കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് ബി.ജെ.പിക്കാര്‍ക്ക് ഇപ്പോള്‍ വല്ലാത്ത സ്നേഹമാണ്. ഈ സ്നേഹം കണ്ട് കുറെ ക്രൈസ്തവ പ്രമാണിമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നിട്ടുമുണ്ട്. എന്നാല്‍, കേരളത്തില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ ക്രൈസ്തവര്‍ക്കു മുന്നില്‍ പ്രകടമാക്കുന്നത് മുഖംമൂടി മാത്രമാണെന്ന് അവര്‍ അറിയുന്നില്ല.

ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ നാലു കന്യാസ്ത്രീകള്‍ക്കു നേരെ ഹിന്ദുത്വ തീവ്രവാദികള്‍ കഴിഞ്ഞ ദിവസം നടത്തിയ കൈയേറ്റം ചിലരുടെയെങ്കിലും കണ്ണു തുറപ്പിച്ചിട്ടുണ്ട് എന്നു തന്നെയാണ് വിശ്വാസം. അതാണ് പരിവാറിന്റെ യഥാര്‍ത്ഥ മുഖം.

തി​രു​ഹൃദ​യ സംന്യാ​സി​നി സ​മൂ​ഹ​ത്തിന്റെ ഡ​ൽ​ഹി പ്രൊ​വി​ൻ​സി​ലെ നാ​ലു കന്യാസ്‌ത്രീകള്‍ക്കുനേരെ മാ​ർ​ച്ച് 19നാണ് ആക്രമണമുണ്ടായത്. ഒഡിഷക്കാരായ ര​ണ്ടു യു​വകന്യാസ്‌ത്രീകളെ വീ​ട്ടി​ലെ​ത്തി​ക്കാ​നാണ് മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മ​റ്റു ര​ണ്ടുപേർ കൂ​ടെ പോ​യ​ത്. ഇവരിൽ രണ്ടുപേർ സാ​ധാ​ര​ണ വേഷത്തി​ലായിരുന്നു.

ഝാൻ​സിയി​ൽ ട്രെയിൻ എ​ത്തി​യ​പ്പോ​ൾ മ​തം​മാ​റ്റാ​ൻ ര​ണ്ടു പെൺകുട്ടികളെ കൊ​ണ്ടുപോ​കു​ന്നതായി ആ​രോ​പി​ച്ച്‌ ഒ​രു​ കൂട്ടം ബജ്‌രംഗ്‌ദൾ പ്ര​വ​ർ​ത്ത​ക​ർ ബഹളമുണ്ടാക്കി. അവര്‍ വിളിച്ചുവരുത്തിയ പൊ​ലീ​സ് കന്യാസ്‌ത്രീകളോട്‌ ട്രെയിനില്‍ നിന്നു പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വനിതാ പൊലീ​സ് ഇ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്ത കന്യാസ്‌ത്രീകളെ ബ​ലം​പ്ര​യോ​ഗി​ച്ച് പു​റ​ത്തി​റ​ക്കി. ആ​ധാ​ർ ഉ​ൾ​പ്പെ​ടെ​ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളെ​ല്ലാം കാ​ണി​ച്ചെ​ങ്കി​ലും യോഗി ആദിത്യനാഥിന്റെ പൊ​ലീ​സും അവരോടു വളരെ മോ​ശ​മാ​യാണ് പെരുമാറിയത്.

ട്രെയിനില്‍ നിന്നിറക്കിയ ഈ കന്യാസ്ത്രീകളെ ആര്‍പ്പുവിളികളോടെ പിന്നീട് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. മ​തം​മാ​റ്റ നി​രോ​ധ​ന നി​യ​മം ഉപയോഗിച്ച്‌ കേസില്‍ കുടുക്കാനും നീക്കമുണ്ടായി. ഡൽഹിയിൽനിന്ന്‌ അഭിഭാഷകർ ഉ​ന്ന​ത പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട്ടാ​ണ് കന്യാസ്‌ത്രീകളെ മോചിപ്പിച്ചത്‌. രാ​ത്രി 11ഓടെയാണ്‌ ഇവര്‍ക്ക് സ്റ്റേ​​ഷൻ വി​ടാ​നായത്. പിന്നീട് ‌സഭാവേഷം ഉപേക്ഷിച്ച ശേഷം സാധാരണ വേഷം ധരിച്ചാണ്‌ അവര്‍ യാത്ര തുടർന്നത്‌.

പറയുന്നതിനെക്കാള്‍ ഭീകരമാണ് യഥാര്‍ത്ഥത്തിലുള്ള അനുഭവം. അത് അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ. ആ സംഭവത്തിന്റെ വീഡിയോ കാണേണ്ടതാണ്. ബി.ജെ.പി. എന്താണെന്ന് ശരിക്കു മനസ്സിലാക്കാന്‍ ഇതുപകരിക്കും. എത്ര ഭീകരമായാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും മനസ്സിലാകും.

കേരളത്തിലെ ക്രൈസ്തവര്‍ അറിയുന്നില്ല ഹിന്ദുത്വ തീവ്രവാദം മറച്ചുപിടിച്ച് ബി.ജെ.പി. അവരോട് സ്നേഹം അഭിനയിക്കുന്നത് വോട്ടിനു വേണ്ടി മാത്രമാണെന്ന്! തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇവിടെയും അവര്‍ തനിനിറം പുറത്തെടുക്കുക തന്നെ ചെയ്യും. കുറുക്കന്‍ നീലച്ചായത്തില്‍ മുങ്ങിയാലും ഓരിയിടാന്‍ മറക്കില്ലല്ലോ!!

മതനിരപേക്ഷ പക്ഷത്ത് ഉറച്ചുനില്‍ക്കുക. സ്വയം സുരക്ഷിതരാവുക. എല്ലാ ജാതിമതസ്ഥരും സുരക്ഷിതരായി സഹവസിക്കുന്ന ഏക സ്ഥലം കേരളമാണെന്നു മറക്കരുത്. ഇവിടെ വിഷം കലക്കാന്‍ കൂട്ടുനില്‍ക്കാതിരിക്കുക.

സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.

 •  
  707
  Shares
 • 676
 • 13
 •  
 • 18
 •  
 •  
 •  
Previous articleനമ്മള്‍ ചെയ്തത് ശരിയാണ്
Next articleകാലത്തിന്റെ കാവ്യനീതി
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.