Reading Time: 5 minutes

കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജുമായി ‘കോര്‍ത്ത’ കായിക മന്ത്രി ഇ.പി.ജയരാജന് തികച്ചും അപ്രതീക്ഷിതമായ സ്ഥലത്തു നിന്ന് പിന്തുണ കിട്ടി. ജയരാജന്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല തന്നെ ന്യായീകരിക്കാന്‍ ഇങ്ങനൊരാള്‍ രംഗത്തുവരുമെന്ന്. മറ്റാരുമല്ല, യു.ഡി.എഫ്. ഭരണകാലത്ത് അഞ്ജു ചുമതലയേല്‍ക്കുന്നതിനു മുമ്പുള്ള നാലര വര്‍ഷക്കാലം കൗണ്‍സില്‍ പ്രസിഡന്റായിരുന്ന പത്മിനി സെല്‍വന്‍. യു.ഡി.എഫ്. അനുഭാവിയായ മുന്‍ പ്രസിഡന്റ് യു.ഡി.എഫ് തന്നെ നിയമിച്ച പ്രസിഡന്റിനെതിരെ രംഗത്തെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

വിവാദവുമായി ബന്ധപ്പെട്ട് അണയാതെ കിടക്കുന്ന കനലിന് കാറ്റു പിടിപ്പിക്കാന്‍ അഞ്ജു രംഗത്തെത്തി. ഒരു ദിവസത്തെ മൗനത്തിനു ശേഷം ആലോചിച്ചുറച്ച മട്ടിലാണ് അഞ്ജു വീണ്ടും വന്നത്, മന്ത്രി ജയരാജനൊരു തുറന്ന കത്തുമായി. അതില്‍ അഞ്ജു ഒരു വാചകം പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട് -‘ആറു മാസം മാത്രം ഭരണത്തിലിരുന്ന ഞങ്ങളുടെ ഭരണ സമിതിയെ അഴിമതിക്കാരെന്നു മുദ്രകുത്തി കുരിശില്‍ തറയ്ക്കുകയും ദീര്‍ഘകാലം തലപ്പത്തിരുന്നവര്‍ അതുകണ്ടു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവരുതെന്ന അപേക്ഷയുണ്ട്.’ ആരെയാണ് അവര്‍ ലക്ഷ്യമിടുന്നതെന്ന് പകല്‍ പോലെ വ്യക്തം. മറ്റാരുമല്ല, പത്മിനി സെല്‍വന്‍ തന്നെയാണ് അഞ്ജുവിന്റെ ലക്ഷ്യം.

കഴിഞ്ഞ 6 മാസത്തിനിടെ താന്‍ കൗണ്‍സിലില്‍ നിന്നു കൈപ്പറ്റിയ 40,000 രൂപ തിരിച്ചടയ്ക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. വിക്ടറി സ്റ്റാന്‍ഡില്‍ മൂവര്‍ണക്കൊടിയിലേക്കു കണ്ണുപായിച്ച്, കണ്ണീരു നിറച്ചു നിന്നിട്ടുള്ള ഒരാള്‍ക്കു കായികരംഗത്തെ വിറ്റു തിന്നാനാവില്ലെന്നും അഞ്ജു വികാരാധീനയാവുന്നു. മൊത്തത്തില്‍ കത്തിലെ വാചകങ്ങള്‍ക്ക് നല്ല മൂര്‍ച്ച.

ANJU letter

കത്ത് ജയരാജനു കിട്ടുന്നതിനു മുമ്പ് ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കിട്ടി. ഇതാണ് ആ കത്ത്. അതില്‍ വലിയ കാര്യമില്ല. ആരെ ലക്ഷ്യമിട്ടാണോ തുറന്ന കത്ത് വരുന്നത് അയാള്‍ വിവരമറിയുക ഏറ്റവും അവസാനമായിരിക്കും എന്നതാണ് പതിവ്.

