തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന കൊടിയ അധാര്‍മ്മികതയും മൂല്യച്യുതിയും കുറച്ചു ദിവസമായി ചിലര്‍ ഘോരഘോരം ചര്‍ച്ചിക്കുന്നുണ്ട്. കാരണം ക്യാബിനറ്റ് ബ്രീഫിങ് വേണ്ടെന്നു വെയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ ഞങ്ങളൊന്നു വിമര്‍ശിച്ചു. അതോടെ മന്ത്രിസഭാ യോഗം ചേരുന്ന ബുധനാഴ്ചകളില്‍ ബ്രീഫിങ്ങിന്റെ മറവില്‍ കച്ചവടം നടത്താന്‍ കാത്തിരിക്കുന്ന വര്‍ഗ്ഗമായി മാധ്യമപ്രവര്‍ത്തകര്‍ മാറി. അതായത് മാധ്യമപ്രവര്‍ത്തകരുടെ ആഴ്ചച്ചന്ത പ്രവര്‍ത്തിക്കുന്നത് ബുധനാഴ്ചകളിലാണ്!!!
ഇതാ ഒരു സാമ്പിള്‍.
മുതിര്‍ന്ന ചില പത്ര തമ്പുരാക്കളെക്കുറിച്ച് ഓര്‍ത്തു നോക്കിയേ. ‘എഴുതി തുലച്ചുകളയും’ എന്ന് ഊറ്റം കൊണ്ടിരുന്ന അവരുടെ തലമുറയില്‍ നിന്ന് നിങ്ങളുടെ തലമുറയിലേക്ക് എത്തുമ്പോള്‍ എന്തേ ഒരു ധൈര്യക്കുറവ്? ഇങ്ങനെ വിലപിക്കാതെ നിങ്ങള്‍ക്ക് വഴങ്ങാത്ത പിണറായിയെ അങ്ങ് എഴുതി തുലച്ചുകൂടേ നിങ്ങള്‍ക്ക്? പറ്റുന്നില്ല അല്ലേ? അതെന്തുകൊണ്ടാണെന്നറിയാമോ? നിങ്ങടെ കൂട്ടത്തില്‍പ്പെട്ടവര്‍ (നിങ്ങള്‍ അക്കൂട്ടത്തിലില്ല) പിണറായിയെക്കുറിച്ച് എഴുതാവുന്നതിനുമപ്പുറം എഴുതിക്കഴിഞ്ഞു. പറയാവുന്നതിനപ്പുറം പറഞ്ഞുകഴിഞ്ഞു. എഴുതിയവരുടെയും പറഞ്ഞവരുടെയും ക്രഡിബിലിറ്റി പോയതല്ലാതെ ഒന്നും സംഭവിച്ചില്ല.
ഇതു വായിച്ച പ്രിയ സുഹൃത്ത് വിഷ്ണു പറഞ്ഞ പോലെ ‘എഴുതി തുലച്ചളയും’ എന്നൊക്കെ ഈ മമ്മൂട്ടി, സുരേഷ് ഗോപി സിനിമകളിലെ കേട്ടിട്ടുള്ളൂ. പിണറായിയുടെ പ്രിയന് രണ്‍ജി പണിക്കരുടെ തൂലികയില്‍ നിന്ന് വന്നത്. ഇതൊക്കെ വേറെ ഏതോ ലോകത്തു നിന്നുള്ള അഭിപ്രായപ്രകടനമാണെന്ന് വിവരമുള്ളവര്‍ക്കറിയാം. വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ!! ഇവറ്റകളെല്ലാം ഇത്ര നാളായിട്ടും ‘പത്രം’ സിനിമ കണ്ട ഹാങ്ങോവറില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. എത്ര പത്രക്കരാന്നറിയില്ലേ എഴുതി തൊലച്ച് കളയുമെന്നൊക്കെ പറഞ്ഞ് പിണറായിയെ ഒക്കെ തകര്ത്തേക്കുന്നേ.
