Reading Time: 6 minutes

പെദാപരിമി എന്നു കേട്ടിട്ടുണ്ടോ? ഞാനും കുറച്ചുകാലം മുമ്പു വരെ കേട്ടിട്ടുണ്ടായിരുന്നില്ല. കേള്‍ക്കാന്‍ വഴിയുമില്ല. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ തുള്ളൂര്‍ മണ്ഡലില്‍പ്പെടുന്ന ഒരു കുഗ്രാമത്തിന്റെ പേരാണ് പെദാപരിമി. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ കുഗ്രാമം. പക്ഷേ, ഈ പെദാപരിമി കേരളത്തെ സംബന്ധിച്ചിടത്തോളം വന്‍ വാര്‍ത്താ പ്രാധാന്യമുള്ള സ്ഥലമാണെന്നാണ് മാതൃഭൂമിയുടെ തലപ്പത്തുള്ളവര്‍ പറയുന്നത്. ഒരു സ്‌പെഷല്‍ കറസ്‌പോണ്ടന്റിനെ തന്നെ അവിടെ വാര്‍ത്താശേഖരണത്തിന് നിയോഗിച്ചിട്ടുണ്ട്. അതിനു കാരണമുണ്ട്.

പെദാപരിമി ഗ്രാമകേന്ദ്രം

ഒരു മാധ്യമപ്രവര്‍ത്തകന്‍ മാതൃഭൂമി പത്രത്തില്‍ ജോലിക്കു കയറുന്നത് ജേര്‍ണലിസ്റ്റ് ട്രെയ്‌നി എന്ന ത്രിശങ്കു തസ്തികയിലാണ്. 2 വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ ഭാഗ്യവാന്മാര്‍ സ്ഥിരം നിയമനം ലഭിച്ച് സ്റ്റാഫ് റിപ്പോര്‍ട്ടറോ സബ് എഡിറ്ററോ ആകും. 7 വര്‍ഷം ആ ഗതി തന്നെ. അതു കഴിയുമ്പോള്‍ സീനിയര്‍ റിപ്പോര്‍ട്ടറോ സീനിയര്‍ സബ് എഡിറ്ററോ ആകും. ആ തസ്തികയിലും 7 വര്‍ഷം അടയിരിപ്പ്. അതു കഴിയുമ്പോള്‍ ചീഫ് റിപ്പോര്‍ട്ടറോ ചീഫ് സബ് എഡിറ്ററോ ആകും. യഥാര്‍ത്ഥത്തില്‍ സ്ഥാനക്കയറ്റം അതുവരെ മാത്രമേയുള്ളൂ. അതിനു മുകളിലേക്ക് സ്ഥാനക്കയറ്റം സെലക്ഷന്‍ പോസ്റ്റാണ്. സ്‌പെഷല്‍ കറസ്‌പോണ്ടന്റ് അല്ലെങ്കില്‍ ന്യൂസ് എഡിറ്റര്‍ ആണ് തസ്തിക. കിട്ടാം, കിട്ടാതിരിക്കാം. ഈ പറഞ്ഞതിന് ഒരു കാരണമുണ്ട്. മാതൃഭൂമി പത്രത്തില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് തസ്തികയിലുള്ള ഒരു ജേര്‍ണലിസ്റ്റിന് കുറഞ്ഞത് 25 വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയമുണ്ടാവും. അത്രത്തോളം മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകനെ മാതൃഭൂമി ജോലിക്കു നിയോഗിച്ചിരിക്കുന്ന സ്ഥലമാണ് പെദാപരിമി. അപ്പോള്‍ പെദാപരിമി ചെറിയ സ്ഥലമല്ല എന്നു മനസ്സിലായില്ലേ!!

ഇതുപോലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ നിയമിക്കാന്‍ മാത്രം വാര്‍ത്താപ്രാധാന്യമുള്ളതായി മാതൃഭൂമി കണ്ടെത്തിയിട്ടുള്ള വേറെയും സ്ഥലങ്ങളുണ്ട് -കൊഹിമ, അഗര്‍ത്തല, ഇംഫാല്‍, ഗുവാഹതി, റാഞ്ചി, ബെല്ലാരി, പട്‌ന, ലഖ്‌നൗ, അഹമ്മദാബാദ്, അച്ചന്‍കോവില്‍, മാങ്കുളം. പട്ടികയ്ക്ക് നീളമേറെ. എന്തോ പൊരുത്തക്കേട് മണക്കുന്നു അല്ലേ. ശരിയാണ്, പൊരുത്തക്കേടുണ്ട്. വിദൂരപ്രദേശങ്ങളിലേക്ക് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ നിയോഗിക്കാനുള്ള കാരണം തന്നെയാണ് പൊരുത്തക്കേടിനുള്ള ഉത്തരം. വേജ് ബോര്‍ഡ് പ്രകാരം തങ്ങള്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുള്ള വേതനം ചോദിച്ചതിന്റെ പേരിലാണ് പെദാപരിമിയിലും കൊഹിമയിലും അഗര്‍ത്തലയിലുമെല്ലാം മാതൃഭൂമി മുതലാളി വാര്‍ത്താശേഖരണ കേന്ദ്രങ്ങള്‍ തുറന്നത്. വര്‍ഷങ്ങളായി പീഡനം സഹിച്ച് പോരാട്ടം തുടരുന്നവരുണ്ട്. നല്ല നമസ്‌കാരം പറഞ്ഞ് രാജിവെച്ച് ഇറങ്ങിപ്പോയവരുമുണ്ട്. സോഷ്യലിസം വരുന്ന വഴിയാണ്!!

ഈ ചിന്തകള്‍ ഇപ്പോള്‍ ഉണരാന്‍ പ്രത്യേകിച്ചൊരു കാരണമുണ്ട് -ആര്‍ത്തവാരംഭ ദിനം അവധി നല്‍കാനുള്ള മാതൃഭൂമി മാനേജ്‌മെന്റിന്റെ തീരുമാനം. മൂലസ്ഥാപനമായ പത്രത്തെ അവഗണിച്ച് ചാനലില്‍ മാത്രമാണ് നടപ്പാക്കിയതെങ്കിലും ദേശീയ തലത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നു ഈ തീരുമാനം. മാതൃഭൂമിയില്‍ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ സ്ത്രീജനങ്ങള്‍ ഈ തീരുമാനത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞാടുന്നു. ഇങ്ങനെ പ്രശംസിക്കുന്നവരുടെ ശ്രദ്ധയിലേക്ക് മാതൃഭൂമി മുതലാളിയുടെ ‘സ്ത്രീജന സ്‌നേഹം’ പ്രകടമാക്കുന്ന ഒരു സംഭവം കൊണ്ടുവരാന്‍ ഞാനാഗ്രഹിക്കുന്നു.

പി.ആര്‍. ലക്ഷ്യം നേടുന്നതിന്റെ ഉദാഹരണമായി ജൂലൈ 21ലെ ട്രിവാന്‍ഡ്രം ടൈംസ്‌

വേജ് ബോര്‍ഡ് പ്രശ്‌നത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പെദാപരിമിയിലേക്കും മറ്റു പറപ്പിച്ച കൂട്ടത്തില്‍ ഇരയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ട്. പൂര്‍ണ്ണഗര്‍ഭിണിയായിരുന്ന അവളെ കൊച്ചിയിലുള്ള വീടിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് തിരുവനന്തപുരത്തെ കഴക്കൂട്ടം എന്ന സ്ഥലത്ത് ബ്യൂറോ തുടങ്ങാന്‍ നിയോഗിച്ചു. ഇതില്‍ ശരികേടുണ്ടെന്ന് എച്ച്.ആര്‍. വിഭാഗത്തിലെ തന്നെ ചിലര്‍ക്ക് തോന്നിയതിനാല്‍ വിവരം ചോര്‍ന്നു. സഹായത്തിനു പോലും ആരുമില്ലാത്ത ഏകാംഗ ബ്യൂറോയിലേക്ക് പൂര്‍ണ്ണ ഗര്‍ഭിണിയെ നിയോഗിക്കുന്നതിനെതിരെ അന്ന് മാതൃഭൂമി ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഇന്നത്തെ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.നാരായണന്റെ നേതൃത്വത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ത്തി. ഇതേത്തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവില്‍ ചെറിയൊരു വ്യതിയാനം വരുത്താന്‍ മാനേജ്‌മെന്റ് തയ്യാറായി. കഴക്കൂട്ടത്തേക്കുള്ള സ്ഥലംമാറ്റം തിരുവനന്തപുരം യൂണിറ്റിലേക്കാക്കി. വ്യാജപരാതിയുണ്ടാക്കി നാരായണനെ പിരിച്ചുവിട്ടത് പില്‍ക്കാല ചരിത്രം. ഇതിന്റെ കേസ് ഇപ്പോഴും കോടതിയില്‍.

