ഓഖി ദുരിതാശ്വാസനിധിയില്‍ വന്‍ തിരിമറി; കേന്ദ്ര നല്‍കിയതില്‍ 22.46 കോടി ആവിയായി; മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയുടെ കണക്കുകള്‍ തെറ്റ്; 111.7 കോടി അനുവദിച്ചെന്ന് പറയുമ്പോള്‍ 134.16 കോടി ലഭിച്ചതായി രേഖകള്‍; ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകളില്‍ അട്ടിമറി നടന്നുവെന്ന പ്രതിപക്ഷത്തിന്റെയും ലത്തീന്‍ അതിരൂപതയുടെയും ആരോപണങ്ങള്‍ ശരിവെയ്ക്കുന്നു; കേന്ദ്രത്തിന്റെ കോടികള്‍ സര്‍ക്കാരിന്റെ കണക്കില്‍ അപ്രത്യക്ഷമായി; മത്സ്യത്തൊഴിലാളികളുടെ പാത്രത്തില്‍ പിണറായി സര്‍ക്കാര്‍ കൈയിട്ട് വാരിയോ?

ഒരു സംഘബന്ധു വാട്ട്‌സാപ്പില്‍ ആവേശപൂര്‍വ്വം ഫോര്‍വേര്‍ഡിയതാണ്. ഒരു കുപ്രസിദ്ധ ഓണ്‍ലൈന്‍ മഞ്ഞയില്‍ വന്ന വാര്‍ത്തയുടെ ‘തലക്കെട്ട്’ (??!!) ആണ്. എന്തും എഴുതിക്കളയുന്ന ടീംസാണ്. കച്ചവട താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മാറ്റത്തിന്റെ ഭാഗമായി ബി.ജെ.പിയുടെ ജിഹ്വ എന്ന് അടുത്തകാലത്ത് ഇവര്‍ പേരെടുത്തിട്ടുണ്ട്. അതിനാല്‍ അത്ഭുതം ഒട്ടും തോന്നിയില്ല. പക്ഷേ, ഇക്കുറി കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. കാരണം, കളി ദുരന്തനിവാരണ നിയമത്തില്‍ തൊട്ടാണ്. ദുരന്ത നിവാരണ അതോറിറ്റിക്കു തന്നെ കേസെടുക്കാം. കേന്ദ്ര സര്‍ക്കാര്‍ 2005ല്‍ പാസാക്കിയ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കള്ളം പ്രചരിപ്പിച്ച് വിശ്വാസ്യത കെടുത്തുന്നവര്‍ക്ക് ജയില്‍ ചപ്പാത്തി ഫ്രീയായി തിന്നാനുള്ള വകുപ്പുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെ അഴിയെണ്ണണം എന്നു മാത്രം.

എന്താണ് സംസ്ഥാന ദുരന്ത പ്രതികരണ നിധി?

ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ഒരു സഞ്ചിത നിധിയാണ് State Disaster Response Fund -SDRF എന്ന സംസ്ഥാന ദുരന്ത പ്രതികരണ നിധി. കേന്ദ്ര ധനകാര്യ കമ്മീഷന്‍ നിശ്ചയിക്കുന്ന പ്രകാരം ഓരോ വര്‍ഷവും ഒരു നിശ്ചിത തുക കേന്ദ്രത്തില്‍ നിന്ന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ വരും. ഇങ്ങനെ ലഭിക്കുന്ന തുക അതാത് വര്‍ഷം ചെലവഴിക്കുന്നതല്ല രീതി. അതായത്, ആ വര്‍ഷം തീരുമ്പോള്‍ നിധിയില്‍ ബാക്കിയുള്ള തുക lapse അഥവാ പാഴായിപ്പോവില്ല എന്നര്‍ത്ഥം. ‘ഓഖിക്ക് അനുവദിച്ച ഫണ്ട് പാഴാക്കി’ എന്ന ആക്ഷേപം ശുദ്ധവിഡ്ഡിത്തമാണെന്നു മനസ്സിലായില്ലേ?