ബഹുമാനപ്പെട്ട സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ സാറിന്,

ആശ്വാസം, പ്രതീക്ഷ, ആശങ്ക തുടങ്ങിയ സമ്മിശ്ര വികാരങ്ങളുടെ തിരത്തള്ളലിലാണ് അങ്ങേയ്ക്കു ഞാന്‍ ഈ കുറിപ്പെഴുതുന്നത്. അഞ്ജുവിനെ നേരിട്ടു കുറ്റപ്പെടുത്തിയിട്ടില്ല എന്ന വാക്ക് ആശ്വാസം തരുന്നു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ചില സ്ഥാനങ്ങള്‍ നോട്ടമിട്ടവരുടെ താല്‍പര്യങ്ങള്‍ക്കൊപ്പിച്ചാണോ നീക്കങ്ങള്‍ എന്ന സംശയം ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. ആറു മാസം മാത്രം ഭരണത്തിലിരുന്ന ഞങ്ങളുടെ ഭരണ സമിതിയെ അഴിമതിക്കാരെന്നു മുദ്രകുത്തി കുരിശില്‍ തറയ്ക്കുകയും ദീര്‍ഘകാലം തലപ്പത്തിരുന്നവര്‍ അതുകണ്ടു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവരുതെന്ന അപേക്ഷയുണ്ട്.

സ്പോര്‍ട്സ് കൗണ്‍സിലില്‍ അഴിമതിയുണ്ടെന്ന ആരോപണം സാര്‍ എന്നോടു പറഞ്ഞിരുന്നു. എന്റെ കാലത്താണ് അഴിമതി നടന്നതെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അതുകൊണ്ടാവാം അങ്ങ് അത്ര രൂക്ഷമായി എന്നോടു പ്രതികരിച്ചത്. ശരിയാണു സാര്‍, അഴിമതി അന്വേഷിക്കണമെന്നു തന്നെയാണ് എന്റെയും അഭിപ്രായം. അതു കഴിഞ്ഞ ആറുമാസത്തേക്കു മാത്രമായി പരിമിതപ്പെടുത്തരുത്. കഴിഞ്ഞ പത്തു വര്‍ഷത്തെയോ അതിനു പിന്നിലെ വരെയോ നിയമനങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും ചെലവുകളും സമഗ്രമായ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. അതിനു തക്കതായ ശിക്ഷയും ഉറപ്പുവരുത്തണം. സര്‍ക്കാരും കായിക ഭരണരംഗത്തുള്ളവരും കായികതാരങ്ങളുമെല്ലാം യോജിച്ച പ്രവര്‍ത്തനമാണ് അഴിമതിക്കെതിരെ രൂപപ്പെടേണ്ടത്. സാര്‍ തുടക്കമിടുന്ന ഏതു പോരാട്ടത്തിനും എന്റെ പിന്തുണ ഉറപ്പു തരുന്നു.

സാര്‍ പറഞ്ഞതു ശരിയാണ്. കൗണ്‍സിലുമായി ബന്ധപ്പെട്ട പല മേഖലകളിലും ചില അനഭലഷണീയ രീതികള്‍ നിലനില്‍ക്കുന്നുണ്ട്. ഒളിംപിക്സ് ഉള്‍പ്പടെ ലോകവേദികളില്‍ അഭിമാനത്തിന്റെ കൊടിക്കൂറ പാറിക്കാന്‍ പറ്റിയ താരങ്ങളെ ഒരുക്കേണ്ടവര്‍ അഴിമതിയുടെ ആഴങ്ങളില്‍ നീന്തിത്തുടിച്ചതിനു നിത്യസ്മാരകം പോലെ ഒട്ടേറെ പ്രേതാലയങ്ങള്‍ നാട്ടിലെങ്ങുമുണ്ടു സാര്‍. ആറു വര്‍ഷം മാത്രം പഴക്കമുള്ള മൂന്നാര്‍ ഹൈ ഓള്‍ട്ടിറ്റിയൂഡ് സെന്റര്‍ കെട്ടിടം സാറും ഒന്നു നേരില്‍ കാണണം. അതു കെട്ടിപ്പൊക്കിയത് ഇഷ്ടികകൊണ്ടാണോ, അഴിമതിയുടെ ചൂളയില്‍ ചുട്ടെടുത്ത അധമമനസു കൊണ്ടാണോയെന്നു സംശയിച്ചു പോകും. ചോര്‍ന്നൊലിക്കുന്ന കെട്ടിടവും കനാല്‍ ബണ്ട് പോലെ കോണ്‍ക്രീറ്റ് ചെയ്ത ട്രാക്കും. ഇത് ആരുടെ ഉള്ളില്‍ ഉടലെടുത്ത ആശയമാണെങ്കിലും അഴിമതിയുടെ ആമാശയം അവര്‍ നിറച്ചിട്ടുണ്ടാവും; ഉറപ്പ്.