തിരുവനന്തപുരം യൂണിറ്റിലേക്കു മാറ്റപ്പെട്ട ആ പെണ്‍കുട്ടി പ്രസവിച്ച പെണ്‍കുഞ്ഞിന് ഇപ്പോള്‍ 4 വയസ്സ്. അവളുടെ മൂത്ത പെണ്‍കുഞ്ഞിന് 12 വയസ്സ്. ഭര്‍ത്താവ് മറ്റൊരു സ്ഥാപനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍. അപ്പോള്‍പ്പിന്നെ തിരക്ക് പറയേണ്ടതില്ലല്ലോ. തന്റെ 2 പെണ്‍കുട്ടികളെ നോക്കാന്‍ ആ അമ്മ ഒരു മാര്‍ഗ്ഗം കണ്ടെത്തി. എല്ലാ ദിവസവും തിരുവനന്തപുരം യൂണിറ്റിലെ രാത്രി ഷിഫ്റ്റില്‍ ജോലിക്കു കയറുക. എന്നിട്ട് പോയി വരിക. കൊച്ചിയില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം ജനശതാബ്ദി എക്‌സ്പ്രസ്സില്‍ എത്തി രാത്രി 9.30നുള്ള ഷിഫ്റ്റില്‍ ജോലിക്കു കയറും. പുലര്‍ച്ചെ 3.30ന് ജോലി അവസാനിപ്പിച്ച് ഏറനാട് എക്‌സ്പ്രസ്സില്‍ തിരികെ കൊച്ചിയിലെ വീട്ടിലേക്കു പോയി മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കും. വൈകുന്നേരം അവള്‍ ജോലിക്കു പുറപ്പെടുമ്പോള്‍ ഭര്‍ത്താവ് വന്ന് മക്കളുടെ ചുമതല ഏറ്റെടുക്കും. വര്‍ഷങ്ങളായി അവള്‍ ഈ പതിവ് തുടരുന്നു. അവള്‍ നിരന്തര പോരാട്ടത്തിലാണ്. മാതൃഭൂമി മുതലാളിയുടെ സ്ത്രീശാക്തീകരണത്തിന്റെ പുതിയ തലം!!

ഒരു സ്ത്രീയെ രാത്രി ഷിഫ്റ്റില്‍ ജോലിക്കു നിയോഗിക്കുന്ന വ്യവസായ സ്ഥാപനം പാലിക്കേണ്ട ഒരുപാട് വ്യവസ്ഥകളുണ്ട്. ആ വ്യവസ്ഥകള്‍ മാതൃഭൂമി പാലിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. അഥവാ പാലിച്ചാല്‍ തന്നെ ഒരു സ്ത്രീയെ തുടര്‍ച്ചയായി രാത്രി ഷിഫ്റ്റില്‍ ജോലിക്കു നിയോഗിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. അവളുടെ സ്വന്തം ഇഷ്ടപ്രകാരമാണെങ്കില്‍ പോലും അതങ്ങനെ തന്നെ. ‘ഇഷ്ടപ്രകാരം’ എന്ന വാക്ക് ഇവിടെ അവളുടെ ഗതികേടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആര്‍ത്തവാവധി പ്രഖ്യാപിച്ച് മറച്ചുപിടിക്കാനാവാത്ത വലിയ പ്രശ്‌നങ്ങള്‍ ആ സ്ഥാപനത്തില്‍ നിലനില്‍ക്കുന്നു എന്നു സാരം.