ഒരു വര്‍ഷത്തെ നീക്കിയിരിപ്പ് അടുത്ത വര്‍ഷത്തേക്ക് മുതല്‍കൂട്ടുന്നതാണ് ദുരന്ത പ്രതികരണ നിധിയുടെ രീതി. ഇത്തരത്തില്‍ അംഗീകൃത ദുരന്തങ്ങളുടെ പ്രതികരണത്തിന് ആവശ്യമായ പണം സംസ്ഥാനത്തിന്റെ കൈവശം എപ്പോഴും ഉണ്ടായിരിക്കുക എന്നതാണ് ഈ നിധിയുടെ ലക്ഷ്യം. ദുരന്തം ഉണ്ടാകുന്ന അവസരങ്ങളില്‍ സംസ്ഥാനത്തെ ദുരന്ത പ്രതികരണ നിധിയില്‍ ഉള്ള തുക മതിയാകാതെ വരും. ഈ സാഹചര്യത്തില്‍ സംസ്ഥാനം അധിക സഹായത്തിനായി കേന്ദ്രത്തിന് നിവേദനം നല്‍കും. സംസ്ഥാനം നല്‍കുന്ന നിവേദനത്തിലെ വിവരങ്ങള്‍ വിലയിരുത്തുന്നതിന് ആവശ്യമെങ്കില്‍ കേന്ദ്രം ഉന്നത ഉദ്യോഗസ്ഥരുടെ സമിതിയെ അയയ്ക്കും. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം അധികം വേണ്ടിവരും എന്നു കണക്കാക്കുക തുക അനുവദിക്കും. ഇതു ചെലവിടുന്നതും കേന്ദ്ര മാനദണ്ഡമനുസരിച്ചായിരിക്കും.

ദുരന്ത പ്രതികരണ നിധിയിലേക്ക് വന്ന തുക

ധനകാര്യ കമ്മീഷനാണ് ഓരോ സംസ്ഥാനത്തിന്റെയും ദുരന്ത പ്രതികരണ നിധിയിലേക്കുള്ള വിഹിതം തീരുമാനിക്കുന്നത്. 14-ാം ധനകാര്യ കമ്മീഷന്‍ കേരളത്തിന്റെ ദുരന്ത പ്രതികരണ നിധിയിലേക്കും ഇപ്രകാരം തുക അനുവദിച്ചിട്ടുണ്ട്.

 • 2015 -16 184 കോടി
 • 2016 -17 194 കോടി
 • 2017 -18 203 കോടി
 • 2018 -19 214 കോടി
 • 2019 -20 224 കോടി

ഇതിനു പുറമെ കേരളത്തിലുണ്ടായ വിവിധ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ 2011 -17 കാലഘട്ടത്തില്‍ 239.42 കോടി രൂപ അധിക സഹായം കേന്ദ്രം അനുവദിച്ചു.

കേന്ദ്ര ധനകാര്യ കമ്മീഷന്‍ നിര്‍ണയിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം അതാത് സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലുള്ള മൊത്തം നീക്കിയിരിപ്പ് തുകയുടെ നേര്‍പകുതി കുറവ് ചെയ്തതിന് ശേഷമാണ് കേന്ദ്രം അധിക സഹായം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് അനുവദിക്കുന്നത്. ഇത് കേന്ദ്ര ഉത്തരവ് No. 3305/2015-NDM-I dated 30-07-2015ല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഓഖി വേളയില്‍ എത്ര കിട്ടി?

