Reading Time: 6 minutes

കോവിഡ് 19 പ്രതിരോധിക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ. സാമൂഹിക അകലം പാലിക്കുക. അതു തിരിച്ചറിഞ്ഞതിനാല്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് കേന്ദ്ര സര്‍ക്കാരും ആ പാത പിന്തുടര്‍ന്നു, കാലാവധി അല്പം നീട്ടിക്കൊണ്ട്. വേറൊരു മാര്‍ഗ്ഗവും മുന്നില്‍ ഇല്ലല്ലോ.

ഈ ലോക്ക്ഡൗണ്‍ നമ്മുടെ രക്ഷയ്ക്കായി തന്നെയാണ്. സർക്കാർ നമ്മളോട് വീട്ടിലിരിക്കാൻ പറഞ്ഞത് ലോകത്തെയാകെ മുൾമുനയിൽ നിർത്തുന്ന ഈ മഹാമാരിയിൽ നിന്നു നാടിനെ രക്ഷിക്കാനാണ്. അതിനോട് കൂറു കാണിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. അതിനാല്‍ത്തന്നെ സാമൂഹികബോധമുള്ള മലയാളി വീട്ടിനുള്ളില്‍ മാന്യമായി അടച്ചിരിക്കാന്‍ തയ്യാറായി. വീട്ടിനുള്ളില്‍ സുരക്ഷിതരായിരിക്കുക, സ്വൈരജീവിതം തടസ്സപ്പെടാതെ എല്ലാം നോക്കിക്കൊള്ളാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്കിയ ഉറപ്പ് അങ്ങനെ അടച്ചിരിക്കാന്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്തു.

പക്ഷേ, സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും സാമൂഹികബോധം ഉണ്ടാവണമെന്നു നമുക്ക് വാശിപിടിക്കാന്‍ പറ്റുമോ? സാമൂഹികബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിലവന്മാര്‍ക്ക് എന്തു പറഞ്ഞാലും തലയ്ക്കകത്ത് കയറില്ല. അവര്‍ ചുമ്മാ കറങ്ങാനിറങ്ങും. എന്തു പറയുന്നുവോ അതിനു നേരെ വിരുദ്ധമായി പ്രവര്‍ത്തിക്കും. പ്രളയ കാലത്ത് വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പറഞ്ഞപ്പോള്‍ അതിനു തയ്യാറാവാതിരുന്നവര്‍ ഉണ്ടല്ലോ. അതുപോലെ ഇപ്പോള്‍ വീട്ടിലിരിക്കാന്‍ പറയുമ്പോള്‍ അതു കേള്‍ക്കാത്തവരുണ്ട്. അവരെ വേണ്ടരീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ നാടിനാപത്താണ്.

ഇവിടെയാണ് പൊലീസിന്റെ റോള്‍. ഉത്തരവാദിത്തബോധം കാണിക്കാത്തവർ സമൂഹത്തെ ദ്രോഹിക്കാതെ നോക്കാൻ പൊലീസ് ആത്മാർത്ഥമായി ശ്രമിക്കുന്നു. കര്‍ശനമായ പരിശോധനയുമായി പൊലീസ് നിരത്തുകള്‍ കൈയടക്കിയതോടെ നിയമലംഘകര്‍ വിരണ്ടു. നമ്മളൊക്കെ സുരക്ഷിതരായി വീട്ടിലിരിക്കുമ്പോള്‍ അവര്‍ വെയിലും പൊടിയുമേറ്റ് കഷ്ടപ്പെട്ടു. അതിനു ഫലമുണ്ടായി. അനാവശ്യമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു. മലയാളികള്‍ കൊറോണയെ പേടിച്ചിട്ടല്ലെങ്കിലും പൊലീസിനെ പേടിച്ച് വീട്ടിലിരിപ്പ് തുടങ്ങി.

