‘ഇന്ധനവില ഇത്രയധികം വര്‍ദ്ധിപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ. സര്‍ക്കാര്‍ പരാജയമാണെന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. ഗുജറാത്തിനു മേല്‍ 100 കണക്കിന് കോടി രൂപയുടെ ബാദ്ധ്യത വരുത്തിവെയ്ക്കും. പാര്‍ലമെന്റ് സമ്മേളനം പിരിഞ്ഞ് ഒരു ദിവസത്തിനു ശേഷം വരുന്ന ഈ തീരുമാനം പാര്‍ലമന്റെിന്റെ ബഹുമാന്യതയ്ക്കു കളങ്കം വരുത്തുന്നതാണ്’

MODI

2012 മെയ് 23ന് ഗുജറാത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയുടെ നേതാവുമായ ബഹുമാന്യ നരേന്ദ്ര മോദിജിയുടേതായി വന്ന പ്രസ്താവനയാണിത്. അന്ന് രാജ്യം ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സുകാരനായ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ജി. ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ അന്നു രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ നടന്നു. കേരളത്തിലെ ബി.ജെ.പിക്കാരും സംഘടിപ്പിച്ചു ഒരു നൂതന പ്രതിഷേധം -പെട്രോളില്‍ വില താങ്ങാനാവാത്തതിന്റെ പ്രതീകമായി സ്‌കൂട്ടര്‍ ഉരുട്ടിക്കൊണ്ട്.

‘പെട്രോള്‍ വില 2.19 രൂപ കൂട്ടി, ഡീസലിന് 98 പൈസ’

കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയാണിത്. ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് ബി.ജെ.പിക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജി. നാലു വര്‍ഷം മുമ്പ് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം പാടേ മറന്നു.

ഇന്ധനവില ഇങ്ങനെ ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനു കാരണമെന്ത്? അന്താരാഷ്ട്ര വിപണിയിലെ എണ്ണവില ഉയര്‍ന്നു എന്നതാണ് ഇവിടെ വില കൂട്ടാന്‍ കാരണമായി യു.പി.എ. സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ വില യു.പി.എ. കാലത്തുള്ളതിന്റെ മൂന്നിലൊന്നില്‍ താഴെയായി കുറഞ്ഞില്ലേ? എന്നിട്ടുമെന്തേ ഇവിടെ വിലയില്‍ കുറവുണ്ടാവുന്നില്ല? ഭരണത്തിന്റെ ഉത്തരവാദിത്വമില്ലായ്മ തന്നെ കാരണം. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉണ്ടായിരുന്ന ഉത്തരവാദിത്വം ഭരണത്തില്‍ ബി.ജെ.പി. പ്രകടിപ്പിക്കുന്നില്ല.

നരേന്ദ്ര മോദിജി അധികാരമേറ്റ വേളയില്‍ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വീപ്പയ്ക്ക് 106 ഡോളറായിരുന്നു. ഇപ്പോഴത് 75 ശതമാനത്തോളം കുറഞ്ഞ് വീപ്പയ്ക്ക് 26 ഡോളര്‍ എന്ന നിലയിലെത്തിയിരിക്കുന്നു! പക്ഷേ, നമ്മുടെ ഇന്ധനവിലയില്‍ അതു കാണാനില്ല. ഇതു മനസ്സിലാക്കുന്നതിനായി 2004 മുതലുള്ള ഇന്ധനവില എടുത്തു പരിശോധിച്ചു. ആ വില എല്ലാവര്‍ക്കും പരിശോധിക്കാം, കാര്യങ്ങള്‍ മനസ്സിലാക്കാം. രാജ്യതലസ്ഥാനമെന്ന നിലയില്‍ ഡല്‍ഹി വിലയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.

