ഇന്ത്യയിലെ മാധ്യമങ്ങള്‍ അമിതസ്വാതന്ത്ര്യം കാണിക്കുന്നുവെന്നും അവയ്ക്കു മൂക്കുകയറിടണമെന്നുമുള്ള മുറവിളി അടുത്ത കാലത്തായി ശക്തി പ്രാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെന്താ കൊമ്പുണ്ടോ എന്നും പലരും ചോദിക്കുന്നു. വക്കീലന്മാരാണ് ഇപ്പോള്‍ ഈ ചോദ്യം സജീവമായി ഉയര്‍ത്തുന്നത്. ഇവരൊക്കെ പറയുന്നതു കേട്ടാല്‍ തോന്നും എന്തു തോന്ന്യാസവും പ്രകടിപ്പിക്കാനുള്ള ലൈസന്‍സുള്ളവരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്ന്. ഇത് ശരിയാണോ? ഇന്ത്യയിലെ മാധ്യമങ്ങള്‍ അത്രയ്ക്ക് സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ?

PRESS.jpeg

മാധ്യമപ്രവര്‍ത്തകരുടേതായി ആഗോള തലത്തില്‍ റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് എന്നൊരു സംഘടനയുണ്ട്. പാരീസിലാണ് ആസ്ഥാനം. അതിരുകളില്ലാത്ത മാധ്യമക്കൂട്ട് എന്നാണ് ഈ ഫ്രഞ്ച് വാക്കിനര്‍ത്ഥം. ലോകത്തെവിടെ ആയാലും മാധ്യമപ്രവര്‍ത്തകന്റെ അവസ്ഥ ഒന്നു തന്നെയാണ്. സിറിയയിലും പലസ്തീനിലുമെല്ലാം വെടി, ഇവിടെ അടി എന്ന ചെറിയ വ്യത്യാസമേയുള്ളൂ. ഓരോ രാജ്യത്തും നിലനില്‍ക്കുന്ന മാധ്യമസ്വാതന്ത്ര്യത്തിന്റെ തോത് വിലയിരുത്തി ആര്‍.എസ്.എഫ്. റാങ്കിങ് ഏര്‍പ്പെടുത്താറുണ്ട്. കേരളത്തിലെ വക്കീലന്മാര്‍ പറയുമ്പോലുള്ള സ്വാതന്ത്ര്യം ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയുടെ റാങ്ക് ആദ്യ 10നകത്ത് വരണം. പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണെന്നോ? 133!

India.jpg

Pakistan.jpg

China.jpg

ലോകത്താകെ 195 രാജ്യങ്ങളാണുള്ളത്. തായ്‌വാനെ പ്രത്യേക രാജ്യമായി അംഗീകരിച്ചാല്‍ 196. ഇതിലെ 180 രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന മാധ്യമസ്വാതന്ത്ര്യം അടിസ്ഥാനമാക്കിയാണ് വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഈ 180ലാണ് ഇന്ത്യ 133ല്‍ നില്‍ക്കുന്നത്!! പട്ടാളത്തിന്റെ അടിച്ചമര്‍ത്തല്‍ നിലനില്‍ക്കുന്നതായി പറയപ്പെടുന്ന പാകിസ്താന്റെ സ്ഥാനം 147 ആണ്. ചൈനയുടെ സ്ഥാനം 176. വലിയ മേനി നടിക്കേണ്ടതില്ല, നമ്മളും അവരും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല എന്നര്‍ത്ഥം.

press_freedom.jpg

ഇന്ത്യയുടെ മറ്റ് അയല്‍ രാജ്യങ്ങളായ ഭൂട്ടാന് 94-ാം റാങ്കും നേപ്പാളിന് 105-ാം റാങ്കും അഫ്ഗാനിസ്ഥാന് 120-ാം റാങ്കുമുണ്ട്. ആഭ്യന്തര കലഹം രൂക്ഷമായ, ഇപ്പോഴും താലിബാന്‍ ഭീഷണി നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലൊരു രാജ്യത്തു പോലും ഇന്ത്യയെക്കാളധികം മാധ്യമസ്വാതന്ത്ര്യമുണ്ട്. 141-ാം റാങ്കുള്ള ശ്രീലങ്കയും 144-ാം റാങ്കുള്ള ബംഗ്ലാദേശും ഇന്ത്യയെക്കാള്‍ താഴെ തന്നെ.

PRESS 2.jpg

ലോകത്ത് ഏറ്റവുമധികം മാധ്യമ സ്വാതന്ത്ര്യം നില്‍നില്‍ക്കുന്ന രാഷ്ട്രം ഫിന്‍ലന്‍ഡാണ്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഫിന്‍ലന്‍ഡ് ഒന്നാം റാങ്ക് നിലനിര്‍ത്തുന്നത്. നെതര്‍ലന്‍ഡ്‌സ്, നോര്‍വേ, ഡെന്മാര്‍ക്ക്, ന്യൂസീലന്‍ഡ് എന്നിവരാണ് യഥാക്രമം 2 മുതല്‍ 5 വരെ സ്ഥാനങ്ങളില്‍. മാധ്യമസ്വാതന്ത്ര്യം ഒട്ടുമില്ലാത രാജ്യം പട്ടികയില്‍ ഏറ്റവും പിന്നിലുള്ള എറിത്രിയയാണ്. തൊട്ടു പിന്നില്‍ത്തന്നെ ഉത്തര കൊറിയയുമുണ്ട്. ജനാധിപത്യത്തെക്കുറിച്ച് വലിയ മേനി നടിക്കുന്ന അമേരിക്കയുടെ റാങ്ക് 41 മാത്രം. മറ്റൊരു വന്‍ശക്തിയായ റഷ്യയുടെ സ്ഥാനം 148.

PRESS 1.jpg

അപ്പോള്‍ നമ്മുടെ ലക്ഷ്യം എറിത്രിയയുടെ സ്ഥാനമാണ്. പാകിസ്താനെയും ചൈനയെയും ഉത്തര കൊറിയയെയുമൊക്കെ ഇങ്ങനെ പോയാല്‍ നിഷ്പ്രയാസം നമുക്ക് മറികടക്കാനാവും. ഇന്ത്യയുടെ പ്രശസ്തി ഇനിയും വര്‍ദ്ധിക്കട്ടെ!

അഭിഭാഷക ഐക്യം സിന്ദാബാദ്!!

FOLLOW
 •  
  322
  Shares
 • 279
 • 24
 •  
 • 19
 •  
 •