പൊലീസിന്റെ സേവനം സ്തുത്യര്‍ഹമാണ് -90 ശതമാനം. പക്ഷേ, ബാക്കി 10 ശതമാനം മതി മുഴുവന്‍ പൊലീസുകാരുടെയും സല്പേര് ഇല്ലാതാക്കാന്‍. അതിനൊപ്പം സര്‍ക്കാരിനെയും ഈ 10 ശതമാനം പ്രതിക്കൂട്ടിലാക്കുന്നു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ നിയമപ്രകാരം പുറത്തിറങ്ങുന്നതിന് തടസ്സമുണ്ടാവില്ല എന്നു മുഖ്യമന്ത്രി പറഞ്ഞതുകേട്ട് വിശ്വസിച്ച് പുറത്തിറങ്ങിയ ചിലര്‍ക്കെങ്കിലും പൊലീസുകാരുടെ ആവേശത്തള്ളിച്ചയുടെ ഇരകളാകേണ്ടി വന്നു.

ഒടുവില്‍ മുഖ്യമന്ത്രിക്കു തന്നെ ഇന്ന് ഇങ്ങനെ പറയേണ്ട സാഹചര്യമുണ്ടായി –

“ഇന്ന് സംസ്ഥാനത്തിന്‍റെ പൊതുവായ രീതിക്ക് ചേരാത്ത ഒരു ദൃശ്യം നാം കാണാനിടയായി. കണ്ണൂരില്‍ ജില്ലാ പൊലീസ് മേധാവി നേരിട്ട് ചിലരെ ഏത്തമിടുവിപ്പിക്കുന്ന ദൃശ്യം. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡി.ജി.പിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.  ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പൊലീസിന്‍റെ യശസ്സിനെയാണ് ഇത് ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലും ഇല്ലാതെ അവര്‍ പ്രവര്‍ത്തിക്കുന്നു. ആ പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യതക്ക് മങ്ങലേല്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്.”

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ്.പി. യതീഷ് ചന്ദ്ര പിടികൂടി ഏത്തമിടുവിക്കുന്ന ദൃശ്യങ്ങളാണ് മുഖ്യമന്ത്രിയെക്കൊണ്ട് ഇത് പറയിച്ചത്. ജനങ്ങള്‍ മാത്രമല്ല നിയമപാലകരും നിയമം പാലിക്കാന്‍ ബാദ്ധ്യസ്ഥരാണെന്ന് ഈ ഓഫീസര്‍ മറന്നു. നിയമം ലംഘിച്ച് വെറുതെ പുറത്തിറങ്ങുവരെ കണ്ടാല്‍ പൊലീസിന് തിരികെ വീട്ടിലേക്കു മടങ്ങാന്‍ ആവശ്യപ്പെടാം. പോകുന്നില്ലെങ്കില്‍ അറസ്റ്റ്, കേസ് രജിസ്റ്റര്‍ ചെയ്യല്‍, വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയ നടപടികളിലേക്കു നീങ്ങാം. ബലം പ്രയോഗിക്കലും ലാത്തി വീശലുമെല്ലാം നിയമത്തിനു വഴങ്ങാത്തവരോടു മതി. ഇതിലെങ്ങും ഏത്തമിടല്‍ ഉള്‍പ്പെടുന്നില്ല!

യതീഷ് ചന്ദ്ര ചെയ്തതടക്കം ചിലയിടങ്ങളിലെ പൊലീസ് നടപടികള്‍ സംസ്ഥാന വ്യാപകമായി ചര്‍ച്ചയ്ക്കു കാരണമാവുകയും അത് സേനയ്ക്കാകെ അവമതിപ്പ് വരുത്തിവെയ്ക്കുകയും ചെയ്തു. അധികാരം എത്ര വേഗം ദുഷിക്കും എന്നതിന്റെ തെളിവാണിത്. കൊണ്ടോട്ടിയിൽ അവശ്യവസ്തുക്കളുടെ വിലവർദ്ധനയുണ്ടോ എന്നു പരിശോധിക്കാനെത്തിയ മുൻസിപ്പൽ ചെയർപേഴ്സൺ, സെക്രട്ടറി എന്നിവരടങ്ങിയ സംഘത്തിനു നേരെ പൊലീസിന്റെ “അധികാരപ്രയോഗം” ശരിക്കും ഞെട്ടിച്ചു. നില്‍ക്കുന്നത് ആരാണ്, എന്താണ്, എന്തിനാണ് എന്ന് അന്വേഷിക്കുക പോലും ചെയ്യും മുമ്പ് ആ പൊലീസുദ്യോഗസ്ഥന്‍ ജീപ്പില്‍ നിന്ന് ചാടിയിറങ്ങി ലാത്തിപ്രയോഗം തുടങ്ങുകയാണ്. ഇതിനയാള്‍ക്ക് എവിടെ നിന്നാണ് അധികാരം ലഭിച്ചത്?