കേന്ദ്ര നിയമത്തിലെ മാനദണ്ഡങ്ങള്‍ക്കു വിധേയായമായി ഓഖി ചുഴലിക്കാറ്റ് വേളയിലെ ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധികം പണം ആവശ്യപ്പെട്ട് സംസ്ഥാനം നിവേദനം നല്‍കിയിരുന്നു. ഇതനുസരിച്ച് Ltr No. 23 (32) 2015/FCD dated 27-12-2017 പ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ 2245 എന്ന ബജറ്റ് ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് പ്രാഥമിക സഹായമായി 133 കോടി രൂപ കേന്ദ്രം നല്‍കി. തുടര്‍ന്ന് 3 മാസങ്ങള്‍ക്കു ശേഷം കണക്കുകള്‍ പുനഃക്രമീകരിച്ചുകൊണ്ട് കേന്ദ്രം മറ്റൊരു കത്തയച്ചു. ഈ കത്ത് Ltr. No. 33-5/2017-NDM-I dated 9-3-2018 പ്രകാരം ഓഖി വേളയില്‍ ആദ്യം അനുവദിച്ച തുക വെട്ടിക്കുറച്ച് 111.7 കോടി രൂപ ആക്കി. നേരത്തെ അനുവദിച്ച 133 കോടിയില്‍ നിന്ന് 21.3 കോടി രൂപ തിരികെ എടുക്കുമെന്ന് കേന്ദ്രം ഈ കത്തില്‍ അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ കഞ്ഞിയില്‍ പിണറായി സര്‍ക്കാര്‍ കൈയിട്ടു വാരിയോ എന്ന് മഞ്ഞപ്പത്രക്കാരന്‍ ചോദിക്കുന്നത് ഇത്തരത്തിലുള്ള വിവരങ്ങളെക്കുറിച്ച് പൂര്‍ണ്ണമായ ധാരണയില്ലാത്തതിനാലാണ്. പൊട്ടക്കണ്ണന്‍ ആനയെ കണ്ടപോലുള്ള അവസ്ഥ. വിവരക്കേട് എന്നു തന്നെ പറയാം.

എന്തുകൊണ്ടാണ് തുക കുറഞ്ഞത്? 2015ലെ ഉത്തരവ് No. 3305/2015-NDM-I dated 30-07-2015 പ്രകാരമുള്ള കുറവാണത്. 2017-18 സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ 2017 ഏപ്രില്‍ 1ന് സംസ്ഥാനത്ത് ദുരന്ത പ്രതികരണ നിധിയില്‍ 115.86 കോടി രൂപ ലഭ്യമായിരുന്നു. ഇത് 2010-11 മുതല്‍ പല വര്‍ഷങ്ങളിലായി മുതല്‍കൂട്ടിയ തുകയാണ്. ഈ തുകയുടെ 50 ശതമാനമായ 57.93 കോടി രൂപ കുറവ് ചെയ്താണ് 111.7 കോടി രൂപ ഓഖി വേളയില്‍ കേന്ദ്രം നല്‍കയത്.

കുറച്ചുകൂടി വിശദമാക്കാം. ഓഖി ചുഴലികാറ്റിനോടനുബന്ധിച്ച് കേരളം സമര്‍പ്പിച്ച നിവേദനം പരിഗണിച്ച് Ltr No. 33-5/2017-NDM-I dated 9-3-2018 പ്രകാരം കേന്ദ്രം അംഗീകരിച്ച തുക 169.63 കോടി രൂപയാണ്.

 • മരണം -2.32 കോടി
 • കാണാതായവര്‍ -4.16 കോടി
 • പരിക്കേറ്റവര്‍ -1.68 കോടിദുരിതാശ്വാസ സഹായം -33.8 കോടി
 • രക്ഷാ പ്രവര്‍ത്തനം -20.05 കോടി
 • ക്യാമ്പ് നടത്തല്‍ -15.5 കോടി
 • പൊതു സ്ഥലത്തെ ചെളി നീക്കല്‍ -81 ലക്ഷം
 • കൃഷി -9.32 കോടി
 • തകര്‍ന്ന ബോട്ടുകളും വലയും -49 ലക്ഷം
 • തകര്‍ന്ന വീടുകള്‍ -2.1 കോടി
 • ഭാഗികമായി തകര്‍ന്ന വീടുകള്‍ -30.94 കോടി
 • തകര്‍ന്ന കുടിലുകള്‍ -11 ലക്ഷം
 • തകര്‍ന്ന റോഡുകള്‍ -41 ലക്ഷം
 • വൈദ്യുതമേഖലയിലെ നഷ്ടം -46.11 കോടി
 • ജലസേചന മേഖലയിലെ നഷ്ടം -86 ലക്ഷം
 • കുടിവെള്ള വിതരണം -58 ലക്ഷം
 • പഞ്ചായത്ത് വക റോഡുകൾ -39 ലക്ഷം

ഈ 169.63 കോടിയില്‍ നിന്ന് നീക്കിയിരിപ്പിന്റെ പകുതിയായ 57.93 കോടി രൂപ കുറയുമ്പോള്‍ ലഭിക്കുന്ന തുക 111.7 കോടി രൂപയായി. ഇതാണ് കണക്ക്.

