ഇപ്പോള്‍ നിലവിലുള്ള 500, 1,000 രൂപ നോട്ടുകളുടെ ഉപയോഗം തടയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അത് ഞാനടക്കമുള്ള സാധാരണക്കാര്‍ക്ക് വളരെ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, ഒരു സാമൂഹികജീവിയെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ വേണ്ടിയാണെങ്കില്‍ കുറച്ചു ദിവസത്തേക്കുള്ള ഈ ബുദ്ധിമുട്ട് സഹിക്കാന്‍ തയ്യാറാണ് എന്നാണ് എന്റെ പക്ഷം. ഈ നടപടിക്കു പിന്നിലെ രാഷ്ട്രീയതാല്പര്യവും, നടപ്പാക്കിയ രീതിയിലെ പോരായ്മയുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത്തരം ചര്‍ച്ചകള്‍ ഉണ്ടാവുക തന്നെ വേണം. പിശകുകള്‍ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു പരിഹരിച്ചു മുന്നോട്ടു പോകാന്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉപകാരപ്പെടും.

സാമ്പത്തിക രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച നടപടിയെ പിന്തുണയ്ക്കുന്ന ഒരാളാണ് ഞാന്‍. ആ പിന്തുണ വ്യക്തമാക്കിക്കൊണ്ട് കാര്യകാരണ സഹിതം ഞാനൊരു കുറിപ്പ് എഴുതുകയും ചെയ്തു. ആ കുറിപ്പിനു താഴെ എതിര്‍ പ്രതികരണത്തിന് വലുതായി ആരും തയ്യാറായില്ലെങ്കിലും ചിലരൊക്കെ എന്റെ വാട്ട്‌സാപ്പിലും ഫേസ്ബുക്ക് ഇന്‍ബോക്‌സിലും വിയോജിപ്പ് രൂക്ഷമായ ഭാഷയില്‍ തന്നെ രേഖപ്പെടുത്തി. എന്നോട് യോജിക്കാന്‍ എന്ന പോലെ വിയോജിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട് എന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, ചിലരുടെയെങ്കിലും വിമര്‍ശനം വളരെ ബാലിശമായിരുന്നു. നരേന്ദ്ര മോദി എന്നാല്‍ ‘തെറ്റിന്റെ പര്യായം’ എന്നാണ് അര്‍ത്ഥം എന്ന നിലയിലാണ് അവരുടെ പ്രതികരണങ്ങള്‍. മോദിയുടെ പല നയങ്ങളോടും നിലപാടുകളോടും എനിക്കും വിയോജിപ്പുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ ചില നടപടികളോട് യോജിപ്പുമുണ്ട്. വിയോജിപ്പുള്ള കാര്യങ്ങളില്‍ വിയോജിക്കുകയും യോജിപ്പുള്ള കാര്യങ്ങളില്‍ യോജിക്കുകയും ചെയ്യുന്നതാണ് എന്റെ രീതി. വ്യക്തിനിഷ്ഠമായ എതിര്‍പ്പിന് ഞാനില്ല, അതിന്റെ ആവശ്യവുമില്ല.

