• 655
 • 54
 •  
 •  
 • 41
 •  
  750
  Shares

അണക്കെട്ടുകള്‍ തുറന്നത് പെരിയാറിലെ പ്രളയത്തിനു കാരണമായി എന്നു തെളിയിക്കാന്‍ ആരൊക്കെയോ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ ലാഭക്കൊതിയാണ് പ്രളയത്തിനു വഴിവെച്ചത് എന്നായിരുന്നു ആദ്യ ആക്ഷേപം. പിന്നീടത് ജലവിഭവ വകുപ്പിന്റെ പിടിപ്പുകേടായി. ഒരു വര്‍ഷം എത്ര മഴ പെയ്യുന്നുണ്ടെന്നും അതില്‍ എത്ര വെള്ളം ഡാമുകളില്‍ തടഞ്ഞുനിര്‍ത്തുന്നുവെന്നും എത്ര കടലിലേക്ക് ഒഴുകുന്നുവെന്നുമെല്ലാം ശാസ്ത്രീയമായ കണക്കുകളുണ്ട്. ഇതൊക്കെ പരിശോധിച്ചാല്‍ ആര്‍ക്കും അനായാസം മനസ്സിലാവും പ്രളയകാരണം. പക്ഷേ, പ്രളയം മനുഷ്യസൃഷ്ടിയാണെന്നു വരുത്തുന്നതാണല്ലോ രാഷ്ട്രീയ ലാഭം!

മനുഷ്യപങ്കാളിത്ത പ്രളയസിദ്ധാന്തം തെളിയിക്കാന്‍ അവതരിപ്പിക്കപ്പെടുന്ന ഏറ്റവും പുതിയ ആയുധമാണ് ഒരു രേഖാചിത്രം. ടി.ആര്‍.ബിജു എന്നയാള്‍ വെറുതെ കടലാസില്‍ കോറിയിട്ടത് എന്നു തോന്നിക്കുന്നു. പ്രത്യേകിച്ച് വിശദീകരണമൊന്നുമില്ലാത്ത ചിത്രം. ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ ശക്തിയാണല്ലോ. ഈ ചിത്രം ലക്ഷ്യമിടുന്നത് കെ.എസ്.ഇ.ബിയെയാണ്.

ചിത്രം വസ്തുതാപരമാണ്. കുണ്ടള, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, നീരാര്‍, ശെങ്കുളം, കല്ലാര്‍, മുല്ലപ്പെരിയാര്‍, ഇരട്ടയാര്‍, ഇടുക്കി, പൊന്മുടി, കല്ലാര്‍കുട്ടി, ഇടമലയാര്‍, ലോവര്‍ പെരിയാര്‍ എന്നിങ്ങനെ അടയാളപ്പെടുത്തലുകളുണ്ട്. ഇവയിൽ മിക്കതും കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട അണക്കെട്ടുകളാണ്. ഇതിനെല്ലാമൊപ്പം അക്കത്തില്‍ കണക്കുമുണ്ട് ചിത്രത്തില്‍. ഈ കാണിച്ചിരിക്കുന്ന അക്കങ്ങള്‍ സമുന്ദ്രനിരപ്പില്‍ നിന്നുമുള്ള വെള്ളത്തിന്റെ ഉയരമാണ്. എന്നാല്‍, ഇത് വെളളത്തിന്റെ അളവാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലരുടെയും ആക്രമണം. ചിത്രം വരച്ചതായി പറയപ്പെടുന്ന ബിജു ഇതു സംബന്ധിച്ച് പ്രത്യേക വിശദീകരണമൊന്നും നല്‍കാത്തത് വളച്ചൊടിക്കുന്നവരുടെ കാര്യം എളുപ്പമാക്കി.

ചിത്രത്തിലെ നീരാര്‍, മുല്ലപ്പെരിയാര്‍ എന്നീ ഡാമുകള്‍ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ളവയാണ്. ഇടമലയാറിനും ലോവര്‍ പെരിയാറിനും താഴെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭൂതത്താന്‍കെട്ട് ബാരേജ് കൂടിയായാലേ ചിത്രം പൂര്‍ണ്ണമാകൂ. ഇവയില്‍ കല്ലാര്‍, ഇരട്ടയാര്‍ എന്നിവ തടയണകളാണ്, ജലസംഭരണികളല്ല. അവയില്‍ നിന്നുള്ള വെള്ളം നേരെ ഇടുക്കിയില്‍ വന്നു ചേരും. ശെങ്കുളവും സംഭരണിയല്ല; പള്ളിവാസലില്‍ ഉല്പാദനം കഴിഞ്ഞു പുറത്തു വരുന്ന വെള്ളം പമ്പ് ചെയ്ത് കുറച്ചു കൂടി ഉയരത്തിലെത്തിച്ച ശേഷമാണ് ശെങ്കുളം പദ്ധതിയില്‍ ഉപയോഗിക്കുന്നത്. അന്നന്നത്തെ ആവശ്യത്തിനുള്ള വെള്ളം മാത്രമേ ഇപ്രകാരം ഇവിടെയെത്തൂ.

