫോണുകള്‍ പോലെ വളരെ സങ്കീര്‍ണ്ണമായതിനാല്‍ ലളിതമായ പഴയ വഴികളിലേക്കുള്ള തിരിച്ചുപോക്കിനു തുടക്കമാണോ നോക്കിയ 3310? അനുദിനം സാങ്കേതികവിദ്യ വളര്‍ന്നുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ വെല്ലുവിളിച്ച് 16 വര്‍ഷം പഴക്കമുള്ള ടെക്‌നോളജിയുമായി വരുന്ന ഫീച്ചര്‍ ഫോണിനു പിന്നാലെ എല്ലാവരും പായുന്നുണ്ടെങ്കില്‍ അതിനു തീര്‍ച്ചയായും ഒരു കാരണമില്ലേ?

പുതിയ നോക്കിയ 3310 ഫോണിന് ഒരു പ്രത്യേകതയുമില്ല. എന്റെ കൈയില്‍ ഇപ്പോഴുമുണ്ട് നോക്കിയ ഫോണ്‍ -നോക്കിയ 105. നായയെ എറിയാന്‍ ഉപയോഗിച്ചാലും ഒരു കുഴപ്പവും പറ്റില്ല. സംസാരിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കും. അന്യായ ബാറ്ററി ബായ്ക്കപ്പ്. ഒരിക്കല്‍ ചാര്‍ജ്ജു ചെയ്താല്‍ എത്ര സംസാരിച്ചാലും കുറഞ്ഞത് 3 ദിവസത്തേക്ക് ചാര്‍ജ്ജറിനെ തിരിഞ്ഞുനോക്കില്ല. 3 കമ്പനികള്‍ പല ഘട്ടങ്ങളിലായി വിപണിയിലിറക്കിയ അപൂര്‍വ്വ നിര്‍മ്മിതി. ആദ്യം സാക്ഷാല്‍ നോക്കിയ. പിന്നീട് നോക്കിയയെ ഏറ്റെടുത്ത മൈക്രോസോഫ്റ്റ്. ഇപ്പോള്‍ നോക്കിയ എന്ന ബ്രാന്‍ഡ് നെയിമിന്റെ അവകാശികളായ എച്ച്.എം.ഡി. ഗ്ലോബല്‍. 1,250 രൂപ നല്‍കി വാങ്ങിയ ഈ ഫോണിലുള്ളതു മാത്രമേ നോക്കിയ 3310 വാഗ്ദാനം ചെയ്യുന്നുള്ളൂ. അപ്പോള്‍പ്പിന്നെ നോക്കിയ 205 എന്ന പേരിലോ മറ്റോ പുതിയ ഫോണ്‍ ഇറക്കിക്കൂടായിരുന്നോ? എങ്കില്‍പ്പിന്നെ ഈ ചര്‍ച്ചകളൊന്നും നടക്കില്ലല്ലോ. അവിടെയാണ് 3310 എന്ന പേരിന്റെ വിപണിമൂല്യം!!!

3310 back.jpg

പണ്ടത്തേതു പോലെ കാണാന്‍ നല്ല ഭംഗിയുണ്ട് പുതിയ നോക്കിയ 3310നും. കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട് എന്നും പറയാം. ആകര്‍ഷകമായ ചുവപ്പ്, മഞ്ഞ നിറങ്ങളുമുണ്ട്. ഏതാണ്ട് 3,500 രൂപ ഇന്ത്യന്‍ വിപണിയില്‍ വില പ്രതീക്ഷിക്കാം. പുതിയ ഫോണിന്റെ ഡിസ്‌പ്ലേ കളറായി എന്നതാണ് പഴയതുമായിട്ടുള്ള വ്യത്യാസങ്ങളിലൊന്ന്. 2.4 ഇഞ്ച് ഡിസ്‌പ്ലേ പഴയതില്‍ നിന്നു വലുതാണ്. എല്ലാവരുടെയും പ്രിയപ്പെട്ട പഴയ പാമ്പ് കളി ഇനി വലിയ സ്‌ക്രീനില്‍ കളറില്‍ കളിക്കാം.

