Reading Time: 5 minutes

കൊറോണ എന്ന അന്ധകാരത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അന്ധകാരത്തെ പരാജയപ്പെടുത്താൻ നാലുവശത്തു നിന്നും പ്രകാശം ചൊരിയേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ ആരും ഒറ്റയ്ക്കല്ല, 130 കോടി ജനങ്ങൾ ഒരുമിച്ചാണ് പോരാടുന്നത്. ഈ വരുന്ന ഏപ്രിൽ 5 ഞായറാഴ്ച രാത്രി 9 മണിക്ക് 9 നിമിഷത്തേക്ക് എല്ലാവരും വീടുകളിലെ ലൈറ്റുകൾ അണയ്ക്കണം. പകരം വീടിന് മുന്നിലോ ബാൽക്കണിയിലോ മെഴുകുതിരി, ദീപം, ടോർച്ച് അല്ലെങ്കിൽ മൊബൈൽ വെളിച്ചം ഉപയോഗിച്ച് പ്രകാശം പരത്തണം. ആരും ഒറ്റയ്ക്കല്ല എന്ന് ആ പ്രകാശത്തിന്റെ കരുത്തിൽ നമുക്ക് തെളിയിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഏപ്രില്‍ 5 രാത്രി 9 മണിക്ക് 9 മിനിറ്റ് സമയം തിരഞ്ഞെടുത്തതിന്റെ വ്യാഖ്യാനമൊക്കെ പണ്ഡിതന്മാര്‍ ചമച്ചുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അതു വായിച്ച് നാട്ടുകാര്‍ ഉത്ബുദ്ധരായിക്കൊണ്ടിരിക്കുകയാണ് !!

ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമവേളയായി ഇത് കണക്കാക്കപ്പെടുന്നു. ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്.

വിളക്ക് കത്തിക്കുന്നതോടൊപ്പം രോഗശാന്തിക്കായി മനസ്സുരുകി പ്രാർത്ഥിക്കുകയും ചെയ്യുക.

കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുന്നത് അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു.

ഇരുട്ടിന്റെ ശക്തികളാണ് വെളിച്ചത്തെ ഭയപ്പെടുന്നത്. വിളക്കിനോട് വിപ്രതിപത്തിയുള്ളവർക്ക് ടോർച്ചടിക്കാം, മൊബൈൽ ഫോൺ ലൈറ്റ് തെളിക്കാം. അന്ധകാരത്തിനിടയിലെ പ്രകാശത്തിന്റെ ഒരു കണിക പ്രവഹിപ്പിക്കുന്ന പ്രതീക്ഷയുടെ ഊർജത്തിൽ കൊറോണയെന്ന മഹാമാരിയെ
തുരത്താം.ഒരു ജനതയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.

തമസോ മ ജ്യോതിർഗമയ

വാസ്തവമേതാ ട്രോളേതാ എന്നു തിരിച്ചറിവില്ലാത്ത മണ്ടന്മാര്‍ തട്ടിവിടുന്ന “വ്യാഖ്യാനം” എന്തോ ആകട്ടെ, പ്രധാനമന്ത്രിയല്ലേ പറയുന്നത്. അനുസരിച്ചുകളയാം എന്നേ എല്ലാവരും കരുതുകയുള്ളൂ. പക്ഷേ, കഴിഞ്ഞ തവണ പാത്രം കൊട്ടിയപോലാവില്ല ലൈറ്റണയ്ക്കല്‍. സാമൂഹിക അകലം പാലിക്കാന്‍ പറഞ്ഞപ്പോള്‍ ചില മണ്ടന്മാര്‍ കൂട്ടത്തോടെ റോഡിലിറങ്ങി പാത്രം കൊട്ടി. ഇക്കുറി അതിലും കുറച്ചുകൂടി വലിയ പ്രശ്നമുണ്ട്. ശരിക്കും പണി കിട്ടാന്‍ സാദ്ധ്യതയുണ്ട്. ഒറ്റയടിക്ക് രാജ്യം മുഴുവന്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നത് വൈദ്യുതോര്‍ജ്ജ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ഒരു പക്ഷേ, മറികടക്കാന്‍ ഏറെ ക്ലേശിക്കേണ്ടി വരുന്ന പ്രതിസന്ധി.