500 NEW.jpg

ഇത്രയും ആമുഖമായി പറയാന്‍ കാരണമുണ്ട്. നരേന്ദ്ര മോദി നടപ്പാക്കിയ പരിപാടിയാണെങ്കില്‍ അതില്‍ പിശകുണ്ടാവും എന്നുറപ്പാണ് ചിലര്‍ക്ക്. അതിന്റെ ഭാഗമായി അവര്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ നിര്‍ണ്ണായകമായ, ആര്‍ക്കും ബോദ്ധ്യപ്പെടുന്ന പിശക് കണ്ടെത്തി. ആ പിശകിന്റെ തെളിവുകള്‍ കൊണ്ട് എന്റെ ഇന്‍ബോക്‌സ് നിറഞ്ഞിരിക്കുന്നു. പിശക് സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ ലിങ്കുകളുമുണ്ട്. പിശക് ഇതാണ് -പുതിയ 2,000 രൂപ നോട്ടില്‍ ഗുരുതരമായ തെറ്റ് കടന്നു കൂടിയിരിക്കുന്നു. രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന വിവിധ ഭാഷകളില്‍ 2,000 രൂപ എന്ന മൂല്യം എഴുതിയിടത്താണ് പിശക്. അക്ഷരപ്പിശക് അഥവാ അച്ചടിപ്പിശക്! സംഭവം വളരെ ഗൗരമേറിയതാണ്. പക്ഷേ, ഇത് ശരിയോ തെറ്റോ എന്നു വിലയിരുത്തണ്ടേ? അതിനാര്‍ക്കാണ് സമയം? ആര്‍ക്കാണ് താല്പര്യം?

1000 NEW.jpg

രാജ്യത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 22 ഭാഷകളാണുള്ളത്. ഇവയെ ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ 4 ഭാഷകള്‍ 2003ലെ ഭരണഘടനാ ഭേദഗതിയിലൂടെ കടന്നു വന്നവയാണ്. ഭാഷകളും അവ ഉപയോഗിക്കപ്പെടുന്ന പ്രദേശങ്ങളും ഇങ്ങനെ.

* അസമീസ് -അസം, അരുണാചല്‍ പ്രദേശ്

* ബംഗാളി -പശ്ചിമ ബംഗാള്‍, ത്രിപുര, അസം, അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഝാര്‍ഖണ്ഡ്

* ബോഡോ -അസം

* ഡോഗ്രി -ജമ്മു കശ്മീര്‍, പഞ്ചാബ്

* ഗുജറാത്തി -ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു, ഗുജറാത്ത്

* ഹിന്ദി -അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ബിഹാര്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാണ, ഉത്തര്‍ പ്രദേശ്, ഉത്തരഖണ്ഡ്

* കന്നഡ -കര്‍ണ്ണാടകം

* കശ്മീരി -ജമ്മു കശ്മീര്‍

* കൊങ്ങിണി -മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടകം, കേരളം

* മൈഥിലി -ബിഹാര്‍, ഝാര്‍ഖണ്ഡ്

* മലയാളം -കേരളം, ലക്ഷദ്വീപ്, പുതുച്ചേരി

* മണിപുരി -മണിപുര്‍

* മറാഠി -മഹാരാഷ്ട്ര, ഗോവ, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു

* നേപ്പാളി -സിക്കിം, ഡാര്‍ജീലിങ്

* ഒഡിയ -ഒഡിഷ, ഝാര്‍ഖണ്ഡ്

* പഞ്ചാബി -ചണ്ഡിഗഢ്, ഡല്‍ഹി, ഹരിയാണ, ഹിമാചല്‍ പ്രദേശ്, ജമ്മു, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരഖണ്ഡ്

* സംസ്‌കൃതം -ഉത്തരഖണ്ഡ്

* സന്തലി -ബിഹാര്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡിഷ

* സിന്ധി -സിന്ധ് (ഇപ്പോള്‍ പാകിസ്താനില്‍)

* തമിഴ് -തമിഴ്‌നാട്, അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി

* തെലുങ്ക് -ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി, അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍

* ഉര്‍ദു -ജമ്മു കശ്മീര്‍, തെലങ്കാന, ഡല്‍ഹി, ബിഹാര്‍, ഉത്തര്‍ പ്രദേശ്

ഇന്ത്യയില്‍ രൂപ നോട്ട് അച്ചടിക്കുമ്പോള്‍ ഇവിടത്തെ അംഗീകൃത ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തണം എന്നത് സാമാന്യയുക്തിയാണ്. എന്നാല്‍, സാധാരണനിലയില്‍ ഹിന്ദിയും ഇംഗ്ലീഷുമടക്കം ഏറ്റവും പ്രചാരമുള്ള 17 ഭാഷകളില്‍ കറന്‍സി മൂല്യം രേഖപ്പെടുത്തുന്ന പതിവാണ് റിസര്‍വ് ബാങ്ക് പിന്തുടരുന്നത്. 5 രൂപ മുതല്‍ മുകളിലേക്കുള്ള എല്ലാ നോട്ടുകളിലും ഇതു തന്നെയാണ് സ്ഥിതി. അതു പ്രകാരം ഇപ്പോള്‍ പുതിയതായി പുറത്തിറക്കിയ 2,000 രൂപ നോട്ടിലും രേഖപ്പെടുത്തിയിട്ടുണ്ടാവണം. അതില്‍ പിശക് സംഭവിച്ചു എന്നാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

0005

0010

0020

0050

0100

നോട്ടിന്റെ പിന്‍ഭാഗത്തായി പെട്ടിയില്‍ വിവിധ ഭാഷകളില്‍ മൂല്യം നല്‍കിയിട്ടുള്ളതില്‍ ആറാമതായും എട്ടാമതായും നല്‍കിയിരിക്കുന്നത് പിശകാണെന്നാണ് മിടുക്കന്മാരുടെ കണ്ടെത്തല്‍. ‘ദോന്‍ ഹസാര്‍ രുപയാ’ എന്നാണ് ആറാമതായി നല്‍കിയിരിക്കുന്നത്. ഇത് ഹിന്ദിയാണെന്നും ശരിക്കും വരേണ്ടത് ‘ദൊ ഹസാര്‍ രുപയെ’ എന്നാണെന്നുമാണ് വാദം. ഇതുപോലെ എട്ടാമതായി നല്‍കിയിരിക്കുന്ന ‘ദോന്‍ ഹസാര്‍ രുപയെ’ എന്നുള്ളത് ഹിന്ദിയിലെ തന്നെ മറ്റൊരു വകഭേദമാണെന്നും അതു തന്നെ തെറ്റാണെന്നും വാദിക്കുന്നു. ഗുരുതരമായ ഈ പിശകുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള പ്രഖ്യാപനമായിരിക്കും മോദി സര്‍ക്കാരില്‍ നിന്ന് അടുത്തതായി ഉണ്ടാവുക എന്ന പ്രവചനവുമുണ്ട്.

0500

1000

ഈ ആക്ഷേപങ്ങള്‍ ശരിയാണെന്ന് പലരും ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ഇതു സംബന്ധിച്ച സന്ദേശങ്ങള്‍ വര്‍ദ്ധിച്ച ആവേശത്തോടെ കൈമാറുകയും ചെയ്യുന്നുണ്ട്. ഈ സന്ദേശങ്ങള്‍ ചിലരിലെങ്കിലും ആശങ്കയ്ക്ക് കാരണമായിട്ടുമുണ്ട്. വീണ്ടുമൊരിക്കല്‍ കൂടി ബാങ്കില്‍ പോയി കാത്തുകെട്ടിക്കിടക്കുക എന്നത് അചിന്ത്യം. എന്നാല്‍, ഇതാണോ സത്യം? പരിശോധിക്കുക തന്നെ വേണം. രൂപ നോട്ടിന്റെ മുഖത്തും പിന്നിലുമായി പ്രധാന ഭാഗങ്ങളില്‍ മൂല്യം ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തും. ബാക്കി 15 ഭാഷകളില്‍ മൂല്യം നോട്ടിന്റെ പിന്‍ഭാഗത്ത് ഒരു പെട്ടിക്കുള്ളില്‍ നല്‍കുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ രീതി. ഭാഷാന്തരം ചെയ്യപ്പെട്ട മൂല്യം നോട്ടുകളില്‍ അച്ചടിക്കുന്നത് ഈ ക്രമത്തിലാണ്.