വീട്ടില്‍ നിന്ന് പഴം വാങ്ങാനിറങ്ങിയ അനന്തു എന്ന യുവാവിനോട് പാരിപ്പള്ളി സി.ഐ. രാജേഷ് നടത്തിയ “ഭരത്ചന്ദ്രന്‍” കളി സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയ്ക്കു വഴിവെച്ചു. യുവാവിന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നു എന്നതില്‍ തര്‍ക്കമൊട്ടുമില്ലെങ്കിലും സി.ഐ. പെരുമാറിയത് അതിരുവിട്ട രീതിയിലാണെന്ന വിമര്‍ശം വ്യാപകമായുണ്ടായി. പ്രാദേശിക ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ സി.ഐയുടെ അഭിനയം കൈവിട്ടുപോയി. ബോധവത്കരണമായിരുന്നിരിക്കാം സി.ഐ. ലക്ഷ്യമിട്ടതെങ്കിലും ഉദ്ദേശിച്ച ഫലമല്ല ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് ആ യുവാവിനെ വീട്ടില്‍പ്പോയി കാണാനും ഇരുവരും ചേര്‍ന്ന് മറ്റൊരു വീഡിയോ ഇട്ട് രംഗം തണുപ്പിക്കാനും സി.ഐയ്ക്ക് ശ്രമിക്കേണ്ടി വന്നത്.

അടിക്കാൻ കിട്ടിയ അധികാരമാണ് ഇപ്പോഴത്തേത് എന്നു വിശ്വസിക്കുന്ന ചില മണ്ടന്മാർ നല്ലവരുടെ പേരു കൂടെ കളയും. കയറൂരിവിട്ട പൊലീസുകാർ കോവിഡിനേക്കാൾ വലിയ ദുരന്തമാണ്. റേഷന്‍ കടയില്‍ പോയി തിരിച്ചുവരുന്നയാളുടെ കൈയിലെ ഭക്ഷ്യവസ്തുക്കള്‍ കണ്ടിട്ടും തല്ലുന്നത് എങ്ങനെയാണ് ന്യായീകരിക്കുക? ഡയാലിസിസ് കഴിഞ്ഞു വരുന്ന ചെറുപ്പക്കാരനെ തല്ലുമ്പോള്‍ ഡയാലിസിസ് അനാവശ്യമായ കാര്യമാണെന്നു വരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി താമസിക്കാന്‍ വിട്ടുകൊടുത്ത ലോഡ്ജില്‍ പമ്പ് സെറ്റ് പ്രവര്‍ത്തിപ്പിച്ചു മടങ്ങിവരികയായിരുന്ന മാനേജരെ തല്ലിച്ചതച്ചത് പിഴവിന്റെ മറ്റൊരുദാഹരണം. ഇതൊക്കെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതും പൊലീസുകാര്‍ തന്നെയാണ്. ഇത്തരം നടപടികള്‍ എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് തിരുത്തിയില്ലെങ്കില്‍ ജനം സര്‍ക്കാരിനെതിരാവും.

നിയമം ലംഘിക്കുന്ന നിയമപാലകനെക്കാള്‍ വലിയ അധികാരം മറുഭാഗത്തു നില്‍ക്കുന്ന സാധാരണക്കാരനുണ്ടെന്ന് തിരിച്ചറിയാതെ പോകുന്നതാണ് പൊലീസുകാരെ വഴിവിട്ട നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്. കേരള പൊലീസ് നിയമം 2011 ഒരു തവണയെങ്കിലും വായിച്ചുനോക്കിയിരുന്നുവെങ്കില്‍ യതീഷ് ചന്ദ്രയടക്കമുള്ള പൊലീസുകാര്‍ക്ക് ഇത്രയ്ക്ക് ചോരത്തിളപ്പ് ഉണ്ടാവുമായിരുന്നില്ല. വെറും 27 പേജുകളേയുള്ളൂ, വായിച്ചിരിക്കുന്നത് നല്ലതാണ്.