പാഴാക്കിയതിനാല്‍ ഫണ്ട് വെട്ടിക്കുറച്ചോ?

ഓഖി ഫണ്ട് ചെലവഴിക്കാത്തതു കാരണം കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കിയ ദുരിതാശ്വാസ സഹായത്തില്‍ നിന്ന് 143 കോടി രൂപ തിരിച്ചെടുത്തു എന്നൊക്കെ ചിലര്‍ ഗീര്‍വാണമടിക്കുന്നുണ്ട്. ഓഖി വേളയില്‍ പ്രത്യേകമായി തന്നത് 111.7 കോടി രൂപയാണ്. ഇതില്‍ നിന്ന് ചെലവഴിക്കാത്ത 143 കോടി രൂപ എങ്ങനെയാണാവോ തിരിച്ചെടുക്കുന്നത്? 143നെക്കാള്‍ 111.7 വലുതാവുന്ന കണക്ക് ഞാന്‍ പഠിച്ചിട്ടില്ല. ആരെങ്കിലും പഠിച്ചവരുണ്ടെങ്കില്‍ പറഞ്ഞുതരിക.

ഓഖി വാര്‍ഷിക വേളയില്‍ തിരുവനന്തപുരത്ത് നടന്ന പ്രാര്‍ത്ഥനയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസൈപാക്യം നേതൃത്വം നല്‍കുന്നു

എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാം. 2018-19 സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ 2018 ഏപ്രില്‍ 1ന് ഇവിടത്തെ ദുരന്ത പ്രതികരണ നിധിയില്‍ 287.08 കോടി രൂപ ഉണ്ടായിരുന്നു. ഇത് 2010-11 മുതല്‍ പല വര്‍ഷങ്ങളിലായി മുതല്‍കൂട്ടിയതാണ്. ഈ തുകയുടെ പകുതി ആയ 143.54 കോടി രൂപയാണ് കേന്ദ്രം പ്രളയകാല നിവേദനത്തിന് മൊത്തം അനുവദിച്ച തുകയില്‍ നിന്ന് ചട്ടപ്രകാരം കുറവ് വരുത്തിയത്. ഓഖി വേളയില്‍ കണക്കുകൂട്ടിയ അതേ രീതിയില്‍ തന്നെ. വരും വര്‍ഷങ്ങളിലും ഇതേ രീതിയില്‍ തന്നെയാണ് വിഹിതം കണക്കാക്കുക. അതാണ് രീതി. കാര്യബോധമില്ലാത്ത കഴുതകള്‍ നിലവിളിച്ചുകൊണ്ടിരിക്കും.

2017-18ല്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 193.64 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇക്കഴിഞ്ഞ ഡിസംബര്‍ 18ന് പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നല്‍കുന്ന തുക ഏതെങ്കിലും പ്രത്യേക മേഖലയില്‍ ചെലവഴിക്കാനല്ല നല്‍കുന്നത്. ഓരോ തവണയും അനുവദിക്കുന്ന അധിക തുക അതാത് ദുരന്തത്തിന് പ്രത്യേകമായി അനുവദിക്കുന്നതുമല്ല. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് മൊത്തത്തിലാണ് തുക വരുന്നത്.

ദുരന്ത പ്രതികരണ നിധിയിലെ കൈയിട്ടുവാരല്‍

ദുരന്ത നിവാരണ നിയമപ്രകാരം ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് മാത്രമാണ് ദുരന്ത നിവാരണ നിധിയില്‍ നിന്ന് പണം ചെലവഴിക്കാന്‍ തീരുമാനിക്കുവാനുള്ള അധികാരം. 22 ഹെഡുകളിലായി സര്‍ക്കാര്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന ഈ നിധിയുടെ വിനിയോഗ അധികാരം ജില്ലാ കളക്ടര്‍ക്കാര്‍ക്കു മാത്രമാണ്.