ഇടുക്കിക്ക് താഴെയുള്ള ചെറു സംഭരണികളായ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നിവ ജൂലൈ മുതല്‍ തന്നെ തുറന്നു വിട്ടിരുന്നു. ചെറു സംഭരണികള്‍ മുന്‍കൂട്ടി തുറന്നിരുന്നില്ല എന്നും എല്ലാ ഡാമുകളും ഒരുമിച്ചു തുറന്നു എന്നുമുള്ള ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ല. മറ്റ് സംഭരണികളെല്ലാം ജൂലൈയില്‍ തന്നെ നിറഞ്ഞിരുന്നു എന്നതും അടിസ്ഥാനമില്ലാത്ത ആരോപണമാണ്. ജൂലൈ 25ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം ചേരുമ്പോള്‍ ആനയിറങ്കല്‍ ഡാമിലെ സംഭരണം 29 ശതമാനവും മാട്ടുപ്പെട്ടിയിലേത് 79 ശതമാനവും ആയിരുന്നു.

ഇടുക്കിയും ഇടമലയാറും അടക്കമുള്ള എല്ലാ ഡാമുകളുടെയും ഷട്ടറുകള്‍ തുറക്കുമ്പോള്‍ അതു വരെ സംഭരിച്ച വെള്ളമല്ല പുറത്തേക്ക് ഒഴുക്കുന്നത്. മറിച്ച് ആ ദിവസങ്ങളില്‍ ഒഴുകിയെത്തുന്ന പ്രളയജലത്തില്‍ ഒരു പങ്ക് മാത്രമാണ് പുറത്തേക്ക് ഒഴുക്കിയത്. ഓഗസ്റ്റ് 14 മുതല്‍ 19 വരെ ഇടുക്കിയിലേക്ക് മുല്ലപ്പെരിയാറില്‍ നിന്നടക്കം ഒഴുകിയെത്തിയ ആകെ പ്രളയജലം 1,186 എം.സി.എം. ആണ്. ഇതേ കാലയളവില്‍ ഇടുക്കിയില്‍ നിന്നും പുറത്തേക്ക് ഒഴുക്കിയത് 525 എം.സി.എം. വെള്ളമാണ്. ഇടുക്കിയിലെ ജലനിരപ്പ് ഉയര്‍ത്തി ബാക്കി ജലം അവിടെ സംഭരിച്ചു. ഡാമില്ലായിരുന്നെങ്കില്‍ 1,186 എം.സി.എം. വെള്ളവും പെരിയാറിലേക്ക് ഒഴുകേണ്ടതാണ്.

ഈ ഡാമുകളില്‍ നിന്നുമുള്ള ജലമാകെ എത്തുന്ന ഭൂതത്താന്‍കെട്ട് ബാരേജ് ജൂലൈ മുതല്‍ തന്നെ തുറന്നിരിക്കയാണ്. മേല്‍ ഡാമുകളില്‍ നിന്നാകെ പ്രളയകാലത്ത് പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിന്റെ പരമാവധി തോത് 3,000 ക്യുമെക്‌സ് ആയിരുന്നു. അതേ സമയം ഭൂതത്താന്‍ക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കേണ്ടി വന്നത് പരമാവധി 7,500 ക്യുമെക്‌സും. മേല്‍ ഡാമുകള്‍ക്കും ഭൂതത്താന്‍ക്കെട്ടിനും ഇടയിലുള്ള വൃഷ്ടി പ്രദേശത്ത് പെയ്ത പെരുമഴയാണ് ഈ അധിക ജലപ്രവാഹത്തിന് കാരണം. പെരിയാറിന്റെ വൃഷ്ടിപ്രദേശത്തിന്റെ 56 ശതമാനം മാത്രമാണ് ഭൂതത്താന്‍കെട്ട് ബാരേജിന് മുകളിലുള്ളത്. 44 ശതമാനവും ബാരേജിന് താഴെയാണ്. ഇവിടങ്ങളില്‍ പെയ്ത പെരുമഴയുടെ കൂടി സംഭാവനയാണ് പറവൂര്‍, ആലുവ പ്രദേശങ്ങളിലെ മഹാപ്രളയം.