ഞാന്‍ മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന കാലത്ത് കൊച്ചി യൂണിറ്റില്‍ ഒരു വലിയ പ്രശ്‌നമുണ്ടായത് ഓര്‍ക്കുന്നു. കൊച്ചിയിലെ വിഷയം തിരുവനന്തപുരം വരെ ചര്‍ച്ചയായതിനാലാണ് ഞാനറിഞ്ഞത്. കൊച്ചിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം മൂത്രപ്പുരയുണ്ടായിരുന്നില്ല. അതു വേണമെന്ന നിരന്തരമായ ആവശ്യം നിരസിക്കപ്പെട്ടത് പഴയ കെട്ടിടം പൊളിച്ചുപണിയാന്‍ പോകുന്നു എന്ന കാരണം പറഞ്ഞാണ്. ഒടുവില്‍ ചാനല്‍ തുടങ്ങുന്നതിനോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് വന്ന മറ്റൊരു സ്ഥാപനമേധാവിയായ വനിതയ്ക്ക് മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാതെ പോയത് ചര്‍ച്ചാവിഷയമായി. സ്ത്രീകളെ ഈ രീതിയിലാണോ പരിഗണിക്കുന്നത് എന്ന് അവര്‍ ചോദ്യമുയര്‍ത്തിയപ്പോള്‍ മൂത്രപ്പുര എന്ന ആവശ്യത്തോട് അനുഭാവപൂര്‍ണ്ണമായ നിലപാടുണ്ടായി. എന്നാല്‍, അത് യാഥാര്‍ത്ഥ്യമായോ ഇല്ലയോ എന്ന് എനിക്കറിയില്ല.

ഇപ്പോള്‍ മാതൃഭൂമി മുതലാളിക്ക് ചാനലിലെ വനിതാ ജീവനക്കാരോട് പെട്ടെന്നുണ്ടായ സ്‌നേഹം വെറുമൊരു പി.ആര്‍. തട്ടിപ്പ് മാത്രമാണെന്നു ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. സോഷ്യലിസ്റ്റിന്റെ തൊഴിലാളിദ്രോഹ നടപടികള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അതിനെ മറികടക്കാനുള്ള വജ്രായുധമാണ് ആര്‍ത്തവാരംഭ അവധി പ്രഖ്യാപനം. മാതൃഭൂമി മുതലാളിയുടെ ഈര്‍ക്കില്‍ പാര്‍ട്ടി കേരള രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നത് ആ പത്രസ്ഥാപനത്തിന്റെ ബലത്തിലാണ്. യു.ഡി.എഫില്‍ നിന്നാല്‍ അധികാരത്തിന്റെ അപ്പക്കഷ്ണം രുചിക്കാനുള്ള അവസരം സമീപകാലത്തൊന്നും കിട്ടില്ല എന്നു ബോദ്ധ്യമായതിനാല്‍ ഇപ്പോള്‍ മുതലാളിയും പാര്‍ട്ടിയും എല്‍.ഡി.എഫിലേക്കു ചേക്കാറാനുള്ള തയ്യാറെടുപ്പിലാണ്. പത്രം മാത്രമാണ് അതിനുള്ള മൂലധനം. അപ്പോള്‍, പത്രത്തിന്റെ പേരില്‍ മുഖത്തു പതിഞ്ഞ കറുത്ത പാടുകള്‍ മായ്ക്കാന്‍ പുരട്ടിനോക്കുന്ന ലേപനം മാത്രമാണ് അവര്‍ക്ക് ആര്‍ത്തവരക്തം.

