• 850
 • 16
 •  
 • 19
 •  
 •  
 •  
  885
  Shares

-കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആരാണ്?
-പ്രൊഫസര്‍ സി.രവീന്ദ്രനാഥ്.

-അദ്ദേഹം ഏതു കോളേജിലാണ് പഠിപ്പിച്ചിരുന്നത്?
-തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍.

-സ്വകാര്യ കോളേജില്‍ പ്രൊഫസര്‍ തസ്തിക ഉണ്ടോ?
-ഇല്ല.

-അപ്പോള്‍പ്പിന്നെ പ്രൊഫസര്‍ എന്ന വിശേഷണം രവീന്ദ്രനാഥ് പേരിനൊപ്പം ചേര്‍ക്കുന്നത് തെറ്റല്ലേ?
-തീര്‍ച്ചയായും തെറ്റാണ്.

-ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് അവകാശപ്പെടുന്നയാള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയാകുന്നത് ശരിയാണോ?
-ധാര്‍മ്മികമായി ശരിയല്ല.

raveendranath
സി.രവീന്ദ്രനാഥ്

ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റ വേളയില്‍ വിശദമായ ചര്‍ച്ച നടന്ന വിഷയമാണിത്. വിദ്യാഭ്യാസ മന്ത്രിയായ സി.രവീന്ദ്രനാഥ് തനിക്ക് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ‘പ്രൊഫസര്‍’ എന്ന വിശേഷണം പേരിനൊപ്പം ചേര്‍ക്കുന്നതിനെ പലരും വിമര്‍ശിച്ചു. എന്നാല്‍, അതില്‍ വലിയ തെറ്റില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കോളേജ് അദ്ധ്യാപകരെ പൊതുവെ പ്രൊഫസര്‍ എന്നു വിശേഷിപ്പിക്കുന്ന രീതി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഏറ്റവും ജൂനിയര്‍ ലക്ചറര്‍ ആയിരുന്നാലും കോളേജില്‍ പഠിപ്പിക്കുകയാണെങ്കില്‍ അദ്ദേഹം നാട്ടുകാര്‍ക്ക് പ്രൊഫസറാണ്.

ഇപ്പോള്‍ കോളേജുകളില്‍ ലക്ചറര്‍മാരില്ല, പല തരം പ്രൊഫസര്‍മാരാണ്. അസിസ്റ്റന്റ് പ്രൊഫസറായാണ് സര്‍വ്വീസില്‍ കയറുന്നത്. അസിസ്റ്റന്റ് പ്രൊഫസര്‍ മൂത്ത് അസോഷ്യേറ്റ് പ്രൊഫസറാകും. അതിനു മുകളിലാണ് പ്രൊഫസര്‍. അസോഷ്യേറ്റ് പ്രൊഫസറും പ്രൊഫസറും തമ്മില്‍ ശമ്പളത്തില്‍ 1,000 രൂപയുടെ വ്യത്യാസമേ ഉള്ളൂ എന്നാണറിവ്. പക്ഷേ, പ്രൊഫസര്‍ തസ്തിക വരെ ആരും എത്താറില്ല എന്നതാണ് സത്യം. അതിന് ഒരുപാട് നൂലാമാലകളുണ്ട്. വിവിധ സര്‍ക്കാര്‍ കോളേജുകളിലെ ബിരുദാനന്തര ബിരുദ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഒരുമിച്ച് പ്രത്യേക തരത്തില്‍ കണക്കുകൂട്ടിയൊക്കെ വേണമെങ്കില്‍ പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാം, ഒപ്പിക്കാം. വെവ്വേറെ നിലനില്‍ക്കുന്ന സ്വകാര്യ കോളേജുകളില്‍ അതിനും സാദ്ധ്യതയില്ല. അങ്ങനെ വരുമ്പോള്‍ സര്‍വ്വകലാശാല പഠന വിഭാഗങ്ങളിലും സെന്ററുകളിലും മാത്രമായി ഇപ്പോള്‍ പ്രൊഫസര്‍ തസ്തിക ഒതുങ്ങിയിരിക്കുന്നു.