കെ.എസ്.ഇ.ബി. കഴിഞ്ഞാല്‍ ഏറ്റവുമധികം ജലസംഭരണികളുള്ളത് ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലാണ് -16 എണ്ണം. ആക്രമണത്തിന്റെ മുന അങ്ങോട്ടു തിരിയാനുള്ള കാരണവും ഇതു തന്നെ. ഈ 16 ഡാമുകളുടെ മുഴുവന്‍ സംഭരണശേഷിയും ഉപയോഗിച്ചാല്‍ 1,570.6 ദശലക്ഷം ഘനയടി ജലം മാത്രമാണ് ശേഖരിക്കാനാവുക. ഒരു വര്‍ഷം മഴയിലൂടെ പടിഞ്ഞാറേക്കൊഴുകുന്ന 41 നദികളില്‍ പതിക്കുന്നത് 75,000 ദശലക്ഷം ഘനയടി വെള്ളമാണ്. അങ്ങനെ വരുമ്പോള്‍ ശേഖരിക്കാനാവുക ആകെ നദീജലത്തിന്റെ 2.1 ശതമാനം മാത്രമാണ്. ഇത്രയും ചെറിയ ശതമാനം ജലമാണ് കേരളത്തില്‍ മുഴുവന്‍ പ്രളയം സൃഷ്ടിച്ചതെന്നു പറഞ്ഞാല്‍, വിശ്വസിച്ചാല്‍ പിന്നെന്തു പറഞ്ഞിട്ടും കാര്യമില്ല. മാത്രമല്ല, ഈ ഡാമുകള്‍ മിക്കതും ജൂണ്‍, ജൂലൈ മാസങ്ങളില്‍ത്തന്നെ തുറന്നിരുന്നു എന്നതുമുണ്ട്.

വാഴാനി ഡാം ഓഗസ്റ്റ് 2നും കുറ്റ്യാടി ജലസേചന പദ്ധതിയിലെ പെരുവണ്ണാമൂഴി ജൂണ്‍ 14നും കാരാപ്പുഴ ജൂണ്‍ 1നും മലമ്പുഴ ഓഗസ്റ്റ് 1നും ചിമ്മിനി ഓഗസ്റ്റ് 10നും മംഗലം ജൂണ്‍ 14നും പീച്ചി ജൂലൈ 27നും നെയ്യാര്‍ ജൂണ്‍ 14നും ചുള്ളിയാര്‍ ഓഗസ്റ്റ് 14നും പരപ്പാര്‍ കല്ലട ജൂലൈ 19നും വാളയാര്‍ ഓഗസ്റ്റ് 14നും മീങ്കര ഓഗസ്റ്റ് 13നും പോത്തുണ്ടി ജൂലൈ 31നും മലങ്കര ജൂലൈ 19നും തുറന്നു വിട്ടിരുന്നു. ശിരുവാണിയുടെ ഗേറ്റ് ഒരിക്കലും അടയ്ക്കാറില്ല. കാഞ്ഞിരപ്പുഴ ഡാമില്‍ പണി നടക്കുന്നതിനാല്‍ ഈ സീസണില്‍ അടച്ചിട്ടേയില്ല. ഈ ഡാമുകളിലെല്ലാം കൂടി 696.785 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഒഴുകിയെത്തിയത്. പുറത്തേക്കൊഴുക്കിയത് 700.373 ദശലക്ഷം ഘനമീറ്റര്‍ വെള്ളം.

ഭൂതത്താന്‍കെട്ട്, പമ്പ ജലസേചന പദ്ധതിയിലെ മണിയാര്‍, പഴശ്ശി എന്നീ ബരാജുകളും യഥാക്രമം ജൂണ്‍ 1, 9, മെയ് 28 തിയതികള്‍ മുതല്‍ തന്നെ തുറന്നിരിക്കുകയായിരുന്നു. പൊടുന്നനെ ഡാമുകള്‍ തുറക്കുകയായിരുന്നില്ലെന്ന് വ്യക്തം. ഓഗസ്റ്റ് 15 മുതല്‍ 17 വരെയുള്ള 3 ദിവസങ്ങളില്‍ മാത്രം 41.4 സെന്റിമീറ്റര്‍ മഴ പെയ്തു എന്നാണ് കണക്ക്. അതിലൂടെ 16,063.2 ദശലക്ഷം ഘനയടി വെള്ളമാണ് പെയ്തിറങ്ങിയത്. സാധാരണ ഗതിയില്‍ ഒരു വര്‍ഷമാകെ പെയ്യുന്ന മഴയുടെ അഞ്ചിലൊന്നിലധികം മൂന്നു ദിവസം കൊണ്ടു പെയ്തു. സാധാരണ വര്‍ഷങ്ങളെ അപേക്ഷിച്ച് 164 ശതമാനം അധിക മഴയാണ് പെയ്തത് -അതായത് 264 ശതമാനം.