സ്പോര്‍ട്സ് വികസനത്തിന് ഒരു ലോട്ടറിയുടെ കാര്യം സാറിന് ഓര്‍മയുണ്ടോ. 24 കോടി പിരിച്ചു. 22 കോടി ചെലവായി എഴുതിത്തള്ളി. ബാക്കി രണ്ടു കോടി രൂപ ഇതുവരെ കൗണ്‍സില്‍ അക്കൗണ്ടിലെത്തിയിട്ടില്ല. ഇതിനെക്കുറിച്ചും അന്വേഷിക്കേണ്ടതല്ലേ സാര്‍. എന്റെ കൂടി പടംവച്ചടിച്ച ലോട്ടറിയില്‍ നിന്നാണ് ചിലര്‍ക്ക് അഴിമതിയുടെ ബമ്പറടിച്ചത്. വമ്പന്‍ പദ്ധതിയായി കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മള്‍ട്ടി പര്‍പ്പസ് സിന്തറ്റിക് ടര്‍ഫ്. കേരളത്തില്‍ പലേടത്തുമുണ്ട്. ഓരോന്നിന്റെയും ചെലവ് 25 ലക്ഷം രൂപ. കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്കെന്ന പോലെ കോണ്‍ക്രീറ്റിനു മുകളില്‍ ചുവന്ന ചായം തേച്ചു വച്ചിരിക്കുന്നു ! നിലവാരമുള്ള വിദേശ പരിശീലന സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ള എന്നെ ഏറെ വേദനിപ്പിച്ചു സാര്‍ ആ കാഴ്ചകള്‍.

എന്റെ ഓഫിസില്‍ നിന്ന് ഇ-മെയില്‍ ചോര്‍ത്തിയിരുന്നു. കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ അറിഞ്ഞ് അഴിമതിക്കു കളമൊരുക്കാന്‍ ചില ബാഹ്യശക്തികള്‍ ശ്രമിച്ചിരുവെന്നു ഞാന്‍ സംശയിക്കുന്നു. ചോര്‍ച്ച കണ്ടെത്തിയ ഉടനെ സൈബര്‍ സെല്ലിനു പരാതി നല്‍കി. അതിന്റെ നടപടികളും മുന്നോട്ടു കൊണ്ടുപോകണം സാര്‍. വിദേശ പരിശീലനത്തിനെന്ന പേരില്‍ പലരും ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കിലും അതിന്റെ നിബന്ധനകളില്‍ പറയുന്നതു പ്രകാരം പരീക്ഷകള്‍ ജയിച്ചിട്ടുണ്ടോ, കേരള സ്പോര്‍ട്സിനു സൗജന്യ സേവനം നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അഴിമതിയുടെ കള്ളിയില്‍ തന്നെ ഉള്‍പ്പെടുത്തണം.

ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ കല്യാണമണ്ഡപങ്ങളായി രൂപപ്പെടുത്തിയത്, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്‍ നിര്‍മാണം, മഹാരാജാസ് കോളജിലെ ട്രാക്കവുമായി ബന്ധപ്പെട്ട് 25 ലക്ഷം നഷ്ടമായത് തുടങ്ങി ഞാന്‍ മനസിലാക്കിയ ഒട്ടേറെ അഴിമതികളുണ്ട്. കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണത്തില്‍ വരെ അഴിമതി നിലനില്‍ക്കുണ്ടെന്നു അറിയുമ്പോള്‍ കായിക കേരളം ലജ്ജിച്ചു തലതാഴ്ത്തേണ്ടതാണ്.

ഇതെല്ലാം നേരില്‍ കണ്ടു മനസുമടുത്താണ് സ്പോര്‍ട്സ് കൗണ്‍സില്‍ എത്തിക്സ് കമ്മിഷന്‍ രൂപപ്പെടുത്താന്‍ തീരുമാനിച്ചത്. അതിന്റെ പരിധിയില്‍ അഴിമതി, താരങ്ങളോടുള്ള പീഡനം, സ്വഭാവദൂഷ്യം, കായികരംഗവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. അന്നു സാറിനെ കാണാന്‍ വരുമ്പോള്‍ ഇതിന്റെ ഡ്രാഫ്റ്റും ഞങ്ങളുടെ പക്കലുണ്ടായിരുന്നു. പക്ഷേ, അങ്ങയുടെ രോഷപ്രകടനത്തിനിടെ ഇത്തരം കാര്യങ്ങള്‍ പ്രസക്തമല്ലാതെ പോയി.

കൗണ്‍സിലിലെ ചില അനാവശ്യ രീതികള്‍ക്കു മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ക്കു ഞാന്‍ തുടക്കം കുറിച്ചിരുന്നു. കൗണ്‍സിലിലെ എല്ലാവരെയും കൂട്ടി ചില ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കുകയും ചെയ്തു. കായിക താരങ്ങള്‍, പരിശീലകര്‍, ഭാരവാഹികള്‍, ജനപ്രതിധികള്‍ എന്നിവരുമായി സിറ്റിങ് നടത്തി. ബാക്കി ജില്ലകളിലും കൂടി സിറ്റിങ് പൂര്‍ത്തിയാക്കി കൗണ്‍സില്‍ ഭരണത്തിലെ സമഗ്രമായ ഉടച്ചുവാര്‍ക്കലിനുള്ള ശ്രമത്തിലയിരുന്നു ഞങ്ങള്‍. ഈ സന്ദര്‍ശനങ്ങള്‍ക്കിടെയാണ് ഞാന്‍ മുന്‍പു സൂചിപ്പിച്ച ഒട്ടേറെ അഴിമതികള്‍ നേരിട്ടു മനസിലാക്കിയത്.