ഇന്ത്യന്‍ ഭരണഘടനയും സുപ്രീം കോടതിയും ഉറപ്പുവരുത്തിയ വേജ് ബോര്‍ഡിന്റെ സംരക്ഷണം സ്വന്തം സ്ഥാപനത്തില്‍ മാത്രമല്ല മറ്റു മാധ്യമസ്ഥാപനങ്ങളിലും കിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ നിയമനടപടികള്‍ക്ക് നേതൃത്വം കൊടുത്തത് മാതൃഭൂമിയാണ്. അതിനെതിരെ പ്രതിഷേധമുയര്‍ത്തിയവരെ പ്രതിഷ്ഠിക്കാനാണ് പെദാപരിമി മുതല്‍ മാങ്കുളം വരെ ബ്യൂറോകള്‍ തുറന്നത്. പൂര്‍ണഗര്‍ഭിണിയെ തട്ടിക്കളിച്ചതും ഇതിന്റെ ഭാഗം തന്നെ. ഈ നടപടികളൊന്നും തിരുത്താന്‍ മുതലാളി തയ്യാറായിട്ടില്ല. തിരുത്താനൊട്ട് ഉദ്ദേശിക്കുന്നുമില്ല. അപ്പോള്‍ ഈ ദുഷ്‌ചെയ്തികളെ മറികടക്കാന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്യാന്‍ സാദ്ധ്യതയുള്ള വ്യാജപ്രതിച്ഛായാ നിര്‍മ്മിതിക്ക് കച്ചകെട്ടി. മുംബൈയിലെ ഡിജിറ്റല്‍ മീഡിയ സ്റ്റാര്‍ട്ടപ്പ് കമ്പനി ‘കള്‍ച്ചര്‍ മെഷിന്‍’ ആര്‍ത്തവാവധി പ്രഖ്യാപനത്തിലൂടെ ശ്രദ്ധനേടിയത് മാതൃഭൂമി ചാനലിലേക്കും പകര്‍ത്തിയത് ഈ പശ്ചാതത്തലത്തിലാണ്. ഇതിലൂടെ ഇരുണ്ട ഭൂതകാലത്തെ മറച്ചുപിടിക്കാമെന്ന് അവര്‍ വൃഥാ മോഹിക്കുന്നു. സ്ഥാപനത്തിലെ മുഴുവന്‍ തൊഴില്‍പ്രശ്‌നങ്ങളും പരിഹരിച്ച ശേഷമാണോ സ്ത്രീശാക്തീകരണത്തിന് ഇറങ്ങിപ്പുറപ്പെട്ടത് എന്ന ചോദ്യം ഉയരുമ്പോള്‍ ഇല്ല എന്നു തന്നെയാണ് ഉറച്ച ഉത്തരം.

ഇനി ആര്‍ത്തവാരംഭ ദിനത്തിലെ അവധിയെക്കുറിച്ചു കൂടി പറയാം. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കുന്നത് ലിംഗസമത്വമില്ലായ്മയാണ് എന്ന നിലപാടാണ് എനിക്കുള്ളത്. ഇക്കാര്യത്തില്‍ എ.ഡി.ജി.പി. ആര്‍.ശ്രീലേഖ പറഞ്ഞ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു -സ്ത്രീകള്‍ ശക്തരല്ല, അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം എന്ന സന്ദേശമാണ് ഇത്തരമൊരു നീക്കം നല്‍കുന്നത്. വ്യാജപ്രതിച്ഛായാ നിര്‍മ്മിതിയുടെ ഭാഗമായി മാതൃഭൂമി മുതലാളി നടത്തിയ പ്രഖ്യാപനത്തിന്റെ അപ്രായോഗികതയെക്കുറിച്ച് സുഹൃത്തായ ഡോ.സന്ധ്യ ഫേസ്ബുക്കില്‍ വിശദമായി എഴുതിയിട്ടുണ്ട്. ഇതിനെക്കാള്‍ നല്ല വിശദീകരണം എനിക്കു നല്‍കാനില്ലാത്തതിനാല്‍ സന്ധ്യയുടെ കുറിപ്പ് ഞാന്‍ പകര്‍ത്തുന്നു.

സ്ത്രീകളെ സഹായിക്കാനുള്ള പല നിയമങ്ങളും അവസാനം സ്ത്രീകള്‍ അബലകളാണെന്നു പ്രഖ്യാപിക്കുന്നതിന് തുല്യമായി വരുന്ന അവസ്ഥ ദുഖത്തോടെ കാണുന്നു. ഇപ്പോള്‍ ആര്‍ത്തവ ദിവസത്തെ അവധിയാണ് മുഖപത്രത്തിലെ പ്രധാന ആഘോഷം. എല്ലാ മേഖലയിലും ഇങ്ങനെയൊക്കെ വേണമെന്ന് ആവശ്യം ഉയര്‍ന്നു തുടങ്ങി കാരണം എല്ലാ സ്ത്രീകളും ഒരു പോലെയാണല്ലോ. ഇനി ഈ നിയമത്തിന്റെ അപ്രായോഗികത എനിക്ക് തോന്നുന്നവ എഴുതട്ടെ.

1. ആര്‍ത്തവം ഒരു നിശ്ചിത ദിവസം വരണമെന്നില്ല. അതു കൊണ്ട് തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഉത്തരവാദിത്തപ്പെട്ട പോസ്റ്റു കളിലിരിക്കുന്ന സ്ത്രീകള്‍ എടുക്കുന്ന അവധികള്‍ ആ തൊഴില്‍ മേഖലയെ പിടിച്ചുകുലുക്കും. ക്രമേണ പല സ്വകാര്യ മേഖലകളും സ്ത്രീകളെ ജോലിക്ക് നിയമിക്കാന്‍ മടിക്കും.