മൊബൈല്‍ ഫോണില്‍ ക്യാമറ വരുന്നതിനു മുമ്പുള്ള യുഗത്തിലേതാണ് പഴയ നോക്കിയ 3310. എന്നാല്‍, ഇപ്പോള്‍ ക്യാമറ യുഗമാണ്. അതിനാല്‍ പുതിയ 3310ല്‍ ക്യാമറയുണ്ട് -2 മെഗാപിക്‌സല്‍ മാത്രം. എല്‍.ഇ.ഡി. ഫ്‌ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമറ ഫോണ്‍ എന്നു പറയാം, അത്രമാത്രം. ഏറ്റവും പ്രധാനം ബാറ്ററി തന്നെ. ‘ഫോണിന്റെ ചാര്‍ജ്ജര്‍ കൈയിലെടുക്കാതെ നിങ്ങള്‍ക്ക് വീട്ടില്‍ നിന്നിറങ്ങാം’ എന്നാണ് എച്ച്.എം.ഡി. മുന്നോട്ടുവെയ്ക്കുന്ന പരസ്യവാചകം തന്നെ. ഒറ്റ ചാര്‍ജ്ജിന് 22 മണിക്കൂറാണ് ടോക്ക്‌ടൈം. വെറുതെ വെച്ചിരുന്നാല്‍ 1 മാസത്തോളം ബാറ്ററി നില്‍ക്കും.

n 70 1
നോക്കിയ എന്‍ 70

നോക്കിയയുടെ ഏറ്റവും മൂല്യമുള്ള മോഡലായിരുന്നു ‘മെയ്ഡ് ഇന്‍ ഫിന്‍ലന്‍ഡ്’. ലോകത്തെ ഏറ്റവും മികച്ച മൊബൈല്‍ ഫോണുകള്‍ ഒരുകാലത്ത് വന്നിരുന്നത് ഫിന്‍ലന്‍ഡില്‍ നിന്നായിരുന്നു. ഫിന്‍ലന്‍ഡിനെക്കുറിച്ചുള്ള ആ വിശ്വാസം ശരിയാണു താനും.

2006ല്‍ കൈയില്‍ വന്ന ഫിന്‍ലന്‍ഡ് നിര്‍മ്മിത നോക്കിയ എന്‍ 70 മ്യൂസിക് എഡിഷന്‍ ഫോണ്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷവും ഇപ്പോഴും ഭദ്രമായി കൈയിലുണ്ട്, പൂര്‍ണ്ണ പ്രവര്‍ത്തനക്ഷമതയോടെ. നോക്കിയ പുറത്തിറക്കിയ ആദ്യ 3ജി ഫോണായിരുന്നു ഇതെന്നാണ് ഓര്‍മ്മ.

n 70 2.jpeg

പുതിയ നോക്കിയ 3310നെ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് -ഫിന്‍ലന്‍ഡിലെ സാലോയിലെ മിടുക്കന്മാരല്ല ഇതു സൃഷ്ടിച്ചത്. കാരണം അവരൊക്കെ നോക്കിയ പ്രതിസന്ധി കാലത്ത് പിരിച്ചുവിടപ്പെട്ടു. നോക്കിയയുടെ മുന്‍ സി.ഇ.ഒ. യോര്‍മ യാക്കോ ഒല്ലില പരിപോഷിപ്പിച്ച പാരമ്പര്യമേന്മ പുതിയ ഫോണിന് അവകാശപ്പെടാനില്ല എന്നര്‍ത്ഥം.nokia-logo.jpg

തിരിച്ചുവരുന്നത് നോക്കിയ ലോഗോ മാത്രമാണ്. പക്ഷേ, ആ ലോഗോയെ ഇപ്പോഴും പ്രണയിക്കുന്നവരുണ്ട്. ആ പ്രണയം ഉറച്ചതാണ്. ഞാനും അക്കൂട്ടത്തിലൊരുവനാണ്. 3310 ആവേശം വിതറുന്നതിനു കാരണവും മറ്റൊന്നല്ല.

Previous articleഎട്ടാം ക്ലാസ്സില്‍ തോറ്റ മിടുമിടുക്കന്‍!!!
Next articleതോക്ക് സ്വാമിക്ക് പറ്റിയ അമളി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

4 COMMENTS

Leave a Reply to Mohan Nair Cancel reply

Please enter your comment!
Please enter your name here