യാത്രയുമായി കേരളത്തില്‍ തെക്ക് വടക്ക് നടന്നപ്പോള്‍ പുതിയതായി ഒരു വിഷയവും പറയാനില്ലെങ്കിലും എല്ലാ ദിവസവും രാവിലെ മാധ്യമ പ്രവര്‍ത്തകരുടെ കൈയും കാലും പിടിച്ച് ക്ഷണിച്ചിരുത്തിയിരുന്ന (ഞങ്ങളാരും അങ്ങോട്ടു ചെന്നതല്ല) നേതാവിന് അധികാരം നേടിയപ്പോള്‍ പിന്നെ അഭിപ്രായപ്രകടനവും വേണ്ട, അഭിപ്രായസ്വാതന്ത്ര്യവും വേണ്ട. ഏറ്റവും ഒടുവില്‍ നടന്ന യാത്രയുടെ സമാപന ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പ്രഭാതക്കൂട്ടില് പങ്കെടുപ്പിക്കാന്‍ പത്രക്കാരെ സംഘടിപ്പിക്കുന്നതിന് ശിങ്കിടികള്‍ ഓടിയ നെട്ടോട്ടം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. അന്നു പരവതാനി വിരിച്ച് സ്വീകരിച്ചിരുത്തിയപ്പോള്‍ ഈ പറയുന്ന മാധ്യമപ്രവര്‍ത്തകര്‍ കച്ചവടക്കാരായിരുന്നില്ലേ? നേതാവ് അങ്ങനെ നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിനു വേണ്ടി ഇക്കാര്യത്തില്‍ ഭക്തസഭ വേണ്ടതു ചെയ്യുന്നുണ്ട്. അതേ പറഞ്ഞുള്ളൂ.
തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍ സിന്‍ഡിക്കേറ്റ് ആണെന്നാ പറയുന്നത്. എന്താണ് ഈ സിന്‍ഡിക്കേറ്റ്? സിന്‍ഡിക്കേറ്റ് എന്നാല്‍ ‘വി.എസ്.അച്യുതാനന്ദനെ പിന്തുണയ്ക്കുന്നവര്‍’ എന്നു വ്യാഖ്യാനം. ശരി ആരു ചെയ്താലും ഞങ്ങള്‍ പിന്തുണയ്ക്കും സര്, വി.എസ്.അച്യുതാനന്ദനായാലും പിണറായി വിജയനായാലും. നിങ്ങളുടെ ശരി ഞങ്ങള്‍ക്ക് ശരിയാവണമെന്നില്ല, ഞങ്ങളുടെ ശരി നിങ്ങള്‍ക്കും. ഏറ്റവും പുതിയ ഉദാഹരണം: ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു എന്നത് ഞങ്ങളുടെ ശരി. കേസ് അട്ടിമറിച്ചയാള്‍ തന്നെ തെളിവു സഹിതം അക്കമിട്ട് ചെയ്ത കാര്യങ്ങള്‍ പറയുമ്പോള്‍ എന്തിന് അവിശ്വസിക്കണം? പക്ഷേ, കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതം എന്നത് നിങ്ങളുടെ ശരി. ഞങ്ങളുടെ ശരിക്കൊപ്പം നില്ക്കുന്നവരെയല്ലേ ഞങ്ങള്‍ക്കു പിന്തുണയ്ക്കാനാവൂ? നിങ്ങള്‍ ശരി ചെയ്തപ്പോള്‍, ഞങ്ങള്‍ പിന്തുണച്ചിട്ടുമുണ്ട്. വേണ്ട എന്നു പറഞ്ഞാലും ഇനിയും പിന്തുണയ്ക്കും. പിന്തുണ വ്യക്തിനിഷ്ഠമല്ല, വിഷയാധിഷ്ടിതമാണ്.