കേരള പൊലീസ് നിയമം 2011 വകുപ്പ് 33 ഇങ്ങനെ പറയുന്നു (പേജ് 8).

33. Police and public may keep audio or video or electronic records.- (1) The Police may make and keep audio or video or electronic records of any activity performed by them during the discharge of their duties and such records may be used in any proceedings in which the correctness of Police action is called in question.
(2) No Police Officer shall prevent any member of the public from lawfully making any audio or video or electronic record of any Police action or activity carried out in a public or private place.

ഈ വകുപ്പിന്റെ ഭാഗം 2 പ്രത്യേകം ശ്രദ്ധിക്കണം. പൊലീസുകാർ പൊതുസ്ഥലത്തോ സ്വകാര്യ സ്ഥലത്തോ സ്വീകരിക്കുന്ന ഏതു നടപടിയും വീഡിയോ -ഓഡിയോ രൂപത്തിലൊ മറ്റേതെങ്കിലും ഇക്ട്രോണിക് രേഖയായോ ശേഖരിക്കുന്നതില്‍ നിന്ന് ജനങ്ങളെ പൊലീസ് തടയാൻ പാടില്ല. അതായതുത്തമാ, പൊലീസ് പരിശോധനയുടെ വീഡിയോ ചിത്രീകരിക്കാന്‍ പൊലീസിനു മാത്രമല്ല, ജനത്തിനും അവകാശമുണ്ട്. തനിക്കു നേരെ പൊലീസിന്റെ ഭാഗത്തുനിന്ന് അനീതി നടക്കുന്നു എന്ന് ഒരു പൗരന് തോന്നിയാല്‍ അയാള്‍ക്കത് ചിത്രീകരിച്ചുവെയ്ക്കാം. പരാതി നല്‍കാം. ഇതിന് ഏതെങ്കിലും പൊലീസുദ്യോഗസ്ഥന്‍ തടസ്സം നിന്നാല്‍ അവിടെ പൊലീസ് നിയമത്തിലെ വകുപ്പ് 114 കടന്നുവരും. ഇതുപ്രകാരം പൊലീസ് നിയമത്തിലുള്ള വ്യവസ്ഥ ലംഘിക്കുന്ന ഉദ്യോഗസ്ഥന് 3 മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

കേരള പൊലീസ് നിയമം 2011 വകുപ്പ് 114 ഇങ്ങനെ പറയുന്നു (പേജ് 24).

114. Dereliction of duty by a police officer.—Whoever, being a police officer,—

(a) violates or neglects to obey any legal provision, procedure, rule or regulation applicable to members of the police force under this Act; or
(b) pretending to have illness or pretends to have illness or injury or voluntarily hurts himself with a view to evade from duty; or
(c) acts in any other manner unbecoming of a police officer; or (d) is guilty of cowardice,
shall, on conviction, be punished with imprisonment for a term which may extend to three months or with fine or with both:

Provided that in respect of an act considered to be an offence under this section, the disciplinary authority concerned may decide that departmental disciplinary proceedings shall alone be taken without resorting to criminal proceedings.

കേരള പൊലീസ് നിയമം 2011 വകുപ്പ് 116ഉം പ്രധാനപ്പെട്ടതാണ് (പേജ് 24).

116. Vexatious arrest, search, seizure, violence, etc.—Whoever, being a police officer,—

(a) enters into or conducts unnecessary searches or causes to be searched without lawful authority or reasons in any building, vessel, tent or place for causing annoyance; or
(b) seizes the property of any person or detains a person in custody or conducts search or arrests any person illegally for causing annoyance and without reasonable cause; or
(c) deliberately subjects, any person in custody or with whom he comes into contact in the course of his duties, to torture or any kind of inhuman or unlawful personal violence or grave misconduct; or
(d) deliberately, knowingly and maliciously with intent to implicate an innocent person in a criminal offence records a false statement or make a forged document or raises a false allegation of attack on the police ; or
(e) deliberately and directly aids or abets for the commission of an offence which, as a police officer, he is bound to prevent,
shall on conviction, be punished with imprisonment for a term which may extend to three years or fine or with both:

Provided that nothing in this section shall preclude any court from punishing any police officer, under any other law for the time being in force, if the same matter is an offence under the provisions of that law.