ഇത് ഒളിംപിക്സ് വര്‍ഷമാണല്ലോ. നമ്മുടെ കൗണ്‍സില്‍ അംഗമായ ശ്രീജേഷാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ നെടുന്തൂണ്‍. കൗണ്‍സിലിനിത് അഭിമാനനിമിഷമാണ്. എന്നാല്‍ ഒളിംപിക് ഹോക്കി മെഡല്‍ ജേതാവായ മാനുവല്‍ ഫ്രെഡറിക്സിന്റെ വീടുനിര്‍മാണത്തിനു കൗണ്‍സില്‍ പണം അനുവദിച്ചെങ്കിലും ചില പ്രശ്നങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. അതില്‍ അങ്ങയുടെ ശ്രദ്ധ അടിയന്തിരമായി പതിയണം എന്നഭ്യര്‍ഥിക്കുന്നു. ഒളിംപിക്സിന്റെ കാര്യം പറഞ്ഞതുകൊണ്ട് ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. കൗണ്‍സിലില്‍ നിന്ന് സര്‍ക്കാര്‍ ചെലവില്‍ ഒളിംപിക്സ് കാണാനുളള ശ്രമങ്ങള്‍ ഇത്തവണയും ഉണ്ടാവും. സ്വന്തം മികവുകൊണ്ട് ഒളിംപിക്സുകളില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച ഞാന്‍ ഈ നീക്കങ്ങളെ ഒരു കാരണവശാലും പിന്തുണയ്ക്കില്ല. മുന്‍ പ്രസിഡന്റിന്റെ കാലത്തെ യാത്രയ്ക്കു തന്നെ ഏഴു ലക്ഷത്തിലധികം രൂപ ചെലവായി. അധികം കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാന്‍ ഏറെ ശ്രമം നടത്തേണ്ടി വന്നു. പലിശ സഹിതം തിരിച്ചടപ്പിച്ചുവെന്നതു വേറെ കാര്യം. യാത്രയ്ക്കായി ലക്ഷങ്ങള്‍ കൗണ്‍സിലിന്റെ അക്കൗണ്ടില്‍ നിന്നു ചെലവിടുന്നതല്ലാതെ, അവിടെ കണ്ട എന്തെങ്കിലും നല്ല കാര്യം കേരള കായിക രംഗത്തു പകര്‍ത്താന്‍ ശ്രമിച്ചതായി എനിക്കു തോന്നിയിട്ടില്ല.

ബംഗളൂരുവില്‍ താമസിക്കുന്ന ഞാന്‍ സ്പോര്‍ട്സ് ഭരണത്തില്‍ എന്തു ചെയ്തുവെന്ന സംശയം ചിലര്‍ അങ്ങയുടെ മുന്നില്‍ ഉന്നയിച്ചു കാണുമല്ലോ. മികച്ച താരങ്ങള്‍ക്കു മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ എയര്‍ ടിക്കറ്റ്, തീവണ്ടിയില്‍ എ.സി. ടിക്കറ്റ്, അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്, എലീറ്റ് പരിശീലന പദ്ധതി, ക്വാളിറ്റി ട്രെയ്നിങ് കിറ്റ്, ഹോസ്റ്റലുകളുടെ നവീകരണം, പരിശീലകരുടെ റിഫ്രഷര്‍ കോഴ്‌സുകള്‍, സ്പോര്‍ട്സ് ഡേ തുടങ്ങിയവയെല്ലാം ചുരുങ്ങിയ കാലത്തിനുള്ളിലെ ചില പദ്ധതികള്‍ മാത്രം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൊണ്ട് ഭരണതലത്തില്‍ ചില താമസങ്ങള്‍ പിന്നീടുണ്ടായത് ഞങ്ങളുടെ പരിഷ്‌കരണവേഗത്തെയും കുറച്ചു.

കായിക രംഗത്തെ എല്ലാ നിയമനങ്ങളെക്കുറിച്ചും (എന്റെ സഹോദരന്റേതുള്‍പ്പടെ) സംശുദ്ധവും സുതാര്യവുമായ അന്വേഷണം വിജിലന്‍സ് ഡി.ജി.പി. ജേക്കബ് തോമസ് സാറിന്റേതു പോലുള്ള സംശുദ്ധ വ്യക്തിത്വങ്ങളുടെ കീഴില്‍ നടക്കണം എന്നാവശ്യപ്പെടുന്നതിനൊപ്പം എല്ലാ നിയമനങ്ങളും പി.എസ്.സിക്കു വിടണമെന്ന നിര്‍ദ്ദേശവും ഞാന്‍ മുന്നോട്ടുവയ്ക്കുന്നു. അങ്ങയ്ക്കൊപ്പം അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഞാന്‍ ഒപ്പമുണ്ട്.