ആദ്യ ഒരു മാസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു എന്ന കാര്യം ഞങ്ങളെല്ലാവരും സമ്മതിക്കുന്നുണ്ട്, എഴുതുന്നുമുണ്ട്. അതില്‍ ഒരുപാട് ശരികളുണ്ടായിരുന്നു. പക്ഷേ, സുപ്രീം കോടതിയിലെ ഈ ചെയ്ത്ത് കഴിഞ്ഞ ഒരു മാസം കൊണ്ട് കെട്ടിപ്പൊക്കിയതൊക്കെ ക്ഷണവേഗത്തില്‍ തകര്‍ത്തുകളഞ്ഞു എന്നു ഞാന്‍ പറയും. ശരികളെ പിന്തുണയ്ക്കുന്നവര്‍ക്ക് തെറ്റുകളെ എതിര്‍ക്കാനുള്ള അവകാശമുണ്ടെന്ന് നിങ്ങള്‍ അംഗീകരിച്ചേ മതിയാകൂ. വെറുതെ കണ്ണുമടച്ച് എതിര്‍ക്കുക മാത്രമായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ആകാം.
ആഴ്ചയിലൊരിക്കല്‍ മാധ്യമങ്ങളിലൂടെ ജനങ്ങളോട് മുഖ്യമന്ത്രി സംസാരിക്കുന്ന പതിവ് കഴിഞ്ഞ 4 പതിറ്റാണ്ടായി നിലവിലുണ്ട്. ഈ കാലമത്രയും മാധ്യമപ്രവര്‍ത്തകരുടെ കച്ചവടം ആരും കണ്ടില്ല. ഇപ്പോള്‍ പെട്ടെന്ന് ഞങ്ങള്‍ കച്ചവടക്കാരായി. പതിവ് തെറ്റാണെങ്കില്‍ തിരുത്തുക തന്നെ വേണം. പക്ഷേ, തെറ്റ് ബോദ്ധ്യപ്പെടുത്തണം. ദശകങ്ങള്‍ പഴക്കമുള്ള കീഴ്വഴക്കം ഇപ്പോഴത്തെ മുഖ്യമന്ത്രി ഇല്ലാതാക്കുന്നതിനും ജനങ്ങള്‍ക്കു വേണ്ടി മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുത്തുന്നതിനുമെതിരെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ ഭരിക്കുക അദ്ദേഹത്തിന്റെ അവകാശമാണെങ്കില്‍ ചോദ്യം ചെയ്യുക ഞങ്ങളുടെ അവകാശമാണ്. അവകാശസമരം നിങ്ങളുടെ പാര്‍ട്ടിയുടെ മുഖമുദ്രയാണല്ലോ, ല്ലേ?
അപ്പോള്‍പ്പിന്നെ നേതാവ് പണ്ട് പറഞ്ഞ പോലെ ‘നല്ല നമസ്കാരം’.
V S Syamlal
1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന് വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.
2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന് സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന് സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്ക്കെല്ലാം അര്‍ഹനായി.
2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. THE INSIGHT എന്ന പേരില്‍ സ്വന്തമായി വെബ്സൈറ്റുണ്ട്.
Address: SIVADAM, T.C.18/1233-3, Thrikkannapuram, Aramada P.O., Thiruvananthapuram- 695032, Kerala, India
E-mail: vssyamlal@vssyamlal.com
Phone: +91 98470 62789 / +91 98470 01435 / +91 98470 61999 / +91 471 2359285
Website: https://www.vssyamlal.com/
Blog: https://vssyamlal.wordpress.com/
Page: https://fb.me/vssyamlal.official
Latest posts by V S Syamlal (see all)
- അന്നദാനപ്രഭു - 9th December 2019
- അഴിമതിയിൽ കേരളം “മുന്നിൽ”!! - 30th November 2019
- വിജി പറയുന്ന സത്യങ്ങള്‍ - 20th October 2019