 • 2004 അന്താരാഷ്ട്ര വില 30.00 ഡോളര്‍
  * പെട്രോളിന് 33.70 രൂപ * ഡീസലിന് 21.70 രൂപ
 • 2005 അന്താരാഷ്ട്ര വില 41.00 ഡോളര്‍
  * പെട്രോളിന് 38.00 രൂപ * ഡീസലിന് 28.20 രൂപ
 • 2006 അന്താരാഷ്ട്ര വില 60.61 ഡോളര്‍
  * പെട്രോളിന് 43.50 രൂപ * ഡീസലിന് 30.60 രൂപ
 • 2007 അന്താരാഷ്ട്ര വില 52.62 ഡോളര്‍
  * പെട്രോളിന് 42.90 രൂപ * ഡീസലിന് 30.80 രൂപ
 • 2008 അന്താരാഷ്ട്ര വില 89.52 ഡോളര്‍
  * പെട്രോളിന് 45.50 രൂപ * ഡീസലിന് 31.80 രൂപ
 • 2009 അന്താരാഷ്ട്ര വില 48.99 ഡോളര്‍
  * പെട്രോളിന് 40.60 രൂപ * ഡീസലിന് 30.90 രൂപ
 • 2010 അന്താരാഷ്ട്ര വില 76.61 ഡോളര്‍
  * പെട്രോളിന് 47.40 രൂപ * ഡീസലിന് 35.50 രൂപ
 • 2011 അന്താരാഷ്ട്ര വില 98.87 ഡോളര്‍
  * പെട്രോളിന് 58.40 രൂപ * ഡീസലിന് 37.80 രൂപ
 • 2012 അന്താരാഷ്ട്ര വില 110.47 ഡോളര്‍
  * പെട്രോളിന് 65.60 രൂപ * ഡീസലിന് 40.90 രൂപ
 • 2013 അന്താരാഷ്ട്ര വില 119.55 ഡോളര്‍
  * പെട്രോളിന് 67.30 രൂപ * ഡീസലിന് 47.70 രൂപ
 • 2014 അന്താരാഷ്ട്ര വില 115.29 ഡോളര്‍
  * പെട്രോളിന് 72.40 രൂപ * ഡീസലിന് 54.30 രൂപ
 • 2015 അന്താരാഷ്ട്ര വില 46.59 ഡോളര്‍
  * പെട്രോളിന് 58.90 രൂപ * ഡീസലിന് 46.59 രൂപ
 • 2016 അന്താരാഷ്ട്ര വില 26.00 ഡോളര്‍
  * പെട്രോളിന് 59.40 രൂപ * ഡീസലിന് 45.00 രൂപ

അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവില 2004ലേതിലും കുറഞ്ഞ നിലയിലെത്തിയിരിക്കുന്നു. അന്നത്തെ സ്ഥിതിയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ സമാന അവസ്ഥയുള്ള ഇപ്പോള്‍ പെട്രോള്‍ വില 33.70 രൂപയും ഡീസലിന് 21.70 രൂപയുമായിരിക്കണം ലിറ്റര്‍ വില. എന്നാല്‍, ഇന്ന് പെട്രോള്‍ വില 59.40 രൂപ, 25.70 രൂപ കൂടുതല്‍. ഡീസല്‍ വില 45.00 രൂപ, 23.30 രൂപ കൂടുതല്‍. ശരിക്കും ഈടാക്കേണ്ട വിലയുടെ ഇരട്ടി നമ്മളില്‍ നിന്നു വാങ്ങുന്നുവെന്നു സാരം.

എന്താണ് ഈ ഉയര്‍ന്ന വിലയ്ക്ക് ആധാരം? ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയ എണ്ണവിപണന കമ്പനികളുടെ മാര്‍ജിന്‍ അഥവാ ലാഭം, കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവ, സംസ്ഥാന സര്‍ക്കാരിന്റെ മൂല്യവര്‍ദ്ധിത നികുതി, പെട്രോള്‍ പമ്പുകളുടെ കമ്മീഷന്‍ എന്നിവയുടെ പേരില്‍ അക്ഷരാര്‍ത്ഥത്തില്‍ സാധാരണക്കാരനെ കൊള്ളയടിക്കുകയാണ്. ശരിക്കും സര്‍ക്കാര്‍ നിയന്ത്രിത കൊള്ള!