2. വനിതാ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും കാര്യം ആലോചിച്ചു നോക്കുക. ഒരു വനിതാ സര്‍ജന് ആര്‍ത്തവമാണെന്നു പറഞ്ഞ് രോഗിയുടെ ഓപ്പറേഷന്‍ മാറ്റി വയ്ക്കാന്‍ പറ്റുമോ? പകരത്തിന് ജോലി ചെയ്യാന്‍ വേറെ ഡോക്ടര്‍മാരെയൊന്നും എളുപ്പത്തില്‍ കിട്ടില്ല. മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അറിയാം ഒരു ഡ്യൂട്ടി അസുഖം നിമിത്തം വരാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു കഷ്ടപ്പെട്ടാണ് പകരത്തിന് ആളെ കിട്ടുന്നത് എന്ന്. ഇനി എല്ലാ സ്ത്രീ ഡോക്ടര്‍മാരും നേഴ്‌സുമാരും കൂടി ആര്‍ത്തവ ദിവസങ്ങളില്‍ അവധിയെടുത്താല്‍ ആശുപത്രികള്‍ അടച്ചു പൂട്ടേണ്ടി വരും.

3. വിദ്യാര്‍ത്ഥിനികള്‍ക്ക് അവധി കൊടുക്കണ്ടേ? തലവേദനയും വയറുവേദനയും അവര്‍ക്കും ഇല്ലേ? അപ്പോള്‍ പിന്നെ ഇന്റേണല്‍ പരീക്ഷകള്‍ക്ക് എന്തു ചെയ്യും. ആര്‍ത്തവ ദിവസം സ്ഥിരമായി വിശ്രമിച്ച് ശീലിച്ച ഒരു പെണ്‍കുട്ടി യൂണിവേഴ്‌സിറ്റി പരീക്ഷക്ക് എന്തു ചെയ്യും? അതോ ആര്‍ത്തവ ദിവസം അദ്ധ്യാപികയ്ക്ക് അവധി വിദ്യാര്‍ത്ഥിനികള്‍ക്ക് അവധിയില്ല എന്ന് നിലപാട് എടുക്കുമോ?

4. ആര്‍ത്തവം ഒരു സാധാരണ ശാരീരിക പ്രക്രിയ മാത്രം. അത് ഒരസുഖമല്ല. ആര്‍ത്തവ ദിവസങ്ങളില്‍ അതിശക്തമായ വയറുവേദന അനുഭവിക്കുന്ന ഞാന്‍ മരുന്നു കഴിച്ച് ജോലിക്ക് പോകാറുണ്ട്.

5. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അവധി കൊടുക്കാറുണ്ടോ? എനിക്കറിയല്ല. എനിക്ക് തോന്നുന്നത് ശക്തമായ മത്സരങ്ങളുള്ള തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ ഈ ഒരൊറ്റക്കാരണം കൊണ്ട് പിന്‍തള്ളപ്പെടാന്‍ സാധ്യത ഉണ്ട് എന്നാണ്.

6. ആര്‍ത്തവം എന്ന സാധാരണ ശാരീരിക പ്രക്രിയ എല്ലാവരിലും വയറുവേദനയും മറ്റും ഉണ്ടാക്കുന്നില്ല. ബുദ്ധിമുട്ടുള്ളവര്‍ വേദനയ്ക്കുള്ള മരുന്ന് കഴിച്ചാല്‍ മതി. പക്ഷെ അതിന്റെയൊക്കെ പേരില്‍ ആനുകൂല്യങ്ങള്‍ വേണമെന്ന് ചിന്തിച്ചാല്‍ ഇത് സ്ത്രീകളുടെ പോരായ്മയായി മറ്റുള്ളവര്‍ കാണാന്‍ തുടങ്ങും.

7. പ്രസവവും മുലയൂട്ടലും ജീവിതത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഉള്ളതാണ്. അതുപോലെയല്ല ആര്‍ത്തവം അത് സ്ത്രീയുടെ കൂടെ ഉള്ളതാണ്.

Previous articleകങ്കാരുക്കളെ അടിച്ചു പറപ്പിച്ചു
Next articleസജീവിന്റെ സ്വപ്‌നം സഫലം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here