വിമാനം കയറിപ്പറക്കുന്ന ഒരു ആക്ഷേപത്തെക്കുറിച്ചു കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. മുന്‍ഗണനാ ക്രമത്തിലുള്ള കായിക ഇനങ്ങളിലെ താരങ്ങള്‍ക്കു ദേശീയ മല്‍സരങ്ങള്‍ക്കു വിമാന ടിക്കറ്റ് അനുവദിച്ചത് ഞാനും കൂടി ഉള്‍പ്പെട്ട സമിതിയാണ്. കായിക രംഗത്തു വളര്‍ന്നു വരുന്ന താരങ്ങള്‍ക്കു പോലും ആത്മവിശ്വാസത്തോടെ മല്‍സരങ്ങളെ സമീപിക്കാനുള്ള പിന്തുണ ഒരുക്കിയ ഒരു ഒളിംപ്യനാണ് ആറുമാസത്തിനിടെ 40,000 രൂപ കൈപ്പറ്റിയതിന്റെ പേരില്‍ നാണംകെടുത്തുന്ന ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നത്. വ്യക്തമായ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തുക സ്വീകരിച്ചത് എന്നതു പോലും ബന്ധപ്പെട്ടവര്‍ കണക്കിലെടുത്തില്ല. സമാന പോസ്റ്റുകളില്‍ നിയമിക്കപ്പെട്ടവര്‍ ആറുമാസത്തിനുള്ളില്‍ യാത്രാപ്പടിയായി എത്ര തുക കൈപ്പറ്റിയിട്ടുണ്ടാവും എന്നു കൂടി അങ്ങ് അന്വേഷിക്കണം. എന്തായാലും 40,000 രൂപയുടെ പേരില്‍ കളങ്കപ്പെടുത്താനുളളതല്ല തപസ്യപോലെ കണ്ടു കായികരംഗത്തു ഞാന്‍ സൃഷ്ടിച്ചെടുത്ത നേട്ടങ്ങളും പ്രതിച്ഛായയും. വിക്ടറി സ്റ്റാന്‍ഡില്‍ വികാരത്തള്ളളില്‍ നില്‍ക്കുമ്പോള്‍, നൂറുകോടിയിലേറെപ്പേര്‍ക്കു വേണ്ടി ഈ നേട്ടം കൊയ്യാന്‍ ദൈവം അവസരം തന്നല്ലോയെന്നാണു കരുതിയിട്ടുള്ളത്. മൂവര്‍ണക്കൊടിയിലേക്കു കണ്ണുപായിച്ച്, കണ്ണീരു നിറച്ചു നിന്നിട്ടുള്ള ഒരാള്‍ക്കു കായികരംഗത്തെ വിറ്റു തിന്നാനാവില്ല സാര്‍. ദൈവത്തെയും കായിക രംഗത്തെയും മറന്ന് ഒരു പ്രവര്‍ത്തി ഈ ജീവിതത്തിലുണ്ടാവില്ല. ആ 40,000 രൂപ ഞാന്‍ തിരിച്ചടയ്ക്കുകയാണ്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ശമ്പളമില്ലാത്ത ജോലിയാണെന്നു കൂടി അങ്ങു മനസിലാക്കണം.

സ്നേഹപൂര്‍വം,

പത്മശ്രീ അഞ്ജു ബോബി ജോര്‍ജ്

അഞ്ജുവിനെ മുന്‍നിര്‍ത്തി മറ്റു ചിലര്‍ പിന്‍സീറ്റ് ഡ്രൈവിങ് നടത്തുന്നു എന്നാണ് ആക്ഷേപം. ഈ കത്തിന്റെ കാര്യത്തിലും ആ ആക്ഷേപം ഉയര്‍ന്നാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. അഞ്ജു എന്തായാലും സ്വയം ‘പത്മശ്രീ’ അഞ്ജു ബോബി ജോര്‍ജ്ജെന്ന് വിശേഷിപ്പിക്കില്ലല്ലോ! പേരിനൊപ്പം ‘പത്മ’ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി വിധി തന്നെയുണ്ട്. കത്തിലെ ഭാഷ ഒരു പത്രപ്രവര്‍ത്തകന്റേതാണെന്ന് ചിലരൊക്കെ പറയുന്നുണ്ട്. ആ ഭാഷാശൈലി മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയുന്നുമുണ്ട്. അതിലൊന്നും തെറ്റില്ല. ഇപ്പോള്‍ പ്രസ് സെക്രട്ടറിമാരുടെയും മാധ്യമ ഉപദേഷ്ടാക്കളുടെയും കാലമാണല്ലോ. പക്ഷേ, കാര്യബോധമുള്ളവരെ ഉപദേശകരാക്കിയില്ലെങ്കില്‍ ‘പത്മശ്രീ’ പോലുള്ള അബദ്ധങ്ങള്‍ കാണിച്ചുവെയ്ക്കും.