ലൈനുകള്‍ അഥവാ ഗ്രിഡ് മുഖേനയാണ് രാജ്യത്തെ വൈദ്യുതി വിതരണം നടക്കുന്നത് എന്നറിയാമല്ലോ. ആ ഗ്രിഡിനൊരു സ്ഥിരതയുണ്ടെങ്കില്‍ മാത്രമാണ് ലൈനിലൂടെ വൈദ്യുതി സുഗമമായി ഒഴുകുക. ഇത് സാദ്ധ്യമാക്കുന്നത് ഒരു നിശ്ചിത ഫ്രീക്വന്‍സി അഥവാ ആവൃത്തി നിലനിര്‍ത്തുന്ന തരത്തില്‍ വൈദ്യുതി പ്രവഹിപ്പിച്ചുകൊണ്ടാണ്. ഫ്രീക്വന്‍സി കുറയുമ്പോള്‍ കൂടുതല്‍ വൈദ്യുതി കടത്തിവിടും. ഫ്രീക്വന്‍സി കൂടുമ്പോള്‍ മറിച്ചും.

ഇത്തരത്തില്‍ ഗ്രിഡ് സ്ഥിരത ഉറപ്പാക്കാനുള്ള ഫ്രിക്വന്‍സി നിശ്ചയിക്കുന്നത് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയാണ്. സാധാരണനിലയില്‍ ഇന്ത്യയിലെ വൈദ്യുതി ഗ്രിഡിന്റെ ഫ്രീക്വന്‍സി 50 ഹെര്‍ട്സ് ആണ്. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ഫ്രീക്വന്‍സി ബാന്‍ഡ് 49.95 ഹെര്‍ട്സിനും 50.05 ഹെര്‍ട്സിനും ഇടയിലാണ്. ഇപ്പോള്‍ ഓട്ടം കൃത്യം മധ്യത്തിലൂടെ എന്നര്‍ത്ഥം. ശരിക്കുമൊരു നൂല്‍പ്പാലം. ഈ നൂല്‍പ്പാലത്തില്‍ കയറി നിന്നാണ് വിളക്കു കത്തിച്ചു കളിക്കാന്‍ പോകുന്നത്. പാലം തന്നെ കത്തിപ്പോകാനാണ് സാദ്ധ്യത.

ലൈറ്റുകള്‍ മുഴുവന്‍ അണച്ച് വിളക്ക് തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങള്‍ ശിരസ്സാവഹിക്കുമ്പോള്‍ സംഭവിക്കുക രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഒറ്റയടിക്കു കുത്തനെ ഇടിയുക എന്നതാണ്. ഇത് ഗ്രിഡില്‍ പൊടുന്നനെയുള്ള ഫ്രീക്വന്‍സി വ്യതിയാനത്തിനു കാരണമാവുകയും ചിലപ്പോള്‍ വൈദ്യുതി ഗ്രിഡ് ആകമാനം തകരാറിലാവുന്നതിലേക്കു നയിക്കുകയും ചെയ്യാം. രാജ്യം മുഴുവന്‍ മണിക്കൂറുകളോളം ഇരുളിലാവുക എന്നതായിരിക്കും ഇതിന്റെ അനന്തരഫലം.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് വൈദ്യുതി ഗ്രിഡിന്റെ പ്രവര്‍ത്തനം സുരക്ഷിതമായും സുഗമമായും നടക്കുന്നുണ്ട് എന്നുറപ്പാക്കുന്നത്. ദേശീയ തലത്തിലും 5 മേഖലാ തലങ്ങളിലുമുള്ള ലോഡ് ഡെസ്പാച്ച് സെന്ററുകള്‍ മുഖേനയാണ് അവര്‍ നിയന്ത്രണം സാദ്ധ്യമാക്കുന്നത്. വൈദ്യുതി ആവശ്യകതയില്‍ പെട്ടെന്നുണ്ടാവുന്ന കുറവ് പരിഹരിക്കാനുള്ള നടപടികള്‍ ഈ ലോഡ് ഡെസ്പാച്ച് സെന്ററുകളില്‍ ഉണ്ടായേ മതിയാകൂ. അത് ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള സമയം തികയുമോ എന്ന കാര്യത്തിലാണ് സംശയം.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം തിരക്കേറിയ സമയത്തെ വൈദ്യുതി ആവശ്യകത 20 ശതമാനം കണ്ട് രാജ്യത്ത് കുറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തന്നെ ലോഡ് ഡെസ്പാച്ച് സെന്ററുകള്‍ നന്നായി അദ്ധ്വാനിക്കുന്നുണ്ട്. അതിനു പുറമെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ വകയായി ഓഫാക്കല്‍ ആഹ്വാനം കൂടി വന്നിരിക്കുന്നത്. ആസൂത്രണത്തില്‍ എവിടെയെങ്കിലും പാളിയാല്‍ ബ്ലാക്ക ഔട്ട് ആയിരിക്കും ഫലം.