lang

* അസമീസ്
* ബംഗാളി
* ഗുജറാത്തി
* കന്നഡ
* കശ്മീരി
* കൊങ്ങിണി
* മലയാളം
* മറാഠി
* നേപ്പാളി
* ഒഡിയ
* പഞ്ചാബി
* സംസ്‌കൃതം
* തമിഴ്
* തെലുങ്ക്
* ഉര്‍ദു

എട്ടാമത്തെ ഷെഡ്യൂളില്‍ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ഭാഷകളാണിവ. ഷെഡ്യൂളില്‍ പില്‍ക്കാലത്ത് വരുത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ രൂപയില്‍ വരുത്തിയിട്ടില്ല. 2,000 രൂപ നോട്ടിലും ഇതേ ക്രമം തന്നെയാണ് റിസര്‍വ് ബാങ്ക് പിന്തുടര്‍ന്നിരിക്കുന്നത്. ‘ദോന്‍ ഹസാര്‍ രുപയാ’ എന്നത് കൊങ്ങിണി ആണ്. ‘ദോന്‍ ഹസാര്‍ രുപയെ’ എന്നത് മറാഠിയും. ഇത്, തിരുവനന്തപുരത്തു താമസിക്കുന്ന ഒരു കൊങ്ങിണി സുഹൃത്തിനോടും മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഒരു സഹപാഠിയോടും ചോദിച്ചു ബോദ്ധ്യപ്പെട്ടു. കൊങ്ങിണിയും മറാഠിയും എഴുതാന്‍ ഉപയോഗിക്കുന്നത് ദേവനാഗരി ലിപിയാണ്. ഹിന്ദി എഴുതാന്‍ ഉപയോഗിക്കുന്ന അതേ ലിപി തന്നെ. കൊങ്ങിണിയിലെയും മറാഠിയിലെയും തെറ്റു കണ്ടു പിടിച്ചവര്‍ ദേവനാഗരി ലിപി തന്നെ ഉപയോഗിക്കുന്ന സംസ്‌കൃതത്തെ വിട്ടുകളഞ്ഞതെന്ത് എന്ന സംശയം അവശേഷിക്കുന്നു.

2000 compare.jpg

കൊങ്ങിണിയിലും മറാഠിയിലുമുള്ള മൂല്യം ഹിന്ദിയിലെ തെറ്റാണെന്ന് വാദിക്കുന്നവര്‍ ഹിന്ദിയിലെ മൂല്യം പെട്ടിക്കു പുറത്ത് ചരിച്ച് എഴുതിയിരിക്കുന്നത് കണ്ടില്ലേ? കശ്മീരിയും ഉര്‍ദുവും അറബിയാണെന്നുകൂടി പറഞ്ഞാല്‍ തികഞ്ഞു. വിവരക്കേട് പടച്ചുവിടും മുമ്പ് ഇതുവരെയുള്ള നോട്ടുകളില്‍ എങ്ങനെ വന്നിരിക്കുന്നു എന്നെങ്കിലും പരിശോധിക്കാമായിരുന്നു. ഒരു വിഷയത്തിന്റെ പല വശങ്ങള്‍ മനസ്സിലാക്കാന്‍ പ്രയോജനപ്പെടുമെന്ന നിലയില്‍ വിമര്‍ശനം നല്ലതാണ്. എന്നാല്‍, വിമര്‍ശനത്തിനു വേണ്ടിയുള്ള വിമര്‍ശനമാവുമ്പോള്‍, ആ വിമര്‍ശനം കളവാകുമ്പോള്‍, വിമര്‍ശകര്‍ അപഹാസ്യരാവുന്നു.

2000_rupees_note_correction.jpg

ഇത് അക്ഷരപ്പിശകല്ല!
അക്ഷരാര്‍ത്ഥത്തില്‍ അക്ഷരപ്പിശാചാണ്!!

FOLLOW
 •  
  438
  Shares
 • 401
 • 19
 •  
 • 18
 •  
 •