സര്‍ക്കാര്‍ തന്നെയാണ് ഏറ്റവും വലിയ കൊള്ളക്കാര്‍. 2015 നവംബറിനും 2016 ജനുവരിക്കുമിടയിലുള്ള മൂന്നു മാസത്തിനിടെ മാത്രം അഞ്ചു തവണയാണ് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കൂട്ടിയത്. പെട്രോള്‍ തീരുവ വര്‍ദ്ധിച്ചത് 34 ശതമാനം. ഡീസലിന്റേതാണ് കുറച്ചുകൂടി കടുപ്പം, 143 ശതമാനമാണ് തീരുവ വര്‍ദ്ധന. കൃത്യമായിത്തന്നെ പറയാം.

2015 നവംബര്‍ 6 * പെട്രോള്‍ തീരുവ 7.06% * ഡീസല്‍ തീരുവ 4.66%
2015 ഡിസംബര്‍ 16 * പെട്രോള്‍ തീരുവ 7.36% * ഡീസല്‍ തീരുവ 5.83%
2016 ജനുവരി 1 * പെട്രോള്‍ തീരുവ 7.73% * ഡീസല്‍ തീരുവ 7.83%
2016 ജനുവരി 15 * പെട്രോള്‍ തീരുവ 8.48% * ഡീസല്‍ തീരുവ 9.83%
2016 ജനുവരി 30 * പെട്രോള്‍ തീരുവ 9.48% * ഡീസല്‍ തീരുവ 11.33%

ഒരു ലിറ്റര്‍ ഡീസലിനുള്ള കേന്ദ്ര നികുതി നരേന്ദ്ര മോദിജി അധികാരത്തിലേറിയ 2014 ഏപ്രിലിനെ അപേക്ഷിച്ച് നാലു മടങ്ങാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. 2014 ഏപ്രിലില്‍ ഒരു ലിറ്റര്‍ ഡീസലിനുമേലുള്ള കേന്ദ്ര നികുതി 4.52 രൂപയായിരുന്നെങ്കില്‍ 2016 ഫെബ്രുവരിയില്‍ അത് 17.33 രൂപയാണ്. ഇന്ധനവിലയെക്കാള്‍ കൂടുതലാണ് അതിനുമേലുള്ള നികുതി എന്നര്‍ത്ഥം. ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയായി നമ്മള്‍ നല്‍കുന്നതില്‍ 57 ശതമാനം സര്‍ക്കാര്‍ നികുതിയാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ വിലയില്‍ 55 ശതമാനമാണ് സര്‍ക്കാര്‍ നികുതിവിഹിതം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കാതിരുന്നെങ്കില്‍ ഡീസല്‍ വില ഇപ്പോള്‍ ലിറ്ററിന് 32 രൂപ മാത്രമായിരുന്നേനെ.

ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കാനും അവ തിരുത്തിക്കാന്‍ ആവശ്യമെങ്കില്‍ പ്രക്ഷോഭപാത സ്വീകരിക്കാനുമുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിനാണ്. പ്രതിപക്ഷം പിന്നീട് ഭരണപക്ഷമാവുമ്പോള്‍ അതുവരെ ശരിയാണെന്നു പറഞ്ഞ് ഉയര്‍ത്തിപ്പിടിച്ചിരുന്ന നിലപാടുകള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്വവുമുണ്ട്. എന്നാല്‍, ആരു വന്നാലും ഭരണപക്ഷത്തെ നിലപാടുകള്‍ എപ്പോഴും ഭരണപക്ഷത്തു തന്നെ നില്‍ക്കുന്നു. ജനപക്ഷത്താവുന്നില്ല എന്നു സാരം.

