ഈ വീഡിയോ നിര്‍ബന്ധമായും കാണണം.
അമോല്‍ ഗുപ്തയും ദീപ ഭാട്യയും ചേര്‍ന്നു തയ്യാറാക്കിയ വീഡിയോ ഹിന്ദിയിലാണ്.
പക്ഷേ, ഹിന്ദി അറിയാത്തവര്‍ക്കും അനായാസം മനസ്സിലാവും.

തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ജയദീപേട്ടനാണ് ഈ വീഡിയോ പങ്കിട്ടത്.
ടെലിവിഷനില്‍ ഇന്ത്യ -ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം കണ്ടിരിക്കുന്നതിനിടെ യാദൃച്ഛികമായി ആ വീഡിയോയ്ക്കു മുകളില്‍ ക്ലിക്ക് ചെയ്തു.
പതിയെ അതു പ്ലേ ചെയ്തു തുടങ്ങി.

ക്രിക്കറ്റ് കാണുന്നതിനിടെ ഇടയ്ക്ക് ഓടിച്ചു നോക്കാമെന്നാണ് കരുതിയത്.
എന്നാല്‍, വീഡിയോ പ്ലേ ചെയ്തു തുടങ്ങിയതോടെ അതില്‍ നിന്നു കണ്ണു മാറ്റാനായില്ല.
അവസാനം വരെ അതില്‍ തന്നെ നോക്കിയിരുന്നു.

വീഡിയോ തീര്‍ന്നപ്പോള്‍ പതിയെ കണ്ണുയര്‍ത്തി ടെലിവിഷനിലേക്കു നോക്കി.
അവിടെ ഒന്നും കാണാനാവുന്നില്ല, ആകെ ഒരു മങ്ങല്‍.
കണ്ണുകളില്‍ നിറഞ്ഞിരുന്ന വെള്ളം പതിയെ പുറത്തേക്കൊഴുകുന്നത് ഞാനറിഞ്ഞു.

ഈ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്കു വേഗം മനസ്സിലാവും.
കാരണം, തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ പല തവണ പോയിട്ടുണ്ട്.
രോഗിയായിട്ടല്ല, രക്തദാതാവായിട്ട്.

എന്റേത് വളരെ അപൂര്‍വ്വം എന്ന ഗണത്തില്‍പ്പെടുന്ന രക്തഗ്രൂപ്പാണ് -ഒ നെഗറ്റീവ്.
ആര്‍.സി.സിയിലും ശ്രീ ചിത്രയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമായി എത്ര തവണ രക്തം കൊടുത്തുവെന്ന് ഓര്‍മ്മയില്ല.
ഓരോ 6 മാസം കൂടുമ്പോഴും അതൊരു ജീവിതചര്യ തന്നെയായിരുന്നു.

ഈ ആസ്പത്രികളിലെല്ലാം എന്റെ ഫോണ്‍ നമ്പരുണ്ട്, 22 വര്‍ഷമായി ഒരേ നമ്പരാണ്.
അവിടെ നിന്ന് നമ്പരെടുത്ത് ഓരോരുത്തര്‍ വിളിക്കും.
6 മാസത്തെ ഇടവേളയില്‍ കൃത്യമായി രക്തം കൊടുക്കും, ചില അത്യാവശ്യ ഘട്ടങ്ങളില്‍ ഇടവേളകള്‍ ചുരുങ്ങിയിട്ടുമുണ്ട്.

1990ല്‍ തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജില്‍ പ്രിഡിഗ്രി പഠനത്തിനു ചേര്‍ന്നപ്പോഴാണ് രക്തദാനം തുടങ്ങിയത്.
നീണ്ട 24 വര്‍ഷം അതു തുടര്‍ന്നു.
2014നു ശേഷം അതിനു സാധിച്ചിട്ടില്ല -കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും അപ്പോഴേക്കും എന്നെ കീഴടക്കിയിരുന്നു.

ഇപ്പോഴും പലരും വിളിക്കാറുണ്ട്, രക്തം തേടി.
പ്രമേഹത്തിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും കാര്യം പറയുമ്പോള്‍ മറുതലയ്ക്കല്‍ നിരാശ പടരുന്നത് എനിക്ക് മനസ്സിലാവും.
കൊടുക്കാന്‍ ഞാന്‍ തയ്യാര്‍, പക്ഷേ എടുക്കില്ലല്ലോ. (എന്റെ ധാരണയാണ്, തെറ്റാണോ എന്നറിയില്ല)

ഈ കുറിപ്പ് എഴുതിയിട്ടതിന് ഒരു ലക്ഷ്യമുണ്ട്.
എന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം.
ഡോക്ടര്‍മാര്‍ക്ക് അതു നല്‍കാനാവും.

എനിക്ക് ഇനിയും രക്തം ദാനം ചെയ്യാനാവുമോ?
ഈ വീഡിയോയില്‍ കാണുന്ന പോലെ എന്റെ പ്ലേറ്റ്‌ലെറ്റ് എങ്കിലും സ്വീകരിക്കുമോ?
ഈ ജീവിതം ആര്‍ക്കെങ്കിലുമൊക്കെ പ്രയോജനപ്പെടട്ടെ എന്ന ആഗ്രഹം കൊണ്ടു ചോദിക്കുന്നതാണ്.

FOLLOW
 •  
  125
  Shares
 • 95
 • 16
 •  
 • 14
 •  
 •