മതിയായ കാരണമില്ലാതെ ഒരു വ്യക്തിയെ ദ്രോഹിക്കാൻ വേണ്ടി തടവിൽ വെക്കുകയോ വസ്തൂവകകൾ കണ്ടുകെട്ടുകയോ ചെയ്യുകയോ, മനുഷ്യത്വവിരുദ്ധമായോ നിയമവിരുദ്ധമായോ ശാരീരികമായി അക്രമിക്കുകയോ, വളരെ മോശമായി പെരുമാറുകയോ ചെയ്താൽ വകുപ്പ് 116 പ്രകാരം പൊലീസുദ്യോഗസ്ഥന് 3 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ഇതിനൊക്കെ മേല്‍നോട്ടം വഹിക്കാന്‍ പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി എന്നൊരു സംവിധാനവുമുണ്ട്. ഈ നിയമത്തെക്കുറിച്ചും വകുപ്പുകളെക്കുറിച്ചും സാധാരണ ജനങ്ങള്‍ക്ക് വലിയ ധാരണയില്ല എന്നതാണ് പൊലീസുകാരുടെ ധൈര്യം. എന്തിനേറെ പറയുന്നു, ഐ.പി.എസ്സുകാര്‍ക്കു പോലും അറിയില്ല എന്നത് വേറെ കാര്യം! എങ്കില്‍ യതീഷ് ചന്ദ്ര ഇങ്ങനെ ചാടിയിറങ്ങില്ലല്ലോ!!!

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റവും അധികം ആരോപണങ്ങൾ ഏറ്റുവാങ്ങിയത് ആഭ്യന്തര വകുപ്പാണ്. പൊലീസുകാരുടെ നിയമലംഘനങ്ങളും മനുഷ്യത്വരഹിതമായ പെരുമാറ്റവും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. വളച്ചൊടിക്കാനും കുത്തിത്തിരിപ്പുണ്ടാക്കാനും തേച്ചുമായ്ച്ചുകളയാനും ചില ഘട്ടങ്ങളിലെങ്കിലും ഗുണ്ടകളെപ്പോലെ പെരുമാറാനും ചില പൊലീസുകാര്‍ക്ക് മടിയില്ല. മദ്യപിച്ച് വാഹനമോടിച്ച് ഒരു മനുഷ്യനെ ഇടിച്ചുകൊന്ന ഐ.എ.എസ്സുകാരനെ രക്ഷിക്കാന്‍ പൊലീസുകാര്‍ കളിച്ച നാടകങ്ങള്‍ പകല്‍വെളിച്ചത്തില്‍ നമ്മളെല്ലാം കണ്ടതാണല്ലോ. ഇവിടിപ്പോള്‍ കോവിഡ് നിയന്ത്രണം ചില പൊലീസുകാര്‍ അഴിഞ്ഞാടാനുള്ള അവസരമാക്കി മാറ്റിയിരിക്കുന്നു.

ബഹുഭൂരിപക്ഷം പൊലീസുകാരും രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുകയാണ്. പ്രശംസനീയമായ രീതിയിൽ സ്വന്തം ജീവൻ പണയംവച്ച് കോവിഡ്‌ നിയന്ത്രണവുമായി ബന്ധപ്പെട്ട ജോലി നിർവഹിക്കുന്ന പൊലീസുകാരാണ് മഹാഭൂരിപക്ഷം. സ്വന്തം വീട്ടിലെ കാര്യം പോലും നോക്കാനാവാതെ, മര്യാദയ്ക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പറ്റാതെ ജോലി ചെയ്യുന്ന ഇവരുടെ പേര് ചീത്തയാക്കാൻ ഒന്നോ രണ്ടോ പേർ മതി. അമിതാധികാരം പ്രയോഗിക്കുന്ന പൊലീസുകാരെ നിയന്ത്രിച്ചില്ലെങ്കില്‍ ജനം തിരിയുന്നത് സര്‍ക്കാരിനു നേരെ ആയിരിക്കും.

 


കേരള പൊലീസ് നിയമം 2011

Previous articleമഹാമാരിക്കെതിരെ സാമ്പത്തിക ഇടപെടല്‍
Next articleവൈറസിനെ പിടിക്കാന്‍ കേരളത്തില്‍ റാപിഡ് ടെസ്റ്റ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here