ദുരന്ത പ്രതികരണ നിധിയിലെ പണം തോന്നുംവിധം ചെലവിടാനാവില്ല. അതിന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ ദുരന്തത്തില്‍ സമതലപ്രദേശത്തിലെ ഒരു വീട് പൂര്‍ണ്ണമായി തകര്‍ന്നാല്‍ കേന്ദ്ര മാനദണ്ഡപ്രകാരം 95,100 രൂപയാണ് നഷ്ടപരിഹാരം. ഇത്രയും തുക കൊണ്ട് വീട് പുനര്‍നിര്‍മ്മിക്കാനാവുമോ? പറ്റില്ല തന്നെ. അതിനാല്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നാല്‍ കേരളം നല്‍കുന്നത് 4 ലക്ഷം രൂപയാണ്. കേന്ദ്രം അനുവദിക്കുന്ന 95,100 രൂപയുടെ കൂടെ 3,04,900 രൂപ കേരളം ചേര്‍ത്ത് 4 ലക്ഷമാക്കി നല്‍കുന്നു എന്നര്‍ത്ഥം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണമാണ് ഇതിനായി കേരളം വിനിയോഗിക്കുന്നത്.

ദുരന്ത പ്രതികരണത്തിന് കേന്ദ്രം മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത് രാജ്യത്തെയാകെ സാഹചര്യം വിലയിരുത്തിയിട്ടാണ്. എന്നാല്‍, കേരളത്തെപ്പോലെ ഉയര്‍ന്ന ജീവിതനിലവാരമുള്ള സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ആ മാനദണ്ഡങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണ്.

ഓഖിയുമായി ബന്ധപ്പെട്ട് എത്ര ചെലവഴിച്ചു?

കേന്ദ്രം അധികമായി ദുരന്ത പ്രതികരണ നിധിയിലേക്ക് അനുവദിച്ച തുക മാത്രമാണ് ഓഖിയില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടത്തിന് നല്‍കേണ്ടതെങ്കില്‍ ഇപ്പോള്‍ കേന്ദ്രം അനുവദിച്ച തുക മതിയാകാതെ വരും എന്നതാണ് വസ്തുത. ഓഖിയുമായി ബന്ധപ്പെട്ട എല്ലാ ചെലവും നിര്‍വഹിച്ചാല്‍ വരുന്ന ആകെ തുക 179.375 കോടി രൂപയാണ്. ഇതില്‍ കേന്ദ്രത്തില്‍ നിന്ന് അധിക സഹായമായി ലഭിച്ച തുക 111.7 കോടി രൂപയാണ്. അതായത്, സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ഓഖിയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് 67.675 കോടി അധികമായി ചെലവഴിച്ചിട്ടുണ്ട്.

ചെലവഴിച്ച തുകയ്ക്ക് സര്‍ക്കാരിന് കൃത്യമായ കണക്കുണ്ട്. ഭൂരിഭാഗം ചെലവുകള്‍ക്കും തെളിവ് സര്‍ക്കാര്‍ ഉത്തരവുകള്‍ തന്നെയാണ്. ഇതിനു പുറമെ സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഉത്തരവ് ആവശ്യമില്ലാത്ത ഇനങ്ങളിലെ ചെലവുമുണ്ട്. അതാത് വകുപ്പുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഈ തുക Direct Benefit Transfer -DBT ആയി നല്‍കുകയാണ് ചെയ്യുന്നത്.