1924ല്‍ ഉണ്ടായ മഹാപ്രളയം സംബന്ധിച്ച വാര്‍ത്ത പുനഃപ്രസിദ്ധീകരിച്ചതു ലഭ്യമാണ്. അന്ന് അടയാളപ്പെടുത്തിയിരുന്ന പ്രദേശങ്ങളില്‍ത്തന്നെയാണ് ഇത്തവണയും പ്രളയമുണ്ടായത്. ഭൂതത്താന്‍കെട്ടിന് 5 കിലോമീറ്റര്‍ മുകളില്‍ അന്നത്തെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയിരുന്ന പാലമറ്റം എസ്റ്റേറ്റ് പ്രദേശത്ത് അന്നത്തേതിനേക്കാള്‍ 9 അടി താഴെയാണ് ഇത്തവണത്തെ ജലനിരപ്പ് എത്തിയത്. കാലടിയില്‍ തലപ്പള്ളി മനയില്‍ അന്നു രേഖപ്പെടുത്തിയതിനേക്കാള്‍ 1.4 മീറ്റര്‍ താഴെയും. ഡാമുകളല്ല പ്രളയകാരണം എന്നതിന് ഇതിലും വലിയ തെളിവിന്റെ ആവശ്യമില്ല.

കുട്ടനാട്ടിലെ ജലനിരപ്പിനെ സ്വാധീനിക്കാന്‍ കഴിയുന്ന രണ്ടു മനുഷ്യനിര്‍മ്മിത സംവിധാനങ്ങളാണ് തോട്ടപ്പള്ളി സ്പില്‍വേയും തണ്ണീര്‍മുക്കം ബണ്ടും. തോട്ടപ്പള്ളി സ്പില്‍വേയുടെ 40 ഷട്ടറുകളും നേരത്തെതന്നെ തുറന്നു വെച്ചിരുന്നതും പൊഴിമുറിക്കല്‍ മെയ് മാസത്തില്‍ത്തന്നെ നടത്തി പരമാവധി ജലം കടലിലേക്ക് ഒഴുക്കി വിട്ടതുമാണ്. സാധാരണ 150 മീറ്റര്‍ വീതിയിലാണ് പൊഴി മുറിക്കാറുള്ളത്. പ്രളയം മൂലം ഇത്തവണ 250 മീറ്റര്‍ വീതിയിലാണു മുറിച്ചത്.

തണ്ണീര്‍മുക്കം ബണ്ടിന്റെ ബാര്‍ജുകള്‍ തുറന്നാണിരിക്കുന്നത്. മണ്ണു നീക്കംചെയ്യല്‍ പരമാവധി വേഗത്തില്‍ നടത്തി കഴിയുന്നത്ര വെള്ളം കടലിലേക്ക് ഒഴുക്കി വിട്ടുകൊണ്ടിരിക്കുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഇരുഭാഗത്തും കഴിഞ്ഞ ഒരു മാസത്തിലേറെയായി ഏതാണ്ട് ഒരേ ജലനിരപ്പാണ് എന്നതിനര്‍ത്ഥം കാര്യമായി കടലിലേക്ക് ജലമൊഴുക്കി വിടാന്‍ കഴിയുമായിരുന്നില്ല എന്നു തന്നെയാണ്.