പക്ഷേ, കത്തു കൊള്ളാം. കുത്തേണ്ടിടത്തു കാര്യമായി കുത്തിയിട്ടുണ്ട്. യു.ഡി.എഫുകാരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമിച്ച പ്രസിഡന്റ് തന്നെ തിരുവഞ്ചൂരിന്റെ കാലത്തെ അഴിമതികള്‍ അക്കമിട്ടു നിരത്തുമ്പോള്‍ അദ്ദേഹത്തിനും സുഹൃത്തായ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടിക്കും ചങ്കിടിക്കുന്നുണ്ടാവണം. യു.ഡി.എഫിനെ മാത്രമാണ് അഞ്ജു ലക്ഷ്യമിടുന്നതെന്നു കരുതരുത്. സ്‌പോര്‍ട്‌സ് ലോട്ടറിയിലൂടെ അവര്‍ മുന്‍ മന്ത്രി എം.വിജയകുമാറിനെയും മഹാരാജാസ് കോളേജിലെ ട്രാക്കിന്റെ നിലവാരം ചൂണ്ടിക്കാട്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി.പി.ദാസനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. അഞ്ജു കാടടച്ച് വെടിവെയ്ക്കുകയാണ്. CARPET BOMBING എന്നു പറയും. ആര്‍ക്കെങ്കിലുമൊക്കെ വെടിയേറ്റു വീഴുമെന്നുറപ്പ്!

Anju-Bobby-George1

ഏതായാലും ഇ.പി.ജയരാജനു കിട്ടിയ വജ്രായുധമാണ് ഈ കത്ത്. ഇത് ബുദ്ധിപൂര്‍വ്വം വിനിയോഗിച്ചാല്‍ അഞ്ജുവുമായി ഉടക്കിയെന്നു പറഞ്ഞ് തന്നെ ട്രോളിയവര്‍ക്ക് മറു ട്രോളിന് അവസരമൊരുക്കാന്‍ അദ്ദേഹത്തിനു സാധിക്കും. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പടര്‍ത്തിയ കരിനിഴല്‍ നീക്കാനുള്ള ശ്രമവുമായി അഞ്ജുവും തുനിഞ്ഞിറങ്ങിയാല്‍ തിരുവഞ്ചൂരും പത്മിനിയും വെള്ളം കുടിക്കും. പിന്തുണ പ്രഖ്യാപിച്ച് ജയരാജന്റെ ഗുഡ് ബുക്‌സില്‍ കയറാന്‍ നിന്ന പത്മിനിയെ അഞ്ജു ക്ലീനായിട്ടങ്ങ് ഡിസ്‌ക്വാളിഫൈ ചെയ്തു.

കായികതാരങ്ങളുടെ രാഷ്ട്രീയമത്സരം പൊടിപാറും!!

Previous articleഎല്ലാം കണക്കു തന്നെ
Next articleഅഞ്ജു വിളിച്ചു, അഫി വന്നു
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

2 COMMENTS

  1. പത്മശ്രീ എന്നുപയോഗിച്ചത് വലിയ തെറ്റായി പോയി അല്ലെ സാർ

LEAVE A REPLY

Please enter your comment!
Please enter your name here