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രതിപക്ഷത്തെക്കുറിച്ചുള്ള ഈ ചിന്തകള്‍ പ്രസക്തമാവുന്നു. ഇപ്പോഴത്തെ പ്രതിപക്ഷം ഭരണപക്ഷമാവുകയാണെങ്കില്‍ ന്യായമായും ജനങ്ങള്‍ അവരില്‍ നിന്ന് ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം തങ്ങള്‍ വിമര്‍ശിച്ച നയങ്ങള്‍ തിരുത്തിക്കാന്‍ അവര്‍ മുന്‍കൈയെടുക്കുമോ?

-മുറിച്ചുവിറ്റതോ സ്വന്തക്കാര്‍ക്ക് ദാനം ചെയ്തതോ ആയ ഭൂമി മുഴുവന്‍ തിരിച്ചുപിടിക്കുമോ? അതോ സഭയും സാമുദായിക സംഘടനകളും കാട്ടുന്ന തിണ്ണമിടുക്കിനു മുന്നില്‍ ഭയന്നു പിന്മാറുമോ?
-കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ തന്നെ നല്‍കുമോ? വിദ്യാഭ്യാസനിലവാരം തകര്‍ന്നത് തിരിച്ചുപിടിക്കാനെങ്കിലും നടപടിയുണ്ടാവുമോ?
-മാലിന്യസംസ്‌കരണത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കുമോ?
-ചട്ടവിരുദ്ധമായ നിയമനങ്ങള്‍ റദ്ദാക്കുമോ? ഒരു യോഗ്യതയുമില്ലാത്ത രണ്ട് സ്വകാര്യ കോളേജ് അദ്ധ്യാപകരെ പ്രധാന സര്‍ക്കാര്‍ വിഭാഗങ്ങളില്‍ ഡയറക്ടര്‍മാരായി സ്ഥിരപ്പെടുത്തിയതുള്‍പ്പെടെയുള്ള നടപടികള്‍ തിരുത്തുമോ?
-പൊതുവിതരണ സമ്പ്രദായം തകരാന്‍ കേന്ദ്ര നടപടികള്‍ കാരണമായിട്ടുണ്ടെങ്കിലും അതു നന്നാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ചില കാര്യങ്ങള്‍ ചെയ്യാനാവും. അതിനുള്ള നടപടിയുണ്ടാവുമോ?
-കണ്‍സ്യൂമര്‍ഫെഡിനെയും സപ്ലൈകോയെയും തകര്‍ച്ചയില്‍ നിന്നു രക്ഷിക്കുമോ?
-ഓണത്തിനും റംസാനും ക്രിസ്മസിനും വിലക്കയറ്റം തടയാനുള്ള പ്രത്യേക ചന്തകള്‍ പഴയ പോലെ വീണ്ടും വരുമോ?
-പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടം നികത്തി വീണ്ടും ലാഭത്തിലാക്കുമോ?
-ക്ഷേമപെന്‍ഷനുകളും കെ.എസ്.ആര്‍.ടി.സി. പെന്‍ഷനും കൃത്യസമയത്ത് നല്‍കുമോ?
-ഇതിനെല്ലാമുപരി പെട്രോളിനും ഡീസലിനും ഈടാക്കുന്ന അധികനികുതി വേണ്ടെന്നു വെയ്ക്കുമോ?

ഇതെല്ലാം ചെയ്യുകയാണെങ്കില്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ കാട്ടിയ ഉത്തരവാദിത്വം ഭരണപക്ഷത്തെത്തുമ്പോഴും പ്രകടിപ്പിച്ചുവെന്നു കരുതാം. ഇല്ലെങ്കില്‍ വലതുകാലിലെ മന്ത് ഇടതുകാലിലായെന്നു കരുതിയാല്‍ മതി.

 •  
  821
  Shares
 • 737
 • 38
 •  
 • 46
 •  
 •  
 •  
Previous articleനിയന്ത്രണം വരുന്ന വഴികള്‍!!
Next articleസുവിശേഷം പലവിധം
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

2 COMMENTS

COMMENTS