ബ്ലാക്ക് ഔട്ട് എന്നു പറഞ്ഞാല്‍ ശരിക്കും ഇരുള്‍ പടരുക എന്നാണര്‍ത്ഥം. അടുത്തെങ്ങും കേരളത്തില്‍ ഇതുണ്ടായിട്ടില്ലെങ്കിലും രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ 2012ല്‍ ഇതു സംഭവിച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2012 ജൂലൈ 30, 31 തീയതികളിലായിരുന്നു ഈ ബ്ലാക്ക് ഔട്ട്. ജൂലൈ 30ന് 40 കോടി ജനങ്ങള്‍ ഇരുളിലായപ്പോള്‍ ജൂലൈ 31ന് ഇരുള്‍ വിഴുങ്ങിയത് 62 കോടി ജനങ്ങളെയാണ്. തകരാറ് പരിഹരിക്കുന്നതിനിടെ ഉത്പാദിപ്പിച്ചതിന്റെ 27 ശതമാനം വൈദ്യുതി പ്രസരണനഷ്ടത്തിന്റെ രൂപത്തില്‍ പാഴായി. ഇത് വന്‍ സാമ്പത്തികബാദ്ധ്യതയാണ് സര്‍ക്കാരിനു വരുത്തിവെച്ചത്. ചെറിയൊരു പാളിച്ചയുണ്ടായാല്‍ തന്നെ ഇത് ഏപ്രില്‍ 5ന് ആവര്‍ത്തിക്കപ്പെടാം.

പ്രധാനമന്ത്രി പറഞ്ഞ രൂപത്തില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ലോകമെമ്പാടും ലൈറ്റുകളെല്ലാം അണച്ചിടുന്ന ഭൗമമണിക്കൂര്‍ ആചരണം എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച നടക്കാറുണ്ട്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഫോര്‍ നേച്ചറാണ് ഭൗമമണിക്കൂറിന്റെ സംഘാടകര്‍. ഈ വര്‍ഷത്തെ ആചരണം മാര്‍ച്ച് 28 രാത്രി 8.30 മുതല്‍ 9.30 വരെയായിരുന്നു. എന്നാല്‍ കൊറോണ ഈ വര്‍ഷത്തെ ഭൗമമണിക്കൂറിനെയും വിഴുങ്ങി. 2019ല്‍ മാര്‍ച്ച് 30 രാത്രി 8.30 മുതല്‍ 9.30 വരെയായിരുന്നു. 2021ല്‍ ഇത് മാര്‍ച്ച് 28 രാത്രി 8.30 മുതല്‍ 9.30 വരെയായിരിക്കും.

ഭൗമമണിക്കൂര്‍ ആചരണം ഇന്നുവരെ ബ്ലാക്ക് ഔട്ട് പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ല. അതിനുള്ള പ്രധാന കാരണം ആ പ്രക്രിയയ്ക്ക് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട് എന്നതാണ്. ഈ സമയപരിധി ഗ്രിഡില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പര്യാപ്തമാണ്. മാത്രവുമല്ല, ബോധവത്കരണത്തിന്റെ രൂപത്തില്‍ നടത്തുന്ന ഈ പരിപാടിയില്‍ നാട്ടുകാര്‍ ഒന്നടങ്കം പങ്കെടുക്കാറില്ല. വലിയൊരു വിഭാഗം ജനങ്ങള്‍ ആ സമയത്ത് നിരത്തുകളിലായിരിക്കും. വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങള്‍ തുറന്നിട്ടുണ്ടാവും.

അതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ് ഇപ്പോഴത്തെ സ്ഥിതി. ലോക്ക് ഡൗണ്‍ നിമിത്തം ജനങ്ങള്‍ ഒന്നടങ്കം തങ്ങളുടെ വീടുകളില്‍ ഇരിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങള്‍ അടക്കം എല്ലാം അടഞ്ഞുകിടക്കുന്നു. നിരത്തുകളില്‍ ഒരു പൂച്ചക്കുഞ്ഞും കാണില്ല. മാത്രവുമല്ല ഈ പരിപാടിയുടെ ദൈര്‍ഘ്യം വെറും 9 മിനിറ്റ് മാത്രമാണു താനും. അതിനാല്‍ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പ്രഹരശേഷി കൂടുതലാണ്. കൂട്ടത്തോടെ എല്ലാവരും കൂടി ലൈറ്റ് ഓഫ് ചെയ്താല്‍ പണി പാളുക തന്നെ ചെയ്യും.

വൈദ്
വൈദ്യുതി ഗ്രിഡിലുണ്ടാവാനിടയുള്ള പ്രതിസന്ധിയെക്കുറിച്ച് ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ 2020 ഏപ്രില്‍ 3ന് പുറപ്പെടുവിച്ച മുന്നറിയിപ്പ്

ഈ പ്രതിസന്ധി സംബന്ധിച്ച മുന്നറിയിപ്പ് വെറും കെട്ടുകഥയാണെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ അടുപ്പക്കാരനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒറ്റയടിക്ക് ലൈറ്റുകള്‍ മുഴുവന്‍ അണയ്ക്കുന്നത് ഉത്തര്‍പ്രദേശില്‍ മാത്രം 3,000 മെഗാവാട്ടിന്റെ കുറവ് വൈദ്യുതി ലോഡിലുണ്ടാക്കുമെന്നാണ് ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മുന്നറിയിപ്പ്. ഇത്തരമൊരു സാഹചര്യത്തില്‍ വോള്‍ട്ടേജ് ക്രമാതീതമായി ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതിനു തൊട്ടുപിന്നാലെ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. പരിപാടി സുഗമമായി നടക്കാന്‍ ഞായറാഴ്ച രാത്രി 8 മുതല്‍ തന്നെ ഉത്തര്‍പ്രദേശില്‍ ഘട്ടം ഘട്ടമായി ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുതിയിട്ടുമുണ്ട്.

ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച രാത്രി 8 മുതല്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പിനു പിന്നാലെ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം തന്നെ പ്രതിസന്ധി പരിഹാര നിര്‍ദ്ദേശങ്ങളുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്കയച്ച കത്തില്‍ ലൈറ്റുകള്‍ മാത്രമാണ് അണയ്ക്കാന്‍ പറഞ്ഞിട്ടുള്ളതെന്നും ഫ്രിഡ്ജ്, ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍ മുതലായ ഗൃഹോപകരണങ്ങളോ തെരുവുവിളക്കുകളോ അണയ്ക്കേണ്ടതില്ലെന്നും എടുത്തു പറഞ്ഞിരിക്കുന്നു. ഭക്തജന സഭക്കാര്‍ എല്ലാം കൂടി അണച്ചിട്ടാല്‍ പണി പാലും വെള്ളത്തില്‍ കിട്ടിയതു തന്നെ.

പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പാക്കുന്നതിനു സ്വീകരിക്കേണ്ട മുന്നറിയിപ്പിനെ സംബന്ധിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച നിര്‍ദ്ദേശക്കുറിപ്പ്

പ്രശ്നം ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ പണ്ഡിതന്മാര്‍ അംഗീകരിക്കാന്‍ സാദ്ധ്യതയില്ല. അനുഭവിക്കുകയേ വഴിയുള്ളൂ. വെളിച്ചം തെളിയിച്ച് നമ്മള്‍ ഇരുളിലാവാതിരുന്നാല്‍ ഭാഗ്യം, മഹാഭാഗ്യം.

 


പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ സംബന്ധിച്ച് രാജ്യത്തെ വൈദ്യുതി ഗ്രിഡിന്റെ നിയന്ത്രണം കൈയാളുന്ന പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍

Previous articleകേരളത്തിനിത് അഭിമാനനിമിഷം
Next articleസംഘി അളിയനും സുഡാപ്പി മച്ചാനും
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here