പാലക്കാട് മേഖലയിലെ പറമ്പിക്കുളം – ആളിയാര്‍ പദ്ധതികളിലെ ജലം തമിഴ്‌നാട് അവര്‍ക്ക് അര്‍ഹതപ്പെട്ടതിലുമധികം കടത്തുന്നു എന്നതായിരുന്നു തീവ്ര വരള്‍ച്ചയുണ്ടായ കഴിഞ്ഞ വര്‍ഷത്തെ പ്രശ്‌നം. ഇത്തവണ സ്ഥിതിഗതികള്‍ മാറി. പറമ്പിക്കുളം -ആളിയാര്‍ ഭാഗത്തെ എല്ലാ ഡാമുകളും നിറയുകയും കേരളത്തിലേക്കു കവിഞ്ഞൊഴുകുന്ന സ്ഥിതി ഉണ്ടാകുകയും ചെയ്തു. ഈ ഡാമുകള്‍ ഒന്നൊഴികെ എല്ലാം ജൂലൈ മാസത്തില്‍ത്തന്നെ തുറന്നിരുന്നതാണ്. ഓഗസ്റ്റ് 15ന് രാത്രിയില്‍ ഷോളയാര്‍ വാല്‍പ്പാറ ഭാഗത്ത് 41 സെന്റിമീറ്റര്‍ മഴയാണു പെയ്തത്. അനിയന്ത്രിതമായ മഴ പെട്ടെന്നു വന്നതിനാല്‍ തമിഴ്‌നാട് വെള്ളം തുറന്നുവിടാന്‍ നിര്‍ബന്ധിതമായി. എന്നിട്ടും പരമാവധി തുറന്നുവിടാവുന്നതിന്റെ 50 ശതമാനം മാത്രമാണ് തുറന്നത്.

ഗീര്‍വാണങ്ങളെ പ്രതിരോധിക്കാന്‍ കണക്കുകള്‍ക്കു മാത്രമേ സാധിക്കൂ എന്നതിനാലാണ് കണക്കുകള്‍ നിരത്തുന്നത്. വസ്തുതകള്‍ പറയുന്നത്. ഇതിലൂടെ ആരെയെങ്കിലും ന്യായീകരിക്കുകയല്ല ലക്ഷ്യം. സത്യം പറയാനാണ്, സത്യത്തിനൊപ്പം നില്‍ക്കാനാണ് ശ്രമം. ഇപ്പോള്‍ കേരളത്തിനാവശ്യം ഒരുമയാണ്. വിവാദങ്ങള്‍ സൃഷ്ടിച്ച് ഒരുമ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കുക തന്നെ വേണം.

MORE READ

നഷ്ടമെന്ന പദത്തിനെന്തര്‍ത്ഥം!!!... സോളാര്‍ കേസില്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ? നഷ്ടം തെളിയിക്കാന്‍ ഒരു കീറക്കടലാസെങ്കിലും ഹാജരാക്കാനാവുമോ? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ...
പട്ടിണി മാറ്റുന്ന പുത്തനുടുപ്പ്... സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഏകദേശം 2.30 ലക്ഷം കുട്ടികള്‍ക്ക് പുത്തനുടുപ്പിന്റെ ആഹ്ലാദം, അച്ഛനമ്മമാര്‍ക്ക് ബാദ്ധ...
വാര്‍ത്തയിലെ സൈനികന്‍... ഒരു വാര്‍ത്ത പൂര്‍ണ്ണമാവുന്നത് ഫോളോ അപ്പുകളിലൂടെയാണ്. ആദ്യം കിട്ടുന്ന വിവരം പലപ്പോഴും വാര്‍ത്താവിസ്‌ഫോടനം സൃഷ്ടിക്കും. എന്നാല്‍, തുടര്‍ന്നു നടക്കുന്ന ...
ഒടുവില്‍ സ്‌കാനിയ ‘ഇറങ്ങി’... സഞ്ചരിക്കുന്ന കൊട്ടാരം സ്‌കാനിയ ഒടുവില്‍ റോഡിലിറങ്ങി. വിഷുക്കൈനീട്ടം 3 ദിവസം വൈകി. ഏപ്രില്‍ 17 ഞായറാഴ്ച രാത്രി 8 മണിക്ക് സ്‌കാനിയ ആലപ്പുഴയില്‍ നിന്ന് ...
ഇങ്ങനെ സ്‌നേഹിച്ചു കൊല്ലല്ലേ..... കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ സ്‌നേഹം കൊണ്ടു വീര്‍പ്പുമുട്ടിക്കുകയാണ്. പ്രളയം ദുരന്തം നേരിടാന്‍ ചോദിച്ചതിന്റെ ഒരു ചെറിയ ഭാഗം മാത്രം തന്നപ്പോള്‍ ആ സ്‌നേ...
അധഃകൃതര്‍ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തക സുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ വേണം. അദ്ദേഹം എന്നെപ്പോലല്ല. സജീവമായി രംഗത്തുള്ളയാള്‍ തന്നെ. എന്റെ മൊബൈലിലുള്ള അദ്ദേഹത്തിന്റ...
ങ്കിലും ന്റെ റബ്ബേ!!... പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ വിവാദമാണല്ലോ 'ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍'. അതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വസ്തുത...

 • 655
 • 54
 •  
 •  
 • 41
 •  
  750
  Shares
 •  
  750
  Shares
 • 655
 • 54
 •  
 •  
 • 41

COMMENT