st-thomascollege
സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍

യു.ജി.സിയുടെ പുതുക്കിയ മാനദണ്ഡമനുസരിച്ച് നേരിട്ടുള്ള നിയമനം വഴിയും ഉദ്യോഗക്കയറ്റം വഴിയും പ്രൊഫസര്‍ പദവി നേടാം. പ്രൊഫസര്‍ പദവിക്ക് പി.എച്ച്.ഡി. അഥവാ ഡോക്ടറേറ്റ് നിര്‍ബന്ധമാണ്. കൂടാതെ, അസോഷ്യേറ്റ് പ്രൊഫസര്‍ പദവിയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടാവണം, യു.ജി.സി. നിശ്ചയിച്ചിട്ടുള്ള അക്കാദമിക് പെര്‍ഫോര്‍മന്‍സ് ഇന്‍ഡിക്കേറ്ററില്‍ മിനിമം സ്‌കോര്‍ നേടണം, അസോഷ്യേറ്റ് പ്രൊഫസര്‍ ആയതിനുശേഷം കുറഞ്ഞത് 5 പ്രസിദ്ധീകരണമെങ്കിലും വേണം എന്നിങ്ങനെയും നിബന്ധനകളുണ്ട്. ഒരു സെലക്ഷന്‍ കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള നിയമപ്രക്രിയയിലൂടെ വേണം പ്രൊഫസര്‍ പദവി നല്‍കേണ്ടതെന്നും നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഇതോടൊപ്പം എയ്ഡഡ് കോളേജ് അദ്ധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. സ്വകാര്യ കോളേജ് അദ്ധ്യാപകനായിരുന്ന രവീന്ദ്രനാഥ് ഇപ്പോഴത്തെ നിയമപ്രകാരം പ്രൊഫസര്‍ അല്ല തന്നെ!

kv_thomas
കെ.വി.തോമസ്

കോളേജ് അദ്ധ്യാപകരുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍ അടുത്തിടെ നടത്തിയ അന്വേഷണത്തിനിടെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രൊഫസര്‍ വിശേഷണവും യാദൃച്ഛികമായി കടന്നുവന്നു. സി.രവീന്ദ്രനാഥ് ആലങ്കാരികമായിട്ടല്ല ‘പ്രൊഫസര്‍’ എന്ന വിശേഷണം ഉപയോഗിക്കുന്നത് എന്ന സത്യമാണ് മുന്നില്‍ തെളിഞ്ഞത്. അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയാല്‍ ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കാവുന്നതേയുള്ളൂ ഈ വിവാദം എന്നും ബോദ്ധ്യമായി. പക്ഷേ, മറ്റെല്ലാത്തിനോടും എന്നപോലെ വിവാദങ്ങളോടും രവി മാഷിന് നിസ്സംഗ ഭാവമാണ്.

പി.ജെ.കുര്യന്‍
പി.ജെ.കുര്യന്‍

സെന്റ് തോമസ് കോളേജുമായുള്ള ബന്ധമാണ് രവീന്ദ്രനാഥിന് ‘പ്രൊഫസര്‍’ എന്ന വിശേഷണം ചാര്‍ത്തിക്കൊടുത്തത്. പ്രി ഡിഗ്രി മുതല്‍ രസതന്ത്രത്തിലെ ബിരുദാനന്തര ബിരുദം വരെ 7 വര്‍ഷം വിദ്യാര്‍ത്ഥിയായിട്ടായിരുന്നു ബന്ധത്തിനു തുടക്കം. 1980ല്‍ ജൂനിയര്‍ ലക്ചറര്‍ ആയി അവിടെത്തന്നെ അദ്ധ്യാപനവൃത്തി തുടങ്ങി. കൊടകരയില്‍ നിന്ന് 2006ല്‍ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം സ്വയം വിരമിച്ച് മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനായത്. 1996 വരെ നിലവിലുണ്ടായിരുന്ന യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം 11 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കുന്ന ഏതൊരു കോളേജ് അദ്ധ്യാപകനും പ്രൊഫസര്‍ ആയി ഉയര്‍ത്തപ്പെടും. അതില്‍ സര്‍ക്കാര്‍ കോളേജ്, സ്വകാര്യ കോളേജ് വ്യത്യാസമില്ല. 1980ല്‍ സെന്റ് തോമസ് കോളേജില്‍ ജൂനിയര്‍ ലക്ചറര്‍ ആയി ചേര്‍ന്ന രവീന്ദ്രനാഥ് അങ്ങനെ 1991ല്‍ പ്രൊഫ.സി.രവീന്ദ്രനാഥായി. 1996ല്‍ യു.ജി.സി. ചട്ടങ്ങള്‍ മാറിയെങ്കിലും അപ്പോഴേക്കും ആ വിശേഷണം ഉറച്ചുപോയിരുന്നു. അത് ഇന്നും തുടരുന്നു. അതൊരു തെറ്റായി കാണാനാവില്ല.

സാവിത്രി ലക്ഷ്മണന്‍
സാവിത്രി ലക്ഷ്മണന്‍

എന്നും എപ്പോഴും ഏതൊരു വിദ്യാര്‍ത്ഥിയും മികച്ച അദ്ധ്യാപകനെന്ന് മുഴുവന്‍ മാര്‍ക്കും നല്‍കുന്നയാളാണ് രവീന്ദ്രനാഥ്. നിയമസഭയില്‍ അദ്ദേഹം സംസാരിക്കുന്നത് കേട്ടിട്ടുള്ള ആര്‍ക്കും അതറിയാം. ഒരു ക്ലാസ്സെടുക്കുമ്പോലെ വ്യക്തമായും കൃത്യമായും വിവരങ്ങള്‍ അടുക്കിവെയ്ക്കും. മുണ്ടുടുത്ത്, സൈക്കിളില്‍ കോളേജിലെത്തി ഏതു നിലവാരത്തിലുള്ള വിദ്യാര്‍ത്ഥിക്കും മനസ്സിലാവുന്ന രീതിയില്‍ വളരെ ലളിതമായി പീരിയോഡിക് ടേബിള്‍ ലളിതമായി വിശദീകരിച്ചു നല്‍കുന്ന ശൈലി തന്നെയാണ് ഏതു വിഷയത്തിലും അദ്ദേഹം പിന്തുടരുക. പ്രൊഫസര്‍ എന്ന വിശേഷണത്തിന് അങ്ങനെയും യോഗ്യന്‍.

2006 വരെ യു.ഡി.എഫിന്റെ കുത്തക സീറ്റായിരുന്നു കൊടകര. 2006ല്‍ കന്നിയങ്കത്തില്‍ രവീന്ദ്രനാഥ് അവിടെ നിന്നു വിജയിച്ചു. 2011ല്‍ കൊടകര മണ്ഡലം പുതുക്കാടായി രൂപം മാറിയപ്പോള്‍ രവീന്ദ്രനാഥിന്റെ ഭൂരിപക്ഷം വര്‍ദ്ധിച്ചു. 2016ല്‍ തുടര്‍ച്ചയായ മൂന്നാം തവണ ജയിച്ചപ്പോള്‍ മന്ത്രിയുമായി. രവീന്ദ്രനാഥിന് ‘പ്രൊഫസര്‍’ തലവേദനയാകുന്നത് ആദ്യമായല്ല. 2011ല്‍ കൊടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന കെ.പി.വിശ്വനാഥന്‍ ഇത് തിരഞ്ഞെടുപ്പ് കേസാക്കി മാറ്റിയിരുന്നു. വെറും ‘സ്‌പെഷല്‍ ഗ്രേഡ് ലക്ചറര്‍’ മാത്രമായ രവീന്ദ്രനാഥ് ‘പ്രൊഫസര്‍’ എന്ന വിശേഷണം പ്രചാരണ സാമഗ്രികളില്‍ വ്യാജമായി ഉപയോഗിക്കുന്നു എന്ന് ആക്ഷേപവുമായി റിട്ടേണിങ് ഓഫീസറെ യു.ഡി.എഫ്. സമീപിച്ചു. ഇതു സംബന്ധിച്ച് രവീന്ദ്രനാഥ് നല്‍കിയ വിശദീകരണം സ്വീകരിക്കുകയും പരാതി തള്ളുകയുമായിരുന്നു.

എ.വി.താമരാക്ഷന്‍
എ.വി.താമരാക്ഷന്‍

എല്‍.ഡി.എഫുകാരനായ രവീന്ദ്രനാഥ് മാത്രമല്ല ഈ ആക്ഷേപം നേരിട്ടിട്ടുള്ളത്. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ 33 വര്‍ഷം കെമിസ്ട്രി അദ്ധ്യാപകനായിരുന്ന മുന്‍ കേന്ദ്ര മന്ത്രി കെ.വി.തോമസിനെതിരെയും സമാനമായ ആരോപണമുയര്‍ന്നിട്ടുണ്ട്. തോമസിനെതിരെ ആരോപണമുയര്‍ത്തിയത് എല്‍.ഡി.എഫ്. പ്രൊഫ.പി.ജെ.കുര്യന്‍, പ്രൊഫ.സാവിത്രി ലക്ഷ്മണന്‍, പ്രൊഫ.എ.വി.താമരാക്ഷന്‍ തുടങ്ങിയ രാഷ്ട്രീയ പ്രൊഫസര്‍മാരും സമാനസാഹചര്യങ്ങളില്‍ നിന്നു വന്നവര്‍ തന്നെ. അതായത് 1996നു മുമ്പ് പ്രൊഫസര്‍ ആയവര്‍. രവീന്ദ്രനാഥിനു ബാധകമാവുന്ന വിശദീകരണം മറ്റു പ്രൊഫസര്‍മാര്‍ക്കും ബാധകമാവും എന്നര്‍ത്ഥം.

അപ്പോള്‍ നമുക്ക് ധൈര്യമായി പറയാം.
-കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആര്?
-പ്രൊഫസര്‍ സി.രവീന്ദ്രനാഥ്.

MORE READ

ചോദിച്ചു വാങ്ങുന്ന സല്യൂട്ട്‌... എ.ഡി.ജി.പി. ഋഷിരാജ് സിങ്ങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് അനാദരവ് കാട്ടിയെന്നും ഇല്ലെന്നുമുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണല്ലോ. ഉദ്യോഗസ്ഥ ധാർഷ്ട്യ...
പക്ഷം മറുപക്ഷം എല്ലാ വശവും ജനങ്ങളെ അറിയിക്കാൻ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഉത്തരവാദിത്വമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. 'അച്ഛന്‍ ആനവാലുമായി വരാന്നു പറഞ്ഞിട്ട്ണ്...
ഉരുക്ക് ശലഭമേ, വിട…... ചൊവ്വാഴ്ച രാവിലെ മുതല്‍ ടെലിവിഷനു മുന്നില്‍ തന്നെയായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ദൂരദര്‍ശന്‍ കണ്ടു. എന്തായിരുന്നു പ്രചോദനം? ജയലളിത. ജയലള...
BETTER LATE THAN NEVER Three office bearers of Delhi’s JNU unit of ABVP resigned! They did it in solidarity with the ongoing students’ protests against Centre’s handling of ...
രക്തസാക്ഷി ദിനവും ഗാന്ധിജിയും... 1948 ജനുവരി 30. നാഥുറാം വിനായക് ഗോഡ്‌സേ എന്ന ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് മഹാത്മാഗാന്ധി അന്ത്യശ്വാസം വലിച്ചത് അന്നാണ്. രാഷ്ട്രപിതാവിന്റെ ചരമവാര്‍ഷി...
വേറെ ആരെങ്കിലുമുണ്ടോ?... കേരളത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഇടിച്ചുകയറുന്നത് ആദ്യമായാണ് എന്നാണ് എന...
സംശയം കോട്ടയം ജില്ലയിലെ പുതുപ്പള്ളി കാരോട്ടു വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെ മകന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. ഓര്‍ക്കു...

 • 850
 • 16
 •  
 • 19
 •  
 •  
 •  
  885
  Shares
 •  
  885
  Shares
 • 850
 • 16
 •  
 • 19
 •  
 •  

COMMENT