കളക്ടര്‍മാര്‍ മുഖേന സര്‍ക്കാര്‍ ഉത്തരവിലൂടെ അനുവദിച്ച തുക

 • GO (Rt) 73/2017/DMD dated 8-12-2017 മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആശ്വാസ ധനസഹായം -33.95 കോടി
 • GO (Rt) 4/2018/DMD dated 1-1-2018 നാവിക് ഉപകരണ പരീക്ഷണം -5 ലക്ഷം
 • GO (Rt) 15/2018/DMD dated 5-1-2018 കര്‍ണ്ണാടകത്തില്‍ എത്തിയ മലയാളി മത്സ്യത്തൊഴിലാളികൾക്ക് ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കിയ ചെലവ് -9 ലക്ഷം
 • GO (Rt) No. 112/2017/DMD dated 21-12-2017 പുതുച്ചേരി മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കിയ ചെലവ് -4 ലക്ഷം
 • GO (Rt) 115/2017/DMD dated 22-12-2017 കേന്ദ്ര സംഘത്തിനുള്ള ചെലവ് -11 ലക്ഷം
 • GO (Rt) 111/2017/DMD dated 20-12-2017, GO (Rt) No. 172/2018/DMD dated 27-03-2018 മരണപ്പെട്ടവരുടെയും കാണാതായവരുടെയും ഉറ്റവര്‍ക്കുള്ള നഷ്ടപരിഹാര തുക -11.54 കോടി
 • GO (Rt) 108/2017/DMD dated 18-12-2017 മത്സ്യത്തൊഴിലാളി ബോട്ടുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ -2.18 കോടി
 • GO (Rt) No. 70/2017/DMD dated 07-12-218 തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കിയ ചെലവ് -35.5 ലക്ഷം
 • GO (Rt) No. 91/2018/DMD dated 14-02-2018, GO (Rt) No. 117/2018/DMD dated 7-03-2018 ഗോവയില്‍ എത്തിയ മലയാളി മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കിയ ചെലവ് -3.54 ലക്ഷം
 • GO (Rt) No. 522/2018/DMD dated 4-10-2018 രാജീവ് ഗാന്ധി സെന്ററിന് ഡി.എന്‍.എ ടെസ്റ്റ് നടത്തിയതിനുള്ള തുക -49.19 ലക്ഷം

സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഉത്തരവ് ആവശ്യമില്ലാത്ത ഇനങ്ങള്‍ -DBT

 • കൃഷി വകുപ്പ് നല്‍കിയ കണക്ക് പ്രകാരം 7817.37 ഹെക്ടര്‍ സ്ഥലത്തെ കൃഷി നഷ്ടപ്പെട്ടു (നിവേദനത്തിലുള്ള തുക) -10.75 കോടി
 • തകര്‍ച്ച നേരിട്ട വീടുകള്‍ (നിവേദനത്തിലുള്ള തുക) -33.04 കോടി
 • ക്യാമ്പുകളുടെയും മറ്റു അനുബന്ധ ചെലവുകളും (നിവേദനത്തിലുള്ള തുക) -15.5 കോടി
 • രക്ഷാപ്രവര്‍ത്തനം (നിവേദനത്തിലുള്ള തുക) -20.05 കോടി

നിലവിലുള്ള ബാദ്ധ്യത

 • വിമാനക്കൂലി (വ്യോമസേനയുടെ രക്ഷാ പ്രവര്‍ത്തനം) -5.63 കോടി
 • കെ.എസ്.ഇ.ബി (നിവേദനത്തിലുള്ള തുക) -46.11 കോടി

രാജ്യത്തു തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ സംവിധാനം കേരളത്തിലേതാണ് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. കേരളം ഭരിച്ച സര്‍ക്കാരുകള്‍ രാഷ്ട്രീയഭേദമന്യേ സ്വീകരിച്ച നടപടികളാണ് ഈ ഖ്യാതിക്കു കാരണമായിട്ടുള്ളത്. കേരളത്തിന്റെ മേന്മയെ ഇവിടുള്ളവര്‍ തന്നെ രാഷ്ട്രീയ താല്പര്യത്തിന്റെ പേരില്‍ ഇടിച്ചുതാഴ്ത്തുമ്പോള്‍ അത് ശക്തമായി എതിര്‍ക്കപ്പെടണം. വിമര്‍ശനം ക്രിയാത്മകമാവണം. തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ പ്രേരിപ്പിക്കുകയും വേണം. എന്നാല്‍, നശിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോഴത്തെ വിമര്‍ശനം. നന്നായി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളെയും നുണപ്രചരണങ്ങള്‍ വഴി സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന വിനാശത്തിന്റെ രാഷ്ട്രീയം മലയാളികള്‍ പുറന്തള്ളുക തന്നെ ചെയ്യും.

Previous articleബാങ്കുകളുടെ തീവെട്ടിക്കൊള്ള
Next articleഈ ലോക റെക്കോഡ് നമുക്ക് വേണം

വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS